Tuesday 25 May 2021

ലക്ഷദ്വീപിനൊപ്പം നിൽക്കുക : പ്രഫുൽ ഖോദാ പട്ടേലിനെ ഉടൻ പിൻവലിക്കുക 

സിപിഐ എംഎൽ കേന്ദ്ര കമ്മിറ്റി പ്രസ്താവന ,
ന്യൂ ഡെൽഹി , 25 05 -2021 


കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ജനതയുടെ ഫെഡറൽ അവകാശങ്ങൾക്കും തനതു സാംസ്‌കാരിക പൈതൃകത്തിനും എതിരായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ തുറന്ന ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ സി പി ഐ എം എൽ ദ്വീപ് ജനതയ്‌ക്കൊപ്പം നിൽക്കുന്നു.
നാഗരാസൂത്രണത്തിന്റെ പേരിലോ മറ്റ് വികസനപ്രവർത്തനങ്ങളുടെ പേരിലോ ദ്വീപ് നിവാസികളുടെ ഭൂമി തട്ടിയെടുക്കാനും അവരെ എങ്ങോട്ടുവേണമെങ്കിലും മാറ്റിപ്പാർപ്പിക്കാനും അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന പുതിയ കരട് റെഗുലേഷൻ ആയ ലക്ഷദ്വീപ് ഡെവലപ്മെന്റ്റ് അതോറിറ്റി റെഗുലേഷൻ -2021 ( Draft LDAR -2021 ) പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
ഏതൊരു വ്യക്തിയെയും പരസ്യമായി ഒരു അറിയിപ്പുമില്ലാതെ ഒരു വർഷംവരെ തടവിൽ വെക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന ഒരു നിയമം ആണ് 2021 ജനുവരിയിൽ നിലവിൽ വന്ന പ്രിവെൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റിസ്‌ ആക്ട് (PASA ). തികച്ചും ഭരണഘടനാവിരുദ്ധമായ ഈ നിയമം പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
ലക്ഷദ്വീപ് ആനിമൽ പ്രിസർവേഷൻ റെഗുലേഷൻ എന്ന പേരിൽ ബീഫ് നിരോധനം ലക്ഷ്യമാക്കുന്ന മറ്റൊരു ഡ്രക്കോണിയൻ നിയമത്തിന്റെ കരട് തയ്യാറായിരിക്കുന്നു. ഇത് ഉടൻ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ , സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കാൻ ഉള്ള നീക്കം ഉൾപ്പെട്ട നടപടികൾ ലക്ഷദ്വീപിലെ ജനതയുടെ ഭക്ഷണ സംസ്കാരത്തിന് മേലെയുള്ള സംഘപരിവാർ കടന്നാക്രമണത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ ആണ്.
പഞ്ചായത്ത് ഭരണസംവിധാനം സംബന്ധിച്ച ഒരു കരട് വിളംബരത്തിൽ പറയുന്നത് രണ്ടിൽ കൂടുതൽ സന്താനങ്ങളുള്ളവർക്ക് പഞ്ചായത്ത് മെമ്പർമാരാവുന്നതിന് അയോഗ്യത കല്പിക്കും എന്നാണ് . കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനപ്രവർത്തനങ്ങൾ, മൃഗപരിപാലനം തുടങ്ങിയ എല്ലാ മേഖലകളിലും പഞ്ചായത്തിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞ് അവയെല്ലാം കേന്ദ്ര സർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമാക്കാനുള്ള നിർദേശങ്ങൾ ആണ് കരട് പഞ്ചായത്ത് നോട്ടിഫിക്കേഷനിലുള്ളത് .
മേൽപ്പറഞ്ഞ എല്ലാ നിയമനടപടികൾക്കും പിന്നാലെ , പ്രസ്തുത കേന്ദ്രഭരണപ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾക്കെതിരായ കയ്യേറ്റങ്ങളും ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് : മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുനീക്കൽ , കരാർ തൊഴിലാളികളെയും താൽക്കാലികജോലിക്കാരെയും കൂട്ടത്തോടെ പിരിച്ചുവിടൽ, സ്കൂളുകളിൽ ഉച്ചഭക്ഷണമുണ്ടാക്കുന്ന തൊഴിലാളികളുടേയും കായികാ ധ്യാപകരുടെയും സേവനം അവസാനിപ്പിക്കൽ , 38 അംഗൻവാടികൾ നിർത്തലാക്കൽ , ഇതെല്ലാം ആണ് സംഭവിച്ചിരിക്കുന്നത്.
ജനങ്ങൾക്കുമേൽ നടത്തുന്ന ദ്രോഹങ്ങളെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രഫുൽ ഖോദാ പട്ടേലും മോദി ഭരണകൂടവും ചേർന്ന് ഇസ്ലാമോഫോബിയ പരത്തുന്ന വ്യാജവാർത്തകളും ധാരാളമായി പടച്ചുവിടുന്നുണ്ട്. ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടത്തുകയായിരുന്ന ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യൻ നാവികസേന കണ്ടെത്തി കയ്യോടെ പിടികൂടി എന്ന വാർത്ത പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ, ഇത്തരം വാർത്തകളിലെ വസ്തുതകൾ പരിശോധിച്ച് കൃത്യമായി കണ്ടെത്തുന്ന വെബ്സൈറ്റുകൾ മേൽപ്പറഞ്ഞ വാർത്ത വ്യാജമായിരുന്നുവെന്ന് തെളിയിച്ചു . ലക്ഷദ്വീപ് തീരത്ത് നിന്നും 90 നോട്ടിക്കൽ മൈലുകൾ അകലെ നടന്ന മറ്റൊരു സംഭവത്തിന്റെ വളച്ചൊടിച്ച റിപ്പോർട്ട് ആയിരുന്നു അത് : പിടികൂടിയ സമുദ്രയാനങ്ങളുടെ ലക്ഷ്യമാവട്ടെ കേരളം ആയിരുന്നുമില്ല. പാകിസ്ഥാൻ വഴിയായി ശ്രീലങ്കയ്‌ക്ക്‌ കടക്കാൻ ശ്രമിച്ച യാനങ്ങൾ ആയിരുന്നു യഥാർത്ഥത്തിൽ തടയപ്പെട്ടത്‌ .
പ്രഫുൽ ഖോദ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കാനും, ആ ഉദ്യോഗസ്ഥന്റെ ഭരണത്തിൽ ഇറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാനും ഉള്ള ആവശ്യങ്ങളിൽ സി പി ഐ എം എൽ ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പം നിലകൊള്ളുന്നു.

No comments:

Post a Comment