Thursday, 5 September 2013

സിറിയയിലും ഇറാനിലും സൈനിക  ഇടപെടൽ നീക്കത്തിൽനിന്നും ഒബാമ ഭരണകൂടം പിന്മാറുക


ഫ് ഗാനിസ്ഥാനിൽ നിന്ന്  പിന്മാറാൻ ആലോചിക്കുകയാണെന്നു അമേരിക്കൻ നാറ്റോ ശക്തികൾ അവകാശപ്പെടുന്നതിനിടയിൽ ഒബാമാ ഭരണകൂടം സിറിയയെ അതിന്റെ അടുത്ത സൈനിക സൈനികാക്രമണലക്ഷ്യമാക്കിയിരിക്കുകയാണ് . ഇതിനെ യുദ്ധമായിട്ടല്ല , 'പരിമിതമായ ഒരു സൈനിക നടപടി' മാത്രമായിട്ടാണ് ഒബാമ വിശേഷിപ്പിക്കുന്നത് .സിറിയയിലെ  ജനതയ്ക്കെതിരെ അവിടത്തെ ഭരണകൂടം രാസായുധം പ്രയോയോഗിച്ചതിനുള്ള ശിക്ഷ ആണത്രേ ഈ സൈനിക നീക്കം.
ഐക്യരാഷ്ട്ര സമിതി നിയോഗിച്ച അന്വേഷണ സംഘം സാമ്പിളുകൾ പരിശോധിച്ച്  രാസായുധ പ്രയോഗം സംബന്ധിച്ച അതിന്റെ നിഗമനത്തിൽഎത്തിയിട്ടില്ലെന്നതോ,  സൗദി രഹസ്യപ്പോലീസ്   സിറിയയിൽ മനപ്പൂർവം എത്തിച്ച  രാസായുധങ്ങൾ  സിറിയൻ  വിമതരുടെ കയ്യിൽ നിന്നും അബദ്ധത്തിൽ പ്രയോഗിക്കപ്പെടാൻ ഇട വന്നതാണെന്നു

സിറിയയിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതോ ,  സിറിയയിലെ ബാഷർ അസ്സാദ് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി ഇസ്രായേൽ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു രഹസ്യ ഓപറേഷൻ ആയിരുന്നു ഇതെന്ന്   മുതിർന്ന  ഒരു മുൻ  യൂഎസ്  സ്റ്റാഫ് മേധാവി  ആരോപിച്ചതോ ഒന്നും സിറിയയെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും അമേരിക്കയെ പിന്തിരിപ്പിക്കാൻ സഹായകമായില്ല രാസായുധം ഉപയോഗിച്ചതിന് ശിക്ഷ നല്കാനും അത് തടയാനും എന്ന വ്യാജന്യായം പറഞ്ഞ്  ഒരു രാജ്യത്തെ ആക്രമിക്കുന്നത് അമേരി ക്കൻ ഭരണകൂടത്തിന്റെ  ആത്മവഞ്ചനയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഒരു അധ്യായമാണെന്ന് ലോകത്തിൽ സാമാന്യ വിവരമുള്ള ഏതൊരു  വ്യക്തിയും ഇന്ന്  തിരിച്ചറിയുന്നു. ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ്   അണുവായുധം ഉപയോഗിച്ച അമേരിക്ക ഇന്നും അത് ഉപയോഗിച്ച ഏക രാജ്യമായി  ലോകത്ത് നിലനില്ക്കുകയാണ് .വിയറ്റ്‌ നാമിലെ കുട്ടികളുടെ മേൽ നാപാം ബോംബുകളും  'എജന്റ് ഓറഞ്ച് ' എന്ന രാസായുധവും വർഷിച്ചതും മറ്റൊരു ഭരണകൂടമല്ല എന്ന് ആരും മറന്നിട്ടില്ല .ശോഷിത യുറേനിയം അടങ്ങിയ വികിരണ ആയുധങ്ങൾ അധിനിവേശിത ഇറാക്കി ജനതയുടെ മേൽ അമേരിക്ക പ്രയോഗിച്ചതിന്റെ ഭീതിദമായ ഫലങ്ങൾ ഇന്നും തുടരുകയാണ് .ഒരു സെനറ്റർ എന്ന നിലയിൽ  മുൻപ്  അമേരിക്കയുടെ ഇറാക്ക് ആക്രമണത്തെ ചോദ്യം ചെയ്തിരുന്ന ഒബാമ അമേരിക്കൻ  പ്രസിഡണ്ട്‌ ആയ ശേഷം  ഡ്രോണ്‍  ആക്രമണങ്ങൾക്ക് നേതൃത്വം നല്കിക്കൊണ്ട്  അധിനിവേശം തുടരുന്നതിന് തന്റേതായ പുതിയ ശൈലി സൃഷ്ട്ടിച്ചിരിക്കുന്നു. കരസൈന്യത്തെ നേരിട്ട് ഇറക്കിയാൽ ഉണ്ടാകുന്ന അപായങ്ങളും പൊല്ലാപ്പുകളും ഒഴിവാക്കാൻ ആണ് ഇത് .   സിറിയയിൽ ഇപ്പോൾ അനുവർത്തിക്കുന്ന നയത്തിലൂടെ  ഒബാമ ബുഷിന്റെ  നേർപിന്തുടർച്ചക്കാ .രനായിരിക്കുകയാണ് . 
രണ്ടാം ലോകയുദ്ധത്തിനുശേഷം, സ്വന്തം മണ്ണിൽ ഒഴികെ ലോകത്തെവിടെയും യുദ്ധം ആഗ്രഹിക്കുന്ന ഒരു രാജ്യമെന്ന നിലയിൽ അമേരിക്ക ആവർത്തിച്ച്‌ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട് .യൂ എസ്‌ സമ്പദ് വ്യവസ്ഥ തന്നെ മുഖ്യമായും ഒരു യുദ്ധാധിഷ്ടിത സമ്പദ് വ്യവസ്ഥയാണ്‌ .ആയുധങ്ങളും വെടിക്കോപ്പുകളും ,നശീകരണത്തിനുള്ള പുതിയ സാങ്കേതിക വിദ്യകൾ , യുദ്ധം ബാക്കിയാക്കുന്ന നാശാവശിഷ്ടങ്ങൾ  നീക്കം ചെയ്യാനും വീണ്ടും സംവിധാനങ്ങൾ പുനർ നിർമ്മിക്കാനും ഉള്ള കരാറുകൾ അമേരിക്കയ്ക്കും അതിന്റെ കോർപ്പറേറ്റ് കൾക്കും നേടിക്കൊടുക്കുന്ന ഭീമമായ ലാഭം - ഇവയെല്ലാം ആണ് അമേരിക്കാൻ വിദേശ നയത്തെ രൂപപ്പെടുത്തുന്നത് . യുദ്ധത്തിന്റെ വേദികളും അരങ്ങുകളും മാറിക്കൊണ്ടിരിക്കും എന്നല്ലാതെ യുദ്ധമില്ലാതെ നിലനില്ക്കാൻ കഴിയില്ല എന്ന അവസ്ഥയാണ് ലോകത്തിലെ വിഭവങ്ങൾക്കു മേൽ  സ്വന്തം അധികാരവും നിയന്ത്രണങ്ങളും എന്നെന്നും നില നിർത്താൻ  ഉള്ള ശ്രമത്തിന്റെ ഭാഗമായി   അമേരിക്കൻ യുദ്ധ സാമ്പത്തിക വ്യവസ്ഥ  ഉണ്ടാക്കി വെച്ചിരിക്കുന്നത് . ഇറാക്ക്- അഫ്ഗാൻ അധിനിവേശങ്ങൾക്കും  ആഫ്രിക്കൻ മേഖലയിൽ രഹസ്യ ഇടപെടലുകൾക്കും  പിന്നാലെ അമേരിക്കൻ യുദ്ധ യന്ത്രം ഇപ്പോൾ സിറിയയുടെ വാതിലിൽ മുട്ടുകയാണ് .
യു എസ്സിന്നും ,  ഇപ്പോൾ ഇസ്രായേൽ, സൗദി അറേബ്യ  ഫ്രാൻസ് എന്നിങ്ങനെ  കേവലം മൂന്നു രാജ്യങ്ങളായി ചുരുങ്ങിയ അതിന്റെ സഖ്യ ശക്തികൾക്കും വേണ്ടത് അറബ് ലോകത്തിൽ കേവലമായ ഒരു ഭരണമാറ്റം  അല്ല ; നേരെ മറിച്ച്, മദ്ധ്യ പൌരസ്ത്യ പ്രദേശത്തും ഇസ്ലാമിക ലോകത്തും അമേരിക്കൻ -ഇസ്രായേൽ അച്ചുതണ്ടിന്റെ മുൻകൈയ്യിൽ  നടപ്പാക്കി വരുന്ന അധിനിവേശ പദ്ധതികളെ ചെറുക്കുന്നതിൽ അവശേഷിച്ച ഏക ശക്തിയായ ഇറാനെ ഒതുക്കൽ ആണ് .
സിറിയൻ  ജനതയുടെ നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നത് ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യങ്ങളും സാമൂഹ്യ വൈവിധ്യങ്ങളും ബഹുസ്വരതയോടുള്ള ആദരവും പുലരുന്ന ഒരു ഭരണക്രമം ആണ് എന്നത് നിഷേധിക്കാനാവാത്ത ഒരു യാഥാർഥ്യം ആണ്. സിറിയയിൽ തുടരുന്ന ആഭ്യന്തര യുദ്ധം ഇപ്പോൾത്തന്നെ ആയിരക്കണക്കിന് മനുഷ്യ ജീവൻ അപഹരിച്ചിട്ടുണ്ട് . അനേക ലക്ഷങ്ങൾ ഭാവനരഹിതരാവുകയോ  പലായനം ചെയ്യുകയോ ചെയ്തു .അന്താരാഷ്‌ട്ര സമൂഹം നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും ഐക്യ രാഷ്ട്ര സഭയുടെ സഹായത്തോടെയും സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതും , കലാപ കലുഷിതമായ ആ രാജ്യത്തെ പ്രശ്നങ്ങൾക്ക്  ഒരു രാഷ്ട്രീയ .പരിഹാരത്തിന് വഴികൾ  ആരായുന്നതും മനസ്സിലാക്കാം . എന്നാൽ, അമേരിക്കയുടെ സൈനിക ഇടപെടൽ സിറിയൻ ജനതയെ ദീർഘകാലം കൂടുതൽ ദുരിതങ്ങളിലേക്കും അരക്ഷിതത്വത്തിലേക്കും  തള്ളിവിടുന്നതിൽ മാത്രമേ കലാശിക്കൂ .  ജനാധിപത്യവും അമേരിക്കൻ ഇടപെടലും ഒരുമിച്ചു പോകുന്ന കാര്യങ്ങൾ അല്ല .  അഫ് ഗാനിസ്ഥാനും ഇറാക്കും മുതൽ ഈജിപ്തും ലിബിയയും വരെയുള്ള രാജ്യങ്ങളുടെ അനുഭവങ്ങൾ  ഇതിനു സാക്ഷ്യം വഹിക്കുന്നു . ജനങ്ങൾ ഭൂരിപക്ഷ വോട്ടെടുപ്പിലൂടെ  തെരഞ്ഞെടുത്ത മുസ്ലിം ബ്രതർ ഹുഡ് സർക്കാരിനെ സൈനികമായ ഒരു അട്ടിമറിയിലൂടെ ഈജിപ്തിൽ സ്ഥാനഭ്രഷ്ടമാക്കിയത് അമേരിക്കൻ ഇടപെടലിലൂടെയോ, ആക്രമണത്തിലൂടെയോ  ഭരണ മാറ്റം സംഭവിക്കുന്ന ഏത് രാജ്യത്തിലും നീതിയും ജനാധിപത്യവും വിദൂര സ്വപ്‌നങ്ങൾ മാത്രം ആയിരിക്കുമെന്ന സത്യം ഓർമ്മിപ്പിക്കുന്നു .സിറിയൻ റിബലുകൾക്ക് ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ  അമേരിക്കൻ ഇടപെടലിനെതിരെ സുവ്യക്തമായ ഒരു നിലപാടിൽ അവർ സ്വന്തം ജനതയുടെ പോരാട്ടത്തെ  മുന്നോട്ടു നയിക്കേണ്ടത് ആവശ്യമാണ്‌.
ഭാഗ്യവശാൽ, യുദ്ധക്കൊതിയന്മാർ ഇത്തവണ കടുത്ത എതിർപ്പുകളെ അഭിമുഖീകരിക്കുന്നത് കൊണ്ട് കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ അവർക്ക് അത്ര എളുപ്പമല്ല .
കടുത്ത സാമ്പത്തിക പ്രതിസന്ധി  നേരിടുന്ന ഇന്നത്തെ ചുറ്റുപാടിൽ, ഒബാമാ ഭരണകൂടത്തിനു മറ്റൊരു യുദ്ധ സാഹസികതയുടെ ആശയം  അമേരിക്കൻ ജനതയുടെ അടുക്കൽ  മാത്രമല്ലാ അമേരിക്കൻ വ്യവസ്ഥാപിതത്വത്തിന്റെ മുന്നിൽ പോലും ചെലവാകാത്ത അവസ്ഥയാണ് . അതുകൊണ്ടാണ്  കോണ്‍ഗ്രസ്സിന്റെ അംഗീകാരമില്ലാതെയും യുദ്ധം പ്രഖ്യാപിക്കാൻ ഭരണഘടനാപരമായി അധികാരം ഉണ്ടായിട്ടും അമേരിക്കൻ പ്രസിഡണ്ട്‌ ഇപ്പോൾ കോണ്‍ഗ്രസ്സിന്റെ അംഗീകാരം തേടാനുള്ള 'ജനാധിപത്യ' മര്യാദ കാട്ടുന്നത്, ബ്രിട്ടനിൽ ആകട്ടെ ഡേവിഡ്‌ കാമറൂണിന്റെ സർക്കാർ   സിറിയൻ ആക്രമണ യുദ്ധത്തിനു ഹൌസ് ഓഫ് കോമ്മണ്‍സിൽ പിന്തുണ തേടിയപ്പോൾ  ബ്രിട്ടീഷ് ജനതയുടെ മേൽ മറ്റൊരു യുദ്ധത്തിന്റെ ബാധ്യത കെട്ടിവെക്കാൻ പാർലമെന്റ് സർക്കാരിന് അനുമതി നൽകിയില്ല. ഫ്രഞ്ച് പ്രസിഡന്റിനും സമാനമായ അനുഭവം വരും എന്ന സംശയത്താൽ ഇപ്പോൾ പറയുന്നത്   പാർലമെന്റിന്റെ അനുമതിയില്ലാതെയും  യുദ്ധം പ്രഖ്യാപിക്കാൻ ഫ്രഞ്ച് നിയമം പ്രസിഡണ്ടി  നെ അനുവദിക്കുന്നുണ്ട് എന്നാണ് . ആസന്നമായ ഒരു അമേരിക്കൻ ആക്രമണത്തിൽ നിന്നും സിറിയയെ  രക്ഷിക്കാൻ വേണ്ടി അന്താരാഷ്‌ട്ര സമൂഹം ഉറച്ച ശബ്ദത്തിൽ നിലപാടെടുത്തു രംഗത്ത് വരേണ്ടതും , ഭീഷണമായ അമേരിക്കാൻ യുദ്ധ യന്ത്രത്തെ തടഞ്ഞു നിർത്തേണ്ടതും ഇന്ന് അനിവാര്യമായിരിക്കുന്നു.
അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള വിധേയത്വപ്രകടനങ്ങളിലും അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് പാദ സേവ  ചെയ്യുന്നതിലും ഇന്ന് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ  ഏറെ മുന്നിൽ ആണ് .അഫ് ഗാനി ലും ഇറാക്കിലും നടന്ന അമേരിക്കൻ  അധിനിവേശ യുദ്ധങ്ങൾ ക്കെതിരെ ഇന്ത്യയിൽ തുടർച്ചയായി  അധികാരത്തിൽ ഇരുന്ന സർക്കാരുകൾ ശബ്ദിക്കാൻ കൂട്ടാക്കിയില്ല .അന്താരാഷ്‌ട്ര ആണവോര്ജ്ജ ഏജെൻസിയിൽ (IAEA ) ഇറാനെതിരെ രണ്ടു വട്ടം  വോട്ടു ചെയ്ത രാജ്യമാണ് ഇന്ത്യ . മാത്രമല്ലാ , അമേരിക്ക നയിക്കുന്ന 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തിലെ' വിശ്വസ്തതയാർജ്ജിച്ച ഒരു പങ്കാളിയായിട്ടാണ് ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് .അതുകൊണ്ട് തന്നെ കേന്ദ്രത്തിലെ യു പി എ സർക്കാർ അമേരിക്കയുടെ സിറിയൻ ആക്രമണത്തിനെതിരായ യുദ്ധ വിരുദ്ധ നിലപാട് എടുക്കാൻ ധൈര്യസമേതം രംഗത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല . ഈ സാഹചര്യത്തിൽ ,സിറിയയിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ ധീരതയോടെ ശബ്ദമുയർത്താനും, സിറിയയിലും മറ്റേതെങ്കിലും രാജ്യത്തും  അമേരിക്കയുടെ നേതൃത്വത്തിൽ അരങ്ങേറാൻ ഇരിക്കുന്ന അധിനിവേശ യുദ്ധത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന നിലപാട് എടുക്കുന്നതിനെതിരെ കേന്ദ്രത്തിലെ യു പി എ സർക്കാരിന് ശക്തമായ താക്കീത് നല്കാനും  ഇന്ത്യയിലെ ജനങ്ങൾ തയ്യാറാകേണ്ടതുണ്ട് .

.

No comments:

Post a Comment