കറുപ്പു-വെള്ള ഗൗണുകൾക്കിടയിൽ ഒരു ചുവന്ന ഹിജാബ്
- ഇന്ദിര ജയ്‌സിംഗ്
ഡിസംബർ 3 , 2017
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് മിസ്റ്റർ ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ
ചന്ദ്രചൂഡ് , ജസ്റ്റിസ് എ എം ഖാൻവിൽക്കർ എന്നീ സുപ്രീം കോടതി
ജഡ്ജിമാരുടെ മുന്നിൽ ചുവന്ന ഹിജാബ് അണിഞ്ഞ ഒരു ചെറുപ്പക്കാരിയെ ഏതാനും വനിതാ പോലീസുകാർ 2017 നവംബർ 27 ന് ഹാജരാക്കിയപ്പോൾ ന്യായാധിപന്മാർ അനക്കമില്ലാതെ ഇരുന്നു.
സമയം ഏകദേശം ഉച്ചതിരിഞ്ഞു 2.55 ആയിരുന്നു. എല്ലാവരുടേയും കണ്ണുകൾ ചെറുപ്പക്കാരിയുടെ നേർക്ക് തിരിഞ്ഞു. കറുപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ അഭിഭാഷകർ തിരക്കിൽ പരസ്പരം തള്ളിമാറ്റിക്കൊണ്ട് അവൾക്ക് പ്രവേശിക്കാൻ വഴിയുണ്ടാക്കുകയും ,നിന്നും ഇരുന്നും ഈ ചെറുപ്പക്കാരിയെ കാണാൻ ഇടങ്ങൾ തേടുകയും ചെയ്തു. വേറൊരു മതത്തിലേയ്ക്ക് മതം മാറിയതിനും താൻ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം ചെയ്തതിനും മാത്രമായിരുന്നു അവൾ സുപ്രീം കോടതിയുടേയും രാജ്യത്തിന്റെയാകെയും ശ്രദ്ധാ കേന്ദ്രമായത്.
കേരള ഹൈക്കോടതി മാതാപിതാക്കളുടെ കസ്റ്റഡിയിൽ സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്ന 25 വയസ്സുകാരിയായ കേരളീയ യുവതി ഹാദിയയായിരുന്നു അത്. അവളുടെ അച്ഛൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ട് ഇട്ട ഉത്തരവിൽ , " അവരുടെ മക്കൾക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽത്തന്നെ തീരുമാനങ്ങൾ എടുക്കാനുള്ള സമ്പൂർണ്ണമായ അധികാരം മക്കൾക്ക് വിട്ടുകൊടുക്കാൻ രക്ഷിതാക്കൾ എല്ലാ സാഹചര്യത്തിലും ഒരുപോലെ ബാദ്ധ്യസ്ഥരല്ലെന്നു" ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.
ഈ കേസിന്മേൽ ഹാദിയയുടെ ഭർത്താവ് ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ രാജ്യത്തെ പരമോന്നത കോടതിയിൽ സമർപ്പിച്ച ഒരു അപ്പീലിൽ, തന്റെ ഭാര്യയ്ക്ക് തടവിൽ കഴിയുന്നതിനാൽ കോടതിയെ സമീപിക്കാൻ പറ്റാത്ത നിലയായതുകൊണ്ട് അവരെ തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ അയാളുടെ അഭിഭാഷകരായ കപിൽ സിബ്ബലും ഞാനും ഹാരിസ് ബീരാനും ഹാദിയയെ സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് കേട്ട ശേഷം കാര്യം തീർപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചു നൽകിയ ഹരജി കോടതി തള്ളുകയായിരുന്നു; പകരം, ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA ) യെ ചുമതലപ്പെടുത്തുന്ന ഒരു ഉത്തരവ് ആണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായത്. അന്വേഷണം നീതിപൂർവ്വമാണെന്ന് ഉറപ്പുവരുത്തും വിധം NIA അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ റിട്ടയേർഡ് ജഡ്ജിയായ രവീന്ദ്രനോട് നിർദ്ദേശിച്ച ഭാഗം പ്രസ്തുത ഉത്തരവ് പോലെത്തന്നെ നടുക്കമുണ്ടാക്കുന്നതായിരുന്നു. ജസ്റ്റിസ് രവീന്ദ്രൻ വ്യക്തിപരമായ കാരണങ്ങൾ മൂലം അതിൽനിന്ന് ഒഴിഞ്ഞു മാറിയപ്പോൾ NIA സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോവുകയും അതിന്റെ കണ്ടെത്തൽ സീൽ ചെയ്ത കവറിൽ തയ്യാറാക്കിവെക്കുകയും ചെയ്തു. നേരത്തെ കേസ് കേട്ട ജസ്റ്റിസ് കേഹാർ വിരമിച്ചതിനെത്തുടർന്നു ചീഫ് ജസ്റ്റിസ് സ്ഥാനത്തുവന്ന ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു ഹാദിയയെ കോടതി നേരിട്ട് കേൾക്കണം എന്ന ഞങ്ങളുടെ ആവശ്യം അംഗീകരിച്ച് ഉത്തരവിട്ടത്. ഹാദിയയുടെ ആഗ്രഹം എന്തെന്ന് കണ്ടെത്തുക എന്നത് ബന്ധപ്പെട്ട എല്ലാവരുടേയും പ്രഥമ പരിഗണനാവിഷയം ആണെന്ന ഞങ്ങളുടെ വാദം കോടതിക്ക് ബോധ്യമായതിനെത്തുടർന്നാണ് ഇത്.
പുതിയ ചീഫ് ജസ്റ്റിസിന് മുന്നിൽ ഹിയറിങ് നടന്ന ആദ്യദിവസം തന്നെ കോടതി നിരീക്ഷിച്ചത് " ഒരു സ്ത്രീ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്നത് ഒരു ക്രിമിനലിനെയായിരുന്നാൽപ്പോലും അത് തടയാൻ നിലവിൽ ഇന്ത്യയിൽ ഒരു നിയമം കൊണ്ടും സാദ്ധ്യമല്ല " എന്നായിരുന്നു. അവിടം കൊണ്ടുതന്നെ തീരേണ്ടതും, അപ്പോൾത്തന്നെ ഹാദിയ മോചിതയാകേണ്ടതും ആയിരുന്ന ഒരു കേസ് ആണ് ഇത്. എന്നാൽ, ഹാദിയയെ നേരിട്ട് കേൾക്കാൻ നവംബർ 27 ന് ഹാജരാക്കാൻ ഉത്തരവിടുകയും അതുവരെ പിതാവിന്റെ കസ്റ്റഡി തുടരാൻ വിധിക്കുകയുമാണ് കോടതി ചെയ്തത്. പ്രസ്തുത ഉത്തരവ് അനുസരിച്ചു കോടതിയിൽ അച്ഛൻ "ഹാജരാക്കുന്ന" നവംബർ 27 3 മണിവരെ ഭർത്താവോ ഭർത്താവിന്റെ അഭിഭാഷകരോ അടക്കം ആരുമായും സംസാരിക്കാൻ അനുവാദമില്ലാതെ ഹാദിയയെ കേരളാ ഹൌസിൽ പോലീസ് സംരക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.
ഞാൻ ഇരുന്നത് ആദ്യത്തെ വരിയിൽ ആയിരുന്നതുമൂലം എനിക്ക് അവളെ കഷ്ടിച്ച് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. മറ്റ് പലരും ചെയ്തത് പോലെ കഴുത്ത് തിരിച്ചു തുറിച്ചു നോട്ടം നടത്തിയാൽ അത് അവളുടെ സ്വകാര്യതയോട് അനാദരവ് കാട്ടലായേക്കുമെന്ന് തോന്നിയെങ്കിലും , അവളുടെ കേസിന് ഹാജരാകാൻ തുടങ്ങിയതുമുതൽ നേരിട്ട് കാണണം എന്നാഗ്രഹിച്ചിരുന്ന ഈ ചെറുപ്പക്കാരിയെ ഞാൻ ഒന്ന് നോക്കി. കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർമാരെ നോക്കി ഹാദിയ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഹാദിയയോട് അവർ തിരിച്ചും ബഹുമാനം പുലർത്തുമാറ് സ്വാഭാവികവും മാനുഷികവുമായ ഒരു ബന്ധം അവർക്കിടയിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു. 'ഇതെല്ലാം ജോലിയുടെ ഭാഗമായി ഞങ്ങൾ ചെയ്യുന്നു എന്നേയുള്ളു, കാര്യങ്ങൾ ഞങ്ങൾക്ക് പിടി കിട്ടി ' എന്ന മട്ടിൽ ഒരു വനിതാ പോലീസ് ഓഫീസർ ഹാദിയയ്ക്കു പുഞ്ചിരി തിരിച്ചു നല്കുന്നത് കണ്ടു. ദീർഘമായ തടവ് കാലത്തിന്റെ പശ്ചാത്തലത്തിലും പോലീസുകാരുമായി ഇങ്ങനെ സൗഹൃദപരമായി ഇടപെടാൻ വിധമുള്ള സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും ഹാദിയ എങ്ങനെ നിലനിർത്തുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. കോടതിമുറിയിലെ പേടിപ്പെടുത്തുന്ന മരക്കൂടിനോ, വക്കീൽപ്പടകൾക്കോ മാത്രമല്ലാ, മുന്നിൽ നീതിപീഠങ്ങളിൽ ഉപവിഷ്ടരായ മൂന്നു ന്യായാധിപന്മാർക്കുപോലും ഒരിയ്ക്കലും തളർത്താൻ കഴിയാത്തത്രയും വലുതായിരുന്നു ഹാദിയയുടെ ആത്മവിശ്വാസവും. സ്ഥൈര്യവും .
നടപടികൾ ആരംഭിച്ചപ്പോൾ , പ്രഗത്ഭരായ മൂന്നു ന്യായാധിപന്മാർ രണ്ടു മണിക്കൂറോളം സമയം ചെലവിട്ടത് ഹാദിയയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ വേണ്ടിയായിരുന്നു. ഇംഗ്ലീഷ് മനസ്സിലാവുമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഹാദിയ ഈ സമയമത്രയും തനിക്കു നേരെ ഏല്പിക്കപ്പെടുന്ന ഓരോ അവഹേളനവും മനസ്സിലാക്കുന്നുണ്ടായിരുന്നു. തനിക്കു സംസാരിക്കാനുള്ള അവസരം അനുവദിക്കപ്പെടുന്നതും കാത്ത് ക്ഷമയോടെ അവൾ നിന്ന നിൽപ്പിൽ നിന്നു .
ഹാദിയയുടെ അച്ഛനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിസ്റ്റർ ശ്യാം ദിവാൻ, ജിഹാദികളും ഹദിയയുടെ ഭർത്താവും ചേർന്ന ഒരു സംഘത്താൽ "പ്രോഗ്രാം ചെയ്യപ്പെട്ട" ഹാദിയയ്‌ക്കു " വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഒരു "ഡീ പ്രോഗ്രാമിങ് " ആവശ്യമാണെന്ന് വാദിച്ചു. ഒരു മുതിർന്ന വ്യക്തിയായ ഹാ ദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ വിടാൻ പറ്റില്ലെന്ന വാദത്തിന് മറുപടിയായി അദ്ദേഹം ബോധിപ്പിച്ചത് ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ പ്രലോഭിപ്പിച്ചു വിവാഹം കഴിച്ച ശേഷം തീവ്രവാദപ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന സംഘടിതമായ കുറ്റ കൃത്യം കാണാൻ കോടതിക്ക് ചുമതലയുണ്ടെന്നായിരുന്നു. അവൾ പ്രായപൂർത്തിയായ ഒരു വ്യക്തിയാണെന്നോ, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളവൾ ആണെന്നോ, ഒരു കുറ്റകൃത്യവും ആരോപിതമായിട്ടില്ലാത്ത ആൾ ആണെന്നോ ഉള്ള സംഗതികൾ ഒന്നും പരിഗണിക്കേണ്ടതില്ലെന്നു ശ്യാം ദിവാൻ വാദിച്ചു. എൻ ഐ എ അഭിഭാഷകനായ മിസ്റ്റർ മണീന്ദർ സിംഗ് ആകട്ടെ, ഹാദിയയെ കോടതി കേൾക്കുന്നതിന് മുൻപായി തങ്ങളുടെ പക്കലുള്ള അന്വേഷണരേഖകൾ പരിശോധിക്കണമെന്നു കോടതിയോട് അഭ്യർഥിച്ചു.
ഹാദിയയ്ക്കു പറയാനുള്ളത് കോടതി കേൾക്കണം എന്ന് മിസ്റ്റർ കപിൽ സിബ്ബലും ഞാനും ശക്തിയായി ആവശ്യപ്പെട്ടു. ഹാദിയയെ കോടതി വരുത്തിയതിന്റെ ഉദ്ദേശം തന്നെ അതാണെന്നും , സ്വയബുദ്ധിയുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഹാദിയയെ സംസാരിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.
പിന്നീട് രണ്ട് മണിക്കൂർ നേരം കോടതിമുറിയിൽ നടന്ന തർക്കങ്ങളുടെ വിശദാമ്ശങ്ങൾ ഒരേ സമയം സ്തോഭജനകവും ഹൃദയഭേദകവുമാണ്. ഹാദിയയെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ "പഠിപ്പിച്ച "താണെന്നും, പ്രോഗ്രാം ചെയ്തതാണെന്നും , കേരളത്തിൽ ഹാദിയയുടേത് പോലുള്ള ധാരാളം കേസുകളും അവളുടെ ഭർത്താവിന്റെ ഐസിസ് ബന്ധവും എൻ ഐ എ അതിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ശ്യാം ദിവാനും, എൻ ഐ എ രേഖകൾ കോടതി വാങ്ങി പരിശോധിക്കുന്നതിന് മുൻപ് ഹദിയയെ കേൾക്കരുതെന്ന് മിസ്റ്റർ മണിന്ദർ സിംഗും വാദിച്ചു. കേരളത്തിൽ തീവ്രവാദ പ്രവർത്തങ്ങലെ സഹായിക്കുന്നതിന് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയുണ്ടെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു വലിയ പ്രശ്നമാണെന്നും സിംഗ് ബോധിപ്പിച്ചു.
"മസ്തിഷ്ക പ്രക്ഷാളനം" എന്ന പദം ഇവർ പലകുറി ആവർത്തിക്കുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത് ഹാദിയ സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്ന അവസ്ഥയിലല്ല എന്ന് ജഡ്ജിമാരെയും കോടതിയിലുണ്ടായിരുന്ന കേൾവിക്കാരെയും ധരിപ്പിക്കാൻ "മസ്തിഷ്ക പ്രക്ഷാളനം" നടത്താനാണോ ഇവർ യാഥാർത്ഥത്തിൽ ശ്രമിക്കുന്നത് എന്നാണ് .
തന്റെ മാനസികാരോഗ്യം ശരിയല്ലെന്നും , രാജ്യ സുരക്ഷയ്ക്ക് താൻ ഒരു ഭീഷണിയാണെന്നും ആരോപിച്ചു തർക്കങ്ങൾ ഉന്നയിക്കുന്ന കറുപ്പും വെളുപ്പും വേഷധാരികളുടെയിടയിൽ നിന്നും ഏതാനും അടി മാത്രം പിന്നിൽ ഇരുപത്തഞ്ചു വയസ്സായ ഒരു സ്ത്രീ ചുവന്ന ഉടുപ്പുമിട്ടു തികഞ്ഞ ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും നിന്ന കാഴ്ച അവിസ്മരണീയമാണ്. അവൾക്കു ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ വശമില്ലെങ്കിലും ഇംഗ്ളീഷിൽ നടന്ന സംഭാഷണങ്ങളുടെ അർത്ഥം മനസ്സിലാകുമായിരുന്നു. തന്റെ മാനസികാരോഗ്യനിലയെ കുറേപ്പേർ ഇങ്ങനെ ആക്രമിക്കുന്നതിൽപ്പരം വലിയൊരു അവഹേളനവും അപകീർത്തിപ്പെടുത്തലും വേറെ എന്താണ് ? സംസാരിക്കാനുള്ള തന്റെ ഊഴത്തിനു വേണ്ടി ശാന്തതയോടെ ഹാദിയ കാത്തുനിന്നു.
മൂന്ന് ന്യായാധിപന്മാരും അഭിഭാഷകരും സ്വസ്ഥമായി ഇരിപ്പിടങ്ങളിൽ
ഇരുന്ന രണ്ടു മണിക്കൂർ സമയമത്രയും ഹാദിയ നിൽക്കുകയായിരുന്നു; സംസാരിക്കാൻ തനിക്കു അനുവദിക്കപ്പെടുന്ന ഊഴം കാത്ത്. ഒരു കുറ്റാരോപിതയോ പ്രതിയോ അല്ലായിരുന്നിട്ടും അവൾക്കു അതുവരെയും ഇരിക്കാൻ ഒരു കസേര നൽകണമെന്ന് ആർക്കും തോന്നിയില്ല. തന്റെ മുന്നിൽ കക്ഷികൾ ആയി എത്തുന്നവർക്കും ഓഫീസർമാർക്കും ഇരിക്കാൻ കസേരകൾ നൽകാൻ പറയുന്ന വേറെ എത്രയോ ജഡ്ജിമാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ, ഈ ചെറുപ്പക്കാരിയോട് ജഡ്ജിമാർ ഇരിക്കാൻ പറഞ്ഞില്ല.
" പ്രബോധനം" സംബന്ധിച്ച ശരിതെറ്റുകളുടെ നിയമപരമായ സാങ്കേതികത്വമായിരുന്നു ജഡ്ജിമാരും അഭിഭാഷകരും നടത്തിയ സംഭാഷണങ്ങളിൽ മുഖ്യമായും പൊന്തിവന്നത്. ഒരാൾ "പ്രബോധനം" ചെയ്യപ്പെട്ടതാണെന്നു എങ്ങിനെ ഉറപ്പിക്കും? അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് ? അത്തരത്തിൽ "പ്രബോധന"ത്തിന് ഇരയായതെന്നു ആരോപിതരായ വ്യക്തികളോട് ന്യായാധിപന്മാർ എപ്പോഴാണ് സംസാരിക്കേണ്ടത് ? അത് എൻ ഐ എ രേഖകൾ പരിശോധിച്ച ശേഷം വേണോ അതിനു മുൻപ് വേണോ? ഹാദിയയുടെ വിവാഹം, മതം മാറ്റം ഇവ ഹൈക്കോടതി വിധിച്ചതുപോലെ സമ്മർദ്ദത്തിന്റെ ആയിരുന്നോ? "പ്രബോധന"ത്തെക്കുറിച്ചു നടത്തിയ ദീർഘമായ സംവാദത്തിനു മുൻപോ പിൻപോ ഹാദിയയ്ക്കു പറയാനുള്ളത് ഈ ജഡ്ജിമാർ കേട്ടാൽ അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക എന്ന് ഞാൻ ചിന്തിച്ചു. അന്തിമ തീരുമാനം ഏതു നിലക്കായാലും ഹാദിയയെ കേൾക്കുക എന്നത് അവർക്കു ചെയ്യാനുണ്ടായിരുന്ന ഒരു മിനിമം കർത്തവ്യമായി എനിക്ക് തോന്നി.
ഈ സമയത്താണ് മിസ്റ്റർ സിബ്ബൽ ഒരു കാര്യത്തിലേക്കു ജഡ്ജിമാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇടപെട്ടത്. തത്സമയം കോടതിയുടെ മുൻപിലുള്ള പ്രശ്നം ഹാദിയയുടെ സ്വാതന്ത്ര്യത്തിന്റേതാണെന്നും ,അതിനാൽ ഹാദിയയെ ഇപ്പോൾത്തന്നെ മോചിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വാദിച്ചു . രക്ഷിതാക്കൾക്കുള്ള സംരക്ഷണാധികാരത്തിന്റെ അവകാശത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ കോടതിക്ക് കഴിയുന്നത് മൈനർമാരുടെയും മാനസികാരോഗ്യം നഷ്ടപ്പെട്ടവരുടെയും കാര്യത്തിൽ മാത്രമാണ്. ഈ കേസ് അങ്ങിനെയല്ലാത്തതിനാൽ അത് പറ്റില്ലെന്ന് ഞങ്ങൾ വാദിച്ചു. അപ്പോഴാണ് മൂന്നു ജഡ്ജിമാടേയും മനസ്സിൽ ഒരു മാറ്റം ഉണ്ടായതുപോലെ , നിർബന്ധിത മതം മാറ്റത്തെയും വിവാഹത്തെയും സംബന്ധിച്ച വർത്തമാനങ്ങൾ പെട്ടെന്ന് അവർ മതിയാക്കിയത്. ഹദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം വിജയം കണ്ടതും ആ നിമിഷത്തിൽ ആയിരുന്നു.
ഹാദിയയുടെ അച്ഛന്റെ വക്കീലന്മാർ ഭയപ്പെട്ടതും അതുതന്നെയായിരുന്നു- ഹാദിയയുടെ വാക്കുകൾ, അവളുടെ സത്യം. അവളുടെ ശബ്ദം സ്പഷ്ടമായും കോടതി മുറിയിൽ മുഴങ്ങിക്കേട്ടു:
"എന്റെ സ്വാതന്ത്ര്യം എനിക്ക് വേണം ".ഈ ഘട്ടത്തിൽ കോടതിക്ക് എന്താണ് ചെയ്യാൻ കഴിയുക? മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ ? ഇല്ല.
വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: " എന്റെ വിശ്വാസവും എന്റെ വിദ്യാഭ്യാസവും രണ്ടും എനിക്ക് വേണം " . തന്നെ കോളേജ് ഹോസ്റ്റലിലേക്ക് കോടതി പറഞ്ഞയക്കുമെന്ന് വ്യക്തമായ ഒരു ഘട്ടത്തിൽ അവൾ പറഞ്ഞു : " എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്റെ ഭർത്താവുമൊത്ത് സംസാരിക്കാൻ എനിക്ക് സാധിക്കണം; എനിക്ക് അദ്ദേഹത്തിന്റെ സാന്നിധ്യവും തുണയും അപ്പോൾ വേണം "
ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടം ആരോടായിരുന്നെന്നു ഹദിയയോട് ഒരു ഘട്ടത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ " എന്റെ അച്ഛനോട് " എന്നായിരുന്നു അവളുടെ മറുപടി . ഇതിലെ സത്യസന്ധതയും വളച്ചുകെട്ടില്ലായ്മയും വല്ലാതെ എന്നെ സ്പർശിച്ചു. തന്റെ പ്രശ്നങ്ങൾക്ക് അച്ഛനെ കുറ്റപ്പെടുത്താനോ , അപകീർത്തിപ്പെടുത്താനോ ഉള്ള ഒരു ശ്രമവും ഹാദിയയുടെ ഭാഗത്ത് അപ്പോഴും ഉണ്ടായില്ല. ഈ മറുപടി , ചോദ്യം ചോദിച്ച ജഡ്ജിയെ തികച്ചും നിരായുധനാക്കിയതു പോലെ തോന്നി. തന്റെ കുടുംബത്തോട് ഹാദിയ ശത്രുത പുലർത്തി എന്ന വാദം കൊണ്ടുവരാൻ ആർക്കും കഴിഞ്ഞില്ല.
മിസ്റ്റർ ശ്യാം ദിവാൻ പിന്നേയും വിട്ടില്ല. "കുറ്റകൃത്യം നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപുള്ള " ഒരു ഘട്ടത്തിൽ ഒരു വ്യക്തിയെ തടങ്ങലിൽ വെക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്. സ്വകാര്യതയ്ക്കുള്ള ഏതൊരു വ്യക്തിയുടെയും അവകാശം മൗലികാവകാശം ആണെന്ന് താൻ തന്നെ വിധി ന്യായമെഴുതിയ മഷി ഉണങ്ങും മുൻപ് മേൽപ്പറഞ്ഞ വാദത്തെ അംഗീകരിക്കാൻ ഒരു ന്യായാധിപന് കഴിയുമോ ? ഒരിയ്ക്കലും ഇല്ല. പക്ഷെ, എന്നിട്ടും ഏതോ കാരണത്താൽ, ഹാദിയയ്ക്കു നേരിട്ട് പറയാനുള്ളത് കേൾക്കാൻ കോടതിക്ക് രണ്ടു മണിക്കൂർ സമയം വേണ്ടിവന്നു.
പ്രശ്നത്തിന്റെ ലിംഗവൽകൃതമായ സവിശേഷ സ്വഭാവം തിരിച്ചറിയാൻ ജഡ്ജിമാർക്ക് രണ്ടു മണിക്കൂർ വേണ്ടിവന്നു. അവൾ ഒരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു ചർച്ചയ്ക്ക് നമ്മൾ സാക്ഷികളാകേണ്ടിവരില്ലായിരുന്നു എന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ ലിംഗപദവിയുടെ പ്രശ്നമൊന്നും ഈ കേസിൽ അന്തർഭവിച്ചിട്ടില്ലെന്നാണ് ജഡ്ജിമാർ ഒരു സംശയവും കൂടാതെ മറുപടി നൽകിയത് .ഈ സമയത്ത് പ്രതിഷേധത്തോടെ ഞാൻ ഇങ്ങനെ ചോദിച്ചു : " ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം ക്ഷണിച്ചുവരുത്തി ഹാജരാക്കിയ ഒരു സ്ത്രീയെ ഒന്നര മണിക്കൂർ നേരം ഇങ്ങനെ നിർത്തുന്നത് ശരിയാണോ ? ഇത് ഒരു സ്ത്രീയുടെ കർത്തൃത്വ പദവിയുമായി ബന്ധപ്പെട്ട സവിശേഷമായ അവസ്ഥയാണ്. തൽസ്ഥാനത്ത് ഒരു പുരുഷൻ ആയിരുന്നുവെങ്കിൽ ഇതിനകം തന്നെ കോടതി അയാളെ സംസാരിക്കാൻ അനുവദിച്ചേനെ." തുടർന്ന് ഉണ്ടായ സംഭവം എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ വാക്കുകൾ കേട്ടപ്പോൾ കോടതിയാകെ കൂട്ടച്ചിരിയായിരുന്നു . എത്രയോ കേസുകളിൽ സ്ത്രീകളെ കോടതി മുറികളിൽ അവഹേളിക്കുന്നത് കേട്ട് പരിചയമുള്ള എന്നെപ്പോലുള്ള ഒരു പ്രായം ചെന്ന ഫെമിനിസ്റ്റ് അഭിഭാഷകയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറം ആയിരുന്നു അത്. "അങ്ങിനെ ചിരിച്ചു തള്ളാൻ പറ്റുന്ന ഒരു വിഷയമല്ല ഇത്" എന്ന് ഞാൻ വീണ്ടും പറഞ്ഞപ്പോൾ മാത്രമാണ് കൂട്ടച്ചിരി പെട്ടെന്ന് അടങ്ങിയത്. ചീഫ് ജസ്റ്റിസ് ഞാൻ പറഞ്ഞതിനോട് യോജിച്ചുവെങ്കിലും അൽപ്പം ക്ഷോഭത്തോടെ അദ്ദേഹം പ്രതികരിച്ചത് ഇത് ലിംഗനീതിയുടെ വിഷയമല്ല എന്നായിരുന്നു.
" മിസ് ജയ് സിംഗ് , താങ്കൾ പറഞ്ഞത് വളരെ അനുചിതമാണ് " എന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞു: " മിസ് ജയ് സിംഗ്, വ്യക്തികളുടെ സ്വയം നിർണ്ണയാധികാരം ഒരു പോലെയാണ് ഞങ്ങൾ പരിഗണിക്കുക ; സ്ത്രീയായാലും പുരുഷൻ ആയാലും" .
അത് ശരിക്കും അങ്ങനെയാണോ, ബഹുമാനപ്പെട്ട ന്യായാധിപരേ ?
എത്രയോ ഹേബിയസ് കോർപ്പസ് പെറ്റീഷനുകൾ മുൻപും കേട്ടിട്ടുണ്ടെന്നും, അതിനാൽ തങ്ങൾക്കു ഇത് ആദ്യത്തെ കേസ് അല്ലെന്നും ആയിരുന്നു ജഡ്ജിമാരുടെ പ്രതികരണം. പക്ഷെ ഞാൻ അവരോടു തിരിച്ചു ചോദിക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള നൂറു കണക്കിന് പെറ്റിഷനുകളിൽ ഒരെണ്ണമെങ്കിലും മാതാപിതാക്കൾ ആണ്മക്കളുടെ കസ്റ്റഡിയവകാശം ഉന്നയിക്കുന്നതായി കണ്ടിട്ടുണ്ടോ എന്നാണ് . ഇല്ല എന്നാണ് ഇതിന്റെ ഉത്തരം.
പെണ്മക്കൾ, പെണ്മക്കൾ മാത്രമാണ് മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹങ്ങളിൽ നിന്നും വിലക്കപ്പെടുന്നത്. ഹിന്ദു മതം വിട്ടുപോയി ഇസ്‌ലാം സ്വീകരിക്കുന്ന പെണ്മക്കളുടെ കാര്യത്തിൽ പ്രത്യേകിച്ചും അത്തരം പെറ്റിഷനുകൾ ഉണ്ടാകുന്നു.
ഹീയറിംഗിന്റെ അവസാന ഘട്ടത്തിൽ ജഡ്ജിമാർ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞത് എൻ ഐ എ റിപ്പോർട്ടിനെക്കുറിച്ചു എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നും , കോടതി അത് പരിശോധിക്കണം എന്ന അഭിപ്രായം ഉണ്ടോ എന്നും ആയിരുന്നു. അപ്പോൾ കേരളം സർക്കാരിന്റെ അഭിഭാഷകനായ വി വി ഗിരി പറഞ്ഞ അഭിപ്രായം കേരള സർക്കാരിന്റെ തന്നെ മുൻ നിലപാടിനു കടക വിരുദ്ധമായ ഒരു മലക്കം മറിച്ചിലിനെ സൂചിപ്പിക്കുന്നതായിരുന്നു. കേരള പോലീസ് നടത്തിയ അന്വേഷണത്തിൽ ഹാദിയയ്‌ക്കോ , ഭർത്താവിനോ എതിരെ ഒരു ക്രിമിനൽ കേസും നിലവിൽ ഇല്ലെന്നു നേരത്തെ സുപ്രീം കോടതിയിൽ ബോധിപ്പിച്ചതിനു വിരുദ്ധമായി വി വി ഗിരി പറഞ്ഞത് ഹദിയയെ സ്വാതന്ത്രയാക്കുന്നതിൽ തീരുമാനമെടുക്കും മുൻപ് എൻ ഐ എ റിപ്പോർട്ട് കൂടി സുപ്രീം കോടതി പരിഗണിക്കണം എന്നായിരുന്നു. ഒരു ഇടതു പക്ഷ സർക്കാർ സ്വന്തം പോലീസ് സേനയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പിന്നീട് ദുർബ്ബലപ്പെടുത്തുന്ന നയം സ്വീകരിക്കുന്നു എന്നതാണ് എന്നെ സംബന്ധിച്ച് ഈ കേസിലെ ഏറ്റവും ദുരൂഹമായ സംഗതി.
പിന്നെ രണ്ടുമണിക്കൂറോളം ചർച്ചകൾ തുടർന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയത്തേക്കാൾ ഒരു മണിക്കൂർ അധികം ഇരുന്ന ശേഷം ആണ് ഹാദിയയെ തുടർ പഠനത്തിന് പ്രവേശിപ്പിക്കാനും സൗകര്യങ്ങൾ ഒരുക്കാനും വേണ്ടി സേലത്തുള്ള കോളേജിലെ അധികാരികൾക്ക് ഉത്തരവ് തയ്യാറാക്കിയത്.
ഹാദിയ ഇന്ന് "സ്വതന്ത്ര" എന്ന് വേണമെങ്കിൽ പറയാം . പക്ഷെ, സ്വാതന്ത്ര്യം എന്നത് വിഭജിക്കാനും പകുക്കാനും കഴിയുന്ന ഒന്നല്ല. ഒരാൾക്ക് പഠിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഇല്ലെന്നും ഉള്ള അവസ്ഥയാണ് ഇപ്പോൾ; ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടാൻ സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ വിവാഹിതയായ ഒരു വ്യക്തിക്ക് ഭർത്താവിന്റെ സാന്നിധ്യവും തുണയും അനുഭവിക്കാൻ സ്വാതന്ത്ര്യമില്ല. ഇനിയും ഏറെ കടമ്പകൾ ഹാദി യയ്ക്കു പോരാട്ടങ്ങളിലൂടെ മറികടക്കേണ്ടതായുണ്ട്. ഇനിയും നടക്കാനിരിക്കുന്ന അനേകം യുദ്ധങ്ങളിൽ വിജയം ഹാദിയയെ കാത്തിരിക്കുകയാണ്. ജഡ്ജിമാർ എന്ത് വിചാരിക്കുന്നു എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല അവ അന്തിമമായി നിർ ണയിക്കപ്പെടുക, മറിച്ചു ലിംഗനീതിക്കും കർതൃത്വ അവകാശങ്ങൾക്കും വേണ്ടി സ്ത്രീകൾ നൂറ്റാണ്ടുകളായി നടത്തുന്ന പോരാട്ടത്തിന്റെ വിജയവുമായിട്ടാണ് അവ കണ്ണിചേർക്കപ്പെട്ടിരിക്കുന്നത്. കേരളമെന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിയന്ത്രണം പിടിച്ചു പറ്റാൻ ഹിന്ദുത്വ ശക്തികൾ നടത്തുന്ന വലിയ യുദ്ധത്തിന്റെ ഭാഗമാണ് ഒരു സ്ത്രീയുടെ ശരീരത്തിന്മേൽ നിയന്ത്രണാവകാശം ഉറപ്പിക്കാനുള്ള ഇപ്പോഴത്തെ യുദ്ധം .
( The Invisible Lawyer എന്ന വെബ്സൈറ്റില്‍ വന്ന ലേഖനത്തിന്‍റെ മൊഴിമാറ്റം ;
സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന ഒരു അഭിഭാഷകയാണ് ലേഖിക )