എം എൽ അപ്ഡേറ്റ്
സി പി ഐ എം എൽ പ്രതിവാര പ്രസിദ്ധീകരണം
Vol. 26 | No. 17 | 18 - 24 Apr 2023
ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് ഭരണമാതൃകയുടെ അഭിമാന പ്രതീകങ്ങളായി പലപ്പോഴും ഉയർത്തിക്കാട്ടുന്ന രണ്ട് അടയാളങ്ങൾ ബുൾഡോസറും ഏറ്റുമുട്ടൽക്കൊലകളും ആണ്. സംസ്ഥാന സർക്കാരിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ആദിത്യനാഥ് മുഖ്യമന്ത്രിയായ കാലം തൊട്ട് പോലീസിന് ക്രിമിനലുകളുമായി 1 0,713 ഏറ്റുമുട്ടലുകൾ നടത്തേണ്ടിവന്നിട്ടുണ്ട്. ക്രിമിനലുകളുടെ മനസ്സിൽ ഭീതിയുണ്ടാക്കാൻ ഏറെ ഫലപ്രദമായ ഒരു ' മികച്ച തന്ത്രം' ആയി 'ഏറ്റുമുട്ടൽക്കൊല'കളെ വ്യാഖ്യാനിച്ചുകൊണ്ട് അത്തരം നിയമബാഹ്യമായ പോലീസ് കൊലപാതകങ്ങളുടെ ഫലമായി ഉത്തർ പ്രദേശ് മിക്കവാറും കുറ്റകൃത്യങ്ങളിൽനിന്ന് മുക്തമായ ഒരു സംസ്ഥാനമായി മാറുകയാണെന്ന് അവകാശപ്പെടുകയാണ് യു പി ഭരണകൂടം ചെയ്യുന്നത്. ഉമേശ് പാൽ വധിക്കപ്പെട്ടതിനു തൊട്ട്പി ന്നാലെ യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് നിയമസഭയിൽ നടത്തിയ ഒരു പ്രസ്താവനയിൽ മാഫിയകളെ തുടച്ചു നീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞു. പക്ഷേ , യോഗി മോഡൽ ഏറ്റുമുട്ടൽക്കൊലകൾക്ക് ഉറച്ച പിന്തുണ നല്കിയവർ പോലും ഒരിക്കലും പ്രതീക്ഷിച്ചിരിക്കാൻ ഇടയില്ലാത്ത സംഭവ പരമ്പരകൾക്കൊടുവിൽ ആണ് പോലീസ് ബന്തവസ്സിൽ ആയിരുന്ന അതീഖ് അഹമ്മദിനെ അയാളുടെ സഹോദരൻ അഷ്റഫിനൊപ്പം വെടിവെച്ച് കൊലപ്പെടുത്തിയത് ടെലിവിഷനിൽ ലൈവായി സംപ്രേഷണം ചെയ്തത്.
കഴിഞ്ഞ 6 വർഷങ്ങളിൽ നടന്ന 10,000 ത്തിൽ അധികം ഏറ്റുമുട്ടൽക്കൊലകളിൽനിന്നു തികച്ചും ഭിന്നമായ രീതിയിലായിരുന്നു അതീഖിന്റേയും അഷ്റഫിന്റെയും കൊലപാതകങ്ങൾ . ചെറുപ്പക്കാരായ മൂന്നു തോക്കുധാരികൾ കൃത്യം നടത്തിയതിനുശേഷം ജയ് ശ്രീറാം വിളികളോടെ ശാന്തരായി പോലീസിന് കീഴടങ്ങുകയായിരുന്നു. പോലീസ് ആകട്ടെ, തങ്ങളുടെ കസ്റ്റഡിയിൽ ആയിരുന്ന രണ്ടുപേർക്കു നേരെ ഘാതകർ നിറയുതിർത്തപ്പോൾ അക്രമികളെ തടയാനോ, ബലം പ്രയോഗിച്ചു കീഴ്പ്പെടുത്താനോ മുതിരാതെ അവർ സ്വയം കീഴടങ്ങുന്നതുവരെ കാത്തുനിൽക്കുകയായിരുന്നു. ക്രിമിനലുകളെ നേരിടാനുള്ള ഒരു തന്ത്രം ആണ് ഏറ്റുമുട്ടൽ എന്ന യു പി പോലീസിന്റെ അവകാശവാദം പൂർണ്ണമായും അപ്രസക്തമാക്കുന്ന ഒന്നാണ് ബന്തവസ്സിൽ ഉള്ള രണ്ടുപേരെ പോലീസിന്റെ കൺമുന്നിൽ വെച്ച് പ്രയാഗ് ഗന്ജിൽ വെടിവെച്ചു വീഴ്ത്തിയപ്പോൾ കാണിച്ച നിഷ്‌ക്രിയത്വം. എല്ലാ ഏറ്റുമുട്ടൽക്കൊലകളും ഏത് രീതിയിൽ ആണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്നതിന്റെ ഒരു സൂചനയാണ് പ്രയാഗ് ഗൻജ് സംഭവം നൽകുന്നത്. വിശദമായ ഒരന്വേഷണം നടക്കുകയാണെങ്കിൽ , പോലീസിന്റെ ഭാഗത്ത് ഉണ്ടായത് യഥാർത്ഥത്തിൽ നിഷ്ക്രിയത്വം അല്ലാ ഒത്താശയോ പങ്കാളിത്തമോ ആണ് എന്ന് വെളിപ്പെട്ടേക്കാം.
അതീഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജെയിലിൽനിന്നും യു പി യിലെ പ്രയാഗ് ഗഞ്ജ് ജയിലിലേക്ക് മാറ്റുന്നതുമുതൽ പോലീസ് ബന്തവസ്സിൽ ഒടുവിൽ കൊല ചെയ്യപ്പെടുന്നതുവരെയുള്ള ഓരോ നീക്കവും അടിസ്ഥാനപരമായ പോലീസ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നതായിരുന്നു. അയാളെ വിമാനത്തിൽ എത്തിക്കുന്നതിന് പകരം റോഡ് മാർഗ്ഗം യു പി യിൽ എത്തിച്ചത് സുരക്ഷാമാനദണ്ഡങ്ങൾ നോക്കിയാലും സമയദൈർഘ്യവും ചെലവുകളും മറ്റും നോക്കിയാലും ഒരിക്കലും ഉചിതമായ നടപടിയായിരുന്നില്ല . ഗുജറാത്ത് മുതൽ യു പി വരെയുള്ള യാത്രയ്ക്കിടയിൽ അതീഖിന്റെ ജെയിൽ മാറ്റത്തിന് വലിയ മീഡിയാ പ്രചാരം നൽകുകയും ,അത് മാഫിയകളെ ഒതുക്കാൻ യോഗി നടത്തുന്ന യുദ്ധത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം എന്ന നിലയിൽ ചിത്രീകരിക്കപ്പെടുകയും ചെയ്തു. അതീഖിനേയും അഷ്റഫിനെയും മെഡിക്കൽ ചെക്ക് അപ്പിന് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളുമായി സംസാരിക്കാൻ സർക്കാർ അവർക്ക് സൗകര്യമൊരുക്കുക എന്നത് മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത രീതിയാണ്. ഇതിന്നിടയിൽ ആണ് മാധ്യമപ്രവർത്തകർ എന്ന നാട്യത്തിൽ മൂന്ന് പേര് സ്ഥലത്തെത്തി അവരുടെ കൊലപാതക ദൗത്യം നിർവ്വഹിച്ചത് .
അതുപോലെ വിചിത്രമായ മറ്റൊരു കാര്യമാണ് എന്തിന് വൈദ്യപരിശോധന രാത്രി വൈകിയ സമയത്ത് നടത്താൻ തീരുമാനിക്കപ്പെട്ടു എന്നത്. പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിൽ വൈദ്യപരിശോധന എവിടെവെച്ചും ആകമായിരുന്നവെന്നും, ജീവന് ഇത്രയേറെ ഭീഷണിയുണ്ടെന്നറിയുന്ന തടവുകാരെയും കൊണ്ട് ആശുപത്രിയിൽ വരേണ്ടയാവശ്യംതന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തിയതും ശ്രദ്ധേയമാണ്. മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് മദൻ ലോക്കൂർ , തടവുകാരുടെ വൈദ്യപരിശോധന രാത്രി വൈകിയ സമയത്ത് വെച്ചതിനെ ചോദ്യം ചെയ്യുന്നു. അടുത്ത പ്രഭാതം വരെ നീട്ടിവെക്കാൻ പറ്റാത്ത ഒരു അടിയന്തര ആരോഗ്യപ്രശ്നവും ഇവരുടെ കാര്യത്തിൽ ഇല്ലായിരുന്നു. ഘാതകർ എത്തിയത് പോലീസ് വാഹനങ്ങളിൽ ആയിരുന്നുവെന്ന് പ്രദേശവാസികൾ ലോക്കൽ ചാനലുകളോട് പറഞ്ഞതായും വാർത്തയുണ്ട് . ആശുപത്രിയിൽ തടവുകാരുടെ മെഡിക്കൽ ചെക്ക് അപ്പ് ഏർപ്പാട് ചെയ്ത കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത് പോലീസ് ആയിരിക്കുമോ ? മാദ്ധ്യമ പ്രവർത്തകർ എന്ന നാട്യത്തിൽ വന്ന ഘാതകർക്ക് വൈദ്യപരിശോധനയുടെ വിവരം എങ്ങിനെ കിട്ടി ? പ്രദേശത്തെ മാധ്യമപ്രവർത്തകർ പോലീസിന് പരിചിതർ ആയിരിക്കാൻ സാധ്യതയുണ്ടല്ലോ , അപ്പോൾ എങ്ങനെയാണ് പുറത്തുനിന്ന് എത്തിയ മൂന്ന് കൊലയാളികൾക്ക് മാധ്യമപ്രവർത്തകരെന്ന് ഭാവിച്ച് സ്ഥലത്ത് പ്രവേശിക്കാൻതന്നെ കഴിയുക?
വെടിയുതിർത്ത മൂന്നു ഷൂട്ടർമാരും മൂന്നു വ്യത്യസ്ത ജില്ലകളിൽ നിന്ന് വന്നവരും, പരസ്പരധാരണയോടെ എന്നപോലെ ഒരേ സമയത്ത് കൃത്യം നിർവ്വഹിച്ച ശേഷം പോലീസിന് കീഴടങ്ങിയവരും ആണ്. നല്ല പരിശീലനം ലഭിച്ചിരുന്ന മൂവർക്കും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചും വേണ്ടത്ര പരിചയവും മുൻ അറിവും ഉണ്ടായിരുന്നുവെന്നും വ്യക്തമാണ്. അവർ ഉപയോഗിച്ച ആയുധങ്ങൾ വിലകൂടിയതും വിദേശനിർമ്മിതവും ആയ സെമി ഓട്ടോമാറ്റിക് തോക്കുകൾ ആയിരുന്നു. പോലീസ് അവരുടെ കൃത്യം തടയാൻ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, അവർ കീഴടങ്ങിയ ശേഷവും പ്രതികളെ ചോദ്യം ചെയ്യാൻ ഒരു താൽപ്പര്യവും കാട്ടാതെ സന്തോഷപൂർവ്വം ജുഡീഷ്യൽ റിമാന്ഡിന് വിട്ടുകൊടുക്കുകയായിരുന്നു.
മൂന്നു ഷൂട്ടർമാരിൽ ഒരാൾക്കെങ്കിലും വ്യക്തമായ സോഷ്യൽ മീഡിയാ പ്രൊഫൈൽ ഉണ്ട്. ശക്തമായ ഹിന്ദുത്വ ബന്ധം വെളിപ്പെടുത്തുന്നതാണ് അയാളുടെ പ്രൊഫൈൽ . വെടിയുതിർത്തതിനു തൊട്ടു പിന്നാലെ കൊലയാളികൾ ആവർത്തിച്ചു ജയ് ശ്രീറാം വിളികൾ നടത്തുന്നത് പ്രയാഗ് ഗഞ്ജ് സംഭവത്തിന്റെ വീഡിയോവിൽ വ്യക്തമാണ്. ആൾക്കൂട്ടഹിംസയിലും വർഗ്ഗീയ കലാപങ്ങളിലും ഏർപ്പെടുന്നവരുടെ ഇഷ്ട മുദ്രാവാക്യം എന്ന നിലയിൽനിന്നും ജയ് ശ്രീറാം വിളി ഇപ്പോൾ ഘാതകൻറെ കൊലമന്ത്രമായി പരിണമിച്ചിരിക്കുന്നു. അതീഖിനെയും അഷ്റഫിനെയും കൊലപ്പെടുത്തുന്നത് സ്വയം പ്രശസ്തി നേടാനുള്ള ഒരു വഴിയായും കൊലയാളികൾ കരുതിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. കൃത്യം നടത്തുന്നതിൽ ചെറുപ്പക്കാരായ ഈ മൂന്ന് കൊലയാളികളുടേയും പ്രേരണ എന്തുതന്നെ ആയിരുന്നാലും, മാഫിയകളെ തുടച്ചുനീക്കാനുള്ള യോഗി ആദിത്യനാഥിന്റെ സങ്കൽപ്പത്തിലെ യുദ്ധം വിദ്യാഭ്യാസവും മാന്യമായ തൊഴിൽ സാധ്യതകളും ആർജ്ജിച്ച് സുരക്ഷിതമായ ഒരു ഭാവിക്കുവേണ്ടി പരിശ്രമിക്കുമായിരുന്ന യുവാക്കൾ ഹിന്ദുത്വ ശക്തികളുടെ സ്വാധീനത്തിൽപ്പെട്ട് പുതിയ തരത്തിലുള്ള ഒരു മാഫിയ സൃഷ്ടിക്കുന്നു എന്ന കാര്യം വ്യക്തമാണ്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട കുറ്റകൃ ത്യങ്ങളുടെ ഒരു ലോകത്തിലേക്കാണ് അവർ ആകർഷിക്കപ്പെടുന്നത് .
ചില ഗോദി മീഡിയാ ചാനലുകൾ നിയമത്തെയോ, മാദ്ധ്യമ മര്യാദകളേയോ തെല്ലും വകവെക്കാതെ ഇപ്പോൾ കൊലവിളി നടത്തുന്നത് അതീഖ് അഹമ്മദിന്റെ പത്നി ഷായിസ്ത പർവീണിന്റെ രക്തത്തിനുവേണ്ടിയാണ്. സംഘ് പരിവാർ ആകട്ടെ, ടെലിവിഷനിൽ ലൈവ് ആയി പ്രദർശിപ്പിച്ച കൊലപാതകങ്ങൾ വഴി കുറ്റവാളികൾക്കും മാഫിയകൾക്കും അർഹിക്കുന്ന മറുപടി കൊടുത്തത് യോഗി ആദിത്യനാഥിന് മാത്രം സാധിക്കുന്ന ഒരു നേട്ടം എന്ന നിലയിൽ വലിയ തോതിൽ കൊണ്ടാടുകയാണ് . അഴിമതിക്കാർക്കെതിരെ നടപടികൾ എടുക്കുന്ന കാര്യത്തിൽ സംഘ് പരിവാർ മോദിയെ വീരപുരുഷൻ ആയി ചിത്രീകരിക്കുന്നതുപോലെയാണ് കുറ്റകൃത്യങ്ങൾ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ യോഗിയെ അവർ മാതൃകാപുരുഷനാ ക്കുന്നതും. സംഘപരിവാറിന്റെ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നുകാട്ടാൻ കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ ഒൻപത് വർഷങ്ങളുടെ യഥാർത്ഥ അനുഭവവും, യു പി മുഖ്യമന്ത്രി എന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ ആറ് വർഷങ്ങൾ നൽകുന്ന യഥാർത്ഥ ചിത്രവും മാത്രം മതിയാകും. അഴിമതിക്കെതിരായ നടപടികളായി മോദി അവകാശപ്പെടുന്ന എല്ലാ ചെയ്തികളും അടവുപരമായി പ്രതിപക്ഷ പാർട്ടികളെ ലക്‌ഷ്യം വെക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ സമ്മർദ്ദത്തിലാക്കാനോ, അഴിമതി ആരോപണങ്ങളുടെ കറപുരണ്ട അവസ്ഥയിൽ നിയമാനുസൃതമായ അന്വേഷണത്തിൽ നിന്നും തുടർ നടപടികളിൽനിന്നും രക്ഷ നേടാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ ബി ജെ പി യിൽ ചേരാൻ പ്രേരിപ്പിക്കാനോ ആണ് ഇത്. എന്നാൽ, തന്ത്രപരമായ ഒരു തലത്തിൽ ഇത്തരം അഴിമതിവിരുദ്ധ വ്യവഹാരങ്ങൾ നിർവ്വഹിക്കുന്ന ദൗത്യം അഴിമതിയെത്തന്നെ സ്ഥാപനവൽക്കരിക്കുക എന്നതാണ്. കോർപ്പറേറ്റുകൾക്ക് നിർണ്ണായകമായ സ്വാധീനമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടേയും ചങ്ങാത്ത മുതലാളിത്തത്തിന്റെ നിർ ലജ്ജമായ രൂപങ്ങളിലും ആണ് അത് സാക്ഷാൽക്കരിക്കപ്പെടുന്നത് . അതുപോലെ, യോഗിയുടെ നേതൃത്വത്തിൽ ഇതിന് സമാന്തരമായി നടക്കുന്ന മാഫിയാവിരുദ്ധത്തിലൂടെ ഉന്നം വെക്കുന്നത് ഭരണഘടനാ വാഴ്ചയുടേയും നീതിയുടേയും അടിസ്‌ഥാന തത്വങ്ങളെ മറികടക്കാനും, തൽസ്ഥാനത്ത് സൈനികവൽകൃത ഹിന്ദുത്വത്തിന്റെ വിദ്വേഷഅജണ്ടയും കുറ്റകൃത്യങ്ങളും സ്ഥാപിക്കാനും ആണ് .
കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് ജീവന് സംരക്ഷണം തേടി അതീഖ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തത്സമയം അതീഖ് സ്‌റ്റേറ്റിന്റേയും യു പി പോലീസിന്റെയും സംരക്ഷണത്തിൽ ആയതിനാൽ പ്രസ്തുത ഹർജി പരിഗണിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സുപ്രീം കോടതി ആ അപേക്ഷ തള്ളിയത്. എന്നാൽ, ഇപ്പോൾ നാം കാണുന്നത് പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞവർക്കെതിരെ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ്. ഇതിന് പിന്നിലെ ഗൂഢാലോചനയേയും അതിൽ പ്രവർത്തിച്ച മുഴുവൻ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവന്ന് നിയമത്തിന് വിധേയമാക്കും വിധത്തിൽ ഉചിതമായ ഇടപെടൽ നടത്തേണ്ടത് ഇപ്പോൾ സുപ്രീം കോടതിയുടെ ഉത്തരവാദിത്തമാണ്. ഓരോ ഏറ്റുമുട്ടൽ കേസിലും നിർബന്ധമായും അന്വേഷണം ആവശ്യമാണെന്ന പ്രോട്ടോകോൾ ഇപ്പോൾത്തന്നെ നിലവിലുണ്ട് . ഇരുനൂറിനു അടുത്ത് ഏറ്റുമുട്ടൽ മരണങ്ങൾ യു പി യിൽ നടന്നിട്ടുണ്ടെന്നും അതീഖിന്റെ മകൻ ആസാദ് കൊല്ലപ്പെട്ട സംഭവം അതിൽ ഒടുവിലത്തേത് ആണെന്നും സംസ്ഥാന ഭരണകൂടം തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട് ; എന്നാൽ ഈ ഏറ്റുമുട്ടലുകൾ ഒന്നിൽ പോലും വിശ്വാസയോഗ്യമായ അന്വേഷണം ഉണ്ടായിട്ടില്ല. അതിനാൽ, യു പി സർക്കാർ ഏറ്റുമുട്ടലുകളെ ഒരു സാധാരണ നടപടിയായിക്കാണുന്നതും നിയമ ബാഹ്യമായ കൊലപാതകങ്ങളെ ആശ്രയിക്കുന്നതും അവസാനിപ്പിക്കാൻ സുപ്രീം കോടതി ഇടപെടേണ്ട സമയം ആയിരിക്കുന്നു.
ഉത്തർ പ്രദേശിൽ നിയമ വാഴ്ചയുടെ തകർച്ചയെ ലൈവ് ടെലികാസ്ററ് ആയി ആഘോഷിച്ച ഒരു സംഭവമാണ് പ്രയാഗ് ഗഞ്ജ് കസ്റ്റഡി കൊലപാതകം. മുസ്ലീങ്ങളും ദലിത് സമുദായങ്ങളിൽ പെട്ടവരും നോട്ടമിട്ട് ആക്രമണലക്ഷ്യങ്ങളാക്കപ്പെടുന്ന ഭരണകൂട ഭീകരവാഴ്ചയുടേയും നിയമരാഹിത്യത്തിന്റെയും സമ്പ്രദായത്തിൽ മറ്റു സമുദായങ്ങളിൽപ്പെട്ടവർക്ക് ഒന്നും പേടിക്കാനില്ലെന്നും, അവർ കാഴ്ചകൾ കണ്ടിരുന്നാൽ മതിയെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ യു പി സർക്കാർ നൽകുന്നത്. ആപ്പിൾ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിരുന്ന വിവേക് തിവാരിയെ ലക് നൗ വിൽ 2018 സെപ്തംബർ 29 നും, പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന സുബോധ് കുമാർ സിംഗിനെ ബുലന്ദ് ശ ഹറിൽ 2018 ഡിസംബർ 3 നും, മാധ്യമ പ്രവർത്തകൻ ആയിരുന്ന വിക്രം ജോഷിയെ 2020 ജൂലൈ 20 നും, ട്രാൻസ്‌പോർട് മാനേജർ ആയിരുന്ന ശിവം ജോഹ്‌രിയെ ഷാജഹാൻപൂരിൽ 2023 ഏപ്രിൽ 12 നും , കോളേജ് വിദ്യാർത്ഥിയായിരുന്ന റോഷ്‌നി ആഹിർവാർ നെ ജലൗനിൽ 2023 ഏപ്രിൽ 17 നും കൊലപ്പെടുത്തിയ സംഭവങ്ങളുടെ പരമ്പരയിൽ ഉത്തർ പ്രദേശിൽ ഓരോ നിമിഷവും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിയമ വാഴ്ച തകരുകയും, സ്ഥാപനവത്കൃതമായ നിയമ രാഹിത്യത്തെയും കുറ്റവിമുക്തിയെയും പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായി ഭരണകൂടം അധഃപതിക്കുകയും ചെയ്യുമ്പോൾ എല്ലാ ജനവിഭാഗങ്ങളും അതിനു കനത്ത വിലനൽകേണ്ടിവരുന്ന അവസ്ഥയിൽ എത്തുകയാണെന്നതിൽ ഒരു സംശയവുമില്ല. അതിനാൽ, ഈ അവസ്ഥയ്‌ക്കെതിരെ ഉണർന്ന് പ്രതികരിക്കാനുള്ള സന്ദേശമാണ് പ്രയാഗ് ഗന്ജ് കസ്റ്റഡി കൊലപാതകങ്ങൾ ഏവർക്കും നൽകുന്നത്.