Sunday, 19 August 2018

പ്രളയക്കെടുതിയിലായ കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയെ അപലപിക്കുക 



 ടുത്ത ദിവസങ്ങളിൽ ഉണ്ടായ  മഹാപ്രളയം  ഏൽപ്പിച്ച  തീരാദുരിതങ്ങളിൽപ്പെട്ട്   കേരളം ഉഴലുമ്പോഴും സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന ഞെട്ടിപ്പിക്കുന്ന സംവേദനാശൂന്യതയെയും അവഗണനയെയും സി പി ഐ (എം എൽ ) ശക്തമായി അപലപിക്കുന്നു.  
സംസ്ഥാന ഗവണ്മെന്റും രാജ്യത്തെമ്പാടുമുള്ള  പൊതുജനങ്ങളും ആവർത്തിച്ച് അഭ്യർത്ഥനകൾ നടത്തിയിട്ടും  കേരളത്തിലുണ്ടായ പ്രളയവിപത്തിനെ  ഒരു ദേശീയ ദുരിതമായി പ്രഖ്യാപിക്കാൻ കേന്ദ്രം കൂട്ടാക്കിയില്ല.

 വൈകിയ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി കേരളത്തിൽ ഒരു സന്ദർശനം നടത്തി; എന്നാൽ ,  പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക്  ദുരിതാശ്വാസം എത്തിക്കാനും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനും അനിവാര്യമായ തുകയെന്ന നിലയിൽ  കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ട 
അടിയന്തര കേന്ദ്രസഹായമായ 2000 കോടി രൂപ അനുവദിക്കുന്നതിന് പകരം, മുൻപ്  അനുവദിച്ച 100 കോടി രൂപയ്ക്ക് പുറമേ  500 കോടി രൂപ മാത്രം അധികമായി നൽകാൻ ആയിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം.

ഇത്തരമൊരു അവഗണന മനഃപ്പൂർവ്വമായതും , ബി ജെ പി പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന സഹകരണാത്മക ഫെഡറലിസം എന്ന തത്വത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നതുമാണ്.  ഇടതുപക്ഷ ഭരണം നിലവിലുള്ള ഒരു സംസ്ഥാനത്തോടുള്ള രാഷ്ട്രീയ പകപോക്കൽ മനോഭാവത്തിന്റെ ഫലമാണ് 
കേന്ദ്രഗവണ്മെന്റിന്റെ ഈ സമീപനം. 
അതേ സമയം, സേനാംഗങ്ങളും , കേരളത്തിലും ഇന്ത്യയിലെമ്പാടുമുള്ള  സിവിലിയൻ ജനതയും  കൈയ്യും മെയ്യും മറന്ന് ഒരേ മനസ്സോടെ  ഏറ്റെടുത്ത ശ്രമകരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മഹനീയ മാതൃക   കേന്ദ്ര അവഗണനയുടേതിൽനിന്നും  കടകവിരുദ്ധമായ ഒരു  ചിത്രമാണ് മുന്നോട്ടു വെയ്ക്കുന്നത്. നാവികസേനയുടെ ബോട്ടുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒറ്റപ്പെട്ടയിടങ്ങളിൽ  കുടുങ്ങിപ്പോയ നിരവധിയാളുകളുടെ ജീവൻ രക്ഷിച്ചത്‌ മൽസ്യത്തൊഴിലാളികൾ ആയിരുന്നുവെന്ന വസ്തുതയും  എടുത്തു പറയത്തക്കതാണ് . വിദൂരസ്ഥലങ്ങളിൽനിന്നും മൽസ്യബന്ധന ബോട്ടുകളുമായി എത്തിയാണ് അവർ  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

പ്രളയക്കെടുതിയനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനായി രംഗത്തിറങ്ങാൻ  ഇന്ത്യയിലെമ്പാടും ഉള്ള  പാർട്ടി ഘടകങ്ങളോടും അംഗങ്ങളോടും സി  പി ഐ (എം എൽ ) ആഹ്വാനം ചെയ്തിട്ടുണ്ട് .
-  സി പി ഐ (എം എൽ ) പോളിറ്റ് ബ്യൂറോ 

No comments:

Post a Comment