സംഘപരിവാർ ശക്തികൾ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിനും മതേതര ജനാധിപത്യത്തിനും എതിരെയുള്ള യുദ്ധം വികസിപ്പിക്കുകയാണ്
എഡിറ്റോറിയൽ
എം എൽ അപ്ഡേറ്റ് വീക്‌ലി 21 -27 നവംബർ 2022
2022 ഡിസംബർ 6 ആകുമ്പോൾ ബാബരി മസ് ജിദ് തകർത്ത സംഭവം നടന്ന് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കും . ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏറെ നാൾ പിന്നിടും മുൻപ് 1949 ഡിസംബർ 22 -23 രാത്രിയിൽ പള്ളിക്കകത്ത് ഒളിച്ചുകടത്തപ്പെട്ട വിഗ്രഹങ്ങൾ പട്ടാപ്പകൽ സമയത്ത് ഒരു ടൈം ബോംബ് പോലെ പൊട്ടിത്തെറിച്ചത് 1992 ഡിസംബർ 6 ഉച്ചയ്ക്ക് ശേഷം ആയിരുന്നു. വലിയ ഒരു ആൾക്കൂട്ടം പള്ളി തകർത്തപ്പോൾ. ബിജെപി നേതാക്കളുടെ അവർക്ക് ഉത്തേജനവും പ്രോത്സാഹനവും നൽകിക്കൊണ്ട് സ്ഥലത്ത് സന്നിഹിതരായിരുന്നു. . ഇന്നത്തെ ഇന്ത്യയിൽ വർഗീയ ഫാസിസത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു പ്രത്യേക നിമിഷം ഭാവി ചരിത്രകാരന്മാർ എപ്പോഴെങ്കിലും കണ്ടെത്തുകയാണെങ്കിൽ, അത് 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത നിമിഷമായിരിക്കും. ആ തകർച്ചയ്ക്ക് ശേഷം ഇന്ത്യ നാടകീയമായി മാറിയിരിക്കുന്നു. സംഘപരിവാർ - ബിജെപി ശക്തികൾ അഴിച്ചുവിട്ട അയോധ്യാ കാമ്പെയിൻ 16-ാം നൂറ്റാണ്ടിലെ ഒരു മുസ്ലീം പള്ളി തകർക്കുന്നതിനോ രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വലിയ ക്ഷേത്രം പണിയുന്നതിനോ ആയിരുന്നില്ല എന്ന് ഓരോ ദിവസം കഴിയുന്തോറും നമ്മൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നു. വാസ്തവത്തിൽ , അത് ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനാ ചട്ടക്കൂടിനെയും തച്ചുതകർക്കുന്നതിനായിരുന്നു അത്.
മസ്ജിദ് പൊളിക്കുന്നതിന് തൊട്ട് മുമ്പും ശേഷവും പ്രാബല്യത്തിൽ ഉണ്ടായിരുന്നത് അയോധ്യ തർക്കം ചർച്ചയിലൂടെ പരിഹരിക്കുക അല്ലെങ്കിൽ ജുഡീഷ്യറിയുടെ വിധിയിലൂടെ സമാധാനമുണ്ടാക്കുക എന്ന ആശയം ആയിരുന്നു. 'വിശ്വാസം' എന്ന വിഷയം നിയമപരമായ അധികാരപരിധിക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ടാണ് തൽസംബന്ധമായ ഒരു കോടതി വിധി അംഗീകരിക്കാൻ അന്ന് ബിജെപി വിസമ്മതിച്ചത് . യഥാർത്ഥത്തിൽ പള്ളി പൊളിക്കൽ നടപടിയിലേക്ക് അവരെ എത്തിച്ചത് തർക്കത്തിന്റെ സാഹചര്യങ്ങൾ മാറ്റിമറിക്കാനുള്ള ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ അനന്തര ഫലം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. കാൽ നൂറ്റാണ്ടിന് ശേഷം, കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെ, തർക്കഭൂമിയുടെ ഉടമസ്ഥാവകാശം മസ്ജിദ് തകർത്ത ആളുകൾക്ക് തന്നെ നൽകിക്കൊണ്ട്, പൊളിച്ചുനീക്കലിനു ശേഷമുള്ള സാഹചര്യങ്ങളെ സുപ്രീം കോടതി ഫലത്തിൽ സാധൂകരിക്കുകയാണ് ഉണ്ടായത് .പള്ളി പൊളിച്ച പ്രവൃത്തി നിയമത്തിന്റെ കടുത്ത ലംഘനമാണ് എന്ന് കോടതി കണ്ടപ്പോഴും, പൊളിക്കുന്നവർക്ക് അവർ ആഗ്രഹിച്ചത് ലഭിച്ചു ; നീതി തേടുന്നവർക്കാകട്ടെ , ഒരു മസ്ജിദ് പണിയാനായി അഞ്ച് ഏക്കർ പ്രത്യേക പ്ലോട്ട് എന്ന ‘നഷ്ടപരിഹാരവാഗ്ദാനം ആണ് കോടതിയിൽനിന്ന് കിട്ടിയത്. ഈ വിധി വന്ന്ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം, 'ഈ പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൊളിക്കലിനെ തുടർന്നുണ്ടായ എല്ലാ കേസുകളുംസുപ്രീം കോടതി അവസാനിപ്പിക്കുകയാണ് സുപ്രീം കോടതി ചെയ്തത് !
ജുഡീഷ്യറിക്ക് പുറത്ത് സിവിൽ സമൂഹത്തിലെ പലരും പ്രതീക്ഷിച്ചിരുന്നത് . 'തർക്കഭൂമി' ക്ഷേത്രത്തിനായി വിട്ടുനൽകുന്നത് തർക്കത്തിന് സൗഹാർദ്ദപരമായ അന്ത്യം വരുത്തുമെന്നും, സാമുദായിക സൗഹാർദ്ദത്തിനും അനുരഞ്ജനത്തിനും വഴിയൊരുക്കുമെന്നും ആയിരുന്നു. 1991-ൽ പാർലമെന്റ് പാസാക്കിയ നിയമം അയോധ്യയ്ക്ക് പ്രത്യേക ഇളവ് നൽകിയിരുന്നു, അതേസമയം മറ്റെല്ലാ ആരാധനാലയങ്ങളും സ്വാതന്ത്ര്യം നേടുന്ന സമയത്ത് അവയ്ക്കുണ്ടായിരുന്ന സ്വഭാവത്തിൽനിന്ന് മാറ്റംവരുത്താൻ പാടില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സംഘപരിവാർ അതിന്റെ പ്രഖ്യാപിതമായ ഭാവി പദ്ധതികൾ മടക്കിവെക്കാൻ അപ്പോഴും തയ്യാറല്ല- കാശിയും മഥുരയും അവരെസംബന്ധിച്ചേടത്തോളം അയോധ്യയിൽ കളിച്ച കളികൾ ആവർത്തിക്കാനുള്ള , രണ്ട് നിമിത്തങ്ങൾ മാത്രമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാമക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറായതോടെ, കാശിക്കും മഥുരയ്ക്കും വേണ്ടിയുള്ള അവകാശവാദവും ക്യാമ്പെയിനുകളും ഒരേസമയം തീവ്രമാക്കുന്നത് നമുക്ക് കാണാൻ കഴിയും. അയോധ്യയുടെ മാതൃക പിന്തുടർന്ന്, കോടതി വ്യവഹാരങ്ങളും ഭൂമിയിൽ ആക്രമണാത്മക വർഗീയസംഘട്ടനങ്ങളും സംയോജിപ്പിക്കുന്ന ദ്വിമുഖ തന്ത്രമാണ് സംഘപരിവാർ വീണ്ടും പ്രയോഗിക്കുന്നത് .
കൂടുതൽ പള്ളികൾ പൊളിച്ചു ക്ഷേത്രങ്ങൾ ആക്കി മാറ്റാനുള്ള വിധ്വംസകമായ നീക്കങ്ങൾക്ക് നിയമത്തിന്റെ രക്ഷാകവചം സൃഷ്ടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമെന്ന നിലയിൽ, ആരാധനാലയങ്ങളുടെ തൽസ്ഥിതി 1947 ലേത് പ്രകാരം നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന 1991 ലെ നിയമത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്. 2019 - ലെ അയോധ്യാവിധിയിൽ പ്പോലും സുപ്രീം കോടതി ശരിവെച്ച ഒരു നിയമം ഭാവിയിലും തുടരണമോ എന്നതിനേക്കുറിച്ച് കേന്ദ്രസർക്കാരിനോട് ഇപ്പോൾ സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നു. കേന്ദ്രസർക്കാർ ഇതിന് എന്തായിരിക്കും ഉത്തരം നൽകുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തർപ്രദേശിലെ കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികളുടെ കാര്യത്തിൽ എന്നതുപോലെ, , ടിപ്പു സുൽത്താൻ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 1799 ൽ ചരിത്രപ്രസിദ്ധമായ പോരാട്ടം നടത്തിയ വേദിയായ മൈസൂരിലെ ശ്രീരംഗപട്ടണത്തിലെ ജാമിയാ മസ്‌ജിദും സംഘപരിവാർ ആക്രമണലക്ഷ്യമാക്കിയിരിക്കുന്നു മുസ്ലീം ഭരണാധികാരിളുമായി ബന്ധപ്പെട്ട മുഗൾഭരണകാലത്തിലും അതിന് മുൻപും ഉള്ള പ്രശസ്തനിർമ്മിതികളിൽ ഉൾപ്പെട്ട താജ് മഹലും കുത്തബ് മിനാറും പോലെയുള്ള നിരവധി ലോകപ്രശസ്ത പൈതൃകകേന്ദ്രങ്ങളെ സംഘപരിവാർ ഇന്ന് ലക്ഷ്യം വയ്ക്കുന്നത് ചരിത്രം തിരുത്തിയെഴുതാനും ഇന്ത്യയെ മുഴുവൻ കാവിച്ചായത്തിൽ വരയ്ക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് .
ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ എന്ന കൽപ്പിത ഏകശിലാരൂപത്തിന് അപ്പുറത്ത് യഥാർത്ഥത്തിൽ നിലനിൽക്കുന്നതും, ഭൂഖണ്ഡാന്തരമാനങ്ങൾ ഉള്ള വൈവിധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടേയും പ്രതിനിധാനവും ആയ ഇന്ത്യക്ക് എതിരായ സമ്പൂർണ യുദ്ധമാണ് അത് .
2022 ഡിസംബർ 6, ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയുമായിരുന്ന ബാബാസാഹേബ് അംബേദ്കറുടെ 66-ാം ചരമവാർഷികദിനം കൂടിയാണ്. പ്രവചനാത്മകമായ ദീർഘവീക്ഷണത്തോടെ അംബേദ്കർ നൽകിയ ഒരു മുന്നറിയിപ്പ് ഇന്നും ഓർമ്മിക്കത്തക്കതാണ് : "ഹിന്ദു രാഷ്ട്രം ഒരു യാഥാർഥ്യ മായി മാറുകയാണെങ്കിൽ, അത് ഈ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും". മരിക്കുന്നതിന് രണ്ട് മാസം മുമ്പ്, അംബേദ്കർ തന്റെ അരലക്ഷം അനുയായികളോടൊപ്പം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു. മഹാനായ അശോകൻ യുദ്ധവും ഹിംസയും ഉപേക്ഷിച്ച് സമാധാനത്തിനും സമത്വത്തിനും വേണ്ടി ബുദ്ധമതം സ്വീകരിച്ചത് അശോക വിജയദശമിദിനത്തിൽ ആയിരുന്നു. നാഗ്പൂരിൽ ആർ.എസ്.എസ് സ്ഥാപക ദിനമായി ആയുധങ്ങൾ പൂജിച്ച് ആഘോഷിക്കുന്നതിന് ആർ.എസ്.എസ് തെരഞ്ഞെടുത്ത ഇതേ ദിവസം ആയിരുന്നു അംബേദ്‌കർ ബുദ്ധമതം സ്വീകരിക്കാൻ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ് . ഇഷ്ടമുള്ള മതം പിന്തുടരാൻ ഭരണഘടന നൽകുന്ന അവകാശംതന്നെ ഇല്ലാതാക്കാനാൻ ബിജെപി ഇന്ന് ശ്രമിക്കുമ്പോൾ , പതിറ്റാണ്ടുകൾക്ക് മുൻപ് അംബേദ്‌കർ മുന്നറിയിപ്പായി നൽകിയ വിപൽസന്ദേശം നമ്മെ തുറിച്ചുനോക്കുകയാണ്, ഈ ദുരന്തത്തിന്റെ കെടുതികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുകയും ഹിന്ദുത്വ ബുൾഡോസറിനെ തടഞ്ഞുനിർത്താൻവേണ്ടി സാധ്യമായ എല്ലാ വഴികളിലൂടെയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി.