Saturday 29 April 2017

പശുക്കളെ കള്ളക്കടത്ത് നടത്തുന്നുവെന്നാരോപിച്ചു ആൾവാറിൽ   ക്ഷീര കർഷകനായ ഒരു മുസൽമാനെ ആൾക്കൂട്ടം തല്ലി ക്കൊല ചെയ്ത  സംഭവത്തിൽ മോദിയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജിയും പാലിക്കുന്ന മൗനം അർത്ഥഗർഭം
'പശുസംരക്ഷണ'ത്തിന്റെ പേരിൽ ഹിന്ദുത്വ കൊലയാളി സംഘങ്ങൾ മുസ്ലീങ്ങളെ വേട്ടയാടുന്നത് കഴിഞ്ഞ മൂന്നു വർഷക്കാലത്തെ മോദി ഭരണത്തിലെ 'സാധാരണ' സംഭവങ്ങളിൽപ്പെടുന്നുവെന്നത്  ആരേയും ഉൽക്കണ്ഠാകുലരാക്കുന്ന ഒരു സത്യമാണ്. ബി ജെ പി സർക്കാരിലെ പല നേതാക്കളുടെയും  പ്രസ്താവനകളും ബി ജെ പി നയിക്കുന്ന സംസ്ഥാന ഗവൺമെന്റുകൾ ബീഫ് നിരോധന നയത്തിന്റെ ഭാഗമായി മാംസാഹാരത്തിന്റെ ഉൽപ്പാദനത്തിലും ഉപഭോഗത്തിലും കൊണ്ടുവന്ന കർശനമായ നിയന്ത്രണ നടപടികളും മേൽപ്പറഞ്ഞ രൂപത്തിലുള്ള ആൾക്കൂട്ട ഹിംസകൾക്ക് പ്രത്യക്ഷ പ്രേരണയായിരിക്കുകയാണ്.

2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക്  മോദി മാംസാഹാരത്തിനും അതുമായി ബന്ധപ്പെട്ട വ്യവസായത്തിനും എതിരായ വിഭാഗീയ മുൻവിധികളെ പരമാവധി ചൂഷണം ചെയ്തു വോട്ടാക്കിയത് ആ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങളെയാകെ    'പിങ്ക് വിപ്ലവം' എന്ന് പരിഹാസരൂപത്തിൽ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഉള്ള ബി ജെ പി ഗവൺമെന്റുകൾ 2015 -ൽ ബീഫ് നിരോധിച്ചു. അതിൽപ്പിന്നെ നാം കാണുന്നത് കൊലയാളികളായ ആൾക്കൂട്ടങ്ങളുടെ അഭൂതപൂർവ്വമായ വർധനവാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ ചുമതലയേറ്റ ശേഷം അറവുശാലകൾക്ക് എതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം 'ഗോ സംരക്ഷണ'ത്തിന്റെ പേരിൽ അക്രമപ്പേക്കൂത്തുകൾ നടത്താൻ പ്രസ്തുത കൊലയാളി സംഘങ്ങൾക്കു ഒന്നുകൂടി ധൈര്യം പകർന്നുകിട്ടിയതുപോലെയായി .

2015 ൽ രാജസ്ഥാനിലെ നഗൗർ ജില്ലയിലെ ബിർക്കോല ഗ്രാമത്തിൽ , 60 വയസ്സു കാരനായ അബ്ദുൽ ഗാഫർ ഖുറേശിയെ ആൾക്കൂട്ടം വളഞ്ഞു തല്ലിക്കൊല്ലുന്നതിനു മുൻപ്  സോഷ്യൽ മീഡിയയിലൂടെയും മറ്റും പറഞ്ഞുപരത്തിയിരുന്നത്  ഒരു സദ്യയൊരുക്കാൻ ഇരുനൂറു പശുക്കളെ കശാപ്പു ചെയ്ത വ്യക്തിയാണ് അയാൾ എന്നായിരുന്നു. അതേ വർഷം ഉത്തർ പ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെടും മുൻപ് പ്രചരിപ്പിച്ച കഥ അഖ്‌ലാഖ്   ഒരു പശുവിനെ കൊന്നുവെന്നും അതിന്റെ മാംസം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നും ആയിരുന്നു; പ്രസ്തുത ആൾക്കൂട്ട ആക്രമണത്തിൽ അഖ്‌ലാഖ് കൊല്ലപ്പെട്ടതിന് പുറമെ അദ്ദേഹത്തിന്റെ മകന് ഗുരുതരമായ പരിക്കുകൾ  ഏൽക്കേണ്ടിവന്നു. ഈ സംഭവം കഴിഞ്ഞു അധികനാളുകൾ ആവുന്നതിനു മുൻപ് സിംലയിൽ നോമൻ  ഖാൻ എന്ന മറ്റൊരു വ്യക്തിയെ ആൾക്കൂട്ടം വളഞ്ഞാക്രമിച്ചു കൊലപ്പെടുത്തി. 'പശുവിനെ കള്ളക്കടത്ത് നടത്തി' യെന്ന് ആരോപിച്ചായിരുന്നു പ്രസ്തുത  കൊല .
2016 ൽ  ഝാർഖണ്ഡിൽ , ഒരു കാലിക്കച്ചവടക്കാരനായിരുന്ന   മൊഹമ്മദ് മജ്‌ലൂം , കൂടെയുണ്ടായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ ഇനായത്തുള്ളാ ഖാൻ എന്നിവരെ ലത്തേഹറിൽ  തല്ലിക്കൊന്ന് മരത്തിൽ കെട്ടിൽതൂക്കി.  'പശുസംരക്ഷണം' എന്ന പേരിൽ ആൾക്കൂട്ടങ്ങൾ  നടത്തിവരുന്ന ഹിംസയുടെ ബീഭത്സമായ മുഖങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളിൽ അനാവൃതമാവുകയാണ്. 2016 ൽ രാജസ്ഥാനിലെ ആൽവാറിൽ മുസ്ലീങ്ങൾ പശുക്കളെ കൊല്ലുന്നുവെന്ന പ്രചാരണത്തിന് തൊട്ടു പിൻപേ ആൾക്കൂട്ടങ്ങൾ മുസ്‌ലിം കുടുംബങ്ങളെ വ്യാപകമായി ആക്രമിച്ചപ്പോൾ  അവരെ  പിടികൂടുന്നതിന് പകരം പോലീസ്  കേസ്സുകൾ എടുത്തതും   അറസ്റ്റ് ചെയ്തതും മുസ്‌ലിം സമുദായത്തിലെ കുറെ പുരുഷന്മാർക്കെതിരെയായിരുന്നു.

ഇപ്പോൾ അതേ  ആൾവാറിൽ 2017 ൽ ഒരു ക്ഷീര കർഷകനായ പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടിരിക്കുന്നു .ജയ്‌പ്പൂരിലെ കന്നുകാലിച്ചന്തയിൽ നിന്ന് ഹരിയാനയിലേക്കു മടങ്ങും വഴി ഒരാൾക്കൂട്ടം തടഞ്ഞുനിർത്തി പെഹ്‌ലു ഖാനെ തല്ലിക്കൊല്ലുകയായിരുന്നു. പ്രസ്തുത ആക്രമണത്തിൽ മറ്റൊരു കന്നുകാലിക്കച്ചവടക്കാരനായ അസ്‌മത്തിനു നട്ടെല്ലിന് ഗുരുതരമായ പരിക്ക് സംഭവിച്ചു. ഇരകൾ രണ്ടുപേരും പശുക്കളെ കള്ളക്കടത്തായി അറവുശാലയിലേയ്ക്ക് കൊണ്ടുപോകുകയാണെന്ന് ആരോപിച്ച ശേഷമാ യിരുന്നു ആൾക്കൂട്ട ആക്രമണം അരങ്ങേറിയത്.
ദലിത് സമുദായങ്ങളിൽ നിന്നുള്ളവർ  പശുരക്ഷാ ഗുണ്ടാ ആക്രമണത്തിന് ഇരകൾ ആയ സംഭവങ്ങളും നിരവധിയാണ്. 2016 ൽ കർണ്ണാടകയിൽ ഒരു ദലി ത് കുടുംബത്തിലെ അംഗങ്ങൾക്കെതിരെ ബജ്‌രംഗ് ദൾ ഗുണ്ടകൾ ആക്രമണം നടത്തിയത്  അവർ വീട്ടിൽ പശുമാംസം സൂക്ഷിച്ചു വെന്ന് ആരോപിച്ച  ശേഷം ആയിരുന്നു. ചത്ത പശുവിന്റെ തോൽ ഉരിച്ചെടുക്കുന്ന ജോലിയിൽ നിയുക്തരായിരുന്ന ഏതാനും  ദലിത് യുവാക്കളെ ഗുജറാത്തിലെ ഉനയിൽ നഗ്നരാക്കി നിർത്തി മർദ്ദിച്ചവശരാക്കിയ സംഭവം കഴിഞ്ഞ വർഷം ഉണ്ടായി.
 
'പശു സംരക്ഷണ'ത്തിന്റെ പേരിൽ അല്ലാതെ വേറെ കാരണങ്ങൾ ഉണ്ടാക്കിയും മേൽപ്പറഞ്ഞ തരത്തിലുള്ള ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ധാരാളം നടന്നിട്ടുണ്ട്.   ഝാർഖണ്ഡിൽ ഒരു മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയത് ഒരു ഹിന്ദു പെൺകുട്ടിയുമായുണ്ടായിരുന്ന  അടുപ്പത്തിന്റെ  പേരിൽ ആയിരുന്നു. 2014 ൽ നടന്ന ഈ സംഭവത്തിൽ മൊഹ്സിൻ ഷെയ്ഖ് എന്നുപേരായ ഒരു എഞ്ചിനീയറെ  ആക്രമിച്ചത് ഹിന്ദു രാഷ്ട്ര സേന എന്ന ഗുണ്ടാ സംഘമായിരുന്നു. ഇത് പോലെ മറ്റൊരു  ആൾക്കൂട്ട ആക്രമണത്തിൽ അജ്ഞാതനായ ഒരു മുസൽമാൻ 2015 ൽ കാൺപൂരിൽ കൊല്ലപ്പെട്ടതു  അയാൾ ഒരു പാക്കിസ്ഥാൻ ചാരൻ ആണെന്ന് ആരോപിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു.


ദാദ്രിയിൽ നടന്ന ആൾക്കൂട്ടക്കൊലയിലേതിന്  സമാനമായി ആൾവാറിലും കൊലപാതകത്തെ ന്യായീകരിക്കാനായി ബി ജെ പി നേതാക്കൾ തള്ളിക്കേറി വന്നു. ആൾവാറിൽ കൊല്ലപ്പെട്ട വ്യക്തിയും കൊന്നവരും ഒരേ പോലെ തെറ്റുകാരാണെന്ന വിചിത്രമായ വാദമാണ് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ ഉന്നയിച്ചത്. ആൽവാറിൽ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ കൈവശം പശുക്കളെ കച്ചവടം ചെയ്തതിന്റെ നിയമാനുസൃതമായ എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും അയാൾ പശുക്കളെ കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന പ്രചാരണത്തെ വേറൊരു തരത്തിൽ ന്യായീകരിക്കുകയാണ് ഈ പ്രസ്താവനയിലൂടെ രാജസ്ഥാൻ മന്ത്രി ചെയ്തത്.
 അതെ സമയം , കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിയായ മുക്‌താർ അബ്ബാസ് നക് വി ഇത്തരം ഒരു ആൾക്കൂട്ട കൊലപാതകം നടന്ന കാര്യത്തെത്തന്നെ നിരാകരിച്ചുകൊണ്ടാണ് പാർലമെന്റിൽ സംസാരിച്ചത്.

ആൾവാർ ആൾക്കൂട്ടക്കൊലയുയർത്തുന്ന ഗുരുതരമായ പ്രശ്നത്തെ  നിസ്സാരവൽക്കരിക്കാൻ ബി ജെ പി നേതാക്കൾ കഠിനമായി പരിശ്രമിക്കുമ്പോൾ  പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജേ യിൽനിന്നും ആൾവാർ സംഭവത്തെക്കുറിച്ചു  ഒരു പ്രതികരണവും പുറത്തുവന്നില്ലെന്നത് ശ്രദ്ധേയമാണ്.   
അങ്ങകലെ സ്റ്റോക്ഹോമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു ട്വിറ്ററിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തിയ ഈ നേതാക്കൾക്ക് അവരുടെ മൂക്കിന് താഴെ സ്വന്തം അനുയായികൾ ഗോ രക്ഷയുടെ പേരിൽ നടത്തിയ  ഭീകര പ്രവർത്തനങ്ങളെ കണ്ടില്ലെന്നു  .നടിക്കാൻ എളുപ്പത്തിൽ കഴിയുന്നു. അതേ  സമയം, ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങൾ ക്കെതിരെ പ്രതികരിക്കാൻ എല്ലായ്‌പോഴും മോദി വിമുഖത കാട്ടിയിരുന്നില്ലെന്നും ഓർക്കേണ്ടതാണ്.
ഉനയിൽ ദലിതുകളെ  ഗോ രക്ഷാ ഗുണ്ടകൾ ആക്രമിച്ച സംഭവത്തെ വൈകാരിക മായ ഒരു ശൈലിയിൽ അപലപിച്ചു മോദി പറഞ്ഞത് "വേണമെങ്കിൽ നിങ്ങൾ എന്നെ വെടിവെച്ചു കൊന്നോളൂ; ദളിതരെ ആക്രമിക്കരുത് "എന്നായിരുന്നു. പക്ഷെ, ആൾവാർ ആൾക്കൂട്ടക്കൊലയ്ക്ക് ശേഷം എന്തുകൊണ്ടാണ് അത്തരമൊരു വൈകാരിക പ്രകടനം പോലും   മുസ്ലീങ്ങളായ ഇരകൾക്കു വേണ്ടി മോദിയിൽ നിന്നും ഉണ്ടാകാത്തത്?ഇതിന്റെ ഉത്തരം വളരെ വ്യക്തമാണ്: ഒന്നാമത്തെ കാര്യം ,  ദളിത് വോട്ടുകൾ തങ്ങൾക്കനുകൂലമാക്കേണ്ടതിന്റെ ആവശ്യം ഇന്ന് മോദിയും ബി ജെ പിയും നന്നായി തിരി ച്ചറിയുന്നുണ്ട് എന്നതാണ്. രണ്ടാമതായി ,   മുസ്‌ലിം വോട്ടുകൾ അത്രയ്ക്കാവശ്യമായി ബി ജെ പിയ്ക്ക് തോന്നുന്നില്ല എന്നുമാത്രമല്ല ദളിതുകളും മുസ്ലിങ്ങളും തമ്മിൽ ഐക്യപ്പെടുന്നത് തടയാനായി മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന ഒരു തന്ത്രത്തിന്റെയും ഫലമാണത്.

ആൾവാർ കൊലപാതകത്തിൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ സ്ഥലത്തെ ഏതാനും കോളേജുകളിലെ എ ബി വി പി നേതാക്കളായ വിദ്യാർഥികളും ഉൾപ്പെടുന്നു. ഭഗത് സിംഗിനെപ്പോലുള്ള സ്വാതന്ത്ര്യസമരപ്പോരാളികളോടാണ് ആൾവാർ കൊല  നടത്തിയ പശുരക്ഷാ സംഘാംഗങ്ങളെ ജയ്‌പൂർ കേന്ദ്രീകരിച്ചുള്ള പശുഗുണ്ടാസംഘത്തിന്റെ .തലവരിൽ പ്രധാനിയായ 'സാധ്വി' കമൽ ദീദി ഉപമിച്ചത്! മോദി ഭരിക്കുന്ന ഇന്ത്യയിൽ വിശുദ്ധ പശുക്കളെ രക്ഷിക്കുന്നതിന്റെ പേരിൽ നടക്കുന്ന ഹീനമായ മനുഷ്യക്കുരുതികൾ മൂടിവെക്കുന്നതിനു പോലും ഭഗത് സിംഗിനെപ്പോലുള്ള വിപ്ലവകാരികളുടെ പേര് എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നുകൂടി ഇത് തുറന്നുകാട്ടുന്നു. ഇന്ത്യയിലെ ഗോവധ നിരോധനവാദികളുടെ രാഷ്ട്രീയത്തെ ആക്രമിച്ചു വളരെ വ്യക്തമായ ഭാഷയിൽത്തന്നെ ഭഗത് സിംഗ് എഴുതിയിട്ടുണ്ട് :  "മനുഷ്യരുടെ ജീവൻ മൃഗങ്ങളുടെ ജീവനേക്കാൾ എന്തുകൊണ്ടും കൂടുതൽ വിലമതിക്കത്തക്കതാണെന്നിരിക്കെ 'വിശുദ്ധ മൃഗങ്ങളുടെ'  പേരിൽ ഇന്ത്യയിൽ മനുഷ്യർ പരസ്പരം തല തല്ലിപ്പൊളിക്കുന്ന സ്ഥിതിയാണ്"
 
ദേശവ്യാപകമായി ഗോവധനിരോധനവും ബീഫ് നിരോധനവും ഏർപ്പെടുത്താനുള്ള  ആവശ്യമുന്നയിചു മുറവിളികൂട്ടുന്ന ആർ എസ്  എസ്സിന്റെയും,  ഗോവധത്തെക്കുറിച്ചു ആവർത്തിച്ചു വാചകമടികൾ  നടത്തുന്ന ബി ജെ പി യുടെയും തട്ടിപ്പും ആത്മവഞ്ചനയും പുറത്തുവന്ന പല അവസരങ്ങളും അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി ജെ പി നേതാക്കൾ "ഗുണമേന്മയുള്ള ബീഫ്" ലഭ്യമാക്കും എന്ന വാഗ്ദാനമാണ് നൽകിയത്. മണിപ്പൂരിലും ഗോവയിലും ബീഫ് ജനങ്ങളുടെ 'ഭക്ഷണ സംസ്കാരത്തിന്റെ ഭാഗ'മായതിനാൽ അവിടങ്ങളിൽ അത് നിരോധിക്കാൻ ആലോചനയില്ലെന്നാണ്  ഈ സംസ്ഥാനങ്ങളിൽ ഭരണം കൈക്കലാക്കിയ ബി ജെ പി സംസ്ഥാന സർക്കാരുകൾ പറയുന്നത്. അപ്പോൾ പശു എങ്ങിനെയാണ് ചില സംസ്ഥാനങ്ങളിൽ 'ഗോ മാതാവ്' ആകുന്നതും മറ്റു ചില സംസ്ഥാനങ്ങളിൽ 'ഭക്ഷണ സംസ്കാരത്തിന്റെ ഭാഗം' ആകുന്നതും? അത് എന്തുതന്നെയായാലും, പശുരക്ഷാ ഗുണ്ടകളുടെ കൈകളാൽ അടുത്തകാലത്ത് കൊല്ലപ്പെട്ട ഒരാൾ പോലും യാഥാർഥത്തിൽ പശുക്കളെ കൊല്ലുകയോ പശുവിറച്ചി തിന്നുകയോ ചെയ്തിരുന്നില്ല. അവർ കൊല്ലപ്പെട്ടതിന്റെ ഏക കാരണം മോദിയുടെ ഇന്ത്യയിൽ മുസ്ലീങ്ങളായിപ്പോയി എന്നതായിരുന്നു.



   ആൾവാർ കൊലപാതകത്തിന് ശേഷം നടന്ന മറ്റൊരു സംഭവത്തിൽ ,പശുക്കളെ മേയ്ച്ചുകൊണ്ടു അലഞ്ഞുതിരിഞ്ഞു ജീവിച്ച ഒരു കുടുംബത്തിൽ നിന്നും പശുരക്ഷാ ഗുണ്ടകൾ പശുക്കളെ ബലമായി പിടിച്ചെടുക്കുകയുണ്ടായി. ഡെൽഹിയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ മനേകാ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള "പീപ്പിൾ ഫോർ ആനിമൽസ്"എന്ന സർക്കാരിതര സംഘടനയുടെ അംഗങ്ങൾ പശുക്കളെയും കൊണ്ട് യാത്രചെയ്യുകയായിരുന്ന മുസ്ലീങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു.

ഗോരക്ഷാ ജാഗ്രതാ സംഘങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഉടൻ നിരോധിക്കണം. അക്രമികളായ ഈ ആൾക്കൂട്ടങ്ങളുമായും ഗുണ്ടാസംഘങ്ങളുമായും സഹകരിച്ചു  പ്രവർത്തിക്കുന്നതായി കാണപ്പെടുന്ന പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണം.
ഭക്ഷണ സംസ്കാരം ഉൾപ്പെടെ സംസ്കാരത്തിന്റെ എല്ലാ മേഖലകളിലും വൈവിദ്ധ്യങ്ങൾ നിലനിർത്താനും ജനാധിപത്യപരമായി അവ സംരക്ഷിക്കാനും ഉള്ള അവകാശം ഇന്ത്യയിൽ എവിടെയായാലും  മാനിക്കപ്പെടുകതന്നെ വേണം. എല്ലാത്തിലും ഉപരി,  ഏതു കാരണം ഉന്നയിച്ചായാലും മനുഷ്യരെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ ഇടവരരുത്. ഒരു മൃഗത്തെ കൊന്നു എന്നോ മാംസം ഭക്ഷിച്ചു എന്നോ ആരോപിച്ചു മനുഷ്യർ കൊലചെയ്യപ്പെടുന്ന അവസ്ഥ എന്തായാലും അനുവദിച്ചുകൂടാ.





No comments:

Post a Comment