Sunday, 12 January 2020

# SAVE CONSTITUTION CITIZENSHIP DEMOCRACY

# RESIST NPR- NRC- CAA 


ജനുവരി 01 ,2020  ന് സി പി ഐ ( എം എൽ ) പുറത്തിറക്കിയ ലഘുപുസ്തകത്തിൽ നിന്ന് 

  ഞാൻ ഒരിന്ത്യക്കാരൻ ആണെങ്കിൽ എന്റെ പൗരത്വം ഗവണ്മെൻറിന് മുന്നിൽ തെളിയിക്കാൻഎന്തിന് മടിക്കണം ?

ആഗ്രഹിക്കുന്നുവെങ്കിൽ രേഖകൾ ആവശ്യപ്പെടാൻ സർക്കാരിന് അവകാശ മില്ലേ?

ജനങ്ങളായ നമ്മൾ ഗവണ്മെന്റിനെ തെരഞ്ഞെടുക്കുന്നുവെന്നാണ് ജനാധിപത്യത്തിന്റെ അർത്ഥം , ജനങ്ങളെ ഗവണ്മെന്റ് തെരഞ്ഞെടുക്കുക എന്നതല്ല . ജനാധിപത്യത്തിന്റെ അടിസ്ഥാനം രേഖകൾ അല്ല. ഇന്ത്യയുടെ ഭരണഘടനയെ  സ്വീകരിക്കാനും അനുസരിക്കാനുമുള്ള സന്നദ്ധതയാണ്  പൗരത്വം എന്ന ആശയത്തിന്‌ അടിസ്ഥാനം.

പാർലമെന്റും ഗവണ്മെന്റും തെരഞ്ഞെടുക്കപ്പെടുന്നത് നമ്മുടെ വോട്ടുകളാലാണ്. പാർലമെന്റംഗങ്ങളേയും ഗവണ്മെന്റിനേയും തെരഞ്ഞെടുത്ത വോട്ടർമാരുടെ പൗരത്വം സംശയാസ്പദം ആണെങ്കിൽ, പാർലമെന്റും ഗവണ്മെന്റും സംശയാസ്പദമാണ്. അങ്ങിനെയെങ്കിൽ എം പി മാരും  ഗവണ്മെന്റും രാജിവെക്കട്ടെ !  സ്വന്തം രാജ്യവുമായി നമുക്കുള്ള ബന്ധവും പൗരത്വവും രേഖകളുടെയടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ നമ്മൾ  തെരഞ്ഞെടുത്ത സർക്കാരിന്നും പാർലമെന്റ്  അംഗങ്ങൾക്കും  യാതൊരു അവകാശവുമില്ല.

ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത് ഒരു ആമുഖത്തോടുകൂടിയാണ്. " ഇന്ത്യയിലെ  ജനതയായ നമ്മൾ"  എന്ന് ആരംഭിക്കുന്ന പ്രസ്തുത ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് എല്ലാ അധികാരങ്ങളും ഉത്ഭവിക്കുന്നത്  ജനങ്ങളിൽനിന്നാണെന്നും, അവ നിക്ഷിപ്തമായിരിക്കുന്നത് ജനങ്ങളിൽ ആണെന്നും ആണ് .ഇന്ത്യയുടെ പരമാധികാരത്തിന്റെ അടിത്തറ ജനങ്ങൾ ആണ്. ജനങ്ങൾ ഭരണഘടനയ്ക്കനുസരിച്ചു ഗവണ്മെന്റിനെ തെരഞ്ഞെടുക്കുന്നു. ഗവൺമെന്റുകൾ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരാണ്.

സർക്കാർ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം  പറയേണ്ടവർ ആണെന്ന  വിധത്തിലാണ് ജനങ്ങളും സർക്കാരും തമ്മിലുള്ള  ബന്ധത്തെ ഭരണഘടന  നിർവചിച്ചിരിക്കുന്നത്‌ . എന്നാൽ, മേൽപ്പറഞ്ഞ ബന്ധത്തെ  തലകുത്തനെ നിർത്തിക്കൊണ്ട്   ജനങ്ങളുടെ മേലെ  നിരന്തരമായി ആവശ്യങ്ങൾ വെച്ചുകെട്ടുന്ന ഒരു  സർക്കാർ ആണ് ഇപ്പോഴുള്ളത് .

ജനങ്ങളുടെ കയ്യിലുള്ള പണം നിയമാനുസൃതമാണ് എന്ന് തെളിയിക്കാനുള്ള ബാധ്യത നോട്ട് റദ്ദാക്കൽ നടപടിയിലൂടെ കെട്ടിവെച്ചതുപോലെ, ഭീകരവാദികളും നിയമവിരുദ്ധ പ്രവർത്തകരും അല്ലെന്നു തെളിയിക്കാനുള്ള ബാധ്യത യു എ പി എ യിലൂടെ ജനങ്ങളിൽ വച്ചുകെട്ടിയതുപോലെ, ഇപ്പോൾ അവർ നിയമാനുസൃത പൗരന്മാർ ആണെന്നുള്ളതിനു തെളിവ് ആവശ്യപ്പെടുകയാണ്  സി എ എ - എൻ ആർ സി പ്രക്രിയ നടപ്പാക്കുന്നതിലൂടെ ചെയ്യുന്നത്.


അഡ്വക്കേറ്റ് ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടിയതുപോലെ,ഒരു കുറ്റകൃത്യം കൈകാര്യം ചെയ്യാൻ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ പോലീസ് ആസ്ഥാനത്തേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല. രേഖകൾ ഒന്നും ഇല്ലാത്ത ഒരു കുടിയേറ്റക്കാരാണ് തിരിച്ചറിയുന്നതിന്നായി 130 കോടി ജനങ്ങളെ മുഴുവൻ  തെളിയിക്കാൻ അധികൃതസ്ഥാനങ്ങൾക്കു മുൻപിലേക്ക്  വലിച്ചിഴക്കേണ്ടതില്ല.
 ഗവണ്മെന്റിൽനിന്നു രേഖകളും വിവരങ്ങളും ആവശ്യപ്പെടാൻ പൗരന്മാരായ നമ്മൾക്കാണ് അവകാശം.
എന്നാൽ , ഇക്കാര്യത്തിൽ മോദി സർക്കാർ തുടർച്ചയായി സ്വീകരിക്കുന്നത് നിഷേധ നിലപാടാണ് :

 മോദിയുടെ ബിരുദം?
സർക്കാർ : കടലാസ് കാണിക്കാൻ പറ്റില്ല.

ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനകളുടെ വിശദ വിവരങ്ങൾ ? 
സർക്കാർ : രേഖകൾ  കാണിക്കാൻ പറ്റില്ല.

മൊത്തം ആഭ്യന്തര ഉൽപ്പാദനം ?
സർക്കാർ : രേഖകൾ പരസ്യമാക്കാൻ സാധ്യമല്ല.

റഫാൽ ഇടപാട് രേഖകൾ ?
സർക്കാർ : കാണിക്കാൻ പറ്റില്ല.

തൊഴിലില്ലായ്മയുടെ കാര്യത്തിൽ സർക്കാരിന്റെ കയ്യിലുള്ള സ്ഥിതിവിവരക്കണക്കുകൾ ?
സർക്കാർ : പരസ്യമായി പറയാൻ പറ്റില്ല.

നമ്മുടെ പൗരത്വം  തെളിയിക്കുന്നതിന്നായി വോട്ടർമാരായ നമ്മളെ നെട്ടോട്ടമോടിക്കാൻ ഇതുപോലുള്ളൊരു  സർക്കാരിന് എങ്ങിനെ  ധൈര്യം വന്നു ?

എൻ ആർ സി ക്ക് എന്ത് ചെലവ് വരും ?

 അസമിൽ 1600 കോടി രൂപാ ചെലവാക്കി 10 വർഷങ്ങൾ എടുത്ത് ആണ് എൻ ആർ സി നടപ്പാക്കിയത്.52000 ഉദ്യോഗസ്ഥർ ഇതിനുവേണ്ടി പണിയെടുത്തു . നിരപരാധികളും ദരിദ്രരും  ആയ ജനങ്ങൾ അനുഭവിക്കേണ്ടിവന്ന അളവറ്റ വേദനയും കഷ്ടപ്പാടുകളും വിവരിക്കാൻ ആവില്ല. ഈ എൻ ആർ സി ഇന്ത്യയൊട്ടുക്ക് നടപ്പാക്കാൻ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന്  50,000 കോടി രൂപയെങ്കിലും ചെലവ് വരും. അനാവശ്യവും  ക്രൂരവുമായ ഈ അഭ്യാസത്തിൽ സ്വന്തം പൗരത്വം തെളിയിക്കാനുള്ള രേഖകൾ കണ്ടുപിടിക്കാൻ വെപ്രാളപ്പെട്ടുപിടഞ്ഞുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ അടുത്ത പതിറ്റാണ്ടു മുഴുവൻ പാഴാക്കേണ്ടിവരും.

എൻ ആർ സി ക്കും സി എ എ യ്ക്കും വേണ്ടി  എന്തിനാണ് പണം പാഴാക്കുന്നത് ? ഒരു തൊഴിലില്ലായ്മാ രെജിസ്റ്റർ തയ്യാറാക്കി ജനങ്ങൾക്ക് തൊഴിലില്ലായ്മാ വേതനമോ തൊഴിലോ ഉറപ്പുവരുത്തുന്നതിനെപ്പറ്റി എന്തുകൊണ്ടാണ് ചിന്തിക്കാത്തത് ? 

പൗരത്വം താറുമാറാക്കുകയും മുസ്ലീങ്ങൾക്കെതിരെ വർഗ്ഗീയ വിവേചനം നടപ്പാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ മോദി - ഷാ സർക്കാർ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് . ഇത്  തടയാനായി  നാമോരോരുത്തർക്കും എന്തു ചെയ്യാൻ കഴിയും ? 

ഡോക്ടർ അംബേദ്‌കർ രൂപം  കൊടുത്ത ഭരണഘടന മുസ്ലീങ്ങളേയും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സിഖുകാരേയും ബുദ്ധിസ്റ്റുകളെയും യഹൂദന്മാരേയും മറ്റ് ഓരോ ഇതര വിഭാഗത്തേയും തുല്യരായിട്ടാണ്  കണക്കാക്കിയിട്ടുള്ളത്. ഈ ഭരണഘടനയെ  ആർ എസ് എസ് എല്ലായ്‌പ്പോഴും വെറുത്തിരുന്നു .നമ്മുടെ മനസ്സുകളെ വിഷലിപ്തമാക്കുവാനും ഇന്ത്യയെ ഹിന്ദുവെന്നും മുസ്‌ലീം എന്നും വിഭജിക്കാനും ബി ജെ പി ആഗ്രഹിക്കുന്നു .ഇത്തരം വിഭജനം രാജ്യത്തെ ദുർബ്ബലപ്പെടുത്തുകയേയുള്ളൂ .സകലർക്കും അത് ദോഷം ചെയ്യും . നമ്മുടെ അയൽവീടിന് ആരെങ്കിലും തീ കൊളുത്തിയാൽ നമ്മുടേതടക്കം എല്ലാ വീടുകളും നാശത്തിൽനിന്നും രക്ഷിക്കാൻ പെട്ടെന്ന് ഒരുമിച്ചു പ്രവർത്തിക്കുക എന്ന ഒരേയൊരു മാർഗ്ഗമേ ഉള്ളൂ എന്നതുപോലെ, വീട് രക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിന്നേ പറ്റൂ.

നോട്ടുനിരോധനം നമ്മുടെ തൊഴിലുകളേയും സമ്പദ് വ്യവസ്ഥയേയും നശിപ്പിച്ചു .അതുപോലെ നമ്മുടെ ഭരണഘടനയെ തകർക്കുക ,രാജ്യത്തെ വിഭജിക്കുക എന്നീ പുതിയ വിപത്തുകൾ നമ്മുടെ രാജ്യത്തിന് മേലെ ആഞ്ഞടിക്കാതിരിക്കാൻ ഈ സർക്കാരിനെ നമുക്ക് ഒരുമിച്ചുനിന്ന് ഫലപ്രദമായി തടയേണ്ടതുണ്ട്.

വിവിധ ഭാഷകൾ സംസാരിക്കുകയും വിവിധ വിശ്വാസങ്ങൾ പുലർത്തുകയും ചെയ്യുന്ന ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഹിന്ദു--മുസ്‌ലീം - ക്രിസ്ത്യൻ - സിഖ് വ്യത്യാസങ്ങൾ ഇല്ലാതെ പ്രതിരോധത്തിലാണ് .ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും രക്ഷിക്കാൻ അവരെല്ലാം ഒറ്റക്കെട്ടാണ്.


 ഹിറ്റ്ലറുടെ പൗരത്വ നിയമങ്ങൾ മോദി കോപ്പിയടിക്കുകയാണോ? 

ജർമ്മനിയിൽ നാഷണൽ സോഷ്യലിസ്ററ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ
 ( NSDAP ) നേതാവായിരുന്ന അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ എത്തി രണ്ടുവർഷം തികയുമ്പോൾ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി പൗരത്വ നിയമങ്ങളിൽ കൊണ്ടുവന്ന ഏതാനും ഭേദഗതികൾ ന്യൂറംബർഗ് നിയമങ്ങൾ എന്ന് അറിയപ്പെടുന്നു. യഹൂദരേയും യഹൂദരല്ലാത്തവരേയും രണ്ടു തരം പൗരന്മാരായി തരം തിരിച്ചു കൊണ്ടായിരുന്നു അവയുടെ തുടക്കം. പിന്നീട് നിയമങ്ങളിൽ വരുത്തിയ  പല കൂട്ടിച്ചേർക്കലുകളുടേയും ഫലമായി ' അനഭിലഷണീയർ ' എന്ന ഒരു വിഭാഗം സൃഷ്ടിക്കപ്പെട്ടു. യഹൂദർക്ക് പുറമേ , തദ്ദേശീയരായ വിവിധ ജനവിഭാഗങ്ങളേയും സ്വവർഗ്ഗ പ്രേമക്കാരേയും ഭിന്ന ശേഷിക്കാരേയും , കമ്മ്യൂണിസ്റ്റുകാരേയും,  നാസി ഭരണത്തെ അനുകൂലിക്കാത്ത എല്ലാവരേയും ' അനഭിലഷണീയർ ' ആയി മുദ്രകുത്തുകയും അവർക്കെതിരായി വിദ്വേഷം ഉൽപ്പാദിപ്പിക്കുന്ന പ്രചാരണങ്ങൾ  വാർത്താ മാധ്യമങ്ങളിലൂടേയും റേഡിയോവിലൂടേയും തുടർച്ചയായി അഴിച്ചുവിടുകയും ചെയ്തു . ഭരണകൂടത്തിന്റെ ശത്രുക്കളായി കരുതുന്ന സകലരെയും കൂട്ടക്കൊല ചെയ്യുന്നതിന് കളമൊരുക്കിയ ഗെറ്റോ കളുടേയും കോൺസെൻട്രേഷൻ ക്യാമ്പുകളുടേയും നിർമ്മാണം ദൃശ്യമായത് ഈ ഘട്ടത്തിൽ ആയിരുന്നു.

ഇന്ത്യൻ ഭരണഘടനയെ എന്നും വെറുത്തിരുന്ന  ആർ എസ് എസ് , ജർമ്മനിയും   ലോകവും ലജ്ജാകരം എന്ന് പിൽക്കാലത്ത് തിരിച്ചറിഞ്ഞ ഹിറ്റ്ലറുടെ വിഭജനനയത്തെ പ്രശംസിക്കുകയാണ് ഇപ്പോഴും  ചെയ്യുന്നത്. ജർമ്മനിയിൽ നടന്ന ജൂതവംശഹത്യ "ജർമ്മൻ ജനതയുടെ വംശീയ അഭിമാനം" ആണെന്നും, ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും  പകർത്താനും നേട്ടങ്ങൾ ഉണ്ടാക്കാനും  ഉള്ള നല്ല പാഠം അത് നൽകുന്നുവെന്നും എം എസ് ഗോൾവാൾക്കർ വിശദീകരിക്കുന്നുണ്ട് .( We Or Our Nationhood Defined ,1938 ,പേജ് 35 ) .മുസ്ലീങ്ങളും ക്രൈസ്തവരും  സിഖുകാരും  മറ്റ് ന്യൂനപക്ഷങ്ങളും ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും ഉൾക്കൊണ്ട് ഹിന്ദു മതത്തെ  ബഹുമാനിക്കുകയും ആദരിക്കുകയും ,  വംശത്തെയും സംസ്കാരത്തേയും ഒഴികേ മറ്റ് യാതൊന്നിനേയും  മഹത്വവൽക്കാതിരിക്കുകയും വേണം; അതായത്  അവർ  ഹിന്ദു വംശത്തിലും ദേശത്തിലും അലിഞ്ഞു ചേരും വിധം അവരുടെ വേറിട്ട അസ്തിത്വം ഉപേക്ഷിക്കണം . അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് സമ്പൂർണ്ണമായും വിധേയരായും , ഒരു തരത്തിലുള്ള  പ്രത്യേകാവകാശവും ഇല്ലാതേയും , പൗരത്വ അവകാശം പോലും ഉന്നയിക്കാതെയും അവർക്ക് ഈ രാജ്യത്ത് തുടരാം. ( We Or Our Nationhood Defined ,1938 ,പേജ് 47 -48 )

ഇന്ന് മോദി -ഷാ ഭരണവും ആർ എസ് എസ്സും  ശ്രമിക്കുന്നത്   ഗോൾവാൾക്കറുടെ വിഭജന പദ്ധതിയാണ്.  ഡോക്ടർ അംബേദ്‌കർ 1940 കളിൽ കണ്ട  ദുഃസ്വപ്നത്തെ ഇന്ന് ഒരു യാഥാർഥ്യമാക്കിത്തീർക്കാം എന്നാണ് അവർ ആഗ്രഹിക്കുന്നത് .
" ഹിന്ദു രാഷ്ട്രം ഒരു യാഥാർഥ്യ മാവുകയാണെങ്കിൽ ഈ രാജ്യത്തിന് കനത്ത നാശം ആയിരിക്കും അത് ഏൽപ്പിക്കുക " എന്ന് അംബേദ്‌കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ഈ വിപത്തു് നമ്മുടെ തൊട്ട പരിസരത്ത് എത്തിയിരിക്കുന്നു . ഹിന്ദു രാഷ്ട്രം മുസ്ലീങ്ങൾക്ക് മാത്രമല്ല വിനാശ ഭീഷണിയുയർത്തുന്നത് , ആദിവാസികൾക്കും സ്ത്രീകൾക്കും ദരിദ്ര തൊഴിലാളികൾക്കും കർഷകർക്കും കൂടി വിനാശകരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുന്ന അത് ക്രൂരമായ ഒരു സ്വേച്ഛാധിപത്യവും  സമ്പൂർണ്ണമായ ഒരു സർവ്വാധിപത്യ വ്യവസ്ഥയും ആയിരിക്കും.

ഇന്ന് ഇന്ത്യയിൽ, ഈ ദുരന്തപൂർണ്ണമായ സ്ഥിതിവിശേഷം   ഒഴിവാക്കാനുള്ള ഒരു സാദ്ധ്യത ഇപ്പോഴും നമ്മുടെ മുന്നിൽ ഉണ്ട് .അഷ്ഫാഖുള്ളാ ഖാനേയും രാം  പ്രസാദ് ബിസ്മിലിനേയും പോലുള്ള രക്തസാക്ഷികൾ വെട്ടിത്തെളിച്ച വഴികളുടെ ത്യാഗോജ്വലമായ പൊതു പൈതൃകം സ്വായത്തമാക്കിക്കൊണ്ട് നമുക്ക് നമ്മുടെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ചു പ്രയത്നിക്കുക എന്നതാണ് അത്.

 വലിയ ഒരു ദുരന്തത്തിൽനിന്നും രാജ്യത്തേയും ഭരണഘടനയേയും കാരകേറ്റാനും സംരക്ഷിക്കാനും നമുക്കോരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയും ? 

വസ്തുതകൾ പഠിക്കുക ,സ്വയം സജ്ജരാവുക. നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും സമാധാനപരമായ പ്രതിഷേധങ്ങളിൽ ഐക്യപ്പെടുത്തുക.

ഓരോ തെരുവിലും ഓരോ പ്രദേശത്തും ഓരോ അയൽപ്പക്കത്തും താഴെപ്പറയുന്ന വിഷയങ്ങളിൽ  ജനങ്ങളെ സംഘടിപ്പിക്കുക
1 . പൗരത്വനിയമ ഭേദഗതി റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുക.
2 . എൻ പി ആർ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കാനും , എൻ ആർ സി നടപ്പാക്കാതിരിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക. നിങ്ങളുടെ എം എൽ എ യെ സമീപിച്ച് മേൽവിഷയത്തിൽ സംസ്ഥാന നിയമസഭ ഒരു പ്രമേയം പാസ്സാക്കിയെടുക്കുമെന്ന് ഉറപ്പുവരുത്തുക. എൻ ആർ സി യ്ക്കെതിരായ പ്രസ്താവനകൾ നടത്തിയതുകൊണ്ടുമാത്രം ആയില്ല.  ഇപ്പോൾത്തന്നെ പ്രയോഗത്തിൽ  വരുത്തിക്കഴിഞ്ഞ എൻ ആർ സി പ്രക്രിയയെ ഓരോ സംസ്ഥാന സർക്കാരും ഉടനടി അവസാനിപ്പിക്കേണ്ടതുണ്ട് .
3 . ഡീറ്റെൻഷൻ സെന്ററുകളുടെ നിർമ്മാണം ഉടൻ നിർത്തലാക്കാൻ സംസ്ഥാനത്തും കേന്ദ്രത്തിലും ഉള്ള സർക്കാരുകളോട് ആവശ്യപ്പെടുക.
4 . എൻ പി ആർ ന്റെ ഭാഗമായി കുടുംബത്തിലെ വിവരങ്ങൾ ശേഖരിക്കാനായി ഉദ്യോഗസ്ഥന്മാർ എത്തുകയാണെങ്കിൽ അവരുടെ മുന്നിൽ കതകുകൾ അടയ്ക്കുന്ന രീതിയിലുള്ള ഒരു സത്യാഗ്രഹ പരിപാടി ആവിഷ്കരിക്കുക. ഓർക്കുക, അവർ എത്തുന്നത് ഒരു വീടോ തൊഴിലോ നൽകാനുള്ള പരിപാടിയുടെ ഭാഗമായിട്ടല്ല. നമ്മുടെ പൗരത്വം കവർന്നെടുക്കുന്നതിനും രാജ്യത്തെ വർഗ്ഗീയമായി വിഭജിക്കുന്നതിനും വേണ്ടിയാണ്. സ്വാതന്ത്ര്യസമരകാലത്തെ സത്യാഗ്രഹികൾ സിവിൽ നിസ്സഹകരണ സത്യാഗ്രഹം നടത്തിയതുപോലെ നമ്മുടെ ഭരണഘടനയേയും രാജ്യത്തേയും രക്ഷിക്കുന്നതിന് സത്യാഗ്രഹം നടത്തേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. എൻ പി ആറിന്റെ മുന്നിൽ വാതിലുകൾ കൊട്ടിയടക്കു മ്പോൾ ഫാസിസത്തിന്റെ മുന്നിൽ, കിരാതമായ സ്വേച്ഛാധികാരവാഴ്ചയുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുകയാണ് നാം ചെയ്യുന്നത്.
5 . നിങ്ങൾ ഒരു മുസ്‌ലിം ഇതരനാണെങ്കിൽ , പോലീസും വർഗ്ഗീയ ശക്തികളും നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽപ്പെടുന്ന മുസ്‌ലീം അയൽവാസിക്കു സഹായഹസ്തം നൽകി അവരെ രക്ഷിക്കുക. പൊതുസ്ഥലങ്ങളിലേക്ക് അവർക്കു കൂട്ടിന് പോകാൻ സന്നദ്ധരാവുക. പീഡനങ്ങൾക്കും അക്രമങ്ങൾക്കും മുൻപിൽ അകപ്പെടുന്ന മുസ്‌ലീം അയൽക്കാർക്ക് വേണ്ടിവന്നാൽ അത്യാവശ്യത്തിന്  ബന്ധപ്പെടാനായി നിങ്ങളുടെ നമ്പർ നൽകുക. വിദ്വേഷം കുത്തിപ്പൊക്കാനുള്ള  ഏതൊരു നീക്കവും  നിങ്ങളുടെ കണ്ണിൽപ്പെടുന്ന മാത്രയിൽ ആത്മവിശ്വാസത്തോടെയും  ശാന്തതയോടെയും  നേരിടുമ്പോൾത്തന്നെ  അതിനെതിരേ  ശബ്ദമുയർത്തുക.
6 . എല്ലാറ്റിലുമുപരിയായി ഐക്യം കാത്തുസൂക്ഷിക്കുക. ഇതരസമുദായങ്ങൾക്കെതിരായി വെറുപ്പും ഹിംസാത്മകതയും പരത്താനായി ആരെങ്കിലും വന്നാൽ ഞങ്ങൾ ഒറ്റക്കെട്ടാണ് എന്ന് അവരോട് പറയുക.  ഒന്നിച്ചു നിൽക്കുമ്പോൾ ജയം നമ്മുടേതാണ്, ഭിന്നിച്ചാൽ വീണുപോകും. അതിനാൽ, നമ്മുടെ ഭരണഘടന സംരക്ഷിക്കാൻ ഒന്നിക്കുക. 










No comments:

Post a Comment