Wednesday 1 January 2014

മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത്തെക്കുറിച്ചും ചിലതുകൂടി

മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത്തെക്കുറിച്ചും  ചിലതുകൂടി
- ദീപങ്കർ ഭട്ടാചാര്യ

രേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബീ ജെ പി നേതൃത്വം നേരിട്ട  ആദ്യ പരീക്ഷണം ആയിരുന്നു  മധ്യ പ്രദേശ്, ഛത്തീസ് ഗഡ് ,രാജസ്ഥാൻ,  ഡെൽഹി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ.  മധ്യ പ്രദേശിലും  ഛത്തീസ് ഗഡിലും അധികാരം നിലനിർത്തിയത്തിനു പുറമേ, രാജസ്ഥാനിൽ കോണ്ഗ്രസിൽ നിന്നും  ഭരണം പിടിച്ചെടുത്ത്  വൻ  ഭൂരിപക്ഷത്തോടെ  അധികാരത്തിൽ എത്തുകയും,  ആദ്യമായി രംഗത്ത് വന്ന ആം ആദ്മി പാർട്ടി  കേവല ഭൂരിപക്ഷത്തിലേക്ക്  നീങ്ങുന്നതിനു  ഡെൽഹിയിൽ തടയിടുകയും ചെയ്തു. രാജസ്ഥാനിലും മധ്യപ്രദേശിലും  നേടിയത്രയും വലുതല്ലെങ്കിലും  ഛത്തീസ് ഗഡിലും, ഡെൽഹിയിലും ബി ജെ പി ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കി. ഇവയെല്ലാം മോഡിയെ ഭാവി പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടുന്നതും ,അദ്ദേഹം സ്വയം നേതൃത്വം വഹിച്ചതും ആയ പ്രചാരണങ്ങളുടെ ഫലം ആണോ എന്ന ചോദ്യത്തിന്  വ്യത്യസ്തമായ ഉത്തരങ്ങൾ ഉണ്ടാകാം . മോഡി നേതൃത്വം നല്കിയ ആർഭാട പൂർണ്ണമായ  പ്രചാരണങ്ങൾക്ക്  ഛത്തീസ് ഗഡിലും ഡെൽഹിയിലും ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നു ചിലർ നിരീക്ഷിക്കുന്നത് പോലെ, മോഡി മുഖ്യ പ്രചാരകൻ ആയി ഇറങ്ങിയില്ലായിരുന്നെങ്കിൽ ഈ രണ്ടു സംസ്ഥാനങ്ങളിലും ബി ജെ പി യുടെ പ്രകടനം ഇതിലും എത്രയോ മോശമാവുമായിരുന്നു എന്നും പറയാം.
മോഡി ഇംപാക്റ്റ് എത്രത്തോളം എന്ന ചർച്ച തല്ക്കാലം മാധ്യമ വിശ്ലേഷകർക്കും തെരഞ്ഞെടുപ്പു പ്രവചന വിദഗ്ദ്ധർക്കും വിടുക .അതിനു പകരം , ഭാവി പ്രധാനമന്ത്രിയായി മോഡിയെ  ഉയർത്തിക്കാട്ടുന്നതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ചും, അത് നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാർ  ആവിഷ്കരിക്കുന്ന തന്ത്രങ്ങളെ ഫലപ്രദമായി എങ്ങിനെയെല്ലാം ചെറുക്കാൻ കഴിയും എന്നും നമുക്ക് ആലോചിക്കാനുണ്ട് .അദ്വാനിയെപ്പോലുള്ള അനുഭവ സമ്പന്നരായ മുതിർന്ന ചില ബി ജെ പി നേതാക്കളുടെ എതിർപ്പിനെപ്പോലും മറികടന്നുകൊണ്ടാണ് സംഘ പരിവാരത്തിന്റെയാകെ പിന്തുണയാർജ്ജിച്ച ഏക പ്രതിനിധി എന്ന നിലയിൽ  മോഡി നായക സ്ഥാനത്ത് വരുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് ഉള്ള ബി ജെ പി യുടെ നിർദ്ദിഷ്ട സ്ഥാനാർഥിയായി മോഡി പ്രഖ്യാപി ക്കപ്പെട്ടതിനു ശേഷം  രാജ്യത്ത് സാമുദായിക ധ്രുവീകരണവും മുസ്ലിം വിരുദ്ധ ആക്രമണോല്സുകതയും കുത്തിപ്പൊക്കാൻ ഓരോ സംഘ് പരിവാർ  സംഘടനയും രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു വരികയാണ് .ഇത്തരം മുസ്ലിം വിരുദ്ധ വികാരം വോട്ടുകളുടെ രൂപത്തിൽ ബി ജെ പി ക്ക് മുതല്ക്കൂട്ട്  ആകുമെന്ന്  രാജസ്ഥാനിലും ഡൽഹിയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാട് സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ചില ഗ്രാമീണ ഇടങ്ങളിലെ വോട്ടിംഗ് മാതൃകകൾ തെളിയിക്കുന്നു . ഇത്തരം ലാക്കോടെയുള്ള  വർഗീയ  പ്രോപഗാൻഡയുടെ ഫലമാണ് മുസാഫർ നഗറിൽ  ഉണ്ടായ മുസ്ലിംവിരുദ്ധ ഹിംസയും ആക്രമണങ്ങളും. 
എണ്പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും സംഘ പരിവാരത്തെ ഉപയോഗിച്ചു ബി ജെ പി സൃഷ്ടിച്ച  വർഗീയ ധ്രുവീകരണം ബാബറി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ടതായിരുന്നു .
.എന്നാൽ ,ബാബറി മസ്ജിദ് പൊളിച്ചതോടെ ആ വഴിക്കുള്ള വർഗീയ പ്രചാരണത്തിനു സ്വീകാര്യത കുറഞ്ഞു . അടുത്ത കാലത്ത് ബി ജെ പി യുടെ മുസ്ലിം വിരുദ്ധ  പ്രചാരണങ്ങൾ നടക്കുന്നത് താരതമ്യേന  സമകാലികവും അമേരിക്കൻ നിർമ്മിതവും ആയ  ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയാണ് . 'ലവ് ജിഹാദ്', ബംഗ്ലാദേശിൽ നിന്നും അനധികൃത കുടിയേറ്റ ക്കാരുടേയും, പാകിസ്ഥാനിൽ നിന്നും ഭീകരവാദികളുടെയും നുഴഞ്ഞു കേറ്റങ്ങൾ, രാജ്യത്ത് മുസ്ലിം ജന സംഖ്യയുടെ വിസ്ഫോടകമായ വർ ദ്ധന, ഭീകര വാദത്തിന്റെ പേരിൽ മുസ്ലിങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കൽ ഇവയെല്ലാമാണ് ഇന്നു ബി ജെ പി നടത്തുന്ന  വർഗീയ പ്രചാരണത്തിന്റെ ഉള്ളടക്കം . കപട മതേതരത്വം , വോട്ട് ബാങ്ക് രാഷ്ട്രീയം , മുസ്ലീം പ്രീണനം എന്നെല്ലാം ബി ജെ പി സ്വയം പേരിട്ടു വിളിക്കുന്ന കാര്യങ്ങൾക്കെതിരായി  വിദ്വേഷ ജനകമായ പ്രചാരണങ്ങൾ  നടത്തുന്നത് ഇതിനു പുറമേയാണ് . മതേതരത്വത്തിന്റെ പേർ പറഞ്ഞ്  കോണ്ഗ്രസ് ഫലത്തിൽ അനുവർത്തിക്കുന്ന മൃദുസമീപനങ്ങളിലടങ്ങിയ വർഗീയതയും , മതേതരപ്പാർടികൾ എന്നവകാശപ്പെടുന്ന മറ്റു ബി ജെ പി യിതരർ  സ്വീകരിക്കുന്ന  അവസരവാദ നിലപാടുകളും ബി ജെ പി യുടെ വര്ഗീയ അജെണ്ടകൾക്ക്  വലിയൊരളവിൽ  പ്രയോജനകരമാവുന്നുണ്ട് . ഇത്തരത്തിൽ മറ്റു പാർട്ടികൾ മതേതരത്വത്തെ വിലയിടിച്ചു കാണുകയോ , നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നത് നിമിത്തമായി  കപട മതേതരത്വത്തിന് എതിരായി ബി ജെ പി നടത്തുന്നു എന്നവകാശപ്പെടുന്ന പ്രചാരണങ്ങൾക്ക് സ്വീകാര്യത വർധിക്കുന്ന സാഹചര്യം പോലും ഉണ്ടാവുന്നു .
നാം ഒന്പതാം കോണ്ഗ്രസിൽ ശരിയായി ചൂണ്ടിക്കാട്ടിയത്  പോലെ, മോഡി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം വെറും സംഘ പരിവാര താല്പ്പര്യങ്ങളിൽ ഒതുങ്ങുന്നതല്ല; നേരെ മറിച്ച് സമസ്ത കോർപ്പറേറ്റ് മേഖലയുടെയും പിന്തുണയോടെയുള്ള ഒന്നാണ് അത് . അടുത്ത കുറേ കാലമായി അങ്ങനെയൊരു ശ്രമം കോർപ്പറേറ്റ് ശക്തികൾ പടിപടിയായി  കെട്ടിപ്പൊക്കി വരുന്നത് നാം കാണുന്നു .
' വൈബ്രന്റ് ഗുജറാത്ത്' വ്യവസായ ശിബിരങ്ങൾ അതിനു ഉദാഹരണം ആണ് . മാധ്യമങ്ങളിലും നിറഞ്ഞു നില്ക്കുന്നത് കോർപ്പറേറ്റ് താൽപ്പര്യങ്ങൾ തന്നെയാണ്;  മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ചേർന്ന് അമേരിക്കൻ പ്രസിഡൻ ഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണ സംപ്രേഷണശൈലിയെ  അനുകരിച്ച് കൊണ്ട്  മോഡിയുടെ റാലികൾക്ക് വന്പിച്ച പ്രാധാന്യം നല്കി ലൈവ് കവറേജ് നല്കിയും   വാർത്തകളിൽ പ്രഥമ സ്ഥാനം നല്കിയും 2014 ലോക് സഭാ തെരഞ്ഞെടുപ്പിൽ മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ ആഘോഷിച്ചു വരികയാണ് .
കോർപ്പറേറ്റ് കൾ മോഡിയിൽ നിന്നും തിരിച്ചു പ്രതീക്ഷിക്കുന്നത്  രണ്ടു സ്വഭാവത്തിൽ ഉള്ള സമ്മാനങ്ങൾ ആണ്  . തങ്ങൾക്കനുകൂലമായ സാമ്പത്തിക നയത്തെ  കൂടുതൽ വേഗതയിൽ നടപ്പാക്കുകയും അതിന്റെ ഭാഗമായി  ക്ഷേമപരിപാടികൾ  ഗണ്യമായി വെട്ടിച്ചുരുക്കുകയും,ആണ് അവയിൽ  ആദ്യത്തേത് . രണ്ടാമതായി , കോർപ്പറേറ്റ് കൾ അനുഭവിക്കുന്ന ഇളവുകൾക്കും, ഭൂമിയുടെയും വിഭവങ്ങളുടെയും മേൽ  അവർ നടത്തുന്ന കൊള്ളകൾ ക്കും എതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ  ഉരുക്ക് മുഷ്ടിയുപയോഗിച്ചു മോഡി  അടിച്ചമർത്തുമെന്നും അവർ പ്രതീക്ഷിക്കുന്നു. 
മോഡിയുടെ ഭരണ സാരഥ്യത്തിനു വേണ്ടി കോർപ്പറേറ്റ് - വർഗീയ പിന്തുണയോടെ അരങ്ങേറിയിരിക്കുന്ന  പുതിയ മുറവിളികൾ ക്ക് പശ്ചാത്തലമായി ഒരു വശത്ത് ജന കോടികളെ ബാധിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും,മറു വശത്ത് ഇന്ത്യ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവുമധികം അഴിമതിയിൽ ആണ്ടു പോയതെന്നു കരുതപ്പെടുന്ന ഒരു കേന്ദ്ര സർക്കാരും  ആണ് ഉള്ളത് . കോണ്ഗ്രസ് ഇന്ന് അങ്ങേയറ്റം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ   ജനങ്ങൾക്കിടയിലെ വിശ്വാസ്യതയും നേതൃ രുത്വവും നഷ്ടപ്പെടുന്നത് അതിന്റെ പതനത്തിനു ആക്കം കൂട്ടുന്നു . ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ വിശ്വാസ്യതയും കാര്യക്ഷമതയും ഒത്തിണങ്ങിയ ഒരു നേതൃത്വത്തെയാണ് ഭരണച്ചുമതല വഹിക്കാൻ യോഗ്യമായി കാണുക.  ഈ അഭിലാഷങ്ങളെ മോഡിയ്ക്ക് അനുകൂലമായ ദിശയിലേയ്ക്ക് തിരിച്ചുവിടാൻ ആണ് ഇപ്പോൾ ശ്രമങ്ങൾ  നടക്കുന്നത്. ജനങ്ങൾക്കിടയിൽ കോണ്ഗ്രസിന്റെ വിശ്വാസ്യത എക്കാലത്തെക്കാളും  താഴ്ന്ന ഒരു അവസ്ഥയിൽ ആണ് മോഡി  ആക്രമണോല്സുകമായ തന്റെ വാചകക്കസർത്തുകൾ കോണ്ഗ്രസിനെതിരെ തിരിച്ചു വിടുന്നത് . മൻമോഹൻസിങ്ങ് സർക്കാരിനെ താഴെയിറക്കുന്നതിലുപരി 'കോണ്ഗ്രസ് മുക്തമായ ഒരു ഭാരതം ' സൃഷ്ടിക്കാൻ ആണ് മോഡി ആഹ്വാനം ചെയ്യുന്നത് .  ബി ജെ പി മുദ്രാവാക്യം ഒരു കാലത്ത് ഭയം, വിശപ്പ്, അഴിമതി എന്നിവയില നിന്നും മുക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു .എന്നാൽ ഇന്ന്, മോഡി കോണ്ഗ്രസിനെ എല്ലാ തിന്മയുടെയും മൂലഹേതു ആയി ചിത്രീകരിച്ച്  കോണ്ഗ്രസിനെ ഉച്ചാടനം ചെയ്യാൻ ആവശ്യപ്പെടുന്നു .കോണ്ഗ്രസിന് സംഭവിക്കാൻ പോവുന്ന  തെരഞ്ഞെടുപ്പു പരാജയം സ്വന്തം നേട്ടമായി പരിവർത്തിപ്പിക്കാൻ ആണ് ബി ജെ പി ശ്രമിക്കുന്നത് .
പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾ ഇന്ത്യയുടെ രാഷ്ട്രീയ ഇടങ്ങളെ  ഗണ്യമായ അളവിൽ പ്രതിനിധാനം ചെയ്യുന്നുണ്ട് . മിക്ക സംസ്ഥാനങ്ങളിലും സ്വന്തമായി സ്വാധീനം ഇല്ലാത്തപ്പോഴും ഒട്ടുമിക്ക പ്രാദേശിക കക്ഷികളുമായും ലാഭകരമായ കൂട്ടുകെട്ട് സാധ്യമാണെന്ന് ബി ജെ പി മനസ്സിലാക്കുന്നു . ബി ജെ പി നേതൃത്വം നല്കിയ എൻ ഡി എ സഖ്യത്തിൽ ഏറെ അകലെയല്ലാത്ത ഒരു ഭൂതകാലത്തിൽ  ഇരുപതോളം പ്രാദേശിക കക്ഷികൾ  ഉണ്ടായിരുന്നു .ഭരണഘടനയുടെ 370 -)0 വകുപ്പിനെക്കുറിച്ച്  ചർച്ച ആവശ്യമാണെന്ന് ജമ്മുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തപ്പോൾ നരേന്ദ്ര മോഡിക്ക് പ്രസ്താവിക്കാൻ സാധിച്ചത് പോലെ, ബി ജെ പി യുടെ തന്നെ പഴയ അജണ്ടയുമായി കൂടുതൽ പൊരുത്തപ്പെടും വിധത്തിൽ  പ്രാദേശിക പാർട്ടികളെ ആകർഷിച്ച്  ദേശീയ സഖ്യത്തിന് നേതൃത്വം നല്കാൻ സ്വയം കഴിവുണ്ടെന്ന് ബി ജെ പി കരുതുന്നു .
ബി ജെ പി അധികാരത്തിൽ ഏറാൻ ഇന്ന് നടത്തിവരുന്ന ശ്രമങ്ങൾ    പ്രധാനപ്പെട്ട ചില അംശങ്ങളിൽ മുൻകാലത്തിലേതിൽനിന്നും വ്യത്യസ്തമാണ് എന്നതും  ശ്രദ്ധിക്കേണ്ടതുണ്ട് .1980 കളിലും 1990 കളിലും അദ്വാനിയും വാജ് പേയ് യും നേതൃത്വം നല്കി കെട്ടിപ്പടുത്ത അവസരത്തിൽ അത് അടിസ്ഥാനപരമായും ഒരു പ്രതിപക്ഷ പാർട്ടിയായിരുന്നു . ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് സഹതാപ തരംഗത്തിന്റെ ആനുകൂല്യത്ത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ പാർലമെന്റിൽ ബി ജെ പി യുടെ പ്രാതിനിധ്യം വെറും രണ്ട് അംഗങ്ങളിലേക്ക് ചുരുങ്ങുകയായിരുന്നു.   രാജീവ്ഗാന്ധി യുടെ നേതൃത്വത്തിൽ  കോണ്ഗ്രസ് , ഷാ ബാനു കേസ് വിധി മറികടക്കാൻ  നിയമം കൊണ്ടുവന്നതിലൂടെ അവലംബിച്ച കീഴടങ്ങൽ നയവും സർക്കാരിനെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളും  സൃഷ്ടിച്ച പുതിയ അന്തരീക്ഷം മുതലെടുക്കുകയും, ഒപ്പം ബാബറി മസ്ജിദ് - രാമ ക്ഷേത്ര വിവാദം സൃഷ്ടിച്ച്  ഭൂരിപക്ഷ ജനവികാരങ്ങളെ ചൂഷണം ചെയ്യുകയും  ആണ് പിന്നീട് ബി ജെ പി ചെയ്തത്. അത് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ ഒരു തിരിച്ചു വരവ് നടത്താൻ ബി ജ പി യെ സഹായിച്ചു .ഗാന്ധിയുടെ രാമരാജ്യ സങ്കൽപ്പത്തിലെ   രാജാവിന്റെതിൽ നിന്ന് വ്യത്യസ്തമായി വിട്ടു വീഴ്ചയില്ലാത്ത പോരാളിയായ രാമന്റെ പ്രതിച്ഛായയായിരുന്നു ബാബറി മസ്ജിദ് തകർത്ത്  രാമക്ഷേത്ര നിർമ്മാണത്തിനു വേണ്ടിയുള്ള കാംപെയിനിൽ ബി ജെ പി ഉപയോഗിച്ചത് .1998 ഇൽ കേന്ദ്രത്തിൽ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ പോലും പല സംസ്ഥാനങ്ങളിലും അതിനു വലിയ സ്വാധീനം ഉണ്ടായിരുന്നില്ല; നേരെ മറിച്ച് അധികാരത്തിനു അവസരം പാർത്തിരിക്കുന്ന ഒരു പ്രതിപക്ഷം മാത്രമായിരുന്നു അന്ന് ബി ജെ പി . കഴിഞ്ഞ പത്തു വർഷങ്ങൾ ബി ജെ പിയ്ക്ക് പ്രതിപക്ഷ ബെഞ്ചുകളിൽ ഇരിക്കേണ്ടിവന്നുവെങ്കിലും, ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലും അത് ഭരണകൂട അധികാരം കയ്യാളിയിട്ടുണ്ട് .അതുപോലെ ബീഹാർ പോലെയുള്ള വലിയ സംസ്ഥാനത്ത് എട്ടു വർ ഷത്തോളം ഭരണത്തിൽ ബി ജെ പി  പങ്കാളിയായിരുന്നു.  ഗുജറാത്തിൽ പാർട്ടിയും ഭരണകൂടവും  തമ്മിലുള്ള എല്ലാ അതിർ വരമ്പുകളും  ഇല്ലാതാവുകയും, സംസ്ഥാന ഭരണകൂടത്തെ സ്വന്തം വരുതിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തെപ്പോലെ  മോഡി ഉപയോഗിച്ച് വരികയും ആയിരുന്നു .ഭരണകൂട അധികാരങ്ങളെ ചിട്ടയായി ദുരുപയോഗം ചെയ്തുകൊണ്ടാണ് ബി ജെ പി ഗുജറാത്തിൽ അതിന്റെ പിടി മുറുക്കിയത് .ഗുജറാത്ത് പോലീസ് സേനയെ ഒരു സ്വകാര്യ സേനയെപ്പോലെ മോഡി ഉപയോഗിക്കവേ ആയിരുന്നു വൻ തോതിലുള്ള വർഗീയ  കൂട്ടക്കൊലകളും വ്യാജ ഏറ്റുമുട്ടൽക്കൊലപാതക പരമ്പരയും ഉണ്ടായത് . പൌരന്മാരുടെ സ്വകാര്യതയ്ക്കെതിരെ വ്യാപകമായ കയ്യേറ്റങ്ങളും പ്രത്യേക  വ്യക്തികൾക്കെതിരെ നിയവിരുദ്ധമായി  ചാരപ്രവർത്തനങ്ങളും നടത്താൻ ഗുജറാത്ത് പോലിസിനെ മോഡി ഉപയോഗിച്ചപ്പോൾ പാർട്ടിയും സർക്കാരും പൂർണ്ണ പിന്തുണ നല്കുകയായിരുന്നു. സർദാർ വല്ലബ് ഭായ് പട്ടേലിനെ ആദരിക്കുന്നതിന്റെ പേരിൽ  സ്വന്തം പ്രതിച്ഛായ ഉയർത്താൻ മോഡി നടത്തിയ വഴിവിട്ട ശ്രമങ്ങളെയും പാർട്ടിയും സർക്കാരും പിന്തുണച്ചു. ഇതെല്ലാം കാണിക്കുന്നത്  എല്ലാ നിയമ വിധേയ ഭരണഘടനാ സ്ഥാപനങ്ങളെയും  മറികടന്നും, സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്വങ്ങൾക്കതീതമായും ഒരു വ്യക്തിക്ക് ചുറ്റുമുള്ള ചെറിയ പാർട്ടി കോക്കസിൽ സ്റ്റേറ്റ് അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുന്ന ഫാസ്സിസ്റ്റ് സ്വഭാവത്തെയാണ് .
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലോ , ആദിവാസി പ്രക്ഷോഭങ്ങൾ മുതൽ 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം വരെയുള്ള ദേശീയ സമരങ്ങളുടെ ബഹുമുഖമായ ആവിഷ്കാരങ്ങളിലോ വേരുകൾ  ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു പാർട്ടിയാണ് ബി ജെ പി .എന്നാൽ മോഡി ഇപ്പോൾ ശ്രമിക്കുന്നത് അധികാരത്തിലേക്കുള്ള കുറുക്കു വഴികൾ തേടിയുള്ള  ബി ജെ പി യുടെ തന്ത്രങ്ങൾക്ക് ഇണങ്ങിയ വിധത്തിൽ ചരിത്രത്തെ തട്ടിപ്പറിച്ചു സ്വന്തമാക്കാൻ ആണ്. സ്വാമി വിവേകാനന്ദന്റെ 150-)0  ജന്മദിനാചരണവും ,വല്ലഭായ് പട്ടേലിനെ ആദരിക്കലും രാഷ്ട്രീയമായി മുതലാക്കുന്നത് തൊട്ടു  ഭഗത് സിംഗിന്റെ വിപ്ലവ പാരമ്പര്യം വരെ  സ്വന്തം കാര്യലാഭത്തിന് എങ്ങിനെ ഉപയോഗിക്കാം എന്ന് ബിജെ പി പരീക്ഷിച്ചു വരുന്നു.  എന്നാൽ സാമ്രാജ്യത്വ വിരുദ്ധതയുടെയും മർദ്ദിതർക്ക് ഒപ്പം നില്ക്കുന്ന പുരോഗമന ദേശീയ ബോധത്തിന്റെയും, സോഷ്യലിസത്തിന്റെയും  മതേതരത്വത്തിന്റെയും തന്ത്രപരമായ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ആയ ഭഗത് സിംഗിന്റെ പാരമ്പര്യം തട്ടിയെടുത്ത്  ഉപയോഗിക്കാൻ ഒരിക്കലും ബിജെപിയ്ക്ക് കഴിയില്ല .നേരെ മറിച്ച്  മോഡിയുടെ കോർപ്പറേറ്റ്- വര്ഗീയ അജെണ്ടയെ  ചെറുക്കുന്നതിൽ രാജ്യത്തിലെ യുവജനങ്ങൾക്കും അധ്വാനിക്കുന്ന വർഗ്ഗങ്ങല്ക്കും ബുദ്ധിജീവി വിഭാഗങ്ങൾക്കും ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ്  ഭഗത് സിംഗ് പ്രതിനിധാനം ചെയ്ത പുരോഗമന വിപ്ലവ ആശയങ്ങൾ.
എന്നാൽ ,  തനിക്കു ഏറ്റവും ചേരുന്ന അനുകരണീയ ബിംബം ആയി സർദാർ പട്ടേലിനെ മോഡി കരുതുന്നത്തിനു നിരവധി കാരണങ്ങൾ  ഉണ്ട്.  വർഗ്ഗീയതയെക്കുറിച്ച് പട്ടേൽ പ്രതിനിധീകരിച്ച നിലപാടുകളിൽ  ചിലപ്പോൾ അവ്യക്തത കാണാമെങ്കിലും  പട്ടേലിന്റെ വലതു പക്ഷ വീക്ഷണങ്ങളും, അമിതാധികാരപരമായ സമീപനങ്ങളും മോഡിയ്ക്ക് ചേരുന്നവ തന്നെ . ഇതിനും പുറമേ, അദ്ദേഹത്തിന്റെ ഗുജറാത്തി പശ്ചാത്തലവും , ഗാന്ധി-നെഹ്‌റു മാരുടെയും നെഹ്‌റു കുടുംബത്തെ പ്രതിനിധാനം ചെയ്ത സന്തതി പരമ്പരകളുടെയും  അംഗീകാരം കോണ്‍ഗ്രസിൽ പട്ടേലിന് വേണ്ടത്ര ലഭിക്കാതിരുന്ന സാഹചര്യവും കൂടിയുണ്ട് . സ്വാതന്ത്ര്യ ലബ്ധിയ്ക്ക് മുൻപ് ഇന്ത്യയുടെ മോചനത്തിന് വേണ്ടി ബ്രിട്ടീഷ് കൊളോണിയൽ അധികാരികളുമായി പോരാട്ടത്തിലായിരുന്ന കർഷക പ്രസ്ഥാനത്തിലൂടെയായിരുന്നു പട്ടേൽ രാഷ്ട്രീയത്തിന്റെ വേദിയിൽ ആദ്യമായി എത്തിയത് . ഗാന്ധി വധത്തെത്തുടർന്ന്  ആർ എസ് എസ്സിനെ നിരോധിക്കാൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ  ആഭ്യന്തര മന്ത്രി എന്ന നിലയിൽ   ഉത്തരവിട്ട വ്യക്തിയാണ്  സർദാർ പട്ടേൽ . ഒരു ഭൂഖണ്‍ഡത്തോളം പോന്ന  വിസ്തൃതിയുള്ള   ഇന്ത്യയുടെ ഏകീകരണം എന്ന ദൌത്യത്തിൽ അടങ്ങിയ സങ്കീർണ്ണമായ വെല്ലുവിളികൾ നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തി എന്ന നിലയിൽ പട്ടേലിനെ നോക്കുമ്പോഴും സംഘ് പരിവാറിനു അത്ര എളുപ്പത്തിൽ തട്ടിയെടുത്തു സ്വന്തമാക്കാൻ കഴിയുന്ന ഒരു ചരിത്ര വ്യക്തിത്വമല്ല സർദാർ പട്ടേലിന്റേത്  എന്ന് കാണാം.


(ലേഖനം അടുത്ത പോസ്റ്റിൽ അവസാനിക്കുന്നു )

No comments:

Post a Comment