Friday 16 December 2016

                     പ്രസ്താവന                                ( 5-12-2016 )

  

മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുക

ലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ 2016 നവംബർ 24 നു വ്യാഴാഴ്ച ഉച്ചയോടെ സി പി ഐ (മാവോയിസ്റ് ) കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന  കൂപ്പു ദേവരാജനും അജിത എന്ന കാവേരിയും പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം പത്രങ്ങളിൽ വന്നു. മാവോയിസ്റ് സംഘത്തിൽ ഉണ്ടായിരുന്ന വേറൊരാൾക്ക് പരിക്കേറ്റതായും വാർത്തയുണ്ടായിരുന്നു. ഇത് ഒരു ഏറ്റുമുട്ടൽ കൊലപാതമാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്.നക്സലൈറ്റുകൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടാൽ അത് പോലീസുമായി ഏറ്റുമുട്ടുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന ചിത്രീകരണം ഉണ്ടാകുന്നത് ഇതാദ്യമല്. നാൽപ്പത്താറിലധികം  വർഷം മുൻപ്  വയനാട്ടിൽ നടന്ന സഖാവ് വർഗ്ഗീസിന്റെ കൊലപാതവുമായി ബന്ധപ്പെട്ടും  ഏറ്റുമുട്ടൽ വാർത്തയായിരുന്നു സർക്കാർ പ്രചരിപ്പിച്ചിരുന്നത് .പിന്നീട് എത്രയോ വർ ഷങ്ങൾക്കു ശേഷം ആണ് സഖാവ് വർഗ്ഗീസിനെ വെടിവെച്ചുകൊന്നുകളയാൻ നിയുക്തനായിരുന്ന ഒരു പോലീസുകാരൻ തന്നെ അത് ഒരു ഏറ്റുമുട്ടൽ  മരണമല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയത്.നിലമ്പൂരിൽ ഇപ്പോൾ നടന്ന മാവോവാദിവേട്ടയും കൊലപാതകങ്ങളും ഒരു ഏറ്റുമുട്ടലിന്റെ ഫലമായി ണ്ടായിട്ടുള്ളതാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ഒരു ഏറ്റുമുട്ടലിന്റെ യാതൊരടയാളവും ചൂണ്ടിക്കാണിക്കാൻ പോലീസിനും അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഒരു പോലീസുകാരന്നും പരിക്കേറ്റതായ വാർത്തയും ഇല്ല. മാധ്യമ പ്രവർത്തകരെ അവിടേയ്ക്കു പോകാൻ അധികാരികൾ അനുവദിച്ചിട്ടില്ല. തമിൾനാട് പോലീസ് ഒഴികേ മറ്റാരെയും കടത്തിവിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്നെന്നു പറയപ്പെടുന്നതിനെ സംശയത്തോടെ കാണാൻ ഇതെല്ലാം സഹായിക്കുന്നു.

കൊല്ലപ്പെട്ട മാവോവാദികൾ ഇതര സംസ്ഥാനക്കാരാണെന്നും അവർ നിരവധി കേസ്സുകളിൽ പ്രതികളാണെന്നും ഭരണകക്ഷി നേതൃത്വം  ആരോപിക്കുന്നു. എങ്കിൽ അവരെ അറസ്റ്റു ചെയ്ത്  ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി വിചാരണ ചെയ്യുകയല്ലേ വേണ്ടത് ? നിയമജ്ഞരും പൗരാവകാശ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും ചോദിക്കുന്നു . ഇതിനു ഉത്തരം പറയാൻ ഏറ്റുമുട്ടൽ എന്നൊരു സംഗതിയല്ലാതെ പോലീസിന്റെയും ഭര ണാധികാരികളുടെയും കയ്യിൽ മറ്റൊന്നും ഇല്ല.

മാവോവാദികളെ ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും മുദ്രകുത്തുന്നത് ശരിയായ ഒരു രാഷ്ട്രീയ സമീപനമല്ല. അവരുടെ രാഷ്ട്രീയ നിലപാടിനോടും  പ്രവർത്തന ശൈലിയോടും  സി പി ഐ (എം എൽ )ലിബറേഷന് ഉള്ള വിമർശനങ്ങൾ ഇതിനു മുൻപ് പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ,എതിർ ശബ്ദങ്ങളെ ഭീഷണികൊണ്ടും ആക്രമണങ്ങൾ കൊണ്ടും നേരിടുന്ന രീതി അംഗീകരിക്കാനാവില്ല. മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക്   പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം ഭരണകൂടഭീകരത കെട്ടഴിച്ചു വിടുകയും കരിനിയമങ്ങളടിച്ചേൽപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത് .മാവോയിസ്റ്റുകളുടെ മേലായാലും മറ്റാരുടെ മേലായാലും, പോലീസ് രൂപകൽപ്പന ചെയ്യുന്ന ഏറ്റുമുട്ടൽക്കൊലകൾ രാഷ്ട്രീയക്കൊലപാതകങ്ങൾ തന്നെയാണ്.

' മാവോയിസമാണ്  ഏറ്റവും വലിയ വിപത്ത് ' എന്ന ഒരഭിപ്രായം   കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൽ ഉടലെടുത്തപ്പോൾ ഇന്ത്യയിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഒട്ടുമുക്കാലും ഇതിനെ അനുകൂലിക്കുകയോ നിശ്ശബ്‌ദതയിലൂടെ അംഗീകരിക്കുകയോ ആയിരുന്നു. ഇന്ത്യയുടെ മദ്ധ്യഭാഗത്തും  വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഉള്ള വന മേഖലകളിൽ  അനേകതലമുറകളായി താമസിച്ചുവന്ന ഭൂമിയും അവരുടെ കിടപ്പാടങ്ങളും കോർപ്പറേറ്റ്  ഖനന വ്യവസായത്തിന്റെ താൽപ്പര്യാർത്ഥം എന്നെന്നേക്കുമായി വിട്ടൊഴിയാൻ ആദിവാസികളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി  സർക്കാർ ബലപ്രയോഗം ആരംഭിച്ചതോടെയാണ് യാഥാർഥത്തിൽ ആദിവാസികൾ ചെറുത്തു നിൽക്കാൻ ശ്രമിച്ചത് . കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികളെ സഹായിക്കാൻ മുന്നോട്ടുവന്ന നക്സലൈറ്റ് പ്രവർത്തകരേയും  ജനാധിപത്യ -പൗരാവകാശ പ്രസ്ഥാനങ്ങളേയും  മാവോയിസ്റ്റുകളേയും  എല്ലാം "ദേശതാൽപ്പര്യ"ത്തിനു എതിർ നിൽക്കുന്നവരായി ചിത്രീകരിച്ചു ഭരണകൂട ഭീകരതയിലൂടെ ഒതുക്കുന്നതിനുവേണ്ടിയാണ് യു എ പി എ പോലുള്ള ഡ്രക്കോണിയൻ നിയമങ്ങളും  ആവർത്തിച്ചുള്ള പോലീസ് വ്യാജ ഏറ്റുമുട്ടലുകളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ, ഭരണകൂട ഭീകരതയെ ന്യായീകരിക്കാൻ വേണ്ടി നക്സലൈറ്റ്- മാവോവാദി ഭീകരതകൾ സൃഷ്ടിക്കപ്പെടുന്നു.

മേൽവിവരിച്ചതുപോലുള്ള ഒരു പശ്ചാത്തലം പൊതുവെ നിലവിലില്ലാത്ത ഒരു സംസ്ഥാനമായ കേരളത്തിൽ, ഒരു ചെറിയ സംഘം മാവോവാദികളെ കീഴടക്കുന്നതിനുള്ള പരിശ്രമത്തിനിടെ അവശ്യമായി എന്ന് പോലീസും ഭരണകൂടവും അവകാശപ്പെട്ട ഏറ്റുമുട്ടലും കൊലപാതകങ്ങളും നിരവധി സംശയങ്ങൾ ഉണർത്തുന്നുണ്ട്. കേരളത്തിലെ സാമാന്യ ജനതയും യഥാർത്ഥ രാജ്യസ്നേഹികളായ ഇടതുപക്ഷ ശക്തികളും ഇതുസംബന്ധിച്ചു വലിയ ആശങ്കയിലും ചിന്താക്കുഴപ്പത്തിലും ആണ്.അതുകൊണ്ടുതന്നെ ഈ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച യഥാർഥ വസ്തുതകൾ അന്വേഷിക്കാനും കണ്ടെത്താനും ജനങ്ങളെ അറിയിക്കാനും ഉള്ള ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ട്. കക്ഷിരാഷ്ട്രീയത്തിന്റേയും ചേരിപ്പോരുകളുടേയും നടുവിൽ പല അപ്രിയ സത്യങ്ങളും തേച്ചു മായ്ക്കപ്പെടുന്ന അനുഭവങ്ങൾ കേരളജനതയുടെ മുന്നിൽ ഏറെയുള്ളപ്പോൾ മുൻപേ സൂചിപ്പിച്ച പ്രകാരമുള്ള സംശയങ്ങൾ സ്വാഭാവികമാണ്അതിനാൽ, മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ  സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ കേരള സർക്കാരിനോട് സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം ഘടകം ആവശ്യപ്പെടുന്നു .
   

ജോൺ കെ എരുമേലി

സെക്രട്ടറി ,
സംസ്ഥാന ലീഡിങ് ടീം സി പി ഐ (എം എൽ) ലിബറേഷൻ. 



No comments:

Post a Comment