Tuesday, 25 October 2022





 2022 ഒക്ടോബർ 14 മുതൽ 18 വരെ തീയതികളിൽ വിജയവാഡയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  [CPI ] യുടെ  24 -)മത് പാർട്ടി കോൺഗ്രസ്സിന്

സി പി ഐ (എം എൽ )ലിബറേഷൻ
കേന്ദ്ര കമ്മിറ്റിയുടെ പേരിൽ ആശംസകൾ  അർപ്പിച്ചുകൊണ്ട്  
ജനറൽ സെക്രട്ടറി സ :ദീപങ്കർ ഭട്ടാചാര്യ
നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രൂപം.



പ്രസീഡിയം സഖാക്കളേ , വിശിഷ്‌ടാതിഥികളേ ,കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ 24 -)0 പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളും നിരീക്ഷകരുമായി ഇവിടെ ഒത്തുകൂടിയവരേ,
നിങ്ങൾക്കെല്ലാം എന്റെ വിപ്ലവാഭിവാദനങ്ങൾ . 

 ഉൽഘാടന സെഷനിൽ ആശംസകൾ അർപ്പിക്കുന്നതിനുവേണ്ടി എന്നെ ക്ഷണിച്ചതിന് സഖാവ് ഡി രാജയ്ക്ക് നന്ദി പറയുന്നു. നിങ്ങളുടെ പാർട്ടി കോൺഗ്രസ്സ് എല്ലാവിധത്തിലും ഒരു വിജയമാവട്ടെ എന്ന് സി പി ഐ എം എൽ കേന്ദ്ര കമ്മിറ്റിയുടെയും ഞങ്ങളുടെ പാർട്ടിയിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ ആശംസിക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട് .നിങ്ങളുടെ പാർട്ടിയിലെ സമുന്നതരായ പല നേതാക്കളുമായും മുൻപ്   ഇടപഴകാൻ ഉണ്ടായ അനേകം അവസരങ്ങൾ നല്ല ഓർമ്മകളായി  എന്നും സൂക്ഷിക്കാൻ  വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നു. സഖാക്കൾ ചന്ദ്ര രാജേശ്വര റാവു, ഇന്ദ്രജിത്‌  ഗുപ്ത ,എ ബി ബർദാൻ , ജഗന്നാഥ് സർക്കാർ
ചതുരാനൻ  മിശ്ര ,ഭോഗേന്ദ്ര ഝa എന്നിവർ അവരിൽപ്പെടുന്നു. സി പി ഐ യിലെ മൺമറഞ്ഞ  മഹാരഥർക്കും, അനശ്വരരായ രക്തസാക്ഷികൾക്കും എന്റെ  ആദരപൂർവ്വമായ അഭിവാദ്യങ്ങൾ .  അതുപോലെ, ചരിത്രപ്രധാനമായ തെലുങ്കാനാ സമരത്തിലും പിൽക്കാലത്ത് അതിന്റെ അലകൾ ആയി ശ്രീകാകുളത്തും അവിഭക്ത ആന്ധ്രാപ്രദേശിലെ മറ്റു ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട കാലത്തും പാർട്ടിക്ക് നേതൃത്വം നൽകിയ സഖാക്കൾക്കും  എന്റെ അഭിവാദ്യങ്ങൾ .

സഖാക്കളെ,

ആഗോള മുതലാളിത്തം ആഴത്തിലുള്ളതും നീണ്ടുനില്ക്കുന്നതുമായ സാമ്പത്തിക ക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയും കോവിഡ് - 19 എന്ന ലോകവ്യാധിമൂലുണ്ടായ ദുരന്തത്തിൽ നിന്നും തകർച്ചയിൽ നിന്നും ഇനിയും മോചനം നേടാതിരിക്കുകയും ചെയ്യുമ്പോളും ഒരുവൻ യുദ്ധത്തിൻ്റെ ചുഴിയിലേക്ക് ലോകം വീണ്ടും വലിച്ചിഴക്കപ്പെട്ട ഒരു സന്ദർഭത്തിലാണ് നാം സമ്മേളിക്കുന്നത്. ഉക്രെയ്നിൻ്റെ സ്വാതന്ത്രൃം  ലെനിൻ്റെ തെറ്റായ ഒരു സമ്മാനമായതിനാൽ അത് തിരുത്തപ്പെടണമെന്ന് പറഞ്ഞ് റഷ്യ ഏകപക്ഷീയമായി ഉക്രെയ്നെ ആക്രമിച്ചിട്ട് ഏതാണ്ട് എട്ട് മാസമാവുന്നു.നീതിരഹിതമായ ഈ യുദ്ധം ഇപ്പോൾത്തന്നെ കനത്ത നഷ്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഉക്രെയ്നിൻ്റെ പരമാധികാരത്തെ മാനിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തിൽ എത്രയും വേഗം ഈ യുദ്ധം അവസാനിപ്പിക്കണം. യൂറോപ്പിൽ പ്രകടമായും വലതുപക്ഷത്തേക്കുള്ള ചായ് വിൻ്റെ അലോസരപ്പെടുത്തുന്ന അടയാളങ്ങൾ കാണുമ്പോഴും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിൻ്റെ പുത്തൻ തിരിച്ചു വരവിൽ നിന്നും മർദ്ദകമായ മത ഭരണത്തിനെതിരെയുള്ള ബഹുജന പ്രസ്ഥാനമായി വളരുന്ന ഇറാനിലെ സ്ത്രീകളുടെ ശക്തമായ പ്രക്ഷോഭത്തിൽ നിന്നും നമുക്ക് ആവേശവും പ്രചോദനവും ലഭിക്കുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ തുടർച്ചയായ രണ്ടാം വിജയം തൊട്ടിങ്ങോട്ട് എല്ലാ മേഖലകളിലും അതിവേഗം വ്യാപിക്കുന്ന ഫാഷിസ്റ്റ് അക്രമമാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് മുക്ത ഭാരതം എന്ന 2014ലെ തിരഞ്ഞെടുപ്പു മുദ്രാവാക്യത്തിൽ നിന്ന് മുന്നോട്ട് പോയി ഇന്ത്യയെ പ്രതിപക്ഷ മുക്ത ജനാധിപത്യമാക്കാൻ ഭരണക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്കു വാങ്ങുന്നു: പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ ഒന്നൊന്നായി തകിടം മറിക്കുന്നു :പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും കേന്ദ്ര ഏജൻസികളെ വിട്ട് വേട്ടയാടുന്നു. ആക്റ്റിവിസ്റ്റുകളെയും വ്യാജ വാർത്തകൾ തുറന്നു കാട്ടുന്ന മാദ്ധ്യമപ്രവർത്തകരെയും നീതി തേടുന്ന അഭിഭാഷകരെയും ഓടിച്ച് പിടിച്ച് ജയിലിലടയ്ക്കുകയാണ്. മുസ്ലീങ്ങളെ രാവും പകലും രാക്ഷസരായി ചിത്രീകരിക്കുകയും പരസ്യമായി വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങൾ കൂടുതൽ ഉച്ചത്തിലും ഇടക്കിടെയും മുഴക്കുകയും ചെയ്യുന്നു. ദളിത് കൾ വർദ്ധിച്ചതോതിലുള്ള അക്രമങ്ങളും ഒഴിവാക്കലുകളും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അശോകവിജയദശമി ദിവസം ബുദ്ധമതത്തിലേക്ക് കൂട്ട മതം മാറ്റം സംഘടിപ്പിച്ചതിന് ഡൽഹി എ എ പി നേതാവ് രാജേന്ദ്രപാൽ ഗൗതമിനെ പീഡിപ്പിച്ച സംഭവം.

ഇന്ത്യയിൽ അതിജീവിക്കുന്ന ഒറ്റ പാർട്ടി ബി.ജെ.പി മാത്രമാണെന്ന് ജെ.പി.നദ്ദ വീമ്പ് പറയുമ്പോൾ, ഇനി ബി.ജെ.പി അമ്പതു കൊല്ലം ഇവിടെ ഭരിക്കുമെന്ന് അമിത് ഷാ പറയുമ്പോൾ, ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മോഹൻ ഭഗവത് ശഠിക്കുമ്പോൾ, സിവിൽ സമൂഹം പുതിയ യുദ്ധരംഗമാണെന്ന് അജിത് ഡോവൽ മുദ്ര കുത്തുമ്പോൾ അവർ അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യയുടെ ചിത്രമാണ് നമുക്കായി നൽകുന്നത്. വർഗ്ഗീയ ഫാഷിസ്റ്റ് ഇന്ത്യയെക്കുറിച്ചുള്ള ഈ സ്വപ്നം Mമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം തിരസ്കരിച്ചതാണ്. അത് ഒരു ഭരണഘടന നിർമ്മിക്കുകയും ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായിരിക്കണമെന്ന ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഭരണകൂട അധികാരത്തിൻ്റെ സമുന്നത സ്ഥാനത്തിരുന്നു കൊണ്ട് ഇന്ന് സംഘ - ബി ജെ പി കൂട്ടുകെട്ട് രാപ്പകൽ പണിയെടുക്കുന്നത് ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ഭരണഘടനയിലെ ദർശനത്തെ കടപുഴക്കവാറും ഒരു വർഗ്ഗീയ ഫാഷിസ്റ്റ് ചട്ടക്കൂടിനകത്ത് ഇന്ത്യയെ തടവിലിടാനും ആണ്.

1925ൽ അതിൻ്റെ ആരംഭം തൊട്ട് ഇത് വരെയും ആർ എസ് എസ്സ് ഈ ഉദ്ദേശത്തെ താലോലിച്ചു വരുന്നുണ്ട്.         ഈ ഗൂഢോദ്ദേശം രാജ്യത്തിന് മേൽ അടിച്ചേല്പിക്കാൻ ഇന്നതിന് കഴിയുന്നത് മോദി സർക്കാരിലൂടെ അതിന് ലഭിച്ച അധികാരവും ഭരണകൂട അധികാരത്തെ ജാഗ്രതാ സംഘങ്ങളിലൂടെ തെരുവിൽ പ്രയോഗിക്കുന്ന അധികാരവുമായി സംയോജിപ്പിക്കാൻ അതിനുള്ള കഴിവും മൂലമാണ്. മോദി സർക്കാരിൻ്റെ കൈകളിൽ വർദ്ധിച്ചതോതിൽ നടക്കുന്ന അധികാര കേന്ദ്രീകരണം ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു; സംഘപരിവാറിൻ്റെ ജാഗ്രതാസ്ക്വാഡുകൾക്ക് കൂടുതൽ നിർഭയമായി ഭരണത്തിൻ്റെ രക്ഷാധികാരിത്വത്തിൻ കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നു.ഇന്ത്യയുടെ അതിസമ്പന്നരായ കോടീശ്വരന്മാരുടെ കയ്യിൽ അഭൂതപൂർവമായ തോതിൽ നടക്കുന്ന സമ്പത്തിൻ്റെ കേന്ദ്രീകരണമാണ് അധികാരത്തിൻ്റെ മറ്റൊരുറവിടം. അതി സമ്പന്നർക്ക് വേണ്ടി അതിസമ്പന്നരാൽ നടപ്പിലാക്കപ്പെടുന്ന അതിസമ്പന്നരുടെ ഒരു ഏർപ്പാടായി വലിയ തോതിൽ സർക്കാർ ചുരുക്കപ്പെടുകയാണ്.

ഈ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക ദുരന്തത്തിൻ്റെ കെടുതികളിൽ നിന്ന് ഇന്ത്യയെ നമുക്ക് രക്ഷപ്പെടുത്തണം. ഭഗത് സിങ്ങ്, അംബദ്കർ, ഫൂലെ, പെരിയാർ തുടങ്ങിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശക്തവും ആഴത്തിലുള്ളതുമായ ജനാധിപത്യ അടിത്തറകൾക്ക് മേൽ ഇന്ത്യയെ നമുക്ക് പുതുക്കിപ്പണിയണം. ഹിന്ദുത്വ ശക്തികളുടെയും ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാരുടെയും യാത്ര ആരംഭിച്ചത് 1920 കളിൽ ഏതാണ്ട് ഒരേ സമയത്താണെന്ന കാര്യം ഓർക്കാതിരിക്കാൻ വയ്യ. ഇന്ന് ആറെസ്സെസ്സിന് അതിൻ്റെ ഗൂഢലക്ഷ്യം രാജ്യത്തിനു മേൽ അടിച്ചേല്പിക്കാനുള്ള ശക്തി കൈവന്നിട്ടുണ്ടെങ്കിൽ, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരായ നമുക്ക് ഇതിനെ പരാജയപ്പെടുത്താനും സ്വാതന്ത്ര്യം, സമത്വം സാഹോദര്യം, സാമാന്യ നീതി എന്നീ ഭരണഘടനാ വാഗ്ദാനങ്ങളെ നിറവേറ്റാനുമുള്ള ഉത്തരവാദിത്വം ഉറപ്പായും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിൻ്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട നീണ്ടു നില്ക്കുന്ന ഒരു യുദ്ധമായിരിക്കും അത് എന്ന് നമ്മൾ മനസ്സിലാക്കുന്നു. നമ്മൾ കമ്യൂണിസ്റ്റുകാർ ഇതിനായി നമ്മുടെ എല്ലാ സംഘടിതശക്തിയും സംയോജിപ്പിക്കുകയും നമ്മുടെ ഊർജം മുഴുവൻ സജ്ജീകരിക്കുകയും അവസരത്തിനൊത്തുയരാൻ നമ്മുടെ ധൈര്യമെല്ലാം ആവാഹിക്കുകയും വേണ്ടതുണ്ട്‌.

സ്വാതന്ത്ര്യ പ്രസ്ഥാന കാലത്തും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര മുന്നേറ്റത്തിലും ആറെസ്സെസ്സ് ഒട്ടും പ്രാധാന്യമില്ലാതെ ഓരങ്ങളിൽ കഴിഞ്ഞതാണ്. നമ്മൾ  കമ്യൂണിസ്റ്റുകാർ വീണ്ടും അവരെ ഓരങ്ങളിലേക്ക് തള്ളിമാറ്റണം.ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ വിപ്ലവാത്മകമായ പൈതൃകത്തിൻ്റെ വർണ്ണരാജി ആകമാനം നമ്മുടെ പ്രചോദനത്തിൻ്റെ പ്രഭവസ്ഥാനമാവണം- സാമ്രാജ്യത്വ വിരുദ്ധ ഫ്യൂഡൽ വിരുദ്ധ സമരങ്ങൾ തൊട്ട് ജാതി വിരുദ്ധമുന്നേറ്റത്തിൻ്റെയും യുക്തിവാദവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിപ്ലവാത്മകമായ സാമൂഹ്യ മാറ്റങ്ങൾക്കായുള്ള


ശക്തമായ പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തര കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതും വരെയുള്ള പലതും ഇക്കൂട്ടത്തിൽ വരും. ജനതയെ അവരുടെ ദൈനംദിന പോരാട്ടങ്ങളിൽ എത്ര മാത്രം വിപുലമായി സംഘടിപ്പിക്കാമോ അത്രയുംനമ്മുടെ കഴിവിൻ്റെ പരമാവധി ഉപയോഗിച്ച് ഐക്യപ്പെടുത്തണം. വർദ്ധിച്ചു വരുന്ന  കോർപ്പറേറ്റ് കൊള്ളയ്ക്കും പൊതുമുതലുകളും സേവനങ്ങളും സ്വകാര്യവത്കരിക്കുന്നതിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം പടുത്തുയർത്തണം. ഇത്തരം സംഘടിത സമരങ്ങളുടെ ശക്തി സമാഹരിച്ച് കൊണ്ട് വൈവിധ്യമാർന്ന പ്രതിപക്ഷ ശക്തികളുടെ കാര്യനിർവഹണ ക്ഷമവും ഫലപ്രദവുമായ ഒരു വിശാല ഐക്യം ഉണ്ടാക്കിയെടുക്കണം. അതുവഴി സുനിശ്ചിതമായ പ്രതിരോധത്തിലൂടെ ഫാഷിസ്റ്റുകളെ ഒറ്റപ്പെടുത്താനും . പരാജയപ്പെടുത്താനും കഴിയണം. ഈ ലക്ഷ്യത്തിന്നായി സി പി ഐ സമ്മേളനത്തിന് എല്ലാ വിജയവും ഒരിക്കൽക്കൂടി ആശംസിക്കുന്നു. ഇന്ന് നാം നേരിടുന്ന അഭൂതപൂർവമായ വെല്ലുവിളികളെ മറികടക്കാൻ പൂർണ്ണ സഹകരണം CPI(ML)ന് വേണ്ടി വാഗ്ദാനം ചെയ്യുന്നു.

സമരശക്തികളുടെ ഐക്യം നീണാൾ വാഴട്ടെ. ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാഷിസത്തെ പരാജയപ്പെടുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വീണ്ടെടുക്കാം. 

Friday, 21 October 2022

 വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളുക !

ഭീതിയെ ചെറുക്കുക !

സ്വാതന്ത്ര്യത്തിനുമേൽ അവകാശം സ്ഥാപിക്കുക !

[എം എൽ അപ്ഡേറ്റ് എഡിറ്റോറിയൽ

18 -24 ഒക്ടോബർ ]  

ഗ്ലോബൽ ഹംഗർ  ഇൻഡെക്സ് (GHI ) എന്നറിയപ്പെടുന്ന വിശപ്പിന്റെ സൂചകത്തിൽ ഇന്ത്യ തുടർച്ചയായി താഴോട്ട് വീണുകൊണ്ടിരിക്കുന്നു. 2020 ൽ 107 രാജ്യങ്ങളുടെ പട്ടികയിൽ 94 -)മത്  സ്ഥാനമായിരുന്നു ഇന്ത്യക്ക് എങ്കിൽ 2021 ൽ അത് 116 രാജ്യങ്ങളിൽ 101 -)മത് എന്നായി. 2022 ലെ ഗ്ലോബൽ ഹംഗർ ഇൻഡെക്സ് പട്ടികയിൽ 121 രാജ്യങ്ങൾ ഉള്ളതിൽ ഇന്ത്യയുടെ സ്ഥാനം 107-)മത് ആണ്. യുദ്ധത്തിൽ തകർന്നുപോയ അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള  ഇന്ത്യയുടെ അയൽരാജ്യങ്ങളെല്ലാം GHI യിൽ ബഹുദൂരം മുൻപിൽ ആണ്. ജനസംഖ്യയിൽ ഏതാണ്ട് ഇന്ത്യക്ക് ഒപ്പം അൽപ്പമാത്രം  മുന്നിൽ നിൽക്കുന്ന അയൽ രാജ്യമാണ് ചൈന. എന്നാൽ GHI യിൽ   ചൈനയുടെ പദവി ഏറ്റവും മുന്നിലുള്ള 1 മുതൽ 17  രാജ്യങ്ങളുടെ കൂട്ടത്തിലാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ചൈന വിശപ്പിന്റെ പ്രശ്നത്തെ ഏകദേശം  തരണം ചെയ്തുകഴിഞ്ഞപ്പോൾ ഇന്ത്യയിൽ അത് അതീവ ഗുരുതരമായ അവസ്ഥയിൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. മൊത്തം ജനസംഖ്യയുടെ അനുപാതത്തിൽ നോക്കുമ്പോൾ,  പോഷകാഹാരക്കുറവ് നിമിത്തം ആവശ്യത്തിന് ശരീരഭാരം ഇല്ലാതെ വളരുന്ന അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ ലോകത്തിൽ ത്തന്നെ ഏറ്റവുമധികം ഉള്ളത് ഇന്ത്യയിലാണ്.

മോദി  സർക്കാർ വിശപ്പിനെ നേരിടുന്നത് ആ വിഷയത്തെ പൊതുവ്യവഹാരങ്ങളിൽനിന്ന്  മറച്ചുപിടിച്ചും , ഗ്ലോബൽ ഹംഗർ ഇൻഡെക്സ് എന്നത്  പാശ്ചാത്യരുടെ ഒരു  നുണമാത്രമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടും ആണ്. ഒരു  ദശാബ്ദം മുൻപ് രൂപയുടെ മൂല്യശോഷണത്തേക്കുറിച്ചും അവശ്യ സാധനങ്ങളുടെ കുതിച്ചുകേറുന്ന വിലയെക്കുറിച്ചും വലിയതോതിൽ ഒച്ചവെച്ചവരാണ് സംഘപരിവാറും വൻകിട മാധ്യമങ്ങളും . എന്നാൽ, ഇപ്പോൾ പെട്രോളിനും പാചക ഇന്ധനത്തിനും  നിത്യോപഭോഗ വസ്തുക്കൾക്കുമെല്ലാം വിളകൾ കുതിച്ചുയരുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുകയും ചെയ്യുന്ന സ്ഥിതിയാണ്. ഈ സ്ഥിതി തുടർന്നാൽ ഡോളറിനു നൂറു രൂപ തികയുന്ന അവസ്ഥപോലും വിദൂരമല്ലാതാകും.പത്തു വർഷങ്ങൾ മുൻപ് രൂപയുടെ മൂല്യം കുറഞ്ഞുവരുന്ന അവസ്ഥ ചൂണ്ടിക്കാട്ടി അത് ഒരു ദുർബ്ബലമായ സർക്കാരിന്റെ ലക്ഷണമാണ് ,ധനകാര്യ രംഗത്തെ കെടുകാര്യസ്ഥതയുടെ ഫലമാണ് എന്നൊക്കെ പറഞ്ഞു നടന്ന വ്യക്തിയാണ് ഇപ്പോൾ പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്നത്. എന്നാൽ ഇപ്പോൾ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതിനേക്കുറിച്ചു അദ്ദേഹം തികഞ്ഞ നിശ്ശബ്ദത പാലിക്കുകയാണ്. എന്നാൽ, രൂപയുടെ മൂല്യം കുറയുന്നതല്ല ,യഥാർത്ഥ പ്രശ്നം ഡോളറിന് കരുത്ത് കൂടുന്നതാണ് എന്ന് മോദിയുടെ ധനകാര്യ മന്ത്രി പറയുന്നു! 
കടുത്ത വിശപ്പിന്റെയും, രൂപയുടെ മൂല്യശോഷണത്തിന്റെയും ,അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലുകളുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം മോദി ചെയ്യുന്നത് "ബിസിനസ്സ് എളുപ്പമാക്കേണ്ടതിന്റെ"  പ്രാധാന്യം തന്റെ ശ്രോതാക്കളെ  ഉദ്ബോധിപ്പിക്കലാണ്. 2021 സെപ്റ്റംബറിന് ശേഷം ലോക ബാങ്ക് തന്നെ ഒഴിവാക്കിയ ഒരു സൂചകം ആണ് "ബിസിനസ്സ് എളുപ്പമാക്കൽ". പ്രസ്തുത സൂചകം ഉണ്ടാക്കുന്നതിന് അടിസ്ഥാനമായ സ്ഥിതിവിവരക്കണക്കുകളിൽ കാര്യമായ കൃത്രിമങ്ങൾ ഒരു സ്വതന്ത്ര  ഓഡിറ്റിംഗ് ഏജൻസി കണ്ടെത്തിയതിനു പിന്നാലെയാണ് ലോക ബാങ്ക് ആ സൂചകം ഉപേക്ഷിച്ചത്. 
നുണകൾ പ്രചരിപ്പിച്ചും വിദ്വേഷം കൊയ്തെടുത്തും മാത്രമേ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സാധിക്കൂ എന്ന് നല്ലപോലെ മനസ്സിലാക്കിയവരാണ് സംഘ പരിവാർ. ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ നമ്മൾ കാണുന്നത് വിദ്വേഷ പ്രചാരണങ്ങൾക്ക് പുതുതായി  നൽകപ്പെട്ട ഊന്നൽ ആണ്. കർണ്ണാടകത്തിലെ ലബോറട്ടറിയിൽനിന്നും ആവിർഭവിച്ച ഹിജാബ് നിരോധനം എന്ന ആശയത്തെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രചാരണ ആയുധമാക്കി. ഇപ്പോൾ ഹിജാബ് നിരോധനം സംബന്ധിച്ച കേസുകൾ സുപ്രീം കോടതിയിൽ സജീവമായി നിലനിൽക്കവേ, ഡെൽഹിയിലും തലസ്ഥാനത്തിന്റെ സമീപസ്ഥ  സംസ്ഥാനത്തും  സംഘപരിവാർ നേതാക്കൾ വിദ്വേഷ പ്രചാരണത്തിൽ ആമഗ്നരാണ്. മുസ്ലീങ്ങളെ സാമുദായികമായി ബഹിഷ്കരിക്കാൻ മുതൽ കൂട്ടക്കൊലകൾക്കുള്ള തുറന്ന ആഹ്വാനങ്ങൾ വരെ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിലാണെങ്കിൽ , ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച വർഗ്ഗീയ ധ്രുവീകരണത്തിന്നുള്ള പുതിയ നീക്കങ്ങൾ  നവരാത്രി ദിനാഘോഷത്തിലും അതിന്റെ അനുബന്ധമായ ഗാർബാ ആഘോഷങ്ങളിലും തുടരുന്നത് കണ്ടു. മുസ്ലീങ്ങളെ ആക്രമണലക്ഷ്യമാക്കുന്ന സാമുദായിക ബഹിഷ്കരണം, പരസ്യമായ ശല്യപ്പെടുത്തൽ എന്നിവ മുതൽ ചാട്ടവാർ പ്രയോഗങ്ങൾ വരെ അതിന്റെ ഭാഗമായി ഉണ്ടായി. ബിൽക്കീസ് ബെനോ ബലാൽസംഗ- കൂട്ടക്കൊല കേസിലെ 11 കുറ്റവാളികളെ അവരുടെ ജെയിൽ ശിക്ഷാ കാലം പൂർത്തിയാവും മുൻപ് ആഗസ്ത് 15 ന് ഇളവ് പ്രഖ്യാപിച്ചു വിട്ടയക്കാനുള്ള തീരുമാനം എടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. കുറ്റവാളികൾക്ക്  ശിക്ഷാകാലത്തിൽ ഇളവ് അനുവദിക്കുന്നത് സംബന്ധമായി  ആഭ്യന്തര വകുപ്പ് മുൻപ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ബലാൽസംഗം, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന തടവുകാർ ശിക്ഷാകാലത്തിൽ ഇളവിന് അർഹരല്ല. എന്നാൽ, സി ബി ഐ യും ഒരു സ്‌പെഷൽ ജഡ്ജിയും കേന്ദ്ര സർക്കാരിന് നൽകിയിരുന്ന ഉപദേശം പോലും അവഗണിച്ചാണ് ബിൽക്കീസ് ബാനോ കേസിലെ 11 ജെയിൽപ്പുള്ളികൾക്ക്  സ്വാതന്ത്ര്യദിനത്തിൽ ഇളവ് കൊടുത്തത്.  
വർഗീയ ധ്രുവീകരണവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങളുടെ ആഘാതം പരമാവധി കൂട്ടുന്നതിന് തുണയേകുംവി ധത്തിൽ സാങ്കൽപ്പിക ശത്രുക്കളെ കണ്ടെത്തലും പകവീട്ടലും ഇന്ന് ഭരണകൂടത്തിന്റെ ഔദ്യോഗികനയം ആയിരിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഒരു പ്രസ്താവന പ്രകാരം സിവിൽ സ മൂഹം ആകെത്തന്നെ യുദ്ധ മുന്നണിയുടെ പുതിയ അതിർത്തിമേഖല പോലെ പരിഗണിക്കപ്പെടും. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് ഈ സിദ്ധാന്തത്തെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയി : മാധ്യമങ്ങളോ, സോഷ്യൽ മീഡിയയോ, ജുഡീഷ്യറിയോ, സർക്കാരിതര സന്നദ്ധ സംഘടനകളോ ,രാഷ്ട്രീയ പാർട്ടികളോ ഏതും ആകട്ടെ, ഏത് സ്ഥാപനമായാലും സ്വതന്ത്രമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിൻറെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ്. 

എന്തിനെയും സംശയദൃഷ്ടിയിൽ നോക്കുന്ന മനോരോഗം പോലെയുള്ള ഈ അവസ്ഥയിൽ എത്തുന്ന ഒരു ഭരണനിർവഹണ വിഭാഗം, അതുമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആർക്കെതിരെയും യഥേഷ്ടം ഡ്രക്കോണിയൻ  നിയമങ്ങൾ ഉപയോഗിച്ചും ഗൂഢാലോചനക്കേസ്സുകൾ കെട്ടിച്ചമച്ചും പൗരന്മാരെ വര്ഷങ്ങളോളം തടവിൽ പാർപ്പിക്കുന്നു. 90 ശതമാനം ശാരീരിക ശേഷിക്കുറവ് മൂലം വീൽ ചെയറിൽ കഴിയുന്ന ഒരു പ്രൊഫെസ്സർക്കെതിരേ കെട്ടിച്ചമയ്ക്കപ്പെട്ട  കേസ്സിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടും ആ വിടുതൽ സുപ്രീം കോടതി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഭീകരപ്രവർത്തനവും മാവോയിസവും ആരോപിതരാവുന്ന  ഏത്  പ്രതിയെ സംബന്ധിച്ചും തലച്ചോർ ആണ് ഏറ്റവും പ്രധാനപ്പെട്ട അവയവം എന്നുപറഞ്ഞുകൊണ്ടാണ് ബാക്കി കാര്യങ്ങൾ അപ്രസക്തമെന്നു സുപ്രീം കോടതി തള്ളിയത്. അതേ  സമയം, വിദ്വേഷ പ്രചാരണം മുഴുവൻ സമയതൊഴിലാക്കിയവർ  ഒരു കൂസലുമില്ലാതെ  സ്വതന്ത്രരും നിർ ഭയരുമായി വിഹരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നോർക്കുക. ഉമർ ഖാലിദിനെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ജാമ്യാപേക്ഷകളിൽ തങ്ങൾ വിദ്വേഷത്തിനെതിരെ എന്തെല്ലാമാണ്, എങ്ങിനെയെല്ലാമാണ് പ്രവർത്തിച്ചുവരുന്നത് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. എന്നിട്ടും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ "കാമ്പില്ലാത്തവ"എന്നാണ് കോടതി നിരീക്ഷിച്ചത് .

ഇങ്ങനെ വിദ്വേഷവും ,നുണകളും,ഭയവും കൊണ്ട് കലുഷിതമായ ഒരാന്തരീക്ഷത്തിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കാൻ നമുക്ക് കഴിയുമോ ?തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ പ്രവർത്തനം നമുക്ക് അത്തരമൊരു പ്രതീക്ഷ നൽകുന്നില്ല എന്ന് മാത്രമല്ല, സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിനെപ്പറ്റി നാം ഇനിമേൽ ചിന്തിക്കാനേ പാടില്ല എന്ന നിലപാടിൽ ആണോ  ആ സ്ഥാപനമെന്നുപോലും തോന്നും. 

വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി അണിയറയിൽ ചിട്ടയോടെ നടക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മോടു പറയുന്നത് മറ്റൊന്നാണ്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ഒരു കാരണവശാലും വോട്ടവകാശം നിഷേധിക്കില്ലെന്നും,വോട്ടർമാരുടെ സമ്മതത്തോടുകൂടി മാത്രം നടക്കുന്ന ഒരു കാര്യമാണ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ എന്നും ആണ് ആ സ്ഥാപനം പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഒരുവശത്ത് ബി ജെ പി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും , ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നികുതി നിരക്കുകൾ വെട്ടിക്കുറക്കുകയും ചെയ്യുമ്പോൾ മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ബഹുകക്ഷി ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ പാർട്ടികൾക്കുള്ള  രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സെന്സര്ഷിപ്പും നിയന്ത്രണവും കൊണ്ടുവരാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയപ്പാർട്ടികൾ പ്രകടനപത്രികകളിലൂടെ മുന്നോട്ടു വെക്കുന്ന വാഗ്‌ദാനങ്ങൾ സാമ്പത്തിക യുക്തിക്ക് നിരക്കുന്നതാണോ എന്ന് പരിശോധിച്ചുമാത്രം അവയ്ക്കു അംഗീകാരം നൽകാനുള്ള അധികാരം കൈക്കലാക്കാൻ  തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ശ്രമിക്കുന്നത് ആദ്യമായിട്ടാണ്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിൽ മറ്റൊരു കാര്യം കൂടി ചെയ്യാൻ ഒരുമ്പെട്ടിരിക്കുകയാണ്. സ്വകാര്യ കമ്പനികളും വ്യവസായ  സ്ഥാപനങ്ങളുമായി അതാത് സ്ഥാപനത്തിലെ തൊഴിലാളികളുടെ ഉത്തമമായ പങ്കാളിത്തത്തിന് പ്രേരിപ്പിക്കാനും വോട്ടുചെയ്യാൻ കൂട്ടാക്കാത്തവരെ ചൂണ്ടിക്കാണിച്ച്  നാണം കെടുത്തുന്നതുൾപ്പെടെയുള്ള പരിപാടിക്കു വേണ്ടിയും  ധാരണാപത്രങ്ങൾ ഒപ്പിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നു! തെരഞ്ഞെടുപ്പുകൾ ഭയവിമുക്തമായും പക്ഷപാതരഹിതമായും സ്വതന്ത്രവും നീതിപൂർവ്വകമായും നടത്താൻ ബാധ്യസ്ഥമായ ഒരു സ്ഥാപനം രൂപപരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കലും ,വോട്ടർമാരെ നിരീക്ഷണ സംവിധാനത്തിൽ കൊണ്ടുവരലും ,ഭീഷണിപ്പെടുത്തലും  ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സജ്ജീകരണങ്ങളിലൂടെ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്ന ഒരു സ്ഥിതിയാണ് ഇതിലൂടെ സംജാതമാവുന്നതു. "പങ്കാളിത്തം" നോക്കിനടത്തിപ്പിന് വിധേയപ്പെടുത്തുക എന്ന ആശയം വോട്ടർമാരുടെ ഇംഗിതങ്ങളെയും  തെരഞ്ഞെടുപ്പുകളുടെ അന്തിമഫലത്തെയും നിക്ഷിപ്ത താല്പര്യക്കാരുടെ ചൊല്പടിയിൽ ആക്കുന്നതിലേക്കു മാറാൻ അടുത്ത ഒരു ചുവടുകൂടിയേ വേണ്ടൂ. 

ഇങ്ങനെയെല്ലാം പാർലമെന്ററി ജനാധിപത്യത്തെ വെറും നോക്കുകുത്തിയാക്കുന്ന ഭീഷണിയുമായി ഭരണകൂടം നിൽക്കുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതും ,തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ഫാസിസ്റ്റ് ശക്തികൾ അവരുടെ വരുതിയിലാക്കുന്നതിനെ ചെറുത്ത് തോൽപ്പിക്കേണ്ടതും പൗരന്മാരുടെ ഉത്തരവാദിത്തമാണ്. ജനങ്ങൾ അവരുടെ  ദൈനം ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടങ്ങളും സമരങ്ങളുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സത്തയെ തിരിച്ചുപിടിക്കേണ്ടത് നമ്മുടെ കടമയാണ്.  











Saturday, 15 October 2022

 സി പി ഐ എം എൽ ലിബറേഷൻ കേന്ദ്ര കമ്മിറ്റി പ്രസ്താവന : ന്യൂ ഡെൽഹി, 15-10-2022 പ്രൊഫസർ ജി എൻ സായിബാബയേയും മറ്റുള്ളവരേയും വിട്ടയക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുക മാത്രമായിരുന്നില്ല സുപ്രീം കോടതി ചെയ്തത്; നിയമവാഴ്ചയെത്തന്നെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ജി എൻ സായിബാബ, മഹേഷ് കരി മാൻ തിക്രി, ഹേം കേശവ് ദത്ത മിശ്ര, പ്രശാന്ത് സാംഗ്ലികർ, വിജയ് തിക്രി എന്നിവരെ മോചിപ്പിക്കാൻ ഉള്ള ബോംബെ ഹൈക്കോടതിയുത്തരവ് എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കാനുള്ള പോരാട്ടത്തിലെ ഒരു വിജയം ആയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പ്രത്യേക സിറ്റിംഗ് നടത്തിയ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് അവരുടെ ജെയിൽ മോചനം അസാധ്യമാക്കി. ആറുവർഷം ജെയിലിൽ കഴിഞ്ഞശേഷമാണ് ഒക്ടോബർ13ന് ബോംബെ ഹൈക്കോടതി പ്രൊഫസർ ജി എൻ സായിബാബയുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത് ; അതിനിടെ, ഹൈക്കോടതി അപ്പീൽ കേൾക്കും മുൻപ് കുറ്റാരോപിതരിൽ ഒരാൾ ആയിരുന്ന പാണ്ഡു നരോത്തെ മരണപ്പെട്ടതും തികച്ചും ദുഃഖകരമായിരുന്നു.
90 ശതമാനം ശാരീരിക വൈകല്യങ്ങളോടെ വീൽ ചെയറിൽ കഴിയുമ്പോഴും ഗുരുതരമായ ഹൃദ്രോഗം, പാൻക്രിയാറ്റിസ് , പിത്താശയത്തിൽ കല്ലുകൾ എന്നീ മറ്റ് അവശതകൾകൂടി യുള്ള ജി എൻ സായിബാബയ്ക്ക് അടിയന്തരമായ വൈദ്യ ശുശ്രൂഷ ആവശ്യമുള്ള ഒരു ഘട്ടമാണ് ഇപ്പോൾ. അദ്ദേഹത്തിന് വീട്ടുതടങ്കലെങ്കിലും അനുവദിക്കാനുള്ള അപേക്ഷയും നിരസിക്കപ്പെട്ടു. "ഇന്ത്യ ഇരുമ്പഴിക്കുള്ളിൽ" എന്ന വിഷയത്തിൽ ഡെൽഹിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു പത്രസമ്മേളനത്തിൽ ജി എൻ സായിബാബയുടെ ജീവിതപങ്കാളികൂടിയായ വസന്ത ഇങ്ങനെ പറഞ്ഞു : " അനേകം വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ഒരു വ്യക്തിയാണ് സായിബാബ. എന്നാൽ സ്വന്തം പൗരന്മാരുടെ ആരോഗ്യത്തിൽ ഉള്ള പ്രാഥമിക ഉത്തരവാദിത്വമോ സഹാനുഭൂതിയോ ഇല്ലാത്ത ഒരു സർക്കാർ ആണിത്"
അനീതിക്കെതിരെ ശബ്ദിക്കുന്ന ആരെയും ജെയിലിൽ ഇടാൻ സാധിക്കുന്നവിധം യുഎപിഎ നിയമത്തെ ഉപയോഗിക്കുന്നതിലൂടെ ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് സ്വതേ നീതിരാഹിത്യം നടമാടുന്ന ഒരു ക്രിമിനൽ നിയമവ്യവസ്ഥയെ ആയുധവൽക്കരിക്കലാണ് .
എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കാനും, മുഴുവൻ ഡ്രകോണിയൻ നിയമങ്ങളും പിൻവലിക്കാനും ഉള്ള പോരാട്ടങ്ങൾ സിപിഐ എം എൽ തുടരും.