മാർക്സ് രണ്ടാം ജന്മശതവാർഷികം:
മാനവ വിമോചനത്തിന്നായുള്ള തുടരുന്ന ലോങ് മാർച്ച്
തത്ത്വചിന്തകർ നാളിതുവരെ ലോകത്തെ പലപ്രകാരത്തിലും വ്യാഖ്യാനിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ; എന്നാൽ കാതലായ പ്രശ്നം ലോകത്തെ മാറ്റുന്നതെങ്ങനെ എന്നതാണ്." മേൽപ്പറഞ്ഞൊരു വീക്ഷണം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ കാൾ മാർക്സ് (5.5.1818-14.3.1883) മുപ്പതു വയസ്സുപോലും പിന്നിട്ടിട്ടില്ലാത്ത ഒരു യുവാവ് ആയിരുന്നു. എന്നാൽ , തന്റെ അവസാന ശ്വാസം വരെയും മാർക്സ് വിശ്രമമില്ലാതെ പ്രയത്‌നിച്ചത് നമ്മൾ ജീവിക്കുന്ന ലോകത്തെ മനസ്സിലാക്കാനും മാറ്റിത്തീർക്കാനും പ്രേരകമായ സമസ്ത മാനുഷിക വ്യാപാരങ്ങളിൽനിന്നും ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ട് പ്രസ്തുത ലക്ഷ്യത്തിലേക്ക് മനുഷ്യരെ കൂടുതൽ അടുപ്പിക്കാനും മുന്നോട്ടു നയിക്കാനും ആയിരുന്നു. മാർക്സിന്റെ സഹപോരാളിയും ജീവിതാന്ത്യം വരെ ആത്മസുഹൃത്തും ആയിരുന്ന ഫ്രഡറിക് എംഗൽസുമൊത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചപ്പോൾ അദ്ദേഹത്തിന് മുപ്പത് വയസ്സേ ആയിരുന്നുള്ളൂ. പിന്നീട് തന്റെ ആശയങ്ങൾ പരിപക്വമായും സമഗ്രമായും മാർക്സ് അവതരിപ്പിച്ച മൂലധനം എന്ന കൃതിയുടെ പൂർണ്ണരൂപം പ്രസിദ്ധീകൃതമായത് അദ്ദേഹത്തിന്റെ മരണാനന്തരമായിരുന്നു. മേൽപ്പറഞ്ഞ ദീർഘമായ കാലയളവിലുടനീളം നിഷ്കർഷയോടെ മാർക്സ് പിന്തുടർന്നിരുന്ന ഒരു തത്വം "നിലനിൽക്കുന്ന എല്ലാത്തിനെയും കണിശമായും ഇളവില്ലാതേയും വിമർശിക്കുക "എന്നതായിരുന്നു. വിമർശിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് ഒരുകാരണവശാലും വിട്ടുവീഴ്ച ചെയ്യാതെയും അധികാരിവർഗ്ഗവുമായി ഉണ്ടാകാവുന്ന സംഘർഷങ്ങൾക്കു മുൻപിൽ അടിയറവു പറയാതെയും ഉള്ള വിമർശനം എന്നാണ് "നിർദാക്ഷിണ്യതയോടെയുള്ള വിമർശനം " എന്നതുകൊണ്ട് മാർക്സ് ഉദ്ദേശിച്ചത്.
നിലവിലുള്ള എല്ലാത്തിനേയും നിശിതമായ വിമര്ശനബുദ്ധിയോടെ സമീപിക്കാനുള്ള ആർജ്ജവവും, ലോകത്തെ മാറ്റിമറിക്കാനുള്ള അദമ്യമായ ഉൽക്കർഷവാഞ്ഛയും മാർക്സിനെ അദ്ദേഹത്തിന്റെ കാലത്തെ യൂറോപ്പിലെ പല ഗവണ്മെന്റുകൾക്കും അനഭിമതനാക്കി. ജർമ്മനി വിട്ട് വിവിധ രാജ്യങ്ങളിൽ നിന്ന് നാട് കടത്തപ്പെട്ടതിനുശേഷം ഒടുവിൽ ഇംഗ്ലണ്ടിൽ താമസം ഉറപ്പിക്കുകയാണ് മാർക്സ് ചെയ്തത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കൊളോണിയൽ ശക്തിയും, ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യവും ആയിരുന്ന ഇംഗ്ലണ്ടിന്റെ തലസ്ഥാനം ലോകമുതലാളിത്തത്തിന്റെ സിരാകേന്ദ്രം കൂടിയായിരുന്നു. ലണ്ടനിൽ ഇരുന്നുകൊണ്ട് മാർക്സ് പഠനത്തിലും ഗവേഷണത്തിലും എഴുത്തിലും മുഴുകിയതോടൊപ്പം ലോകത്തെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തെ സംഘടിപ്പിക്കാനും അവർക്കിടയിൽ സാർവ്വദേശീയ സാഹോദര്യവും ഐക്യദാർഢ്യവും ഊട്ടിവളർത്താനും പരിശ്രമിച്ചു. ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ എന്ന തൊഴിലാളിവർഗ്ഗ സാർവ്വദേശീയ പ്രസ്ഥാനം രൂപീകരിക്കുന്നതിൽ പ്രഥമ പങ്ക് മാർക്സിന്റേതായിരുന്നു. പ്രസ്തുത സംഘടനയുടെ നേതൃത്വത്തിലാണ് വ്യത്യസ്ത പ്രത്യയശാസ്ത്ര നിലപാടുകൾ ഉണ്ടായിരുന്ന തൊഴിലാളിവർഗ്ഗ സംഘടനകളെ ഒരു വേദിയിൽ അണിനിരത്തിയ ഒന്നാം ഇന്റർനാഷണൽ രൂപം കൊണ്ടത്. ഇന്ത്യയിൽ 1857 ൽ ഉണ്ടായ കൊളോണിയൽവിരുദ്ധ കലാപവും 1871 ലെ പാരീസ് കമ്മ്യൂണും മുതൽ , ലോകത്താകമാനം സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും വേണ്ടി ഉയർന്നുവന്ന ശബ്ദങ്ങളെ സൂക്ഷ്മതയോടെ അവലോകനം ചെയ്യാനും അപഗ്രഥിക്കാനും മാർക്സ് കാതലായ പരിശ്രമങ്ങൾ നടത്തി.
തന്റെ സാമൂഹ്യവിശകലനങ്ങളിൽ വർഗ്ഗങ്ങൾ കേന്ദ്രസ്ഥാനത്തു് വർത്തിക്കുന്നതും , വർഗ്ഗസമരം സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തിയായി നിലകൊള്ളുന്നതും ആയ ഒരു കാഴ്ചപ്പാട് ആണ് മാർക്സ് ഇദംപ്രഥമമായി മുന്നോട്ടുവെച്ചത്. സമൂഹത്തിൽ അധീശത്വം പുലർത്തുന്ന വർഗ്ഗങ്ങൾ അങ്ങിനെ ചെയ്യുന്നത് കേവലം ഉൽപ്പാദനോപാധികളുടെയും വിഭവങ്ങളുടെയും ഉടമസ്ഥത നിലനിർത്തിക്കൊണ്ടു മാത്രമല്ലാ, ഭരണകൂടത്തോടും നിയമവ്യവസ്ഥകൾ അടക്കമുള്ള അതിന്റെ മർദ്ദന സംവിധാനങ്ങളോടുമൊപ്പം ആശയങ്ങളുടെ ഉൽപ്പാദനത്തിലും പ്രചാരണത്തിലും മേധാവിത്വം നിലനിർത്തുന്ന ബൗദ്ധിക പ്രവർത്തനത്തിന്റെ മേഖല കൂടി നിയന്ത്രിച്ചുകൊണ്ടാണ്.
"ഓരോ കാലഘട്ടത്തിലും ഭരിക്കുന്ന ആശയങ്ങൾ ഭരണവർഗ്ഗത്തിന്റെ ആശയങ്ങൾ ആയിരിക്കും; അതായത് സമൂഹത്തെ ഭരിക്കുന്ന ഭൗതിക ശക്തികളെ നിയന്ത്രിക്കുന്ന അതേ ഭരണവർഗ്ഗമാണ് ആശയങ്ങളുടെ മേഖലയായ ബൗദ്ധിക മണ്ഡലത്തെയും ഭരിക്കുന്നത് " മാർക്സ് ജർമ്മൻ ഐഡിയോളജി എന്ന ഗ്രന്ഥത്തിൽ 1845 ൽ ത്തന്നെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. വർഗ്ഗ സമരത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന മാർക്‌സിസ്റ്റ് വീക്ഷണത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട് ഭരണവർഗ്ഗത്തിന്റെ ആധിപത്യത്തെ ഓരോ കോണിൽനിന്നും ശക്തമായി ചോദ്യം ചെയ്യുന്ന ഒന്നാണ്- സാമ്പത്തികവും രാഷ്ട്രീയവുമായ വീക്ഷണകോണുകളിൽ മാത്രമല്ല, സാമൂഹ്യവും ,സാംസ്കാരികവും ബൗദ്ധികവുമായ തലങ്ങളിലും അത് തുല്യ അളവിൽ പ്രസക്തമാണ്.
"ഓരോ കാലഘട്ടത്തിലും ഭരിക്കുന്ന ആശയങ്ങൾ ഭരണവർഗ്ഗത്തിന്റെ ആശയങ്ങൾ ആയിരിക്കും; അതായത് സമൂഹത്തെ ഭരിക്കുന്ന ഭൗതിക ശക്തികളെ നിയന്ത്രിക്കുന്ന അതേ ഭരണവർഗ്ഗമാണ് ആശയങ്ങളുടെ മേഖലയായ ബൗദ്ധിക മണ്ഡലത്തെയും ഭരിക്കുന്നത് " മാർക്സ് ജർമ്മൻ ഐഡിയോളജി എന്ന ഗ്രന്ഥത്തിൽ 1845 ൽ ത്തന്നെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. വർഗ്ഗ സമരത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന മാർക്‌സിസ്റ്റ് വീക്ഷണത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട് ഭരണവർഗ്ഗത്തിന്റെ ആധിപത്യത്തെ ഓരോ കോണിൽനിന്നും ശക്തമായി ചോദ്യം ചെയ്യുന്ന ഒന്നാണ്- സാമ്പത്തികവും രാഷ്ട്രീയവുമായ വീക്ഷണകോണുകളിൽ മാത്രമല്ല, സാമൂഹ്യവും ,സാംസ്കാരികവും ബൗദ്ധികവുമായ തലങ്ങളിലും അത് തുല്യ അളവിൽ പ്രസക്തമാണ്.
മുതലാളിത്ത യുഗത്തിലെ ഭരണവർഗ്ഗ ആശയങ്ങൾ എന്നുപറയുന്നത് മൂലധനത്തെ ചിരന്തനവും ,സ്വാഭാവികവും, മന്ത്രികശേഷിയുള്ളതും,അജയ്യവുമായ ഒന്നായിക്കാണുന്നതും, ബൂർഷ്വാസിയുടെ വർഗ്ഗത്തെയും ഭരണവ്യവസ്ഥയെയും ഏറ്റവും പരിഷ്‌കൃതവും പുരോഗമിച്ചതും ജനാധിപത്യപരവും എന്ന നിലയിൽ മഹത്വവൽക്കരിക്കുന്നതും ആയ വീക്ഷണങ്ങൾ ആണ്. തന്റെ എല്ലാ കൃതികളിലും മാർക്സ് ഈ വീക്ഷണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും അവയെ പിച്ചിച്ചീന്തികാണിക്കുകയും ചെയ്തു. അതുവരെ കണ്ടെത്തിയിട്ടില്ലാത്ത മൂലധനത്തിന്റെ ചലന നിയമങ്ങൾ മാർക്സ് ആവിഷ്കരിക്കുകയും അനാവൃതമാക്കുകയും ചെയ്തു. മൂലധനം കാലാകാലങ്ങളിൽ പ്രതിസന്ധികളെ അഭിമുഖീ കരിക്കുന്നതു എന്തുകൊണ്ടാണെന്നും, എന്തുകൊണ്ട് മുതലാളിത്തം ഏറ്റവും ശ്രേഷ്ഠവും സ്വാഭാവികവും സ്ഥിരവുമായ ഒരു വ്യവസ്ഥയല്ലെന്നും മാർക്സ് ചൂണ്ടിക്കാട്ടി. പാ രതന്ത്ര്യത്തെ സ്വാതന്ത്ര്യമായും, യുദ്ധത്തെ സമാധാനമായും , നശീകരണത്തെ വികസനമായും ബൂർഷ്വാസി അവതരിപ്പിക്കുന്നതിലെ ആത്മവഞ്ചനയും വൈരുധ്യങ്ങളും മാർക്സിന്റെ നിശിതമായ വിശകലങ്ങളിലൂടെ തുറന്നുകാട്ടപ്പെടുകയായിരുന്നു. സാമൂഹ്യ ശക്തികളുടെ ചലനങ്ങളെയും ആശയങ്ങൾ തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളേയും മനസ്സിലാക്കാൻ അമൂർത്തമായ ചില തത്വങ്ങളോ ഉട്ടോപ്യൻ ആഗ്രഹചിന്തകളോ കൊണ്ട് സാധ്യമല്ലെന്നും, മറിച്ച് അവയെ നിയന്ത്രിക്കുന്ന ചില ചലനനിയമങ്ങൾ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്നും മാർക്സ് ചൂണ്ടിക്കാട്ടി. മനുഷ്യരാശിയുടെ മുന്നോട്ടുള്ള കാൽ വെപ്പുകളിൽ സോഷ്യലിസവും കമ്മ്യൂണിസവും യഥാർഥ്യമായാൽ മാത്രമേ വിമോചനം ആത്യന്തികമായ അർത്ഥത്തിൽ പരിപക്വതയാർജ്ജിക്കുകയുള്ളൂ എന്ന് മാർക്സ് വിഭാവനം ചെയ്യുന്നു.
മാർക്സിന്റെ പ്രസക്തി ഇല്ലാതായിക്കഴിഞ്ഞുവെന്ന് പറഞ്ഞു സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ ജീവിതകാലത്തും മരണശേഷവും നിരവധി തവണ ശ്രമങ്ങൾ ഉണ്ടായി. എന്നാൽ കലഹരണപ്പെട്ടതായി പ്രഖ്യാപനങ്ങൾ ഉണ്ടാവുന്ന ഓരോ സന്ദർഭത്തിലും മാർക്സ് മടങ്ങിയെത്തുകയും പിന്നിൽ വന്ന ഓരോ തലമുറയും അതാതു കാലഘട്ടം നേരിട്ട വെല്ലുവിളികൾ നേരിടുന്ന കാര്യത്തിൽ മാർക്സിന്റെ കൃതികളിൽനിന്ന് പുതിയ ഉൾക്കാഴ്ചകളുടെ ഊർജ്ജം സ്വംശീകരിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മാർക്സിസ്റ്റ് ആശയങ്ങളെ എന്നെന്നേയ്ക്കുമായി കുഴിച്ചുമൂടാൻ കഴിയുമെന്ന് ധരിച്ച ബൂർഷ്വാ അപ്രമാദിത്വ സൈദ്ധാന്തികരെ തിരുത്തുന്നതിൽ ചരിത്രം അലിവില്ലാത്ത ഒരധ്യാപകനായി. ബൂർഷ്വാ സൈദ്ധാന്തികർ ചരിത്രത്തിന്റെ അവസാനം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ആഗോളമൂലധനം കടുത്ത പ്രതിസന്ധികളിൽ ആടിയുലഞ്ഞത്. മൂലധനം ഏറ്റവും ദൈർഘ്യമേറിയതും കടുത്തതുമായ പ്രതിസന്ധിയെ അഭിമുഖീകരിച്ച 1930 കളിലെ ഗ്രേറ്റ് ഡിപ്രഷൻ കാലഘട്ടത്തിനു ശേഷം , ഇന്നത്തെ സവിശേഷമായ പ്രതിസന്ധികളെയും കുഴപ്പങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ ബൂർഷ്വാ ചിന്തകർ മാർക്സിലേക്ക് തിരിഞ്ഞു നോക്കുന്നത് കാണാം.
ഇന്ത്യയിൽ ഇന്ന് ബഹുവിധ സൈദ്ധാന്തികപശ്ചാത്തലമുള്ള പുരോഗമന ചിന്തകരുടെ വിപുലമായ വിഭാഗങ്ങൾ മാർക്സിനെ ആദരവോടുകൂടി പരിഗണിക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾത്തന്നെ , മാർക്സ് ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. കൊളോണിയലിസത്തെ എതിർക്കുന്നവരും അതിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നവരും ആയ ചിലർ ഒരേ സ്വരത്തിൽ മാർക്സിനെ വിമർശിക്കുന്നത് കാണാം. ബ്രിട്ടീഷ് കൊളോണിയലിസം സാമൂഹ്യ നിശ്ചലതയിൽ നിന്ന ഒരു പിന്നോക്ക രാജ്യമായ ഇന്ത്യയിലേക്ക് വന്നതും ഇന്ത്യയുടെ ചരിത്രത്തിൽ അതിന്റെ പങ്കു വഹിച്ചതും പുരോഗമനപരമായിട്ടാണ് മാർക്സ് വിലയിരുത്തിയത് എന്ന ഒരു വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മേൽപ്പറഞ്ഞ ഇരുവിഭാഗങ്ങളും ശ്രമിക്കുന്നു. കൊളോണിയൽ ഇന്ത്യയെക്കുറിച്ചു മാർക്സിന്റെ യഥാർത്ഥ വിലയിരുത്തലുകൾ എന്നായിരുന്നുവെന്നു പഠിക്കാൻ കൂട്ടാക്കാതെയാണ് ഇത്തരം ഭീമമായ അബദ്ധങ്ങളവർ പ്രചരിപ്പിക്കുന്നത്. മാർക്സിന്റെ വീക്ഷണത്തിൽ, മൂലധനം മുതലാളിത്തം വളർച്ച പ്രാപിച്ച രാജ്യങ്ങളിലേതുപോലെ നിയമങ്ങളാൽ താരതമ്യേന സുവ്യവസ്ഥിതമായ ചുറ്റുപാടുകളിലല്ല അവയുടെ കോളനി രാജ്യങ്ങളിൽ പ്രവർത്തിച്ചത് എന്ന് അസന്ദിഗ്ധമായി മാർക്സ് നിരീക്ഷിക്കുന്നുണ്ട്.; നേരെ മറിച്ച് , കോളനികളിൽ മൂലധനം പ്രവർത്തിച്ചത് നേരിട്ടുള്ള കൊള്ളയുടെ രൂപത്തിലും പ്രാകൃത വും ഹിസാത്മകവും ആയ ശൈലിയിൽ മിച്ചമൂല്യം സമാഹരിക്കുന്ന വഴികളിലും ആണ്. മൂലധനം ലോകത്ത് രംഗപ്രവേശം നടത്തിയതെങ്ങിനെയെന്ന് മാർക്സ് വിവരിക്കുന്നതിപ്രകാരം ആണ്: " പണം ലോകത്ത് വന്നത് കവിളത്ത് ചോരക്കറ യോടെയായിരുന്നുവെങ്കിൽ, മൂലധനം എത്തിയത് ആപാദചൂഡം ഓരോ രോമകൂപത്തിൽനിന്നും ചോരയും അഴുക്കും ഒലിപ്പിച്ചുകൊണ്ടാണ് " (Capital, Volume one, Chapter 31: Genesis of the Industrial Capitalist).
സവിശേഷമായ കൊളോണിയൽ ഇന്ത്യയുടെ സന്ദർഭത്തിൽ , ബ്രിട്ടീഷ് ഭരണത്തിന്റെ കൊള്ളയും മർദ്ദന സ്വഭാവവും പ്രത്യേകിച്ച് ചൂണ്ടിക്കാട്ടാൻ മാർക്സ് ഒരു ലോപവും കാണിച്ചില്ല. "ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച ഹിന്ദുസ്ഥാനിൽ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ ആ രാജ്യം മുൻപ് എല്ലാകാലത്തുമായി സഹിക്കാൻ ഇടവന്നിട്ടുള്ള കഷ്ടതകളേക്കാൾ സ്വഭാവത്തിൽ വ്യത്യസ്തവും അളവിൽ എത്രയോ വലുതും ആണെന്ന് " മാർക്സ് എടുത്തുപറഞ്ഞു. "ബൂർഷ്വാ സംസ്കാരത്തിൽ അന്തർലീനമായ അളവറ്റ ആത്മവഞ്ചനയും പരിഷ്‌കാര ശൂന്യതയും നമ്മുടെ കണ്മുന്നിൽ വരുന്നത് , അത് സ്വന്തം ജന്മ ദേശത്ത് മാന്യതയുടെ പരിവേഷത്തോടെ വർത്തി ക്കുമ്പോൾ കോളനിരാജ്യങ്ങളിലെത്തുമ്പോൾ ഏതു ക്രൂരതയും മറയില്ലാതെ കാട്ടും വിധം നഗ്നമായി അവതരിക്കുന്നു എന്ന അനുഭവത്തിൽ ആണ്".
'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം' എന്ന പേരിൽ 1853 ജൂൺ മാസത്തിൽ ന്യൂയോർക് ഹെറാൾഡ് ട്രിബ്യൂൺ എന്ന പത്രത്തിന് അയച്ച ലേഖനത്തിൽ മാർക്സ് ഇങ്ങനെ എഴുതി. അതേ സമയം, "ഇന്ത്യയിലെ ഗ്രാമസമൂഹങ്ങൾ പലരും കരുതുന്നതുപോലെ സമ്പൽ സമൃദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളല്ലെന്നും, നേരെ മറിച്ച് അവ ഇന്ത്യയുടെ പരമാധികാരലബ്ധിക്കും പുരോഗതിക്കും കാര്യമായ വിലങ്ങുതടി സൃഷ്ടിക്കുന്ന ജാതീയ വിഭജനങ്ങളുടെയും അടിമത്തത്തിന്റെയും ജീർണ്ണതകൾ വഹിക്കുന്നവയാണെന്ന് "മാർക്സ് അഭിപ്രായപ്പെട്ടു.
'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം' എന്ന പേരിൽ 1853 ജൂൺ മാസത്തിൽ ന്യൂയോർക് ഹെറാൾഡ് ട്രിബ്യൂൺ എന്ന പത്രത്തിന് അയച്ച ലേഖനത്തിൽ മാർക്സ് ഇങ്ങനെ എഴുതി. അതേ സമയം, "ഇന്ത്യയിലെ ഗ്രാമസമൂഹങ്ങൾ പലരും കരുതുന്നതുപോലെ സമ്പൽ സമൃദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളല്ലെന്നും, നേരെ മറിച്ച് അവ ഇന്ത്യയുടെ പരമാധികാരലബ്ധിക്കും പുരോഗതിക്കും കാര്യമായ വിലങ്ങുതടി സൃഷ്ടിക്കുന്ന ജാതീയ വിഭജനങ്ങളുടെയും അടിമത്തത്തിന്റെയും ജീർണ്ണതകൾ വഹിക്കുന്നവയാണെന്ന് "മാർക്സ് അഭിപ്രായപ്പെട്ടു.
"ഇംഗ്ലീഷ് ബൂർഷ്വാസി ഇന്ത്യയിൽ നടപ്പാക്കാൻ നിർ ന്ധിതമായേക്കാവുന്ന പരിഷ്‌കാരങ്ങൾ ഏതളവിലും ഇന്ത്യൻ ജനതയുടെ വിമോചനത്തിനോ, അവരുടെ ഭൗതികസാമൂഹ്യസാഹചര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനോ പര്യാപ്തമാവില്ലെ"ന്നു മാർക്സിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. 1853 ൽ ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഊറ്റംകൊള്ളുകയും , അത് ഇന്ത്യയുടെ പുരോഗതിയിലേക്ക് നയിക്കുന്ന വിപ്ലവകരമായ ഒരു കാൽവെപ്പ് ആണെന്ന് അവകാശപ്പെടുകയും ചെയ്തതിനോടുള്ള മാർക്സിന്റെ പ്രതികരണം ആയിരുന്നു മുകളിൽ പ്രസ്താവിച്ച നിരീക്ഷണം. 'ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഭാവിയിലുണ്ടാക്കുന്ന ഫലങ്ങൾ' എന്ന മറ്റൊരു ന്യൂയോർക് ഹെറാൾഡ് ട്രിബ്യൂൺ ലേഖനത്തിൽ മാർക്സ് ഇങ്ങനെ വാദിച്ചു " മാറുന്ന സമൂഹത്തിന്റെ ലക്ഷണങ്ങളായി ഇന്ത്യയിൽ ബ്രിട്ടീഷ് ബൂർഷ്വാസി എറിഞ്ഞുകൊടുത്ത പുതിയ അംശങ്ങളുടെ യഥാർത്ഥ നേട്ടങ്ങൾ ഇന്ത്യൻ ജനതയ്ക്ക് ലഭ്യമാകണമെങ്കിൽ ഗ്രേറ്റ് ബ്രിട്ടനിലെ ഭരണ വ്യവസ്ഥതന്നെ ബൂർഷ്വാസിയുടെ കയ്യിൽ നിന്നും തൊഴിലാളിവർഗ്ഗത്തിന്റെ കൈകളിലേക്ക് മാറിവരേണ്ടതു അനിവാര്യമാണ് ; അല്ലാത്ത പക്ഷം ഇന്ത്യക്കാർ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നുകങ്ങൾ സ്വയം വലിച്ചെറിയാൻ മാത്രം ശക്തി പ്രാപിക്കണം "ഇപ്രകാരം ഇന്ത്യയുടെ പൂർണ്ണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ചോദ്യം 1853 ജൂലൈ യിൽ മാർക്സ് ഉന്നയിച്ചത് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പരിഗണിക്കപ്പെടുന്ന 1857 കലാപം പൊട്ടിപ്പുറപ്പെടുന്നതിനു നാലു വർഷങ്ങൾ മുൻപാണെന്നു ഓർക്കണം.
മതവിശ്വാസത്തെ "ജനങ്ങളുടെ കറുപ്പ്" എന്നാക്ഷേപിച്ചു മാർക്സ് തള്ളിപ്പറഞ്ഞതായും , എല്ലാ മതവിശ്വാസങ്ങളും നിരോധിക്കുന്നതിനെ അനുകൂലിച്ചതായും പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. മതത്തെക്കുറിച്ചുള്ള മാർക്സിസ്റ് വീക്ഷണത്തിന്റെ ബോധപൂർവ്വമായുള്ള ഒരു വക്രീകരണത്തിന്റെ ഫലമായിരിക്കാനിടയില്ല അങ്ങനെയൊരു ധാരണയെങ്കിലും, അത് പ്രത്യേകം തെരഞ്ഞെടുത്തു നിർമ്മിതമായ ഒരു ലളിതവൽക്കരണം ആണ്. 'ജനങ്ങളുടെ കറുപ്പ്' എന്ന പ്രയോഗം വരുന്നത് , മതത്തെക്കുറിച്ചു മാർക്സിന്റെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഖണ്ഡികയുടെ അവസാനഭാഗത്താണ് : " മതവിശ്വാസ ത്തിന്റെ രൂപത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്ന യാതനകൾ ഒരേ സമയം യഥാർത്ഥ യാതനകളുടെ പ്രതിഫലനവും അവയ്‌ക്കെതിരായ പ്രതിഷേധവും ആണ്. മർദ്ദിതന്റെ നെടുവീർപ്പും, ഹൃദയശൂന്യമായ ഒരു ലോകത്തിൻറെ ഹൃദയവും, ആത്മാവ് കൈമോശം വന്ന പരിതഃസ്ഥിതികളുടെ ആത്മാവും ആണ്. മതം ജനങ്ങളുടെ കറുപ്പ് ആണ് ". ഇതിൽനിന്നും മനസ്സിലാവുന്ന ഒരു കാര്യം, "ഹൃദയശൂന്യമായ ലോകത്തെ"യും , "ആത്മാവ് നഷ്ടപ്പെട്ട" അതിന്റെ അവസ്ഥയെയും മാറ്റുന്നതിലും, മാറ്റുന്നതിലും ആണ് മാർക്സിസം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ്.അതിനാൽ, മതം വ്യക്തികളുടെ വിഷയം ആയി പരിഗണിക്കപ്പെടണമെന്നും , ഭരണകൂടത്തിന്റെയോ, ഭരണകൂടം കൈകാര്യം ചെയ്യുന്ന പൊതു കാര്യങ്ങളുടേയോ വിഷയമാകാത്ത വിധത്തിൽ അതിനെ വ്യക്തിപരമായ ഒരു തലത്തിൽ വേർപെടുത്തി ഒതുക്കിനിർത്തേണ്ടതുണ്ട് എന്നും ആണ്.
മാർക്സിന്റെ രണ്ടാം ജന്മശതാബ്ദി നാം ആചരിക്കുമ്പോൾ ഇന്ത്യയിൽ ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത് അതീവ സങ്കുചിതവും വിഭാഗീയവും ആയ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്ന അറുപിന്തിരിപ്പന്മാരായ ഭരണാധികാരികളുടെ ഒരു സംഘത്തെയാണ്. പ്രത്യയശാസ്ത്രപരമായ ചർച്ചകളെ നേരിടാൻ അവർ ആയുധമാക്കുന്നത് നുണകളേയും വിദ്വേഷ പ്രചാരണങ്ങളേ യും ഹിംസയേയും ആണ്. അടുത്തകാലത്ത് ത്രിപുരയിൽ അവർക്കുണ്ടായ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അഹങ്കാരത്തിലും ഉന്മത്തതയിലും ലെനിൻ പ്രതിമ തകർത്തപ്പോൾ അവർ ആക്രോശിച്ചത് ലെനിൻ ഇന്ത്യയിൽ ഒരു പ്രസക്തിയുമില്ലാത്ത ഒരു വൈദേശിക ബിംബം ആണെന്നായിരുന്നു. മാർക്സി സിനെക്കുറിച്ചും അവർ അതുതന്നെയാവും പറയുക. എന്നാൽ, ഇതേയാളുകളാണ് ഇന്ത്യയിലെ വിഭവങ്ങൾ കൊള്ളചെയ്തുകൊണ്ടുപോകാനായി വിദേശികളെ രാജ്യത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത്. ട്രംപിനെ ലോകത്തിലെ ഏറ്റവും ഉന്നതനായ നേതാവായി ചിത്രീകരിക്കുന്നതും അവർ തന്നെയാണ്. നമ്മൾ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കിൽ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ ബ്രിട്ടീഷ് വാഴ്ചക്കാലത്തുടനീളം കൊളോണിയൽ ഭരണകർത്താക്കളുമായി കൈകോർത്ത് പ്രവർത്തിച്ചതുകാണാം .
ഒരു ആശയമോ , ബൗദ്ധിക കർത്തൃത്വമോ ജന്മം കൊണ്ടത് ഇന്ത്യയിൽ ആണോ അതോ വിദേശത്താണോ എന്ന ചോദ്യത്തിലെ അന്തസ്സാരശൂന്യത കൂടുതൽ വ്യക്തമായി ബോധ്യപ്പെടണമെങ്കിൽ ആർ എസ് എസ്സ് കൊണ്ടാടിയിരുന്നത് എല്ലായ്പ്പോഴും വൈദേശിക ബിംബങ്ങളെയാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. അവർ മാതൃകാ ബിംബം ആയി ആരാധിച്ചിരുന്നത് മറ്റൊരു ജർമനിക്കാരനെയാണെന്നത് യാദൃച്ഛികമാകാം ; അഡോൾഫ് ഹിറ്റ്ലർ എന്നാണ് അവരുടെ ആദർശ പുരുഷന്റെ പേര് . ഇതേ കൂട്ടർ , പക്ഷെ, മാർക്സി നെയും ലെനിനെയും മാത്രമല്ല,അംബേദ്‌കറിനെയും പെരിയാറിനേയും എതിർക്കുന്നു. സ്പഷ്ടമായും ഇത് ഏതെങ്കിലും ഒരു ആശയത്തിന്റെ വൈദേശിക സ്രോതസ്സിനെ മുൻനിർത്തിയുള്ള എതിർപ്പല്ലാ , മറിച്ച് ആശയത്തോടുതന്നെയുള്ള ശത്രുതയാണ്. സമത്വം, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും എന്നും മാർക്സ് പ്രചോദനമേകും എന്നതുപോലെത്തന്നെ , സമത്വമെന്ന ആശയത്തിന്റെ ബദ്ധവൈരികൾ മഹാനായ ആ വിപ്ലവകാരിയുടെ പേര് കേൾക്കുന്നമാത്രയിൽ തുടർന്നും മരണത്തെയെന്നപോലെ ഭയന്നകലും എന്നതും ഒരു യാഥാർഥ്യമാണ് . മാർക്സിന്റെ വിപ്ലവാശയങ്ങളും മാർക്സിസ്റ്റ് പാരമ്പര്യവും കൂടുതൽ കരുത്തോടെ മുന്നോട്ട് !
No comments:
Post a Comment