Friday, 31 January 2020

ML Update
A CPIML Weekly News Magazine
Vol. 23 | No. 5 | 28 Jan – 3 Feb 2020

എഡിറ്റോറിയൽ 

ബിജെപി ക്ക് ഡെൽഹിയിലെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യാനുള്ളത് കേവലം വെറുപ്പിന്റേയും സ്വേച്ഛാധിപത്യത്തിന്റെയും വിഷം 

അഞ്ചുവർഷം  മുൻപത്തെ റിപ്പബ്ലിക്ക് ദിനാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി മോദി ആനയിച്ചത് അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയെ  ആയിരുന്നു . അന്ന് മോദി ധരിച്ചിരുന്ന വിശേഷപ്പെട്ട വസ്ത്രത്തിന്റെ വില 10 ലക്ഷം രൂപയായിരുന്നു. അതിൽ മോദിയുടെ പേര് കൊണ്ട് എംബ്രോയിഡറി ഉണ്ടാക്കിപ്പിടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന അവസരം കൂടിയായിരുന്നു അത്.   
അഞ്ചു വർഷങ്ങൾക്കു ശേഷം മറ്റൊരു റിപ്പബ്ലിക്ക് ദിനം 2020 ൽ ആഘോഷിക്കുമ്പോൾ , മോദി യുടെ വിശിഷ്‌ടാതിഥി വെറുപ്പിന്റെ ഭാഷ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ബ്രസീലിയൻ പ്രസിഡണ്ട് ജെയിർ ബോൾസാനരോ ആണ്. വംശീയാധിക്ഷേപവും  സ്ത്രീവിരുദ്ധതയും ഹോമോഫോബിയയും വാരിവിതറുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെന്നതുപോലെ സൈനിക സ്വേച്ഛാധിപത്യത്തേയും  വംശഹത്യകളേയും ന്യായീകരിക്കുന്നതിലും, ആമസോൺ മഴക്കാടുകളുടെ വിസ്തൃതമായ പ്രദേശങ്ങൾ നശിപ്പിക്കുന്നതിലും യാതൊരു അറപ്പും തോന്നാത്ത വ്യക്തിയാണ് മോദിയുടെ ഇത്തവണത്തെ വിശിഷ്ടാതിഥി. ഒരു രാഷ്ട്രത്തലവനെ ലോകം മനസ്സിലാക്കുന്നതിൽ,  അയാൾ ആരുടെയെല്ലാം  ഒപ്പമാണ് സൗഹൃദം പങ്കുവെക്കുന്നത്  എന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ,  ഇന്ന് സർവ്വദേശീയതലത്തിൽ ഏറ്റവും അപകടകാരികളായ സ്വേച്ഛാധിപതികളുടെ കൂട്ടത്തിൽ മോദിക്ക് സ്ഥാനം ലഭിച്ചിരിക്കുന്നുവെന്നത് സ്വാഭാവികമാണ് .

ബോൾസാനരോവിൽനിന്നും തങ്ങളുടെ ജനാധിപത്യത്തെയും രാജ്യത്തെയും രക്ഷിക്കാൻ  ബ്രസീലിയൻ ജനത ഇന്ന് ജീവന്മരണപ്പോരാട്ടത്തിലാണ് എന്നത്‌പോലെ മോദിയിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളും ഇന്ന് നിർണ്ണായകമായ ഒരു പോരാട്ടത്തിലാണ് . 2020 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയിലങ്ങോളമിങ്ങോളവും , വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കു മുന്നിലും ഇന്ത്യൻ ഭരണഘടനയുടേയും റിപ്പബ്ലിക്കിന്റെയും അടിസ്ഥാന മൂല്യങ്ങൾ തിരിച്ചു പിടിക്കാനുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി ജനകീയ പ്രതിഷേധങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. സ്വേച്ഛാധിപത്യപരവും വർഗ്ഗീയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്നതുമായ എൻപി ആർ -എൻആർസി - സിഎഎ യ്ക്കെതിരെ ജനങ്ങൾ ശക്തമായ പ്രതിരോധത്തിലാണ് .ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തു നടന്ന പ്രതിഷേധത്തിൽ ഇന്ത്യക്കാരും തെക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുമായ പ്രതിഷേധക്കാരുടെ ഒപ്പം  ബ്രസീലിലെ ഫാസിസ്റ്റ് വിരുദ്ധ സമരപ്പോരാളികൾ തോളോടുതോൾ ചേർന്നത് തികച്ചും അന്വർത്ഥമായി. ആയിരക്കണക്കിനാളുകൾ അണിനിരന്ന ഡെൽഹിയിലെ ശഹീൻ ബാഗ് പ്രതിഷേധത്തിൽ ദേശീയ പതാക ഉയർത്തിയത് രോഹിത് വെമുലയുടെ അമ്മയായ രാധികാ വെമുല ആയിരുന്നു. 

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയായി മോദി തെരഞ്ഞെടുത്തത് ബോൾസാനരോയെ ആയിരുന്നുവെന്നത് സൂചിപ്പിക്കുന്നത് ഡെൽഹിയിലെ വോട്ടർമാർക്ക്‌ മോദി നൽകുന്ന വാഗ്‌ദാനം ഏതുതരത്തിലുള്ളതാണെന്നു കൂടി സൂചിപ്പിക്കുന്നുണ്ട്. "വികസനമോ","നല്ല ഭരണമോ"വാഗ്ദാനങ്ങളിൽപ്പോലും മുൻ ഗണനാ വിഷയങ്ങളല്ല. മോദിയുടെ നോട്ട് റദ്ദാക്കൽ നടപടി  ജനങ്ങളുടെ തലയിൽ  കെട്ടിവെച്ച വൻ സാമ്പത്തിക ദുരന്തം ചിത്രത്തിൽ  എങ്ങും ഇല്ല. പാർട്ടിയിലെ എംപി മാരും  മന്ത്രിമാരും  വർഗ്ഗീയ വിദ്വേഷവും ഹിംസയും ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതിന് മോദിയും അമിത് ഷായും നേരിട്ട് നേതൃത്വം നൽകുന്ന കാഴ്ചയാണ് നമ്മുടെ മുന്നിൽ ഉള്ളത്.

ഡെൽഹിയിലെ വോട്ടർമാരോട് അമിത് ഷാ ആഹ്വാനം ചെയ്തത് ഇ വി എം ബട്ടനിലെ "കറണ്ട് " ശഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് അനുഭവപ്പെടും വിധത്തിൽ    "ഊക്കോടെ അമർത്താൻ " ആണ്. ബി ജെ പി മന്ത്രിയായ അനുരാഗ് ഠാക്കൂർ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ട് ആഹ്വാനം ചെയ്തത് "രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണം" എന്നായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളിൽപ്പെട്ടവരടക്കമുള്ളവരെയാണ് "രാജ്യദ്രോഹികൾ" ആയി ഉദ്ദേശിച്ചത് എന്നത് വ്യക്തമാണ്. ശഹീൻ ബാഗിൽനിന്ന് ചിലകൂട്ടർ "ഓടിവന്ന് ഹിന്ദുക്കളുടെ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആളുകളെ കൊല്ലുകയും"  ചെയ്യുന്നത് ഇല്ലാതാക്കാനും , ജനങ്ങളെ അത്തരം ആപത്തിൽനിന്ന് രക്ഷിക്കാനും മോദിയും അമിത് ഷായും ചെയ്യുന്ന നല്ല കാര്യങ്ങൾ തിരിച്ചറിയണമെന്ന് ബിജെപി എംപി പ്രവീഷ് വർമ്മ ഡെൽഹി വോട്ടർമാരോട് ആവശ്യപ്പെട്ടു. ഇതുപോലുള്ള പരസ്യമായ വിദ്വേഷ പ്രചാരണങ്ങൾ ബി ജെ പി നേതാക്കൾ അഴിച്ചുവിടുന്നതിന്റെ പരിണിതഫലം ഇതിനകം പ്രത്യക്ഷമായി കണ്ടുതുടങ്ങിയെന്നതിന്റെ ഉദാഹരണമാണ് ശഹീൻ ബാഗിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ തോക്കുധാരികളായ രണ്ടുപേരെ പിടികൂടിയത് ## .

അതിനിടെ, ജെ എൻ യു വിലെ വിദ്യാർഥികളെയും  അധ്യാപകരെയും ആക്രമിച്ച ആയുധധാരികളുടെ സംഘത്തെ നയിച്ച എബിവിപി പ്രവർത്തകരെ ഒരു മാസമായിട്ടും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ജെ എൻ യു വിലെ ഒരു വിദ്യാർത്ഥിയെ നിരുത്തരവാദപരമായി നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ "രാജ്യദ്രോഹം" ആരോപിച്ചു് പോലീസ് അറസ്റ്റ് ചെയ്യുകയും, ഈ വിദ്യാർഥിയെ ശഹീൻ ബാഗ് പ്രക്ഷോഭത്തിന്റെ "നേതാവ്"എന്ന രീതിയിൽ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു. ശഹീൻ ബാഗിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും സ്ത്രീകളുടെ മുൻകൈയിലും അഭൂതപൂർവ്വമായ പങ്കാളിത്തത്തിലും എൻപിആർ - എൻആർസി - സിഎഎ യ്ക്കെതിരെ നടന്നുവരുന്ന ശക്തമായ പ്രതിഷേധത്തെ അപകീർത്തിപ്പെടുത്താനുള്ള പരിശ്രമം കൂടിയാണ് അത്.
  
ഇത്തരം  വിദ്വേഷ പ്രചാരണങ്ങൾകൊണ്ടും ഹിംസാ ഭീഷണികൊണ്ടും തടയാൻ കഴിയുന്നതല്ല ഡെൽഹിയിലും ഇന്ത്യയുടെ ഇത്തരഭാഗങ്ങളിലും സ്ത്രീകൾ നേതൃത്വം വഹിക്കുന്ന പ്രതിഷേധങ്ങൾ.   ജനങ്ങൾക്കിടയിൽ പരസ്പരസ്നേഹത്തിന്റെയും, മനസ്സാക്ഷിയുടെ ധീരതയുടേയും, എല്ലാവരും ഉടമസ്ഥത പങ്കിടുന്ന ഒരു ഭരണഘടനയുടെയും മൂല്യങ്ങൾ സംരക്ഷിക്കൽ ആണ് അവ നൽകുന്ന സന്ദേശം.  വിദ്യാഭ്യാസം, ആരോഗ്യം, ജനാധിപത്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടി പ്രയത്നിക്കുന്ന ശക്തികൾ   ഡെൽഹി തെരഞ്ഞെടുപ്പിലും ഇന്ത്യയിൽ ആകമാനവും വെറുപ്പിന്റെ ശക്തികളെ തൂത്തെറിയും എന്ന് ഉറപ്പുവരുത്തുക.

## 30 -01 -2020 ന് ഇതിനു സമമാനമായ മറ്റൊരു സംഭവത്തിൽ ,പോലീസ് നോക്കിനിൽക്കേ ബി ജെ പി അനുഭാവിയായ  ഒരു തോക്കുധാരി  ജാമിയയിൽ സമാധാനപരമായി  പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തു ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.

No comments:

Post a Comment