Tuesday, 21 March 2017


സമാജ് വാദി പാർട്ടി  മാതൃക മുന്നോട്ടു വെച്ച
'മതേതരത്വ ' വും ഹിന്ദുത്വവാദ  ചങ്ങാത്തവും  ഒരു ചൂണ്ടുപലകയാണ്: 
ഉത്തർ പ്രദേശ്  2007 / 2017

(ലിബറേഷൻ മാസിക , 2007 മാർച്ച് ലക്കത്തിൽ  പ്രസിദ്ധീകൃതമായ ഒരു റിപ്പോർട്ട് ആസ്പദമാക്കി  സി പി ഐ (എം എൽ) ലിബറേഷൻ 
പോളിറ്റ് ബ്യൂറോ അംഗം സഖാവ് കവിതാ കൃഷ്ണൻ  ഫേസ് ബുക്കിൽ 
21 -03 -2017 ന് പ്രസിദ്ധീകരിച്ച  കുറിപ്പ് അവലംബം )


ത്തുവർഷങ്ങൾ മുൻപ് യു പി യിൽ  മുലായം സിംഗ് നേതൃത്വം വഹിച്ച സമാജ്‌വാദി പാർട്ടി സർക്കാർ സംഘപരിവാർ ശക്തികളെ എങ്ങിനെയെല്ലാമാണ് സഹായിച്ചിരുന്നത് എന്ന് സി പി ഐ (എം എൽ ) പ്രസിദ്ധീകരണമായ ലിബറേഷൻ മാസിക മാർച്ച് ലക്കം ,2007 പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് തുറന്നുകാട്ടിയിരുന്നു.
അന്ന് മുസ്ലിംവിരുദ്ധ വർഗ്ഗീയ ആക്രമണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയ ആദിത്യനാഥിനെ അറസ്ററ് ചെയ്തതിന്റെ പേരിൽ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന ഹരി ഓമിനെ യു പി ഗവണ്മെന്റ് സ്ഥലം മാറ്റിക്കൊണ്ട് ശിക്ഷിക്കുകയായിരുന്നു. സംഘ് പരിവാർ ശക്തികളെ മുലായം സിംഗ് സർക്കാർ  പലതരത്തിലും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് മാത്രമല്ല,  അവരുടെ പ്രവർത്തനങ്ങൾക്കു പൊതു ഖജനാവിൽ നിന്നും പണം അനുവദിക്കുന്നതിന് പോലും ഒരു സങ്കോചവും കാട്ടിയില്ല. 'മിയാ(മുസ്ലീം) മുലായം' എന്നു സംഘികൾ പരിഹാസപൂർവ്വം വിളിക്കുന്ന മുലായമിൽനിന്നു മോദിയെ ഗാഢമായി ആശ്ലേഷിക്കുന്ന മുലായമിലേക്ക്‌ അത്രയൊന്നും ദൂരം ഇല്ല എന്ന വസ്തുത കണക്കിലെടുത്താൽ ,  ഉത്തർ പ്രദേശ്  സമാജ് വാദി പാർട്ടിയുടെ 'മതേതര' ഭരണത്തിൽ ആയിരുന്ന കാലത്തെക്കുറിച്ചു ഗൃഹാതുരയോടെ ചർച്ച ചെയ്യുന്നത് ഒരു വൃഥായത്നമായിരിക്കും .മുലായമിന് ശേഷം വന്ന സമാജ്‌വാദി പാർട്ടി ഗവണ്മെന്റിനെ നയിച്ച അഖിലേഷ് യാദവിന്റെ നയങ്ങളും  മേൽ പറഞ്ഞതുപോലയുള്ള വിഷയങ്ങളിൽ ഒട്ടും വ്യത്യസ്തത പുലർത്തിയില്ല.
2013 ൽ മുസഫർനഗറിൽ കലാപം അഴിച്ചുവിട്ട ഹിന്ദുവർഗ്ഗീയ വാദികളെ തടയാൻ ഒരു ശ്രമവും നടത്താതെ കയ്യും കെട്ടി നോക്കിയിരുന്ന  അഖിലേഷ് യാദവിന്റെ ഗവണ്മെന്റും കാട്ടിത്തന്നത്  എന്തുമാത്രം കാമ്പില്ലാതേയും അവസരവാദപരവും ആയിട്ടാണ് ഇത്തരം ശക്തികൾ 'മതേതര' രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് എന്നാണ്.

## അടുത്തകാലത്ത് ഗോരഖ്പൂരും സമീപസ്ഥമായ ഒരു ഡസനോളം ജില്ലകളും പാർലമെന്റംഗമായ യോഗി ആദിത്യനാഥും അനുയായികളും ഇളക്കിവിട്ട വർഗ്ഗീയ ലഹളകളുടെ പിടിയിൽ അമർന്നിരിക്കുകയാണ്.  യോഗി ആദിത്യനാഥ്  ഈ മേഖലയിൽ   ഹിന്ദുത്വവാദികളുടെ  കടന്നാക്രമണങ്ങളുടെ പുതിയ പ്രതീകം ആയി മാറിയിരിക്കുന്നു. ഹിന്ദു യുവാവാഹിനി എന്ന പേരിലുള്ള ഫാസിസ്ററ് പാരാട്രൂപ്പർമാരുടെ സംഘം കഴിഞ്ഞ ഒരു ദശവർഷത്തിലേറെയായി ഈ പ്രദേശത്ത് ജീവിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങളെ തങ്ങളുടെ ആക്രമണ ലക്ഷ്യമാക്കിവരുന്ന ഒരു സാഹചര്യത്തിൽ   ഗോരഖ്‌പൂർ ജില്ലാ മജിസ്ട്രേട്ടും സഹഉദ്യോഗസ്ഥരും അവരെ അറസ്റ്റ് ചെയ്തുവെങ്കിലും, മുലായം സിംഗ് സർക്കാർ ഈ ഉദ്യോഗസ്ഥരെ  സസ്‌പെൻഡ് ചെയ്തും സ്ഥലം മാറ്റിയും ശിക്ഷിക്കുകയായിരുന്നു. 
മുഖ്യമന്ത്രി മുലായം സിംഗ് മാറ്റിനിയമിച്ച  ജില്ലാ മജിസ്‌ട്രേറ്റ് ചുമതല ഏറ്റെടുത്ത ഉടൻ യോഗിയുടെ കൂടിക്കാഴ്ച നടത്താൻ ജെയിൽ സന്ദർശിക്കുകയുണ്ടായി.  ഈ നടപടികളെല്ലാം വർഗീയ ശക്തികൾക്ക് പ്രോത്സാഹനം നൽകുന്നതായിരുന്നു. മുസ്ലീങ്ങൾക്കെതിരെ ആദ്യം തുടങ്ങിയ ചെറിയ തോതിലുള്ള ആക്രമണങ്ങൾ ക്രമേണ ബസ്തി, ഖുശി നഗർ, ദിയോരിയ തുടങ്ങിയ പ്രദേശങ്ങളിലും മറ്റിടങ്ങളിലും വ്യാപകമായി. 
'ലഹളകൾ' നിയന്ത്രിക്കുന്നതിന്റെ പേര് പറഞ്ഞു മുലായം സർക്കാർ ഈ പ്രദേശങ്ങളിലെല്ലാം നിയോഗിച്ചത് ന്യൂനപക്ഷങ്ങൾക്കെതിരായ പക്ഷപാതത്തിന് കുപ്രസിദ്ധി നേടിയ പി എ സി യെയായിരുന്നു. ഹിന്ദു യുവാ വാഹിനിയുടെ അക്രമിസംഘങ്ങൾ മുസ്ലീങ്ങളുടെ വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും കൊള്ളയടിച്ചതും തീവെച്ചതും പി എ സി യുടെ ഒത്താശയോടെയായിരുന്നു. പി എ സി യെ നിയോഗിച്ചതിനു ശേഷമാണ് ഖുശി നഗർ ജില്ലാ ആസ്ഥാനമായ പദ്രൗനായിൽ ആക്രമണങ്ങൾ  നടന്നതെന്നും, മുസ്ലീങ്ങളുടെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കാനും തീവെക്കാനും ആൾക്കൂട്ടത്തെ പി എ സി ഇളക്കിവിടുക പോലും ചെയ്‌തു എന്നും സി പി ഐ (എം എൽ) വസ്തുതാന്വേഷണ സംഘം കണ്ടെത്തി. മറ്റു പല സ്ഥലങ്ങളിലും ഇതേ മാതൃകയിൽ ആക്രമണങ്ങൾ നടന്നിരുന്നതായും പ്രസ്തുത സംഘം ചൂണ്ടിക്കാട്ടി.     
നേരത്തെ മൗ എന്ന സ്ഥലത്ത് നിരപരാധികളായ അര ഡസൻ ആളുകൾ വർഗ്ഗീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ 72 മണിക്കൂറോളം ഒരു നടപടിയും സ്വീകരിക്കാതെ വെറുതേ നോക്കിനിൽക്കുകയായിരുന്നു മുലായമിന്റെ ഗവണ്മെന്റ്. മൗ വിൽ ഹിന്ദുക്കളെ മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്തുവെന്ന് ആർ എസ്സ് എസ്സും ബിജെപിയും തെറ്റായ വാർത്ത പ്രചരിപ്പിച്ചു ആളുകളെ ഇളക്കിവിട്ടപ്പോൾ മുലായം സർക്കാർ ആ വാർത്തയുടെ കള്ളത്തരവും ദുഷ്ടലാക്കും തുറന്നുകാട്ടാൻ ഒന്നും ചെയ്തില്ല. മൗ വർഗീയ ലഹളയിലും പ്രധാന പങ്ക് വഹിച്ചത് ഹിന്ദു യുവാവാഹിനിയായിരുന്നുവെന്ന  സത്യം പുറത്തുവന്നത് പിന്നീടായിരുന്നു.   
 വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ യു പി യിലെ മുസ്ലീങ്ങളുടെ രക്ഷകനായി മുലായമിനെ സങ്കൽപ്പിക്കുന്നവരെ ഒരു പക്ഷെ ഞെട്ടിപ്പിച്ചേക്കാവുന്ന ഒരു സംഗതിയുണ്ട്. 2007 ഫെബ്രുവരി 11-13 തീയ്യതികളിൽ അലഹബാദിൽ സന്തുകളുടെ ഒരു സമ്മേളനം സംഘടിപ്പിക്കാൻ വിശ്വ ഹിന്ദു പരിഷത്തിന് മുലായം സർക്കാർ പൊതുഖജനാവിൽ നിന്ന് എടുത്തുകൊടുത്തത് എട്ടു കോടി രൂപയായിരുന്നു. 'സന്ത്‌ സമ്മേളന'ങ്ങളുടെ മറവിൽ വി എച് പിയുടെ ഫാസ്സിസ്റ്റ് പ്രോപഗാൻഡയ്ക്ക് സഹായകമായ പോസ്റ്ററുകളും കൂറ്റൻ ഹോർഡിങ്ങുകളും നിർമ്മിക്കാൻ സർക്കാർ പൊതു ഖജനാവ്    
ദുരുപയോഗം ചെയ്തതിനെതിരെ അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു പൊതുതാൽപ്പര്യ ഹരജി ഇപ്പോഴും തീർപ്പ്കാത്ത് കിടക്കുകയാണ്. പ്രസ്തുത ഹരജിയിൽ ആവശ്യപ്പെടുന്നത് യു പി സർക്കാർ പൊതുഖജനാവില്നിന്നും  നൽകിയ തുക വി എച് പി യില്നിന്നും തിരിച്ചു ഈടാക്കാനാൻ കോടതി ഉത്തരവാകണം എന്നാണ്.
     2007 ഫെബ്രുവരിയിൽ ലക്‌നൗ വിൽ ബി ജെ പിയുടെ നാഷണൽ എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ ബി ജെ പി നേതാക്കൾക്ക് 'ഔദ്യോഗിക അതിഥി' (സ്റ്റേറ്റ് ഗസ്റ്റ്) പദവി നൽകി    സമാജ്‌വാദി പാർട്ടിയുടെ സർക്കാർ ആദരിച്ചു. ആഡംബര ഹോട്ടലുകളിൽ പാർപ്പിച്ചതടക്കം എല്ലാ ചെലവുകളും പൊതുഖജനാവിൽനിന്ന് നിറവേറ്റിക്കൊടുത്തത് ഇതേ 'മതേതര' യു പി ഭരണ കൂടമായിരുന്നു. ഇതിൽനിന്നെല്ലാം ലഭിക്കുന്നത് സമാജ്‌വാദി പാർട്ടിയും ബി ജെ പിയും തമ്മിൽ നിലനിൽക്കുന്ന തന്ത്രപരമായ ബന്ധങ്ങളുടെ വ്യക്തമായ ചില സൂചനകൾ ആണ്. പ്രസ്തുത ലക്‌നൗ നാഷണൽ എക്സിക്യൂട്ടീവ് സമ്മേളനം ബി ജെ പി യെ സംബന്ധിച്ചിടത്തോളം ആക്രമണോല്സുകമായ  ഹിന്ദുത്വ അജൻഡയിലേക്ക് 'തിരിച്ചു പോകാനുള്ള' സുപ്രധാനമായ ഒരു കാൽവെപ്പായിരുന്നു എന്നതും അവഗണിക്കാനാവില്ല.           
 മുസ്‌ലിം വിരുദ്ധ വർഗ്ഗീയതയും വിദ്വേഷവും ആളിക്കത്തിക്കുക എന്ന  ലക്ഷ്യത്തോടെ രാമക്ഷേത്രം, 'മുസ്‌ലീം പ്രീണനം', ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ  യുക്തിരഹിതമായ വാദങ്ങളോടെ ആവർത്തിച്ചുപയോഗിക്കുന്ന ബി ജെ പി  മുഖ്യമന്ത്രിപദത്തിന് യോഗ്യൻ എന്ന നിലയിൽ അവതരിപ്പിക്കുന്നതു മുസ്‍ലീം സമുദായത്തിന്നെതിരെ  വിദ്വേഷത്തിന്റെ കടുത്ത ഭാഷ ഉപയോഗിക്കുന്ന    കല്യാൺ സിംഗ് ആണ്. ## 

No comments:

Post a Comment