ഉക്രെയിനിനോടൊപ്പം നിൽക്കുക
ഉക്രെയിനിലുള്ള കയ്യേറ്റം റഷ്യ അവസാനിപ്പിക്കുക
ഉക്രെയിനോട് യുദ്ധം നിർത്തുക
ഉക്രെയിനിനോടൊപ്പം നിൽക്കുക
ഉക്രെയിനിലുള്ള കയ്യേറ്റം റഷ്യ അവസാനിപ്പിക്കുക
ഉക്രെയിനോട് യുദ്ധം നിർത്തുക
കെ-റെയിൽ സിൽവർലൈൻ പ്രോജക്റ്റ് – വികസനമോ ദുരന്തമോ?
മോദി സർക്കാരിന്റെ ആവർത്തിച്ചുള്ള പഴയ വാഗ്‌ദാനങ്ങൾ നോക്കിയാൽ രാജ്യത്തെ മൊത്തം കാർഷികവരുമാനം ഇരട്ടിക്കേണ്ട വർഷമായിരുന്നു 2022 .എന്നാൽ, 2022 -23 വർഷത്തേക്ക് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്ന ബഡ്ജറ്റിൽ അതേക്കുറിച്ചു മിണ്ടാട്ടമില്ലെന്നു മാത്രമല്ലാ , എല്ലാ കാർഷിക വിളകൾക്കും സർക്കാർ മിനിമം താങ്ങുവില ഉറപ്പ് വരുത്തണം എന്ന കാതലായ ആവശ്യം കർഷകർ ഉന്നയിച്ചതിനോട് അനുകൂലമായ ഒരു നിർദ്ദേശവും ബഡ്ജറ്റിൽ ഇല്ല. കാർഷികമേഖലയിലെ നിക്ഷേപത്തിന്റെ വളർച്ചയും ഏതാണ്ട് മരവിപ്പിക്കപ്പെട്ട അവസ്ഥയിൽ ആയിരിക്കുന്നു
മോദി സർക്കാർ 2022 -23 ലെ കേന്ദ്ര ബഡ്ജറ്റ് പാസ്സാക്കുന്നതിന് തൊട്ടുമുൻപ് ലോകത്തിലെ ഭീമമായ സാമ്പത്തിക അസമത്വങ്ങളുടെ നിലയെക്കുറിച്ച് ഓക്സ്ഫാമിന്റെ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധേയമാണ്. രാജ്യത്തിലെ 84 % കുടുംബങ്ങളിലും 2021 വർഷത്തിൽ വരുമാനം കുത്തനെ താഴോട്ട് പോയപ്പോൾ ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണം 102 ൽ നിന്നും 142 ആയി കുതിച്ചുകയറി. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള ഇത്തരം ഒരു വലിയ വിടവ് പിന്നേയും പെരുപ്പിക്കാൻ ഇടവരുത്തും വിധമുള്ള നിർദ്ദേശങ്ങൾ ആണ് പുതിയ കേന്ദ്ര ബഡ്ജറ്റിൽ ഉള്ളത്. ഒരുവശത്ത് കോർപ്പറേറ്റ് നികുതികൾക്ക് ഏറെ ഇളവുകൾ നൽകുമ്പോൾ, ദരിദ്രരുടെ വരുമാനം വർദ്ധിപ്പിക്കാനോ നികുതികളിൽ ആശ്വാസം പകരാനോ ഉള്ള യാതൊരു നടപടിയും ബഡ്ജറ്റിൽ സ്വീകരിച്ചതായി കാണുന്നില്ല.
സാമ്പത്തിക വളർച്ചയുടെ തോത് താഴോട്ട് പോയ്ക്കൊണ്ടിരിക്കവേ ,ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമാവുകയാണ്. സി എം ഐ ഇ (Centre for Monitoring Indian Economy Pvt. Ltd) യുടെ കണക്കുകൾ പ്രകാരം 2021 ഡിസംബറിൽ 5.2 കോടി ഇന്ത്യക്കാർ പൂർണ്ണമായും തൊഴിൽരഹിതരാണ്. എന്നിട്ടും തൊഴിലില്ലായ്മയുടെ പ്രശ്നം ലഘൂകരിക്കുന്നതിനോ, സാധാരണ ജനങ്ങൾക്ക് ഉപജീവന വരുമാനം ഉറപ്പുവരുത്താനോ ഉള്ള ഒരു നിർദ്ദേശവും ഇല്ലാത്ത ബഡ്‌ജറ്റ് അക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുകയാണ്. .
MNREGA പോലെയുള്ള ദേശീയ തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള പാർലമെന്ററി കമ്മറ്റിയുടെ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്നതുപോയിട്ട് അത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ച് പരാമർശം പോലും ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ ഉണ്ടായില്ല.
പതിവുപോലെ ഗോദി മീഡിയയ്ക്ക് വാർത്തകളുടെ തലക്കെട്ടാവാൻ പാകത്തിൽ പൊള്ളയായ പുതിയ പദാവലികൾ ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്താൻ ധനമന്ത്രി നിർമ്മലാ സീതാരാമൻ മറന്നില്ല. സഹപൗരന്മാരായ ജനകോടികൾ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുന്ന ഇപ്പോഴത്തെ കാലത്തെ 'അമൃത കാലം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ ബഡ്ജറ്റ് വെറും ഒരു വർഷത്തേക്കുള്ള ഒന്നല്ലെന്നും, അതിലുപരി, 25 വർഷം കഴിയുമ്പോൾ നൂറ് വയസ്സ് തികയുന്ന ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ഒന്നാണ് എന്നും ആണ് ധനമന്ത്രി തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടത്!
ബഡ്ജറ്റ് പ്രസംഗത്തിൽ ശ്രദ്ധേയമായി ഒഴിവാക്കപ്പെട്ട കാര്യങ്ങളിൽ ഒന്ന് ഈ വർഷത്തേക്കായി കൊട്ടിഘോഷിച്ചു നേരത്തെ നൽകിയ വലിയ വാഗ്ദാനങ്ങൾക്ക് എന്തുപറ്റി എന്ന അവലോകനമാണ് . ഉദാഹരണത്തിന്, കാർഷികാദായം ഇരട്ടിയാക്കും, എല്ലാവർക്കും പാർപ്പിടങ്ങൾ, എല്ലാവര്ക്കും വൈദ്യുതി കണക്ഷനുകൾ തുടങ്ങിയ വലിയ പ്രഖ്യാപനങ്ങൾ . മോദി സർക്കാർ അതിന്റെ രണ്ടാം ഭരണകാലം പൂർത്തിയാക്കുന്നതിനു തൊട്ടു മുൻപത്തെ വർഷത്തിൽ അവതരിപ്പിക്കുന്ന ഈ സമ്പൂർണ്ണ ബഡ്ജറ്റ് മറ്റൊരു മുൻ പ്രഖ്യാപനത്തെക്കുറിച്ചും ഒന്നും മിണ്ടുന്നില്ല: 2024 ആകുമ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ
" 5 ട്രില്യൺ " വലുപ്പമുള്ള ഒന്നായി വികസിപ്പിക്കും എന്നായിരുന്നു അത് . ഗ്രാമീണ ദരിദ്രർക്കും കര്ഷകത്തൊഴിലാളികൾക്കും , കർഷകർക്കും,കുടിയേറ്റത്തൊഴിലാളികൾക്കും ആശ്വാസങ്ങൾ നൽകുന്നുവെന്ന് സർക്കാരിന്റെ പ്രതിനിധികൾ വെറുതെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും തല്സംബന്ധമായി ബഡ്‌ജറ്റ് വിഹിതങ്ങൾ വർധിപ്പിച്ചതായി ഒരു മേഖലയിലും കാണുന്നില്ല.
2021 -22 ൽ സാമ്പത്തിക വളർച്ചാനിരക്ക് കോവിഡ് പൂർവ്വ കാലത്തെ നിലയേക്കാൾ മെച്ചപ്പെട്ട് 9.2 ൽ എത്തിയെന്ന് സാമ്പത്തിക സർവ്വേ അവകാശപ്പെടുന്നു. നികുതി വരുമാനത്തിൽ 67 ശതമാനത്തിലേറെ വർധനവ് ഉണ്ടായെന്നും അതിൽ അവകാശപ്പെടുന്നു. പക്ഷെ, യഥാർത്ഥത്തിൽ ഈ നികുതിവരുമാനവർദ്ധന ഉണ്ടായത് ലോക്ക് ഡൌൺ മൂലവും മഹാമാരിയിലും പൊരുതി മുട്ടിയ സാധാരണക്കാരുടെ തുച്ഛമായ വരുമാനങ്ങളിലും സമ്പാദ്യങ്ങളിലും കയ്യിട്ടു വാരിയതുകൊണ്ടായിരുന്നു. പെട്രോളിനും ഡീസലിനും കണ്ടമാനം വിലകൂട്ടിയും , 2021 -22 ൽ നിത്യോപയോഗ വസ്തുക്കളിൽ ഉള്ള കേന്ദ്ര എക്സൈസ് നികുതികൾ കൂട്ടാൻ ബഡ്ജറ്റ് എസ്റ്റിമേറ്റുകൾ ഭേദഗതി ചെയ്തും ആയിരുന്നു. 3,94,000 കോടി രൂപ 2021 -22 ൽ നികുതിയായി പിരിച്ചതുപോലെ , മഹാമാരിക്കാലമായ തൊട്ടു മുൻപത്തെ വർഷത്തിലും 3,91,749 കോടി രൂപ നികുതി പിരിച്ചുട്ടുണ്ടായിരുന്നു. കോവിഡിന് മുൻപത്തെ വർഷമായി 2019 -20 ൽ ഇത് കേവലം 2.39 ലക്ഷം കോടി രൂപ ആയിരുന്നു. വർദ്ധിച്ചു എന്നവകാശപ്പെടുന്ന റവന്യൂ വരുമാനത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ് റിസർവ് ബാങ്കിൻറെ കരുതൽ ധനത്തിൽ നിന്നും 2021 -22 ൽ 1,47,353 കോടി രൂപ പിൻവലിച്ചതും 2022 -23 വർഷത്തിൽ 1,13,948 കോടി രൂപ പിൻവലിക്കാൻ ബഡ്‌ജറ്റിൽ വകയിരുത്തിയതും ആണ്. കരുതലായി സൂക്ഷിച്ച സ്വർണ്ണം സാമ്പത്തികപ്രയാസങ്ങൾ നിമിത്തം ആളുകൾ വിൽക്കാൻ നിര്ബന്ധിതരായതുമൂലം ഉള്ള അധിക വരുമാനവും ഇതിൽപ്പെടും.
2014 -15 മധ്യത്തിൽ കേന്ദ്ര സർക്കാരിന്റെ പൊതു കടം 58 .66 ലക്ഷം കോടി രൂപ ആയിരുന്നുവെങ്കിൽ, ഇപ്പോൾ അത് 117.04 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നിരിക്കുന്നു. ഇതിന് കാരണം കോർപ്പറേറ്റുകൾക്കും അതി സമ്പന്നരുടെ പ്രത്യേക വിഭാഗത്തിലുള്ള വ്യക്തികൾക്കും അർഹമായ ടാക്സ് ചുമത്താൻ ബി ജെ പി സർക്കാർ തുടർച്ചയായി കാണിക്കുന്ന സങ്കോചമല്ലാതെ മറ്റൊന്നുമല്ല. അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഘടകം ഈ വിഭാഗങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി യ്ക്ക് നൽകുന്ന ഭീമമായ സംഭാവനകൾ ആണ്. സാമൂഹ്യക്ഷേമ പദ്ധതികൾക്കും അതുപോലുള്ള മറ്റ് പൊതുച്ചെ ലവുകൾക്കും വേണ്ട പണം സമ്പന്നരിൽനിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽനിന്നും നികുതിപിരിച്ച് കണ്ടെത്തുക എന്ന സ്വാഭാവിക മാർഗ്ഗമാണ് ഇങ്ങനെ തടയപ്പെടുന്നത്.
പെട്രോളിനും ഡീസലിനും വിലകൾ കൂട്ടിയും , റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം പിൻവലിച്ചുകൊണ്ടും, പൊതുമേഖലാ ഓഹരികൾ തുടർച്ചയായി വിറ്റുതുലച്ചുകൊണ്ടും ജനങ്ങളുടെ സമ്പാദ്യങ്ങൾ സർക്കാർ തട്ടിയെടുത്തപ്പോൾ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കാനും, കാർഷികമേഖല, വിദ്യാഭ്യാസം, ആരോഗ്യം ,ഗ്രാമീണ ക്ഷേമ -വികസന പദ്ധതികൾ എന്നിവ പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾക്ക് അവശ്യമായ ധനവിനിയോഗത്തിൽ ഗണ്യമായ കുറവ് വരുത്താനും ആണ് പുതിയ വർഷത്തെ ബഡ്‌ജറ്റ് നിർദ്ദേശം . ഭക്ഷ്യ സബ്‌സിഡികൾക്ക് 2021 -22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിശ്ചയിച്ചിരുന്ന തുകയായ 2,86,469 കോടി രൂപയിൽ പുതിയ ബഡ്‌ജറ്റ് വീണ്ടും കുറവ് വരുത്തി അത് 2,06,831 കോടി രൂപയാക്കി. രാസവളങ്ങൾക്കുള്ള സബ്സിഡിയാകട്ടെ, 2021 -22 ൽ 1,40,122 കോടി രൂപ ആയിരുന്നത് വരും വർഷത്തിൽ 1,05,222 കോടി രൂപ ആക്കി .
കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2021 -22 ൽ നീക്കിവെച്ച വിഹിതമായ 1,47,764 കോടി രൂപയിൽ ചെറിയ വർദ്ധനവ് വരുത്തി 2022 -23 വർഷത്തേക്ക് അത് 1,51,521 കോടി രൂപയായി നിശ്ചയിച്ചപ്പോൾ കോവിഡ് മഹാമാരി മൂലം ഏറെ അവതാളത്തിലായ ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തൽ 86,606 കോടി രൂപയാണ്.മുൻവർഷത്തിൽ വകയിരുത്തിയ 85,915 കോടി രൂപയിൽനിന്നും നാമമാത്രമായ ഒരു വർദ്ധനവ് ആണ് ഇത്. ഗ്രാമീണവികസനത്തിന് നടപ്പ് വർഷത്തിലുള്ള വകയിരുത്തൽ ആയ 2,06,948 കോടി രൂപ അടുത്ത വർഷത്തേക്ക് 2,06,293 കോടി രൂപയാക്കി ചുരുക്കിയിരിക്കുന്നു. നാണയപ്പെരുപ്പത്തിന്റെ ആഘാതം കൂടി കണക്കിലെടുക്കുമ്പോൾ ഇവിടെ കാണുന്ന കണക്കുകളിലെ വർദ്ധനവുകൾ ഫലത്തിൽ വെട്ടിക്കുറയ്ക്കലുകൾ ആണെന്ന് മനസ്സിലാക്കാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെ ബഡ്‌ജറ്റ് വകയിരുത്തൽ നടപ്പു വർഷത്തേതിനേക്കാൾ 18 ശതമാനം അധികം വരുന്ന 1,04,278 കോടി രൂപയാണ്. എന്നാൽ , കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡ് സാഹചര്യങ്ങൾ മൂലം കുട്ടികളുടെ വിദ്യാഭ്യാസം കാര്യമായി തടസ്സപ്പെട്ടത് നേരേയാക്കാൻ അനിവാര്യമായ അധികപ്രവർത്തനങ്ങൾ കണക്കിലെടുത്താൽ ഇപ്പോൾ വകയിരുത്തിയ തുക മതിയാകുമെന്നു തോന്നുന്നില്ല.
മഹാമാരിയുടെ സാമ്പത്തികാഘാതങ്ങൾ അനുഭവിക്കുന്ന ഇടത്തരക്കാർക്കും ബഡ്ജറ്റ് ഒരു ഗുണവും ചെയ്യുന്നില്ല. ആദായനികുതി സ്ലാബുകളിൽ തങ്ങൾക്കനുകൂലമായ ചില പരിഷ്കാരങ്ങൾ സർക്കാർ വരുത്തും എന്ന് മധ്യവർഗ്ഗങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതായിരുന്നു ബഡ്‌ജറ്റ് . ആദായനികുതി സ്ലാബുകളിൽ ഇടത്തരക്കാരായ നികുതിദായകരെ ആശ്വസിപ്പിക്കുന്ന ഒരു മാറ്റവും വരുത്താൻ സർക്കാർ തയ്യാറായില്ല. എന്നാൽ, കോർപറേറ്റുകൾക്ക് പതിവുപോലെ എല്ലാ ഇളവുകളും നൽകി.ലോകത്തിൽത്തന്നെ കോർപ്പറേറ്റ് നികുതികൾ ഏറ്റവും കുറഞ്ഞ ഒരു രാജ്യമായി ഇന്ത്യ തുടരുകയാണ്. ഇതിന്റെയർത്ഥം പരോക്ഷനികുതികളുടെ രൂപത്തിൽ സാധാരണ ജനങ്ങളുടെ ചുമലിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ്. ആദായം ഒന്നും ഇല്ലാത്തവരുൾപ്പെടെ എല്ലാവരിൽനിന്നും ഈടാക്കുന്ന പരോക്ഷ നികുതികൾ പ്രത്യക്ഷ നികുതിയായ ആദായ നികുതിയുടെ തുല്യ അളവിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്.
എയർ ഇന്ത്യ യുടെ സ്വകാര്യവൽക്കരണത്തിനു പിന്നാലെ നീലാഞ്ചൽ ഇസ്പാത് നിഗം എന്ന പൊതുമേഖലയിലെ ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന കമ്പനിയും ,എൽ ഐ സിയും , മറ്റനേകം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരണത്തിന്റെ പാതയിലാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നൊന്നായി ഓഹരികൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്ന ,"സ്ട്രാറ്റജിക് ഡിസിൻവെസ്റ്റ്മെൻറ്" എന്ന ഓമനപ്പേരിൽ സർക്കാർ വിളിക്കുന്ന നയം രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവെക്കും എന്നതിൽ ഒരു സംശയവുമില്ല.
അറുപതു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും, ഇത് ഏത് മാർഗ്ഗത്തിൽ, എങ്ങനെ സാധിക്കും എന്ന് വ്യക്തമാക്കാത്തിടത്തോളം അത് മറ്റൊരു പൊള്ളയായ വാഗ്ദാനം മാത്രമാണ്.
ക്രൂഡ് ഓയിൽ വിലകൾ അന്താരാഷ്ട്ര തലത്തിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. തന്മൂലം പ്രമുഖ വൻകിട ബാങ്കുകൾ ധനക്കമ്മിയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്. സുസ്ഥിര വളർച്ച നേടുന്നതിന് മോദി സർക്കാർ ഏറെ വിശ്വാസമർപ്പിച്ചിട്ടുള്ള നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം നടത്തുന്നവർ (എഫ് ഡി ഐ ), വിദേശ സ്ഥാപന നിക്ഷേപകർ (എഫ് ഐ ഐ ) എന്നീ വിഭാഗങ്ങളേയും മേൽപ്പറഞ്ഞ വൻകിട ബാങ്കുകളുടെ പ്രതിസന്ധി സാരമായി ബാധിക്കും. ഇന്ത്യയുടെ മൊത്തവിലനിലവാര സൂചികയനുസരിച്ചുള്ള വിലക്കയറ്റത്തിന്റെ തോത് ഇപ്പോൾത്തന്നെ ഇരട്ട അക്കത്തിൽ എത്തി നിൽക്കുന്നു. മൊത്തത്തിൽ ഡിമാന്ഡിൽ ഉണ്ടായിരിക്കുന്ന കുറവ് കൃത്രിമമായി സർക്കാർ ഇടപെടലിലൂടെ പരിഹരിക്കാനുള്ള ഒരു മാർഗ്ഗം എന്ന നിലക്ക് ഗവൺമെന്റ് 20 ലക്ഷം കോടി രൂപയുടെ ഒരു ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അതിന്റെ അപര്യാപ്തത അനുഭവത്തിൽ വ്യക്തമായിക്കഴിഞ്ഞിട്ടും മോദി സർക്കാർ ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിക്കാനായി അവരുടെ കയ്യിൽ നേരിട്ട് സഹായധനം എത്തിക്കാനോ,പൊതുസംവിധാനങ്ങൾ കാര്യക്ഷമമാക്കാനോ കൂടുതലായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ വായ്‌പകൾ ലഭ്യമാക്കാനുള്ള വഴികൾ തെരഞ്ഞെടുക്കാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2022 -23 വർഷത്തിൽ 8 മുതൽ 8.5 ശതമാനം വരെ വളർച്ച നേടും എന്ന് അവകാശപ്പെടാൻ സാമ്പത്തിക സർവ്വേയ്ക്ക് എങ്ങനെയാണ് സാധിച്ചത് എന്ന് ഊഹിക്കാനേ പറ്റൂ ! കോവിഡിന് തൊട്ടുമുമ്പത്തെ സാമ്പത്തികവർഷമായ 2019 -20 ൽ പോലും വെറും അഞ്ചു ശതമാനത്തിൽ താഴെയായിരുന്നു സാമ്പത്തിക വളർച്ച നിരക്ക് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം.
2022 ബഡ്‌ജറ്റ് ഇന്ത്യയിലെ ശതകോടീശ്വരന്മാരെ സേവിക്കാനുള്ളതും , അതേ സമയം രാജ്യത്തിലെ യുവജനങ്ങളോടും കർഷകരോടും സാധാരണ ജനങ്ങളോടും വഞ്ചന കാട്ടുന്നതും ആയ ഒന്നാണെന്ന് പറയാതിരിക്കാൻ വയ്യ .
- സി പി ഐ എം എൽ കേന്ദ്ര കമ്മിറ്റി . ന്യൂ ഡെൽഹി