Monday, 18 May 2020

തൊഴിലാളിവർഗത്തിനെതിരായ കോർപ്പറേറ്റ്-കാവി യുദ്ധം - വി ശങ്കർ

തൊഴിലാളിവർഗത്തിനെതിരായ കോർപ്പറേറ്റ്-കാവി യുദ്ധം
- വി ശങ്കർ

[ FORWARD PRESS പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷ.
സി പി ഐ (എം എൽ ) ലിബറേഷൻ പോളിറ്റ് ബ്യൂറോ മെമ്പറും, പാർട്ടി മുഖപത്രമായ ലിബറേഷൻ മാസികയുടെ പത്രാധിപസമിതിയംഗവും ,ആൾ ഇന്ത്യ കൌൺസിൽ ഓഫ് സെൻട്രൽ ട്രേഡ് യുണിയൻസ് (എ ഐ സി സി ടി യു) പ്രസിഡന്റും, ആണ് ലേഖകൻ ]
മോദിയുടെ നേതൃത്വത്തിലുള്ള ആർ‌എസ്‌എസ്-ബിജെപി സർക്കാർ യഥാർത്ഥത്തിൽ രാജ്യത്തെ തൊഴിലാളിവർഗത്തിനെതിരെ ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കയാണ്. ആളുകൾ “ധീരമായ പരിഷ്കാരങ്ങൾക്ക്” തയ്യാറാകണമെന്ന് മോദി തന്റെ ടെലിവിഷൻ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ തൊഴിൽ നിയമങ്ങൾ തീർത്തും ഫലപ്രദമല്ലാതാക്കിയിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഈ നിർണായക കാലഘട്ടത്തെ തന്നെ ബിജെപി സർക്കാർ കൗശലപൂർവ്വം ഇതിനായ് തിരഞ്ഞെടുത്തു. ലോക്ക് ഡൗൺ, പകർച്ചവ്യാധി-ദുരന്തനിവാരണ നിയമം എന്നിവ പ്രാബല്യത്തിലുള്ളതു കൊണ്ട് ഈ തൊഴിലാളിവിരുദ്ധ നടപടികൾക്ക് സാധാരണഗതിയിൽ തൊഴിലാളികളിൽ നിന്നുണ്ടാകുമായിരുന്ന കനത്ത ചെറുത്തുനിൽപ്പ് അഭിമുഖീകരിക്കേണ്ടതില്ലെന്ന് കണക്കു കൂട്ടുകയാണ് മോദി .
സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കേണ്ടത് വിദേശ മൂലധനത്തെ ആശ്രയിച്ചല്ല, പുറത്തുനിന്ന് മൂലധനത്തെ ആകർഷിക്കാൻ തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ടുമല്ല. മോദിയെ സംബന്ധിച്ചിടത്തോളം, സ്വാശ്രയത്വം ഒരു വാചാടോപം മാത്രമാണ്, ഇത് യഥാർത്ഥത്തിൽ രാജ്യത്തിന്റെയും സ്വന്തം ജനതയുടെയും സ്വാശ്രയത്വം എന്ന ആശയമേ അല്ല. തൊഴിലാളികളെയും അധ്വാനിക്കുന്നവരെയും അടിമത്വത്തിലേക്ക് തള്ളിവിടുകയും ഇന്ത്യയെ സാമ്രാജ്യത്വ ശക്തികളുടെ ആശ്രിതരാക്കുകയും ചെയ്തിട്ട് സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല.
ലോകം മുഴുവൻ കോവിഡ്-19 നെതിരെ പോരാടുന്നതിനിടയിൽ, സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ വിരുദ്ധ പ്രതിഷേധക്കാരെ, പ്രത്യേകിച്ച് ദില്ലിയിലെ മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ടുള്ള കലാപത്തിലൂടെയാണ് ഇവയെല്ലാം ആരംഭിച്ചത്. പിന്നെ, കൊറോണയുടെ വ്യാപനത്തിന് തബ്ലിഗു ജമാഅത്തിനെ കുറ്റപ്പെടുത്തി, മുസ്ലീങ്ങളെ കോവിഡ് -19 ന്റെ പ്രതീകവും വാഹകരും ആക്കി വ്യാഖ്യാനിച്ചു, മാത്രമല്ല ലോക്ക്ഡൗൺ 1.0 പ്രഖ്യാപിച്ചതിന് ശേഷമുള്ള കാലയളവിൽ നിരവധി സംസ്ഥാനങ്ങളിൽ ഇതേരീതി പിന്തുടരുകയും ചെയ്തു. കോർപ്പറേറ്റ്- വർഗീയ സർക്കാർ അതിൻ്റെ സ്വഭാവത്തിനനുസൃതമായി ത്തന്നെ കോവിഡ് -19 നെ നേരിടുന്നതിലെ അതിൻ്റെ പരാജയങ്ങൾ മറച്ചുവെക്കാൻ മുസ്ലീങ്ങളിൽ ഒരു ശത്രുവിനെ കണ്ടെത്തുകയും അത് സ്ഥാപിച്ചെടുക്കുകയും ആയിരുന്നു .
ഒരു തയ്യാറെടുപ്പും ഇല്ലാതുള്ള മോദിയുടെ പെട്ടെന്നുള്ള ലോക്ക് ഡൗണിന്റെ ആദ്യത്തെ പ്രധാന ഇരകൾ രാജ്യത്തുടനീളം ഭക്ഷണമോ, പാർപ്പിടമോ, പണമോ ഇല്ലാതെ കുടുങ്ങിയ കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ഈ കുടിയേറ്റ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ദരിദ്രരാണ്, സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലും പിന്നോക്കക്കാവസ്ഥയിലുമുള്ള ഇവർ ഏറ്റവും താഴ്ന്ന സാമൂഹിക പശ്ചാത്തലമുള്ള ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വളരെ സാവധാനത്തിൽ ഒഴിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടും, ട്രെയിനുകളുടെ എണ്ണം കുറച്ചുകൊണ്ടും, നിരക്ക് വർദ്ധിപ്പിച്ചുകൊണ്ടും അർദ്ധ ആശ്രിതത്വ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ഈ കുടിയേറ്റ തൊഴിലാളികളെ നിർബന്ധിതരാക്കുന്നു. മറ്റൊരു പ്രധാന വിഭാഗം മുൻനിര തൊഴിലാളികളാണ്, പ്രത്യേകിച്ചും ആശാ വർക്കേർസ്, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ പാചകക്കാർ, വീട്ടുജോലിക്കാർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ, ഇവർക്ക് പൊള്ളയായ വാചാടോപങ്ങൾ മാത്രമാണ് വാഗ്ദാനം, ദൃഢനിശ്ചയത്തോടെ കോവിഡ്- 19 നെതിരെ പോരാടുന്ന ഇവരുടെ സേവനത്തെ ആദരിക്കുന്ന സ്പെഷ്യൽ വേതനമില്ലന്ന് മാത്രമല്ല മിനിമം വേതനം പോലും നൽകാതെ തൊഴിലാളികളാണെന്ന പരിഗണന പോലും നൽകുന്നില്ല. ഈ തൊഴിലാളി വിഭാഗത്തിനെതിരായ ആക്രമണം തൊഴിലാളിവർഗത്തിൽ ഏറ്റവും അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കുന്നവർക്ക് എതിരെയുള്ളത് മാത്രമല്ല, ഇവരുടെ ദലിത്-പിന്നോക്കാവസ്ഥയ്ക്ക് നേരെയുള്ള ക്രൂരമായ ആക്രമണവുമാണ്.
ലോക്ക്ഡൗൺ 3.0 രൂപകൽപ്പന ചെയ്തതു തന്നെ കോവിഡ്-19 ൻ്റെ മറവിൽ മുസ്ലിങ്ങൾക്കും ദലിതരോടുമൊപ്പം തൊഴിലാളിവർഗത്തിനും എതിരായ ഒരു യുദ്ധമായാണ്. കോർപ്പറേറ്റ് കുത്തക മൂലധനത്തെ സംരക്ഷിക്കുക, മൂലധനത്തിന്റെ ബലിപീഠത്തിൽ തൊഴിലാളിവർഗത്തെ ബലിയർപ്പിക്കുക എന്നീ ദൗത്യങ്ങൾ ആണ് മോദി സർക്കാർ മറയില്ലാതെ പ്രദർശിപ്പിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ത്രികക്ഷി അല്ലെങ്കിൽ ഉഭയകക്ഷി ചർച്ചകളില്ലാതെ, കൊറോണയുടെ മറവിൽ ഐ‌എൽ‌ഒ കൺവെൻഷനുകളുടെ മാർഗനിർദ്ദേശങ്ങൾ പോലും ലംഘിച്ചുകൊണ്ട് തൊഴിലാളി വിരുദ്ധ കോഡുകൾ പുറംവാതിലിലൂടെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇതിനകം പൊതുമേഖലാ ജീവനക്കാർക്ക് 30 ശതമാനം വേതനം വെട്ടിക്കുറച്ചിട്ടുണ്ട്. ക്ഷാമബത്ത മരവിപ്പിച്ചു. ഇപ്പോൾ ഇത് വ്യവസായ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കുമായിക്കൂടി ബാധകമാകും വിധം വ്യാപിപ്പിക്കുകയാണ് . കൂലി വെട്ടിക്കുറക്കലും വൻതോതിലുള്ള പിരിച്ചുവിടലും കോർപ്പറേറ്റ് തന്ത്രം ആയിത്തന്നെ ഉയർന്നുവരികയാണ്.
അധ്വാനത്തിൻ്റെ വിലയിടിക്കും വിധം തൊഴിൽ നിയമങ്ങൾ റദ്ദാക്കലിലൂടെ
യോഗിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ 38 തൊഴിൽ നിയമങ്ങളുടെ പ്രാബല്യം താത്കാലികമായി എടുത്തു കളയുകയും ഒരലങ്കാരത്തിനു മാത്രം അവയിൽ ചിലത്‌ ശേഷിപ്പിച്ചുകൊണ്ട് 'മൂന്ന് വർഷത്തേക്ക് നിർത്തിവക്കുകയും ചെയ്തു. [പ്രവൃത്തി സമയത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വിജ്ഞാപനം സർക്കാർ പിൻവലിച്ചുവെന്നത് ഇതിന്റെ ഭാഗമായ മറ്റൊരു കഥയാണ്. [ഇത്തരമൊരു സാഹചര്യത്തിൽ, യുപി സർക്കാർ ഗൗരവബുദ്ധിയോടെയാണ് പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന തെങ്കിൽ, പ്രവർത്തന സമയവുമായി ബന്ധപ്പെട്ട അനുബന്ധ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കിയ നടപടിയും നിർത്തിവച്ചു ഫാക്ടറീസ് ആക്ട് അടക്കം പുനസ്ഥാപിക്കുകയും വേണമായിരുന്നു ]. തീവ്രമായ പോരാട്ടങ്ങളിലൂടെയും അസംഖ്യം ത്യാഗങ്ങളിലൂടെയും നേടിയതും, ഭരണഘടന വ്യവസ്ഥ ചെയ്തത് ഉൾപ്പടെയുള്ളതുമായ തൊഴിലാളികളുടെ അനിഷേധ്യമായ അവകാശങ്ങളും, 8 മണിക്കൂർ പ്രവൃത്തിദിനം മുതൽ, മിനിമം വേതനം, ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി, പരാതി പരിഹാരവും തൊഴിൽ വകുപ്പുകളുടെയും ലേബർ കോടതികളുടെയും തർക്കപരിഹാര സംവിധാനങ്ങളും, പരിശോധനാ സംവിധാനവും, യൂണിയൻ രൂപീകരിക്കുന്നതിനും അംഗീകരിച്ചുകിട്ടുന്നതിനും ഉള്ള അവകാശവും, നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിന്റെ പ്രശ്നവുമൊക്കെ ഇല്ലാതാക്കാൻ പേനയുടെ ഒറ്റ വര മതിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . തൊഴിലാളികളുടെ അവകാശങ്ങൾ നിഷ്‌കരുണം അപഹരിക്കപ്പെടുകയും ക്രൂരമായി ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണ് .
മധ്യപ്രദേശ് അവലംബിച്ച തൊഴിൽ നിയമങ്ങളിലെ ‘സമതുലിതമായ’ മാറ്റങ്ങൾ ക്രൂരവും ഭീകരവുമാണ്. വ്യാവസായിക തർക്കനിയമം, കരാർതൊഴിൽ നിയന്ത്രണ നിയമം, ഫാക്ടറീസ് ആക്ട് മുതലായ നിർണായക തൊഴിൽ നിയമങ്ങളുടെ പ്രാബല്യം ഒഴിവാക്കിയതിലൂടെ കോർപ്പറേറ്റുകളോടുള്ള സ്നേഹവും തൊഴിലാളിവർഗത്തോടുള്ള വെറുപ്പുമാണ് സർക്കാർ പ്രകടിപ്പിച്ചത്. തർക്കപരിഹാരത്തിനുള്ള വ്യവസ്ഥാപിത സംവിധാനങ്ങളും, പരിശോധനാ സംവിധാനങ്ങളും തകർക്കപ്പെടുന്നു. സ്വകാര്യ ഏജൻസികൾ നടത്തുന്ന പരിശോധനകൾ പോലും അനുവദനീയമായി. 100 ൽ താഴെ തൊഴിലാളികളെ മാത്രമാണ് നിയമിക്കുന്നതെങ്കിൽ തൊഴിൽ നിയമങ്ങളൊന്നും ഒരു കമ്പനിക്ക് ബാധകമല്ലാതാവും . കമ്പനികൾക്ക് ഒറ്റദിവസം കൊണ്ട് ലൈസൻസ് നൽകുമെന്ന് ഉറപ്പുനൽകുന്നു, കൂടാതെ വിശാഖ് ഗ്യാസ് ചോർച്ച പോലുള്ള വ്യാവസായിക അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമായേക്കാവുന്ന വിധം 10 വർഷത്തേക്ക് കമ്പനികൾ ലൈസെൻസ് പുതുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു . "ലാഭം ജനങ്ങൾക്കും മേലെ " എന്ന മൂലമന്ത്രമാണ് ഈ മാറ്റങ്ങളുടെയെല്ലാം പിന്നിൽ വർത്തിക്കുന്നത് .
ഗുജറാത്തും പിന്തുടരുന്നത് മേൽപ്പറഞ്ഞതുപോലെയുള്ള നയങ്ങൾ ആണ് ; 8 മണിക്കൂർ പ്രവൃത്തിദിനം അവസാനിപ്പിക്കുകയും പകരം12 മണിക്കൂർ പ്രവൃത്തിദിനം അനുവദിക്കുകയും ചെയ്തുകൊണ്ടാണ് ഇതാരംഭിച്ചത് . കോൺഗ്രസും മറ്റ് പ്രതിപക്ഷങ്ങളും ഭരിക്കുന്ന സർക്കാരുകളും ഇതിനൊരു അപവാദമല്ല, കോർപ്പറേറ്റ് യജമാനന്മാരോടുള്ള വിധേയത്വം സന്തോഷപൂർവ്വം പ്രകടിപ്പിക്കുന്നതിൽ ബിജെപിയെ ഇവർ പിന്തുടരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും , ബിജെഡിയുടെ നേതൃത്വത്തിലുള്ള ഒഡീഷയും മേൽപ്പറഞ്ഞ വഴിതന്നെ യാണ് സ്വീകരിച്ചിട്ടുള്ളത് . നിലവിൽ ബാധകമായ തൊഴിൽ നിയമങ്ങളുടെ സ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വ്യവസായാനുകൂല നിയമഭേദഗതികളെക്കുറിച്ച് കർണാടകയും തമിഴ്‌നാടും ഗൗരവമായി ചർച്ച ചെയ്യുന്നു. വ്യാവസായിക - നിർമാണ ലോബികളുടെ ആവശ്യപ്രകാരം കുടിയേറ്റ ത്തൊഴിലാളികളുടെ ട്രെയിനുകൾ റദ്ദാക്കുന്ന നടപടിയെടുക്കാൻ പോലും കർണാടക സർക്കാർ തയ്യാറായി. തൊഴിലുടമകളുടെ അസോസിയേഷന്റെ നിവേദനത്തെത്തുടർന്ന് യെദ്യൂരപ്പ തൊഴിൽ വകുപ്പ് സെക്രട്ടറിയെ മാറ്റിയത് മറ്റൊരു ഉദാഹരണം ആണ് . കോടിക്കണക്കിന് തൊഴിലാളികളെയും അവരുടെ താൽപ്പര്യങ്ങളെയും ചവറുകൂനയിൽ വലിച്ചെറിയുന്നതിനിടയിൽ ത്തന്നെ വ്യവസായികളുടെ ആവശ്യങ്ങളോട് ഗവൺമെന്റുകൾ പ്രതികരിക്കുന്നത് അതീവ വിധേയത്വത്തോടെയാണ്
വേതനം കുറയ്ക്കൽ, 12 മണിക്കൂർ ജോലി, പിരിച്ചുവിടലുകൾ ഇവ ഒരു തന്ത്രമാക്കുമ്പോൾ തന്നെ,
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചു. എന്നാൽ സ്വന്തം വീടുകളിലെത്താൻ നൂറുകണക്കിന് മൈലുകൾ നടക്കേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒരു സഹായവും ആ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല . രാജ്യത്തെ തൊഴിലാളികളിൽ 40 ശതമാനവും കുടിയേറ്റതൊഴിലാളികൾ ആണ് . സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കോടാനുകോടി അസംഘടിത തൊഴിലാളികൾക്കും എന്തിന് സ്ഥിരം തൊഴിലാളികളിൽ ഭൂരിഭാഗത്തിനും മോദി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വേതനം നിഷേധിക്കപ്പെട്ടു . MSME മേഖലയിൽ മാത്രമല്ല, വൻകിട കോർപ്പറേറ്റ് കമ്പനികളിലും ഇതാണവസ്ഥ.
കോവിഡ്- 19 നെതിരെ പോരാടാനായി ജോലി സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കി വർദ്ധിപ്പിക്കുക വഴി കമ്പനികൾക്ക് 50 ശതമാനം അല്ലെങ്കിൽ 65 ശതമാനം തൊഴിൽ ശക്തി ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് ഓരോ കമ്പനിയിലും നിലവിലുള്ള തൊഴിലാളികളുടെ 35 മുതൽ 50 ശതമാനം വരെ വെട്ടികുറയ്ക്കുന്നതിനുള്ള ദുഷ്ടലാക്കോടെയുള്ള തന്ത്രമാണ്. ഇത് വൻതോതിലുള്ള പിരിച്ചുവിടലിൽ നിന്നോ, വേതന വെട്ടിക്കുറവിൽ നിന്നോ തൊഴിലാളികളെ സംരക്ഷിച്ചില്ലങ്കിലും, കോർപ്പറേറ്റ് കമ്പനികളുടെ ലാഭം സംരക്ഷിക്കാനായുള്ള സർക്കാരിന്റെ വ്യഗ്രത എടുത്തുകാട്ടുന്നുണ്ട്. സർക്കാർ പി.എഫ് വിഹിതം 4 ശതമാനം കുറച്ചതും ഇതു പോലെയാണ്. തൊഴിലുടമകളുടെയും ജീവനക്കാരുടെയും പുതുക്കിയവിഹിതത്തിൻ്റെ ।0 ശതമാനം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ പി.എഫിലേക്കുള്ള വിഹിതം വേതനത്തിൽ നിന്ന് പല തൊഴിലുടമകളും കുറയ്ക്കുകയാണ്. നിർദ്ദിഷ്ട ഗ്രാമീണ പാക്കേജിന് MNREGA ക്ക് കീഴിൽ ജോലിയോ വേതനമോ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ച് സർക്കാറിന് ഒന്നും പറയാനില്ല, മറിച്ച് സമ്പന്നകർഷകരെയും കുലാക്കുകളെയും സഹായിക്കുന്നതിനായി ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പിന്തുണയുടെ രൂപത്തിൽ ആണ് പാക്കേജ് വരുന്നത് . പാവപ്പെട്ട കാർഷിക തൊഴിലാളികൾ ചിത്രത്തിലേ ഇല്ല. MNREGA വിഹിതം ക്രമേണ കുറച്ചുകൊണ്ട് തിരക്കേറിയ നഗരങ്ങളിലേക്ക് ഇതിനകം തൊഴിൽ തേടി ഗ്രാമീണ തൊഴിലാളികളെ കുടിയേറാൻ നിർബന്ധിതരാക്കി മാറ്റുകയും ചെയ്തിരുന്നു. കോർപ്പറേറ്റുകൾക്കും മറ്റ് വ്യവസായങ്ങൾക്കും വേണ്ടി അധ്വാന ശക്തികളെ ദുർബലമാക്കി കൂട്ടത്തോടെ പിരിച്ചുവിടാനും, നാമമാത്രമായമായ വേതനമുള്ളവരാക്കിത്തീർക്കാനും ശ്രമിക്കുകയാണ് സർക്കാർ . വൻതോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുക എന്നത് കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്നതിനും, അവരുടെ ലാഭം സംരക്ഷിക്കുന്നതിനും മാത്രമല്ല വർദ്ധിപ്പിക്കുന്നതിനുവേണ്ടി ക്കൂടിയുമുള്ള സർക്കാരിന്റെ തന്ത്രമാണ്.

തൊഴിലാളികൾക്ക് മിനിമം വേതനം നിഷേധിക്കപ്പെടുന്നു, അത് പട്ടിണിവേതനമായി ചുരുങ്ങുന്നു, എന്നാൽ ഈ നിഷേധം നിയമവിധേയമാക്കപ്പെടുന്നു എന്നതാണ് ഏറ്റവും മോശപ്പെട്ട വസ്തുത. ന്യായമായ വേതനം, ജീവിക്കാനാവശ്യമായ വേതനം, ജോലി സമയം കുറയ്ക്കുക തുടങ്ങിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ കാറ്റിൽ പറത്തികൊണ്ട് ജോലി സമയം കൂട്ടുക, വേതനം കുറയ്ക്കുക, വൻതോതിൽ പിരിച്ചുവിടുക, ചിലവുകുറഞ്ഞ അധ്വാനശക്തിക്കായി വൻതോതിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുക എന്നിവയിലൂടെ ലാഭം വർദ്ധിപ്പിക്കുകയോ പരിരക്ഷിക്കുകയോ ചെയ്യുക എന്ന നയം ആണ് സ്വീകരിക്കപ്പെടുന്നത്, അല്ലാതെ ഉൽപാദനമോ ഉൽപാദനക്ഷമതയോ വർദ്ധിപ്പിക്കലല്ല. നൂറ്റമ്പത് വർഷങ്ങൾക്ക് പിന്നിലേക്ക് ചരിത്രത്തിന്റെ ചക്രങ്ങൾ കീഴ്മേൽ മറിയുന്നു. തൊഴിലാളികളുടെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും സമരങ്ങളെയും ത്യാഗങ്ങളെയും പരിഹസിച്ചുകൊണ്ട് 12 മണിക്കൂർ പ്രവൃത്തിദിനം നിയമവിധേയമാക്കുന്നു. തൊഴിൽ നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ അടിമത്തവും ആശ്രിതത്വവും സ്ഥാപനവൽക്കരിക്കപ്പെടുകയും നിയമവിധേയമാക്കുകയും ചെയ്യുന്നു. ആധുനിക ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഇവിടെ അടിമത്തത്തിനായുള്ള തിരക്കഥ രചിച്ചു കൊണ്ട് ആധുനികതയല്ല, സാമ്പത്തികേതര ബലപ്രയോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മനുഷ്യത്വരഹിതവും തീവ്രതരവുമായ ചൂഷണത്തെ ആശ്രയിക്കുന്ന കാടത്തമായി അതിനെ മാറ്റുകയാണ് ചെയ്യുന്നത് .
കൊറോണ ഒരു ഒഴിവ്കഴിവ ല്ലാതെ മറ്റൊന്നുമല്ല. കൊറോണയുടെ പേരിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയാൽ, ചൈനയിൽ നിന്ന് വലിയ അളവിൽ പിൻവലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര മൂലധനത്തെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് സർക്കാരും വ്യാവസായിക മൂലധനവും പകൽകിനാവ് കാണുകയാണ്. തൊഴിലാളികളുടെ സ്വമേധയാ ഉണ്ടാകുന്ന പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മൂലധനത്തിന് തൊഴിൽ സാഹചര്യങ്ങളിൽ ചില ചിട്ടപ്പെടുത്തലുകൾ ആവശ്യമാണെന്നത് അവർ മനസ്സിലാക്കുന്നില്ല. തൊഴിൽ അവകാശങ്ങൾ, തൊഴിൽ നിയമങ്ങൾ മുതലായവ റദ്ദാക്കുന്നത് അരാജകത്വത്തിനും, പ്രതിഷേധത്തിന് ഇന്ധനം പകരാനും, പ്രതിഷേധം ശക്തമാക്കുന്നതിനും ഇടയാക്കും. നിയമങ്ങളുടെയും, ചട്ടങ്ങളുടെയും യഥാർത്ഥ ഉദ്ദേശം തന്നെ ചൂഷണ സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന തൊഴിലാളികളുടെ പ്രതിഷേധത്തിൽ നിന്ന് സ്വയരക്ഷ നേടാൻ മൂലധനത്തെ സഹായിക്കുക മാത്രമാണ്. ഫ്യൂഡൽ സമൂഹം അടിമത്തവും ആശ്രിതത്വവും നിലനിർത്തി കൊണ്ട് തൊഴിലാളികളുടെ മേൽ മനുഷ്യത്വരഹിതവും ക്രൂരവുമായ ചൂഷണം വഴി ഭീമമായ ലാഭം നേടി. ചൂഷണവും അതിന്റെ അനന്തരഫലമായ തൊഴിലാളികളുടെ പ്രതിഷേധവും നിയന്ത്രിക്കാൻ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. വ്യാവസായിക വിപ്ലവങ്ങൾ ലാഭം വർദ്ധിപ്പിക്കുന്നതിനായി പുതിയ തൊഴിലുപകരണങ്ങളടങ്ങിയ സാങ്കേതികവിദ്യ ഉൾപ്പടെയുള്ള പുതുരൂപങ്ങളുടെ കണ്ടുപിടിത്തം, ഫോർഡിസ്റ്റ് അസംബ്ലി ലൈൻ ഉൽ‌പാദന രീതികൾ തുടങ്ങിയവയെയാണ് ആശ്രയിച്ചത്. ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മൂലധനസാന്ദ്രമായ ചൂഷണ രീതികൾ സ്വീകരിച്ചപ്പോൾ ത്തന്നെ, ബൂർഷ്വാ വിപ്ലവങ്ങളുടെ വിജയങ്ങളിലെ കാലാൾ പടയാളികളായ തൊഴിലാളികൾ‌ക്കും, മറ്റ് ചൂഷിതർക്കും സ്വാതന്ത്ര്യത്തിന്റെ ഒരു മിഥ്യാധാരണയും അവ വാഗ്ദാനം ചെയ്തു. എല്ലാ കേന്ദ്ര തൊഴിൽനിയമങ്ങളും റദ്ദാക്കി മോദി സർക്കാർ നാല് ലേബർ കോഡുകൾക്കുള്ള നിർദേശങ്ങൾ കൊണ്ടുവന്നപ്പോൾ, ‘ആധുനിക അടിമത്വത്തിൻ്റെ' തിരക്കഥാ രചനയായാണ് നമ്മൾ ഇതിനെ വിശേഷിപ്പിച്ചത്. കാരണം, നിയമവാഴ്ചയുടെ ചില അവശിഷ്ടങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കഠിനമായ നിയമങ്ങളിലൂടെ ചൂഷണം തീവ്രമാക്കാനുള്ള ശ്രമമായിരുന്നു അത്. നിർഭാഗ്യവശാൽ, കൊറോണയുടെ മറവിൽ ഇപ്പോൾ തൊഴിലാളിവർഗത്തിനെതിരെ നടക്കുന്ന യുദ്ധം അപരിഷ്കൃത രീതികളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, ഇപ്പോഴിത് ഒരു ആധുനിക അടിമത്തമല്ല, ലളിതവും ശുദ്ധവുമായ രൂപത്തിലുള്ള ഫ്യൂഡൽ അടിമത്തവും ആശ്രിതത്വവുമാണ്.
പഴയ രീതിയിൽ ഭരിക്കാനാവില്ലെന്ന് ഭരണവർഗം തീരുമാനിക്കുകയും പ്രകോപനങ്ങളിലൂടെ തൊഴിലാളികളുടെ അനിയന്ത്രിതമായ പ്രതിഷേധത്തിൻ്റെ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. കാടത്തസ്വഭാവം നിറഞ്ഞ ഫ്യൂഡൽ ചൂഷണത്തിനായി നിയമവാഴ്ച ഇല്ലാതാക്കുമ്പോൾ തൊഴിലാളിവർഗത്തിനു അതിന്റെ പുതിയ രൂപത്തിലുള്ള പ്രതിഷേധങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് തീരുമാനിക്കേണ്ടതുണ്ട്.
തൊഴിലാളിവർഗത്തിനെതിരെ കോർപ്പറേറ്റ് യുദ്ധം നടത്താനുള്ള ഒരു ഒഴിവ്കഴിവ് മാത്രമാണ് മോദിക്ക് കൊറോണ.
[പരിഭാഷ: സുജിത് രവീന്ദ്രൻ]

No comments:

Post a Comment