Tuesday, 7 August 2018

ആഗസ്ത് 7 ന്റെ അഖിലേന്ത്യാ  മോട്ടോർ വാഹനത്തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കുക

1988 ലെ മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്തുകൊണ്ടു മോട്ടോർ വാഹനമേഖല പൂർണ്ണമായും കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് മോട്ടോർ തൊഴിലാളികളെയും ചെറുകിട വാഹന ഉടമകളെയും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരെയും ഇന്ന് രാജ്യവ്യാപമായ ഒരു സൂചനാ പണിമുടക്കിലേക്ക് നയിച്ചിരിക്കുന്നത്. നോട്ടു നിരോധനം, ജി എസ് ടി ,   ആധാർ എന്നിവപോലെ തൊഴിലാളികൾക്കും ജനങ്ങൾക്കും നേരെ കേന്ദ്രസർക്കാർ നടത്തുന്ന മറ്റൊരു കടന്നാക്രമണമാണ് ഇത്. നിലവിലുള്ള നിയമത്തിലെ 223 ഉപവകുപ്പുകളിൽ 64  വകുപ്പുകൾ ഭേദഗതിചെയ്തും 28 വകുപ്പുകൾ കൂട്ടിച്ചേർത്തും 340 വകുപ്പുകൾ ഉള്ളതാണ് പുതിയ മോട്ടോർ വാഹനനിയമത്തിന്റെ കരട്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള മോട്ടോർ വാഹന ഗതാഗതം പുതിയ നിയമത്തിനു വഴിമാറുമ്പോൾ ഫെഡറൽ ഘടന ഇല്ലാതാവുകയും,  സർക്കാർ നിയന്ത്രണത്തിന്റെ സ്‌ഥാനത്തു് റോഡ് ഗതാഗതവും മോട്ടോർവാഹന മേഖലയും  പൂർണ്ണമായും ഉദ്യോഗസ്ഥ മേധാവിത്വ - കോർപ്പറേറ്റ് ലോബിയുടെ വരുതിയിൽ ആവുകയും ചെയ്യും.

മോട്ടോർവാഹനമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി ശാസ്ത്രീയമായും ജനതാൽപ്പര്യങ്ങൾക്കനുഗുണമായും പരിഹരിക്കുന്നതിന് പകരം തൊഴിലാളികളെയും ജനങ്ങളെയും ദ്രോഹിച്ചുകൊണ്ടു കോര്പറേറ്റകൾക്കു ഈ മേഖല പൂർണ്ണമായും വിട്ടുകൊടുക്കുന്നതിനു വേണ്ടിയാണ് പുതിയ  നിയമം കൊണ്ടുവരുന്നത്. നിലവിലുള്ള കേന്ദ്ര -സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്ക് പകരം മൂന്നു ലീഡിങ് ഏജൻസികൾ ഏർപ്പെടുത്താൻ ആണ് നിയമം വ്യവസ്ഥചെയ്യുന്നത് . ദേശീയ അധികാര സമിതി, ദേശീയ ഗതാഗത വിവിധോദ്ദേശ ഏകോപന സമിതി ,സംസ്ഥാന ഗതാഗത സംരക്ഷണ സമിതി എന്നിവയാണ് ഇവ . കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചെയർമാനും , ഗതാഗതം, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാർ അംഗങ്ങൾ ആയുള്ളതുമായ ദേശീയ അതോറിറ്റിയിൽ ജനപ്രതിനിധികൾ ആരും അംഗങ്ങളാവില്ല എന്നത് ജനാധിപത്യ വ്യവസ്ഥയെത്തന്നെ തകിടം മറിച്ചു തൽസ്ഥാനത്ത് സമ്പൂർണ്ണമായ ഉദ്യോഗസ്ഥ വാഴ്ച കൊണ്ടുവരാനുള്ള നീക്കമാണ്.  പതിനെട്ട് സംസ്ഥാനങ്ങളിൽ  പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് കൾ  സ്ഥാപിച്ചുകൊണ്ട് ഡ്രൈവിംഗ് പരിശീലനം, ഡ്രൈവിംഗ് ലൈസൻസ് നൽകൽ എന്നിവയ്ക്കുള്ള അധികാരങ്ങൾ ഫലത്തിൽ കോർപ്പറേറ്റ്കൾക്ക് കൈമാറുന്നതിനും , അതോടൊപ്പം അഗ്രിഗേറ്റർ എന്ന പുതിയ സംവിധാനത്തിലൂടെ നിലവിൽ വരുന്ന കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള വാഹന വ്യൂഹം രാജ്യത്താകമാനമുള്ള ടാക്സി- ട്രക്ക് സേവനങ്ങൾ കുത്തകവൽക്കരിക്കുന്നതോടെ ഈ മേഖലയിൽ നിലവിൽ തൊഴിലെടുക്കുന്നവരുടേയും  ചെറുകിട വാഹന ഉടമസ്ഥരുടേയും ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതാക്കുന്നതിനും ഇടയാക്കുന്ന പരിഷ്കാരങ്ങളാണ് പുതിയ നിയമം വഴി ഏർപ്പെടുത്തുക. ട്രക്ക് -ടാക്സി സേവന രംഗത്തേക്ക് മഹീന്ദ്രാ  കമ്പനി ഇപ്പോൾത്തന്നെ സജീവമായ ചുവടുകൾ വെച്ചിരിക്കുന്നത് പോലെ മറ്റു കമ്പനികളും വരാൻ കാത്തിരിക്കുകയാണ്.  സർക്കാർ- പൊതുമേഖലകളിലുള്ള റോഡ് ഗതാഗത സർവീസുകളെയും  സ്ഥാപനങ്ങളെയും  ഗുരുതരമായ പ്രതിസന്ധിയിലാക്കും വിധത്തിൽ  ബസ് റൂട്ട് പെർമിറ്റ് നല്കുന്നതുമുതൽ സ്പെയർ പാട്ടുകൾ വാങ്ങാനുള്ള അധികാരങ്ങൾ വരെ കുത്തകക്കമ്പനികൾക്കോ അവർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമായി പരിമിതപ്പെടുത്താൻ ഉള്ള വ്യവസ്ഥകളും  നിയമത്തിലുണ്ട് . വാഹനത്തിന്റെയോ ,റോഡിന്റെയോ  മോശപ്പെട്ട അവസ്ഥകൊണ്ട് സംഭവിക്കുന്ന അപകടങ്ങളിൽപ്പോലും ഡ്രൈവർമാർക്ക് കനത്ത പിഴയും തടവും ഉറപ്പാക്കാനും , ഓവർലോഡിന് ഉള്ള പിഴ ശിക്ഷ നിലവിലുള്ള 2000 രൂപയ്ക്ക് പകരം 20,000 രൂപയായി വർധിപ്പിക്കാനും ഉള്ള വിചിത്രമായ വ്യവസ്ഥകളോടെ മോട്ടോർ  വാഹനമേഖലയാകെ കോർപ്പറേറ്റ്കളുടെ ചൊല്പടിയിലാക്കാൻ  ഉള്ള പരിഷ്‌കാരങ്ങൾ ആണ് നിയമത്തിലുള്ളത്.

 കാർഷിക മേഖലയാകെ 
വിദേശമൂലധനത്തിന്റെ  ചൂഷണത്തിന്വിട്ടുകൊടുക്കുംവിധം കോർപ്പറേറ്റുവൽക്കരണത്തിന് വിധേയമായതിന്റെ ഫലമായി അനേകലക്ഷം കർഷകർ ആത്മഹത്യ ചെയ്തപശ്ചാത്തലത്തിൽ കാർഷിക കടബാധ്യതകൾ എഴുതിത്തള്ളാനും  ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയും വിപണിയും ഉറപ്പാക്കാനും ,നിവേശങ്ങളും സേവനങ്ങളും ആയി ബന്ധപ്പെട്ട കാർഷിക സബ്‌സിഡികൾ പുനഃസ്ഥാപിക്കാനും വേണ്ടി കർഷകരുടെ സംഘടിതമായ മുന്നേറ്റം  രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ അനുദിനം ശക്തിപ്പെട്ടുവരികയാണ്. അതുപോലെ നിയോലിബറൽ നയങ്ങൾ നിർദ്ദാക്ഷിണ്യം അടിച്ചേല്പിക്കപ്പെടുന്നതിന്റെ ഫലമായി ചെറുകിട മേഖലകളിൽ പ്രവർത്തിക്കുന്ന ഉൽപ്പാദകരും സംരംഭകരും തൊഴിലാളികളും വ്യാപാരികളും എല്ലാം ഇന്ന് കടുത്ത പ്രതിസന്ധികളിലാണ് .

വിവിധ ജനവിഭാഗങ്ങൾ അതിജീവനത്തിനായി നടത്തുന്ന പ്രതിഷേധ ങ്ങളിൽ  പൊന്തിവരുന്ന ഭരണവിരുദ്ധ ജനരോഷം ഗതി തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായി  നിയോലിബറൽ  ഫാസിസ്റ്റു ഭരണവർഗ്ഗ ശക്തികൾ പ്രതിലോമകരമായ ഹിന്ദുത്വ ദേശീയതയും, ജാതീയ- സാമുദായിക വിഭാഗീയതകളും തുടർച്ചയായി പ്രോത്സാഹിപ്പിച്ചുവരുന്നു; ഭരണകൂട നയങ്ങളെ വിമർശിക്കുന്ന ഏവരെയും  രാജ്യദ്രോഹികളായി  ചിത്രീകരിച്ചു അടിച്ചമർത്തുന്നതും, 
ഗോ രക്ഷയുടെയും "ലവ് ജിഹാദ് " ആരോപണങ്ങളുടെയും  , വിദേശി നുഴഞ്ഞുകയറ്റത്തിന്റെയും പുകമറകൾ ഉണ്ടാക്കി  മുസ്‌ലിംകൾക്കെതിരെ ആൾക്കൂട്ടക്കൊലകൾ പ്രോത്സാഹിപ്പിക്കുന്ന  നയവും , സ്ത്രീകൾക്കെതിരെ  ബലാൽസംഗങ്ങളും കൊലപാതകങ്ങളും  ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ  ആശങ്കാജനകമായ അളവിൽ  വർധിച്ചുവരുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഇരകളെയും അവർക്ക്‌ നീതിലഭിക്കാനുള്ള സമരങ്ങളിലേർപ്പെടുന്നവരേയും  അധികാരിവർഗ്ഗം മോശപ്പെട്ടവരായിചിത്രീകരിക്കുന്നതുമെല്ലാം മേൽപ്പറഞ്ഞ ഫാസിസ്റ്റ് പ്രതിലോമപരതയുടെ  മുഖമുദ്രകൾ ആയിരിക്കുകയാണ്.  

ആയതിനാൽ , വർഗ്ഗീയ ഫാസിസ്റ്റ് -കോർപ്പറേറ്റ് കൂട്ടുകെട്ട് അടിച്ചേൽപ്പിച്ചിരിക്കുന്ന സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ദുരിതങ്ങൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളിവർഗ്ഗം നയിച്ചുവരുന്ന  ശക്തമായ ചെറുത്തുനിൽപ്പ് പോരാട്ടത്തിലെ ഒരു അധ്യായമാണ് ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന മോട്ടോർ തൊഴിലാളി പണിമുടക്ക്.  ഇത്തരം പ്രക്ഷോഭങ്ങളുടെ തുടർച്ച ഏറ്റെടുക്കാനും , അവയെ മുന്നോട്ടു നയിച്ച് കോർപ്പറേറ്റ് -ഫാസിസ്റ്റ്‌ വാഴ്ചയെ തകർത്തെറിഞ്ഞു ആത്യന്തികമായി ജനങ്ങളുടേതായ ഒരു  ഇന്ത്യ കെട്ടിപ്പടുക്കാനും ഉള്ള ഐക്യപൂർണ്ണമായ  പരിശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ  പുരോഗമന ഇടത് ജനാധിപത്യ പക്ഷത്തുള്ള ഇന്ത്യയിലെ പോരട്ടശക്തികൾക്ക് കഴിയും എന്ന് സി പി ഐ (എം എൽ) ലിബറേഷൻ പ്രത്യാശിക്കുന്നു.

"സർവ്വരാജ്യത്തൊഴിലാളികളേ , ഏകോപിക്കുവിൻ "! 
       ലാൽ സലാം 


(പ്രസ്താവനയുടെ പൂർണ്ണ രൂപം വായിക്കാൻ ഏതാനും മണിക്കൂറുകൾക്കു ശേഷം ഇവിടെ തിരിച്ചുവരിക )





No comments:

Post a Comment