Saturday 5 November 2022

 കേജ്‌രിവാളിന്റെ ബദൽ : വോട്ടുകൾക്ക് ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും ഫോട്ടോകൾ; നോട്ടുകളിൽ ലക്ഷ്മിയും ഗണപതിയും എഡിറ്റോറിയൽ, എം എൽ അപ്ഡേറ്റ്: Vol. 25, 44-45 (1-7 നവംബർ 2022)

ൻകിട മൂലധന നിക്ഷേപത്തിന്റെയും പെരുത്ത വികസനത്തിന്റെയും സ്വപ്‌നങ്ങൾ വിതറി നരേന്ദ്രമോദി ഗുജറാത്തിലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കവേ, ബ്രിട്ടീഷ് കാലഘട്ടത്തു നിർമ്മിതമായ മോർബിയിലെ പഴയ തൂക്കുപാലം അറ്റകുറ്റപ്പണികൾക്ക് തൊട്ടു പിന്നാലെ തകർന്നുവീണ് 134 പേരുടെ ജീവൻ അപഹരിച്ചത് ഗുജറാത്ത് മോഡലിന്റെ പരിതാപകരമായ യാഥാർത്ഥ്യത്തെയാണ് തുറന്നുകാട്ടുന്നത്. മോർബി പാലം ദുരന്തവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വിശദാംശങ്ങൾ, ഭരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കെടുകാര്യസ്ഥതയിലേക്ക് വിരൽ ചൂണ്ടുന്നു . നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് കരാർ നൽകിയത് മോർബി ആസ്ഥാനമായുള്ള ക്ലോക്ക് നിർമ്മാണ കമ്പനിയായ ഒറേവയ്ക്ക് ആയിരുന്നു. 2037 വരെ പ്രാബല്യമുള്ള കരാർ പ്രകാരം, പാലം ഉപയോഗിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ കമ്പനിയെ അനുവദിക്കുന്നുണ്ട് . പ്രസ്തുത കമ്പനിക്ക് കരാർ നൽകിയത് ഒരു ഓപ്പൺ ടെൻഡറും കൂടാതേയാണ് എന്നും റിപ്പോർട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 2 കോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയതായി കമ്പനി അവകാശപ്പെടുകയായിരുന്നു. ഈ ദുരന്തം ക്ഷണിച്ചുവരുത്താൻ മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ പാലം തുറന്നത്. തകർച്ചയുടെ കാരണമായി ആൾത്തിരക്കിനെ കുറ്റപ്പെടുത്താനാണ് ഔദ്യോഗിക വിവരണങ്ങളിൽ ഇപ്പോൾ ശ്രമിക്കുന്നത്; എന്നാൽ, ടിക്കറ്റ് വാങ്ങിയതിനുശേഷം മാത്രമേ ആളുകളെ പാലത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നത് പാലത്തിൽ പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്ന് കൂടി വ്യക്തമാക്കുന്നു.
ആറ് വർഷം മുമ്പ് കൊൽക്കത്തയിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ, നരേന്ദ്ര മോദി അത് ഉടൻ തന്നെ തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. അഴിമതി നിറഞ്ഞതും കാര്യക്ഷമത യില്ലാത്തതുമായ തൃണമൂൽ ഭരണത്തിൽ നിന്ന് പശ്ചിമ ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് പ്രസ്തുത അപകടത്തിലൂടെ നല്കപ്പെട്ടതെന്നു നരേന്ദ്ര മോദി അന്ന് വിളിച്ചുപറഞ്ഞു. ഗുജറാത്തിനെ ബിജെപിയുടെ അഴിമതി ഭരണത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൈവിക സന്ദേശമായി മോർബി പാലം തകർച്ചയെ ഇപ്പോൾ അദ്ദേഹം കണക്കാക്കുമോ? ഗുജറാത്തിലെ മിക്ക ബിസിനസ് ഗ്രൂപ്പുകളെയും പോലെ ഒറേവ ഗ്രൂപ്പും മോദി-ഷാ ജോഡിയുമായി വളരെ അടുപ്പം പുലർത്തുന്നുണ്ട്. പാലം തകർച്ചയ്ക്ക് ശേഷം ഫയൽ ചെയ്ത എഫ്‌ഐആർ ഇതിനകം തന്നെ കമ്പനിയെ കേസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരകൾക്ക് ചില ടോക്കൺ നഷ്ടപരിഹാരം നൽകുകയും താഴേക്കിടയിൽ ഉള്ള ചില ജീവനക്കാർക്ക് ശിക്ഷ നൽകുകയും ചെയ്തുകൊണ്ട് കേസ് അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്ന സൂചനയാണ് ലഭിക്കുന്നത്.
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനം എന്ന സ്വപ്നം എപ്പോഴും വിദ്വേഷത്തിന്റെയും നുണകളുടെയും നൂലുകൾ കൊണ്ട് നെയ്തതാണ്. ഇത്തവണ ഗുജറാത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണം മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല, അർബൻ നക്സലുകൾക്കെതിരെയുമാണ്. നർമ്മദാ നദീജല പദ്ധതി ഗുജറാത്തിന്റെ അഭിമാനത്തിന്റെ പ്രതീകമായും നേട്ടങ്ങളുടെ സമൃദ്ധിയായും ചിത്രീകരിച്ചുകൊണ്ട് ,മേധാ പട്കറിനെ മോദി കുറ്റപ്പെടുത്തിയത് കുടിയൊഴിപ്പിക്കലിന്റെ പ്രശ്നം ഉന്നയിച്ചു വികസനം സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നഗര നക്‌സലായിട്ടായിരുന്നു. പാർലമെന്റിന്റെ വേദിയിൽ വെച്ച് തുടങ്ങിയ 'ആന്ദോളൻജീവി' എന്ന ചീത്തവിളി തുടരുന്ന മോദി, ആഭ്യന്തര മന്ത്രിമാരുടെ ഒരു വീഡിയോ കോൺഫറൻസിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭിസംബോധന ചെയ്തപ്പോൾ "പേന പിടിച്ച നക്‌സലുക"ളെ പിഴുതെറിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ഭരണഘടനയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, നീതി, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഉണ്ടായ സമ്പൂർണ്ണ പരാജയവും ജനവഞ്ചനയും മറച്ചുവെക്കാൻ വേണ്ടി ഫാസിസ്റ്റ് ആക്രമണം അഴിച്ചുവിടുന്ന ഒരു ഭരണകൂടത്തോട് പ്രതിപക്ഷം എങ്ങനെ പ്രതികരിക്കണം? യുപിഎ-രണ്ടാം ഭരണത്തിന്റെ അവസാന വർഷങ്ങളിലെ അഴിമതി വിരുദ്ധ, ബലാത്സംഗ വിരുദ്ധ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് ഒരു ദശാബ്ദം മുമ്പ് ഡൽഹിയിൽ ആം ആദ്മി പാർട്ടി ഉയർന്നുവന്നത്. ഡൽഹിക്ക് പുറമേ, പഞ്ചാബിലും അധികാരത്തിലെത്താൻ അവർക്ക് കഴിഞ്ഞു, ഗുജറാത്തിൽ അവർ കാര്യമായ പ്രതികരണം ഉളവാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ബിൽക്കിസ് ബാനോയെയും അവരൂടെ കുടുംബാം ഗങ്ങളെയും ബലാത്സംഗം ചെയ്തവരെയും കൊലപ്പെടുത്തിയവരെയും ജയിലിൽനിന്ന് മോചിപ്പിച്ച് അവർക്ക് സ്വീകരണം ഒരുക്കുകയും , കുപ്രസിദ്ധ ബലാത്സംഗക്കേസ് പ്രതി റാം റഹീമിന് ഹരിയാനയിൽ നാല്പത് ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ആം ആദ്മി പാർട്ടിയെപ്പോലുള്ള ഒരു പ്രതിപക്ഷം പ്രതികരിക്കേണ്ടത് ?
ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം ഇന്ത്യക്ക് ആവശ്യമാണെന്നും, അവരുടെ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല മാർഗം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയുടെയും വിഘ്നങ്ങൾ നീക്കുന്ന ഗണപതിയുടേയും ചിത്രങ്ങൾ അച്ചടിക്കുകയാണെന്നാണ് കേജ്‌രിവാൾ പറയുന്നത്. ജ്ഞാനത്തിന്റെ ദൈവം കറൻസി നോട്ടുകളിൽ ചിത്രീകരിക്കപ്പെടൽ ഒരു പോംവഴിയായി നിർദ്ദേശിക്കുമ്പോൾ, ഭഗത് സിങ്ങിനേയും അംബേദ്കറിനേയും കുറിച്ച് അധരവ്യായാമം നടത്തിയും യുക്തിയോട് വിടപറഞ്ഞുകൊണ്ടും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ സന്ദിഗ്ധ നിലപാട് സ്വീകരിക്കാനും താൻ തയ്യാറാണെന്ന് ഈ ശുപാർശയിലൂടെ കെജ്‌രിവാൾ വ്യക്തമാക്കുന്നു . മോദി ഗവൺമെന്റിന്റെ പൂർണ്ണമായ കെടുകാര്യസ്ഥതയ്ക്കും ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ പ്രത്യയശാസ്ത്രത്തിനും മറുപടി ആകുന്നതിന് പകരം, ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ വിശ്വാസ്യത നേടുന്നതാണ് പ്രധാനം എന്ന് കേജരിവാൾ കരുതുന്നു; അതിന്നായി , അസംബന്ധ ആശയങ്ങളുടെയും മത്സരാധിഷ്ഠിതമായ വൈകാരിക ആഹ്വാനങ്ങളുടെയും കളിയിൽ നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഈ രാഷ്ട്രീയ ലൈൻ പലപ്പോഴും മൃദു ഹിന്ദുത്വമായി വിശേഷിപ്പിക്കപ്പെടുന്നു, അതിന്റെ സ്വാധീനക്ഷമതയുടെയും ബഹുജന സ്വീകാര്യതയുടെയും പേരിൽ സ്വയം പ്രതിരോധം തീർക്കാനായി സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിയും മറ്റും ഉപയോഗിച്ച മതപരമായ പദപ്രയോഗങ്ങളുടെയും രൂപകങ്ങളുടെയും ഉദാഹരണങ്ങൾ എടുത്തുകാട്ടി സമർത്ഥിക്കാൻ ആണ് കേജ്‌രിവാൾ ശ്രമിക്കുന്നത്.
ഈ തന്ത്രം പരീക്ഷിക്കുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കില്ല കെജ്രിവാൾ. കെജ്‌രിവാളിനെപ്പോലെ, രാജീവ് ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശുദ്ധവും ആധുനികവുമായ പ്രതിച്ഛായയോടെയും ശാസ്ത്രീയമായും സാങ്കേതികമായും വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഭാവി വീക്ഷണത്തോടെയും പ്രത്യക്ഷപ്പെട്ടു. 1984-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പാർലമെന്ററി ഭൂരിപക്ഷമുള്ള ഒരു ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി, ബി.ജെ.പി ലോക്‌സഭയിൽ വെറും രണ്ട് സീറ്റിലേക്ക് ചുരുങ്ങി. എന്നാൽ, ആദ്യം ഷാ ബാനോ വിധിയിലും പിന്നീട് അയോധ്യ വിഷയത്തിലും തന്റെ തെറ്റായ നടപടിയിലൂടെ അദ്ദേഹം യഥാർത്ഥത്തിൽ ബിജെപിക്ക് ധൈര്യം നൽകിയതിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ഇപ്പോഴും ചില കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ യഥാർത്ഥ ശില്പിയായി അംഗീകരിക്കാൻ തിരക്കുകൂട്ടുന്നു. നരേന്ദ്ര മോദിയെ ഹിന്ദുത്വത്തിന്റെ തരികിടയിൽ തോൽപ്പിക്കാനുള്ള കെജ്‌രിവാളിന്റെ ശ്രമത്തിനും സമാനമായ വിധി നേരിടേണ്ടിവരും.
ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ജയങ്ങൾ വിശദീകരിക്കുന്നത് മതവിശ്വാസത്തോടുള്ള ശരിയായ അഭിസംബോധനയെയല്ല, വിദ്വേഷം നിറഞ്ഞ മുസ്‌ലിം വിരുദ്ധ ഉന്മാദത്തെ ആളിക്കത്തിക്കാനും ഈ ഭൂരിപക്ഷവാദത്തെ ദേശീയതയായി ഉയർത്തിക്കാട്ടാനുമുള്ള ബി.ജെ.പിയുടെ കഴിവാണ്.
ഈ വിദ്വേഷത്തിനും ആക്രമണത്തിനുമുള്ള ഉത്തരം , സാമൂഹികവും പ്രത്യയശാസ്ത്രപരവുമായി നിർണായകമായ ബദൽ പ്രതികരണങ്ങൾ വികസിപ്പിക്കൽ ആണ്. മത്സരത്തിലൂടെയോ, സങ്കീർണ്ണതകൾ വര്ധിപ്പിച്ചുകൊണ്ടോ ഹിന്ദുത്വത്തെ ഫലത്തിൽ സാധൂകരിക്കുന്ന നയങ്ങളിലല്ല ബദലുകൾക്കുള്ള സാധ്യത കുടികൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ കറൻസി നോട്ടുകളിൽ മതചിഹ്നങ്ങൾ അടിച്ചേൽപ്പിക്കുന്നത്, അതും ആധുനികമായ ഒരു ഇന്ത്യ സ്വപ്നം കണ്ട രണ്ട് മഹാന്മാരുടെ ഛായാചിത്രങ്ങൾ പിന്നിൽ ഭിത്തിയിൽ തൂക്കിയിട്ടുകൊണ്ട് ആവുമ്പോൾ , ആധുനിക ഇന്ത്യ എന്ന സ്വപ്നം വഞ്ചിക്കപ്പെട്ട ഒരു നിമിഷവുമായി ചേർത്തുവെച്ച് കേജ്‌രിവാളിന്റെ നാമം ഓർമ്മിക്കപ്പെടും.

No comments:

Post a Comment