Friday 2 December 2022

2022 ലെ ഭരണഘടനാ ദിനം :
ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘ്-ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തുക 


എഡിറ്റോറിയൽ

[ ML അപ്ഡേറ്റ്  (29 നവംബർ - 5 ഡിസംബർ 2022)] 




2022 ലെ ഭരണഘടനാ ദിനം ആചരിക്കപ്പെടുന്ന വേളയിൽ , ഭരണഘടനയുടെ അന്തസ്സത്തയും  മൂല്യങ്ങളും സംരക്ഷിക്കാനുള്ള  വെല്ലുവിളിയുടെ ഗൗരവവും  അടിയന്തര സ്വഭാവവും  ഒരിക്കൽ കൂടി അത്  മുന്നിൽ കൊണ്ടുവരുന്നു. എന്നാൽ , ആശ്വാസകരമായ സൂചനകൾ ഉൾക്കൊള്ളുന്ന രണ്ട് വാർത്തകൾ അടുത്തദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്.  ആയിരം ദിവസത്തിനടുത്ത് ജെയിലിൽ കഴിഞ്ഞ ശേഷം സുപ്രീം കോടതി അനുവദിച്ച   ജാമ്യം സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്യിക്കാൻ  ഉള്ള  എൻഐഎ നടത്തിയ  ശ്രമത്തെ പരാജയപ്പെടുത്തി ജയിൽമോചിതനായ  പ്രൊഫസർ ആനന്ദ് തെൽതുംബ്ഡെയുമായി ബന്ധപ്പെട്ടതാണ് അവയിൽ ഒന്നാമത്തേത് .  . അതുപോലെ, കൃഷിയെ സംരക്ഷിക്കാനും എല്ലാ വിളകൾക്കും ന്യായമായ വില ഉറപ്പാക്കാനുമുള്ള കർഷകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന  കർഷകർ അവരുടെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്നതും നമ്മൾ കണ്ടു.

    "നാം, ഇന്ത്യയിലെ ജനങ്ങൾ" എന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിലെ ആദ്യവാചകം തന്നെ  പ്രതിനിധാനം ചെയ്യുന്ന ആധുനിക ഇന്ത്യയുടെ ഭരണഘടനാ സങ്കപ്പത്തിന്റെ സത്തയാണ്  മേൽസൂചിപ്പിച്ച വാർത്തകളിലൂടെ സാക്ഷാൽകൃതമാവുന്നത് . പക്ഷേ, ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ഒരുവശത്ത് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ, മറുവശത്ത്  ഭരണഘടന ഇന്ന് ഭരണം കയ്യാളുന്ന സർക്കാരിന്റെയും സംഘ് പരിവാറിന്റെയും നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയാണ്. ഭരണഘടനാ വാഴ്ചയുടെ കേന്ദ്ര സ്ഥാപനങ്ങൾ ആയ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയുടെ അധികാരവും പ്രവർത്തനങ്ങളും പരസ്പരം കണ്ണിചേർന്നിരിക്കുമ്പോൾത്തന്നെ  അവയോരോന്നും തനതായ അസ്തിത്വം നിലനിർത്തുക എന്ന തത്വവും , പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥാപന ചട്ടക്കൂടിന്റെ സമഗ്രതയും പാലിക്കുന്നതിനു പകരം, ഭരണഘടനയെ അട്ടിമറിക്കാനും വിയോജിപ്പുണ്ടാക്കാനും അധികാര പ്രമത്തമായ ഒരു എക്സിക്യൂട്ടീവിനെ ഉപയോഗിച്ച് ബുൾഡോസർ ചെയ്യാനും ഉള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് .അതിന്നുവേണ്ടി  ഏകകക്ഷി ഭരണം എന്ന ആശയം കൂസലെന്യേ വിതരണം ചെയ്യപ്പെടുകയാണ്.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണങ്ങളിൽ പലതും    എക്സിക്യൂട്ടീവിന്റെ അനിയന്ത്രിതമായതും  സ്വേച്ഛാപരവുമായ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നു . സ്ഥാപനപരമായ കൂടിയാലോചനയോ പാർലമെന്റിന്റെ അനുമതിയോ ഇല്ലാതെ ഏകപക്ഷീയമായ തീരുമാനമെടുത്ത് നടപ്പാക്കി ആറ് വർഷത്തിന് ശേഷമാണ്  നോട്ട് റദ്ദാക്കൽ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ എത്തുന്നത് .അപ്പോഴും  സർക്കാർ നടത്തിയ പ്രതികരണം ഒളിച്ചോട്ടത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു . ഏത് തരത്തിലുള്ള ജുഡീഷ്യൽ സൂക്ഷ്മപരിശോധനയെയും എങ്ങനെയാണ് സർക്കാർ  ഭയപ്പെടുന്നതെന്ന്  ഇത് വ്യക്തമാക്കുന്നു.

EWS ക്വോട്ട സംബന്ധിച്ച കേസിൽ ഭരണഘടനാ ബെഞ്ചിന്റെ  വിഭജിത കോടതി വിധിയിലെ ന്യൂനപക്ഷ അഭിപ്രായം, ക്വാട്ടയെ "ഭരണഘടനയുടെ അന്തസ്സത്ത യുടെ ലംഘന"മെന്ന് വിശേഷിപ്പിച്ചു. അതുപോലെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാനും അതിന്റെ സ്ഥാപനപരമായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള സർക്കാരിന്റെ പദ്ധതി ചോദ്യം ചെയ്ത മറ്റൊരു ഹരജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയെക്കുറിച്ചുള്ള പരാതി സംബന്ധിച്ച്   ഭരണഘടനാബെഞ്ച് വാദം കേൾക്കുകയാണ് . സുപ്രീം കോടതി ഈ ഹർജി പരിഗണിക്കുമ്പോൾ തന്നെ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത് വിവാദമായി. വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ ഭരണഘടനാ പദവിയെക്കുറിച്ച്പോലും തർക്കം ഉന്നയിച്ചു  സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചപ്പോൾ, വോട്ട് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയാൻ വേണ്ടി അയോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭരണഘടനാ ബെഞ്ചിന് മറുപടി നൽകേണ്ടിവന്നു.


വോട്ടവകാശത്തെ കേവലം നിയമം നൽകുന്ന ഒരു സൗജന്യം ആയി  മാത്രം കണക്കാക്കാനുള്ള സർക്കാരിന്റെ ഈ  ശ്രമം ഭരണഘടനയ്ക്ക് ചേരുന്നതല്ല ;  ഏതെങ്കിലും വിഭാഗം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഒഴിവുകഴിവാണ് അത് .


 മനുഷ്യാവകാശങ്ങളോടുള്ള മോദി സർക്കാരിന്റെ തികഞ്ഞ അവഹേളനത്തിന്റെ മറ്റൊരു ഉദാഹരണമാണ് അക്കാഡമിക് പണ്ഡിതനും  എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ഡേയ്ക്ക്    ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ എൻഐഎ  അപ്പീൽ കൊടുത്തത് .  വിയോജിപ്പുള്ള ഏത് ശബ്ദത്തേയും എപ്പോൾ വേണമെങ്കിലും കുരുക്കിട്ട് പിടിച്ച് ജെയിലിലടക്കാനുള്ള സൗകര്യപ്രദമായ ഇരട്ട ആയുധങ്ങൾ ആയി എൻഐഎയും യുഎപിഎയും മോദി സർക്കാരിന്റെ കൈകളിൽ മാറിയിരിക്കുകയാണ് .  അടുത്തിടെ ചേർന്ന  ആഭ്യന്തര മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ മോദി നടത്തിയ "പേന പിടിക്കുന്ന നക്സലുകൾ"  എന്ന  പരാമർശം, വിയോജിപ്പുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യക്തമായ ദിശാസൂചനയാണ്. മനസ്സാക്ഷിത്തടവുകാരെ കോടതി കുറ്റവിമുക്തരാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്യുമ്പോഴും, അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിച്ചതിന് ജെയിലിൽ  ഇട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീതി തേടുന്നവരെപ്പോലും പ്രതിക്കൂട്ടിൽ എത്തിക്കാനുള്ള  തീവ്രശ്രമത്തിലാണ് ഇന്ന്   സംഘപരിവാറും മോദി സർക്കാരും . 


ഭരണഘടനയുടെ  അന്തസ്സത്തയേയും വീക്ഷണത്തെയും വ്യവസ്ഥാപിതമായ രീതിയിൽ ചോർത്തിക്കളയുന്ന ഇത്തരം ആക്രമണങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയാണ് .  ഇന്ത്യയുടെ ഭരണഘടനയാകാൻ യോഗ്യത മനുസ്മൃതിക്ക്‌ ആണെന്നും  ദേശീയ പതാക കാവി ആകണമെന്നും പരസ്യമായി വാദിച്ച ആർ എസ് എസ് , ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് ഉയർന്നുവന്ന ഭരണഘടനയെയും ത്രിവർണ പതാകയെയും ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നത് മറക്കാനാവില്ല. ഇപ്പോൾ ബിജെപി അധികാരത്തിലിരിക്കുന്നതിനാൽ,  സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും ദേശീയപതാകയുടെയും വക്താക്കൾ ആയി സ്വയം അവതരിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ദേശീയ പതാകയെ അംഗീകരിക്കുന്നു എന്നേയുള്ളൂ. എന്നാൽ, അത് ചെയ്യുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെയും ഭരണഘടനയുടെ മൗലികമായ  കാഴ്ചപ്പാടിനേയും നിരന്തരം വളച്ചൊടിച്ച്കൊണ്ടുമാത്രമാണ് .


അവകാശങ്ങളേക്കാൾ കടമകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു അട്ടിമറിശ്രമത്തിന്‌ ആണ് മോദി നേതൃത്വം നൽകുന്നത്.  ജനാധിപത്യത്തിന്റെ മാതാവ് എന്ന് ഇന്ത്യയെ  വിളിക്കുന്ന മോദിയുടെ പുതിയ വാചകമടിയിൽ നിന്ന് സൂചന സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറപ്പെടുവിച്ച ഒരു സമീപനരേഖയെ അവലംബിച്ചുള്ള  ആസൂത്രിത പ്രചാരണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. 'അന്യസംസ്കാരങ്ങളുടെയും'  വംശീയതകളുടെയും 2000 വർഷത്തെ അധിനിവേശത്തിന്റെ  പശ്ചാത്തലത്തിൽ ഹിന്ദു സംസ്കാരവും നാഗരികതയും'കണ്ടെത്തൽ ' ആണ്  അതിന്റെ പ്രഖ്യാപിത ഉള്ളടക്കം. 


 സ്ഥാപനവൽക്കരിച്ച ജാതീയ ശ്രേണീബദ്ധതയിൽ നിന്നും ലിംഗ അനീതിയിൽ നിന്നും മോചനം നേടി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അന്വേഷണത്തിന്റെയും , ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടു വെച്ച  പുതിയൊരു സമൂഹഭാവനയുടേയും    അടിസ്ഥാനത്തിൽ ആണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് .
 എന്നാൽ, അതിന്റെ ആവിര്ഭാവത്തിന്റെ യഥാർത്ഥ പ്രക്രിയയെയും കാഴ്ചപ്പാടിനെയും  നിരാകരിക്കുകയാണ് മേൽസൂചിപ്പിച്ച ഐ സി എം ആർ  സമീപനരേഖ ചെയ്യുന്നത്. അംബേദ്കറുടെ ഭരണഘടനയെ തലകീഴായി മാറ്റി മറിക്കുന്നതിൽ കുറഞ്ഞ ഒന്നുമല്ല ഇത്. മോദി ഭരണത്തിന്റെ കയ്യിലെ കളിപ്പാട്ടമായി മാറുന്നതിൽ നിന്ന് ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കേണ്ടത് അതിനാൽ അനിവാര്യമാണ്. 

No comments:

Post a Comment