ബാബരി മസ്‌ജിദ് തകർക്കൽ ഗൂഢാലോചനാക്കേസ്സിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്കും, സാമൂഹ്യ സൗഹാർദ്ദ ഭാവനയ്ക്കും ഏൽക്കുന്ന മറ്റൊരാഘാതം
സിപിഐ (എംഎൽ )ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ യുടെ പ്രസ്താവന
അയോദ്ധ്യയിലെ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിതമായ ബാബരി മസ്ജിദ് 1992 ഡിസംബർ 6 ന് തകർക്കപ്പെട്ടതു സംബന്ധിച്ച ഗൂഢാലോചനാ കേസിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി സി ബി ഐ കോടതി വിധി പ്രസ്താവിച്ചു. ഇതിനു മുൻപ് സുപ്രീം കോടതിയിൽനിന്നും ഉണ്ടായ മറ്റൊരു വിധിയിലൂടെ ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്ര നിർമ്മാണ ട്രസ്‌റ്റിന് കൈമാറാൻ ഉത്തരവായതിനു ശേഷം വന്ന ഇപ്പോഴത്തെ കോടതിവിധിയോടെ , ഇന്ത്യയിൽ ഒട്ടുക്കും വിദ്വേഷക്കുറ്റകൃത്യങ്ങൾക്ക് ഇരകളായവർക്ക് വിലക്കപ്പെട്ട നീതിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറയ്ക്കപ്പെടുകയാണ്. വിദ്വേഷക്കു റ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് നിയമത്തിന്റെപിടിയിൽ നിന്നു പരിപൂർണ്ണമായ പരിരക്ഷയും പ്രോത്സാഹനവും , അവയിൽനിന്നും രാഷ്ട്രീയവും ഭൗതികവുമായ നേട്ടങ്ങൾ കൊയ്യാനുമുള്ള പ്രചോദനവും ആണ് ഈ രണ്ടു വിധികളും ചേർന്ന് ഒരുക്കുന്നത്.
മസ്ജിദ് നിന്ന അതേ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുക എന്ന ആവശ്യമുന്നയിച്ച് വിദ്വേഷ വികാരങ്ങൾ ഇളക്കിവിട്ട രഥയാത്ര നടത്തിയ മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി അടക്കം ഉള്ളവരാണ് കേസിൽ പ്രതികളായി ഉണ്ടായിരുന്നത് . ഈ ആവശ്യത്തിൽത്തന്നെ പള്ളി പൊളിക്കൽ എന്ന ആശയം അന്തർലീനമായിരുന്നുവെന്നു മാത്രമല്ല, രഥയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം നടന്ന മുസ്‌ലിം വിരുദ്ധ വർഗ്ഗീയ ആക്രമണങ്ങളിൽ അനേകം മുസ്ലീങ്ങൾ കൊല്ലപ്പെട്ടിട്ടുമുണ്ട്. തന്റെ ആഹ്വാനപ്രകാരം അയോധ്യയിലെത്തിയവർ കെട്ടിടം പൊളിക്കാനുള്ള നൂതനമായ ഉപകരണങ്ങളും ആയുധങ്ങളുമുപയോഗിച്ചു ബാബരി മസ്‌ജിദ് തകർക്കുന്നത് അദ്വാനി നോക്കിനിൽക്കുകയായിരുന്നു. എന്നിട്ടും ഗൂഢാലോചനാ കേസിൽ അദ്വാനിയടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. ബാബരി മസ്‌ജിദ് പൊളിച്ചതിനു പിന്നിൽ ഗൂഢാലോചനയൊന്നുമില്ലെന്നും ,കർസേവകർ സ്വമേധയാ ഒത്തുകൂടി ചെയ്ത ഒരു പ്രവൃത്തിയായിരുന്നു അതെന്നുമുള്ള ബി ജെ പി യുടെ പച്ചക്കള്ളം അംഗീകരിക്കുകയാണ് സി ബി ഐ കോടതി വാസ്തവത്തിൽ ചെയ്തത്. കെട്ടിടം പൊളിക്കുന്ന രംഗങ്ങൾ വീക്ഷിച്ചുകൊണ്ട്
ഉമാ ഭാരതിയും മുരളീമനോഹർ ജോഷിയും അത് ആഘോഷിക്കുന്നത് എത്രയോ ക്യാമറകളിൽ പകർത്തപ്പെട്ടിട്ടുണ്ട്. മസ്‌ജിദ് തകർത്തതിൽ സ്വന്തം പങ്കിനേ ക്കുറിച്ച് അഭിമാനം കൊണ്ടിട്ടും കോടതി അവരെ കുറ്റവിമുക്തരാക്കു കയായിരുന്നു. മുസ്ലീങ്ങളെ കൂട്ടക്കൊല നടത്താനും ബാബരി മസ്‌ജിദ് ഉൾപ്പെടെയുള്ള പള്ളികൾ തകർക്കാനും ആഹ്വാനം ചെയ്യുന്ന വിഷലിപ്തമായ ഉല്ബോധനങ്ങൾ അടങ്ങിയ സാധ്വി ഋതംബരയുടെ പ്രസംഗങ്ങൾ പൊതുമണ്ഡലത്തിൽ സുലഭമായിരുന്നിട്ടും അവരെയും കോടതി കുറ്റവിമുക്തയാക്കി.
ബി ജെ പി- ആർ എസ് എസ് കേഡർമാർ ബാബരി മസ്‌ജിദ് പൊളിച്ചു നിരപ്പാക്കുമ്പോൾ "ഒരു തള്ളൽ കൂടി കൊടുക്കൂ" ("ഏക് ധക്കാ ഔർ ദോ") എന്ന് ആക്രോശങ്ങൾ മുഴക്കിയ നേതാക്കൾ മനസ്സിലുദ്ദേശിച്ചത് ബാബരി മസ്‌ജിദ് മാത്രമായിരുന്നില്ല, ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്കും മതേതരത്വത്തിന്റെ ഇ ഴകൾക്കും ഒരു പ്രഹരം കൂടി എന്നായിരുന്നു . അതേ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് "മറ്റൊരു തള്ള് " ആണ് ഇപ്പോഴത്തെ കോടതിവിധിയും.
( ML Update, 29 Sept- 05 Oct ,2020)