Sunday 16 September 2018

AIPWA ഐക്യദാർഢ്യം : ബലാൽസംഗക്കേസിൽ നീതി തേടുന്ന കന്യാസ്‌ത്രീയ്‌ക്കൊപ്പം
ബിഷപ്പ് ഫ്രാങ്കോ യ്ക്കെതിരെ ബലാത്സംഗവും ലൈംഗിക അതിക്രമവും ആരോപിച്ചു സമരത്തിൽ ഏർപ്പെട്ട കന്യാസ്ത്രീയെ  AIPWA പൂർണ്ണമായും പിന്തുണയ്ക്കുകയും അവരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.  2014നും  2016 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ തനിക്കെതിരെ  ബിഷപ്പ് ആവർത്തിച്ച് ലൈംഗികാക്രമണങ്ങൾ  നടത്തിയെന്ന അവരുടെ ആരോപണത്തെ ആ സഭയിലെ അഞ്ച് കന്യാസ്ത്രീകൾ പിന്തുണച്ചിട്ടുണ്ട് .
അധികാരവും സ്വാധീന ശക്തിയും ഉള്ള പുരുഷന്മാർ ഉത്തരവാദപ്പെട്ട സ്വന്തം  സ്ഥാനങ്ങൾ  സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്ന തിന് ഉപയോഗിച്ച സംഭവങ്ങളുടെ നീണ്ട പട്ടികതന്നെ നമ്മുടെ മുന്നിലുണ്ട്. ബാബ രാം റഹിം , ആശാറാം ബാപ്പു എന്നിവർ തൊട്ട്‌ തരുൺ തേജ്‌പാലും TERI യിലെ ആർ കെ പച്ചൗരി വരെയുള്ളവർ  പദവികൾ നീചമായ വിധത്തിൽ ദുരുപയോഗം ചെയ്ത് ലൈംഗികാതിക്രമണക്കേസ്സുകളിൽ കുറ്റാരോപിതരായവരുടെ  കൂട്ടത്തിലുണ്ട്.  ഇത്തരത്തിലുള്ള ഒട്ടുമിക്ക കേസുകളിലും സ്വന്തം പീഡാനുഭവങ്ങൾ പുറത്തുപറയാനും പരാതിപ്പെടാനും  ധൈര്യസമേതം രംഗത്തുവരുന്ന  സ്ത്രീകൾക്കെതിരെ  സംഘടിതമായ സ്വഭാവഹത്യകളും അപവാദ പ്രചാരണങ്ങളും നടത്തി കുറ്റക്കാരെ സഹായിക്കാൻ ആളുകൾ രംഗത്തെത്തുന്നതും പതിവായിരിക്കുന്നു.   ഇതിലെല്ലാം ഉപരിയായി , 
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും  തീർത്തും അനുഭാവരഹിതമായ സമീപനമാണ് പലപ്പോഴും ഇരകൾക്ക് നേരിടേണ്ടിവരുന്നത്. ഈ കേസിലും പരാതിപ്പെട്ട സ്ത്രീ  നേരിടുന്നത് സമാനമായ പ്രതികൂലതകളെയാണെന്നത് നിർഭാഗ്യകരമാണ്.
പരാതിയുമായി കന്യാസ്‌ത്രീ പരസ്യമായി രംഗത്തുവന്നതിനു ശേഷം  അത് പിൻവലിക്കാനുള്ള ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായതോടൊപ്പം , ഇരയെ കുറ്റപ്പെടുത്തലും, സ്വഭാവഹത്യ ലക്‌ഷ്യം വെക്കുന്ന ദുഷ് പ്രചാരണങ്ങളും  അവർക്കെതിരെ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.  മിഷനറീസ് ഓഫ് ജീസസ്സിലെ ഉയർന്ന സ്ഥാനം വഹിക്കുന്ന പുരോഹിതർ കന്യാസ്ത്രീയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ഇരയുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ടാണ്.  സംഭവവുമായി ബന്ധപ്പെട്ടു ആഭ്യന്തരമായി   ഒരു അന്വേഷണം നടത്തി എന്നവകാശപ്പെട്ട ചർച് കണ്ടെത്തിയത് മറ്റാരുടെയോ പ്രേരണയാൽ പ്രസ്തുത കന്യാസ്ത്രീ വേറെ അഞ്ചു കന്യാസ്ത്രീകളുമൊത്തു ഗൂഢാലോചന നടത്തിയെന്നും ,തെളിവുകളിൽ കൃത്രിമം കാട്ടിയെന്നും ആയിരുന്നു. എം എൽ എ ആയ പി സി ജോർജ് കന്യാസ്ത്രീയെ ഒരു വേശ്യയെന്ന്  വിളിക്കുകപോലും ചെയ്തു. കാത്തലിക്ക് ബിഷപ്പ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന ബിഷപ്പുമാരുടെ സംഘടന സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും പൂർണ്ണമായും കൈ കഴുകി രക്ഷപ്പെടാൻ നോക്കുകയായിരുന്നു.  വെവ്വേറെ  വ്യക്തികൾ എന്ന നിലയ്ക്ക് ബിഷപ്പുമാർ ചെയ്യുന്ന പ്രവൃത്തികൾ നിയന്ത്രിക്കാനുള്ള നിയമാനുസൃതമായ ജ്യൂറിസ് ഡിക്ഷൻ കൗൺസിലിന് ഇല്ലെന്നു വാദിച്ചു കൈ മലർത്താൻ അവർക്കു മടിയുണ്ടായില്ല. വൻപിച്ച  പൊതുജന പ്രതിഷേധങ്ങളെത്തുടർന്ന്, പ്രശ്നം  വത്തിക്കാൻ വരെ എത്തുമെന്നായപ്പോൾ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ മൂലക്കൽ  തൽസ്ഥാനം ഒഴിഞ്ഞു മറ്റൊരു പുരോഹിതന് ചുമതലകൾ കൈമാറിയത്.

അതിനിടെ, മൂലക്കലിനെതിരായ പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കത്തക്കതാണെന്ന് സമ്മതിക്കുമ്പോഴും,കേരളാ പോലീസ് പ്രതിയെ അറസ്റ്റുചെയ്യാൻ ഇതേവരെ കൂട്ടാക്കിയില്ല. ഒരു തവണ വിളിച്ചു വരുത്തുകയും ,അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും മാത്രമാണ്  പോലീസ് ചെയ്തിരിക്കുന്നത്. അതേ സമയം, കേരളത്തിലും ഇന്ത്യയൊട്ടുക്കും ഉള്ള ക്രിസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം പരാതിക്കാരിയെ പിൻതുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കാനും, കുറ്റാരോപിതനായ ബിഷപ്പിനെ  ഉടൻ അറസ്റ്റ് ചെയ്യാനും  ആവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൌൺസിലിന്റെ ബാനറിൽ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്.
ഈയാവശ്യങ്ങൾ  ഉന്നയിച്ചു പ്രക്ഷോഭത്തിലേർപ്പെട്ട കേരളത്തിലെയും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെയും പുരോഗമനവാദികളുടെ ശബ്ദത്തോടൊപ്പം  നിലകൊള്ളുകയും ബിഷപ്പിനെതിരെ ഉടൻ നടപടിയെ ടുക്കാൻ  ആവശ്യപ്പെടുകയും ചെയ്യുന്നത്തിനു പുറമേ , പീഡനത്തിന്റെ ഇരയെ കുറ്റപ്പെടുത്തുന്നതും അവരുടെ സ്വഭാവഹത്യ ലാക്കാക്കി ദുഷ് പ്രചാരണങ്ങൾ നടത്തുന്നതും തടയാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനും ആൾ ഇൻഡ്യാ പ്രോഗ്രസ്സിവ് വിമെൻസ് അസോസിയേഷൻ ( AIPWA ) ആവശ്യപ്പെടുന്നു.

കവിതാ കൃഷ്ണൻ
സെക്രട്ടറി ,AIPWA
 

No comments:

Post a Comment