Sunday, 15 December 2024

 ഫാസിസ്റ്റ് ഭരണവും പോരാടുന്ന ജനതയും നേർക്കുനേർ : ജനാധിപത്യപരമായ പാർലമെന്ററി പ്രവർത്തനത്തിനും, ജുഡീഷ്യൽ ഉത്തരവാദിത്തത്തിനും, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയ്ക്കും വേണ്ടി ഐക്യപ്പെടുക .

[ ML അപ്ഡേറ്റ് വോളിയം 27, നമ്പർ 51 (10-16 ഡിസംബർ 2024) എഡിറ്റോറിയൽ ]


1976-ലെ ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ നിന്ന് മതേതരം, സോഷ്യലിസ്റ്റ് എന്നീ വിശേഷണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയ ഒരു സംഭവം അടുത്തയിടെ ഉണ്ടായി. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തിൻ്റെ തലേന്ന് ആയിരുന്നു അത് . സുപ്രീം കോടതിയിൽനിന്നുണ്ടായ മേൽപ്പറഞ്ഞ വ്യക്തമായ വിധിപ്രസ്താവം സാധാരണ ഗതിയിൽ , ഭരണഘടനയ്‌ക്കെതിരായി നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് അറുതി വരുത്തേണ്ടതായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ നമ്മൾ കേൾക്കാൻ ഇടവന്ന ഏറ്റവും രൂക്ഷമായ ഭൂരിപക്ഷ വർഗ്ഗീയവാദത്തിന്റെ പ്രകടനം ഉണ്ടായത് അലഹബാദ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ പ്രസ്താവനയുടെ രൂപത്തിൽ ആയിരുന്നു. വിശ്വഹിന്ദു പരിഷത്തിൻ്റെ ലീഗൽ സെല്ലിൻ്റെ കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട്, നിയമം ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് 2019 ഡിസംബർ മുതൽ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശേഖർ യാദവ് പറഞ്ഞത്. മുസ്ലീം സമുദായത്ത്തിന്റെ ഉള്ളിൽ അക്രമാസക്തത അന്തർലീനമെന്ന് ആരോപിക്കുന്ന ക്രൂരമായ പരാമർശങ്ങൾ ആണ് അദ്ദേഹം നടത്തിയത്.
ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിൽ ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും നടത്തിയ ആഴത്തിലുള്ള കടന്നുകയറ്റം കാണിക്കുന്ന ഇത്തരം ധിക്കാരപരമായ ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ ഇയ്യിടെ രാജ്യത്തുടനീളമുള്ള കോടതികളിൽ പതിവായി രിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ , ജഡ്ജിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ലോക്‌സഭയിൽ ഏതാനും എംപിമാർ ആരംഭിച്ച ഇംപീച്ച്‌മെൻ്റ് നീക്കത്തിൻ്റെ ഭാവിയും അടുത്ത ദിവസങ്ങളിൽ അറിയാം. ഈ പ്രത്യേക സംഭവത്തിൻ്റെ പരിണിതഫലങ്ങൾ പരിഗണിക്കാതെ തന്നെ, ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയിൽനിന്ന് ഭരണഘടനാ സ്പിരിറ്റിൻ്റെ കടുത്ത ലംഘനം ഉണ്ടായത് പ്രതിഫലിപ്പിക്കുന്നത് ഭരണഘടനയ്ക്കും റിപ്പബ്ലിക്കിൻ്റെ മതേതര ജനാധിപത്യ അടിത്തറയ്ക്കും ഉണ്ടായ വർദ്ധിച്ചുവരുന്ന ഭീഷണിയെയാണ്.
ഈ പ്രതികൂല ജുഡീഷ്യൽ പരിതസ്ഥിതിയെ കൂട്ടിച്ചേർത്തു കാണേണ്ടത് , ജനാധിപത്യത്തിൻ്റെ മറ്റൊരു പ്രധാന സ്ഥാപനമായ ഇന്ത്യൻ പാർലമെൻ്റിനെ അവഹേളിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ, അതായത് ഭരണനിർവ്വഹണ വിഭാഗത്തിൻ്റെ, വർദ്ധിച്ചുവരുന്ന പ്രവണതയുമായിട്ടാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ മുഴുവൻ മന്ത്രിസഭയും ഭരണസഖ്യത്തിലെ മറ്റ് അംഗങ്ങളും പാർലമെൻ്റ് നടപടികൾ തടസ്സപ്പെടുത്തുന്നതും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ ഒരു ചർച്ചയും സംവാദവും അനുവദിക്കാത്തതും നയമാക്കിയിരിക്കുകയാണ് . ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും നിസ്പക്ഷതയുടെയും പാർലമെൻ്ററി മര്യാദയുടെയും എല്ലാ ഭാവങ്ങളും വെടിഞ്ഞ് ഈ അഭ്യാസത്തിൽ പൂർണമായി പങ്കാളികളാവുന്നത് നാം കാണുന്നു. ചെയർപേഴ്‌സൺ ആവർത്തിച്ച് നിശ്ശബ്ദരാക്കുകയും പരിഹസിക്കുകയും ചെയ്ത രാജ്യസഭയിലെ പ്രതിപക്ഷ എംപിമാർ ചെയര്പേഴ്സന്റെ തികച്ചും പക്ഷപാതപരമായ പെരുമാറ്റത്തിൻ്റെ പേരിൽ അദ്ദേഹത്തിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നിർബന്ധിതരായി.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തികച്ചും സംശയാസ്പദമായ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ, സംഘ്-ബിജെപി ബ്രിഗേഡ് ഫാസിസ്റ്റ് ആക്രമണം ശക്തമാക്കാനും എല്ലാ മുന്നണികളിലെയും പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കാനും ധൈര്യം കാണിക്കുകയാണ്. കൈക്കൂലി കുംഭകോണത്തിൽ അദാനി ഗ്രൂപ്പിനെതിരേ അമേരിക്കൻ സർക്കാർ കുറ്റപത്രം പുറപ്പെടുവിച്ച ലജ്ജിപ്പിക്കുന്ന സംഗതി ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയായി
അവതരിപ്പിക്കുകയും, പ്രതിപക്ഷത്തെ ഈ ബൃഹത്തായ ബാഹ്യ ഇടപെടലിനുള്ള ഉപകരണമായി ചിത്രീകരിച്ച് പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. വിദേശനയത്തിന്റെ മേഖലയിൽ ദക്ഷിണേഷ്യയിൽ വളരുന്ന വെല്ലുവിളികളേയും, പ്രത്യേകിച്ച് ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും സമീപകാല രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, അതേ വെളിച്ചത്തിലാണ് കാണുന്നത്. ആഭ്യന്തരമായി നോക്കുമ്പോൾ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരിന് ഉത്തരമില്ല. അതിനാൽ പാർലമെൻ്റിനെ ആസൂത്രിതമായി നിശബ്ദമാക്കുകയും ഇസ്ലാമോഫോബിയ ആസൂത്രിതമായി അടിച്ചേൽപ്പിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .
ജനാധിപത്യ അജണ്ട മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടേ ജനകീയ പ്രസ്ഥാനത്തിൻ്റെ ശക്തികൾക്ക് ഈ ഘട്ടത്തെ അഭിമുഖീകരിക്കാൻ കഴിയൂ. ബാലറ്റിലൂടെ സമാന്തര വോട്ടെടുപ്പ് നടത്തി തിരഞ്ഞെടുപ്പ് ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സുതാര്യതയില്ലായ്മയും ഉത്തരവാദിത്തരാഹിത്യവും സമ്പൂർണ്ണമായി തുറന്നുകാട്ടാനുള്ള ശ്രമത്തിലൂടെ മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ കാണിച്ചത് ചോദ്യം ചെയ്യാനുള്ള പുതിയ ദൃഢനിശ്ചയം ആണ്. ജനങ്ങളുടെ മുൻകൈയിലുള്ള ഈ ജനാധിപത്യ പ്രയോഗം തടയാനുള്ള ഗവൺമെൻ്റിൻ്റെ ഹതാശമായ നടപടികൾ തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ അതിൻ്റെ പരമമായ പരാധീനതയാണ് വെളിപ്പെടുത്തുന്നത്. രാജ്യത്തിൻ്റെ ഫെഡറൽ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന തരത്തിൽ സെൻസസ് ഇനിയും വൈകിപ്പിക്കാനോ, വരാനിരിക്കുന്ന ഡീലിമിറ്റേഷൻ റൗണ്ടിൽ കൃത്രിമം കാണിക്കാനോ സർക്കാരിനെ അനുവദിക്കരുത്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചും പാർലമെൻ്റ് തടസ്സപ്പെടുത്തിയും സ്ഥാപനങ്ങൾ അട്ടിമറിച്ചും ജനങ്ങളെ നിശ്ശബ്ദരാക്കാമെന്ന് മോദി സർക്കാർ വിചാരിക്കുകയാണെങ്കിൽ, അത് നടപ്പില്ലെന്ന് രാജ്യത്തിലെ ജനമുന്നേറ്റത്തിന്റെ നിശ്ചയദാർഢ്യത്തിലൂടെയും, രാഷ്ട്രീയഭാവനയിലൂടെയും തെളിയിക്കേണ്ടിവരും.