Thursday, 17 September 2020

 വാർത്താക്കുറിപ്പ്:   (സെപ്റ്റംബർ 16, 2020 പ്രസ് ക്ലബ് ഓഫ് ഇന്ത്യ , ന്യൂ ഡെൽഹി )

വിയോജിപ്പുകൾ ക്രിമിനൽവൽക്കരിക്കലും, എതിർപ്പിന്റെ ശബ് ദങ്ങൾ ഇല്ലാതാക്കലും :
ഫെബ്രുവരി ഹിംസകളെക്കുറിച്ച് ഡെൽഹി പോലീസ് അന്വേഷണത്തിന്റെ പോക്ക് എങ്ങോട്ട് ?
ഡെൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അരങ്ങേറിയ ഹിംസയെ സംബന്ധിച്ച അന്വേഷണത്തെ സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ കേസുകളിൽ കുടുക്കാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുന്നതിൽ ഡെൽഹി പോലീസ് കാട്ടുന്ന ഉളുപ്പില്ലായ്മയിൽ ഞങ്ങൾ ക്കുള്ള അങ്ങേയറ്റത്തെ ദു:ഖവും ഉൽക്കണ്ഠയും പങ്ക് വെക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം വിളിച്ചു കൂട്ടിയത് . രണ്ട് ദിവസം മുൻപ് ഉമർ ഖാലിദിനെ യുഎപിഎ നിയമത്തിലെയും, വിവിധ ക്രിമിനൽ നിയമങ്ങളിലെയും വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്ത സംഭവത്തോടെ, സിഎഎ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അഴികൾക്കുള്ളിലായവരുടെ നിര നീളുകയാണ് . നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനും , നേരിന് വേണ്ടി നിലകൊള്ളാനും അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ രീതിയിൽ പൊതുമണ്ഡലത്തിൽ ഉയർന്നുവന്ന യുവശബ്ദങ്ങളിൽ ഒന്നാണ് ഉമർ ഖാലിദിന്റേത് . അവരെല്ലാം ഇന്ന് മനസ്സാക്ഷിയുടെ തടവുകാർ ആയിരിക്കുകയാണ് .
ഡെൽഹി അക്രമങ്ങളിൽ 53 മനുഷ്യജീവനാണ് അപഹരിക്കപ്പെട്ടത് . നിരവധിയാളുകൾക്ക് വസ്തുവകകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടുകയും,ആരാധനാസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു . ഈ സംഭവങ്ങളെല്ലാം നടക്കുന്ന സമയത്ത് പോലീസിന്റെ പങ്ക്കണ്ട് ഫെബ്രുവരിയിൽ ത്തന്നെ ഞങ്ങൾക്ക് അതിയായ ദുഃഖവും അത്ഭുതവും തോന്നിയിരുന്നു .അതിനെ പക്ഷപാതപരം എന്ന് വിശേഷിച്ചാൽ പോരാ, ക്രൂരത എന്നു വിളിച്ചാലേ ശരിയാകൂ. അക്രമങ്ങളിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ വന്ന ആംബുലൻസുകൾ പോലും സ്ഥലത്തേക്ക് വിടാതെ പോലീസ് തടയുകയായിരുന്നു . പിന്നീട് ഏതാനും സാമൂഹ്യ പ്രവർത്തകർ ഹൈക്കോടതിയുടെ വാതിലിൽ അർദ്ധ രാത്രിയിൽ മുട്ടിവിളിച്ചു നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പോലീസിന്റെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചു കോടതിക്ക് ഇടപെടേണ്ടി വന്നത് .

കഴിഞ്ഞ കുറേ മാസങ്ങളായി പോലീസിന്റെ ഇത്തരം നിരുത്തരവാദിത്തപരമായ ചെയ്തികൾ ഞങ്ങൾ കാണുന്നു . ഡെൽഹി അക്രമ ങ്ങളെക്കുറിച്ച് നീതിയുക്തമായ അന്വേഷണം ആവശ്യമെന്ന് ഞങ്ങൾ കരുതുമ്പോൾ തന്നെ പേര് പറഞ്ഞുകൊണ്ട് , ഭരണഘടനാ വിരുദ്ധവും ധർമ്മികതയ്ക്ക് നിരക്കാത്തതുമായ സിഎഎ - എൻ പി ആർ - എൻആർസി യ് ക്കെതിരെ ശബ്ദിക്കാൻ ധൈര്യം കാട്ടിയവരെയെല്ലാം നോട്ടമിട്ട് അക്രമകാരികൾ എന്ന് മുദ്ര കുത്തി വ്യാജക്കേസുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്ന നടപടിയാണ് ഡെൽഹി പോലീസ് സ്വീകരിച്ചുവരുന്നത് . സിഎഎ - എൻആർസി - എൻപിആർ ഇന്ത്യയെന്ന ആശയത്തെ എന്നെന്നേക്കുമായി ശിഥിലീകരിക്കുന്ന ഒരു ആസൂത്രിത പദ്ധതിയാണ് . ഇത് നടപ്പാക്കൽ സാധിക്കാത്ത വിധത്തിൽ, സ്വാതന്ത്ര്യത്തിന് ശേഷം രാജ്യവ്യാപകമായി ഇന്ത്യ കണ്ട ഏറ്റവും സൃഷ്ടിപരവും ഊർജ്ജസ്വലവും ആയ ജനകീയ പ്രക്ഷോഭം ആണ് ഉണ്ടായത് .അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ ഉള്ളിലിരുപ്പിന് കടകവിരുദ്ധമായി ജനങ്ങൾ ഐക്യപ്പെട്ട് നാനാത്വങ്ങളിലെ ഏകതയുടേ യും , ധീരതയുടേയും ,സമാധാനപരമായ പ്രതിഷേധത്തിന്റെയും ഉത്തമമാതൃകകൾ സൃഷ്ടിച്ചപ്പോൾ ആണ് ഭരണകക്ഷി അതിന് നല്ലപോലെ ചെയ്യാൻ അറിയുന്ന പണിയുമായി രംഗപ്രവേശം നടത്തിയത് .അവരുടെ നിയന്ത്രണത്തിലുള്ള പോലീസ് സേനയേയും സേവക്കാരായ മാധ്യമങ്ങളേയും എല്ലാ ഡ്രകോണിയൻ നിയമങ്ങളേയും പ്രതിഷേധിക്കുന്നവർക്കെതിരെ, വിശേഷിച്ചും ചിന്തിക്കുന്ന യുവമനസ്സുകൾക്കെതിരെ കയറൂരിവിട്ട് വേട്ടനടത്തുകയാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുത്വഭാവനയും സമത്വവും പുലരുന്ന ഒരു ഇന്ത്യയെക്കുറിച്ച് യുവാക്കൾ സ്വപ്നം കാണരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്.

സമാധാനപരമായി പ്രതിഷേധങ്ങൾ നടന്ന സ്ഥലങ്ങൾ ബലം പ്രയോഗിച്ചു് ഒഴിപ്പിക്കുമെന്നു പട്ടാപ്പകൽ ഭീഷണി മുഴക്കുകയും, തോക്കുകൾ കാട്ടി പേടിപ്പിക്കാൻ ശ്രമിക്കുകയും, പ്രകോപനം സൃഷ്ടിക്കാൻ ഹിംസാത്മകമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്ത യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് ജനാധിപത്യപരമായി പ്രതിഷേധത്തിന്റെ ശബ്ദം ഉയർത്തിയവരെയെല്ലാം പടിപടിയായി കേസുകളിൽ കുടുക്കുന്നത്. വ്യാജക്കേസുകൾ ചുമത്തപ്പെട്ടവരിൽ വിദ്യാർത്ഥികളും, അക്കാഡമിക് പണ്ഡിതരും , കലാരംഗത്ത് പ്രവർത്തിക്കുന്നവരും, രാഷ്ട്രീയനേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഉൾപ്പെടുന്നു.

ദുരുദ്ദേശ്യപരവും മുൻ വിധിയോടെയുള്ളതും ആയ അതിരുവിട്ട അന്വേഷണം ഉടൻ നിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട എല്ലാ സാമൂഹ്യപ്രവർത്തകരെയും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം, ഡെൽഹി ഹിംസയ്ക്കു പിന്നിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ഒരു ജുഡീഷ്യൽ അന്വേഷണം ഉടനെ പ്രഖ്യാപിക്കണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.

സെയ്ദാ ഹമീദ്  ( എഴുത്തുകാരിയും  പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യയിൽ മുൻ അംഗവും )

പ്രശാന്ത് ഭൂഷൺ ( സീനിയർ അഭിഭാഷകൻ )

കവിത കൃഷ്ണൻ ( പോളിറ്റ് ബ്യൂറോ മെമ്പർ, സിപിഐഎംഎൽ )  

പമീല ഫിലിപ്പോസ്  ( മുതിർന്ന മാധ്യമപ്രവർത്തക )

നന്ദിത നാരായൺ ( ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേർസ് അസ്സോസിയേഷൻ ( DUTA ) മുൻ പ്രസിഡൻറ് )

 


No comments:

Post a Comment