" ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്ന ദുഷ്ടലാക്കോടെയുള്ള പദ്ധതിയെ പൂർണ്ണമായും നിരാകരിക്കുക [ എം എൽ അപ്ഡേറ്റ് വീക് ലി , സെപ്റ്റംബർ 25- ഒക്ടോബർ 01, 2024 ലക്കം പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ]
2019 ഒക്‌ടോബർ 21 ന് ഒറ്റ ഘട്ടമായി ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുകൾ നടന്നതായി നമുക്കറിയാം. എന്നാൽ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തീയതികൾ ഇനിയും പ്രഖ്യാപിക്കാനിരിക്കെ , ഇത്തവണ അവ വെവ്വേറെ തീയതികളിലായിട്ടാണ് നടക്കാൻ പോകുന്നത്. ഈ സാഹചര്യത്തിലും, മോദി സർക്കാർ വീണ്ടും ' ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' (ONOE) എന്ന അജണ്ട യിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയാണ്. ONOE പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭയിലോ രാജ്യസഭയിലോ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഈ പദ്ധതിക്ക് ആവശ്യമായ ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ കഴിയില്ലെന്നിരിക്കെ, ഇത് നടപ്പാക്കാൻ സർക്കാർ കൃത്യമായി എങ്ങനെയാണ് നിർദ്ദേശിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. എന്നാൽ, ഉദ്ദിഷ്ടമായ ഈ എക്സിക്യൂട്ടീവ് പദ്ധതിയോട് നിയമനിർമ്മാണ സഭയും ജുഡീഷ്യറിയും പ്രതികരിക്കാൻവേണ്ടി ഇന്ത്യയിലെ ജനങ്ങൾ കാത്തിരിക്കരുത്; പകരം, ഈ ജനാധിപത്യ വിരുദ്ധ ആശയത്തെ സർവ്വശക്തിയുമുപയോഗിച്ച് അവർ തള്ളിക്കളയണം.
തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുകയും, ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് മൂലം ഉണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കി വികസനത്തിന്റെ ഗതിവേഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അടിയന്തരമായ തിരഞ്ഞെടുപ്പ് പരിഷ്കരണമായാണ് ഈ ആശയത്തെ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. 'വികസന'ത്തിന് മുന്നിലെ വിലയേറിയ തടസ്സമായി തിരഞ്ഞെടുപ്പിനെ അവതരിപ്പിക്കുന്നതിൽത്തന്നെഅന്തർലീനമായിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പിനെ സാമ്പത്തിക ആർഭാടമാക്കി മാറ്റിയത് വിശേഷിച്ചും മോദി യുഗത്തിലെ ബിജെപിയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികൾ നടത്തിയ മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് ചെലവിൻ്റെ ഒരു ചെറിയ അംശം മാത്രമാണ് പൊതുഖജനാവിൽനിന്ന് ചിലവായതെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് ചെലവ് ശരിക്കും കുറയ്ക്കണമെങ്കിൽ, രാഷ്ട്രീയ പാർട്ടികൾക്ക് നിലവിൽ അനുവദനീയമായ പരിധിയില്ലാത്ത ചെലവിന് പരിധി നിർബന്ധമാക്കണം. കൂടാതെ, എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു പരിമിത കാലത്തേക്ക് പ്രാബല്യത്തിൽ വരുന്ന പെരുമാറ്റച്ചട്ടം 'വികസനത്തെ' തടയുകയല്ല, അത് ബന്ധപ്പെട്ട സർക്കാരിനെ പുതിയ പദ്ധതികളോ നയങ്ങളോ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയാണ് ചെയ്യുന്നത്.
ചെലവുചുരുക്കലിൻ്റെയും തടസ്സമില്ലാത്ത വികസനത്തിൻ്റെയും യുക്തി വെറും തട്ടിപ്പ് മാത്രമാണ് എന്ന് അങ്ങനെ തെളിയുന്നു. വാസ്തവത്തിൽ, കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നില്ല. ലോക്‌സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇത് നിർദ്ദേശിക്കുന്നു, അതായത്, ജനപ്രാതിനിധ്യത്തിൻ്റെ മൂന്ന് തലങ്ങൾ ഉൾക്കൊള്ളുന്നതിനായി മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒന്നായി തിരഞ്ഞെടുപ്പ് സീസൺ വലിച്ചുനീട്ടുന്നു എന്നാണ് ഇതിന്റെ അർത്ഥം. ഒരു ഗവൺമെൻ്റിന് അതിൻ്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഭൂരിപക്ഷം നഷ്‌ടപ്പെടുകയാണെങ്കിൽ, മധ്യകാല തിരഞ്ഞെടുപ്പ് യഥാർത്ഥ അഞ്ച് വർഷ കാലാവധിയിൽ ശേഷിക്കുന്ന കാലത്തേക്ക് വേണ്ടി നടത്താനാണ് നിർദ്ദേശിക്കുന്നത്, അല്ലാതെ അഞ്ച് വർഷത്തെ മുഴുവൻ ടേമിലേക്കല്ല. ഈ രീതിയിൽ,നോക്കിയാൽ വ്യത്യസ്ത മൂല്യങ്ങളുള്ള രണ്ടോ അതിൽ കൂടുതലോ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുന്ന സ്ഥിതിയിൽ ആണ് ഇത് ചെന്നെത്തുക. ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മൂല്യം കുറയുകയും, അതേസമയം പൊതു തെരഞ്ഞെടുപ്പുകളിൽ ഒരു വോട്ടിന് അഞ്ച് വർഷത്തെ മുഴുവൻ മൂല്യവും ലഭിക്കുകയും ചെയ്യുന്നു. ജമ്മു കശ്മീർ പോലുള്ള ഒരു സംസ്ഥാനത്തിൻ്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുമ്പോൾ, ഡെൽഹിക്കു സംസ്ഥാന പദവി നൽകുന്നതിന് പകരം അതിൻ്റെ ഭരണഘടനാപരമായ ഭരണാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ കേന്ദ്രം ആസൂത്രിതമായി തട്ടിയെടുക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് നമുക്ക് അറിയാൻ കഴിയും. സംസ്ഥാനങ്ങളെ മഹത്വവൽക്കരിച്ച മുനിസിപ്പാലിറ്റികളിലേക്കോ വിപുലീകൃത അധികാരങ്ങൾ ഉള്ള ഒരു കേന്ദ്രത്തിൻ്റെ കോളനികളിലേക്കോ ചുരുക്കാനുള്ള ശ്രമം വ്യക്തമായും കാണാം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ഇപ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പുകളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കീഴ്പ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണ്. 'ഇരട്ട എഞ്ചിൻ ഗവൺമെൻ്റ്' എന്ന മന്ത്രം നിരന്തരം ഉരുവിടുന്നത് - കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടി സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നാൽ വികസനം ഏറ്റവും മികച്ചതാണ് എന്ന സിദ്ധാന്തം - ഈ കേന്ദ്രീകരണ അജണ്ടയ്ക്കുള്ള മറ്റൊരു അംഗീകാരമാണ്. ഇത് ഇന്ത്യയുടെ പാർലമെൻ്ററി ജനാധിപത്യത്തെ കൂടുതൽ പ്രസിഡൻഷ്യൽ സമ്പ്രദായമാക്കി മാറ്റുമെന്നതിൽ സംശയമില്ല. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ സ്വന്തം പേരിൽ വോട്ട് ചോദിക്കുന്ന തരത്തിൽ മോദിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ആരാധന ഇപ്പോൾ വ്യക്തമാണ്. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം പൂർണമാകുന്നത് 'ഒരു പാർട്ടി, ഒരു നേതാവ്' എന്ന നിശ്ശബ്ദമായ ഉപവാചകം ചേർത്ത് പൂർത്തിയാക്കുമ്പോഴാണ്.
മോദി ഭരണത്തെ സംബന്ധിച്ചിടത്തോളം, തെരഞ്ഞെടുപ്പുകൾ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ഔപചാരികത മാത്രമാണ്. ചണ്ഡീഗഢ് മാതൃകയിലുള്ള വോട്ട് എണ്ണലിലെ കള്ളത്തരവും , പാർട്ടികളെ തകർക്കാനും പിൻവാതിലിലൂടെ അധികാരം തട്ടിയെടുക്കാനുമുള്ള 'ഓപ്പറേഷൻ ലോട്ടസി'ൻ്റെ തുടർ പ്രയോഗങ്ങളും നമ്മൾ കണ്ടതാണ്. "ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്" പദ്ധതി ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിലൂടെ അവരുടെ ശബ്ദം കേൾക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരിമിതപ്പെടുത്തുന്നതിലൂടെ തെരഞ്ഞെടുപ്പിനെ നിസ്സാരമാക്കുന്നത് സ്ഥാപനവൽക്കരിക്കുക മാത്രമാണ്. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിന് പരിധി നിശ്ചയിക്കുക, കമ്മിഷൻ്റെ നിഷ്പക്ഷത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുക, തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി മറ്റൊരു പാർട്ടിയിലേക്ക് മാറുന്നതിന് മുമ്പ് രാജിവെക്കുന്നത് നിർബന്ധമാക്കുക, ശാക്തീകരിക്കുക എന്നിവയാണ് അടിയന്തര തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ. തിരിച്ചുവിളിക്കാനുള്ള അവകാശവും വോട്ടർമാർക്ക് ഉണ്ടായിരിക്കണം . ഇവയെല്ലാം അവതരിപ്പിച്ചുകൊണ്ട് വോട്ടർമാർ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന ജനാധിപത്യ വിരുദ്ധമായ ആശയത്തെ മുളയിലേ നുള്ളേണ്ടതുണ്ട്.
ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമെന്ന ഗോൾവാൾക്കറുടെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് "ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്". 1956-ൽ സംസ്ഥാന പുനഃസംഘടനാ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം എഴുതിയ ഒരു ലേഖനത്തിൽ, "നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയുടെ ഫെഡറൽ ഘടനയെക്കുറിച്ചുള്ള എല്ലാ സംസാരങ്ങളെയും ആഴത്തിൽ കുഴിച്ചുമൂടാൻ, പ്രാദേശികത്തനിമകളുടെ അസ്തിത്വം തുടച്ചുനീക്കാൻ, ഒരു ഏകീകൃത രാഷ്ട്രത്തിൻ്റെ മാതൃക" യ്ക്കുവേണ്ടി നിരങ്കുശം വാദിച്ചിരുന്ന വ്യക്തിയാണ് ഗോൾവാൾക്കർ. ഒരു രാജ്യത്തിനുള്ളിലെ എല്ലാ 'സ്വയംഭരണ', അർദ്ധ സ്വയംഭരണ 'സംസ്ഥാനങ്ങ'ളും ഇല്ലാതാകണം. അതായത് ഭാരതത്തെ ഛിന്നഭിന്നമാക്കാതെ, പ്രാദേശികമോ, വിഭാഗീയമോ, ഭാഷാപരമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അഭിമാനമോ ഇല്ലാതെ 'ഒരു രാജ്യം, ഒരു സംസ്ഥാനം, ഒരു നിയമസഭ, ഒരു എക്സിക്യൂട്ടീവ്' എന്ന നില സാക്ഷാൽക്കരിക്കണം. അല്ലാത്ത പക്ഷം, നമ്മുടെ ഉൽഗ്രഥിത യോജിപ്പിൻമേൽ നാശം വിതയ്ക്കുന്നതിനുള്ള ഒരു സാദ്ധ്യതയായിരിക്കും ഉണ്ടാകുന്നത് "
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഇന്ത്യയെ ഒരു യൂണിറ്ററി രാഷ്ട്രമാക്കി മാറ്റുന്നതിനും, പാർലമെൻ്ററി ജനാധിപത്യത്തെ ഒരു പ്രസിഡൻഷ്യൽ ഗവൺമെൻ്റായി ചുരുക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണ്. ചെലവ് ലാഭിക്കുക, 'നയപരമായ പക്ഷാഘാതം' തടയുക, തടസ്സമില്ലാത്ത 'വികസനം' ഉറപ്പാക്കുക തുടങ്ങിയ വാദങ്ങൾ യഥാർത്ഥ അടിത്തറയില്ലാത്ത കുതന്ത്രത്തിൻ്റെ ഒരു വ്യായാമം മാത്രമാണ്. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ ഒന്നാമതായി ജനങ്ങളുടെ പങ്കാളിത്തവും ഭയമില്ലാതെ ജനവിധി നൽകാനുള്ള ജനങ്ങളുടെ കഴിവുമാണ്. തെരഞ്ഞെടുപ്പിനെ ചെലവ്-ആനുകൂല്യ വിശകലനത്തിന് വിധേയമാക്കുക എന്ന ആശയം യുക്തിപരമായി ചെലവ് ചുരുക്കലിൻ്റെയും തടസ്സമില്ലാത്ത 'ഭരണത്തിൻ്റെയും' പേരിൽ ജനാധിപത്യത്തെക്കാൾ ഏകാധിപത്യത്തെ അനുകൂലിക്കുന്നതിലേക്കാണു വഴി തെളിക്കുക. അതിനാൽ,
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഡെമോക്രാറ്റിക് ഇന്ത്യയെ നാം സംരക്ഷിക്കുക, ഏകീകൃത രാഷ്ട്രത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുന്ന "ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്" പാത നിരസിക്കുക .