Friday 21 October 2022

 വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളുക !

ഭീതിയെ ചെറുക്കുക !

സ്വാതന്ത്ര്യത്തിനുമേൽ അവകാശം സ്ഥാപിക്കുക !

[എം എൽ അപ്ഡേറ്റ് എഡിറ്റോറിയൽ

18 -24 ഒക്ടോബർ ]  

ഗ്ലോബൽ ഹംഗർ  ഇൻഡെക്സ് (GHI ) എന്നറിയപ്പെടുന്ന വിശപ്പിന്റെ സൂചകത്തിൽ ഇന്ത്യ തുടർച്ചയായി താഴോട്ട് വീണുകൊണ്ടിരിക്കുന്നു. 2020 ൽ 107 രാജ്യങ്ങളുടെ പട്ടികയിൽ 94 -)മത്  സ്ഥാനമായിരുന്നു ഇന്ത്യക്ക് എങ്കിൽ 2021 ൽ അത് 116 രാജ്യങ്ങളിൽ 101 -)മത് എന്നായി. 2022 ലെ ഗ്ലോബൽ ഹംഗർ ഇൻഡെക്സ് പട്ടികയിൽ 121 രാജ്യങ്ങൾ ഉള്ളതിൽ ഇന്ത്യയുടെ സ്ഥാനം 107-)മത് ആണ്. യുദ്ധത്തിൽ തകർന്നുപോയ അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള  ഇന്ത്യയുടെ അയൽരാജ്യങ്ങളെല്ലാം GHI യിൽ ബഹുദൂരം മുൻപിൽ ആണ്. ജനസംഖ്യയിൽ ഏതാണ്ട് ഇന്ത്യക്ക് ഒപ്പം അൽപ്പമാത്രം  മുന്നിൽ നിൽക്കുന്ന അയൽ രാജ്യമാണ് ചൈന. എന്നാൽ GHI യിൽ   ചൈനയുടെ പദവി ഏറ്റവും മുന്നിലുള്ള 1 മുതൽ 17  രാജ്യങ്ങളുടെ കൂട്ടത്തിലാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ചൈന വിശപ്പിന്റെ പ്രശ്നത്തെ ഏകദേശം  തരണം ചെയ്തുകഴിഞ്ഞപ്പോൾ ഇന്ത്യയിൽ അത് അതീവ ഗുരുതരമായ അവസ്ഥയിൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. മൊത്തം ജനസംഖ്യയുടെ അനുപാതത്തിൽ നോക്കുമ്പോൾ,  പോഷകാഹാരക്കുറവ് നിമിത്തം ആവശ്യത്തിന് ശരീരഭാരം ഇല്ലാതെ വളരുന്ന അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ ലോകത്തിൽ ത്തന്നെ ഏറ്റവുമധികം ഉള്ളത് ഇന്ത്യയിലാണ്.

മോദി  സർക്കാർ വിശപ്പിനെ നേരിടുന്നത് ആ വിഷയത്തെ പൊതുവ്യവഹാരങ്ങളിൽനിന്ന്  മറച്ചുപിടിച്ചും , ഗ്ലോബൽ ഹംഗർ ഇൻഡെക്സ് എന്നത്  പാശ്ചാത്യരുടെ ഒരു  നുണമാത്രമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടും ആണ്. ഒരു  ദശാബ്ദം മുൻപ് രൂപയുടെ മൂല്യശോഷണത്തേക്കുറിച്ചും അവശ്യ സാധനങ്ങളുടെ കുതിച്ചുകേറുന്ന വിലയെക്കുറിച്ചും വലിയതോതിൽ ഒച്ചവെച്ചവരാണ് സംഘപരിവാറും വൻകിട മാധ്യമങ്ങളും . എന്നാൽ, ഇപ്പോൾ പെട്രോളിനും പാചക ഇന്ധനത്തിനും  നിത്യോപഭോഗ വസ്തുക്കൾക്കുമെല്ലാം വിളകൾ കുതിച്ചുയരുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുകയും ചെയ്യുന്ന സ്ഥിതിയാണ്. ഈ സ്ഥിതി തുടർന്നാൽ ഡോളറിനു നൂറു രൂപ തികയുന്ന അവസ്ഥപോലും വിദൂരമല്ലാതാകും.പത്തു വർഷങ്ങൾ മുൻപ് രൂപയുടെ മൂല്യം കുറഞ്ഞുവരുന്ന അവസ്ഥ ചൂണ്ടിക്കാട്ടി അത് ഒരു ദുർബ്ബലമായ സർക്കാരിന്റെ ലക്ഷണമാണ് ,ധനകാര്യ രംഗത്തെ കെടുകാര്യസ്ഥതയുടെ ഫലമാണ് എന്നൊക്കെ പറഞ്ഞു നടന്ന വ്യക്തിയാണ് ഇപ്പോൾ പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്നത്. എന്നാൽ ഇപ്പോൾ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതിനേക്കുറിച്ചു അദ്ദേഹം തികഞ്ഞ നിശ്ശബ്ദത പാലിക്കുകയാണ്. എന്നാൽ, രൂപയുടെ മൂല്യം കുറയുന്നതല്ല ,യഥാർത്ഥ പ്രശ്നം ഡോളറിന് കരുത്ത് കൂടുന്നതാണ് എന്ന് മോദിയുടെ ധനകാര്യ മന്ത്രി പറയുന്നു! 
കടുത്ത വിശപ്പിന്റെയും, രൂപയുടെ മൂല്യശോഷണത്തിന്റെയും ,അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലുകളുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം മോദി ചെയ്യുന്നത് "ബിസിനസ്സ് എളുപ്പമാക്കേണ്ടതിന്റെ"  പ്രാധാന്യം തന്റെ ശ്രോതാക്കളെ  ഉദ്ബോധിപ്പിക്കലാണ്. 2021 സെപ്റ്റംബറിന് ശേഷം ലോക ബാങ്ക് തന്നെ ഒഴിവാക്കിയ ഒരു സൂചകം ആണ് "ബിസിനസ്സ് എളുപ്പമാക്കൽ". പ്രസ്തുത സൂചകം ഉണ്ടാക്കുന്നതിന് അടിസ്ഥാനമായ സ്ഥിതിവിവരക്കണക്കുകളിൽ കാര്യമായ കൃത്രിമങ്ങൾ ഒരു സ്വതന്ത്ര  ഓഡിറ്റിംഗ് ഏജൻസി കണ്ടെത്തിയതിനു പിന്നാലെയാണ് ലോക ബാങ്ക് ആ സൂചകം ഉപേക്ഷിച്ചത്. 
നുണകൾ പ്രചരിപ്പിച്ചും വിദ്വേഷം കൊയ്തെടുത്തും മാത്രമേ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സാധിക്കൂ എന്ന് നല്ലപോലെ മനസ്സിലാക്കിയവരാണ് സംഘ പരിവാർ. ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ നമ്മൾ കാണുന്നത് വിദ്വേഷ പ്രചാരണങ്ങൾക്ക് പുതുതായി  നൽകപ്പെട്ട ഊന്നൽ ആണ്. കർണ്ണാടകത്തിലെ ലബോറട്ടറിയിൽനിന്നും ആവിർഭവിച്ച ഹിജാബ് നിരോധനം എന്ന ആശയത്തെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രചാരണ ആയുധമാക്കി. ഇപ്പോൾ ഹിജാബ് നിരോധനം സംബന്ധിച്ച കേസുകൾ സുപ്രീം കോടതിയിൽ സജീവമായി നിലനിൽക്കവേ, ഡെൽഹിയിലും തലസ്ഥാനത്തിന്റെ സമീപസ്ഥ  സംസ്ഥാനത്തും  സംഘപരിവാർ നേതാക്കൾ വിദ്വേഷ പ്രചാരണത്തിൽ ആമഗ്നരാണ്. മുസ്ലീങ്ങളെ സാമുദായികമായി ബഹിഷ്കരിക്കാൻ മുതൽ കൂട്ടക്കൊലകൾക്കുള്ള തുറന്ന ആഹ്വാനങ്ങൾ വരെ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിലാണെങ്കിൽ , ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച വർഗ്ഗീയ ധ്രുവീകരണത്തിന്നുള്ള പുതിയ നീക്കങ്ങൾ  നവരാത്രി ദിനാഘോഷത്തിലും അതിന്റെ അനുബന്ധമായ ഗാർബാ ആഘോഷങ്ങളിലും തുടരുന്നത് കണ്ടു. മുസ്ലീങ്ങളെ ആക്രമണലക്ഷ്യമാക്കുന്ന സാമുദായിക ബഹിഷ്കരണം, പരസ്യമായ ശല്യപ്പെടുത്തൽ എന്നിവ മുതൽ ചാട്ടവാർ പ്രയോഗങ്ങൾ വരെ അതിന്റെ ഭാഗമായി ഉണ്ടായി. ബിൽക്കീസ് ബെനോ ബലാൽസംഗ- കൂട്ടക്കൊല കേസിലെ 11 കുറ്റവാളികളെ അവരുടെ ജെയിൽ ശിക്ഷാ കാലം പൂർത്തിയാവും മുൻപ് ആഗസ്ത് 15 ന് ഇളവ് പ്രഖ്യാപിച്ചു വിട്ടയക്കാനുള്ള തീരുമാനം എടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. കുറ്റവാളികൾക്ക്  ശിക്ഷാകാലത്തിൽ ഇളവ് അനുവദിക്കുന്നത് സംബന്ധമായി  ആഭ്യന്തര വകുപ്പ് മുൻപ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ബലാൽസംഗം, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന തടവുകാർ ശിക്ഷാകാലത്തിൽ ഇളവിന് അർഹരല്ല. എന്നാൽ, സി ബി ഐ യും ഒരു സ്‌പെഷൽ ജഡ്ജിയും കേന്ദ്ര സർക്കാരിന് നൽകിയിരുന്ന ഉപദേശം പോലും അവഗണിച്ചാണ് ബിൽക്കീസ് ബാനോ കേസിലെ 11 ജെയിൽപ്പുള്ളികൾക്ക്  സ്വാതന്ത്ര്യദിനത്തിൽ ഇളവ് കൊടുത്തത്.  
വർഗീയ ധ്രുവീകരണവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങളുടെ ആഘാതം പരമാവധി കൂട്ടുന്നതിന് തുണയേകുംവി ധത്തിൽ സാങ്കൽപ്പിക ശത്രുക്കളെ കണ്ടെത്തലും പകവീട്ടലും ഇന്ന് ഭരണകൂടത്തിന്റെ ഔദ്യോഗികനയം ആയിരിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഒരു പ്രസ്താവന പ്രകാരം സിവിൽ സ മൂഹം ആകെത്തന്നെ യുദ്ധ മുന്നണിയുടെ പുതിയ അതിർത്തിമേഖല പോലെ പരിഗണിക്കപ്പെടും. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് ഈ സിദ്ധാന്തത്തെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയി : മാധ്യമങ്ങളോ, സോഷ്യൽ മീഡിയയോ, ജുഡീഷ്യറിയോ, സർക്കാരിതര സന്നദ്ധ സംഘടനകളോ ,രാഷ്ട്രീയ പാർട്ടികളോ ഏതും ആകട്ടെ, ഏത് സ്ഥാപനമായാലും സ്വതന്ത്രമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിൻറെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ്. 

എന്തിനെയും സംശയദൃഷ്ടിയിൽ നോക്കുന്ന മനോരോഗം പോലെയുള്ള ഈ അവസ്ഥയിൽ എത്തുന്ന ഒരു ഭരണനിർവഹണ വിഭാഗം, അതുമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആർക്കെതിരെയും യഥേഷ്ടം ഡ്രക്കോണിയൻ  നിയമങ്ങൾ ഉപയോഗിച്ചും ഗൂഢാലോചനക്കേസ്സുകൾ കെട്ടിച്ചമച്ചും പൗരന്മാരെ വര്ഷങ്ങളോളം തടവിൽ പാർപ്പിക്കുന്നു. 90 ശതമാനം ശാരീരിക ശേഷിക്കുറവ് മൂലം വീൽ ചെയറിൽ കഴിയുന്ന ഒരു പ്രൊഫെസ്സർക്കെതിരേ കെട്ടിച്ചമയ്ക്കപ്പെട്ട  കേസ്സിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടും ആ വിടുതൽ സുപ്രീം കോടതി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഭീകരപ്രവർത്തനവും മാവോയിസവും ആരോപിതരാവുന്ന  ഏത്  പ്രതിയെ സംബന്ധിച്ചും തലച്ചോർ ആണ് ഏറ്റവും പ്രധാനപ്പെട്ട അവയവം എന്നുപറഞ്ഞുകൊണ്ടാണ് ബാക്കി കാര്യങ്ങൾ അപ്രസക്തമെന്നു സുപ്രീം കോടതി തള്ളിയത്. അതേ  സമയം, വിദ്വേഷ പ്രചാരണം മുഴുവൻ സമയതൊഴിലാക്കിയവർ  ഒരു കൂസലുമില്ലാതെ  സ്വതന്ത്രരും നിർ ഭയരുമായി വിഹരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നോർക്കുക. ഉമർ ഖാലിദിനെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ജാമ്യാപേക്ഷകളിൽ തങ്ങൾ വിദ്വേഷത്തിനെതിരെ എന്തെല്ലാമാണ്, എങ്ങിനെയെല്ലാമാണ് പ്രവർത്തിച്ചുവരുന്നത് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. എന്നിട്ടും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ "കാമ്പില്ലാത്തവ"എന്നാണ് കോടതി നിരീക്ഷിച്ചത് .

ഇങ്ങനെ വിദ്വേഷവും ,നുണകളും,ഭയവും കൊണ്ട് കലുഷിതമായ ഒരാന്തരീക്ഷത്തിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കാൻ നമുക്ക് കഴിയുമോ ?തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ പ്രവർത്തനം നമുക്ക് അത്തരമൊരു പ്രതീക്ഷ നൽകുന്നില്ല എന്ന് മാത്രമല്ല, സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിനെപ്പറ്റി നാം ഇനിമേൽ ചിന്തിക്കാനേ പാടില്ല എന്ന നിലപാടിൽ ആണോ  ആ സ്ഥാപനമെന്നുപോലും തോന്നും. 

വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി അണിയറയിൽ ചിട്ടയോടെ നടക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മോടു പറയുന്നത് മറ്റൊന്നാണ്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ഒരു കാരണവശാലും വോട്ടവകാശം നിഷേധിക്കില്ലെന്നും,വോട്ടർമാരുടെ സമ്മതത്തോടുകൂടി മാത്രം നടക്കുന്ന ഒരു കാര്യമാണ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ എന്നും ആണ് ആ സ്ഥാപനം പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഒരുവശത്ത് ബി ജെ പി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും , ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നികുതി നിരക്കുകൾ വെട്ടിക്കുറക്കുകയും ചെയ്യുമ്പോൾ മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ബഹുകക്ഷി ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ പാർട്ടികൾക്കുള്ള  രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സെന്സര്ഷിപ്പും നിയന്ത്രണവും കൊണ്ടുവരാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയപ്പാർട്ടികൾ പ്രകടനപത്രികകളിലൂടെ മുന്നോട്ടു വെക്കുന്ന വാഗ്‌ദാനങ്ങൾ സാമ്പത്തിക യുക്തിക്ക് നിരക്കുന്നതാണോ എന്ന് പരിശോധിച്ചുമാത്രം അവയ്ക്കു അംഗീകാരം നൽകാനുള്ള അധികാരം കൈക്കലാക്കാൻ  തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ശ്രമിക്കുന്നത് ആദ്യമായിട്ടാണ്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിൽ മറ്റൊരു കാര്യം കൂടി ചെയ്യാൻ ഒരുമ്പെട്ടിരിക്കുകയാണ്. സ്വകാര്യ കമ്പനികളും വ്യവസായ  സ്ഥാപനങ്ങളുമായി അതാത് സ്ഥാപനത്തിലെ തൊഴിലാളികളുടെ ഉത്തമമായ പങ്കാളിത്തത്തിന് പ്രേരിപ്പിക്കാനും വോട്ടുചെയ്യാൻ കൂട്ടാക്കാത്തവരെ ചൂണ്ടിക്കാണിച്ച്  നാണം കെടുത്തുന്നതുൾപ്പെടെയുള്ള പരിപാടിക്കു വേണ്ടിയും  ധാരണാപത്രങ്ങൾ ഒപ്പിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നു! തെരഞ്ഞെടുപ്പുകൾ ഭയവിമുക്തമായും പക്ഷപാതരഹിതമായും സ്വതന്ത്രവും നീതിപൂർവ്വകമായും നടത്താൻ ബാധ്യസ്ഥമായ ഒരു സ്ഥാപനം രൂപപരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കലും ,വോട്ടർമാരെ നിരീക്ഷണ സംവിധാനത്തിൽ കൊണ്ടുവരലും ,ഭീഷണിപ്പെടുത്തലും  ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സജ്ജീകരണങ്ങളിലൂടെ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്ന ഒരു സ്ഥിതിയാണ് ഇതിലൂടെ സംജാതമാവുന്നതു. "പങ്കാളിത്തം" നോക്കിനടത്തിപ്പിന് വിധേയപ്പെടുത്തുക എന്ന ആശയം വോട്ടർമാരുടെ ഇംഗിതങ്ങളെയും  തെരഞ്ഞെടുപ്പുകളുടെ അന്തിമഫലത്തെയും നിക്ഷിപ്ത താല്പര്യക്കാരുടെ ചൊല്പടിയിൽ ആക്കുന്നതിലേക്കു മാറാൻ അടുത്ത ഒരു ചുവടുകൂടിയേ വേണ്ടൂ. 

ഇങ്ങനെയെല്ലാം പാർലമെന്ററി ജനാധിപത്യത്തെ വെറും നോക്കുകുത്തിയാക്കുന്ന ഭീഷണിയുമായി ഭരണകൂടം നിൽക്കുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതും ,തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ഫാസിസ്റ്റ് ശക്തികൾ അവരുടെ വരുതിയിലാക്കുന്നതിനെ ചെറുത്ത് തോൽപ്പിക്കേണ്ടതും പൗരന്മാരുടെ ഉത്തരവാദിത്തമാണ്. ജനങ്ങൾ അവരുടെ  ദൈനം ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടങ്ങളും സമരങ്ങളുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സത്തയെ തിരിച്ചുപിടിക്കേണ്ടത് നമ്മുടെ കടമയാണ്.  











No comments:

Post a Comment