പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമോ , വാണ്ണബി (രാജാ പാർട്ട് കളിക്കുന്ന ) ചക്രവർത്തിയുടെ കിരീടധാരണമോ?
(എഡിറ്റോറിയൽ, ML അപ്‌ഡേറ്റ് മേയ് 30 - ജൂൺ 05 )
മോദി ഗവൺമെന്റിന്റെ ഒമ്പത് വർഷത്തെ ഭരണത്തിന്റെ തനി സ്വഭാവവും അതിന്റെ ഭാവി പദ്ധതിയും സമ്മേളിച്ച ഒരു ദിവസം ഉണ്ടെങ്കിൽ അത് 2023 മെയ് 28 ആയിരുന്നു, പുതിയ പാർലമെന്റ് മന്ദിരം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് രാജ്യത്തിൻറെ അഭിമാനമായ മുൻനിര വനിതാ ഗുസ്തി താരങ്ങളെ ബിജെപി എംപിയുടെ ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡൽഹി പാർലമെന്റ് സ്ട്രീറ്റിൽ പൊലീസ് വലിച്ചിഴച്ചത് . നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണെന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുന്ന മോദി സർക്കാറിനെ ജനങ്ങൾ വോട്ടുചെയ്തു പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുകൂടി അത് സൂചിപ്പിക്കുന്നു.
കോവിഡ് 19 മഹാമാരിയിൽ ഇന്ത്യ ആടിയുലയുന്ന സമയത്ത് മോദി സർക്കാർ തികച്ചും ഏകപക്ഷീയമായി ആസൂത്രണം ചെയ്ത് ആരംഭിച്ചതാണ് 20000 കോടി രൂപയുടെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതി. പുതിയ പാർലമെന്റ് കെട്ടിടം അതിന്റെ ഭാഗമാണ് . ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകൾക്കൊപ്പം അതിന്റെ അഭാജ്യ ഘടകമായ രാഷ്ട്രപതിക്ക് ആർട്ടിക്കിൾ 79 പ്രകാരം അർഹമായ ഭരണഘടനാപരമായ അവകാശം മാനിക്കാതെയാണ് തറക്കല്ലിടലും ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി സ്വയം നിർവ്വഹിച്ചത് .പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഫലത്തിൽ ഒരു ചക്രവർത്തിയുടെ പട്ടാഭിഷേകമായി മാറി ; ഒരു കൂട്ടം പുരോഹിതന്മാർ രാജാവിന്റെ ആചാരപരമായ അനുഗ്രഹത്തോടെ, ഇപ്പോൾ പാർലമെന്റിനുള്ളിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്ന് ചെങ്കോൽ സ്ഥാപിച്ചിരിക്കുകയാണ് .
ഈ സംഭവത്തിലെ ചെങ്കോൽ തമിഴ് രാജകീയ പാരമ്പര്യങ്ങളിൽ, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന ചോള രാജവംശത്തിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു സെൻഗോലാണ്. ഇതിനായി പ്രത്യേകം ഫ്ലൈറ്റിൽ ഡെൽഹിയിൽ എത്തിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള 21 അധീനങ്ങൾ , അല്ലെങ്കിൽ സന്യാസ തലവൻമാർ ഉദ്ഘാടന വേളയിൽ പൂജ നടത്തി പ്രധാനമന്ത്രിക്ക് സെൻഗോൽ കൈമാറി. മോദി സർക്കാർ പുതുതായി ഉണ്ടാക്കിയെടുത്ത ഒരു വിവരണം അനുസരിച്ച്, 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന രാജഗോപാലാചാരിയുടെ ഉപദേശപ്രകാരമാണ് സെൻഗോൾ ആദ്യം മൗണ്ട് ബാറ്റൺ പ്രഭുവിന് നൽകപ്പെട്ടതും, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ കൈകളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ പ്രതീകമായി പ്രധാനമന്ത്രി നെഹ്‌റുവിന് അത് സമർപ്പിതമായതും . അധീനങ്ങളിൽനിന്ന് ഒരു സെൻഗോൾ നെഹ്‌റുവിന് ലഭിച്ചുവെങ്കിലും, അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സെൻഗോളിന്റെ ഈ പുതിയ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് യാതൊരു തെളിവുമില്ല. വാസ്തവത്തിൽ, രാജഗോപാലാചാരിയുടെ ചെറുമകനും ജീവചരിത്രകാരനും പ്രശസ്ത ചരിത്രകാരനുമായ രാജ്മോഹൻ ഗാന്ധി ഈ അവകാശവാദത്തെ പരസ്യമായി എതിർത്തിട്ടുണ്ട്.
ആ കാലഘട്ടത്തിൽ 1947 ആഗസ്റ്റ് 24-ന് ദ്രാവിഡനാട് വാരികയിൽ പ്രസിദ്ധീകരിച്ച അണ്ണാദുരൈയുടെ ഒരു ലേഖനം , സെങ്കോലിന്റെ യഥാർത്ഥ പ്രതീകാത്മകതയെക്കുറിച്ചും നെഹ്‌റുവിന് ഈ സമ്മാനം നൽകിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അണ്ണാദുരൈ നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറയുന്നു. സ്വന്തം അധികാരവും പ്രത്യേകാവകാശങ്ങളും സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു സെങ്കോൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചവരുടെ ഉദ്ദേശം .അണ്ണാദുരൈയും ഇതിനെ ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പരാമർശിച്ചില്ല. നെഹ്‌റു തന്റെ സ്മരണികയുടെ ഭാഗമായ മറ്റ് വസ്തുക്കൾക്കൊപ്പം സെൻഗോളും ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. എന്നേയുള്ളൂ സെൻഗോലിനെ വാക്കിംഗ് സ്റ്റിക്ക് എന്ന് വിശേഷിപ്പിച്ച് അവഹേളിച്ചതിന് മോദി സർക്കാർ ഇപ്പോൾ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു (അത് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് സ്വർണ്ണ വടിയായിട്ടാണ് , മോദിയും അമിത് ഷായും സത്യവിരുദ്ധമായും വഞ്ചനാപരമായ ലക്ഷ്യത്തോടെയും അവകാശപ്പെടുന്നത് പോലെ വാക്കിംഗ് സ്റ്റിക്ക് ആയിട്ടല്ല ).
അത് ഇരിക്കേണ്ട സ്ഥലത്ത് ബഹുമാനപൂർവ്വം പുനഃസ്ഥാപിക്കുകയാണെന്ന് വീമ്പിളക്കുകയാണ് ഇവർ .
1947 ഓഗസ്റ്റ് 14-15 വരെയുള്ള സംഭവങ്ങളിൽ സെൻഗോലിന് എന്ത് പങ്കാണ് ഉണ്ടായിരുന്നത് എന്നത് പരിഗണിക്കാതെ തന്നെ, ഏറ്റവും പ്രസക്തമായ രണ്ട് അനിഷേധ്യമായ വസ്തുതകളുണ്ട്. ഒരു ചെങ്കോൽ, ഈ സാഹചര്യത്തിൽ സെൻഗോൽ , ഒരു രാജവാഴ്ചയുടെ പ്രതീകമാണ്, അതിനാൽ അത് ഒരു റിപ്പബ്ലിക്കിലെ ഒരു മ്യൂസിയത്തിൽ മാത്രമേ സൂക്ഷിക്കാൻ കഴിയൂ. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി (സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വിശേഷണങ്ങൾ ഉൾപ്പെടുത്തി) ' നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ' ദൃഢീകരിച്ചുകൊണ്ട് ഭരണഘടനയുടെ അംഗീകാരവും നിയമനിർമ്മാണവും പൂർത്തിയാക്കിയതോടെ, അധികാരക്കൈമാറ്റം ഒരു പരിവർത്തനത്തിന്റെ തുടക്കമായി. ഭരണഘടനയുടെ യഥാർത്ഥ അന്തസ്സത്തയ്ക്കും ദിശാബോധത്തിനും അനുസൃതമായി തുടർന്നുള്ള ഭരണഘടനാ ഭേദഗതിയിലൂടെ സഞ്ചരിച്ചുപോന്ന ഇന്ത്യ ഇപ്പോൾ ഒരു ഭരണഘടനാപരമായ റിപ്പബ്ലിക്കാണ്, പാർലമെന്റ് ഭരിക്കുന്നത് ഭരണഘടനയാണ്, അതിനാൽ സെൻഗോലിന് പാർലമെന്റിൽ ഒരു പ്രധാന സ്ഥാനം വഹിക്കാൻ ഒരു കാര്യവുമില്ല.
സംഘ് പരിവാറിന് സെൻഗോലിലുള്ള യഥാർത്ഥ താൽപ്പര്യം തമിഴ്നാടിന്റെ ചരിത്ര പാരമ്പര്യവുമായുള്ള ഏതെങ്കിലും തരത്തിലുള്ള ആകർഷണത്തിലല്ല . ഇന്ത്യയുടെ ബഹുത്വത്തിന്റെ ബദ്ധശത്രു ആണ് സംഘ്, അതിന്റെ ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ ബ്രാൻഡ് ഏകരൂപം ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക വർണ്ണരാജി യുടെ ക്യാൻവാസിൽ അടിച്ചേൽപ്പിക്കാനുള്ള എല്ലാ അവസരങ്ങളും തേടുന്നവരാണ് അവർ. എന്നാൽ , സെങ്കോൽ കൊളോണിയൽ, മുസ്ലീം ഭരണാധികാരികൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ പെട്ടതായതിനാൽ അത് അവർക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്ന് തോന്നി. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന തന്ത്രപ്രധാനമായ സംഘ് പരിവാർ ലക്ഷ്യവുമായും , പുതിയ നാഗരിക ഉൽപ്പന്നം എന്ന നിലക്ക് ഭരണഘടനയെ.ഹിന്ദുവായി അവതരിപ്പിക്കുന്ന പുത്തൻ ആഖ്യാനവുമായും കണ്ണിചേർക്കാനുള്ള സാദ്ധ്യത യാണ് സെൻഗോലിൽ അവർക്കുണ്ടായ താൽപ്പര്യത്തിന് കാരണം.
സവർക്കറുടെ 140-ാം ജന്മവാർഷികമായിരുന്നു ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത തീയതി. ദയാഹർജികൾക്ക് ശേഷം ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിതനാകുന്നതിന് ഒരു വർഷം മുമ്പ് 1923-ൽ സവർക്കർ ഹിന്ദുത്വയെ നിർവചിക്കുന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷികം കൂടിയാണ് 2023, (ഹിന്ദുത്വ: ഹൂ ഈസ് എ ഹിന്ദു ? ). 1928 ൽ ഒരു സംഘടന എന്ന നിലയിൽ ആർഎസ്എസ് സ്ഥാപിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശതാബ്ദി അനുസ്മരിക്കുന്നതിനുള്ള സംഘ്-ബിജെപി മാർഗമാണിത്. മോദി സർക്കാരിന്റെ ഔദ്യോഗിക പരിപാടിയായ ആസാദി കാ അമൃത് മഹോത്സവ് പ്രചാരണത്തിൽ സവർക്കറെ എങ്ങനെയാണ് കേന്ദ്ര കഥാപാത്രമാക്കിയതെന്ന് നമ്മൾ കണ്ടതാണ്. ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പിന്നിലെ പ്രചോദനമായി സവർക്കറെ അവതരിപ്പിക്കുന്ന സിനിമാറ്റിക് മാർഗ്ഗങ്ങളിലൂടെയും സവർക്കർ ആരാധന ഇപ്പോൾ മുന്നിൽ എത്തിയിരിക്കുന്നു എന്നതും സന്ദർഭവശാൽ ഓർക്കാം.
1911-ൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ സവർക്കർ ദയയ്ക്കായി യാചിക്കാൻ തുടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്, ഒരുപക്ഷേ, 1857-ലെ കലാപം അദ്ദേഹം ഉയർത്തിപ്പിടിച്ച ഒരു ഘട്ടത്തിലെ ഇന്ത്യൻ ദേശീയതയുടെ തീവ്രവാദിയായ ഒരു വക്താവ് എന്ന മുൻവിലയിരുത്തലിന്റെ സ്ഥാനത്ത് , ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രണേതാവ് എന്ന വ്യ ക്തമായ ധാരണ പിൽക്കാലത്ത് വന്നതിന് ശേഷമായിരിക്കാം ബ്രിട്ടീഷ് ഭരണാധികാരികൾ സവർക്കറിനെ പൂർണമായി വിശ്വസിച്ച്തുടങ്ങിയതും , ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിച്ചതും . ഒടുവിൽ ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച കൊളോണിയൽ ഭരണാധികാരികളുടെ പിന്തുണയോടെ അരങ്ങേറിയ വിനാശകരമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യകാല പ്രകടനമായിരുന്നു സവർക്കറുടെ ഹിന്ദുത്വ. സവർക്കർ ഭാരതത്തിന് പിതൃഭൂമി എന്ന പദം ഉപയോഗിക്കുകയും അതിനെ 'പുണ്യഭൂമി' എന്ന സങ്കൽപ്പത്തിൽ കലർത്തുകയും ചെയ്തു, ഇന്ത്യയിൽ ജനിച്ച ഒരു മതത്തെ പിന്തുടർന്ന് ഓരോ യഥാർത്ഥ ഇന്ത്യക്കാരനും ഇന്ത്യയെ പുണ്യഭൂമിയായി അംഗീകരിക്കണമെന്ന് നിർബന്ധിച്ചു (അതുവഴി ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും അനുയായികൾ താഴ്ന്ന ഇന്ത്യക്കാരോ രണ്ടാം ഗ്രേഡ് പൗരന്മാരോ ആയി).
സവർക്കറെ ആരാധിക്കുന്നതിനേക്കാളും പഴയ ചിഹ്നങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെക്കാളും, നരേന്ദ്രമോദിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയെയോ ഹിന്ദു ചക്രവർത്തിയായി ആചാരപരമായി പുനർനിർമ്മിക്കുന്നതിനേക്കാളും അധികമായ കാര്യങ്ങൾ കൂടുതൽ തീർച്ചയായും പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ട് (അവർ അദ്ദേഹത്തെ ഹിന്ദു ഹൃദയങ്ങളുടെ ചക്രവർത്തി എന്ന് വളരെക്കാലമായി വിളിക്കുന്നു). അടുത്ത റൗണ്ട് ഡീലിമിറ്റേഷനുശേഷം പാർലമെന്റിന്റെ വലുപ്പം വരാനിരിക്കുന്നതാണ് പുതിയ കെട്ടിടത്തിന് വാഗ്ദാനം ചെയ്യുന്ന ന്യായീകരണങ്ങളിലൊന്ന്. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാ പാറ്റേൺ കാരണം ദക്ഷിണേന്ത്യയിൽ നിന്നുള്ള എംപിമാരുടെ എണ്ണം ഫലത്തിൽ സ്തംഭനാവസ്ഥയിൽ തുടരുന്നതിനാൽ ഉത്തരേന്ത്യയിൽ നിന്നുള്ള എംപിമാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായ ഡീലിമിറ്റേഷനെ കേന്ദ്രീകരിച്ച് കരുനീക്കങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. വടക്കൻ, പടിഞ്ഞാറൻ ഇന്ത്യകളിൽ അടിസ്ഥാനപരമായി വേരൂന്നിയ ബി.ജെ.പിയുടെ ആധിപത്യം കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ വ്യാപിച്ചിട്ടും തെക്കൻ മേഖലയിലല്ല വ്യാപിച്ചത് . ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അസന്തുലിതത്വത്തിന്റെ പ്രശ്നം ഇതിനകം തന്നെ ഉയർത്തിക്കഴിഞ്ഞു. പുതിയ പാർലമെന്റ് കെട്ടിടം ഈ അസന്തുലിതാവസ്ഥയെ സ്ഥാപനവൽക്കരിക്കാൻ ശ്രമിക്കുമോ? അൻപത് വർഷം ഇന്ത്യ ഭരിക്കാൻ ബിജെപി സ്വപ്നം കാണുന്നത് ഈ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കുമോ ? മോദി സർക്കാർ ഇതിനകം തന്നെ ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിനെ ആസൂത്രിതമായി ബുൾഡോസർ ചെയ്യുകയാണ്, കേന്ദ്രീകരണത്തിന്റെ വർദ്ധിത ഭീഷണിക്ക് ഇന്ത്യയുടെ ഐക്യത്തെ കൂടുതൽ അപകടത്തിലാക്കാൻ മാത്രമേ കഴിയൂ.
വർഗീയ ധ്രുവീകരണത്തിന്റേയും അധികാര കേന്ദ്രീകരണത്തിന്റേയും സർവവ്യാപിയായ കോർപ്പറേറ്റ് നിയന്ത്രണത്തിന്റെയും മാരകമായ കോക്‌ടെയിൽ വർധിച്ച ബലപ്രയോഗത്തിലൂടെ മാത്രമേ നിലനിൽക്കൂ. വനിതാ ഗുസ്തി താരങ്ങളുടെ നീതിക്കായുള്ള ആവശ്യത്തെ നിശ്ശബ്ദമാക്കാനുള്ള തീവ്രശ്രമത്തിൽ അധികാരംത്തിന്റെ ക്രൂരത അഴിച്ചുവിട്ട മോദി ഭരണത്തിന്റെ വൃത്തികെട്ട തനിനിറമാണ് മെയ് 28 വെളിപ്പെടുത്തിയത് . ഇത് അവാർഡ് ജേതാക്കളായ ഗുസ്തി താരങ്ങളെ മെഡലുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തവിധം ഗംഗയിലേക്ക് എറിയുന്ന തീവ്രമായ പ്രതിഷേധഭാവനയി\ലേക്ക് നയിച്ചു. അവസാന നിമിഷത്തിൽ അവരെ തടയാൻ ഐക്യ കർഷക പ്രസ്ഥാനത്തിന് കഴിഞ്ഞു, നീതിക്കുവേണ്ടിയുള്ള ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളുടെ പോരാട്ടത്തെ വിജയത്തിലേക്ക് നയിക്കേണ്ട ബാധ്യത ഇപ്പോൾ ഇന്ത്യൻ ജനതയായ നമുക്കാണ്. മോദി ഭരണവും സംഘ് ബ്രിഗേഡും സ്വാതന്ത്ര്യ സമരത്തിന്റെ തെറ്റായ ആഖ്യാനം സൃഷ്ടിച്ച് മതേതര ജനാധിപത്യ റിപ്പബ്ലിക്കൻ ഇന്ത്യയെ ഒരു പിന്തിരിപ്പൻ രാജവാഴ്ചയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ പൈതൃകവും സാധ്യതയും ഊന്നിപ്പറഞ്ഞുകൊണ്ടും ഓർമ്മിപ്പിച്ചുകൊണ്ടും മാത്രമേ കരുത്തുറ്റ ജനാധിപത്യവും മതേതരത്വവും പുലരുന്നതും , വൈവിധ്യങ്ങളുടെ ഊർജ്ജസ്വലത തുടിക്കുന്നതും പ്രചോദനാത്മകവും ആയ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള നമ്മുടെ പരിശ്രമം സഫലമാകൂ. ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന അത്തരമൊരു വെല്ലുവിളിയുടെ നിരന്തരമായ ഓർമ്മപ്പെടുത്തലായിരിക്കണം പുതിയ പാർലമെന്റ് മന്ദിരം.