Wednesday 14 October 2015

ദാദ്രി ആൾക്കൂട്ടം നടത്തിയ കൊല - മോഡി സർക്കാരും ബിജെപിയും പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ-കൊലപാതക രാഷ്ട്രീയത്തിന്റെ ഒരു പരിണിതഫലം

ദാദ്രി ആൾക്കൂട്ടം നടത്തിയ കൊല -
മോഡി സർക്കാരും ബിജെപിയും പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ-കൊലപാതക രാഷ്ട്രീയത്തിന്റെ ഒരു പരിണിതഫലം
ബീഫ് തിന്നു വെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരു മുസ്ലിം മത സമുദായാംഗത്തെ തല്ലിക്കൊന്ന സംഭവം രാജ്യത്തിനാകെ നല്കിയിരിക്കുന്നത് അതീവ ഗൌരവമുള്ള ഒരു വിപൽ സന്ദേശമാണ്. കേന്ദ്ര സർക്കാരും രാജ്യത്തിലെ പ്രമുഖ ഭരണ കക്ഷിയും ചേർന്ന് ഈ രാജ്യത്ത് പടിപടിയായി പടുത്തുയർത്താൻ ശ്രമിക്കുന്ന വിഭാഗീയതയുടെയും ഹിംസയുടെയും രാഷ്ട്രീത്തിലേക്കാണ് ദാദ്രി സംഭവം വിരൽ ചൂണ്ടുന്നത്.
ഇതിനെ ശരിയായി തിരിച്ചറിയാനും തിരസ്കരിക്കാനും രാജ്യത്തിലെ ജനങ്ങൾ ഇനിയൊട്ടും അമാന്തം കാട്ടിക്കൂടാ.
പശ്ചിമ യു പി യിൽ ദാദ്രി ജില്ലയിലെ ബിസാഹ്ഡാ എന്ന ഗ്രാമം ഡൽഹിയിൽ നിന്നും വളരെ അകലെയല്ല. അവിടെയുള്ള ഒരു വീട്ടിലേയ്ക്ക് ഇരമ്പിക്കയറിയ ഒരാൾക്കൂട്ടം അക് ലഖ് എന്ന വയോധികനെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്ത് കൊണ്ടുവന്ന ശേഷം ഇഷ്ടികകളും കല്ലുകളും ഒരു തയ്യൽ മെഷീനും കൊണ്ട് ഇടിച്ച് അക് ലഖിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മകൻ ഡാനിഷ് തലച്ചോറിന് രണ്ടു അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനായ ശേഷം ഇപ്പോഴും മരണത്തോട് മല്ലിട്ട് കഴിയുകയാണ്.
അക് ലഖ് ഒരു പശുവിനെ മോഷ്ടിച്ചു കൊന്നുവെന്നും ബീഫ് തിന്നുവെന്നും സമീപത്തുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെക്കൊണ്ട് ഉച്ചഭാഷിണിയിലൂടെ അനൌണ്‍സ് ചെയ്യിപ്പിച്ചതിനെത്തുടർന്ന് ആണ് ആൾക്കൂട്ടത്തിന്റെ ഹിംസ അരങ്ങേറിയത് എന്ന് റിപ്പോർട്ട്‌ കൾ സൂചിപ്പിക്കുന്നു. അനൌണ്‍സ്മെന്റ് സത്യമാണെന്ന് ജനം വിശ്വസിച്ചതുകൊണ്ട് അങ്ങിനെയെല്ലാം നടന്നുവെന്നാണ് സംഘ് പരിവാറിന്റെയും ബി ജെ പി നേതാക്കളുടെയും ഇപ്പോഴത്തെ ഭാഷ്യം.
എന്നാൽ ,സംഭവത്തിന് പിന്നിൽ കൂടുതൽ വ്യാപകമായ തലത്തിൽ ഒരു ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ എസ് എസ്സിന്റെ അനുബന്ധ സംഘടനകളിൽ ഒന്നായ 'സമാധാൻ സേന' ഈ പ്രദേശത്ത് വർ ഗീയ സംഘര്ഷം ഉണ്ടാക്കാനും മുസ്ലിങ്ങളെ ആക്രമണ ലക്ഷ്യമാക്കാനും വേണ്ടികുറേക്കാലമായി ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു ഈ ശക്തികളെ സംബന്ധിച്ചിടത്തോളം 'ബീഫും' 'പശു'വും മുസ്ലിങ്ങളെ കൊല്ലാനും അവര്ക്കെതിരെ വർഗീയ ആക്രമണങ്ങൾ അഴിച്ചു വിടാനും ഉള്ള കേവല ഉപാധികൾ മാത്രമാണ്.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പുലർത്തുന്ന തികഞ്ഞ മൌനവും, ഒപ്പം ആർ എസ് എസ് നേതാക്കളും മോഡി മന്ത്രിസഭയിലെ അംഗങ്ങളും ബി ജെ പി എം പി മാർ ,എം എൽ എ മാർ തുടങ്ങിയവരും ആൾക്കൂട്ട ഹിംസയെ ഫലത്തിൽ അനുകൂലിച്ച് നടത്തിയ പ്രസ്താവനകളും കൂട്ടിവായിക്കുമ്പോൾ കിട്ടുന്ന ചിത്രം ദാദ്രിയിൽ നടന്ന കൊല ഒരു ഒറ്റപ്പെട്ട സംഭവ മല്ലെന്നതാണ്; നേരെ മറിച്ച് ബി ജെ പി പിന്തുടർന്നുപോരുന്ന വിദ്വേഷ പ്രചാരണത്തിന്റെയും വർഗീയരാഷ്ട്രീയത്തിന്റെയും ഭാഗം തന്നെയാണ് അത്.
 ബീഫ് തിന്നുന്ന എല്ലാവർക്കും അഖ് ലഖിന്റെ അനുഭവമായിരിക്കും  ഇനിയുണ്ടാകുക എന്നായിരുന്നു

 പ്രസ്തുത സംഭവത്തെക്കുറിച്ച്  വി എച് പി നേതാവ് സാധ്വി പ്രാചിയുടെ ഭീഷണിയുടെ രൂപത്തിലുള്ള പ്രതികരണം .അതേ സമയം ബി ജെ പി യുടെ പ്രാദേശിക നേതാക്കൾ ആൾക്കൂട്ട  ഹിംസയിൽ നിന്ന് രക്ഷപ്പെട്ട  മറ്റ് അഖ് ലഖ് കുടുംബാംഗങ്ങൾക്കെതിരെ ഗോവധത്തിനു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു .മോദിയുടെ സാംസ്കാരിക വകുപ്പുമന്ത്രി മഹേഷ്‌ ശർമ്മയാകട്ടെ ഈ വധത്തെ യാദൃശ് ഛി കമായി സംഭവിച്ച ഒരു അപകട സംഭവമായി ചിത്രീകരിച്ചു .അതിനാൽ ആരെയും ശിക്ഷിക്കേണ്ടതില്ലെന്നായിരുന്നു പ്രസ്തുത മന്ത്രിയുടെ നിലപാട് .ആർ  എസ് എസ് മുഖ പത്രമായ ഓർഗനൈസറുടെ മുൻ പത്രാധിപരും ബി ജെ പി എം പി യുമായ തരുണ്‍ വിജയ്‌ ദാദ്രി ആൾക്കൂട്ടക്കൊലയെക്കുറിച്ച്  എഴുതിയ ഒരു ലേഖനം സംഭവത്തെയാകെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്ന ഒന്നായിരുന്നു. മഹേഷ്‌ ശർമ്മ ഒരു പടികൂടി കടന്ന് കൊല നടത്തിയ ആൾക്കൂട്ടത്തെ അവരുടെ 'സംയമനത്തിന്റെ പേരിൽ' പ്രശംസിക്കുകകൂടി ചെയ്തു .അഖ് ലഖിന്റെ പതിനേഴുകാരിയായ മകളെ  ഒരു വിരൽ കൊണ്ട് പോലും അവർ ദ്രോഹിക്കാതെ വിട്ടതിനെയാണ്  'സംയമനം' എന്ന് വിശേഷിപ്പിച്ച് മന്ത്രി പ്രശംസിച്ചത് ! ഇൻഡ്യയുടെ ദൂഷിതമായ സംസ്കാരം വൃത്തിയാക്കുന്നതിനെക്കുറിച്ച് ആവർത്തിച്ചു പറയുന്ന സാംസ്കാരിക വകുപ്പ് മന്ത്രി സ്വന്തം മനസ്സിനെ ബാധിച്ച ബലാത്സംഗ സംസ്കാരം കഴുകി വൃത്തിയാക്കേണ്ട അവസ്ഥയിലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത് .
'ഗോവധ'ത്തെക്കുറിച്ച് പ്രകോപനപരമായി പ്രസംഗിച്ച് വെറുപ്പ്‌ പ്രചരിപ്പിക്കുന്നതിൽ എന്നും മുന്നിൽ  നില്ക്കുന്നത് മോദി തന്നെയാണ് .ബീഫും മാംസവും ഭക്ഷിക്കുന്ന ജനവിഭാഗങ്ങൾ ക്കെതിരായി
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത്തരം നിരവധി പ്രസംഗങ്ങൾ മോദി നടത്തിയിരുന്നു. മാംസ ഭക്ഷ്യ വ്യവസായത്തെ 'പിങ്ക് വിപ്ലവം' എന്ന് വിശേഷിപ്പിച്ചതും മൃഗങ്ങളെ കൊല്ലുന്നതും കൊലപാതകത്തിനു തുല്യമായ ഒരു കുറ്റകൃത്യമാണെന്ന് പ്രസംഗിച്ചു നടന്നതും മോദി യായിരുന്നു.
ഇൻഡ്യയെ പ്പോലുള്ള ഒരു വിശാലമായ രാജ്യത്തിൽ ജനങ്ങൾ വൈവിധ്യ പൂർണ്ണമായ ഭക്ഷണ സംസ്കാരം പുലർത്തുന്നത് ഒരു സാധാരണക്കാര്യമാണ്. ബീഫിനും  മറ്റ് മാംസാഹാരങ്ങൾക്കും  ഉള്ള ബ്രഹ്മണിക്കൽ -ഹിന്ദുത്വ വിലക്ക് രാജ്യത്തിലെ ജനതയിലാകമാനം അടിച്ചേൽപ്പിക്കാൻ ആണ് ബി ജെ പിയും സംഘപരിവാറും ശ്രമിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഒന്നൊന്നായി ഭക്ഷണവിലക്ക് ഏർപ്പെടുത്താനുള്ള ഈ ഫാസിസ്റ്റ്  നീക്കത്തെ എതിർക്കേണ്ടതുണ്ട്.
 സംഘ് പരിവാറിന്റെ ആസൂത്രിത നീക്കങ്ങളുടെ പശ് ചാത്തലത്തിൽ നോക്കുമ്പോൾ
യഥാർഥത്തിൽ ബീഫ് ഒരു നിമിത്തം മാത്രമാണ് . രാജ്യത്തിലെ മത ന്യൂനപക്ഷങ്ങൾക്കും ദലിത് ജനവിഭാഗങ്ങൾക്കും എതിരെ ഹിംസ അഴിച്ചു വിടാൻ അത് അവർ ഉപഗോഗിക്കുന്നു എന്ന് മാത്രമേയുള്ളൂ .
ഉത്തർ പ്രദേശ്‌ ഭരിക്കുന്ന സമാജ്‌വാദി പാർട്ടി സർക്കാരിന്റെ 'സെക്യുലർ' നാട്യങ്ങളുടെ പൊള്ളത്തരവും ദാദ്രി  സംഭവം വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.  ഈ നരനായാട്ട് തടയാൻ
യു പി പോലീസ് ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, വീട്ടുകാർ കഴിച്ചത് ബീഫ് ആയിരുന്നോ വേറെ ഏതെങ്കിലും മാംസം ആയിരുന്നോ എന്ന് അറിയാൻ അഖ് ലഖിന്റെ വീട്ടിലെ ഫ്രിഡ് ജിൽ സൂക്ഷിച്ചിരുന്ന മാംസം എടുത്ത് കൊണ്ടുപോയി ഫോറിൻസിക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ് പോലീസ് ചെയ്തത് .  വർഗീയ ഹിംസയുടെ ഇരകളുടെ മേൽ കുറ്റം ചാർത്താനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായിരുന്നു യു പി പോലീസിന്റെ ഈ പ്രവൃത്തി. മുസഫർനഗറിൽ മുസ്ലീങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്താൻ ജനങ്ങളെ ഇളക്കി വിടും വിധത്തിൽ കുപ്രസിദ്ധ മായ 'ലവ് ജിഹാദ് ' പ്രചാരണം നടത്തിയവരിൽ ഒരാളായ ബി ജെ പി എം എൽ എ സംഗീത് സോം പ്രകോപനപരമായ പ്രസംഗം നടത്താൻ ബിസഹ്ദാ ഗ്രാമത്തിലും എത്തി . കൊലയിൽ പങ്കെടുത്തവർ എന്ന നിലയിൽ ദാദ്രിയിൽ അറസ്റ്റു ചെയ്യപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ വർഗീയ ഹിംസ ഇനിയും ആവർത്തിക്കും എന്ന് ബി ജെ പി എം എൽ എ സംഗീത് സോം ഭീഷണി മുഴക്കി. വർഗീയ വിദ്വേഷ പ്രചാരണത്തിൽ അറിയപ്പെടുന്ന ഒരു ട്രാക്ക് റെക്കോർഡിന്റെ ഉടമയായ സംഗീത് സോമിനെ  144 -)0 വകുപ്പ് പ്രകാരമുള്ള പോലീസ്  നിരോധനാജ്ഞ ലംഘിച്ചു കൊണ്ട്   പ്രകോപനപരമായ പ്രസംഗം നടത്താൻ യു പി സർക്കാർ എന്തിന് അനുവദിച്ചു? അതും ഇത്രയും ഹീനമായ ഒരു വർഗീയ നരനായാട്ട് ആൾക്കൂട്ടം നടത്തിയ സ്ഥലത്ത്? മുസഫർ നഗർ സംഭവത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ ഇനിയും തയ്യാറായിട്ടില്ലാത്ത യു പി സർക്കാർ  ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനോ വർഗീയ ശക്തികളെ അമർച്ച ചെയ്യാനോ ഒരുക്കമല്ലെന്നാണ് ഇത് സ്പഷ്ടമായും നമുക്ക് കാണിച്ചുതരുന്നത് .
ദാദ്രിയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നതാണ് ഏറ്റവും ആശങ്കകൾ ഉണർത്തുന്ന കാര്യം. വളരെയധികം അസ്വാസ്ഥ്യം ഉണ്ടാക്കുന്നതും ആപൽക്കരവുമായ ഒരു മാതൃകയാണ് അതിലൂടെ മുന്നോട്ട് വെയ്ക്കപ്പെടുന്നത് . ദാദ്രി കൊലപാതകം നടന്നതിനു ഏതാനും ദിവസങ്ങൾ  മുൻപ്    ഒരു മുസൽമാനെതിരെ 'പാക്കിസ്ഥാനി ഭീകരൻ' എന്നാരോപിക്കുന്ന ഒരു ഊഹാപോഹം പ്രചരിപ്പിക്കപ്പെട്ട ഒറ്റക്കാരണത്താൽ  ജനക്കൂട്ടം അയാളെ കൊലചെയ്തു. ദാദ്രി ജില്ലയിൽത്തന്നെ ഈ വർഷം ആഗസ്തിൽ  മൂന്നു മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടു. അവർ 'പശുക്കളെ മോഷ്ടിക്കാൻ' നടക്കുന്നവരാണ്  എന്ന പ്രചാരണം അഴിച്ചു വിട്ടായിരുന്നു പ്രസ്തുത കൂട്ടക്കൊലനടത്താൻ ആൾക്കൂട്ടത്തെ സജ്ജരാക്കിയത്.  ഒരു ദലിതനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവവും കഴിഞ്ഞ വർഷം ആഗസ്തിൽ പശ്ചിമ ഉത്തർ പ്രദേശിനോട് തൊട്ടടുത്ത്‌ കിടക്കുന്ന ഡൽഹി യിലെ നജാഫ് ഗറിൽ  ഇതുപോലെ ഉണ്ടായി. കൊലയ്ക്ക് പ്രേരകമായ സംഗതിയായി ആദ്യം പ്രചരിച്ചത് അയാൾ 'പശുത്തോൽ പൊളിക്കുന്നത് കയ്യോടെ പിടിക്കപ്പെട്ടു' വെന്നാണ്; നഗരസഭാംഗം കൂടിയായ ഒരു പ്രാദേശിക ബി ജെ പി നേതാവിൽ നിന്നും പിന്നീട് ഉണ്ടായ ഭാഷ്യം പശുവിനെ മോഷ്ടിച്ച ഒരു മുസ്ലിം ആണെന്ന് ധരിച്ച് ആളുമാറി ദളിതൻ കൊലചെയ്യപ്പെട്ടതാണെന്നാണ് .
ഹിന്ദു സ്ത്രീകളുമായി സൗഹൃദം പുലർത്തിയെന്നോ പ്രേമിച്ചുവെന്നോ വിവാഹം കഴിച്ചുവെന്നോ ആരോപിച്ച്    രാജ്യത്തിന്റെ പലഭാഗത്തും മുസ്ലിം ചെറുപ്പക്കാർക്കെതിരെ സമീപ കാലത്ത് ആക്രമണങ്ങൾ നടന്നിട്ടുണ്ട് .നഗ്നരാക്കി നടത്തൽ, കഠിനമായ മർദ്ദനം എന്നിവ മുതൽ  തല്ലിക്കൊല്ലൽ വരെയുള്ള കൃത്യങ്ങൾ അവയിൽപ്പെടുന്നു.
 റാഞ്ചിയിലും ബനാറസിലും കഴിഞ്ഞ രണ്ടാഴ്ചകളിൽ സംഘ് പരിവാർ  വർഗീയ ധ്രുവീകരണവും സംഘർഷങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചു. വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ 'ലവ് ജിഹാദ് 'കെട്ടുകഥകൾ ഉണ്ടാക്കി തങ്ങൾ പ്രചരിപ്പിച്ചിരുന്നു വെന്ന് സംഘ് പരിവാർ നേതാക്കൾ കാമറയ്ക്കു മുന്നിൽ പറഞ്ഞത്  വെബ് പോർട്ടൽ ആയ കോബ്രാ പോസ്റ്റ്‌ ഇയ്യിടെ നടത്തിയ ഒരു 'സ്റ്റിംഗ് ഓപറേഷ'നു  ഇടയിലായിരുന്നു . 'ഹിന്ദുത്വ ഭീകരവാദം' വളർത്താൻ ആണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായി  മുസ്ലിങ്ങൾ കൊല്ലപ്പെടുമ്പോൾ ആഘോഷിക്കുന്നതും , തങ്ങളുടെ പരിശ്രമങ്ങൾ പാളിപ്പോവുമ്പോഴൊക്കെ ദുഃഖം തോന്നുന്നതും  സാധാരണ അനുഭവമാണെന്നും അവർ സാക്ഷ്യപ്പെടുത്തി.
2002-ൽ ഹരിയാനയിലെ ഝജ്ജാറിൽ അഞ്ചു ദലിതർ ഒരു ജനക്കൂട്ടത്താൽ കൂട്ടക്കൊല ചെയ്യപ്പെട്ടത് അവർ ഒരു പശുവിനെ കൊന്നതായ ആരോപണം പ്രചരിപ്പിച്ചതിനേത്തുടർന്ന് ആയിരുന്നു. ഒരു പശുവിന്റെ ജീവനേക്കാൾ വില കുറഞ്ഞതാണോ ദലിതരുടെ  ജീവൻ എന്ന  മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വി എച് പി നേതാവായ ഗിരിരാജ് കിഷോർ നല്കിയ മറുപടി 'പശുവിന്റെ ജീവൻ വിലമതിക്കാനാവാത്തവണ്ണം അമൂല്യമെന്ന്  വേദങ്ങളിൽ പറയുന്നുണ്ട്' എന്നായിരുന്നു.
കൊലയാളികളായി മാറുന്ന ഈ ആൾക്കൂട്ടങ്ങൾ 'ഊഹാപോഹങ്ങൾ' കേട്ട് സ്വാഭാവികമായി ഇള കുന്നവരല്ല. നേരെ മറിച്ച് , ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ ഊടും പാവും തീർക്കുന്ന ഓരോ ഇഴയിലും വർഗീയ വിഷം കുത്തി വെയ്ക്കാനുള്ള ബൃഹത്തായ ഒരു പദ്ധതിയിലെ കണ്ണികൾ മാത്രമാണ് അവർ. ഈ വർഗീയ വിഷവ്യാപനത്ത്തിന്റെ പിന്നിലുള്ള ലക്‌ഷ്യം ഒരു മതേതര രാജ്യമെന്ന നിലയിൽ നിന്നും ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ പരിവർ ത്തിപ്പിക്കാനുള്ള ബി ജെ പിയുടെയും സംഘ് പരിവാറിന്റെയും പരസ്യമായ അജണ്ടയെ സഹായിക്കുന്ന ഒരു രാഷ്ട്രീയത്തെ പോഷിപ്പിക്കുകയാണ്.
തന്റെ വിദേശയാത്രകൾക്കിടയിൽ നടത്തിയ പല പ്രസംഗങ്ങളിലും പ്രധാനമന്ത്രി മോദി തന്നെ ഇൻഡ്യയുടെ മതേതര പദവിയേയും മതേതരത്വ മൂല്യങ്ങളേയും അവമതിക്കും വിധത്തിൽ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ബീഫും മാംസാഹാരവും കഴിക്കുന്നവർ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് പറയുന്ന മോദി  ആൾക്കൂട്ടം ഒരു മനുഷ്യനെതല്ലിക്കൊല്ലുന്നത് കൊലപാതകം ആണെന്ന്  അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ്  പ്രശ്നം. ദാദ്രിയിൽ നടന്ന വർഗീയ നരനായാട്ടിനെക്കുറിച്ച് ഇനിയും വാ തുറന്നു സംസാരിക്കാൻ രാജ്യത്തിന്റെ പ്രധാന മന്ത്രി തയ്യാറല്ലാതിരിക്കെ, വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വർഗീയ ഹിംസയുടെയും ആയ സ്വന്തം രാഷ്ട്രീയത്തിന് പിന്തുണ നല്കാൻ നിർലജ്ജമായി ലോകത്തോട്‌ ആവശ്യപ്പെടാൻ അദ്ദേഹത്തിനു മടിയില്ല .

No comments:

Post a Comment