Thursday 26 September 2013

'ഭക്ഷ്യ സുരക്ഷ' ഇനിയും അകലെ ..

'ഭക്ഷ്യ സുരക്ഷ' ഇനിയും അകലെ ..
2013 ആഗസ്ത് ഒടുവിൽ  ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ പാർലമെന്റ് പാസ്സാക്കിയതിനെത്തുടർന്നു പാർലമെന്റിന്റെ വർഷകാല സമ്മേളനാരംഭത്തിൽ യൂ പി എ സർക്കാർ  കൊണ്ടുവന്ന ദേശീയ ഭക്ഷ്യ സുരക്ഷാ ഓർഡിനൻസിന് പകരം,  ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013  നിലവിൽ  വന്നതായി  സെപ്റ്റെംബർ 10 - ന് കേന്ദ്ര നിയമകാര്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.   മാധ്യമ പ്രചാരണങ്ങളുടെ വലിയ ആഘോഷത്തോടെ ഇപ്പോൾ പാസ്സാക്കിയ ഭക്ഷ്യ സുരക്ഷാ നിയമം, സർക്കാർ  അവകാശപ്പെടുന്നത് പോലെ രാജ്യത്ത് ഭക്ഷ്യ സുരക്ഷ എന്ന പ്രഖ്യാപിത ലക്‌ഷ്യം  കൈവരിക്കുന്നതിന് എന്തുകൊണ്ട്  അപര്യാപ്തമാണ്  എന്ന് നിയമത്തിലെ വ്യവസ്ഥകൾ  പരിശോധിച്ചാൽ മനസ്സിലാകും.
പ്രത്യേകം ലക്ഷ്യമിടുന്ന വിഭാഗങ്ങൾക്ക്  ബാധകമായ പൊതുവിതരണ സമ്പ്രദായം ( 'Targeted PDS' ) തുടരാൻ നിയമത്തിൽ വ്യവസ്ഥയുണ്ട് . എന്നാൽ 'ടാർഗെറ്റിംഗ് 'എന്നത് ഫലത്തിൽ  ദരിദ്രരെ പൊതുവിതരണ സമ്പ്രദായത്തിന്റെ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു സൂത്രം മാത്രമാണ് . നിയമത്തിലെ 'ടാർഗെറ്റിംഗ് 'എന്ന ആശയം  മനസ്സിലാകണമെന്നുണ്ടെങ്കിൽ ദാരിദ്ര്യം ഗണ്യമായി കുറവ് ചെയ്‌തതായ യൂ പി എ സർക്കാരിന്റെ വ്യാജമായ അവകാശ വാദത്തിന്റെ വെളിച്ചത്തിൽ അത് പരിശോധിക്കണം.സർക്കാർ  ദാരിദ്ര്യത്തെ നിർവചിക്കുന്നത് തന്നെ മനുഷ്യത്വ രഹിതമായിട്ടാണ്.  അയവില്ലാത്ത്തതും ,തന്നിഷ്ട പ്രകാരവുമായ മാനദണ്‍ഡങ്ങൾ  ആണ് കേന്ദ്ര സർക്കാർ ദാരിദ്ര്യനിർവചനത്തിൽ നിഷ്കർഷിച്ചിരിക്കുന്നത്  .അഭൂതപൂർവമായ വിലക്കയറ്റത്തിന്റെ ആഘാതത്തി രാജ്യത്തിലെ ജനങ്ങൾ പൊറുതി മുട്ടുമ്പോ അവരുടെ അടിസ്ഥാനപരമായ പോഷകാവശ്യങ്ങൾ പോലും നിർവഹിക്കുക ക്ലേശകരം  ആയ ചുറ്റുപാട് ഉണ്ടായിട്ടുണ്ട് . ഈ സമയത്താണ് ജനങ്ങളിൽ  മൂന്നിലൊരു  വിഭാഗത്തിനു പൊതു വിതരണ സമ്പ്രദായത്തിന്റെ ആനുകൂല്യം നിഷേധിക്കാൻ ഉള്ള വ്യവസ്ഥ അടങ്ങുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013  പാസ്സാക്കപ്പെടുന്നത് .ഭക്ഷ്യ വസ്തുക്കൾ എല്ലാവർക്കും ലഭ്യമാക്കാൻ ആത്മാർഥതയോടെ നിർമ്മിക്കപ്പെടുന്ന ഏതൊരു നിയമവും ഏറ്റവും സമ്പന്നരായ ഒരു ചെറിയ വിഭാഗത്തെ മാത്രമേ അതിന്റെ പ്രവർത്തന പരിധിക്കു പുറത്ത് നിറുത്തുമായിരുന്നുള്ളൂ .
സാധാരണ പറയാറുള്ളത് പോലെ, 'രണ്ടു നേര'മെങ്കിലും എല്ലാവർക്കും ഭക്ഷണം ഉറപ്പു വരുത്താൻ ഈ നിയമത്തിനു കഴിയുമോ ? ഇല്ല എന്നതാണ് യാഥാർഥ്യം. ഗുണ ഭോക്താക്കൾക്ക്‌  പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കും എന്ന് പറയുമ്പോൾ അത് ഇന്ത്യൻ വൈദ്യ ശാസ്ത്ര ഗവേഷണ കൌണ്‍സിൽ (ഐ സി എം ആർ ) മുതിർന്ന വ്യക്തികളുടെ പ്രതിമാസ പോഷകാഹാരാവശ്യത്തിന്റെ ഭാഗം ആയി നിർദ്ദേശിച്ച 14 കിലോ ഭക്ഷ്യധാന്യം എന്ന മാനദണ്ഡം പാലിക്കുന്നില്ല എന്ന് വ്യക്തം . കുട്ടികൾക്ക് തന്നെ  പ്രതിമാസം ശരാശരി 7 കിലോ ഭക്ഷ്യ ധാന്യം വേണമെന്നാണ് ICMR കണക്കാക്കിയിരിക്കുന്നത് ! അപ്പോൾ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 മുതിർന്ന ഗുണഭോക്താക്കൾക്ക് ഉറപ്പുവരുത്തുന്നത് ICMR നിലവാരത്തിൽ കുട്ടികൾക്ക്‌  വേണ്ടിവരുന്നതിനേക്കാൾ പോലും പ്രതിമാസം രണ്ടു കിലോ കുറഞ്ഞ അളവ് ആണ് . പ്രതിദിനം അത് 166 ഗ്രാം മാത്രമേ വരികയുള്ളൂ .
ഇത് സംബന്ധിച്ച് അടുത്തതായി ഉയർന്നു വരുന്ന ചോദ്യം കേവലം ധാന്യങ്ങൾ മാത്രം ഭക്ഷിച്ചാൽ ഭക്ഷ്യ സുരക്ഷയാവുമോ എന്നതാണ് .പോഷകാഹാര സംബന്ധമായ ആധികാരിക പഠനങ്ങൾ പറയുന്നത്  പ്രതിമാസം 2.5 കിലോ വീതം പയർ വർഗ്ഗങ്ങളും  9 ഗ്രാം വീതം ഭക്ഷ്യ എണ്ണയും പ്രായപൂർത്തിയായ ആളുകൾക്ക്
ശരാശരി ലഭിച്ചിരിക്കണം എന്നാണ് .എന്നാൽ പയർ വർഗ്ഗങ്ങളും ഭക്ഷ്യ എണ്ണയും ലഭ്യമാക്കുന്നതിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാനിയമത്തിൽ ഒന്നും പറയുന്നില്ല. .കിലോയ്ക്ക്  ഒരു രൂപാ , രണ്ടു രൂപ, മൂന്നു രൂപാ എന്നീ സൗജന്യ നിരക്കുകളിൽ യഥാക്രമം ചോളവും ഗോതമ്പും അരിയും മൂന്നു വർഷത്തേക്ക് ലഭ്യമാക്കും എന്ന് നിയമം പറയുന്നു . പ്രസ്തുത നിരക്കുകൾ പിന്നീട് പരിഷ്കരിക്കപ്പെടും എന്നാണു പറയുന്നത് .പത്തു വർഷത്തേക്കെങ്കിലും സൗജന്യ നിരക്കുകൾ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യാത്ത പക്ഷം 'ഭക്ഷ്യ സുരക്ഷ'യുടെ പേരിൽ നടക്കാൻ പോകുന്നത് ഒരു വൻ തട്ടിപ്പ് ആണെന്ന് ജനങ്ങൾ  സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല .
ജനങ്ങളുടെ ക്രയശേഷി നിർണ്ണയിക്കുന്നതിൽ പരമ പ്രധാനമായ ഒരു  ഘടകം സുസ്ഥിരമായ തൊഴിലും വരുമാനവും ചേർന്നതാണ് . എന്നാൽ , കർഷകർക്ക് ന്യായമായ സംഭരണ വിലയോ, ജനങ്ങൾക്ക്‌ വരുമാനമോ ഉറപ്പു വരുത്താനുള്ള ഒരു നടപടിയും നിയമത്തിൽ ഇല്ല .നേരെ മറിച്ച് ,പൊതു വിതരണ സമ്പ്രദായം 'പരിഷ്കരിക്കു'ന്ന ത്തിന്റെ പേരിൽ .."ക്യാഷ് ട്രാൻസ്ഫറുകൾ , ഫുഡ്‌ കൂപ്പണുകൾ ..തുടങ്ങിയവ ഭക്ഷ്യ സാധനങ്ങൾ നേരിട്ട് കൊടുക്കുന്നതിനു പകരമായി" നല്കാൻ ആണ് നിയമം വ്യവസ്ഥ ചെയ്യുന്നത് .അത് തന്നെയും തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങൾക്ക് മാത്രം .ഉൽപ്പാദകരിൽ നിന്ന് സർക്കാർ  നേരിട്ട് ഭക്ഷ്യധാന്യം സംഭരിക്കുന്ന സമ്പ്രദായത്തിൽ നിന്നുള്ള അപകടകരമായ ഒരു വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത് .

റേഷൻ ലഭ്യമാകണമെങ്കിൽ ആധാർ /യൂ ഐ ഡി കാർഡുകൾ വേണം എന്ന വ്യവസ്ഥയും ഏറെ ആശങ്കകൾ ഉണർത്തുന്ന ഒരു നിബന്ധനയാണ് എന്ന് പറയേണ്ടതില്ല .ഒരാളുടെ തിരിച്ചറിയലിന്റെ അന്തിമമായ സാക്ഷ്യപത്രങ്ങൾ ആയിട്ടല്ല ആധാർ കാർഡുകൾ വിതരണം ചെയ്യപ്പെടുന്നത്‌ .ഉടമസ്ഥരുടെ ഫോട്ടോകളുടെ സ്ഥാനത്ത് മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ സഹിതം പോലും ആധാർ കാർഡുകൾ വിതരണം ചെയ്യപ്പെട്ടതായി വാർത്തകൾ ഉണ്ടായിരുന്നു .വേണ്ടത്ര നിയമപരമായ അടിസ്ഥാനം ഇല്ലാത്തതിനാൽ ആധികാരികമായ തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ അംഗീകരിക്കേണ്ടതില്ലെന്നും, അവ നിർബന്ധമാക്കരുതെന്നും സുപ്രീം കോടതി തന്നെ കഴിഞ്ഞ ആഴ്ചയിൽ ഉത്തരവ് ഇട്ടതിന്റെ വെളിച്ചത്തിൽക്കൂടി ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ഇത് സംബന്ധിച്ച വ്യവസ്ഥകൾ  പരിശോധന അർഹിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലെ ഭരണകൂടത്തിന്റെ നിരീക്ഷണ സംവിധാനങ്ങളുടെ ഭാഗമായും , കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ  സുഗമമായ നടത്തിപ്പിന് വേണ്ടിയും ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ നിലനില്ക്കുന്നു എന്നതും പ്രസ്താവ്യമാണ്.
സംയോജിത ശിശു ക്ഷേമ വികസന പദ്ധതി (ICDS )യുടെ നടത്തിപ്പിലേക്ക് സ്വകാര്യ കോണ്‍ട്രാക്റ്റർമാരെയും കോർപ്പറേറ്റ് കളെയും ഒളിച്ചു കടത്താനുള്ള താൽപ്പര്യം ഭക്ഷ്യ സുരക്ഷാ നിയമത്തിൽ പ്രകടമാണ് .നിയമത്തിൽ II -)0  പട്ടികയിൽ I -)മത്തെ വിശദീകരണത്തിൽ ഇതിന്റെ സ്പഷ്ടമായ സൂചന ഉണ്ട് . നിർദ്ദിഷ്ട പോഷകാഹാര അലവൻസി ന്റെ  അൻപതു ശതമാനം തുകയും ചെലവഴിക്കാൻ പോകുന്നത് "എനെർജി ഡെൻസ്  ഫുഡ്‌ ഫോർട്ടി ഫൈഡ് വിത്ത് മൈക്രോ ന്യൂട്രിയന്റ്സ് "എന്ന പേരിൽ  ലിസ്റ്റ് ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ആയിരിക്കും . ഇതിന്റെ അർഥം  ഐ സി ഡി എസ് ന്റെ കീഴിലുള്ള പോഷകാഹാര പദ്ധതിയിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ പോഷക മൂല്യവും ഗുണനിലവാരവും  നിശ്ചയിക്കാൻ നിയമം അധികാരം നല്കിയിരിക്കുന്നത് നാട്ടുകാരായ വിദഗ്ദ്ധർക്കല്ലാ, ഈ രംഗത്ത് പ്രവർത്തിക്കുന്ന  കുത്തകകൾക്കാണ്  എന്നതാണ് .കോർപ്പറേറ്റ് കളുടെയും സ്വകാര്യ സംരംഭകരുടെയും പ്രവേശനം ഈ രംഗത്ത് പൂർണ്ണമായും വിലക്കുകയും , തൽസ്ഥാനത്ത്  ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കളുടെ പ്രാദേശികവും വികേന്ദ്രിതവുമായ ഉൽപ്പാദനവും വിതരണവും പരമാവധി പ്രോൽസാഹിപ്പിക്കുകയുമാണ്  സർക്കാർ  ചെയ്യേണ്ടിയിരുന്നത് .
ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ മനുഷ്യത്വരഹിതമായ മറ്റൊരു വശം കുട്ടികൾ രണ്ടിൽ കൂടുതൽ ഉള്ള അമ്മമാരെ അർഹതയിൽനിന്നും പുറംതള്ളാനുള്ള വകുപ്പ് ആണ് . പ്രകടമായും വിവേചനപരവും സ്ത്രീവിരുദ്ധവും ആണ് ഈ വ്യവസ്ഥ.
നിർധനർ , ഭവന രഹിതർ, ദരിദ്രരായ പ്രവാസികൾ, വൃദ്ധർ, ശാരീരിക വൈകല്യങ്ങൾ ഉള്ളവർ , ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ തുടങ്ങിയ പ്രത്യേക സാമൂഹ്യ വിഭാഗങ്ങൾ പട്ടിണിയുടെ ഇരകൾ ആകാൻ ഏറ്റവും സാധ്യതയുള്ളവർ ആണ് .ആ വിഭാഗങ്ങളെ പ്രത്യേക സാമൂഹ്യ ഗ്രൂപ്പുകൾ ആയി പരിഗണിച്ചു ആനുകൂല്യങ്ങൾക്ക് അർഹരാക്കാൻ  വ്യവസ്ഥകൾ ഒന്നും നിയമത്തിൽ ഇല്ല . 

 അതുപോലെ , നിത്യപട്ടിണിയുടെ ദുരിതം അനുഭവിക്കുന്നവർ ഏറെ ഉള്ള പ്രദേശങ്ങളിൽ  പ്രത്യേക നടപടികൾ  കൈക്കൊള്ളാനോ , ഭവന രഹിതർക്കും നിർധനർക്കും പ്രയോജനപ്പെടും വിധം സമൂഹ അടുക്കളകൾ ഉണ്ടാക്കാനോ നിയമത്തിൽ വ്യവസ്ഥയില്ല.
ഇതിലെല്ലാമുപരി ,ഏറ്റവും വിചിത്രമായ ഒരു  വകുപ്പ് നിയമത്തിൽ ഉണ്ട്:
"ഈ നിയമപ്രകാരം അവകാശം ലഭിക്കുന്ന ഏതൊരാൾക്കും .. യുദ്ധം ,പ്രളയം, വരൾച്ച , അഗ്നിബാധ ,കൊടുങ്കാറ്റ് ,ഭൂകമ്പം ,തുടങ്ങിയ കാരണങ്ങളാൽ ഭക്ഷ്യ ധാന്യങ്ങളുടെയോ ഭക്ഷണത്തിന്റെയോ വിതരണം തകരാറിലാവുന്ന സന്ദർഭങ്ങളിൽ ഒഴികെ , പ്രസ്തുത അവകാശം ലഭ്യമാക്കാൻ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ അധികാരത്തിൽ ഇരിക്കുന്ന സർക്കാരുകൾ ബാധ്യതപ്പെട്ടവരായിരിക്കും".  മേൽ സൂചിപ്പിച്ച കാരണങ്ങൾ  ഉണ്ടെങ്കിൽ 'ഭക്ഷ്യ സുരക്ഷ'യ്‌ ക്കുള്ള  അവകാശം  ഏത്  സമയത്തും പിൻവലിക്കാൻ നിയമത്തിൽ തന്നെ വകുപ്പ് എഴുതി വെച്ചിരിക്കുകയാണ് !ഏറ്റവും കൂടുതൽ ജനങ്ങൾ കൊടും പട്ടിണിയെ അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളിൽ ഏതുതരം പരിഹാരനടപടികൾ ആണോ അത്യാവശ്യമായി വരുന്നത്, അവ സർക്കാരിന്റെ ബാധ്യത അല്ലാതാക്കും എന്നാണ് നിയമം പറയുന്നത് !
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വിഭാവന ചെയ്യുന്ന സങ്കടനിവാരണ സംവിധാനവും അതീവ ദുർബലമാണ് . ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ അനാസ്ഥയോ വീഴ്ചയോ വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള അധികാരം പഞ്ചായത്ത് / ബ്ലോക്ക് തലങ്ങളിൽ നിക്ഷിപ്തമാവുക എന്ന സ്വാഭാവികമായ മിനിമം സംവിധാനം പോലും നിയമത്തിൽ ഇല്ല .
രാജ്യത്ത് ഇന്ന് വ്യാപകമായിരിക്കുന്ന പട്ടിണിയുടെ ഭീഷണിയെ ഫലവത്തായി കൈകാര്യം ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറല്ലാത്ത യൂ പി എ സർക്കാർ 2014 ലെ പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ  ജനങ്ങളെ കബളിപ്പിക്കാനും,  വ്യാജമായ അവകാശ വാദങ്ങൾ  പ്രചരിപ്പിച്ച് വോട്ടുകൾ നേടാനും
വേണ്ടി പട്ടിണിയിൽ നിന്നും മുതലെടുക്കുകയാണ് .

No comments:

Post a Comment