Sunday 19 December 2021


 ആൾ ഇന്ത്യ പ്രോഗ്രസ്സീവ് വമെൻസ് അസ്സോസിയേഷൻ (
AIPWA )

പ്രസ്താവന (19-12 -2021 )

പതിനെട്ടു വയസ്സ് തികഞ്ഞവർക്ക് സർക്കാരിനെ തെരഞ്ഞെടുക്കാൻ അധികാരമുണ്ട് - എങ്കിൽ എന്തുകൊണ്ടാണ് അവർക്ക് വിവാഹിതരാവുന്ന കാര്യത്തിലും , വിവാഹം കഴിക്കുന്നെങ്കിൽ എപ്പോൾ, ആരെ പങ്കാളിയായി സ്വീകരിക്കാം എന്ന കാര്യത്തിലും തീരുമാനമെടുക്കാൻ അധികാരമില്ലാത്തത് ? , സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ദുരുപദിഷ്ടമായ ക്യാബിനറ്റ് നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിക്കണം.

പ്രായപൂർത്തിയായ എല്ലാവർക്കും വിവാഹപ്രായം 18 വയസ്സ് ആക്കേണ്ടതുണ്ട് . ഇപ്പോൾ പുരുഷന്മാർക്ക് ബാധകമായ വിവാഹപ്രായം 18 ലേക്ക് കുറച്ചുകൊണ്ടുവരണം. രാജ്യത്തിൻറെ ഭാവി തന്നെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരമുള്ള പ്രായപൂർത്തിയായ വ്യക്തികൾക്ക് തീർച്ചയായും അവരുടെ സ്വന്തം ഭാവിയെസംബന്ധിക്കുന്ന കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ പ്രായമുണ്ട് എന്ന കാര്യം നമ്മൾ അംഗീകരിക്കണം. അതനുസരിച്ച് , വിവാഹം വേണമോ വേണ്ടയോ എന്നും വേണമെങ്കിൽ എപ്പോൾ, ആരെ പങ്കാളിയായി സ്വീകരിക്കണമെന്നും തീരുമാനിക്കാൻ അവർക്ക് അധികാരമുണ്ട് .
നേരത്തേയുണ്ടാകുന്ന ഗർഭധാരണങ്ങളും പ്രസവങ്ങളും തീർച്ചയായും യുവതികളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് ; അവ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വിലങ്ങുതടികൾ സൃഷ്ടിക്കുന്നതും നേരാണ്. പലപ്പോഴും യുവതികൾ നേരത്തെ വിവാഹിതരാകുന്നത് പോലും മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയും സ്വന്തം ഇഷ്ടപ്രകാരമല്ലാതെയും ആണ് എന്നതും സത്യമാണ്. പക്ഷേ , പഠിത്തം മുടങ്ങലും , നീണ്ടുനിൽക്കുന്ന വിളർച്ചാ രോഗവും, പോഷകാഹാരക്കുറവും എല്ലാം യുവതികളെ ബാധിക്കുന്നതിന് പരിഹാരം 21 വയസ്സിന് താഴേയുള്ള വിവാഹങ്ങൾ ക്രിമിനൽവൽക്കരിക്കൽ അല്ല ; ദാരിദ്ര്യമെന്ന ദീർഘകാലപ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിലാണ്‌ അതിന്റെ പരിഹാരം കുടികൊള്ളുന്നത് .
ബാലവിവാഹം തടയുന്നതിന് നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെടുന്നുവെന്നതാണ് യാഥാർഥ്യം . ഇളം പ്രായത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിവാഹങ്ങൾ ഇല്ലാതാകണമെങ്കിൽ യൗവനത്തിലെത്തുന്ന സ്ത്രീകളോട് ബഹുമാനവും , അവരുടെ സ്വയംനിർണ്ണയാധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹ്യാ ന്തരീക്ഷവും വളർത്തിയെടുക്കേണ്ടതുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മാതാപിതാക്കൾ പെണ്മക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം അടിച്ചേൽപ്പിക്കുന്ന അവസരങ്ങളിൽ അവർക്ക് സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ ഹെൽപ്‌ലൈനുകൾ ഏർപ്പടുത്തണം . സ്വന്തം ജീവിതങ്ങൾക്കു മേലെയും തീരുമാനമെടുക്കാനുള്ള അധികാരത്തിനു മേലെയും സ്ത്രീകൾക്ക് പൂർണ്ണ നിയന്ത്രണം പ്രോത്സാഹിപ്പിക്കപ്പെടണം; അതിനു വേണ്ടി സാമൂഹ്യാടിസ്ഥാനത്തിൽ ഉചിതമായ രീതിയിൽ കാമ്പെയിനുകൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ആൺ-പെൺ ഭേദമില്ലാതെ , പതിനെട്ടു വയസ്സ് തികയുന്ന പ്രായപൂർത്തിയായ എല്ലാ വ്യക്തികൾക്കും തങ്ങൾ വിവാഹിതരാകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ഉണ്ടായിരിക്കണം. വിവാഹിതരാകാൻ തീരുമാനിക്കുകയാണെങ്കിൽ എപ്പോൾ ,ആരെ ജീവിതപങ്കാളിയായി സ്വീകരിക്കണം എന്നതും അതാത് വ്യക്തികളുടെ ഇഷ്ടം ആയിരിക്കണം.
2013-14 ൽ ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് , ഡെൽഹിയിൽ വിചാരണക്കോടതികളിൽ എത്തിയ ബലാത്സംഗക്കേസ്സുകളിൽ 40 ശതമാനവും യഥാർത്ഥത്തിൽ ബലാല്സംഗങ്ങൾ ആയിരുന്നില്ല; സ്വന്തം മാതാപിതാക്കളുടെയോ, സമുദായങ്ങളുടേയോ ഹിംസയില്നിന്നും ബലപ്രയോഗത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി യുവതികളായ മക്കൾ അവരുടെ കാമുകരോടൊത്ത് ഒളിച്ചോടിയ സംഭവങ്ങളെ ബലാല്സംഗങ്ങൾ ആയി ചിത്രീകരിച്ച് കുടുംബക്കാർ കേസ്സെടുപ്പിച്ചതായിരുന്നു. വ്യത്യസ്ത ജാതികളിലോ മതങ്ങളിലോ പെട്ട ദമ്പതിമാരേയും കാമുകീകാമുകന്മാരെയും ഖാപ് പഞ്ചായത്തുകളും സംഘപരിവാർ ആൾക്കൂട്ടങ്ങളും പിന്തുടർന്ന് ആക്രമിക്കുന്ന എത്രയോ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീകളെ "മൈനർ " മാർ എന്ന് വിശേഷിപ്പിക്കലും "ഷെൽട്ടർ ഹോമുകളിൽ " തടവിൽ വെച്ച് അവരുടെ ദാമ്പത്യത്തിൽ നിന്നോ, പ്രണയത്തിൽ നിന്നോ പിന്തിരിയാൻ നിർബന്ധിക്കലും മേൽപ്പറഞ്ഞ ഹിംസാത്മകമായ ആക്രമണങ്ങളുടെ ഭാഗം ആണ്.
യുവതികളായ പെണ്മക്കളെ മേൽപ്പറഞ്ഞ രീതിയിൽ പീഡിപ്പിക്കുന്ന മാതാപിതാക്കൾക്കും സംഘങ്ങൾക്കും ഫലത്തിൽ നിയമത്തിന്റെ പിൻബലം നൽകുന്ന അവസ്ഥയാണ് വിവാഹക്കാര്യത്തിൽ മാത്രം സ്ത്രീകളുടെ പ്രായപൂർത്തിയെ മുഖവിലയ്‌ക്കെടുക്കാൻ കൂട്ടാക്കാത്ത ഇപ്പോഴത്തെ പരിഷ്കാരത്തിലൂടെ ഉണ്ടാകാൻപോകുന്നത്. അതിനാൽ ,ഈ ക്യാബിനറ്റ് നിർദ്ദേശം സ്ത്രീകളെയല്ല ശാക്തീകരിക്കുക, സ്ത്രീകളുടെ സ്വയം നിർണ്ണയാധികാരങ്ങൾക്ക് നേരെ ഹിംസ അഴിച്ചുവിടുന്ന ശക്തികളെയാണ്.
മേൽവിവരിച്ച കാരണങ്ങളാൽ, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നിർദ്ദേശത്തിൽനിന്നും കേന്ദ്ര ക്യാബിനറ്റ് പിന്തിരിയണമെന്ന് AIPWA ആവശ്യപ്പെടുന്നു. കൂടാതെ, 18 വയസ്സ് പൂർത്തിയായ എല്ലാവരുടേയും പ്രായപൂർത്തി അവകാശങ്ങൾ മാനിച്ചുകൊണ്ട് ആരെ പ്രണയിക്കണം, ആരെ വിവാഹം ചെയ്യണം എന്ന് തീരുമാനിക്കുന്നതുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വയം നിർണയാധികാരം ഉറപ്പുവരുത്തും വിധത്തിൽ നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു.
രതി റാവു , പ്രസിഡൻറ് , AIPWA
മീന തിവാരി , ജനറൽ സെക്രട്ടറി , AIPWA
കവിത കൃഷ്ണൻ , സെക്രട്ടറി , AIPWA

No comments:

Post a Comment