Thursday, 18 July 2024

 ML അപ്ഡേറ്റ്   CPIML വീക് ലി ന്യൂസ് മാഗസിൻ  വാല്യം.  27 |  നമ്പർ 30 |  16 ജൂലൈ - 22 ജൂലൈ 2024 

 എഡിറ്റോറിയൽ:

 ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മുന്നിലുള്ള വെല്ലുവിളികളും

 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കുശേഷം പതിമൂന്ന് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ  ബി.ജെ.പി.ക്ക് ആകെ നേടാനായത്  നേരിയ ഭൂരിപക്ഷത്തോടെയുള്ള രണ്ട് സീറ്റുകളിലെ വിജയം ആയിരുന്നു. തീർച്ചയായും, ആ അർത്ഥത്തിൽ  2024 ജനവിധിയുടെ ഒരു സ്ഥിരീകരണമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ കാണാൻ കഴിയും.   ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ മനോഭാവത്തിലും പ്രഖ്യാപനങ്ങളിലും ആൾക്കൂട്ടക്കൊലകളുടേയും   ബുൾഡോസർ പൊളിക്കലുകളുടെയും  ആവർത്തനങ്ങളിലും  പ്രതിഫലിക്കുന്നത് ജനവിധിയുടെ സ്പിരിറ്റ്   മോദി ഭരണകൂടം ധിക്കാരപൂർവ്വം  തള്ളിക്കളയുകയാണെന്നാണ്.  ഈ  പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

 പതിമൂന്ന് സീറ്റുകളിൽ ആറെണ്ണം കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിച്ചു, അതിൽ നാലെണ്ണം വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.  പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ  ബിജെപിക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും   ഭരണകക്ഷിയായ ടിഎംസിയോട് നാല് സീറ്റുകളിലും തോറ്റു .  ഇതിൽ മൂന്ന് സീറ്റുകൾ 2021 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചവയാരുന്നു,  2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പോലും ബി ജെ പി  അതാത് അസംബ്ലി സീറ്റുകളിൽ മുൻകൈ നിലനിർത്തിയിരുന്നു.

 ഏറ്റവും പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പ് ഫലം വന്നത് ഉത്തരാഖണ്ഡിൽ നിന്നാണ്.  ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബദരീനാഥ് , കോർപ്പറേറ്റ് പ്രേരിതമായ അനിശ്ചിതത്വത്തിൻ്റെയും ഹിമാലയൻ പരിസ്ഥിതിയുടെ നാശത്തിൻ്റെയും  ശക്തമായ പ്രതീകം കൂടിയാണ്.  പ്രാദേശിക കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.  ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വിമതന് വോട്ടർമാരിൽ നിന്ന് ലഭിച്ചത് ശക്തമായ തിരിച്ചടിയായിരുന്നു.    ഹരിദ്വാറിലെ മറ്റൊരു നിയമസഭാ മണ്ഡലത്തിലാകട്ടെ,  മുസ്ലീം വോട്ടർക്കെതിരെ  പരസ്യമായ പക്ഷപാതവും ക്രൂരമായ ഉപദ്രവങ്ങളും അഴിച്ചുവിട്ട  ഭരണകൂടത്തിന് കനത്ത അടിയായി കോൺഗ്രസിൻ്റെ ഒരു മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചത് ഏറെ ആശ്വാസകരമായിരുന്നു .

 ഇന്ത്യാ  മുന്നണിക്കുള്ള  വർദ്ധിച്ചുവരുന്ന ഈ ജനപിന്തുണ യഥാർത്ഥത്തിൽ മാറ്റത്തിനുള്ള ശക്തമായ ജനകീയ ആഗ്രഹത്തെയാണ്  പ്രതിഫലിപ്പിക്കുന്നത് .  മോദി സർക്കാരിൻ്റെ പത്തുവർഷങ്ങൾ അഭൂതപൂർവമായ കോർപ്പറേറ്റ് കൊള്ള, വർഗ്ഗീയ വിദ്വേഷം, ക്രൂരമായ അടിച്ചമർത്തൽ ഭരണം, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വലിയ നഷ്ടം വരുത്തുന്ന സാമ്പത്തികവും സാമൂഹികവുമായ ദുരന്തം എന്നിവയെല്ലാമാണ്  അർത്ഥമാക്കുന്നത് . മണിപ്പൂർ ഒരു വർഷമായി കത്തുകയാണ് ;  വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായത്തിലെ അഴിമതി വളരെ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ  പരീക്ഷകൾ  റദ്ദാക്കപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യുന്നത് സാധാരണമായിരിക്കുന്നു ; റെയിൽവേ നിരക്ക് വർദ്ധന തുടരുമ്പോഴും സാധാരണ യാത്രക്കാർക്ക് റെയിൽ യാത്ര പേടിസ്വപ്നവും സുരക്ഷിതമല്ലാത്തതുമായി മാറിയിരിക്കുന്നു, ബിഹാർ പോലുള്ള 'ഇരട്ട എഞ്ചിൻ ഓടിക്കുന്ന' സംസ്ഥാനത്ത്  ഒന്നിന് പിറകെ ഒന്നായി  പാലങ്ങൾ തകർന്ന് വീഴുകയാണ്.  അരാജകത്വം അതിവേഗം ദിവസത്തിൻ്റെ ക്രമമായി മാറുകയാണ്.

ഈ കുഴപ്പങ്ങൾക്ക്  അലങ്കാരമെന്നത് പോലെ , ആദ്യ രണ്ട് ടേമുകളിൽ സ്വയം പ്രഖ്യാപിത 'ആഗോള നേതാവ്' എന്ന നിലയിലുള്ള തൻ്റെ പതിവ് വിദേശ യാത്രകൾ മോദി തുടരുകയാണ് .ജൂണിൽ ഇറ്റലിയിലേക്കും മറ്റൊന്ന് ജൂലൈയിൽ റഷ്യയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര നടത്തിയാണ് മോദി തൻ്റെ മൂന്നാം ടേം ആരംഭിച്ചത് . മോദി റഷ്യയിലെത്തിയത് ഉക്രെയിനിൽ 41 പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് . ബോംബാക്രമണത്തിനു വിധേയമായ കീവിലെ ആശുപത്രിയിൽ കുട്ടികളടക്കം കൊല്ലപ്പെട്ടിരുന്നു.  ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം 'നിർത്തി' യതിന് മോദിയുടെ പ്രചാരണ യന്ത്രം പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുകൊണ്ട്  ഇന്ത്യ യഥാർത്ഥത്തിൽ യുദ്ധത്തിന് ധനസഹായം നൽകുകയാണ് ചെയ്തുപോരുന്നത്.   വിലക്കിഴിവുള്ള എണ്ണ ഇറക്കുമതിയുടെ നേട്ടങ്ങൾ സാധാരണ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ലെങ്കിലും, റഷ്യൻ ക്രൂഡ് ഓയിൽ   ശുദ്ധീകരിച്ചു റിലയൻസ് ഉണ്ടാക്കുന്ന  പെട്രോ ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് തിരികെ കയറ്റുമതി ചെയ്ത് മുഴുവൻ  ലാഭവും  ഉണ്ടാക്കുന്നത് മുകേഷ് അംബാനിയാണ് ! 

 നിലവിൽ ലോകത്തിലെ ഏറ്റവും യുദ്ധക്കൊതിയൻമാരായ രണ്ട് ഭരണകൂടങ്ങളായ ഇസ്രായേലുമായും റഷ്യയുമായും സൗഹൃദത്തിന് മുൻഗണന നൽകികൊണ്ട് സമാധാനത്തിനായുള്ള ആഗോള മുറവിളിയെ മോദിയുടെ വിദേശനയം പരിഹസിക്കുകയാണെങ്കിൽ, മറ്റെല്ലാറ്റിനേക്കാളും അദ്ദേഹത്തിൻ്റെ ആഭ്യന്തര നയങ്ങൾ ചങ്ങാത്ത മുതലാളിമാരുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു.  ജനങ്ങളുടെ ഉപജീവനവും പരിസ്ഥിതി സംരക്ഷണവും.  ഇന്ത്യയിലെ കോർപ്പറേറ്റ് ശക്തിയുടെ ഏറ്റവും അശ്ലീലമായ പ്രദർശനം വന്നത്  അംബാനി രാജവംശത്തിലെ ഏറ്റവും ഇളയ സന്തതിയുടെ വിപുലമായ വിവാഹ ആഘോഷത്തിൻ്റെ രൂപത്തിലാണ് .  വിവാഹത്തിന് മുമ്പുള്ള ആഘോഷം സുഗമമാക്കുന്നതിനുവേണ്ടി   ഈ വർഷം ആദ്യം സർക്കാർ  ജാംനഗറിനെ ഒരു അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റി.  ജൂലൈയിൽ   മുംബൈയിലെ ചില റോഡുകൾ അടച്ചുകൊണ്ടായിരുന്നു  മഹാരാഷ്ട്ര സർക്കാർ അംബാനിയുടെ വിവാഹ ആഘോഷത്തെ പൊലിപ്പിച്ചത് .

അദാനിയുടെയും അംബാനിയുടെയും ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് ഓഫീസിലേക്ക് കള്ളപ്പണം നിറച്ച ടെമ്പോ ലോഡ് ചാക്കുകൾ നീക്കിയതിനെക്കുറിച്ച് നരേന്ദ്ര മോദി പരാമർശിച്ചത്  തൻ്റെ 2024 ലെ തിരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങളിലൊന്നിൽ ആയിരുന്നുവെന്നത് ആരും മറന്നിട്ടില്ല. എന്നാൽ,    ഇടതുപക്ഷത്തിനുപുറമേ , കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഗാന്ധി-നെഹ്‌റു കുടുംബാംഗങ്ങളും അടങ്ങിയ കോൺഗ്രസ്സ് നേതൃത്വവും മാത്രമാണ്  പണക്കൊഴുപ്പിന്റെ ഈ  അശ്ലീലമായ പ്രദർശനത്തിൽ നിന്നും, ആഘോഷത്തിൽനിന്നും  മാന്യതയോടെ മാറിനിന്നത് .  കാർഷികമേഖലയിലെ കോർപ്പറേറ്റ് ഏറ്റെടുക്കലിനെതിരെ കർഷക ജനത  പോരാടുകയും ഇന്ത്യ ചരിത്രപരമായ സാമ്പത്തിക അസമത്വത്തിൽ വലയുകയും ചെയ്യുന്ന ഒരു സമയത്ത്, ഏറ്റവും വലിയ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമായി ഒരു സമ്പന്ന ഇന്ത്യൻ കുടുംബത്തിൻ്റെ സ്വകാര്യ വിവാഹ ആഘോഷം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നു.   പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിലെ ചില  പാർട്ടികളും അവരുടെ  നേതൃത്വത്തിൻ്റെ സാന്നിദ്ധ്യത്താൽ കോർപ്പറേറ്റ് ശക്തിയുടെ ഈ അശ്ലീല പ്രദർശനത്തിന്  അംഗീകരം ചാർത്തുകയായിരുന്നു.  നമ്മുടെ പാർലമെൻ്ററി ജനാധിപത്യത്തിൽ രാഷ്ട്രീയ സമത്വത്തിൻ്റെ ഏറ്റവും വലിയ ശത്രുവായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങളെ  അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു.  നിലവിൽ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിൻ്റെ തോത് കൊളോണിയൽ കാലഘട്ടത്തിലേതിനേക്കാൾ മോശപ്പെട്ട ഒരു നിലയിൽ ആണ്.  സമ്പത്തിൻ്റെയും വരുമാനത്തിൻ്റെയും വിതരണത്തിൻ്റെ കാര്യത്തിൽ, ഇന്ന് ഏറ്റവും സമ്പന്നരായ 1% ത്തിന്റെ കയ്യിൽ  40.1 ശതമാനം വിഭവസമ്പത്തും 22.6% പണവും കേന്ദ്രീകരിച്ചിരിക്കുന്നു.  പിന്തിരിപ്പൻ നികുതി സമ്പ്രദായം ഈ കടുത്ത അസമത്വത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ.  മൊത്തം ജി എസ് ടി നികുതിത്തുക യുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പിരിച്ചെടുക്കുന്നത് ജനസംഖ്യയുടെ താഴേത്തട്ടുകളിലുള്ള 50 % ജനതയിൽ  നിന്നും, മൂന്നിലൊന്ന്  40% വരുന്ന മദ്ധ്യവർഗ്ഗങ്ങളിൽനിന്നും ആയിരിക്കുമ്പോൾ അതിധനിക വർഗ്ഗങ്ങളിൽപ്പെട്ട  10% ൽ നിന്ന് പിരിക്കുന്ന ജി എസ് ടി വെറും  3-4% മാത്രമാണ്.  എന്നിട്ടും സമ്പത്തിൻ്റെയും പിന്തുടർച്ചാവകാശമായി ലഭിക്കുന്ന സമ്പാദ്യങ്ങളുടേയും മേലെ നികുതി ഏർപ്പെടുത്തുന്ന ( wealth and inheritance taxes ) പ്രശ്നത്തെ വളച്ചൊടിച്ചുകൊണ്ട്  നരേന്ദ്ര മോദി 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രമിച്ചത് അത്തരം ആശയങ്ങൾ പാവപ്പെട്ടവരുടെ സമ്പാദ്യങ്ങൾ തട്ടിപ്പറിക്കാനുള്ള  ഗൂഢാലോചനയാണെന്ന തെറ്റിദ്ധാരണയും  ഭീതിയും  ജനിപ്പിക്കുകയായിരുന്നു.

 മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്‌  എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടവും സാമ്പത്തിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള സമരങ്ങളും സമഗ്രമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.  സ്വന്തം രാഷ്ട്രീയ പരിണാമത്തിൽ അംബേദ്കർ തൻ്റെ ആശയങ്ങളിലും പോരാട്ടങ്ങളിലും സമത്വത്തിൻ്റെയും നീതിയുടെയും രണ്ട് വശങ്ങളെ എല്ലായ്‌പ്പോഴും സമന്വയിപ്പിച്ചു.  ഈ ഐക്യത്തിന്റെ ഭാവന  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലും പ്രതിഫലിക്കുന്നുണ്ട് . കോർപ്പറേറ്റ് കൊള്ള,  ജനങ്ങളുടെ ഉപജീവനത്തിനും ക്ഷേമത്തിനും മേലുള്ള ആക്രമണം, വർഗ്ഗീയ വിദ്വേഷത്തിന്റെ വ്യാപനവും ആക്രമണവും,  സാംസ്‌കാരിക  ബഹുസ്വരതയുടേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റേയും ശോഷണം, ഭരണഘടനയുടെ അടിസ്ഥാന സ്പിരിറ്റിനും  മൂല്യങ്ങൾക്കും മേലുള്ള ആക്രമണങ്ങൾ ഇവയ്‌ക്കെല്ലാം എതിരേ സമത്വത്തിൻ്റെയും നീതിയുടെയും സമഗ്ര രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും , ഫാസിസ്റ്റ് ആക്രമണത്തിൻ്റെ എല്ലാ മേഖലകളിലെയും ത്രിശൂലമുനകൾ ചെറുക്കാനും ഇന്ത്യാ  സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾ  കൂടുതൽ ശക്തികളെ പ്രചോദിപ്പിക്കേണ്ടത് ആവശ്യമാണ്. 

Friday, 12 July 2024

ML Update Vol. 27, No. 29 (09-15 July 2024)

 രണ്ട് തെരഞ്ഞെടുപ്പുകളുടെ കഥ :
 ഫാസിസ്റ്റ് മുന്നേറ്റത്തെ തടഞ്ഞതിന് ഫ്രാൻസിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

2024 ഏപ്രിൽ, മെയ് മാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരീക്ഷണ സമയമായിരുന്നു, ലോകം നമ്മെ ഉറ്റുനോക്കുകയായിരുന്നു. ജൂൺ 4-ന് ബി.ജെ.പിയുടെ തേരോട്ടം 240-സീറ്റുകളിൽ പിടിച്ചു നിർത്തപ്പെട്ടപ്പോൾ, ലോകമെമ്പാടുമുള്ള ജനാധിപത്യ സ്‌നേഹികൾ ആശ്വാസത്തിൻ്റെ നേരിയ ദീർഘനിശ്വാസം വിട്ടു. പക്ഷേ, ഫാസിസ്റ്റ് ശക്തികളെ ഭാഗികമായെങ്കിലും പിന്നോട്ട് തള്ളുന്നതിൽ ഇന്ത്യ വിജയിച്ച പ്രതീതി ഉണ്ടായപ്പോൾ, യൂറോപ്യൻ പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പുകൾ രാജ്യാന്തര രാജ്യങ്ങളിൽ തീവ്രവലതുപക്ഷത്തിൻ്റെ വിദ്വേഷ രാഷ്ട്രീയം വലിയ കുതിപ്പ് രേഖപ്പെടുത്തി. ജർമ്മനിയിലെ AfD, ഫ്രാൻസിലെ RN, ഭരിക്കുന്ന 'ബ്രദേഴ്‌സ് ഓഫ് ഇറ്റലി' എന്നിവയും യൂറോപ്പിലുടനീളമുള്ള സമാനമായ തീവ്ര വലതുപക്ഷ പാർട്ടികളും ജൂണിൻ്റെ ആദ്യ യൂറോപ്യൻ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി. ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രിസ്റ്റ് ഭരണകൂടം ഈ തീവ്ര-ദേശീയ തീവ്ര വലതുപക്ഷ കുതിച്ചുചാട്ടം ശ്രദ്ധിക്കുകയും ജൂൺ 30, ജൂലൈ 7 തിയതികളിൽ പാർലമെൻ്ററി തിരഞ്ഞെടുപ്പുകൾ നടത്താൻ ഉത്തരവിടുകയും ചെയ്തു. അതേസമയം, യുകെ തിരഞ്ഞെടുപ്പ് ജൂലൈ 4 ന് നേരത്തെ നിശ്ചയിച്ചിരുന്നു, ലോകം മുഴുവൻ ഇപ്പോൾ രണ്ട് തിരഞ്ഞെടുപ്പുകളുടെ കഥ ഡീകോഡ് ചെയ്യുന്ന തിരക്കിലാണ്. ഫ്രഞ്ച് സമ്പ്രദായത്തിൽ, വിജയി ഒരു മണ്ഡലത്തിൽ 50 ശതമാനത്തിലധികം വോട്ടുകൾ നേടുന്നതുവരെ വിജയം സാധുതയുള്ളതല്ല, അതിനാൽ രണ്ട് റൗണ്ടുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 30-ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ, ഫലപ്രഖ്യാപനം ഉണ്ടായ 76 സീറ്റുകളിൽ 38 എണ്ണവും വിജയിച്ച് ഉയർന്നുവരുന്ന ഒരു ധ്രുവമായി ഫാസിസ്റ്റ് RN നിലയുറപ്പിച്ചു (ബാക്കിയുള്ള 577 സീറ്റുകളിൽ 501 എണ്ണം രണ്ടാം റൗണ്ടിലേക്ക് പോയി). ന്യൂ പോപ്പുലർ ഫ്രണ്ടിൻ്റെ (എൻഎഫ്‌പി) ബാനറിൽ ഐക്യത്തോടെ പോരാടുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തെത്തി, ഭരണകക്ഷിയായ മധ്യകക്ഷി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വലിയ ജാഗ്രതയും തന്ത്രപരമായ വഴക്കവും രാഷ്ട്രീയ പക്വതയും കാണിച്ചുകൊണ്ട്, രണ്ടാം റൗണ്ടിൽ ഫാസിസ്റ്റ് വിരുദ്ധ വോട്ടിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ എൻഎഫ്‌പി, എൻസെംബിളുമായി ഒരു തെരഞ്ഞെടുപ്പ് ധാരണയിലെത്തി. ഫാസിസ്റ്റ് വിരുദ്ധ തിരഞ്ഞെടുപ്പ് ഏകീകരണം സുഗമമാക്കുന്നതിനു വേണ്ടി 130 NFP സ്ഥാനാർത്ഥികളും 82 എൻസെംബിൾ സ്ഥാനാർത്ഥികളും മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. അതിന്റെ ഫലം നമ്മുടെയെല്ലാം മുന്നിലാണ്. തൂക്കു പാർലമെൻ്റിൽ, 188 സീറ്റുകളുമായി എൻഎഫ്‌പി ഏറ്റവും വലിയ ബ്ലോക്കായി ഉയർന്നു, തുടർന്ന് 161 സീറ്റുകളുമായി സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യവും 142 സീറ്റുകളുമായി ഫാസിസ്റ്റ് ആർഎൻ മൂന്നാം സ്ഥാനത്തും കുടുങ്ങി. എന്നിരുന്നാലും , ഇത് ഫ്രാൻസിൽ ഒരു ഫാസിസ്റ്റ് ഏറ്റെടുക്കൽ ഭീഷണിയിൽ നിന്നുള്ള താൽക്കാലിക ആശ്വാസം മാത്രമാണ്. യുവ ആർഎൻ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം (പാർട്ടി പ്രസിഡൻ്റ് ജോർദാൻ ബാർഡെല്ലയ്ക്ക് 30 വയസ്സ് തികഞ്ഞിട്ടില്ല , പാർട്ടിയുടെ പ്രസിഡൻ്റ് നോമിനി മറൈൻ ലെ പെന്നിനും പ്രായം അൻപതുകളിൽ ആണ് ), ഇത് അവരുടെ വിജയം മാറ്റിവെക്കപ്പെട്ടതിൻ്റെ ഒരു കേസ് മാത്രമാണ്. സ്ഥായിയായ മദ്ധ്യ-ഇടതുപക്ഷ സഖ്യങ്ങളുടെ ചരിത്രവും ഫ്രാൻസിനില്ല, തൂക്കു പാർലമെൻ്റ് സാഹചര്യത്തെ NFPയും സംഘവും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഫ്രാൻസിൽ നിന്ന് വ്യത്യസ്‌തമായി, പതിന്നാലു വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിൻ്റെ നീണ്ട വിനാശകരമായ ഭരണത്തിന് ശേഷം യുകെ തിരഞ്ഞെടുപ്പ് ലേബർ പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവന്നു. എന്നാൽ , സൂക്ഷ്മ വിശകലനത്തിൽ , ഫ്രാൻസിനെപ്പോലെ അയൽരാജ്യമായ ബ്രിട്ടനും തീവ്ര വലതുപക്ഷ പുനരുജ്ജീവനത്തിൻ്റെ വെല്ലുവിളി നേരിടുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത് . വോട്ടുകളുടെ കാര്യത്തിൽ, ലേബർ പാർട്ടിക്ക് 2017-ലും 2019-ലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കുറവ് വോട്ടാണ് ലഭിച്ചത്, എന്നിട്ടും 650-ൽ 400 സീറ്റുകൾ കടന്നു. കൺസർവേറ്റീവ് വോട്ട് ഷെയറിലുണ്ടായ വൻ ഇടിവാണ് ഒരു പ്രധാന കാരണം. തീവ്ര വലതുപക്ഷ റിഫോം പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഏതാണ്ട് പൊരുത്തപ്പെടുന്ന വർദ്ധനയാണ് ഉണ്ടായത് . കെയർ സ്റ്റാർമറിൻ്റെ നിലവിലെ നേതൃത്വത്തിൽ, ലേബർ പാർട്ടി തന്നെ, സാമ്പത്തികനയത്തിന്റെ ദിശയിൽ മാത്രമല്ല, കുടിയേറ്റ വിരുദ്ധ വാചാടോപങ്ങൾ സ്വീകരിക്കുന്നതിലും യാഥാസ്ഥിതികരുമായി മത്സരിച്ചും ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന് പിന്തുണ അറിയിച്ചുകൊണ്ടും ഒരു വലതുപക്ഷ തിരിവ് തന്നെയാണ് ഉണ്ടായത് . പലസ്തീനിൽ സ്ഥിരമായ വെടിനിർത്തലിനുള്ള ആഗോള ആഹ്വാനത്തെ പിന്തുണയ്ക്കാൻ വിസമ്മതിക്കുന്ന ഒരു ലേബർ പാർട്ടിയെയാണ് ബ്രിട്ടനിൽ ഇപ്പോൾ ഭരണകക്ഷിയായി നാം കാണുന്നത്. അതിനാൽ മുൻകാലങ്ങളിലെ ഇടതുപക്ഷ ലേബർ വോട്ടർമാർ പലയിടത്തും സ്വതന്ത്ര ഇടത്, പലസ്തീൻ അനുകൂല സ്ഥാനാർത്ഥികൾക്കും ഗ്രീൻ പാർട്ടി സ്ഥാനാർത്ഥികൾക്കും ആണ് വോട്ട് ചെയ്തത് . ഫ്രാൻസിലെ NFP യ്ക്ക് ആകട്ടെ, പ്രത്യേകിച്ച് ഗാസയ്ക്കും ഫലസ്തീനിനുമെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നയങ്ങളിലും ഒരു അന്തർദേശീയ വിദേശ നയത്തിലും ഇടതുപക്ഷ അജണ്ട ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു. .രണ്ട് ലോകമഹായുദ്ധങ്ങളും രണ്ടാം ലോകയുദ്ധങ്ങൾ തമ്മിലുള്ള ഇടവേളയിലും രണ്ടാം ലോകയുദ്ധത്തിലും ഉണ്ടായ യുദ്ധക്കെടുതികളും വിഷലിപ്തമായ ഫാസിസ്റ്റ് ഹിംസാത്മകതയും യൂറോപ്പിൽ അഭൂതപൂർവമായ ആഘാതവും വിനാശവും സൃഷ്ടിച്ചു. ഈ ഫാസിസ്റ്റ് ദുരിതങ്ങൾക്ക് വിരാമമിടാൻവേണ്ടി യൂറോപ്പിനും ലോകത്തിനാകെയും കനത്ത വിലയാണ് നൽകേണ്ടിവന്നത് . 60 ലക്ഷം പേരുടെ ജീവൻ അപഹരിക്കുകയും ജൂതന്മാരെ ഒരു സമൂഹമെന്ന നിലയിൽ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഹോളോകോസ്റ്റിൻ്റെ ആഘാതം സെമിറ്റിക് വിരോധത്തിന്റെയും ഫാസിസത്തിൻ്റെയും അപകടങ്ങളിലേക്ക് ലോകത്തെ ഉണർത്തി. എന്നാൽ യൂറോപ്പിലെ നവ-ഫാസിസത്തിൻ്റെ പുത്തൻ കുതിച്ചുചാട്ടം അടിവരയിട്ടുകാണിക്കുന്നതു് മുതലാളിത്തത്തിൻ്റെ തീവ്രപ്രതിസന്ധിയുടെ ഇന്നത്തെ ഘട്ടമാണ് . കോവിഡ് മഹാമാരി ഏൽപ്പിച്ച നാശം, ഉക്രെയ്‌നിനെതിരായ യുദ്ധം, കാലാവസ്ഥാ പ്രതിസന്ധി, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുടെ പശ്ചാത്തലത്തിൽ മുഖ്യധാരാ വലതുപക്ഷ പാർട്ടികൾ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത കടുത്ത വംശീയത, ഇസ്‌ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ വിദ്വേഷം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ പുതിയ ഉയർച്ച. ചരിത്രഗതിയിൽ സംഭവിച്ച ഒരു യുക്ത്യാഭാസം എന്നപോലെ , ഇസ്രായേൽ ഇപ്പോൾ സെമിറ്റിക് വിരുദ്ധത യെ ഒരു ഒഴിവുകഴിവാക്കി സ്വാതന്ത്ര്യത്തിനായുള്ള ഫലസ്തീൻ അന്വേഷണത്തെ അടിച്ചമർത്താനും ഫലസ്തീൻ ലക്ഷ്യത്തോടുള്ള ആഗോള ഐക്യദാർഢ്യത്തെ നിശബ്ദമാക്കാനും ശ്രമിക്കുകയാണ്. മദ്ധ്യ പൗരസ്ത്യ മേഖലയിലും അതിനുമപ്പുറവും നടക്കുന്ന സാമ്രാജ്യത്വ കൊള്ളയ്ക്ക് പിന്തുണ നൽകുന്ന ഒരു നെടും കോട്ടയായി നിലനിർത്തപ്പെടുന്ന ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ അധിനിവേശവാഴ്ചയ്ക്ക് ലഭിക്കുന്ന പാശ്ചാത്യ സൈനിക പിന്തുണയും , ഫലസ്തീനുമായുള്ള ഐക്യദാർഢ്യത്തിനെതിരായ പാശ്ചാത്യവിലക്കും നിയമവിധേയമാക്കുന്നത് ഇസ്രായേലിൻ്റെ ഫാസിസ്റ്റ് അധിനിവേശത്തെ സംരക്ഷിക്കാൻ ആണ്. ഇസ്‌ലാമോഫോബിയയുടെ പ്രത്യയശാസ്ത്രത്തിലൂടെയും യഹൂദ വിരുദ്ധതയ്‌ക്കെതിരായ പൊതുജനവികാരത്തെ ചൂഷണം ചെയ്യാനുമുള്ള ശ്രമത്തിലൂടെയും ആണ് അത് സാധിച്ചെടുക്കുന്നത് . മേല്പറഞ്ഞതിന് തികച്ചും സമാനമാണ് ജനാധിപത്യത്തിന്നും അതിൻ്റെ ഭരണഘടനാ അടിത്തറയ്ക്കുമെതിരായ ആക്രമണത്തെ ന്യായീകരിക്കാനും, ഭരണകൂടത്തിൻ്റെ ഫാസിസ്റ്റ് അജണ്ടയെയും ആക്രമണത്തെയും കുറിച്ചുള്ള വിയോജിപ്പുകളെ 'ഹിന്ദു വിരുദ്ധത ' യും 'രാജ്യദ്രോഹ' വും ആയി ചിത്രീകരിക്കലും 'അപകോളനിവൽക്കരണ'ത്തെ അതിനുള്ള ഒരു കവചമായി ഉപയോഗിക്കാനുള്ള മോദി ഭരണകൂടത്തിൻ്റെ ശ്രമവും . ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ കൊളോണിയൽ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യതോടൊപ്പം ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ ഫാസിസ്റ്റ് ആക്രമണത്തെ നാം ഇന്ത്യയിൽ ചെറുക്കുന്നു . ആ വഴിയിൽ നാം സമത്വപരമായ സാമൂഹിക-സാമ്പത്തിക ക്രമത്തിനായുള്ള ജനങ്ങളുടെ അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സമാന്തരമായി യൂറോപ്പിലെ ഇടതുപക്ഷവും അതിൻ്റെ നവീകരണം നടത്തുകയാണ്. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിലെ കാതലായ ശക്തിയെന്ന നിലയിൽ മുൻനിരപ്പോരാളിയാകാൻ ഇടതുപക്ഷത്തിന് ബാദ്ധ്യതയുണ്ട് . 1789-ൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ വിളംബരം പുറപ്പെടുവിച്ച ഫ്രാൻസ്, 1871-ൽ ചരിത്രപ്രസിദ്ധമായ പാരീസ് കമ്മ്യൂണിലൂടെ സോഷ്യലിസത്തിൻ്റെ ആദ്യ കാഴ്ച്ചപ്പാട് ഉണ്ടാക്കിയ നാട് കൂടിയാണ്. ഫാസിസ്റ്റ് വിരുദ്ധരുടെ പ്രധാന നാടകവേദിയായ അവിടെ ചരിത്രപരമായ പങ്ക് നിർവ്വഹിക്കാൻ അവിടെ ഇടതുപക്ഷം വീണ്ടും ഉയർന്നുവരുന്നതാണ് നാം കാണുന്നത്.

Saturday, 6 July 2024

2 - 8  ജൂലൈ 2024  No.28 Vol.27
എം എൽ അപ്ഡേറ്റ് വീക്‌ലി

എഡിറ്റോറിയൽ

ഇന്ത്യയെ ഒരു പോലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ പദ്ധതി പരാജയപ്പെടുത്തുക

 മോദി സർക്കാരിൻ്റെ ആദ്യ പത്തുവർഷത്തെ രാഷ്ട്രീയ നിരീക്ഷകർ പലപ്പോഴും വിശേഷിപ്പിച്ചത് അപ്രഖ്യാപിത അടിയന്തരാവസ്ഥയായിട്ടാണ് .  മൂന്ന് പുതിയ ക്രിമിനൽ കോഡുകൾ നിലവിൽ വന്നതോടെ, ആ അടിയന്തരാവസ്ഥ ഇപ്പോൾ സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു.  ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരമുള്ള മൂന്ന് കോഡുകളും പാസാക്കിയത് 2023 ഡിസംബർ 20-21 തീയതികളിൽ ആയിരുന്നു. പ്രതിപക്ഷത്തെ മുഴുവൻ സ്പീക്കർ സസ്‌പെൻഡ് ചെയ്ത അവസരത്തിൽ, ഗൗരവമായ ചർച്ചയോ പാർലമെൻ്ററി പരിശോധനയോ കൂടാതെ  തിടുക്കത്തിൽ പാർലമെൻ്റിൽ പാസ്സാക്കിയെടുത്തതാണ് ഈ നിയമങ്ങൾ.   2016 നവംബറിൽ മോദി സർക്കാർ 500, 1000 രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ചതിനെ കള്ളപ്പണം അവസാനിപ്പിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടി എന്നു വിശേഷിപ്പിച്ചത് പോലെ, ക്രിമിനൽ നീതിന്യായവ്യവസ്ഥയുടെ 'ഡീകോളനൈസേഷൻ', ഡിജിറ്റൽ ആധുനികവൽക്കരണം എന്നിവയുടെ പേരിലാണ്  പുതിയ കോഡുകളെ  സർക്കാർ  ന്യായീകരിക്കുന്നത്

 നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിൻ്റെ ശക്തിയെ ഊട്ടിയുറപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അനുഭവം ഇപ്പോൾ ഓരോ ഇന്ത്യക്കാരനെയും പഠിപ്പിച്ചു. അതുപോലെ, പുതിയ ക്രിമിനൽ കോഡുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ  കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാളേറെ അവയേക്കാൾ ക്രൂരമാണ് പുതിയ കോഡുകൾ എന്ന് കാണാം. അതിനാൽ, അപകോളനീകരണത്തിൻ്റെ അവകാശവാദം വ്യക്തമായും വഞ്ചനാപരവും അസ്ഥാനത്തുമാണ്.  നമുക്ക് കാണാനാകുന്നതുപോലെ, സിആർപിസി പതിപ്പ് 1973-ൽ ക്രോഡീകരിച്ചു മാറ്റിസ്ഥാപിക്കുന്നത് വർഷങ്ങളുടെ കൂടിയാലോചനയ്ക്കും പരിശ്രമത്തിനും ശേഷം  ആയിരുന്നു.  കൊളോണിയൽ കാലഘട്ടത്തിലെ അപാകതകൾ നീക്കം ചെയ്യുന്നതിനും കാലാനുസൃതമായ പരിഷ്കാരങ്ങളും സുരക്ഷകളും അവതരിപ്പിക്കുന്നതിനുമായി തുടർച്ചയായി ലോ കമ്മീഷനുകൾ ശുപാർശ ചെയ്ത പ്രകാരം മറ്റ് രണ്ട് കോഡുകളും നിരവധി ഭേദഗതികൾക്ക് വിധേയമായിരുന്നു.  എന്നാൽ പുതുതായി  'ഡീകോളനിവൽക്കരിക്കപ്പെട്ട' കോഡുകളിലെ തൊണ്ണൂറു ശതമാനത്തിലധികം വ്യവസ്ഥകളും കൊളോണിയൽ യുഗ കോഡുകൾ എന്ന് വിളിക്കപ്പെടുന്നതിൽ നിന്ന് പദാനുപദമായി എടുത്തുചേർത്തവയാണ്.

 ബഹുഭാഷാ ഇന്ത്യയിൽ ഹിന്ദിയിൽ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള പേരുമാറ്റം പോലും കാപട്യവും  തെറ്റിദ്ധരിപ്പിക്കുന്നതും ആണ്.  പീനൽ കോഡിന് ഇപ്പോൾ 'ന്യായ് സന്ഹിത' അല്ലെങ്കിൽ നീതിന്യായ കോഡ് എന്ന് പേരിട്ടു, പഴയ ക്രിമിനൽ നടപടിക്രമ കോഡ് നാഗരിക് സുരക്ഷാ സൻഹിത എന്ന പേരിലാണ് മാറ്റിയത് .  കോഡിൻ്റെ പേരിൽ നീതി എന്ന വാക്ക് ഉപയോഗിക്കുന്നത് കൊണ്ടോ, പൗര സുരക്ഷ എന്ന് എഴുതി
ച്ചേർക്കുന്നതുകൊണ്ടോ സാധാരണക്കാർക്ക് നീതി കൂടുതൽ പ്രാപ്യവും സുനിശ്ചിതവും ആകുന്നില്ല. പൗരൻ എന്ന പദം അതിനെ പൗരകേന്ദ്രിതമോ പൗരസൗഹൃദപരമോ ആക്കുന്നില്ല.  വാസ്തവത്തിൽ, രണ്ട് പതിപ്പുകളുടെയും താരതമ്യ വായന, പുതിയ കോഡുകൾ പോലീസിന് കൂടുതൽ ശക്തിയും ഏകപക്ഷീയമായ നടപടിക്കുള്ള ഇടവും നൽകുമെന്നാണ്  വ്യക്തമാക്കുന്നത് . പല കേസുകളിലും, നീതിക്കായുള്ള അന്വേഷണത്തിൻ്റെ ആദ്യപടിയായ എഫ്ഐആർ ഫയൽ ചെയ്യുന്നതിനുപോലും മുമ്പായി പ്രാഥമിക അന്വേഷണവും പോലീസ് അധികാരികളുടെ തന്നിഷ്ടവും നടന്നെന്നിരിക്കും.  

 പോലീസ് കസ്റ്റഡിയുടെ കാലാവധി ഇപ്പോൾ നിലവിലുള്ള 15 ദിവസത്തിൽ നിന്ന് 60 മുതൽ 90 ദിവസത്തേക്ക് നീട്ടാം ( അമിത് ഷാ പറയുന്നത് മൊത്തം 15 ദിവസത്തിൽ കൂടാതെ   ഇത് രണ്ടോ മൂന്നോ മാസത്തേക്ക് വലിച്ചുനീട്ടാം എന്നാണ് ).  ഇങ്ങനെ സംഭവിക്കുമ്പോൾ  തീർച്ചയായും ജാമ്യം, സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതുപോലെ അപൂർവമായ ഒരു കാര്യവും , കിട്ടാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു സംഗതിയും ആക്കിത്തീർക്കും.   കൈവിലങ്ങ്, ഏകാന്തതടവ് തുടങ്ങിയ സമ്പ്രദായങ്ങൾ അനുവദിച്ചുകൊണ്ട് കുറ്റാരോപിതരെ നികൃഷ്ടമായ അപമാനത്തിനും  നേരിട്ടുള്ള പീഡനങ്ങൾക്കും വിധേയരാക്കാൻ  പുതിയ കോഡ് അനുവദിക്കുന്നുണ്ട്.  പുതിയ കോഡുകൾ പ്രകാരം, നീതി തേടുന്ന ഒരു പൗരനും ഭരണകൂടവും തമ്മിലുള്ള സന്തുലിതാവസ്ഥ പൗരന്മാർക്ക്  എതിരായും ഭരണകൂടത്തിന്  അനുകൂലമായും മാറും.  സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും ഇരട്ട തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പൗര കേന്ദ്രീത സംവിധാനത്തിന് പകരം പുതിയ നിയമങ്ങൾ ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ് ആക്കിമാറ്റും.
 
 കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തിൻ്റെ അസ്വാസ്ഥ്യജനകമായ വർദ്ധിച്ച ഉപയോഗമാണ് 'രാജ്യദ്രോഹ'ത്തിൻ്റെ കൊളോണിയൽ നിർമ്മിതിയും  സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയവും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.  വിമതർക്കെതിരെ രാജ്യദ്രോഹക്കേസുകൾ ചുമത്തുന്നത് നിർത്താൻ മോദി സർക്കാർ അന്ന് സമ്മതിച്ചിരുന്നു, ഇപ്പോൾ അത് കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം പൂർണ്ണമായും ഇല്ലാതാക്കിയതായി അവകാശപ്പെടുന്നു.  ഗവൺമെൻ്റ് യഥാർത്ഥത്തിൽ ചെയ്തത് രാജ്യദ്രോഹത്തിന് പകരം കൂടുതൽ ഏകപക്ഷീയ സ്വഭാവത്തിലുള്ള ദേശവിരുദ്ധത ചുമത്തുക എന്നതാണ്.  വിയോജിപ്പുള്ള ശബ്ദങ്ങളെ ദേശവിരുദ്ധമായി മുദ്രകുത്തുകയും വിയോജിപ്പുള്ളവരെ പാക്കിസ്ഥാനിലേക്ക് അയക്കാനും മോദി അനുകൂലികൾ ആഹ്വാനം ചെയ്യുന്നത് പതിവായിരുന്നു.  ഇപ്പോൾ, ഇത്തരം ആരോപണങ്ങൾക്ക് പുതിയ രാജ്യദ്രോഹ നിയമത്തിൻ്റെ പിൻബലവും സർക്കാരിൻ്റെയും അതിൻ്റെ നയങ്ങളുടെയും പിന്തുണയും കിട്ടുമ്പോൾ , എതിർപ്പ് പ്രകടിപ്പിക്കുന്നവർ  ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന കുറ്റം ചുമത്തി  ജയിലിൽ അടയ്ക്കപ്പെടാനുള്ള സാധ്യതയുണ്ട്. കർഷക പ്രസ്ഥാനത്തെ ഖാലിസ്ഥാൻ അനുകൂല അല്ലെങ്കിൽ ഖാലിസ്ഥാനി പിന്തുണയുള്ള പ്രസ്ഥാനമായി എങ്ങനെ തരംതാഴ്ത്താൻ ശ്രമിച്ചുവെന്ന് നമുക്കറിയാം.  സിഎഎ വിരുദ്ധ പ്രസ്ഥാനത്തെയും കർഷക പ്രസ്ഥാനത്തെയും പിന്തുണച്ചതിന് അല്ലെങ്കിൽ ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണത്തെയും ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ അപചയത്തെയും എതിർത്തതിന് ഇന്ത്യൻ പ്രവാസികളായ  നിരവധിപ്പേരുടെ ഒസിഐ ( വിദേശത്തെ ഇന്ത്യൻ  പൗരത്വ) പദവി  എടുത്തുകളഞ്ഞിരിക്കുന്നു.  സത്യത്തെയും വിയോജിപ്പിനെയും അടിച്ചമർത്താൻ പതിവായി ഉപയോഗിക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ മറ്റൊരു നിയമം - അപകീർത്തി നിയമം - പുതിയ കോഡിൽ തൊടാതെ വിട്ടിരിക്കുന്നു.  പല തരത്തിൽ, പുതിയ നിയമാവലി യുഎപിഎ, പിഎംഎൽഎ എന്നിവ പോലെയുള്ള 'അസാധാരണമായ' ക്രൂരമായ നിയമങ്ങളെ പുതിയ മാനദണ്ഡമാക്കി മാറ്റും.  കൃത്യത, നീതി, വ്യക്തത - ആധുനിക നിയമശാസ്ത്രത്തിൻ്റെ മൂലക്കല്ലുകൾ - പുതിയ കോഡുകളിൽ  അവ്യക്തതയ്ക്കും ഏകപക്ഷീയതയ്ക്കും വഴിയൊരുക്കുന്നു.

 ഇന്ത്യയിലെ സാധാരണ ജനങ്ങൾ വളരെക്കാലമായി സ്ഥാപനവൽക്കരിക്കപ്പെട്ട നീതിനിഷേധങ്ങളാൽ  കഠിനമായി കഷ്ടപ്പെടുന്നു.  വൈവിധ്യമാർന്ന പാർശ്വവൽക്കരിക്കപ്പെട്ട സ്വത്വങ്ങളിലും ന്യൂനപക്ഷങ്ങളിലും ഉൾപ്പെടുന്ന ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും, നീതി സാധാരണയായി ചിന്തിക്കാനാകാത്തതോ താങ്ങാനാകാത്തതോ ആയ ആഡംബരമാണ്, ഒരിക്കലും ഉറപ്പുള്ള അവകാശമല്ല.  മോദി ഭരണം ജനങ്ങളുടെ ഈ ദുരവസ്ഥ മുതലെടുത്ത് നിയമങ്ങൾ കൂടുതൽ അനീതി നിറഞ്ഞതാക്കുകവഴി  വ്യവസ്ഥയെ  കൂടുതൽ പ്രതികരണരഹിതവും ജനാധിപത്യവിരുദ്ധവുമാക്കുന്നു.  എന്നാൽ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ വിജയകരമായ സമരവും,  പുതിയ ക്രിമിനൽ ചട്ടങ്ങൾക്കെതിരായ ആദ്യത്തെ ജനകീയ പ്രതിഷേധമായി മാറിയ ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്കും ശ്രദ്ധേയമായിരുന്നു. റോഡപകടങ്ങൾക്കുത്തരവാദികളാവുന്ന ഡ്രൈവർമാർക്കെതിരെ   ശിക്ഷ കൂടുതൽ കടുത്തതാക്കുന്നതിൽനിന്നും പിന്തിരിയാൻ സർക്കാരിനെ നിർബന്ധിതരാക്കിയത് പ്രസ്തുത പണിമുടക്ക് ആയിരുന്നു.   ഏതെങ്കിലും പുതിയ നിയമത്തിൻ്റെ അശുഭകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കൽ ബോധവാന്മാരായിക്കഴിഞ്ഞാൽ,  തിരിച്ചടിക്കാൻ ജനങ്ങൾക്ക് എപ്പോഴും കഴിയുമെന്നാണ്  മേൽപ്പറഞ്ഞ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

 ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയുടെ കരുത്ത് ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടമാക്കിയത്.  പുതിയ ക്രിമിനൽ കോഡുകൾ ഭരണഘടനയുടെ ആമുഖത്തിൽ അടങ്ങിയിരിക്കുന്ന  പ്രധാനവും അടിസ്ഥാനപരവുമായ രണ്ട് വാഗ്ദാനങ്ങളായ
 നീതിക്കും സ്വാതന്ത്ര്യത്തിനും എതിരാണ്. പുതിയ കോഡുകളുടെ പിന്നിലെ ദുഷിച്ച പദ്ധതിയെയും , ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ  അവ എങ്ങനെ തുരങ്കം വെക്കുന്നുവെന്നും വിശദീകരിക്കാൻ ശക്തമായതും സുസ്ഥിരവുമായ ഒരു കാമ്പെയ്ൻ നാം  ആരംഭിക്കണം.  ക്രിമിനൽ കോഡ് ഇന്ന് 'ഡീകോളനൈസേഷൻ' എന്ന പേരിൽ മാറ്റിസ്ഥാപിക്കുന്നത് പോലെ തന്നെ 'ഭാരതത്വം' ഇല്ലാത്ത ഒരു വിദേശ-പ്രചോദിതമായ കൊളോണിയൽ രേഖയെന്ന് ഭരണഘടനയെ വിശേഷിപ്പിച്ചുകൊണ്ടാണ് ആർഎസ്എസ് നേതൃത്വത്തിൽ ഭരണഘടന മാറ്റാനുള്ള  മുറവിളി ആരംഭിച്ചത്.  സാമൂഹികവും സാമ്പത്തികവുമായ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന്  രാഷ്ട്രീയ നീതിക്കുവേണ്ടിയുള്ള ശക്തമായ കാമ്പെയ്‌ൻ പൂരകമാകേണ്ടതുണ്ട് , ഈ പോരാട്ടത്തിൽ ഇന്ത്യയുടെ പൗരസ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെയും പുരോഗമന നിയമനിർമ്മാണങ്ങളുടേയും  പ്രവർത്തനത്തിൻ്റെ നീണ്ട പാരമ്പര്യത്തിൻ്റെ മുഴുവൻ ശക്തിയും നാം പ്രയോജനപ്പെടുത്തണം.