Tuesday 16 August 2022

 ഗുജറാത്ത് 2002  ബിൽക്കീസ് ബാനു കൂട്ടബലാൽസംഗക്കേസിലും മുസ്‌ലിം കൂട്ടക്കൊലയിലും  ജെയിൽ ശിക്ഷ അനുഭവിക്കുന്ന 11 കുറ്റവാളികളെ  ശിക്ഷാകാലം പൂർത്തിയാവുംമുമ്പ് മോചിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷാ യും മറുപടി പറയണം.


ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0 വാർഷികമായ ഇന്നലെ ഗുജറാത്ത് ഭരണകൂടം 11 ജീവപര്യന്തത്തടവുകാരെ ശിക്ഷാകാലാവധി പൂർത്തിയാവും മുൻപേ ജെയിൽ മോചിതരാക്കി. 7 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയും, ബിൽക്കീസ് ബാനു എന്ന് പേരായ ഗർഭിണിയെ കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്ത 2002 ഗുജറാത്ത് കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്ത ശിക്ഷ അനുഭവിച്ചുവരവേ യാണ് ഗുജറാത്ത് സർക്കാർ പ്രസ്തുത ഇളവ് നൽകിയത്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002 ൽ നടന്ന മുസ്‌ലീം വിരുദ്ധ കൂട്ടക്കൊലയിൽ കോടതി ശിക്ഷിച്ചവർക്ക് 2022 ആഗസ്ത് 15 ന് ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകുന്നത് എന്തടിസ്ഥാനത്തിലാണ് ? ഇന്ത്യയുടെ "അമൃത കാലം" എന്ന് മോദി വിളിക്കുന്ന ആഘോഷത്തിന് പൊലിമ കൂട്ടാൻ തെരഞ്ഞെടുത്ത ഒരു വഴിയായിരിക്കുമോ അത്? മുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതിന്നും മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതിന്നും ഉള്ള പാരിതോഷികം ആണോ ഈ ശിക്ഷാ ഇളവ് ?
ഒരു സംസ്ഥാന സർക്കാരിന്റേയും പോലീസ് സംവിധാനത്തിന്റേയും ഉപേക്ഷകളും കൃത്യവിലോപങ്ങളും അനാസ്ഥകളും 2002 മുസ്‌ലീം വിരുദ്ധ കൂട്ടക്കൊലപാതകങ്ങൾക്കും ബലാല്സംഗങ്ങൾക്കും കരണമായിത്തീർന്നതു സംബന്ധമായി ഗുജറാത്ത് സർക്കാരിനെക്കൊണ്ട് സുപ്രീം കോടതിയിൽ സമാധാനം പറയിക്കാൻ സാക്കിയ ജെഫ്രി സമർപ്പിച്ച പെറ്റീഷനിൽ ഇരകൾക്കൊപ്പം നിന്നതിനാണ് ടീസ്ത സെതൽവാദ് എന്ന സ്ത്രീ ഇപ്പോൾ ജെയിലിൽ കഴിയുന്നത്. വർഗീയ ഹിംസയും ബലാല്സംഗങ്ങളും നടത്തുന്നവർ ഇന്ത്യയിൽ ശിക്ഷിക്കപ്പെടുന്നത് പോലും പൊതു പ്രവണതയല്ല അപൂർവ്വമായ അപവാദങ്ങൾ ആണ് എന്ന് കാണുമ്പോൾ, ഗുജറാത്ത് കുറ്റവാളികൾക്ക് ഇപ്പോൾ നൽകപ്പെട്ട ശിക്ഷാ ഇളവ് വർഗീയ ഹിംസകളിലെ കൊലയാളികൾക്കും ബലാൽസംഗക്കാർക്കും നിയമത്തെ പേടിക്കാനില്ല എന്ന സന്ദേശമല്ലാതെ മറ്റെന്താണ് നൽകുന്നത് ?
ഹിന്ദുത്വ തീവ്രവാദികൾക്ക് മുസ്ലീങ്ങളെ കൊല്ലാനും ബലാൽസംഗം ചെയ്യാനും പരസ്യമായി ആഹ്വാനം മുഴക്കാമെന്നും നിയമത്തെ പേടിക്കേണ്ടതില്ലെന്നും ഉള്ള ഒരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കുറ്റവാളികൾക്ക് അനുവദിച്ച ജെയിൽമോചനം, അവർക്കും അവരുടെ അനുയായികൾക്കും തുടർന്നും മുസ്ലീങ്ങളുടെ മേലെ ആക്രമണഭീഷണി നടപ്പാക്കാനുള്ള ധൈര്യം നൽകുകയാണ്. ഇന്ത്യയിലെ സ്ത്രീ അവകാശപ്രവർത്തകർ വധശിക്ഷയെ എതിർക്കുന്നത് ചൂണ്ടിക്കാട്ടി ഗോദി മാദ്ധ്യമ ആങ്കർമാർ ഫെമിനിസ്റ്റുകൾ ബലാൽസംഗക്കുറ്റവാളികളോട് മൃദു നയം പുലർത്തുന്നു എന്ന് പലപ്പോഴും ആരോപിക്കാറുണ്ട്.
ബിൽക്കീസ് ബാനു കേസിൽ ബിൽക്കീസ് തന്നെ പറഞ്ഞത് തനിക്കെതിരെ കുറ്റം ചെയ്തവർക്ക് വധശിക്ഷ നൽകണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ല എന്നും , ആദർശപരമായി വധശിക്ഷയെ എതിർക്കുന്ന നിലപാട് ആണ് തനിക്കുള്ളതെന്നും ആണ്. എന്നാൽ, ഇപ്പോൾ ഏതാനും വർഷങ്ങൾ മാത്രം ശിക്ഷയനുഭവിച്ച ശേഷം ജെയിലിൽനിന്നു ഇറങ്ങിവരുന്ന കുറ്റവാളികളെപ്പറ്റി ഈ ഗോദി മീഡിയാ ആങ്കർമാർ എന്ത് പറയും? ബിൽക്കീസ് ന് നീതി നൽകണമെന്ന ആവശ്യം അവർ ഉയർത്തുമോ ?
ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ ശിക്ഷ ഇളവിനെപ്പറ്റി പ്രധാനമന്ത്രി മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യ്ക്കും എന്താണ് പറയാനുള്ളത് ? ബി ജെ പി യിലെ മേൽപ്പറഞ്ഞ രണ്ട് പരമോന്നത നേതാക്കൾ അറിയാതെയാവാം ഗുജറാത്ത് സർക്കാർ പ്രസ്തുത ശിക്ഷാ ഇളവ് നൽകിയതെന്ന് നമ്മൾ വിശ്വസിക്കണമോ ?
#IndiaAt75 ബിൽക്കീസ് ബാനുവിനെ കൂട്ട ബലാൽസംഗം ചെയ്ത കുറ്റവാളികളെ ജെയിലിൽനിന്ന് തുറന്നുവിട്ടുകൊണ്ട് 75 -)0 സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ബി ജെ പി നേതൃത്വം തീരുമാനിച്ചത് ഇന്ത്യൻ സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം ഈ ദിവസത്തെ അപമാനത്തിന്റെ ദിവസം ആക്കുന്നു.


രതി റാവു , പ്രസിഡന്റ് ,ആൾ ഇന്ത്യ പ്രോഗ്രസ്സിവ് വിമൻസ് അസ്സോസിയേഷൻ (AIPWA )
മീന തിവാരി , ജനറൽ സെക്രട്ടറി , AIPWA
കവിത കൃഷ്ണൻ , സെക്രട്ടറി , AIPWA

No comments:

Post a Comment