ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിൻ്റെ കശാപ്പ്
ML അപ്‌ഡേറ്റ് Vol 27, നമ്പർ 07 (06 ഫെബ്രുവരി-12 ഫെബ്രുവരി 2024)
പത്ത് വർഷം മുമ്പ് 'കോൺഗ്രസ്-മുക്ത് ഭാരത്' എന്ന മുദ്രാവാക്യവുമായാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. പത്തുവർഷത്തെ ഭരണത്തിൽ മോദി സർക്കാർ എല്ലാ അധികാരങ്ങളെയും എല്ലാ വിധത്തിലും കേന്ദ്രീകരിക്കാൻ ശ്രമിച്ചു. 'കോൺഗ്രസ്-മുക്ത് ഭാരത്' എന്ന മുദ്രാവാക്യത്തിൽ നിന്ന് ഒരുപടി മുന്നോട്ട് നീങ്ങുന്ന മോദിഭരണം 'പ്രതിപക്ഷമില്ലാത്ത ജനാധിപത്യം' എന്ന അജണ്ടയെ അക്രമാസക്തമായി പിന്തുടരുകയാണ്. ബി.ജെ.പിയിതര സർക്കാരുകളെ താഴെയിറക്കുകയും പകരം ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരുകളെ കൊണ്ടുവരാൻ കൂറുമാറ്റങ്ങൾ സംഘടിപ്പിക്കുകയും പാർട്ടികളെയും സഖ്യങ്ങളെയും ഇഷ്ടാനുസരണം തകർക്കുകയും ചെയ്തു. കർണാടക, മദ്ധ്യപ്രദേശ്, ഗോവ, ബിഹാർ - തിരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷവും ബി.ജെ.പി ആവർത്തിച്ച് അധികാരം പിടിച്ചെടുക്കുന്നത് നാം കണ്ടതാണ്. ബി.ജെ.പി.യുടെ ശേഖരത്തിലേക്ക് ഇപ്പോൾ പുതിയൊരു മോഡൽ കൂടി ചേർത്തിരിക്കുന്നു - തെരഞ്ഞെടുപ്പ് മൊത്തമായി മോഷ്ടിക്കുന്ന ചണ്ഡീഗഡ് മോഡൽ ആണ് അത്.
35 അംഗ ചണ്ഡീഗഢ് കോർപ്പറേഷനിൽ ബിജെപിക്ക് 15 അംഗങ്ങളും ബാക്കി 20 അംഗങ്ങൾ എഎപിക്കും കോൺഗ്രസിനുമാണ്. മേയർ തിരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും ധാരണയിലെത്തുകയും കോൺഗ്രസിൻ്റെ പിന്തുണയോടെ എഎപി സ്ഥാനാർഥി വിജയിക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. എന്നാൽ, കോർപ്പറേഷനിലെ ഒരു നോമിനേറ്റഡ് അംഗവും, അറിയപ്പെടുന്ന ബിജെപി നേതാവും ആയ പ്രിസൈഡിങ് ഓഫിസർക്ക് മറ്റെവിടുന്നോ ലഭിച്ച ആശയങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടായിരുന്നു. അധികാര ദുർവിനിയോഗത്തിൽ, അദ്ദേഹം എട്ട് കോൺഗ്രസ്/എഎപി കൗൺസിലർമാരുടെ വോട്ടുകൾ ഒരട്ടിമറിയിലൂടെ അസാധുവായി പ്രഖ്യാപിക്കുകയും , 16-12 ഭൂരിപക്ഷത്തോടെ ബിജെപി നോമിനിക്ക് മേയർ സ്ഥാനം നൽകുകയും ചെയ്തു. ഭാഗ്യവശാൽ, ഈ പ്രിസൈഡിങ് ഓഫീസറുടെ മുഴുവൻ അഭ്യാസവും ക്യാമറയിൽ പതിഞ്ഞു . ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ നാണംകെട്ട ഈ പകൽ കൊള്ളയുടെ വീഡിയോകൾ വൈറലായിട്ടുണ്ട്.
ഈ നഗ്നമായ തിരഞ്ഞെടുപ്പ് കൊള്ളയ്‌ക്കെതിരായ അപ്പീൽ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റത്തിൻ്റെ വീഡിയോ കണ്ടപ്പോൾ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇത് ജനാധിപത്യത്തിൻ്റെ കൊലപാതകത്തിൽ ഒട്ടും കുറവല്ലെന്ന് വിശേഷിപ്പിച്ചു. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവുകൾ ചീഫ് ജസ്റ്റിസിൻ്റെ ശക്തമായ വാക്കുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇനി കണ്ടറിയണം. ഇതുവരെ തെരഞ്ഞെടുപ്പ് അസാധുവാക്കിയിട്ടില്ല, എല്ലാ രേഖകളും സുരക്ഷിതമാക്കാനും പ്രിസൈഡിംഗ് ഓഫീസർ കോടതിക്ക് മുമ്പാകെ നേരിട്ട് ഹാജരായി അവ സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡീഗഢ് പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയെ അനുവദിച്ചാൽ തെരഞ്ഞെടുപ്പിൻ്റെ ഭവിഷ്യത്ത് മൊത്തത്തിൽ ഒരു പ്രഹസനമാക്കുന്നതിൽ നിന്ന് രക്ഷിക്കാനാവില്ല.
കോൺഗ്രസ് പിന്തുണയോടെ ചണ്ഡിഗഡിൽ എഎപി വിജയം നേടിയാൽ INDIA സഖ്യത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രസക്തി അടിവരയിടുകയും മറ്റ് സ്ഥലങ്ങളിൽ മറ്റ് പാർട്ടികൾക്കിടയിലെ സീറ്റ് പങ്കിടൽ സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് മാതൃകയാക്കുകയും ചെയ്യുമായിരുന്നു. 2024ലെ നിർണ്ണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി, INDIA സഖ്യത്തിന് ആദ്യ തിരഞ്ഞെടുപ്പ് വിജയം നിഷേധിക്കാനുള്ള തീവ്രശ്രമമായിരുന്നു ബി ജെ പി നടത്തിയത്. ഈ എപ്പിസോഡിൽ വേറിട്ടുനിൽക്കുന്നത് ബിജെപിയുടെ തികഞ്ഞ അഹങ്കാരവും നിയമപരമായ പ്രത്യാഘാതങ്ങൾ പേടിക്കേണ്ടതില്ലെന്ന കൂസലില്ലായ്മയും . ഒരു പാർട്ടിക്ക് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറെ ചൊൽപ്പടിയിൽ ആക്കി വോട്ടെണ്ണൽ പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ കഴിയുമെങ്കിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധേയരായ ബ്യൂറോക്രസിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഉപയോഗിച്ച് അവർക്ക് എന്തൊക്ക ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക.
ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ ഏതാനും പൊള്ളയായ വാഗ്ദാനങ്ങളും തെറ്റായ അവകാശവാദങ്ങളും വെച്ചാൽ മതിയെന്ന് ബിജെപി കണക്കുകൂട്ടയിരിക്കുന്നു. മോദി ഭരണത്തിൻ്റെ ഏറ്റവും വലിയ നേട്ടമായി സംഘ് ബ്രിഗേഡ് ഉയർത്തിക്കാട്ടുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന് സാമ്പത്തിക മാനേജ്‌മെൻ്റിൻ്റെയും ഭരണത്തിൻ്റെയും കെടുകാര്യസ്ഥതയുടെ കാര്യത്തിൽ സർക്കാരിൻ്റെ ദയനീയ പരാജയം നികത്താനാവില്ല. അതിനാൽ, പ്രതിപക്ഷത്തിനെതിരെ വർദ്ധിച്ച തോതിലുള്ള ആക്രമണങ്ങളും പ്രതിപക്ഷത്തെ അഴിമതിക്കാരായി ചിത്രീകരിക്കാൻ ED റെയ്ഡുകളുടെ വിവേചനരഹിതമായ ഉപയോഗവും ആണ് നാം കാണുന്നത്. നിതീഷ് കുമാറുമായുള്ള പുതുക്കിയ കൂട്ടുകെട്ടിലൂടെ ബിഹാറിൽ അധികാരം തിരിച്ചുപിടിച്ചതിന് ശേഷം, മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ജാർഖണ്ഡ് സർക്കാരിനെയും അസ്ഥിരപ്പെടുത്താമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. ഡെൽഹിയിൽ അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ബിഹാറിൽ ബിജെപി വിജയിച്ചപ്പോൾ ജാർഖണ്ഡ് അവരുടെ ഗൂഢാലോചന തകർത്തെറിയുകയായിരുന്നു. ബിഹാറിൽ പോലും നിതീഷ് കുമാറിന് ഇപ്പോൾ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു, അത് ബിജെപിക്ക് ബാദ്ധ്യതയാണെന്ന് തെളിയിക്കാൻ മാത്രമേ കഴിയൂ. ജാർഖണ്ഡിൽ, ബിജെപിയുടെ സമ്മർദത്തിന് വഴങ്ങുന്നതിനേക്കാൾ അറസ്റ്റിലാകാനാണ് ഹേമന്ത് സോറൻ്റെ താൽപര്യം. ഇഡി, സിബിഐ, ഐടി വകുപ്പുകളുടെ അഴിമതി ആരോപണങ്ങളും റെയ്ഡുകളും വഴി പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ബിജെപിയുടെ സമ്മർദ്ദതന്ത്രം മാത്രമാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമാണ്. ഹിമന്ത ബിശ്വ ശർമ്മയും ശുഭേന്ദു അധികാരിയും ഒരുകാലത്ത് ബിജെപിയുടെ അഴിമതിക്കുറ്റം ചുമത്തി, ഇപ്പോൾ അസമിലും പശ്ചിമ ബംഗാളിലും പാർട്ടിയുടെ ഏറ്റവും വലിയ നേതാക്കളാണ്. അജിത് പവാർ ഇപ്പോൾ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്, ജാർഖണ്ഡിലെ മുൻ ബിജെപി മുഖ്യമന്ത്രി രഘുബർ ദാസിനെ ഒഡീഷ ഗവർണറാക്കിയതിലൂടെ അഴിമതി വിരുദ്ധ അന്വേഷണത്തിൽ നിന്ന് രക്ഷിച്ചു.
സമ്പൂർണ്ണ അധികാരം പൂർണ്ണമായും ദുഷിപ്പിക്കുന്നു. സമ്പൂർണ അധികാരം നേടാനും , അതിനെ പൂർണ്ണമായും ശിക്ഷയിൽനിന്നു മുക്തമായതായി മുദ്രകുത്താനുമുള്ള ബി.ജെ.പിയുടെ പദ്ധതിയെ പരാജയപ്പെടുത്താതെ അഴിമതിക്കെതിരെ അർത്ഥവത്തായ ഒരു പോരാട്ടവും ഉണ്ടാകില്ല. തെരഞ്ഞെടുപ്പുകൾ ഭരണഘടനാപരമായ ജനാധിപത്യത്തിൻ്റെ പ്രാഥമിക വേദിയാണ്, തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി ചുരുങ്ങുമ്പോൾ, ജനാധിപത്യം യഥാർത്ഥത്തിൽ കശാപ്പിനെ അഭിമുഖീകരിക്കുന്നു. ഈ മുന്നറിയിപ്പ് ഇപ്പോൾ വന്നത് മറ്റാരിൽ നിന്നുമല്ല , ഇന്ത്യയുടെ ചീഫ് ജസ്റ്റിസിൽ നിന്നാണ്, അത് ശ്രദ്ധിക്കുകയും ഈ മാരകമായ ആക്രമണത്തിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കുകയും ചെയ്യേണ്ടത് ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യം ആണ്.