Friday, 25 September 2020

മോദിയുടെ കാർഷിക ബില്ലുകൾ : ഇന്ത്യൻ കർഷകർക്കേൽക്കുന്ന മാരകമായ പ്രഹരം

മോദിയുടെ കാർഷിക ബില്ലുകൾ : ഇന്ത്യൻ കർഷകർക്കേൽക്കുന്ന മാരകമായ പ്രഹരം

  (എഡിറ്റോറിയൽ ,എംഎൽ അപ്ഡേറ്റ് : 22-28 സെപ്റ്റംബർ ,2020.)

നരേന്ദ്ര മോദിയുടെ "അച്ഛേ ദിൻ"   വാചകമടിയുടെ യഥാർത്ഥ പൊരുൾ ഇന്ത്യയെ സംബന്ധിച്ച് എന്താണെന്നു മനസ്സിലാവാൻ കുറച്ചു സമയം എടുത്തു .എന്നാൽ , ഏറ്റവും പുതുതായി ഇറക്കിയ "ആത്മ നിർഭർ"ഭാരതമെന്ന പൊള്ളയായ മുദ്രാവാക്യത്തിന് പിന്നിൽ  എന്തെന്ന് ജനങ്ങൾ മനസ്സിലാക്കിയത് അതിനേക്കാൾ വേഗത്തിൽ ആണ്‌ .  അതിന് അർത്ഥം ഒന്നേയുള്ളൂ - ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മൊത്തമായി ഒരു അദാനി -അംബാനി സംരംഭ മാക്കിത്തീർക്കുക എന്നാണ് "ആത്മനിർഭർ ഭാരത് "കൊണ്ട് മോദി  ഉദ്ദേശിച്ചത് ! 

ഇന്ത്യയുടെ മർമ്മപ്രധാനമായ  ഉൽപ്പാദനമേഖലകളിൽ  സ്വകാര്യവൽക്കരണം നടപ്പാക്കാൻവേണ്ടിയുള്ള ആക്രമണോൽസുക നീക്കങ്ങൾക്ക്  ശേഷം  ,  ഇപ്പോൾ ഇന്ത്യൻ കാർഷിക മേഖലയ്ക്കും കൃഷിക്കാർക്കും എതിരെ കേന്ദ്ര സർക്കാർ യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. 2020 ഏപ്രിൽ - ജൂൺ പാദ വർഷത്തിൽ എല്ലാ ഉത്പാദന മേഖലകളിലും ജിഡിപി വളർച്ചാ നിരക്ക് വിപരീത ദിശയിലേക്ക് കൂപ്പുകുത്തിയപ്പോഴും  അതിന് ഏക അപവാദമായി ചെറുതെങ്കിലുമായ ജിഡിപി വളർച്ചാ നിരക്കോടെ കാർഷികമേഖല പിടിച്ചുനിന്നു.. അങ്ങനെയൊരു സന്ദർഭത്തിലാണ് ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റ് അഗ്രി ബിസിനസ്സിന്റെ അധീനതയ്ക്ക് വിട്ടു കൊടുക്കുന്നത് 

കഴിഞ്ഞ ജൂൺ 5 ന് കാർഷിക മേഖലയിൽ  കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു ഓർഡിനൻസുകൾ രാജ്യവ്യാപകമായി കർഷകപ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയ ഒരു പശ്ചാത്തലത്തിൽ ആണ്  പതിവിലും വൈകി പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നത്. പ്രസ്തുത സെഷനിൽ ഈ മൂന്നു ഓർഡിനൻസുകളും നിയമമാക്കാനുള്ള ബില്ലുകൾ ഇരുസഭകളിലും തിരക്കിട്ട് അവതരിപ്പിച്ചു 'പാസ്സാക്കുന്ന'തിൽ പാർലമെന്ററി ജനാധിപത്യ പ്രക്രിയയെത്തന്നെ അവഹേളിക്കും വിധത്തിലാണ് വോട്ടെടുപ്പ് പോലും  വേണ്ടെന്ന്  സർക്കാർ തീരുമാനിച്ചത്. രാജ്യസഭയിൽ ഈ ബില്ലുകൾ വോട്ടെടുപ്പിനെ അതിജീവിക്കുമായിരുന്നില്ല എന്ന കാര്യം വളരെ വ്യക്തമായിരുന്നു. പ്രതിപക്ഷ എം പി മാർ വോട്ടെടുപ്പ് ആവശ്യപ്പെട്ട നിമിഷം മുതൽ ലൈവ് ടെലികാസ്ററ് ഒച്ചയില്ലാതാക്കുകയും , സഭാദ്ധ്യക്ഷൻ ബില്ലുകൾ പാസ്സായതായി പ്രഖ്യാപിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾ പ്രഹസനമാക്കിയ മറ്റൊരു സന്ദർഭം,  ,ഉപാധ്യക്ഷന്റെ തെറ്റായ നടപടിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ  പ്രതിപക്ഷത്തെ  അനുവദിക്കാത്തതിൽ പ്രതിഷേധിച്ച  എം പി മാരെ സഭയിൽനിന്നും സസ്‌പെൻഡ് ചെയ്തതായിരുന്നു. ഇന്ത്യൻ കർഷകരെ പുത്തൻ കമ്പനി രാജിന്റെ അടിമകളാക്കാൻവേണ്ടി പാർലമെന്ററി ജനാധിപത്യത്തെ സർക്കാർ പകൽവെളിച്ചത്തിൽ  കശാപ്പ് ചെയ്യുകയായിരുന്നു. 

പ്രസ്തുത ബില്ലുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു സർക്കാർ നടത്തുന്ന അവകാശവാദങ്ങളത്രയും  നുണകളും ചതിയും നിറഞ്ഞതാണ്.  ബില്ലുകൾക്ക് കൊടുത്ത പേരുകൾ (ടൈറ്റിലുകൾ ) തെറ്റിദ്ധരിപ്പിക്കുന്നവയാണ്. അവയിലൊന്നിന് കൊടുത്തിരിക്കുന്ന ടൈറ്റിൽ " കാര്ഷികോല്പന്ന വിപണന-വാണിജ്യ ( പ്രോത്സാഹനവും സൗകര്യപ്രദമാക്കലും ) ബിൽ ,2020" എന്നാണ്‌. ["The Farmers’ Produce Trade and Commerce (Promotion and Facilitation) Bill, 2020"]. 
അടുത്തബില്ലിന്റെ ടൈറ്റിൽ "കർഷക ( ശാക്തീകരണവും സംരക്ഷണവും ) വിലയുറപ്പ് - കൃഷി സേവനക്കരാർ ബിൽ ,2020" എന്നാണ് . ["The Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill"] . കർഷകരെ ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ നിയന്ത്രണങ്ങളിൽനിന്നു മോചിപ്പിച്ച് ഉൽപ്പന്നങ്ങൾ പരമാവധി മെച്ചപ്പെട്ട വിലകൾക്ക് യഥേഷ്‌ടം വിൽക്കാൻ ഇങ്ങനെയൊരു നിയമം കർഷകരെ പ്രാപ്തരാക്കും എന്നാണ് സർക്കാരിന്റെ അവകാശവാദം. കർഷകൻ ഇപ്പോൾ ചെയ്യുന്നതുപോലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ വഴി ഉൽപ്പന്നങ്ങൾ മണ്ഡികളിൽ വിൽക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നിഷേധിക്കുന്ന ഒന്നും ഈ ബില്ലിൽ ഇല്ലെന്നു സർക്കാർ അവകാശപ്പെടുന്നു.


ഭക്ഷ്യ ശേഖരണ ഉത്തരവാദിത്തം ഭരണകൂടം ഉപേക്ഷിച്ചാലുള്ള വരുംവരായ്കകൾ മനസ്സിലാക്കാൻ 2006 ൽ തന്നെ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ എപിഎംസി നിയമം എടുത്തുകളഞ്ഞത് നമുക്കൊന്ന് കണ്ണോടിക്കാം. വിവരാവകാശ ചോദ്യങ്ങളിലൂടെ ദി വയർ ശേഖരിച്ച വിവരങ്ങൾ പ്രകാരം, ബിഹാറിൽ  ഉൽപാദിപ്പിച്ച ഗോതമ്പിൻ്റെ O.1% ലും കുറഞ്ഞ അളവ് മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ 2020-21 റാബി വിള സീസണിൽ ശേഖരിച്ചിട്ടുള്ളത്. ഇത് തെറ്റ് പറ്റിപ്പോയതുമല്ല. കഴിഞ്ഞ നാലുവർഷമായി ബീഹാറിൽ ഔദ്യോഗിക ശേഖരണം എപ്പോഴും 2% ത്തിൽ താഴെയായിരുന്നു. നെല്ലിൻ്റെ കാര്യത്തിലും ഇതു തന്നെ കണക്ക്; ചോളത്തിൻ്റെ കാര്യത്തിൽപ്പോലും അധികം മെച്ചമല്ല. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത, അല്പം ഉയർന്ന മിനിമം താങ്ങുവിലയ്ക്കും യഥാസമയം ഉറപ്പായ സംഭരണത്തിനുമായി രാജ്യമൊട്ടാകെ കർഷകർ പോരാടിക്കൊണ്ടിരിക്കുമ്പോളാണ് സർക്കാർ അതിൻ്റെ ഉത്തരവാദിത്തം പൂർണ്ണമായും ഉപേക്ഷിക്കാനും കടിഞ്ഞാൺ സ്വകാര്യ അഗ്രി ബിസിനസ് കമ്പനികൾക്ക് കൈമാറുവാനും താല്പര്യമെടുക്കുന്നത്. സ്വകാര്യമേഖല വ്യവസ്ഥയിൽ മൊത്തം ആധിപത്യം ചെലുത്തുമ്പോൾ മിനിമം താങ്ങുവിലയും (MSP), 
 APMC യും കടലാസിലുണ്ടെന്നത് കർഷകർക്ക് ഒട്ടും ആശ്വാസം നൽകുന്നില്ല. അതിനാൽ, ഇന്ത്യയിലെ കർഷകജനതയിൽ ഏറിയപങ്കിനും ഈ ബില്ലുകളുടെ വിവക്ഷകൾ വളരെ അപകടകരം തന്നെയാണ്.

വ്യാപാരവും കച്ചവടവും പ്രോത്സാഹിപ്പിക്കുമെന്ന് ബില്ലിൽ പറയുമ്പോൾ സ്വകാര്യ അഗ്രി ബിസിനസ്സ് യൂനിറ്റുകളാണ് മനസ്സിലുള്ളത്. എവിടെ നിന്നും വാങ്ങിക്കുവാനും എത്ര വേണമെങ്കിലും ശേഖരിക്കുവാനും അവയ്ക്കിപ്പോൾ പൂർണ സ്വാതന്ത്ര്യമുണ്ട്. കർഷകർക്കും തുല്യസ്വാതന്ത്ര്യമുണ്ടെന്ന് നമ്മൾ വിശ്വസിച്ചു കൊള്ളണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ കർഷകർക്ക് എന്നെങ്കിലും അഗ്രി ബിസിനസ്സിനോടൊപ്പമെത്താൻ കഴിയുമോ? വിലയുടെ ആനുകൂല്യം തികച്ചും അഗ്രിബിസിനസ്സുകാർക്കായിരിക്കും. വിശേഷിച്ചും, അന്തർസംസ്ഥാന വ്യാപാരത്തിനും നിയന്ത്രണമില്ലാത്ത സംഭരണത്തിനും പുതുതായി കൈവന്ന സ്വാതന്ത്ര്യം കൂടിയായപ്പോൾ അവരുടെ പിടി ഒന്നുകൂടി മുറുകും. പ്രബലരായ ഇത്തരം കമ്പനികളുമായി കച്ചവടം ചെയ്യാനുള്ള കർഷകരുടെ "സ്വാതന്ത്ര്യം" എല്ലാത്തിനെയും  കമ്പനികൾ  നിയന്ത്രിക്കുന്ന പുതിയ രൂപത്തിലുള്ള അടിമത്തമാവാൻ ഏറെക്കാലം വേണ്ടിവരില്ല. ചെറുകിട കർഷകരെയും ഭൂമി പാട്ടത്തിനെടുക്കുന്ന പാട്ടക്കുടിയാന്മാരെയും അത് പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ഭക്ഷ്യധാന്യോല്പാദനത്തിലും ഭക്ഷ്യസുരക്ഷയിലും  പൊതുവിതരണത്തലുമുള്ള ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഒരു മാരക പ്രഹരമായിരിക്കും ഇത്. കോൺട്രാക്റ്റടിസ്ഥാനത്തിലുള്ള കൃഷിക്ക് പ്രാമുഖ്യം ലഭിച്ചു കഴിഞ്ഞാൽ പിന്നെ കൃഷിരീതി നിർണയിക്കുക അഗ്രി ബിസിനസ്സ് കമ്പനികളായിരിക്കും - അവരുടെ താല്പര്യത്തിനും ലാഭത്തിനുള്ള ആർത്തിയെ തൃപ്തിപ്പെടുത്താനുമായിരിക്കും കൃഷി, ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യരുടെ ആവശ്യം നിറവേറ്റാനായിരിക്കില്ല. ബിഎസ്എൻഎൽ എന്ന ഭീമൻ പൊതുമേഖലാ  വിവരവിനിമയ ശൃംഖലയുടെ ചെലവിൽ മുകേഷ് അംബാനിയുടെ ജിയോയെ വളരാൻ അനുവദിച്ചതുപോലെ, വമ്പൻ സ്വകാര്യ അഗ്രിബിസിനസ്സ് കമ്പനികളുടെ അൾത്താരയിൽ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയേയും ബലികഴിക്കും.

ഇന്ത്യയുടെ ഇപ്പോൾത്തന്നെ ദുർബലമാക്കപ്പെട്ട ഫെഡറൽ ഘടനയ്ക്ക് ഈ പുതിയ ക്രമം അനേകം ഗുരുതരമായ പ്രതികൂല ഫലങ്ങളുളവാക്കും.കാർഷികോൽ പ്പന്നങ്ങളുടെ നീക്കത്തിലും വില്പനയിലും സംസ്ഥാനങ്ങൾക്ക് നിയന്ത്രണാധികാരം ഉണ്ടാവില്ല.എപിഎംസി ശൃംഖലകളിലെ വ്യാപാരത്തിലൂടെ ലഭിച്ചുപോന്ന തുച്ഛമായ വരുമാനവും നഷ്ടപ്പെടും. അധികാരങ്ങൾ മുഴുവൻ കേന്ദ്ര ഗവണ്മെൻ്റിനും വൻകിട കോർപ്പറേഷനുകൾക്കും ആയിരിക്കും.

ഇന്ത്യയിൽ കൃഷിക്ക് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നവയെന്ന് സർക്കാർ ഈ ബില്ലുകളെ വാഴ്ത്തിപ്പാടുമ്പോൾ,   കർഷകർക്ക് സ്വാതന്ത്ര്യത്തിൻ്റെ ചരിത്രപരമായ മുഹൂർത്തമെന്ന് വിശേഷിപ്പിക്കുമ്പോൾ,  മാരകമായ ഈ പ്രഹരത്തെ സമർത്ഥമായി മൂടിവെക്കുകയാണ്.ചെയ്യുന്നത്. നോട്ട് നിരോധിച്ചപ്പോഴും ജിഎസ് ടി  ഏർപ്പെടുത്തിയപ്പോഴും ഗംഭീരമായി നടത്തിയ ആത്മപ്രശംസ കലർന്ന അവകാശവാദങ്ങൾക്ക് തുല്യമാണ് ഇതും. ഏത് സൂചനകൾ നോക്കിയാലും പുതിയ ഈ "ധീരമായ " പരിഷ്കാരങ്ങളും നോട്ട് നിരോധനം; ജിഎസ്.ടി ഇവയെത്തുടർന്നുണ്ടായ ദുരിതങ്ങൾ പോലെ തന്നെ ഭയങ്കരമായിരിക്കും. സർക്കാരിൻ്റെ വഞ്ചന നിറഞ്ഞ പ്രചാരണത്തിൽ വീഴാത്തതിനും ധീരമായി പ്രതിരോധിക്കുന്നതിനും ഇന്ത്യയിലെ കർഷകർ അഭിനന്ദനമർഹിക്കുന്നു. 

കർഷക പ്രതിഷേധത്തിൻ്റെ ശക്തി മോദി മന്ത്രിസഭയിൽ നിന്ന് ഒരു അകാലി ദൾ മന്ത്രിയെ രാജിക്ക് നിർബന്ധിത യാക്കുകയും,  അനേകം സംസ്ഥാന സർക്കാരുകളെ പ്രതിഷേധ ശബ്ദമുയർത്താൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറ് വർഷം മുമ്പ്, കർഷകരുടെയും പ്രതിപക്ഷ പാർട്ടികളുടെയും സംഘടിത പ്രതിഷേധങ്ങൾ  ഭൂമി പൊന്നുംവിലക്കെടുക്കാനുള്ള ഓർഡിനൻസ് പിൻവലിക്കാൻ മോദി ഗവണ്മെൻറിനെ  നിർബന്ധിതമാക്കിയിരുന്നു. കർഷക സംഘടനകളുടെ സംയുക്ത പ്ലാറ്റ്ഫോമിൻ്റെ ദൃഢനിശ്ചയം കലർന്ന പ്രതിരോധത്തിന് മുന്നിൽ സർക്കാർ ഒരിക്കൽക്കൂടി പിറകോട്ട് പോകുമെന്ന് നമുക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ വിജയിക്കാൻ ഓരോ ജനാധിപത്യവാദിയും ഇന്ത്യയിലെ കർഷകരോ,ട് കൈകോർക്കണം.
......,,,,,,

Thursday, 17 September 2020

 വാർത്താക്കുറിപ്പ്:   (സെപ്റ്റംബർ 16, 2020 പ്രസ് ക്ലബ് ഓഫ് ഇന്ത്യ , ന്യൂ ഡെൽഹി )

വിയോജിപ്പുകൾ ക്രിമിനൽവൽക്കരിക്കലും, എതിർപ്പിന്റെ ശബ് ദങ്ങൾ ഇല്ലാതാക്കലും :
ഫെബ്രുവരി ഹിംസകളെക്കുറിച്ച് ഡെൽഹി പോലീസ് അന്വേഷണത്തിന്റെ പോക്ക് എങ്ങോട്ട് ?
ഡെൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അരങ്ങേറിയ ഹിംസയെ സംബന്ധിച്ച അന്വേഷണത്തെ സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ കേസുകളിൽ കുടുക്കാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുന്നതിൽ ഡെൽഹി പോലീസ് കാട്ടുന്ന ഉളുപ്പില്ലായ്മയിൽ ഞങ്ങൾ ക്കുള്ള അങ്ങേയറ്റത്തെ ദു:ഖവും ഉൽക്കണ്ഠയും പങ്ക് വെക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം വിളിച്ചു കൂട്ടിയത് . രണ്ട് ദിവസം മുൻപ് ഉമർ ഖാലിദിനെ യുഎപിഎ നിയമത്തിലെയും, വിവിധ ക്രിമിനൽ നിയമങ്ങളിലെയും വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്ത സംഭവത്തോടെ, സിഎഎ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അഴികൾക്കുള്ളിലായവരുടെ നിര നീളുകയാണ് . നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനും , നേരിന് വേണ്ടി നിലകൊള്ളാനും അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ രീതിയിൽ പൊതുമണ്ഡലത്തിൽ ഉയർന്നുവന്ന യുവശബ്ദങ്ങളിൽ ഒന്നാണ് ഉമർ ഖാലിദിന്റേത് . അവരെല്ലാം ഇന്ന് മനസ്സാക്ഷിയുടെ തടവുകാർ ആയിരിക്കുകയാണ് .
ഡെൽഹി അക്രമങ്ങളിൽ 53 മനുഷ്യജീവനാണ് അപഹരിക്കപ്പെട്ടത് . നിരവധിയാളുകൾക്ക് വസ്തുവകകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടുകയും,ആരാധനാസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു . ഈ സംഭവങ്ങളെല്ലാം നടക്കുന്ന സമയത്ത് പോലീസിന്റെ പങ്ക്കണ്ട് ഫെബ്രുവരിയിൽ ത്തന്നെ ഞങ്ങൾക്ക് അതിയായ ദുഃഖവും അത്ഭുതവും തോന്നിയിരുന്നു .അതിനെ പക്ഷപാതപരം എന്ന് വിശേഷിച്ചാൽ പോരാ, ക്രൂരത എന്നു വിളിച്ചാലേ ശരിയാകൂ. അക്രമങ്ങളിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ വന്ന ആംബുലൻസുകൾ പോലും സ്ഥലത്തേക്ക് വിടാതെ പോലീസ് തടയുകയായിരുന്നു . പിന്നീട് ഏതാനും സാമൂഹ്യ പ്രവർത്തകർ ഹൈക്കോടതിയുടെ വാതിലിൽ അർദ്ധ രാത്രിയിൽ മുട്ടിവിളിച്ചു നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പോലീസിന്റെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചു കോടതിക്ക് ഇടപെടേണ്ടി വന്നത് .

കഴിഞ്ഞ കുറേ മാസങ്ങളായി പോലീസിന്റെ ഇത്തരം നിരുത്തരവാദിത്തപരമായ ചെയ്തികൾ ഞങ്ങൾ കാണുന്നു . ഡെൽഹി അക്രമ ങ്ങളെക്കുറിച്ച് നീതിയുക്തമായ അന്വേഷണം ആവശ്യമെന്ന് ഞങ്ങൾ കരുതുമ്പോൾ തന്നെ പേര് പറഞ്ഞുകൊണ്ട് , ഭരണഘടനാ വിരുദ്ധവും ധർമ്മികതയ്ക്ക് നിരക്കാത്തതുമായ സിഎഎ - എൻ പി ആർ - എൻആർസി യ് ക്കെതിരെ ശബ്ദിക്കാൻ ധൈര്യം കാട്ടിയവരെയെല്ലാം നോട്ടമിട്ട് അക്രമകാരികൾ എന്ന് മുദ്ര കുത്തി വ്യാജക്കേസുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്ന നടപടിയാണ് ഡെൽഹി പോലീസ് സ്വീകരിച്ചുവരുന്നത് . സിഎഎ - എൻആർസി - എൻപിആർ ഇന്ത്യയെന്ന ആശയത്തെ എന്നെന്നേക്കുമായി ശിഥിലീകരിക്കുന്ന ഒരു ആസൂത്രിത പദ്ധതിയാണ് . ഇത് നടപ്പാക്കൽ സാധിക്കാത്ത വിധത്തിൽ, സ്വാതന്ത്ര്യത്തിന് ശേഷം രാജ്യവ്യാപകമായി ഇന്ത്യ കണ്ട ഏറ്റവും സൃഷ്ടിപരവും ഊർജ്ജസ്വലവും ആയ ജനകീയ പ്രക്ഷോഭം ആണ് ഉണ്ടായത് .അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ ഉള്ളിലിരുപ്പിന് കടകവിരുദ്ധമായി ജനങ്ങൾ ഐക്യപ്പെട്ട് നാനാത്വങ്ങളിലെ ഏകതയുടേ യും , ധീരതയുടേയും ,സമാധാനപരമായ പ്രതിഷേധത്തിന്റെയും ഉത്തമമാതൃകകൾ സൃഷ്ടിച്ചപ്പോൾ ആണ് ഭരണകക്ഷി അതിന് നല്ലപോലെ ചെയ്യാൻ അറിയുന്ന പണിയുമായി രംഗപ്രവേശം നടത്തിയത് .അവരുടെ നിയന്ത്രണത്തിലുള്ള പോലീസ് സേനയേയും സേവക്കാരായ മാധ്യമങ്ങളേയും എല്ലാ ഡ്രകോണിയൻ നിയമങ്ങളേയും പ്രതിഷേധിക്കുന്നവർക്കെതിരെ, വിശേഷിച്ചും ചിന്തിക്കുന്ന യുവമനസ്സുകൾക്കെതിരെ കയറൂരിവിട്ട് വേട്ടനടത്തുകയാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുത്വഭാവനയും സമത്വവും പുലരുന്ന ഒരു ഇന്ത്യയെക്കുറിച്ച് യുവാക്കൾ സ്വപ്നം കാണരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്.

സമാധാനപരമായി പ്രതിഷേധങ്ങൾ നടന്ന സ്ഥലങ്ങൾ ബലം പ്രയോഗിച്ചു് ഒഴിപ്പിക്കുമെന്നു പട്ടാപ്പകൽ ഭീഷണി മുഴക്കുകയും, തോക്കുകൾ കാട്ടി പേടിപ്പിക്കാൻ ശ്രമിക്കുകയും, പ്രകോപനം സൃഷ്ടിക്കാൻ ഹിംസാത്മകമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്ത യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് ജനാധിപത്യപരമായി പ്രതിഷേധത്തിന്റെ ശബ്ദം ഉയർത്തിയവരെയെല്ലാം പടിപടിയായി കേസുകളിൽ കുടുക്കുന്നത്. വ്യാജക്കേസുകൾ ചുമത്തപ്പെട്ടവരിൽ വിദ്യാർത്ഥികളും, അക്കാഡമിക് പണ്ഡിതരും , കലാരംഗത്ത് പ്രവർത്തിക്കുന്നവരും, രാഷ്ട്രീയനേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഉൾപ്പെടുന്നു.

ദുരുദ്ദേശ്യപരവും മുൻ വിധിയോടെയുള്ളതും ആയ അതിരുവിട്ട അന്വേഷണം ഉടൻ നിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട എല്ലാ സാമൂഹ്യപ്രവർത്തകരെയും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം, ഡെൽഹി ഹിംസയ്ക്കു പിന്നിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ഒരു ജുഡീഷ്യൽ അന്വേഷണം ഉടനെ പ്രഖ്യാപിക്കണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.

സെയ്ദാ ഹമീദ്  ( എഴുത്തുകാരിയും  പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യയിൽ മുൻ അംഗവും )

പ്രശാന്ത് ഭൂഷൺ ( സീനിയർ അഭിഭാഷകൻ )

കവിത കൃഷ്ണൻ ( പോളിറ്റ് ബ്യൂറോ മെമ്പർ, സിപിഐഎംഎൽ )  

പമീല ഫിലിപ്പോസ്  ( മുതിർന്ന മാധ്യമപ്രവർത്തക )

നന്ദിത നാരായൺ ( ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേർസ് അസ്സോസിയേഷൻ ( DUTA ) മുൻ പ്രസിഡൻറ് )