Monday, 17 April 2017

പാർട്ടി രൂപീകരണത്തിന്റെ നാൽപ്പത്തെട്ടാം വാർഷികവേളയിൽ  സി പി ഐ (എം എൽ) കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച ആഹ്വാനം
  ഏറെ വെല്ലുവിളികൾ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ സാഹചര്യം ആണ് 2017 ന്റെ ആദ്യപാദത്തിൽ നമ്മൾ അഭിമുഖീകരിക്കുന്നത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പദത്തിലേയ്ക്ക് അവരോധിക്കപ്പെട്ടതോടെ വംശീയത, സ്വേച്ഛാധിപത്യം , വിദേശ വംശജരോടുള്ള വെറുപ്പ് എന്നിവ  ഭരണകൂടത്തിന്റെ ഔദ്യോഗികനയങ്ങൾ ആയി സ്ഥാപനവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങളിലെ മുസ്ലീങ്ങൾക്ക് അമേരിക്ക സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുമ്പോൾ  അന്യരാജ്യങ്ങളിൽനിന്നു അവിടെ കുടിയേറി ത്താമസിക്കുന്നവർ പൊതുവിൽ  വംശീയമായ ആക്രമണങ്ങൾക്കും ഭീഷണികൾക്കും ഇരകളാവുകയാണ്.   അമേരിക്കൻ ജനതയുടെ തന്നെ വലിയൊരുഭാഗം ഇന്ന് ട്രംപിന്റെ വംശീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും സ്വേച്ഛാധിപത്യത്തിനും എതിരെ പ്രതിരോധിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തുകയാണ് . എന്നാൽ , അമേരിക്കൻ ഭരണലോബിയുടെ ഇംഗിതങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന വിശ്വസ്തനായ ഒരു ജൂനിയർ പങ്കാളി എന്ന നിലയ്ക്ക് മോദി സർക്കാർ  ട്രംപിന്റെ സ്വേച്ഛാധിപത്യപരവും ഇസ്ലാമോഫോബിയ പരത്തുന്നതും വംശീയവുമായ നയങ്ങളോട് വിധേയത്വവും ആരാധനയും മാത്രമേ കാട്ടിയിട്ടുള്ളൂ. വംശീയതയുടെയും വിദേശ വംശജരായ കുടിയേറ്റക്കാരോടുള്ള  വെറുപ്പിന്റെയും ഫലമായി  അമേരിക്കയിൽ ഇന്ത്യക്കാർ അരക്ഷിതത്വവും ഭീഷണികളും നേരിടുകയും, ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും പോലും     ഉണ്ടായിട്ടും ട്രംപ് ഭരണകൂടത്തോടുള്ള  മോദി ഗവൺമെന്റിന്റെ സമീപനത്തെ  ഒരു തരത്തിലും അത് ബാധിച്ചിട്ടില്ല.

തീർച്ചയായും, ട്രംപും മോദിയും ഒരേ ജനുസ്സിൽപ്പെടുന്ന സ്വേച്ഛാധികാര സംവിധാനത്തിന്റെ  നടത്തിപ്പുകാരാണെന്നു ലോകജനത തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.  കോർപ്പറേറ്റ് ആഗോളവൽക്കരണം സൃഷ്ടിച്ച ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അസ്ഥിരതയും നിമിത്തം ജനങ്ങൾക്കിടയിൽ പെരുകിവരുന്ന അരക്ഷിതബോധത്തെ ചൂഷണം ചെയ്തു കൊണ്ട് അധികാരത്തിലെത്തിയവരാണ് അവർ. ജനാധിപത്യത്തിന്റെ     എല്ലാ മൂല്യങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരായി തുറന്ന രീതിയിലുള്ള  ഫാസ്സിസ്റ്റ് ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇരുവരും.
  മോഡി ഭരണകൂടത്തിന്റെ യഥാർത്ഥ സ്വഭാവം എന്തെന്ന് കാട്ടിത്തരുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ  കൂടി ആയിരുന്നു ഇയ്യിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകൾ. 2014 ലെ ലോക് സഭാതെരഞ്ഞെടുപ്പ്  വേളയിൽ  ബി ജെ പി പ്രധാനമായും  ചർച്ചാവിഷയം ആക്കിയിരുന്ന  'വികസന' ത്തിനു പകരം ഇക്കഴിഞ്ഞ യു പി നിയമസഭാതെരഞ്ഞെടുപ്പിൽ ഏറെക്കുറെ പ്രത്യക്ഷമായിത്തന്നെ വർഗ്ഗീയ വ്യവഹാരങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ശവ സംസ്കാര രീതികളിലെയും , മതപരമായ ഉത്സവങ്ങൾക്കുവേണ്ടി വിനിയോഗിക്കപ്പെടുന്ന വിദ്യുച്ഛക്തിയുടെ അളവുകളുടെയും വ്യത്യാസങ്ങളും ഗുണദോഷങ്ങളും വരെ താരതമ്യം ചെയ്ത് വർഗ്ഗീയതയെ   പരമാവധി   പോഷിപ്പിച്ചു.

 മുസ്ലിം വിരുദ്ധ ഹിംസയുടെ മുഖ്യ പ്രണേതാവായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് യു പിയിൽ കാവിഭീകരതയുടെ മറ്റൊരദ്ധ്യായത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ബി ജെ പി.   നിയമസഭാ തെരഞ്ഞെടുപ്പിൽ   ഭൂരിപക്ഷം കിട്ടാതെ വന്ന ഗോവയിലും,  ജനവിധിയിൽ രണ്ടാം സ്ഥാനത്ത് വന്ന  മണിപ്പൂരിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ അള്ളിപ്പിടിക്കാൻ ബി ജെ പിയ്ക്ക് സാധിച്ചു. ഇൻഡ്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന  അജൻഡയുടെ കാതലായ   വശം  സാക്ഷാൽക്കരിക്കാൻ വേണ്ടത്ര ആത്മവിശ്വാസം ബി ജെ പിയ്ക്ക് ഉണ്ടായിരിക്കുന്നതിന്റെ സൂചനയാണ്  യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിപദത്തിലേക്ക് നിയുക്തനായത്. നേരത്തെ 'അച്ഛേ ദിൻ' എന്ന പൊള്ളയായ മുദ്രാവാക്യം മുഴക്കിയതു പോലെ ഇപ്പോൾ   'പുതിയ ഇന്ത്യ' യ്ക്ക് അടിത്തറ പാകുന്നതിന്നുള്ള ദൗത്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നാണ് തൽക്കാലം ബി ജെ പി പറയുന്നത്.

ഇന്ത്യയിലെ വലതുപക്ഷ ലിബറൽ ചിന്താഗതിക്കാർ കുറേക്കാലമായി ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് യോഗി ആദിത്യനാഥും സാക്ഷി മഹാരാജുമൊക്കെ ബി ജെ പി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽപ്പെട്ടവരായി പരിഗണിക്കേണ്ട വരല്ലെന്നും , അതിനാൽ അവരുടെ പറച്ചിലുകളും ചെയ്തികളും ഒന്നും ബി ജെ പി നയത്തിന്റെ ഭാഗമായി  കാണേണ്ടതില്ലെന്നും ആയിരുന്നു. കേവലം പാർശ്വതലങ്ങളിൽ വർത്തിക്കുന്ന ഒരു തരം തീവ്ര മത വാദത്തിന്റെ ഈ പ്രവണതയല്ല 'ദേശീയത' യും 'വികസന' വും പരമപ്രധാനമായിക്കാണുന്ന ബി ജെ പിയുടെ മുഖ്യധാര എന്നും  അവർ പറഞ്ഞുകൊണ്ടിരുന്നു.


ബി ജെ പിയുടെ അടിസ്ഥാനപരമായ സങ്കൽപ്പങ്ങളും ,പാർശ്വതലത്തിൽ വർത്തിക്കുന്നതെന്ന്  വിശേഷിപ്പിക്കപ്പെടുന്ന തീവ്രഹിന്ദുത്വ ആശയങ്ങളും തമ്മിൽ ഉണ്ടെന്നു പലരും പറയുന്ന  വൈരുദ്ധ്യങ്ങൾ വാസ്തവത്തിൽ നിലനിൽക്കുന്നില്ല എന്നാണ്‌ മുഖ്യമന്ത്രി പദത്തിലേക്കുള്ള യോഗി ആദിത്യനാഥിന്റെ വരവ് എടുത്തുകാട്ടുന്നത് . എന്നാൽപ്പോലും നമ്മൾ മറന്നുകൂടാത്ത  ഒരു പ്രധാനപ്പെട്ട കാര്യം യു പി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്കു   യോഗി ആദിത്യനാഥിന്റെ പേർ മുഖ്യമന്ത്രി എന്നനിലയിൽ ബി ജെ പി നേതൃത്വം ഒരിയ്ക്കലും ഉയർത്തിക്കാട്ടിയിരുന്നില്ല എന്നതാണ്. തുറന്ന രീതിയിൽ വർഗീയതയുടെ ഭീഷണിയുണ്ടാക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെ തെരഞ്ഞെടുപ്പിൽ ബി ജെ പി വേണ്ടുവോളം ഉപയോഗിച്ചിരുന്നുവെങ്കിലും, 'എല്ലാവരെയും ഉൾക്കൊള്ളുന്നതും  ഏവരിലും  എത്തുന്നതും ആയ വികസനം' എന്ന മുദ്രാവാക്യത്തിന്റെ രൂപത്തിൽ വികസനം സംബന്ധിച്ച പൊള്ളയായ ചില വാചകമടികളും അതോടൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ അർഥം , യു പി യിൽ ബി ജെ പി യുടെ മുഖമായി യോഗി ആദിത്യനാഥിനെ എടുത്തുകാട്ടാൻ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെങ്കിലും  മോദിയും കൂട്ടരും ആഗ്രഹിച്ചിരുന്നില്ല എന്നാണ്.

ആദിത്യനാഥിനെ യു പി മുഖ്യമന്ത്രിയെന്ന നിലയിൽ അടിച്ചേൽപ്പിച്ചത് തീർച്ചയായും ജനവിധിയുടെ അന്തസ്സത്ത യെ അവഗണിക്കുന്ന ഒരു കൃത്രിമ നടപടിയാണ്. ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വ അജൻഡയ്ക്കനുകൂലമായ ഒന്നായി ബി ജെ പി യ്ക്ക്  വൻ  ഭൂരിപക്ഷം ലഭ്യമാക്കിയ പ്രസ്തുത ജനവിധിയെ  വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല.  സമാജ്‌വാദി പാർട്ടിയുടെ ഭരണം സാധാരണ വോട്ടർ മാരിൽ സൃഷ്ടിച്ചിരുന്ന കൊടിയ അസംതൃപ്തിയ്ക്ക് പുറമെ,   ജനസ്വാധീനം  നഷ്ടപ്പെട്ടിരുന്ന കോൺഗ്രസ്സുമായി  വൈകിയ വേളയിൽ അവർ തട്ടിക്കൂട്ടിയ തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകളും സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിലാണ്   ഒരു ഭരണമാറ്റത്തിനുള്ള സാർവത്രികമായ അഭിലാഷത്തിന്റെ രൂപത്തിൽ യു പി യിൽ ബി ജെ പി യ്ക്ക് അനുകൂലമായത്‌.
സമാജ് വാദി പാർട്ടിക്കോ ബി എസ് പി യ്ക്കോ സാധിക്കുമായിരു ന്നതിനേക്കാൾ വ്യാപകമായ അടിത്തറയുള്ള ഒരു സാമൂഹിക കൂട്ടുകെട്ട് ബി ജെ പി ഉണ്ടാക്കിയിരുന്നുവെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.  അതേ  സമയം ,  മുസ്ലീങ്ങളെ പ്രത്യേകമായി ഒഴിവാക്കുന്നതും അധികാരവും സ്വാധീനവും ഉള്ള  മേൽജാതി ഗ്രൂപ്പുകളുടെ  സാമൂഹ്യ മേധാവിത്വത്തെ പുനഃസ്ഥാപിക്കുന്നതുമായിരുന്നു  ഈ കൂട്ടുകെട്ട് .

യു പി ജനവിധിയെ നോട്ടു റദ്ദാക്കൽ നടപടിക്കുള്ള ജനപിന്തുണയായും ബി ജെ പി യുടെ പ്രചാരവേല ഏറ്റെടുത്തവർ  ചിത്രീകരിക്കുന്നുണ്ട്. നോട്ടു റദ്ദാക്കൽ നടപടി  ബി ജെ പി യുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചില്ല എന്നത് ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം  വാസ്തവമെങ്കിലും , പഞ്ചാബിലും ഗോവ യിലും ഉണ്ടായ ജനവിധികളുമായി ചേർത്തുവെച്ചുനോക്കുമ്പോൾ  നോട്ടു റദ്ദാക്കലിനെ ജനങ്ങൾ പിന്താങ്ങുന്ന തരത്തിലുള്ള  തെരഞ്ഞെടുപ്പ് ഫലമല്ല മൊത്തത്തിൽ ഉണ്ടായിരുന്നതെന്ന് കാണാം. എങ്കിലും കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനും അഴിമതി തടയുന്നതിനും വേണ്ടിയുള്ള ഫലപ്രദമായ ഒരു നടപടിയായിരുന്നു അതെന്ന തോന്നൽ  ജനങ്ങൾക്കിടയിൽ ഇപ്പോഴും ഉണ്ട് എന്നത് നേരാണ്. കള്ളപ്പണ ക്കാരെ ശിക്ഷിക്കുകയും ദരിദ്രരെ രക്ഷിക്കുകയും ചെയ്യാൻ പ്രാപ്തനായ ഒരു പ്രധാനമന്ത്രിയെന്ന പ്രതിച്ഛായ ജനങ്ങളുടെ മനസ്സിൽ പരസ്യങ്ങളിലൂടെയും മറ്റും ഉണ്ടാക്കിയെടുക്കുന്നതിൽ  മോദി ഒരു പരിധിവരെ വിജയിച്ചതായും കാണാം. എന്നാൽ , സാമ്പത്തിക ജീവിതത്തിന്റെ അനേകം മേഖലകളിൽ നോട്ടു റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായത് മൂലം   അനൗപചാരിക മേഖലകളിൽ വരുമാനവും കാർഷിക തൊഴിലും ഉപജീവന മാർഗ്ഗങ്ങളും നഷ്ടപ്പെട്ടവരുമായി അനേക ദശലക്ഷങ്ങൾ ഉണ്ട്. സർക്കാർ തലത്തിൽ അനേകം വർഷങ്ങളായി  കെട്ടിപ്പടുത്തു നിലനിർത്തപ്പെട്ടു പോന്നിരുന്ന ക്ഷേമ നടപടികളുടെ ഘടനയാകെ മാറ്റിമറിച്ചിരിക്കുകയാണ്‌. സബ്‌സിഡികൾക്ക് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നതുൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ ബിയോമെട്രിക് ആധാർ കാർഡുകളുമായി ബന്ധിപ്പിച്ചതോടെ ജനങ്ങളുടെ സ്വകാര്യതയ്ക്കുമേൽ അതിക്രമിച്ചുകയറാനുള്ള ഭരണകൂട സംവിധാനങ്ങൾ കൂടുതൽ ശക്തമായി.   അതോടൊപ്പം, സാമ്പത്തിക -ഉൽപ്പാദന രംഗങ്ങളിൽ വ്യക്തികൾ നടത്തുന്ന ഓരോ പ്രവർത്തനവും കുത്തകകൾ നിയന്ത്രിക്കുന്ന മാർക്കറ്റിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയപ്പെട്ടു മാത്രമേ സാദ്ധ്യമാവൂ എന്ന സ്ഥിതിയും സംജാതമായി. ഇതുപോലെയുള്ള ഓരോ വിഷയത്തിലും മോദി സർക്കാരി നോട് കണക്കുതീർക്കാൻ  വരും ദിവസങ്ങളിൽ ദരിദ്രജനവിഭാഗങ്ങൾക്ക്  കൂടുതൽ കഠിനമായ സമരങ്ങളിൽ ഏർപ്പെടേണ്ടിവരും .

ഉത്തർപ്രദേശിൽ  ബി ജെ പി നേടിയ വൻ തെരഞ്ഞെടുപ്പ് വിജയവും തുടർന്ന് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതും ഇന്ത്യയിൽ എമ്പാടുമുള്ള ജനാധിപത്യ ശക്തികളെ തീർച്ചയായും ആശങ്കാകുലരാക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗം ധാരാളം തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നു എന്നതിനാൽ  യു പി യിലും അത്തരം കൃത്രിമങ്ങൾ നടന്നിരിക്കാം എന്ന സംശയം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം കൃത്രിമങ്ങൾ നടക്കാനുള്ള സാദ്ധ്യത ഒഴിവാക്കാൻ വോട്ടർമാർ കടലാസ്സിൽ സാക്ഷ്യപ്പെടുത്തുന്ന സഹായക  രേഖകൾ വോട്ടിംഗ് യന്ത്രത്തോടൊപ്പം നിർബന്ധമായി വെക്കാൻ വ്യവസ്ഥ ചെയ്യണമെന്ന് ഈ സന്ദർഭത്തിൽ  ആവശ്യപ്പെടുമ്പോൾത്തന്നെ , കാവിപ്പടയുടെ സാമൂഹ്യ ചാലകശക്തിയെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
. ബി ജെ പി യ്ക്ക് ലഭിച്ച 40 % ത്തോളം വോട്ടുകൾക്ക് ഫലപ്രദമായ ഒരു ബദൽ എന്ന നിലയിൽ  ശേഷിക്കുന്ന 60 % വോട്ടുകളെ ഏകീകരിപ്പിക്കുന്നതിനുവേണ്ടി ഒരു വിപുലമായ രാഷ്ട്രീയ മുന്നണിയുണ്ടാക്കുന്നതിൻറെ  ആവശ്യം സംബന്ധിച്ച് ചർച്ചകൾ ഇന്ന് ധാരാളമായി നടക്കുന്നുണ്ടെങ്കിലും , അത്തരം ചർച്ചകൾക്ക്  പ്രധാനപ്പെട്ട ഒരു പരിമിതിയുണ്ട് . കേവലം വോട്ടുകളുടെ ബലത്തിൽ  മാത്രം തടഞ്ഞുനിർത്താൻ കഴിയുന്ന ഒന്നല്ല ഫാസിസത്തിന്റെ ഭീഷണി. 2014 നു ശേഷം നടന്നിട്ടുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടർ മാരിൽ നിന്നു ബി ജെ പി യ്ക്ക് അതിശക്തമായ തിരിച്ചടികൾ ഡൽഹിയിലും, ബിഹാറിലും പഞ്ചാബിലും നേരിടേണ്ടിവന്നു.   ഇവയിലെല്ലാം ഉള്ള ഒരു പൊതുവായ സന്ദേശം,  ജനവിധി ബിജെ പിയ്ക്ക് എതിരാകുന്നതിൽ നിർണായകപങ്ക്‌ വഹിച്ചത് അതാതു സംസ്ഥാനങ്ങളിൽ ശക്തമായിരുന്ന ബഹുജനസമരങ്ങൾ ആയിരുന്നുവെന്നതാണ്.  2014 നു ശേഷം മോദി ഭരണത്തിന്നെതിരെ യുള്ള നമ്മുടെ പോരാട്ടങ്ങളുടെ അനുഭവങ്ങൾ നൽകുന്ന ഏറ്റവും വലിയ പാഠവും  തീർച്ചയായും അതുതന്നെയാണ്.

2014 പാർലമെൻറ് തെരഞ്ഞെടുപ്പിൽ മോദി നേടിയ വൻ വിജയത്തെ ഒട്ടും  കൂസാതെയാണ് ഇന്ത്യയൊട്ടാകെ  മോദി സർക്കാരിന്റെ ജനവിരുദ്ധ ഫാസിസ്ററ്  നയങ്ങൾക്കെതിരെ ഓരോ മേഖലയിലും ജനങ്ങൾ പോരാട്ടം നടത്തിവന്നത്.  വരും നാളുകളിൽ ഈ പ്രതിരോധ സമരങ്ങൾ കൂടുതൽ കരുത്താർജ്ജിച്ചു മുന്നോട്ടു പോകുകതന്നെ ചെയ്യും. സി പി ഐ (എം എൽ ) രൂപീകരണത്തിന്റെ നാൽപ്പത്തെട്ടാം വാർഷികമായ ഈ അവസരത്തിൽ നമ്മുടെ എല്ലാ ശക്തിയും  ജനകീയ പ്പോരാട്ടങ്ങളെ  വിജയത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി സമർപ്പിക്കുക. 

No comments:

Post a Comment