Tuesday 26 October 2021

 പ്രസ്താവന

എരുമേലി, 22 -10 -2021

- കൂട്ടിക്കൽ- കൊക്കയാർ പ്രളയ ദുരിതബാധിതരെ അടിയന്തരമായി പുനരധിവസിപ്പിക്കുക - മരണപ്പെട്ടവരുടെ ഉറ്റവർക്ക് മതിയായ ആശ്വാസധനം നൽകുക
- കാലാവസ്ഥാവ്യതിയാന ദുരന്തങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വികസന അജണ്ട ശാസ്ത്രീയമായി പുനർനിർണ്ണയിക്കുക*
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ ഗ്രാമങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ അതിവര്ഷത്തെത്തുടർന്നു ഒരേ സമയത്ത് പലയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ഇരുപത്തിമൂന്ന് പേരുടെ ജീവനും നൂറുകണക്കിന് ജനങ്ങളുടെ സ്വത്തും ഇല്ലാതാക്കിയ മഹാദുരന്തമായി അത് മാറുകയും ചെയ്തു. രണ്ടു ജില്ലകളിലാണെങ്കിലും ഭൂപ്രകൃതിയനുസരിച്ചു ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് ഒക്ടോബർ 16 നു ശനിയാഴ്ച ഉണ്ടായ ദുരന്തത്തിൽ കാണാതായവരിൽപ്പെട്ട ഒരു സ്ത്രീയുടേ തെന്ന് കരുതുന്ന മൃതദേഹം മൈലുകൾക്കപ്പുറത്ത് രക്ഷാപ്രവർത്തകർക്ക്‌ മണ്ണിനടിയിൽനിന്നും പുറത്തെടുക്കാൻ കഴിഞ്ഞത് ആറുദിവസത്തെ തെരച്ചിലിന് ഒടുവിൽ ആയിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും,മലപ്പുറത്തെ കവളപ്പാറയിലും ഇടുക്കിയിലെ മൂന്നാറിനടുത്ത് പെട്ടിമുടിയിലും ആയി 2018 ,2019 വർഷങ്ങളിൽ ആഗസ്ത് മാസത്തിൽ വലിയതോതിൽ ജീവാപായം ഉണ്ടാക്കിയ മലയിടിച്ചിലുകളിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ ഉണ്ടായ പ്രളയക്കെടുതികളിലുമായി അഞ്ഞൂറോളം പേർ മരണപ്പെടുകയും അതിലേറെപ്പേർക്ക് പാർപ്പിടങ്ങളും കൃഷിഭൂമിയും നഷ്ടപ്പെടുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം നിമിത്തമുള്ള ദുരന്തങ്ങൾ സംസ്ഥാനത്ത് ഓരോ വർഷവും ആവർത്തിക്കപ്പെടുന്ന അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
2021 ഒക്ടോബർ 16 ന് ഉണ്ടായ കൊക്കയാർ- കൂട്ടിക്കൽ ദുരന്തത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മണിമലയാറിന്റെ ഇരു കരകളിലുമായി സ്ഥിതിചെയ്തിരുന്ന ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ ഉരുൾ പൊട്ടൽ- പ്രളയക്കെടുതികളുടെ ചിത്രമാണ്. കൂട്ടിക്കൽ മുതൽ മുണ്ടക്കയം വരെയുള്ള 12 കിലോമീറ്റർ ഭാഗത്ത് നദീതീരത്ത് സ്ഥിതിചെയ്തിരുന്ന വീടുകളും മറ്റു കെട്ടിടങ്ങളും പൂർണ്ണമായി തകർന്ന അവസ്ഥയിൽ ആണ്.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ഫലങ്ങൾ കേരളത്തിൽ അനുഭവപ്പെടാൻ തുടങ്ങിയിട്ടും ദുരന്തങ്ങളുടെ ആഘാതങ്ങൾ കുറയ്ക്കാനുള്ള ഫലവത്തായ കരുതൽ നടപടികൾക്ക് സംസ്ഥാനത്തിന്റെ ആസൂത്രണ - വികസന നയങ്ങളിൽ ഇനിയും അർഹിക്കുന്ന മുൻഗണന ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് അതിവർഷമോ മേഘവിസ്ഫോടനമോ മൂലം ഗ്രാമങ്ങൾ ഒന്നാകെ തൂത്തുമാറ്റപ്പെടുകയാണ് .
2021 ഒക്ടോബറിൽ മാത്രം പ്രകൃതിദുരന്തങ്ങളിൽ ഇതേവരെ സംസ്ഥാനത്തു നാൽപ്പതിൽ അധികം പേർക്ക് ജീവഹാനി സംഭവിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഉറ്റവർക്കും സർവ്വസ്വവും നഷ്ട്ടപ്പെട്ടവർക്കും സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ എന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ട സഹായധനം അപര്യാപ്തമാണ്. കുറച്ചുകൂടി ശാസ്ത്രീയമായ രീതിയിൽ മാനദണ്ഡങ്ങൾ കണ്ടെത്തി സഹായധനം വർധിപ്പിക്കുകയും അത് ഉടൻ തന്നെ നൽകുകയും വേണം. ദുരന്ത സാദ്ധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുകയും അവിടെയുള്ള പാർപ്പിടങ്ങളിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്യണം.
കൂട്ടിക്കൽ- കൊക്കയാർ ദുരന്തം ഇത്രയും രൂക്ഷമായതിന് സഹായകമായ പ്രാദേശിക ഘടകങ്ങൾകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏകദേശം ഇരുപത് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പ്രവർത്തിച്ചിരുന്നത് പതിനെട്ടോളം കരിങ്കൽ ക്വാറികൾ ആയിരുന്നുവെന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വസ്തുതയാണ്. പരിസ്ഥിതിലോലമെന്ന് നേരത്തേതന്നെ മനസ്സിലാക്കപ്പെട്ട ഒരു പ്രദേശത്ത് പ്രകൃതിവിരുദ്ധ ഖനനം എന്തുകൊണ്ട് അനുവദിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ടു ജില്ലകളിലെയും റെവന്യൂ -പോലീസ് അധികാരികളും ഭരണ സംവിധാനം മൊത്തത്തിലും ബാധ്യസ്ഥരാണ്.
അതേ സമയം, മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാത്തതും , ലാഭക്കൊതി കൊണ്ട് മാത്രം പ്രചോദിതവും,അശാസ്ത്രീയവും അമാനവികവും ആയ വികസനസങ്കല്പങ്ങളെ തിരുത്താൻ മേൽപ്പറഞ്ഞ വയൊന്നും മതിയായ കാരണങ്ങൾ ആവാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കൂടുതൽ പ്രസക്തമാവുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ ഏകോപിതമാക്കി മുന്നോട്ടു കൊണ്ടുപോകണം. താഴെത്തട്ടുകൾവരെ ഫലപ്രദമായും ക്രിയാത്മകമായും പ്രവർത്തിക്കുന്ന രീതിയിൽ ദുരന്തനിവാരണ സംവിധാനങ്ങളും ഏജൻസികളും ആകെ പരിവർത്തിക്കപ്പെടണം.
പ്രകൃതിയേയും ജീവജാലങ്ങളേയും മാനവരാശിയേയും പരിഗണിക്കാതെ മുന്നോട്ടു പോവുന്ന അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകളുടെ സ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകൾ പൂർണ്ണമായും കണക്കിലെടുക്കുന്നതും , പ്രകൃതിയുടെ സന്തുലനാവസ്ഥ പ്രാദേശികാടിസ്ഥാനത്തിൽ നിലനിർത്തുന്നതിന് പരമാവധി സഹായകമയതും ആയ സുസ്ഥിര ജനകീയ വികസനനയം രൂപപ്പെടുത്താനും നടപ്പാക്കാനും സർക്കാർ തയ്യാറാവണം. ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഇല്ലാതാക്കുകയും, പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളിലെ കരിങ്കൽ ഖനനത്തെ പ്രത്യക്ഷത്തിലും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്ന കെ റെയിൽ പദ്ധതിപോലുള്ള വികസന പദ്ധതികൾ ഉപേക്ഷിച്ചുകൊണ്ടല്ലാതെ സുസ്ഥിരവികസനത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട്തന്നെ കേരളത്തിൽ ഇനി സാദ്ധ്യമാണോ എന്ന് സർക്കാർ ആലോചിക്കണം. നഗരഗതാഗതക്കുരുക്കിന് ഏക പരിഹാരം എന്ന നിലയിൽ വലിയ പ്രചാരണങ്ങളോടെ പൂർത്തീകരിച്ച കൊച്ചിൻ മെട്രോ റെയിൽകൊണ്ട് ഉദ്ദേശിച്ച ഒരു ഫലവും സിദ്ധിക്കാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്ന വെള്ളാനയായി അത് മാറിയത് ഒരു പാഠം ആകേണ്ടതാണ്.
ജോൺ കെ എരുമേലി
സെക്രട്ടറി, സംസ്ഥാന ലീഡിങ് ടീം,
സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം

No comments:

Post a Comment