Friday 18 August 2023

നിയമപ്രാബല്യം നൽകപ്പെട്ട സ്വേച്ഛാധിപത്യത്തെ ജനാധിപത്യ ഇന്ത്യ അംഗീകരിക്കില്ല [ എം എൽ അപ്ഡേറ്റ് 15 - 21ആഗസ്റ്റ് 2023 എഡിറ്റോറിയൽ ]


ന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുമ്പോൾ, പ്രധാനമന്ത്രിപദത്തിലിരുന്നു ചെങ്കോട്ടയിൽനിന്നു മോദി നടത്തിയ തന്റെ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗം മറ്റൊരു ഗതികെട്ട തിരഞ്ഞെടുപ്പ് പ്രസംഗമായി പരിണമിക്കുകയായിരുന്നു. അഴിമതിക്കും കുടുംബവാഴ്ചാ രാഷ്ട്രീയത്തിനുമെതിരെയുള്ള അദ്ദേഹത്തിന്റെ പരിക്ഷീണിതമായ വാചകമടി ജനങ്ങളുടെ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ചും , ഫാസിസ്റ്റ് ഭരണത്തിനെതിരായ രാഷ്ട്രീയ ഐക്യത്തിന്റെ ഉയർന്നുവരുന്ന അടയാളങ്ങളെക്കുറിച്ചുമുള്ള ഉൾപ്പേടി വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഇതിനകം താൻ തറക്കല്ലിട്ട പദ്ധതികളുടെ ഉദ്ഘാടനത്തിന് അടുത്ത തിരഞ്ഞെടുപ്പിന് ശേഷം മടങ്ങിവരുമെന്ന വീമ്പിളക്കലിൽ പോലും തന്റെ കാൽക്കീഴിലെ മണ്ണ് അനുദിനം വഴുതിപ്പോവുമോ എന്ന ഭയമാണ് നിഴലിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണഘടനാ അടിത്തറയ്‌ക്കും ഇന്ത്യയുടെ വൈവിധ്യമാർന്ന സാമൂഹിക ഘടനയുടെ സംയോജിത സംസ്‌കാരത്തിനും മേലുള്ള കൂടുതൽ നഗ്‌നമായ ആക്രമണങ്ങൾക്ക് വരും നാളുകൾ സാക്ഷ്യം വഹിക്കുമെന്ന് മാത്രമാണ് ഇത് അർത്ഥമാക്കുന്നത്.

തീവ്രമായ ഒരു യുദ്ധത്തിന്റെ അടയാളങ്ങൾ ഇതിൽ കൂടുതൽ വ്യക്തമാകാനില്ല. പാർലമെന്ററി ജനാധിപത്യത്തോടുള്ള മോദി ഭരണകൂടത്തിന്റെ തികഞ്ഞ അവജ്ഞയ്ക്കും, ഇന്ത്യയെ നിയമവിധേയമായ ഒരു സ്വേച്ഛാധിപത്യത്തിന്റെ തടവിലാക്കാനുമുള്ള വർദ്ധിച്ചുവരുന്ന നീക്കത്തിനും പാർലമെന്റിന്റെ മഴക്കാല സമ്മേളനം ഉടനീളം സാക്ഷ്യം വഹിച്ചു. ബി.ജെ.പി എം.പിമാർ ഉച്ചത്തിലുള്ള 'മോദി-മോദി' മുദ്രാവാക്യങ്ങളുമായി തന്നെ വാഴ്ത്തുന്ന ഒരു സ്ഥിതിവിശേഷത്തിൽ മിക്കവാറും സമയങ്ങളിൽ പ്രധാനമന്ത്രി പെരുമാറുന്നത് പാർലമെന്റിനെ തന്റെ രാജസഭയോ , ദർബാറോ ആയി കണക്കാക്കുന്ന ഒരു ചക്രവർത്തിയെപ്പോലെയാണ് . പാർലമെന്റ് മന്ദിരത്തിലും പരിസരത്തും സന്നിഹിതരായിരിക്കേ തന്നെ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാവുന്നത് ഒഴിവാക്കിയ രീതി തന്നെ മേൽപ്പറഞ്ഞതിന്റെ വ്യക്തമായ സൂചനയാണ്. പ്രധാനമന്ത്രിയെ സഭയിലെത്തിക്കാൻ മാത്രം പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടിവന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അഭൂതപൂർവമായ പ്രതിസന്ധിയായി കാണണം.


പ്രതീകാത്മകമായ സംഗതികൾക്കുപരി, പാർലമെന്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്ന ബില്ലുകളുടെ ഉള്ളടക്കത്തിലാണ് നാം തീർച്ചയായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒഡീഷയിലെ ബിജെഡിയും ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപിയും പോലുള്ള രണ്ട് പ്രധാന പ്രാദേശിക ഭരണകക്ഷികൾ സർക്കാരിനൊപ്പം നിന്നതിനാൽ മാത്രം രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞ ഡെൽഹി ബിൽ ഫെഡറൽ ചട്ടക്കൂടിനെതിരേയുള്ള നിർദ്ദയമായ പ്രഹരമാണ്. ഈ ബില്ലിനെ ഡെൽഹിക്ക് മാത്രം ബാധകമായ ഒരു നിയമനിർമ്മാണം ആയി കണക്കാക്കുന്നതിനെ പിന്തുണച്ച പ്രാദേശിക പാർട്ടികൾ ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് 'പ്രത്യേക കേസായി' അംഗീകരിച്ചപ്പോൾ എഎപി 2019 ഓഗസ്റ്റിൽ ചെയ്ത അതേ തെറ്റ് ആവർത്തിക്കുകയായിരുന്നു. തങ്ങൾ മുൻപ് കശ്മീർ വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പ്രത്യാഘാതം നാല് വർഷത്തിന് ശേഷം സ്വയം അനുഭവിക്കുമ്പോൾ ആണ് ആം ആദ്മി പാർട്ടിക്ക് അതിലെ തെറ്റ് മനസ്സിലാവുന്നത്.


ഡെൽഹി ബിൽ മാത്രമല്ല , മറ്റ് അനേകം വിഷയങ്ങളിലും ഈ സെഷനിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിചിത്രമായിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ കൊണ്ടുവന്ന ഒരു ബിൽ അത്തരത്തിലുള്ളതായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഈ വർഷം മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വയംഭരണവും നിഷ്പക്ഷതയും ഉറപ്പാക്കാനും, മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെയും വിശ്വാസ്യതയെ അനിവാര്യമായി നിലനിർത്താനും ആയിരുന്നു. അത് പ്രകാരം, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റി യായിരിക്കണം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറേയും അംഗങ്ങളേയും തെരഞ്ഞെടുക്കേണ്ടിയിരുന്നത്. തൽസ്ഥാനത്ത്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രിയെ നിയമിക്കാനുള്ള ബിൽ മോദി സർക്കാർ ഇപ്പോൾ അവതരിപ്പിച്ചു! മറ്റൊരു തരത്തിൽ പറഞ്ഞാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെ ഒരു നിർണായക ഭരണഘടനാ സ്ഥാപനത്തിന്റെ നിയമനത്തിൽ എക്സിക്യൂട്ടീവിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.


നിലവിലുള്ള ഇന്ത്യൻ പീനൽ കോഡ് (1860), ക്രിമിനൽ പ്രൊസീജ്യർ കോഡ് (1974), ഇന്ത്യൻ എവിഡൻസ് ആക്റ്റ് (1872) എന്നിവയ്ക്ക് പകരമായി ആഭ്യന്തരമന്ത്രി മൂന്ന് ബില്ലുകൾ അവതരിപ്പിച്ചത് മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യത്തിന്റെ നിയമപരമായ ചട്ടക്കൂടിനു ഏറ്റവും മോശമായ പ്രഹരമായി. ഭാരതീയ ന്യായ് സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ വിളിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. നിയമപരിഷ്കാരങ്ങൾക്കുള്ള വിദഗ്ധ സമിതി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, ഗവർണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തുമെന്നാണ് നാല് മാസം മുമ്പ് ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നത്. ഹൈക്കോടതികൾ, ബാർ കൗൺസിലുകൾ, സർവ്വകലാശാലകൾ, നിയമവിദ്യാലയങ്ങൾ എന്നിവയുടെ തലപ്പത്തുള്ളവരും ചീഫ് ജസ്റ്റിസുമാരും പാർലമെന്റിലെ എല്ലാ അംഗങ്ങളും ഉൾപ്പെട്ട് ശുപാർശകൾ അന്തിമമാക്കുന്നതിന് മുമ്പ്, പ്രസ്തുത പ്രക്രിയയ്ക്ക് സമയമെടുക്കും എന്നും അറിയിച്ചിരുന്നു. എന്നിട്ടും, വാഗ്ദാനം ചെയ്യപ്പെട്ട വിപുലമായ കൂടിയാലോചനകളുടെ ഒരു പൊതുരേഖയും ഇല്ലാതെ, വ്യാപകവും ദുഷിച്ചതുമായ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്ന മൂന്ന് ബില്ലുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളോടെ ഇപ്പോൾ സർക്കാർ അവതരിപ്പിച്ചിരിക്കുന്നു!
[പുതിയ നിയമസംഹിതകൾ, കൊളോണിയൽ പൈതൃകവും മാനസികാവസ്ഥയും അവസാനിപ്പിക്കുമെന്നും ശിക്ഷയെക്കാൾ നീതിക്ക് മുൻഗണന നൽകുമെന്നും നമ്മൾ വിശ്വസിക്കണമെന്നു സർക്കാർ ആവശ്യപ്പെടുന്നു. എന്നാൽ ബില്ലുകളിലെ വ്യവസ്ഥകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് മനസ്സിലാകും. പൗരന്മാരുടെ വ്യക്തിപരവും കൂട്ടായതുമായ അവകാശങ്ങളെ തുരങ്കം വയ്ക്കാനും ജനാധിപത്യത്തിന്റെ ജീവരക്തമായ ജനകീയാവകാശങ്ങൾ ചോർത്താനും വ്യാപകമായ അധികാരങ്ങൾ നൽകി ഭരണകൂടത്തെ ആയുധമാക്കുക എന്നതാണ് ആശയമെന്ന് വ്യക്തമാവുന്നു. സർക്കാർ നയങ്ങളെ ചോദ്യം ചെയ്യാനും എതിർക്കാനും , മാറ്റത്തിനും നീതിക്കും വേണ്ടി പോരാടാനും ഉള്ള ജനങ്ങളുടെ അവകാശങ്ങൾ ആണ് ഇല്ലാതാക്കുന്നത്. രണ്ട് ഉദാഹരണങ്ങൾ മാത്രം എടുത്താൽ ഇത് വ്യക്തമാകും. ക്രിമിനൽ ചാർജ്‌ജുകളുമായി ബന്ധപ്പെട്ടു പൊലീസിന് കസ്റ്റഡിയിൽ വെക്കാൻ ഉള്ള അധികാരം നിലവിൽ 15 ദിവസമാണെങ്കിൽ പുതിയ നിയമത്തിൽ 60 മുതൽ 90 ദിവസം വരെയായി അത് നീട്ടിയിരിക്കും; വിയോജിപ്പിന്റെ എല്ലാ രീതികളെയും 'ഭീകര പ്രവർത്തന'മായി ക്രിമിനൽ ആക്കാനുള്ള സാധ്യത വിപുലീകരിക്കാൻ വേണ്ടി മാത്രമാണ് 'രാജ്യദ്രോഹം' എന്ന വാക്ക് നിയമത്തിൽ ഉപേക്ഷിക്കുന്നത് എന്നത് രണ്ടാമത്തെ ഉദാഹരണം.


എല്ലാ അധികാരങ്ങളും എക്‌സിക്യൂട്ടീവിന്റെ കൈകളിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതിലൂടെ ഗവൺമെന്റ് ഫെഡറൽ ചട്ടക്കൂടിനെയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയ്ക്കിടയിലുള്ള അധികാര സന്തുലിതാവസ്ഥയെയും അനുദിനം തുരങ്കം വയ്ക്കുന്നു. ഇപ്പോൾ നിർദിഷ്ട ബില്ലുകൾ കൊണ്ട് പൗര സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും അന്തസ്സത്ത തന്നെ ഇല്ലാതാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംഘ് ബ്രിഗേഡ് നെഞ്ചേറ്റുന്ന ഹിന്ദുരാഷ്ട്രം മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും രണ്ടാം തരം പൗരന്മാരായി ചുരുക്കുക മാത്രമല്ല, സ്വതന്ത്ര പൗരത്വം എന്ന ആശയത്തിന്റെ മരണമണി മുഴക്കുകയും ഭരണഘടനാപരമായി ശാക്തീകരിക്കപ്പെട്ട പൗരത്വത്തെ കൊളോണിയൽ കാലഘട്ടത്തിലെ വിധേയത്വമാക്കി മാറ്റുകയും ചെയ്യും. , "കൊളോണിയൽ പൈതൃകം അവസാനിപ്പിക്കുന്ന"തിന്റെ പേരിൽ ആണ് ഇതെല്ലാം ! ബാബാസാഹെബ് അംബേദ്കർ ' രാഷ്ട്രീയത്തിലെ ഭക്തി ' യെ സ്വേച്ഛാധിപത്യത്തിലേക്കുള്ള ഏറ്റവും ഉറപ്പായ മർഗ്ഗമെന്നു വിശേഷിപ്പിച്ചതും അതുകൊണ്ടാണ്. ഹിന്ദു രാഷ്ട്രം യാഥാർത്ഥ്യമാകുക യാണെങ്കിൽ അത് ഈ രാജ്യത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ വിപത്തായിരിക്കുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അംബേദ്കർ മുന്നറിയിപ്പ് നൽകി.


അഴിമതിക്കെതിരെ മോദി വാചാലനാകുകയും അഴിമതിരഹിത ഭരണം എന്ന് തന്റെ സർക്കാരിനെ വിശേഷിപ്പിക്കുകയും ചെയ്തപ്പോഴും, സർക്കാരിന്റെ എല്ലാ വകുപ്പുകളിലെയും അഴിമതികൾ തുറന്നുകാട്ടുന്ന സിഎജി റിപ്പോർട്ടുകൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. പതിനാലിരട്ടി ചെലവ് രേഖപ്പെടുത്തി, കിലോമീറ്ററിന് 18 കോടി രൂപ അനുവദിച്ച ദ്വാരക എക്‌സ്‌പ്രസ്‌വേ പൂർത്തിയായത് കിലോമീറ്ററിന് 250 കോടി രൂപ , അതായത് 14 ഇരട്ടി ചെലവഴിച്ചുകൊണ്ടാണ് . ആയുഷ്മാൻ ഭാരത് എന്ന സ്‌കീമിൽ 9999999999 എന്ന ഒറ്റ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 7,50,000 ഗുണഭോക്താക്കൾ ആയിരുന്നു വെന്നത് മറ്റൊരു കണ്ടെത്തൽ ആണ്. മരിച്ച രോഗികളുടെയും കണ്ടെത്താനാവാത്ത ആശുപത്രികളുടെയും പേരിൽ വൻതുകകൾ പിൻവലിക്കുന്ന ഒരു കുംഭകോണ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എന്ന് ഇത് സൂചിപ്പിക്കുന്നു. വാർദ്ധക്യ പെൻഷനുവേണ്ടിയുള്ള ഫണ്ട് മോദി സർക്കാരിന്റെ പരസ്യ പ്രചാരണങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. സ്വദേശ് ദർശൻ തീർത്ഥാടന പദ്ധതിയുടെ പേരിൽ കരാറുകാർക്ക് നേട്ടമുണ്ടാക്കിയ അയോധ്യ വികസന പദ്ധതിയിൽ വീണ്ടും ക്രമക്കേടുകൾ പുറത്തുവന്നു.


നമ്മൾ ഇപ്പോൾ മോദി സർക്കാരിന്റെ പത്താം വർഷത്തിലാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങളേയും ഭരണഘടനയുടെ തത്വങ്ങളേയും കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ അഭിലാഷങ്ങളേയും അവകാശങ്ങളേയും അവഹേളിക്കുന്ന തോതിൽ ഇന്ത്യയെ നശിപ്പിക്കുകയും പിന്നോട്ടടിക്കുകയും ചെയ്ത പത്ത് വർഷങ്ങളിൽ ഇതിനകം തന്നെ ഭരണത്തിന്റെ എല്ലാ മേഖലകളിലും തീരാദുരിതങ്ങൾ ഉണ്ടായിരിക്കുന്നു. ഭരണകൂടം ആസൂത്രിതമായി നടത്തുന്ന വംശീയ ഉന്മൂലനത്തിനും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്ന ബുൾഡോസിംഗ് കാമ്പെയ്‌നുകൾക്കുമായി നിയമവാഴ്ച വഴിമാറിക്കൊടുക്കുന്ന കാഴ്ചയാണ് മണിപ്പൂർ മുതൽ ഹരിയാന വരെ നാം കാണുന്നത്. മോദി ഭരണകൂടം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിച്ചുവിട്ട ദുരിതങ്ങളുടെ ശൃംഖലയെ തടയാനും , ഫാസിസ്റ്റ് വിപത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനും ഉള്ള ശക്തിയും പ്രചോദനവും സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ നിന്നും ഇന്ത്യ സമാഹരിക്കേണ്ട ഒരു സന്ദർഭമാണ് ഇത്.

No comments:

Post a Comment