Saturday 16 September 2017



ഗൗരി ലങ്കേഷിന്റെ രക്തസാക്ഷ്യം

ഒരിയ്ക്കലും വൃഥാവിലാവില്ല

നിർഭയമായ പത്രപ്രവർത്തനത്തിനും പുരോഗമനപരമായ സാമൂഹ്യ ഇടപെടലുകൾക്കും മാതൃകയായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ സെപ്റ്റംബർ 5 നു വൈകുന്നേരം ബാംഗ്ളൂരിൽ രാജരാജേശ്വരി നഗറിലെ അവരുടെ വസതിയ്ക്കു മുന്നിൽ ഘാതകരുടെ വെടിയുണ്ടകളേറ്റ് മരിച്ചുവീണു. ഗൗരി ലങ്കേഷ് പത്രികെ എന്ന പേരിൽ തന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകൃതമായിരുന്ന കന്നഡ ടാബ്ലോയിഡിന്റെ ജോലികൾ അടക്കമുള്ള തിരക്കുപിടിച്ച ജോലികൾക്കു ശേഷം വീട്ടിൽ പ്രവേശിക്കാൻ ഇരിക്കേയായിരുന്നു അതി പൈശാചികമായ ഈ കൊല  നടന്നത്. വർഗീയ വിദ്വേഷത്തിനും ജാതീയ മർദ്ദനത്തിനും മറ്റെല്ലാവിധമുള്ള സാമൂഹിക അനീതികൾക്കുമെതിരായ ശക്തമായ ശബ്ദമായിരുന്നു കന്നഡയിൽ ഏറെ വായിക്കപ്പെടുന്ന ഗൗരിയുടെ പ്രസിദ്ധീകരണം. മനുഷ്യാവകാശങ്ങളുടേയും സാമൂഹ്യ നീതിയുടേയും സമര  വേദികളിൽ വിശ്രമമില്ലാത്ത ഒരു പോരാളിയായിരുന്ന ഗൗരി കൊല്ലടുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് പോലും വർഗീയതയ്‌ക്കെതിരായ ഒരു കൺവെൻഷനിൽ പങ്കെടുത്തിരുന്നു. സംഘപരിവാർ ചിട്ടയായി വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിച്ചും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചും ഏതെല്ലാം വിധത്തിലാണ് സാമുദായികധ്രുവീകരണവും വിദ്വേഷത്തിന്റെ രാഷ്ട്രീയവും വളർത്തിക്കൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ചാണ് ഗൗരി തന്റെ  പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയ അവസാനത്തെ എഡിറ്റോറിയൽ.

ഗൗരി ലങ്കേഷ് വധം നടന്ന രീതിയ്ക്ക് സമീപകാലത്ത് കർണ്ണാടകയിലും മഹാരാഷ്ട്രയിലും ആയി നടന്ന എം എം കൽബുർഗി ,നരേന്ദ്ര ധാബോൽക്കർ ,ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങൾ നടത്തപ്പെട്ട രീതിയുമായി വളരെ ഏറെ സാമ്യം ഉണ്ട്. ഗോവ ആസ്ഥാനമായുള്ള സനാതൻ സംസ്ഥാ എന്നു പേരായ  തീവ്ര ഹിന്ദുത്വവാദികളുടെ ഒരു ഗ്രൂപ്പിന് മുൻപ് നടന്ന മൂന്നു കൊലപാതകങ്ങളിലും പങ്കുള്ളതായ സൂചനകൾ ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നുവെങ്കിലും, സംശയിക്കപ്പെടുന്ന മുഖ്യപ്രതികൾ മിക്കവരും ഇന്ന് ഒളിവിൽ കഴിയുകയാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതക വാർത്ത രാജ്യമാകെ ഞെട്ടലോടെ ശ്രവിച്ച അതേ മുഹൂർത്തങ്ങളിലാണ്   സംഘി-ബി ജെ പി ട്രോൾ സേനകൾ സോഷ്യൽ മീഡിയയിൽ ഈ വധത്തെ ആഘോഷിച്ചത്. ഇങ്ങനെ ആഘോഷിക്കുന്നതിനെതിരെ പ്രതികരിച്ച വാർത്താവിതരണ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിന് പോലും പ്രസ്തുത സംഘങ്ങളുടെ എതിർപ്പ് നേരിടേണ്ടിവന്നു. പ്രസ്തുത കൊലയിൽ സംഘ പരിവാറിന് ഉണ്ടാവാൻ സാധ്യതയുള്ള പങ്ക് സൂചിപ്പിച്ച പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്ക്  വക്കീൽ നോട്ടീസ് അയച്ചു ബി ജെ പി യുടെ കർണ്ണാടക ഘടകം ഭീ ഷണിപ്പെടുത്തിയിരിക്കുന്നു. അതിനിടെ, കർണ്ണാടകയിലെ ബി ജെ പി എം എൽ എയായ ജീവരാജ്‌ നടത്തിയ ഒരു പ്രസ്താവനയിൽ പറഞ്ഞത് ആർ എസ് എസ്സിന്നെതിരെ എഴുതിയില്ലായിരുന്നില്ലെങ്കിൽ ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നാണ് !
എന്നാൽ, ഗൗരി ഈ അപകടത്തെക്കുറിച്ച് എപ്പോഴും ബോധവതിയായിരുന്നു. 2008 ലും 2016 നവമ്പറിലും തന്റെ 'പത്രികെ' യിൽ പ്രസിദ്ധീകരിച്ച ചില സ്റ്റോറികളെ ത്തുടർന്ന് ധാർവാഡിലെ ബി ജെ പി എം പി ആയ പ്രഹ്ലാദ് ജോഷിയും അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആയ ഉമേഷ് ദുഷിയും കൊടുത്ത മാനനഷ്ടക്കേസ്സിൽ വടക്കൻ കർണ്ണാടകത്തിൽപ്പെട്ട ഹുബ്ബളിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഗൗരിക്കെതിരേ ശിക്ഷ വിധിച്ചിരുന്നു. ഈ വിധി  മേൽക്കോടതിയിൽ ചോദ്യം ചെയ്യുന്ന ഒരു അപ്പീൽ അവർ ഫയൽചെയ്തിരുന്നു. ഗൗരിയേയും ഒപ്പം രാജ്യത്തെങ്ങുമുള്ള നിർഭയരായ  പത്രപ്രവർത്തകരേയും കോടതി കയറ്റിയും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിൽ ബി ജെ പി ഈ കേസ് ഉപയോഗിച്ചിരുന്നു വെങ്കിലും,  അതുകൊണ്ടൊന്നും ഭയന്ന് പിന്മാറാൻ ഗൗരി കൂട്ടാക്കിയില്ല. കൽബുർഗിയുടെ വധം താനടക്കമുള്ളവർക്കുള്ള സന്ദേശമാണെന്ന് അവർക്കു നന്നായറിയാമായിരുന്നു. ന്യൂസ് ലോൺഡ്രി എന്ന ഒരു വാർത്താമാധ്യമത്തിൽ  2016  നവംബറിൽ പ്രസിദ്ധീകൃതമായ ഒരഭിമുഖത്തിൽ ഗൗരി ഇങ്ങനെ പറഞ്ഞു: "അവരുടെ പ്രത്യയശാസ്ത്രത്തേയോ   രാഷ്ട്രീയത്തേയോ എതിർക്കുന്നവരെ കൊന്നാൽ അഭിനന്ദിക്കുകയും , മരണപ്പെട്ടാൽ ആഘോഷിക്കുകയും ചെയ്യാൻ ഹിന്ദുത്വവാദികൾ ഒട്ടും മടികാട്ടാത്ത ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ കർണ്ണാടകത്തിൽ  ജീവിക്കുന്നത്. എം എം കൽബുർഗിയുടെ കൊലപാതകം നടന്നപ്പോഴും ഡോ . യു ആർ അനന്തമൂർത്തി മരണപ്പെട്ടപ്പോഴും ഉണ്ടായ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. എന്നെയും ഏതെങ്കിലും വിധത്തിൽ നിശ്ശബ്ദയാക്കാൻ ഇതേയാളുകൾ ശ്രമിക്കുകയാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോൾ അവരെക്കുറിച്ചു ഞാൻ എടുത്തുപറയുന്നത്‌ "
ജാതീയ സങ്കുചിതത്വത്തേയും പീഡനങ്ങളേയും നിലനിർത്തുന്ന ശക്തികളുമായും ഗൗരി കടുത്ത പോരാട്ടത്തിൽ ആയിരുന്നു.  സമഭാവനയിലും പുരോഗമന ചിന്തയിലും അധിഷ്ഠിതമായ ബസവണ്ണയുടേയും  അംബേദ്കറിന്റേയും പാരമ്പര്യങ്ങളെ ബോധപൂർവ്വം വികലമാക്കി ഈ ബിംബങ്ങൾ സംഘ് പരിവാറിന് അനുകൂലമാക്കിത്തീർക്കാനുള്ള ശ്രമങ്ങളെ ഗൗരി ധൈര്യപൂർവ്വം തുറന്നു കാട്ടുകയും എതിർക്കുകയും ചെയ്തിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകയിൽ വീര ശൈവ പ്രസ്ഥാനകാലത്ത് തന്റെ പ്രശസ്തമായ വചന കാവ്യങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ നേടിയ അക്കാ മഹാദേവിയുമായി പ്രൊഫസ്സർ കാഞ്ചാ ഇലയ്യ  ഗൗരിയെ താരതമ്യം ചെയ്തിട്ടുണ്ട് .ബഹുമുഖമായ പോരാട്ടവേദികളിലൂടെയും ധീരമായ പത്രപ്രവർത്തനത്തിലൂടെയും സ്വാതന്ത്ര്യത്തിന്നും  ജനാധിപത്യത്തിന്നും സാമൂഹ്യ നീതിയ്ക്കും സാമുദായികസാഹോദര്യത്തിനും വേണ്ടി  ജീവത്യാഗം ചെയ്ത ഗൗരിയുടെ രക്തസാക്ഷിത്വം  എന്നെന്നും ഓർമ്മിക്കപ്പെടും .  
ഗൗരി ലങ്കേഷ് അവശേഷിപ്പിച്ചു പോയ ഉജ്ജ്വലമായ മാതൃകയ്ക്ക് അഭിവാദ്യം അർപ്പിക്കുമ്പോൾത്തന്നെ,  അവരുടെ രക്തസാക്ഷിത്വം ഈ കൊലപാതകം ആഘോഷിക്കുന്ന സംഘ്- ബി ജെ പി ശക്തികൾക്കും സംഘപരിവാർ പദ്ധതികൾക്കും കനത്ത തിരിച്ചടിയായിത്തീരാൻപോകുന്നത് കാണേണ്ടതുണ്ട്. ആശയ രംഗത്തെ തങ്ങളുടെ എതിരാളികളെ  കൊലപാതകങ്ങളിലൂടെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചതിന്   സംഘപരിവാറിന്റെ  ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്. സ്വതന്ത്ര ഇന്ത്യ     യുടെ  ചരിത്രത്തിൽ ആർ എസ് എസ് അതിന്റെ പോക്ക് എങ്ങോട്ട് എന്ന്   അടയാളപ്പെടുത്തിയതുതന്നെ ഗാന്ധിവധത്തിലൂടെയായിരുന്നു. ഗാന്ധിയുടെ കൊലപാതകം സാധ്യമാക്കിയ അന്തരീക്ഷം രൂപപ്പെടുത്തിയതിൽ ആർ എസ് എസ്സിനും ഹിന്ദു മഹാ സഭയ്ക്കും ഉള്ള ഉത്തരവാദിത്വം നിഷേധിക്കാനാവാത്തതാണെന്നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ്  ഭായ് പട്ടേൽ പ്രസ്താവിച്ചു; തുടർന്ന് ആർ എസ് എസ്സിനെ നിരോധിക്കുന്ന ഉത്തരവ് ഇറക്കുകയാണ്  അദ്ദേഹം ചെയ്തത്.

എഴുപത് വർഷങ്ങൾക്കു ശേഷം,  ഒന്നിന് പിറകെ മറ്റൊന്നായി കൊലപാതകങ്ങൾ അരങ്ങേറുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ അന്തരീക്ഷം മാറ്റിത്തതീർക്കാനുള്ള ഒരു നിർണ്ണായകമായ വെല്ലുവിളിയുടെ രൂപത്തിൽ പ്രശ്‌നത്തെ വീണ്ടും നാം  അഭിമുഖീകരിക്കുകയാണ്. ബി ജെ പി അധികാരത്തിൽ ഇല്ലാത്ത മറ്റൊരു രാഷ്ട്രീയ സാഹചര്യം ആയിരുന്നുവെങ്കിൽ ആർ എസ് എസ്സും അതിന്റെ അനുബന്ധ സംഘടനകളും നിരോധിക്കപ്പെടുകപോലും ചെയ്യുന്ന ഒരു സന്ദർഭം ആണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേന്ദ്രത്തിൽ  അധികാരത്തിലിരിക്കുന്ന ബി ജെ പിയുടെ സംരക്ഷണത്തിൽ ആർ എസ് എസ്സ് ഒരു നിയമവും തങ്ങൾക്കു ബാധകമല്ലെന്ന  നിലയിൽ അതിന്റെ വിദ്വേഷ അജൻഡ നടപ്പാക്കിവരികയാണിന്ന്. . അതുകൊണ്ടുതന്നെ ഗൗരി ലങ്കേഷിന്റെ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നതും, അവരെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ നേരിടുക  എന്നതും ഇന്ന് അതീവ ദുഷ്കരമായ ഒരു പോരാട്ടത്തിന്റെ പ്രശ്നം ആണ്. ഇത്രയേറെ പ്രതികൂലതകളെ നേരിടുമ്പോഴും,  ഇന്ത്യൻ ജനത  ഇന്ന് രാജ്യമൊട്ടുക്കും ഫാസിസ്റ്റു ശക്തികൾക്കെതിരെ ജനാധിപത്യത്തിന്റെ അന്തിമ വിജയത്തിന്റെ വ്യക്തമായ സൂചനകൾ ഉയർത്തുന്ന   പോരാട്ടങ്ങളുടെ   അദ്ധ്യായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ  രോഷം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങൾ മുതൽ ജെ എൻ യു വിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെയും എതിരായി മോദി സർക്കാർ കൈക്കൊണ്ട ദ്രോഹകരമായ നയങ്ങൾക്കെതിരെ ജെ എൻ യു വിദ്യാർത്ഥികൾ നൽകിയ ഉറച്ച തെരഞ്ഞെടുപ്പ് വിധിയും വരെ അതിന്റെ ഉദാഹരണങ്ങളാണ്. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ നേട്ടങ്ങൾ സുദൃഢീകരിക്കാനും കൂടുതൽ  വിപുലപ്പെടുത്താനും ഐക്യപ്പെടുക  മുന്നോട്ടുവരിക എന്നതാണ് രാജ്യത്തിലെ എല്ലാ പുരോഗമന ശക്തികളുടെയും മുന്നിൽ ഇന്നുള്ള  അടിയന്തര കടമ.

No comments:

Post a Comment