Saturday, 8 March 2014

സാർവ്വദേശീയ സ്ത്രീദിനം 2014 സ്ത്രീസ്വാതന്ത്ര്യത്തെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ടുവരിക :

സാർവ്വദേശീയ സ്ത്രീദിനം 2014 
സ്ത്രീസ്വാതന്ത്ര്യത്തെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ടുവരിക : 
  ഫാക്ടറികളിലെ ആയിരക്കണക്കായ സ്ത്രീത്തൊഴിലാളികൾ ഒരു നൂറ്റാണ്ടു മുൻപ് അടിമത്തത്തിനെതിരെ നടത്തിയ പോരാട്ടങ്ങളിൽ നിന്നാണ് സാർവ്വ ദേശീയ സ്ത്രീദിനം പിറവികൊള്ളുന്നത് . അമേരിക്കയിലെ ഷിക്കാഗോവിലും അനേകം യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും സ്ത്രീത്തൊഴിലാളികൾ അന്ന് ഫാക്ടറികളിൽ വേല ചെയ്തിരുന്നത് ഉടമസ്ഥരുടെ  നിർദ്ദയമായ ചൂഷണങ്ങളും അടിമത്തവും സഹിച്ചുകൊണ്ടായിരുന്നു .ഇതിന്നെതിരെ സ്ത്രീകൾ പടുത്തുയർത്തിയ  പ്രതിഷേധങ്ങൾ ആണ്  സ്ത്രീവോട്ടവകാശ സമരങ്ങൾക്ക് പുതിയ ഉണർവ്വും ശക്തിയും പ്രദാനം ചെയ്തത് . തുല്യ പൌരത്വത്തിനും രാഷ്ട്രീയ സമത്വത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ അവകാശ സമരങ്ങളിലെ നിർണ്ണായകമായ  ഒരു അദ്ധ്യായം ആയി മാറുകയായിരുന്നു സ്ത്രീ വോട്ടവകാശ സമരങ്ങളുടെ നീണ്ട കാലഘട്ടം.

 നൂറ്റാണ്ടുകാലം പഴക്കമുള്ള സ്ത്രീസമരങ്ങളുടെ പാരമ്പര്യത്തിന്  2014-ഇൽ പോലും എന്നത്തെയും പോലെ പ്രസക്തിയുണ്ട് എന്ന കാര്യം ഈയവസരത്തിൽ  എടുത്തു പറയേണ്ടിയിരിക്കുന്നു.സ്ത്രീത്തൊഴിലാളികൾ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന വേദികൾ  ഇന്ന് അമേരിക്കയിലോ  യൂറോപ്പിലോ അല്ലാ , മറിച്ച് അവ ഏഷ്യയിലേക്കും ആഫ്രിക്കൻ നാടുകളിലേക്കും മാറ്റപ്പെട്ടിരിക്കുകയാണ്. 1911 -മാർച്ച്‌  25 നു ന്യൂ യോർക്ക്‌ നഗരത്തിൽ ബഹുഭൂരിപക്ഷവും സ്ത്രീകൾ ആയ നൂറ്റി അൻപതോളം തൊഴിലാളികൾ
 ട്രയാംഗ്ൾ  ഷേട്ട് വേയ്സ്റ്റ് എന്ന വസ്ത്ര നിർമാണ ഫാക്ടറിയിൽ ഉണ്ടായ ഒരു അഗ്നിബാധയിൽ മരണപ്പെട്ട് നൂറിലധികം വർഷങ്ങൾ പിന്നിട്ടപ്പോൾ ബംഗ്ലാ ദേശിൽ  സമാനമായ തൊഴിൽസാഹചര്യങ്ങളിൽ  അവഗണനയുടെയും തൊഴിൽ സാഹചര്യങ്ങളിലെ സുരക്ഷാ നടപടികളുടെ അപര്യാപ്തത മൂലവും ആയിരത്തിലേറെ സ്ത്രീ തൊഴിലാളികൾ 2013 ഏപ്രിൽ മാസത്തിൽ ഒരു ബഹുനിലക്കെട്ടിടം തകർന്ന്  ദാരുണമായി മരണമടഞ്ഞു . ഇതുപോലുള്ള അനേകം സംഭവങ്ങൾ ബംഗ്ലാദേശിലും മറ്റും തുടരുകയും, അവ ആവർത്തിക്കാനുള്ള സാധ്യത നിലനില്ക്കുകയും ആണ്.
ഇന്ത്യയിലും  ഇന്ന് ഗണ്യമായ അളവിൽ സ്ത്രീകൾ "3D "എന്ന് വിളിക്കപ്പെടുന്ന ( Dirty, Dangerous, Demeaning- വൃത്തി ഹീനവും അപായകാരവും അന്തസ്സ് കെടുത്തുന്നതും) തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരാണ് .  ശമ്പളം ഇല്ലാത്ത 'നിസ്വാർഥ' സേവനം വീടുകളിൽ ചെയ്യുന്നതുപോലെ  സർക്കാരും അവരോട്  ആവശ്യപ്പെടുന്നത് ശമ്പളം ഇല്ലാത്ത 'നിസ്വാർഥ' സേവനം ചെയ്യാൻ തന്നെയാണ്. ASHA വർക്കേർസ്ന്റേത് അതുപോലുള്ള  ഒരു അവസ്ഥയാണ് .
സ്ത്രീകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയമായ തുല്യതയും പൌരത്വാവകാശങ്ങളും ഫലത്തിൽ നിഷേധിക്കുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത് .നിയമസഭകളിലും പാർലമെന്റിലും സ്ത്രീകൾക്ക്  33% സീറ്റ്‌ സംവരണമെന്ന ആവശ്യം പോലും ഭരണ വർഗ്ഗകക്ഷികൾ ദീർഘ കാലമായി  നിരാകരിക്കുകയോ, വൈകിപ്പിക്കുകയോ ചെയ്തുവരുന്നു. പക്ഷെ, ഇതെല്ലാം അപ്രസക്തമാക്കുംവിധം ആണ്  സ്ത്രീകൾക്ക് തുല്യ പൌരർ  എന്ന നിലയിൽ  ഉള്ള അവകാശങ്ങൾ നിഷേധിക്കുന്നത് .
ഇതിനേക്കാളെല്ലാം ലജ്ജാകരം ആയ വസ്തുത നമ്മുടെ ജനപ്രതിനിധിസഭകളും സർക്കാരും എന്തിന് കോടതികൾ പോലും സ്ത്രീകൾ  ആയ നമുക്ക് സ്നേഹിക്കാനും  ഇഷ്ടപ്പെട്ട ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനും ഉള്ള അവകാശം അംഗീകരിക്കുന്നതിൽ വിമുഖത പുലർത്തു ന്നുവെന്നതാണ് .കേരളാ ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച്‌ അടുത്തകാലത്ത്  ഒരു ഉത്തരവിൽ പ്രസ്താവിച്ചത് ഒരു സ്ത്രീയ്ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിരുപാധികം അല്ലെന്നായിരുന്നു; ഡോക്ടർ ആയി ജോലി ചെയ്യുന്ന മകൾക്ക് പ്രണയബന്ധത്തിലൂടെ ഒരു സഹപ്രവർത്തകനുമായി വിവാഹബന്ധത്തിനു മുതിരുന്നത്‌ തടയാൻവേണ്ടി മകളെ വീട്ടു തടങ്കലിൽ വെച്ച പിതാവിന്റെ പ്രവൃത്തിയെപ്പോലും പ്രസ്തുത കോടതി ന്യായീകരിച്ചു .മാതാപിതാക്കൾക്ക് മകളുടെ വിവാഹ ക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം എടുത്തു പറഞ്ഞുകൊണ്ട് കോടതി ഇങ്ങനെ പ്രസ്താവിച്ചു : "പൌരന്മാർക്ക്  അനുവദിക്കപ്പെട്ട അവകാശങ്ങൾ അതിരുകൾ  വിടാൻ അനുവദിച്ചാൽ സാമൂഹ്യ സ്ഥാപനങ്ങൾ തകർക്കാൻ അവ ഉപകരണങ്ങൾ  ആക്കപ്പെടും "
ഐ പി സി 377-)0 വകുപ്പ് വിഷയത്തിൽ ഇയ്യിടെ സുപ്രീം കോടതി നടത്തിയ മറ്റൊരു വിധി പ്രസ്താവന സ്വവർഗ്ഗ ലൈംഗികതയെ ക്രിമിനൽ കുറ്റം അല്ലാതാക്കുന്നവിധത്തിൽ 377 -)0 വകുപ്പിനെ ദുർബ്ബലപ്പെടുത്തിയ  ഒരു ഹൈക്കോടതി വിധി അട്ടിമറിച്ച്  പ്രസ്തുത ഐ പി സി വകുപ്പിനെ പുനസ്ഥാപിക്കുന്ന ഒന്നായിരുന്നു. ഇവയിൽ നിന്നെല്ലാം മനസ്സിലാക്കാവുന്ന ഒരു കാര്യംഭരണഘടനാദത്തമായ പൗര സ്വാതന്ത്ര്യങ്ങൾക്ക് നല്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംരക്ഷണത്തെക്കാൾ ഏറെയായി ജഡ്ജിമാർ ഇയ്യിടെ  സംരക്ഷണം നല്കാൻ  ആഗ്രഹിക്കുന്നത്  'സാമൂഹ്യ സ്ഥാപനങ്ങൾ' എന്ന് അവർ വിളിക്കുന്ന കുടുംബം, ജാതി , സമുദായം എന്നിവയുടെ ആണ്‍ കോയ്മാ സദാചാര സംഹിതകൾക്കും  അതോടൊപ്പം ഈ സ്ഥാപനങ്ങൾ  സ്വവർഗ്ഗപ്രേമത്തിനു കൽപ്പിക്കുന്ന വിലക്കിന്നും  ആണ് എന്നാണ് .
സർക്കാരുകളും ഭരണത്തിലുള്ള കക്ഷികളും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല .'സ്ത്രീശാക്തീകരണത്തെക്കുറിച്ചും', 'സംരക്ഷണ'ത്തെക്കുറിച്ചും  ആവർത്തിച്ചു പ്രസ്താവനകൾ നടത്താൻ അവര്ക്ക് താൽപ്പര്യമാണെങ്കിലും, ആണ്‍ കോയ്മയുടെ തിട്ടൂരങ്ങൾക്കെതിരെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ഒന്നും അവരിൽ  നിന്നും പ്രതീക്ഷിക്കാൻ ആവില്ല .അടുത്തയിടെ ഖാപ് പഞ്ചായത്തുകൾക്ക് അ നുകൂലമായിപ്പോലും അവരിൽ  പലരും കൈക്കൊണ്ട നിലപാടുകൾ സൂചിപ്പിക്കുന്നത് അതാണ്‌ . കഴിഞ്ഞ വർഷം പ്രകടനങ്ങളിൽ  സ്ത്രീകൾ  ഉയര്ത്തിയ മുദ്രാവാക്യങ്ങളിൽ ഒന്ന് "ഖാപ്‌ കൾ , പിതാക്കന്മാർ  , സഹോദരന്മാർ എന്നിവരിൽ നിന്നുള്ള സ്വാതന്ത്ര്യം"എന്നായിരുന്നു .ഈ മുദ്രാവാക്യം ഖാപ് പഞ്ചായത്തുകൾ നടത്തുന്ന അഭിമാനക്കൊലപാതകങ്ങൾ മാത്രം മനസ്സിൽ വെച്ചുള്ളതായിരുന്നില്ല .ജാതി , മതം, സമുദായം , വർഗ്ഗം എന്നിവയിലെല്ലാം മുഴച്ചു നില്ക്കുന്ന സ്ത്രീവിരുദ്ധമായ പേട്രിയാർക്കൽ അധികാര ഘടനകളെയാണ് ആ മുദ്രാവാക്യം ലക്‌ഷ്യം വെച്ചത് .വീട്ടുകാരിൽ നിന്നായാലും  ഹോസ്ടൽ അധികൃതരിൽ നിന്നായാലും  ഓരോ ദിവസവും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന  സാധാരണ പൌര സ്വാതന്ത്ര്യ ങ്ങളുടെ ലംഘനത്തെയാണ്  ആ മുദ്രാവാക്യത്തിലൂടെ സ്ത്രീകൾ ചോദ്യം ചെയ്തത് .വിവാഹ കാര്യത്തിൽ സ്ത്രീയുടെ വ്യക്തിപരം ആയ അവകാശങ്ങൾക്ക് നേരെ ജാതീയവും സാമുദായികവും ആയി  നടക്കുന്ന അനേകം ഇടപെടലുകളേയും അത് പ്രശ്നവൽക്കരിക്കുന്നു .ശ്രീ രാം സേനെ , ബജ് രംഗ് ദൾ തുടങ്ങിയ സംഘങ്ങളും പലപ്പോഴും പോലീസ് തന്നെയും സ്ത്രീകളുടെ  നിയമപരമായ സ്വാതന്ത്ര്യ ങ്ങളെ  മോറൽ പൊലീസിംഗ് വഴിയായി അടിച്ചമർത്തുന്നു.
സർക്കാരുകൾ വർഷം തോറും  മാർച് 8 -നു സ്ത്രീകളുടെ പ്രശ്നങ്ങളോട് അനുഭാവം പുലർത്തുന്നതായി ഭാവിച്ചു അധരവ്യായാമം നടത്തുക പതിവാണ് എങ്കിലും സ്ത്രീകളുടെ ഏറ്റവും ലളിതമായ ആവശ്യങ്ങൾ പോലും  നിഷേധിക്കപ്പെടുന്നത് തുടരുകയും, സർക്കാർ  പക്ഷത്തുനിന്ന് ലഭിക്കാൻ അർഹതപ്പെട്ട പരിമിതമായ സേവനങ്ങൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈ വർഷം  ലോക സഭാ തെരഞ്ഞെടുപ്പുകൾ  ആസന്നമായ ഒരു ചുറ്റുപാടിൽ സ്ത്രീകളുടെ അവകാശങ്ങളും ആവശ്യങ്ങളും രാജ്യത്തിലെ രാഷ്ട്രീയ അജണ്ടയിലേക്ക് സന്നിവേശിപ്പിക്കേണ്ടത് എത്രയും  അടിയന്തരമായിരിക്കുന്നു . സ്ത്രീകളുടെ മഹത്വത്തെക്കുറിച്ചുള്ള പൊള്ളയായ വാചകമടികളും 'സംരക്ഷണ'ത്തെക്കുറിച്ചുള്ള അവകാശ വാദങ്ങളും സർക്കാരുകൾ നിർത്താൻ സമയമായി; സ്ത്രീകള്ക്ക് വേണ്ടി സൗജന്യമായ ആരോഗ്യ പരിപാലന സൌകര്യങ്ങൾ , ടോയ് ലെറ്റ്‌ സൌകര്യങ്ങൾ , പൊതു ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ എന്നിവ അവർക്ക്‌ ലഭിക്കുന്നുവെന്ന് സർക്കാർ  ഉറപ്പാക്കണം.ലൈംഗിക കുറ്റകൃത്യങ്ങൾക്കും  ആക്രമണ ങ്ങൾക്കും വിധേയരായ സ്ത്രീകളുടെ പുനരധിവാസത്തിന് സർക്കാർ തലത്തിൽ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ  സ്ഥാപിക്കണം. സുരക്ഷിതമായ ശിശു പരിപാലനത്തിനു പ്രത്യേകിച്ചും ദരിദ്ര ജന വിഭാഗങ്ങളും തൊഴിലാളികളും കൂടുതലായി  താമസിക്കുന്ന  പ്രദേശങ്ങളിൽ സർക്കാർ  കൂടുതൽ സൌകര്യങ്ങൾ ഒരുക്കണം .
സർക്കാരുകൾ ആണ്‍ കൊയ്മാ കുടുംബങ്ങളെപ്പോലെ  പെരുമാറുന്ന നയം തിരുത്തണം . പരസഹസ്രം സ്ത്രീ തൊഴിലാളികളെക്കൊണ്ട്‌ വേതനമില്ലാ വേല ചെയ്യിച്ച്  ഓണറേറിയം (honorarium )  എന്ന ഓമനപ്പേരിൽ തുച്ഛമായ പ്രതിഫലം നൽകുന്ന സമ്പ്രദായം സർക്കാർ ഉപേക്ഷിക്കണം . തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്ത്വം എല്ലായിടത്തും ഒരു പോലെ പ്രാവർത്തികമാക്കണം  
അടുത്ത് നടക്കാൻ പോകുന്ന ലോക്  സഭാ തെരഞ്ഞെടുപ്പുകളിൽ മേൽ സൂചിപ്പിച്ച തരത്തിൽ ഉള്ള ഓരോ വിഷയത്തെയും ഉൾപെടുത്തി   സമ്പൂർണ്ണ ലിംഗ നീതി ആധാരമാക്കിയുള്ള ഒരു ചാർട്ടർ  വിഭാവനം ചെയ്യേണ്ടതുണ്ട് .മേൽപ്പറഞ്ഞ ചാർട്ടർ  ന്  അനുസൃതമായി  സ്ത്രീകൾ നടത്തുന്ന പോരാട്ടത്തെ സഹായിക്കുന്ന ശക്തികളെയും  എതിർക്കുന്നവരേയും തമ്മിൽ  കൃത്യതയോടെ വേർ തിരിച്ച് കണ്ട് ആയിരിക്കട്ടെ  സ്ത്രീകൾ  അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് .
1911 -മാർച്ച്‌  25 നു ന്യൂ യോർക്ക്‌ നഗരത്തിൽ ബഹുഭൂരിപക്ഷവും സ്ത്രീകൾ ആയ നൂറ്റി അൻപതോളം തൊഴിലാളികൾ ട്രയാംഗ്ൾ  ഷേട്ട് വേയ്സ്റ്റ് എന്ന വസ്ത്ര നിർമാണ ഫാക്ടറിയിൽ ഉണ്ടായ ഒരു അഗ്നിബാധയിൽ മരണപ്പെട്ടു 
2013 ഏപ്രിൽ : ബംഗ്ലാദേശിൽ റെഡി മെയ്ഡ്‌ വസ്ത്ര നിർമ്മാണശാലകൾ അടങ്ങിയ  ഒരു ബഹുനിലക്കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരത്തിൽപ്പരം തൊഴിലാളി സ്ത്രീകൾ മരണപ്പെട്ടു.  നേരത്തെയുണ്ടായ ഗുരുതരമായ കേടുപാടുകൾ നിമിത്തം കെട്ടിടം മനുഷ്യർക്ക്‌ ജോലി ചെയ്യാൻ സുരക്ഷിതം അല്ലെന്ന മുന്നറിയിപ്പുകൾ  ഉടമ അവഗണിച്ചതിന്റെ ഫലം ആണ് ഈ ദുരന്തം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

1 comment:

  1. നൂറ്റാണ്ടുകാലം പഴക്കമുള്ള സ്ത്രീസമരങ്ങളുടെ പാരമ്പര്യത്തിന് 2014-ഇൽ പോലും എന്നത്തെയും പോലെ പ്രസക്തിയുണ്ട്. സംവരണവും പ്രത്യേക പരിഗണനകളും ആവശ്യമായി വരുന്നതുപോലും മോശപ്പെട്ട സാഹചര്യത്തെ സൂചിപ്പിക്കുന്നു. അവയോക്കെ ഏർപ്പെടുത്തിയിട്ടും സ്ഥിതിഗതികൾ വളരെ പരിതാപകരമാണ്‌.

    Very good article...

    ReplyDelete