Tuesday 6 July 2021

 ആൾ ഇന്ത്യാ ലോയേഴ്‌സ് അസ്സോസിയേഷൻ ഓഫ് ഫോർ ജസ്റ്റീസ് (AILAJ)

ബെംഗലൂരു ,
Date: 05.07.2021
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഒരു വ്യവസ്ഥാപിതക്കൊലപാതകമല്ലാതെ മറ്റൊന്നുമല്ല.
ഫാദർ സ്റ്റാൻ സ്വാമി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഒരു ജെസ്യൂട്ട് പുരോഹിതനായിരുന്ന ഫാദർ സ്വാമി ആദിവാസി-ദലിത് ജനസമൂഹങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി അനേക ദശാബ്ദങ്ങളായി പ്രവർത്തിച്ചു വരവേ ആയിരുന്നു ഭീമാ കോരേഗാവ് കേസ് അന്വേഷിക്കുന്ന എൻ ഐ എ അദ്ദേഹത്തിന്റെ മേൽ കേസ് കെട്ടിച്ചമച്ച് അറസ്റ്റു ചെയ്തത്. .
84 വയസ്സുള്ള ഫാദർ സ്റ്റാൻ നെ 2020 ഒക്ടോബർ 8 ന് അറസ്റ്റ് ചെയ്തശേഷം തലോജ സെൻട്രൽ ജെയിലിൽ ആണ് പാർപ്പിച്ചിരുന്നത്. ഗുരുതരമായ പാർകിൻസൺ രോഗം ഉൾപ്പെടെയുള്ള അനേകം ശാരീരിക അവശതകൾ മൂലം ഒരു കപ്പ് കൈയ്യിൽ പിടിക്കാനോ, ഗ്ലാസ്സിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിൽ വെള്ളം വലിച്ചുകുടിക്കാൻ വേണ്ടി സിപ്പർ ചോദിച്ചപ്പോൾ ജെയിൽ അധികാരികൾ അത് കൊടുക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് നിസ്സാരമായ ഈ ആവശ്യം അനുവദിച്ചുകിട്ടാൻവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. കോടതിയാകട്ടെ, ഈ പ്രശ്നത്തിൽ മറുപടി ബോധിപ്പിക്കാൻ എൻ ഐ എ യ്ക്ക് ഇരുപതു ദിവസങ്ങൾ ആണ് അനുവദിച്ചിരുന്നത്! അനേകം ആഴ്ചകൾ ആയിട്ടും അധികാരികൾ പരിഗണിക്കാൻ കൂട്ടാത്ത വളരെ പ്രധാനപ്പെട്ട ഒരു ചെറിയ ആവശ്യം അദ്ദേഹത്തിന് ഒടുവിൽ അനുവദിച്ചു കിട്ടിയത് പൊതുജനാഭിപ്രായത്തിന്റെ സമ്മർദ്ദം ഒന്നുകൊണ്ടുമാത്രമായിരുന്നു. യു എ പി എ വകുപ്പുകൾ ചുമത്തപ്പെടുക എന്നുവെച്ചാൽ ഫലത്തിൽ അർഥം ജാമ്യാപേക്ഷകൾ തുടർച്ചയായി കോടതികൾ നിരസിക്കുക എന്നുകൂടിയാണ്.
അറസ്റ്റു ചെയ്യപ്പെടുമ്പോൾ തന്നെ മോശമായിരുന്ന അദ്ദേഹത്തിന്റെ ശാരീരിക നില ജെയിലിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ നിമിത്തം കൂടുതൽ വഷളാകാൻ ഇടയാക്കി. പിന്നീട് അദ്ദേഹത്തിന് കോവിഡ് ബാധിച്ചപ്പോൾ മാത്രമാണ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു അപേക്ഷ പരിഗണിച്ച് ജെയിലിൽനിന്നും മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാദർ സ്റ്റാൻ സ്വാമിയെ മാറ്റിയത്. ജാമ്യാപേക്ഷയിലുള്ള ഹിയറിംഗ് ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നടക്കുമ്പോൾ ആശുപത്രിയിൽ ആയിരുന്ന അദ്ദേഹവുമായി വിഡിയോ കോളിലൂടെ നേരിട്ട് സമ്പർക്കം പുലർത്തിയ കോടതിയോട് മേയ് 21 ന് ഫാദർ സ്റ്റാൻ ഇങ്ങനെ പറഞ്ഞു : എട്ടു മാസം മുൻപ് എനിക്ക് പരസഹായമില്ലാതെ ആഹാരം കഴിക്കാനും, നടക്കാനും കുറച്ച് എഴുതാനും കുളിക്കാനും ഒക്കെ സാധിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം ഒന്നൊന്നായി അസാധ്യമായിത്തീർന്നിരിക്കുകയാണിപ്പോൾ. തലോജ യിലെ ജെയിൽ വാസമാണ് എന്നെ ഇങ്ങനെയൊരു സ്ഥിതിയിൽ ആക്കിയത്.എനിക്ക് ആഹാരം കഴിക്കാനും, നടക്കാനും, എഴുതാനുമെല്ലാം പരസഹായം വേണ്ടിവന്നിരിക്കുന്നു. അതിനാൽ , എങ്ങനെ എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു എന്ന കാര്യം പരിഗണിക്കാൻ .ഞാൻ അപേക്ഷിക്കുന്നു."
ഫാദർ സ്റ്റാൻ ഇന്ന് നമ്മുടെയിടയിലില്ല. മോദി - അമിത് ഷാ ഭരണകൂടം ഭീമ കോരേഗാവ് കേസിനെ വിയോജിപ്പിന്റെ ശബ്ദങ്ങളെ ജെയിലിൽ അടക്കാനുള്ള ഒരു ഉപാധിയാക്കിയിരിക്കുകയാണ് .രാഷ്ട്രീയമായ വിയോജിപ്പുകളെ അടിച്ചമർത്താൻ വേണ്ടി ക്രിമിനൽ നിയമവും അന്വേഷണ ഏജൻസികളും ആയുധവൽക്കരിക്കപ്പെട്ടിരിക്കുന്നു. നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളെ തുടച്ചുനീക്കുന്ന വിധത്തിൽ ആണ് യുഎപിഎ പ്രവർത്തിക്കുന്നത്. ജാമ്യം സാധാരണ തത്വവും ജെയിൽ അപവാദവും എന്ന സങ്കൽപ്പത്തെ കീഴ്മേൽ മറിച്ചിട്ടുകൊണ്ട് ജെയിൽ സാധാരണവും ജാമ്യം അപവാദവും എന്നാക്കിയിരിക്കുന്നു. ഫാദർ സ്റ്റാൻ ന്റെ ആരോഗ്യം പടിപടിയായും സുനിശ്ചിതമായും തകർക്കുന്ന ഒരു പദ്ധതിക്ക് തലോജ സെൻട്രൽ ജയിലധികൃതർ മേൽനോട്ടം വഹിക്കുകയായിരുന്നു. വെള്ളം കുടിക്കാൻ ഉള്ള ഒരു സിപ്പർ അനുവദിച്ചുകിട്ടാൻ ഫാദർ സ്‌റ്റാൻ ന് ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടിവന്ന അവസ്ഥയാണ് അവർ ഉണ്ടാക്കിയത്. അഭിഭാഷകരായ നമ്മൾക്ക് അറിയാവുന്നതുപോലെ , ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നതിൽ കോടതികൾ ഒരിക്കലും പരാജയപ്പെട്ടുകൂടാ. ജസ്റ്റീസ് എ പി ഷാ ചൂണ്ടിക്കാട്ടിയത്പോലെ , " ജനാധിപത്യത്തിന്റെ മരണം തടയാൻ കെൽപ്പുള്ള ഒരേയൊരു സ്ഥാപനം അതിന് കൂട്ടുനിൽക്കുകയാണ്" എന്ന സ്ഥിതിയാണ് ഇത്.
യു എ പി എ യുടെ ഉപയോഗവും ദുരുപയോഗവും വളരെ ഏറിയിട്ടുള്ള ഇക്കാലത്ത് സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാർ പോലും കോടതികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെക്കുറിച്ച് അവരുടെ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. വിശേഷിച്ചും ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കോടതികൾ കാട്ടുന്ന വിമുഖതയാണ് അവർ എടുത്തുകാട്ടുന്നത് .
യു എ പി എ യും മറ്റ് ഡ്രകോണിയൻ നിയമങ്ങളും റദ്ദാക്കാനുള്ള ആവശ്യം ഉന്നയിച്ചുള്ള സമരങ്ങളിലും ഭൂരിപക്ഷമേധാവിത്വവാദികളായ ഇന്നത്തെ കേന്ദ്ര സർക്കാർ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും മോചിതരാക്കാനുള്ള ക്യാമ്പെയിനുകളിലും മുന്നിൽ നിന്നിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ പോരാട്ട ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ AILAJ ദൃഢ നിശ്ചയം ചെയ്യുന്നതോടൊപ്പം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
.
ക്ലിഫ്റ്റൺ ഡി റൊസാരിയോ


നാഷണൽ കൺവീനർ ,
ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ് .
(AILAJ )

No comments:

Post a Comment