Tuesday, 17 August 2021

 

അഫ് ഗാനിസ്ഥാൻ താലിബാൻ ഭരണത്തിന് കീഴിൽ :
സിപിഐ എംഎൽ  പ്രസ്താവന
 

ന്യൂ ഡെൽഹി , ആഗസ്ത് 16 ,2021
റെ ആശങ്കാജനകമായ സംഭവവികാസങ്ങളിലൂടെയാണ് അഫ് ഗാനിസ്ഥാൻ കടന്നുപോകുന്നത്. അതിശയിപ്പിക്കുന്ന വേഗത്തിൽ താലിബാൻ ഭരണം പിടിച്ചെടുത്തതുമുതൽ ആ രാജ്യം ഭയാനകമായ അരാജകതയുടെയും അനിശ്ചിതത്വത്തിന്റെയും നാളുകളിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. സാധാരണ പൗരന്മാർക്കെതിരേ ഹിംസാത്മകമായ കയ്യേറ്റങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മനുഷ്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങളും വ്യവസ്ഥാപിതമായ മാതൃകയിൽ നടന്നുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഫ് ഗാനിസ്ഥാന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പൂർണ്ണമായും ഉത്തരവാദി അമേരിക്കൻ വിദേശനയം ആണ്. 1980 ,1990 ദശകങ്ങളിൽ താലിബാനെ വളർത്തി പ്രോത്സാഹിപ്പിക്കുകയും , 2001 സെപ്റ്റംബർ 11 ന് ശേഷം അഫ്‌ഗാനിസ്ഥാനിൽ അധിനിവേശം നടത്തുകയും ചെയ്ത ശേഷം യാതൊരു തയ്യാറെടുപ്പും ഇല്ലാതെയാണ് ഇപ്പോൾ അമേരിക്ക അഫ് ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്. അമേരിക്കൻ അധിനിവേശവാഴ്ചയുടെ സാമാന്യമായ മാതൃകതന്നെയാണ് അഫ് ഗാനിസ്ഥാനിലും അരങ്ങേറിയിട്ടുള്ളത് . അതിന്റെ ഫലമായിട്ടാണ് അഫ് ഗാനിസ്ഥാനിലെ ജനങ്ങൾ ഇത്രയേറെ ദുരിതങ്ങൾ അനുഭവിക്കാൻ ഇടവന്നത്.
1996 മുതൽ 2001 വരേയുള്ള ഒരു കാലഘട്ടത്തിൽ താലിബാൻ ഭരണത്തിന്റെ പ്രതിലോമപരവും സ്വേച്ഛാധികാരപ്രമത്തവും ആയ നയങ്ങളുടെ പ്രത്യാഘാതങ്ങളും ദുരിതങ്ങളും ജനങ്ങൾ അനുഭവിച്ചതാണ്. തന്മൂലം ഇന്ന് ലോകം പൊതുവിലും , വിശേഷിച്ചും ദക്ഷിണേഷ്യയും ഈ മേഖലയുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് കടുത്ത ഭയാശങ്കകളിൽ ആണ്. കടുത്ത സാമൂഹ്യ സംഘർഷങ്ങൾക്കിടയിൽ ജീവിക്കുന്ന ഈ രാജ്യത്തിലെ ജനത സമാധാനത്തിനും, പുരോഗതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരവുമായി മുന്നോട്ട് പോകുമ്പോൾ നടത്തുമ്പോൾ ലോകത്തിലെ പൊതുജനാഭിപ്രായവും അന്താരാഷ്ട്ര സമൂഹത്തിൽനിന്നുള്ള അനുകൂലമായ സമ്മർദ്ദവും അവരെ വിജയത്തിലെത്താൻ തുണയ്ക്കുമെന്ന് പ്രത്യാശിക്കുന്നു.
അഫ് ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതരായി നാട്ടിൽ എത്തിക്കണമെന്ന് ഇന്ത്യാ ഗവണ്മെൻറിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസാവശ്യത്തിനും, തൊഴിൽ പരമായും മറ്റും ഉള്ള വേറെ കാരണങ്ങൾ കൊണ്ടും ഇപ്പോൾ ഇന്ത്യയിൽ കഴിയുന്ന അഫ് ഗാനിസ്ഥാൻ പൗരർക്കും പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഇന്ത്യാ ഗവൺമെന്റ് ഉറപ്പുവരുത്തണം. അഫ് ഗാനിസ്ഥാനിൽ നിലവിലുള്ള പ്രതിസന്ധികൾ മറികടന്നു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുന്നത്‌വരേയും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വരും എന്നതിനാൽ അവർ ഇന്ത്യയിൽ അഭയം തേടാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ മുസ്ലീങ്ങളായ അഫ് ഗാൻ അഭയാർത്ഥികൾക്കെതിരെ ഒരു കാരണവശാലും സർക്കാരിന്റെ ഭാഗത്തുനിന്ന് വിവേചനം ഉണ്ടാവാൻ പാടില്ല. അഭയാർത്ഥികളെ ഹിന്ദുവെന്നും മുസ്‌ലിം എന്നും വേർതിരിച്ചു വിവേചനം നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതിയുടെ അർത്ഥശൂന്യത ഏവർക്കും ബോദ്ധ്യമാവുന്ന സമയമാണ് ഇത് .
അഫ് ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ജനാധിപത്യവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ആ രാജ്യത്തിലെ ജനതയ്ക്കും തല്സംബന്ധമായി ലോകവ്യാപകമായി ഉയർന്നുവരുന്ന പൊതുജനാഭിപ്രായത്തിനും ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു; അതെ സമയം അഫ് ഗാനിസ്ഥാൻ സംഭവവികാസങ്ങൾ ഒഴിവുകഴിയായി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ മുസ്‌ലിം വിരോധവും വർഗ്ഗീയ അസ്വാസ്ഥ്യങ്ങളും കുത്തിപ്പൊക്കാൻ തക്കം പാർത്തിരിക്കുന്ന തൽപരകക്ഷികളുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തനും അവയെ പരാജയയപ്പെടുത്താനും ഇതോടൊപ്പം ആഹ്വാനം ചെയ്യുന്നു. മതതീവ്രവാദപരമായ രാഷ്ട്രീയ ശക്തികൾ ആധിപത്യം ആർജ്ജിച്ചതുമൂലം അഫ് ഗാനിസ്ഥാൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ഇന്ത്യയ്ക്ക് പാഠമാകേണ്ടതാണ്‌ . മതാധിഷ്ഠിത തീവ്രവാദത്തിന്റെ രാഷ്ട്രീയം തളിക്കളഞ്ഞുകൊണ്ട് സാമുദായിക സൗഹാർദ്ദത്തിനും സാമൂഹ്യ പുരോഗതിക്കും ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള സമരങ്ങൾക്ക് കൂടുതൽ കരുത്ത് പകരേണ്ട സന്ദർഭം കൂടിയാണ് ഇത്. - കേന്ദ്ര കമ്മിറ്റി,
സിപിഐ എംഎൽ .


Saturday, 14 August 2021

 പ്രസ്സ് റിലീസ് :

ഇന്ത്യാവിഭജനചരിത്രത്തിന്റെ ഓർമ്മകളെ വിഭാഗീയതകൾ കുത്തിപ്പൊക്കാൻ ഉപയോഗിക്കുന്ന മോദി സർക്കാരിന്റെ തന്ത്രം തിരിച്ചറിയുക. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ശരിയായ പാരമ്പര്യവും സ്വതന്ത്ര ഇന്ത്യ യെക്കുറിച്ചുള്ള ഭരണഘടനാ വീക്ഷണവും നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുക. വർഗ്ഗീയ വിഭാഗീയതയും വിദ്വേഷ രാഷ്ട്രീയവും തുടരാൻ അനുവദിക്കുന്നതിന് പകരം, അവയെ സുനിശ്ചിതമായി തള്ളിക്കളയുന്നതിനു വേണ്ടി ഇന്ത്യാവിഭജന ഓർമ്മ പുതുക്കുക. 14 ആഗസ്റ്റ്, 2021: വിഭജനത്തിന്റെ ഭീതിദമായ ഓർമ്മകളിൽ നിന്നും നമുക്ക് പഠിക്കാനുള്ളത് മതസ്വത്വ ഭാവനക ളുടെ കെട്ടുപാടുകളിൽ നിന്നും മുക്തമായ ദേശീയത, ഇന്ത്യയുടെ ആന്തരിക വൈവിധ്യങ്ങളെ ആദരപൂർവ്വം അംഗീകരിക്കൽ, ഒരേ വിഭജനത്തിന്റെ ദുരന്ത ഓർമ്മകൾ പേറുന്ന മൂന്ന് അയൽരാജ്യങ്ങൾ ആയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാ ജ്യങ്ങൾക്കിടയിൽ സുഹൃൽ ബന്ധങ്ങൾ സ്ഥാപിക്കപ്പെടൽ എന്നിവയാണ്.

ആഗസ്ത് 14 "വിഭജനദുരന്ത ഓർമ്മദിന"മായി പ്രഖ്യാപിച്ച മോദി ഗവണ്മെന്റ് യഥാർത്ഥത്തിൽ ഉന്നമിടുന്നത് അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ചരിത്രത്തെ കേവലം വിഭജന ദുരന്തത്തിന്റെ ചരിത്രമായി ചിത്രീകരിച്ച് മുറിവുകൾ എക്കാലത്തും ഉണങ്ങാതെ നിലനിർത്താൻ ആണ്. സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള ദിശയിൽ കൂടുതൽ ഇരുട്ട് പരത്താൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. തീർച്ചയായും നമ്മൾ അത് ആഗ്രഹിക്കുന്നില്ല.
വിഭജനത്തിന്റെ ഭീതിദമായ ദിനങ്ങളിലേക്കു തിരിച്ചുപോകാനോ അവ പുനസ്സൃഷ്ടിക്കാനോ ഉറപ്പായും ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. നേരെ മറിച്ച്, ഭൂതകാലത്തിലെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാനാണ് നാം താല്പര്യപ്പെടുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ നെടും തൂണുകൾ ആയ ഒരു സ്വതന്ത്ര ഇന്ത്യ ആണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് . ഇന്ത്യയുടെ 74) മത് സ്വാതന്ത്ര്യദിനത്തെ മോദി സർക്കാർ "വിഭജനദുരന്ത ഓർമ്മദിന"മായി പ്രഖ്യാപിച്ചത് മേൽപ്പറഞ്ഞ അടിസ്ഥാന ഭാവനകളെ കളങ്കിതമാക്കുന്നു

ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി,
സിപിഐഎംഎൽ ലിബറേഷൻ.