Friday 6 December 2013

ലാൻഡ്‌ അക്വിസിഷൻ ആക്ട്‌ 2013 പുനരധിവസിപ്പിക്കുന്നത് ഭൂമി തട്ടിപ്പറിയെ - (2) - ദീപങ്കർ ഭട്ടാചാര്യ

                                                                           [തുടർച്ച ]
നേരിട്ട് ബാധിക്കുന്നവരുടെ സമ്മതത്തെക്കുറിച്ചു പറയുന്നതിന് പകരം ഈ നിയമം , തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുമായി കൂടിയാലോചനകൾ നടത്തുന്നതിനെക്കുറിച്ചും, അക്വിസിഷ ൻറെ സാമൂഹ്യാഘാത  പഠനം നടത്തി  ഒരു വിദഗ്ദ്ധ സമിതിയുടെ മൂല്യനിർണയത്തിന് വിടുന്നതിനെ ക്കുറിച്ചും ഒക്കെയാണ് പറയുന്നത് .പക്ഷെ ,അത്തരം ഒരു വിദഗ്ദ്ധ സമിതി  അക്വിസിഷനു എതിരായി അഭിപ്രായം പ്രകടിപ്പിച്ചാലും അന്തിമ തീരുമാനം സർക്കാർ  ആണ് എടുക്കേണ്ടത് എന്ന് നിയമം പറയുന്നു . വിദഗ്ദ്ധ സമിതിയുടെഅഭിപ്രായം മറികടന്നു ഭൂമി ഏറ്റെടുക്കണമെങ്കിൽ സർ ക്കാർ  അതിനുള്ള കാരണം എഴുതി വെക്കണമെന്നേയുള്ളൂ .മാത്രവുമല്ലാ , തന്ത്രപരമായ കാരണങ്ങളാൽ ഒരു സത്വര നടപടിയുടെ ഭാഗമായിട്ടാണ് അക്വിസിഷൻ എങ്കിൽ പാരിസ്ഥിതിക - സാമൂഹ്യാഘാത പഠനം തന്നെ ആവശ്യമില്ലതാനും.
    അടുത്ത വിഷയം നഷ്ട പരിഹാരമാണ് . 'സ്വകാര്യമായി വിലപേശി ഉറപ്പിച്ചു സ്വകാര്യ കമ്പനികൾ വാങ്ങുന്ന' ഭൂമിയെ നഷ്ടപരിഹാരവും പുനരധിവാസവും ബാധിക്കുന്നില്ല .അല്ലെങ്കിൽ പ്രസ്തുത കമ്പനികൾക്ക് വേണ്ടി സർക്കാർ  ഭൂമി വാങ്ങുമ്പോഴോ,കമ്പനി സ്വയം വാങ്ങിയ ഭൂമിക്കു പുറമേ ഭൂമി ഏറ്റെടുക്കാൻ വേണ്ടി സർക്കാർ രംഗത്ത് വരുമ്പോഴോ ആണ് നഷ്ട പരിഹാരത്തിന്റെ വ്യവസ്ഥകൾ  ബാധകമാവുന്നത്‌ .
  ഭൂമി ഏറ്റെടുക്കൽ മൂലം പ്രശ്നങ്ങൾ  അനുഭവിക്കുന്നത് ഉടമസ്ഥർ മാത്രമല്ല എന്നത് നിരവധി അനുഭവങ്ങളിലൂടെ വ്യക്തമായ സംഗതിയാണ് .ബാധിതർ ആയ ജനങ്ങൾ എന്ന ഒരു പരികല്പ്പന പുതിയ നിയമത്തിൽ ഉണ്ടെങ്കിലും , നഷ്ടപരിഹാരത്തിന് അർഹരായവർ ഉടമസ്ഥർ മാത്രമാണ്, ഭൂരഹിതരെ അതിൽ പെടുത്തുന്നില്ല .കുടിയൊഴിപ്പിക്കലിന് വിധേയരായ ഉടമസ്ഥർക്ക്  പുനരധിവാസത്തിനും നഷ്ട പരിഹാരത്തിനും ചില വ്യവസ്ഥകൾ നിയമത്തിൽ ഉണ്ടെങ്കിലും ഭൂരഹിതർ ആയ കർഷകത്തൊഴിലാളികൾ, പങ്കു പാട്ടകൃഷി നടത്തുന്നവർ, മറ്റു ചില്ലറ തൊഴിലുകൾ ചെയ്തു പരോക്ഷമായി ഭൂമിയെ ആശ്രയിച്ചു ജീവിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരമോ പുനരധിവാസമോ നിയമത്തിൽ ലഭ്യമല്ല.
ഭൂമിയും ഉപജീവനമാർഗങ്ങളും നേരിട്ട് നഷ്ടപ്പെടുന്നതിൽ ഉപരിയായ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആണ് കൃഷിഭൂമിയോ കൃഷിക്ക് ഉപയുക്തമായ ഭൂമിയോ കാർഷികേതര ആവശ്യം മുൻനിർത്തി ഏറ്റെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയം ഉണ്ടാക്കുന്നത്‌. കാരണം, അത് ഭക്ഷ്യ സുരക്ഷയെ ആത്യന്തികമായി അപകടപ്പെടുത്തുന്നു. പുതിയ നിയമത്തിൽ 'ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ്' ഉണ്ടെങ്കിലും അതൊരിക്കലും ഭക്ഷ്യ സുരക്ഷ നേരിടുന്ന ആപത്തിന് സമൂർത്ത പരിഹാരം ആകാൻ പ്രാപ്തമല്ല .റെയിൽവേകൾ, ഹൈവേകൾ, പ്രധാനപ്പെട്ട ജില്ലാ തല റോഡുകൾ, ജലസേചന കനാലുകൾ, വൈദ്യുതലൈനുകൾ, തുടങ്ങിയ 'രേഖീയ സ്വഭാവത്തിലുള്ള പ്രോജക്ടുകൾ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന അടിസ്ഥാനത്തിൽ അവയെല്ലാം മേല്പ്പറഞ്ഞ പ്രത്യേക വകുപ്പിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു . എങ്കിലും സമീപകാല അനുഭവം കാട്ടിത്തരുന്നത് നേരെ മറിച്ചുള്ള ഒരു ചിത്രമാണ് .എക്സ്പ്രസ്സ്‌വേ കൾക്ക് വേണ്ടിയും  കോറിഡോർകൾക്ക് വേണ്ടിയുംഏറ്റെടുക്കപ്പെട്ട മൊത്തം കൃഷിഭൂമിയുടെ വിസ്തൃതി വളരെ നിർണായകമാണ്. മേല്പ്പറഞ്ഞ വിധമുള്ള  'രേഖീയ സ്വഭാവത്തിലുള്ള പ്രോജക്ടുകൾ'ക്ക് വേണ്ടിയല്ലാതെയും സമീപകാലത്ത് ഒരു നിയന്ത്രണവും ഇല്ലാത്ത കയ്യേറ്റങ്ങൾ കൃഷിഭൂമിക്ക് നേരെ 'പൊതു താൽപ്പര്യത്ത്തിന്റെ' പേരിൽ  ഉണ്ടായിട്ടുണ്ട്.ഇപ്പോഴത്തെ നിയമം 'പൊതു താൽപ്പര്യത്ത്തിന്റെ' പേരിൽ ഏതൊരു  പ്രോജക്ടിനും പരിധിയില്ലാത്ത വിധം കൃഷിഭൂമി ലഭ്യമാക്കിക്കൊടുക്കാൻ ഉപകരിക്കുന്നതാണ് . ഇക്കാര്യത്തിൽ ജലസേചിത കൃഷിസ്ഥലമെന്നോ, ആണ്ടിൽ ഒന്നിലധികം വിളവെടുക്കുന്ന  ഭൂമിയെന്നോ ഉള്ള പരിഗണനകൾ പോലും അനുവദിക്കുന്നില്ല. 2011 ഇൽ അവതരിപ്പിച്ച കരടുനിയമത്തിൽ അത്തരം ഏറ്റെടുക്കലിന് പരിധി നിർദേശിച്ചിരുന്നു; എന്നാൽ അന്തിമ രൂപം വന്നപ്പോൾ അതില്ലാതാവുകയാണ് ചെയ്തത് .ആവശ്യമെങ്കിൽ പരിധി നിശ്ചയിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർ ക്കാരിനും ആണ് ഇപ്പോൾ കൽപ്പിക്കപ്പെട്ടിരിക്കുന്നത് .
ഈ നിയമത്തിലെ 106 (1)എന്ന വകുപ്പ് ഭൂമിഏറ്റെടുക്കൽ സംബന്ധമായ പ്രശ്നങ്ങളെയാകെ ഒരു തമാശ പോലെ ആക്കുന്ന ഒന്നാണ് .ഭരണഘടനയുടെ 4-)0 പട്ടികയിൽ ഉൾപ്പെടുത്തിയ ഏതെങ്കിലും നിയമപ്രകാരം ആണ് അക്വിസിഷൻ എങ്കിൽ  അത്തരം ഏറ്റെടുക്കൽ പുതിയ നിയമത്തിലെ  ഈ വകുപ്പ് പ്രകാരം പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു.നാലാം പട്ടികയിലാകട്ടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 13 നിയമങ്ങൾ വേറെ കിടക്കുന്നു.  പ്രത്യേക സാമ്പത്തിക മേഖലാ നിയമം അഥവാ SEZ ആക്റ്റ് 2005 കൊണ്ടുവന്നപ്പോൾ  അതിനെ നാലാം പട്ടികയിൽ ഉൾപ്പെടുത്താൻ തുടക്കത്തിൽ സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും രാജ്യത്തുടനീളം SEZ നു എതിരെ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ നാലാം പട്ടികയിലുൾ പ്പെടുത്തൽ സർ ക്കാരിന് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
 ഭൂമി ഏറ്റെടുക്കൽ  സംബന്ധിച്ച പുതിയ നിയമം സർക്കാർ പാസ്സാക്കുന്നതിന് തൊട്ടു മുൻപ് ഗ്രാമീണവികസന മന്ത്രാലയം ഒരു ദേശീയ നയപ്രഖ്യാപന രേഖ ഭൂപരിഷ്കരണം സംബന്ധിച്ച് പുറത്തിറക്കിയിരുന്നു. ഈ രേഖയിൽ, ഭൂമി കൈവശം വെക്കുന്നതിനു ഫലവത്തായ നിയന്ത്രണം കൊണ്ടുവരുന്നതിലും, ഭൂപരിഷ്കരണം നടപ്പാക്കുന്നതിലും ഗവണ്‍മെന്റിന്   മുൻകാലങ്ങളിൽ ഉണ്ടായ പാളിച്ച ഏറ്റു പറയുന്നുണ്ട് .ജലസേചിത കൃഷിഭൂമി യുടെ പരിധി 5 മുതൽ 10 വരെ ഏക്കർ  ആയും, അല്ലാത്തവ 10 മുതൽ 15 ഏക്കർ വരെയായും താഴ്ത്തി നിശ് ചയിക്കേണ്ടതിന്റെ ആവശ്യകത രേഖയിൽ എടുത്തു പറയുന്നുണ്ട്. മത സ്ഥാപനങ്ങൾ,  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റ്‌ കൾ,വ്യവസായ സ്ഥാപനങ്ങൾ, അക്വാ ഫാമുകൾ എന്നിവകൾക്കു വേണ്ടി ഭൂപരിധിയുടെ കാര്യത്തിൽ പ്രത്യേകം ഇളവുകൾ അനുവദിക്കുന്നത് നിർത്തണം എന്നും അത്തരം സ്ഥാപനങ്ങൾ യൂനിറ്റ് ഒന്നിന് 15 ഏക്കർ ഭൂമി മാത്രമേ പരമാവധി പാടുള്ളൂ എന്നും രേഖ നിർദേശിക്കുന്നു. മാത്രമല്ലാ ഉടമസ്ഥതയ്ക്കെന്ന പോലെ പാട്ട ഭൂമിക്കും ഈ പരിധി ബാധകമാക്കണം എന്നും അതിൽപറയുന്നു .2005 ലെ SEZ നിയമത്തിലൂടെയും ഇപ്പോഴത്തെ  ഭൂമി ഏറ്റെടുക്കൽ നിയമത്തിലൂടെയും വൻതോതിൽ കൃഷിഭൂമികൾ കാർഷികേതര ആവശ്യങ്ങൾക്കായി നഷ്ടപ്പെടുത്തിയ ഭരണകൂടം ഇങ്ങിനെയൊരു രേഖ ഇറക്കുമ്പോൾ അതിലെ കാപട്യം പ്രകടമാണ് .
സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാനയവും സമാനമായ അളവിൽ കാപട്യം ഉൾക്കൊള്ളുന്നു .ലാന്ഡ് അക്വിസിഷൻ നിയമവും ഭക്ഷ്യ സുരക്ഷാ നിയമവും പാസ്സാക്കപ്പെടുന്നത് ഒരേ പാർലമെന്റ് സെഷനിൽ ആണ്. ഭക്ഷ്യ സുരക്ഷാ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതു  പ്രതിമാസം വെറും 5 കിലോ ഭക്ഷ്യ ധാന്യത്തിന്റെ പ്രതിശീർഷ ലഭ്യതയ്ക്കാണ് .ആളോഹരി ഇത്രയും കുറഞ്ഞ അളവിൽ ഭക്ഷ്യധാന്യം  അപര്യാപ്തം ആണെന്ന് മാത്രമല്ലാ പയർ വർഗ്ഗങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു . ഇത് തന്നെ ഗ്രാമീണ മേഖലയിൽ 75% വും നഗരങ്ങളില 50% വും പേർക്ക് മാത്രമേ ഉറപ്പാക്കിയിട്ടുള്ളൂ .  ഭക്ഷ്യ സുരക്ഷാ നിയമം വ്യവസ്ഥ ചെയ്ത ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കണമെങ്കിൽത്തന്നെ രാജ്യത്തെ കൃഷി ഭൂമിയുടെ വിനിയോഗം  കൂടുതൽ ഫലപ്രദം  ആക്കുകയും അതിന്റെ വ്യാപ്തി വർധിപ്പിക്കുകയും വേണ്ടി വരും. അതേ സമയം കൃഷി ഭൂമിയുടെ ലഭ്യത പടിപടിയായും സ്ഥായിയായും ഇല്ലാതാക്കും വിധത്തിൽ  നേർവിപരീതമായ ഫലം ഉണ്ടാക്കുന്ന നയങ്ങൾ ആണ് സർക്കാർ പിൻ തുടരുന്നത് . ഉത്പ്പാദനം വർദ്ധി പ്പിക്കുന്നതിന്റെ പേര് പറഞ്ഞ് ജനിതക പരിവർത്തിതമായ വിത്തിനങ്ങൾ സ്വീകരിക്കാൻ കർഷകരെ നിർ ബന്ധിച്ച്  അവരെ കൂടുതൽ ആപല്ക്കരമായ വഴികളിലേക്ക് തള്ളിവിടുകയാണ് .ഇന്ത്യൻ കാർഷിക രംഗത്തിന്റെ കോർപ്പറേറ്റ് വല്ക്കരണം ഭക്ഷ്യ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിന് പകരം ഗുരുതരമായ കാര്ഷിക പ്രതിസന്ധിയാണ് അത് രാജ്യത്ത് സൃഷ്ടിക്കുക .
1894- ലെ ലാൻഡ് അക്വിസിഷൻ നിയമത്തിൻറെ കൊളോണിയൽ പൈതൃകം ഇല്ലായ്മ ചെയ്യുകയല്ലാ, നേരെ മറിച്ച്, ആദ്യം  SEZ -2005 ലൂടെയും പിന്നെ ലാന്ഡ് അക്വിസിഷൻ നിയമം -2013 ലൂടെയും കൂടുതൽ ബലപ്പെടുത്തുകയാണ്  ചെയ്തിരിക്കുന്നത്. രാജ്യവും അതിന്റെ വിലപ്പെട്ട വിഭവങ്ങളും കൊളോണിയൽ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ യഥാർഥ  താൽപ്പര്യം ഉള്ളവർ വിനാശത്തിലേക്കുള്ള പാതയൊരുക്കുന്ന ഇത്തരം പുതിയ കുറിപ്പടികൾ തള്ളിക്കളഞ്ഞ്   ഇന്ത്യയുടെ കൃഷിഭൂമികൾ സംരക്ഷിക്കാനും, അവയുടെ പരിരക്ഷ എല്ലാ വിധത്തിലും  ഉറപ്പാക്കാനും ഉള്ള പോരാട്ടത്തിൽ  അണി ചേരുക.  .

No comments:

Post a Comment