Thursday 29 June 2023

 




ഏകീകൃത സിവിൽ കോഡ് സ്വീകാര്യമല്ല :  അത് വൈവിധ്യത്തെ ഇല്ലാതാക്കാനും ഏകത്വം അടിച്ചേൽപ്പിക്കാനുമുള്ള  ഒരു ഒഴിവുകഴിവാണ് 


പട്നയിൽ ജൂൺ 23  നു ചേർന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തെ  ശരിയായ ദിശയിലേക്കുള്ള ഒരു സുപ്രധാനമായ കാൽവെപ്പായി സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ വിശേഷിപ്പിച്ചു. ഈ വർഷം   ഫെബ്രുവരിയിൽ പട് നയിൽ നടന്ന സിപിഐ (എം എൽ) ന്റെ 11 -)0 പാർട്ടി കോൺഗ്രസ്സ് മുന്നോട്ടുവെച്ച പ്രതിപക്ഷ കക്ഷികളുടെ വിശാലമായ ഐക്യം എന്ന ആശയത്തിന്റെ അനുരണനവും വിപുലനവും ആണ്  ഈ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിനു വേണ്ടി നടന്നുവരുന്ന ശ്രമങ്ങളുടേയും കർമ്മപരിപാടികളുടേയും മുന്നോട്ടുള്ള കുതിപ്പിന് ഈ യോഗം തീർച്ചയായും  ഗുണകരമാണ്.  
യോഗത്തിൽ സംബന്ധിച്ച എല്ലാ പാർട്ടികളും ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഭീഷണിയുടെ കാഠിന്യം തിരിച്ചറിയുന്നവരാണെന്ന് ദീപങ്കർ അഭിപ്രായപ്പെട്ടു. ഭാരതീയ ജനത പാർട്ടി "ഭാരതീയ സത്താ പാർട്ടി" യായി പരിണാമം വന്ന അവസ്ഥയിലാണിന്ന് .എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും എന്നതുപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് പിടിമുറുക്കിയിരിക്കുകയാണ്. ജനാധിപത്യം, ഭരണഘടന, മതേതരത്വം, ഫെഡറലിസം എന്നിവയെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ നിർണ്ണായക സന്ദർഭത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളന ത്തിന്റെ  പ്രാധാന്യവും പ്രസക്തിയും എത്രവലുതാണെന്ന് വരും ദിവസങ്ങൾ തെളിയിക്കും. 

മോദിയുടെ സ്വേച്ഛാധിപത്യത്തിന് അറുതിവരുത്താനുള്ള ഏക മാർഗ്ഗം അതിനെതിരായ വൻപിച്ച ബഹുജനപ്രസ്ഥാനമാണ് .അതിനാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ വിശാലമായ അടിത്തറയുള്ള ജനമുന്നേറ്റമാക്കി മാറ്റേണ്ടതുണ്ട്. മോദിയെ പുറത്താക്കാനുള്ള കാമ്പെയിൻ അത്തരത്തിൽ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ രൂപഭാവങ്ങൾ  ആർജ്ജിക്കേണ്ടത് ആവശ്യമാണ്. 

 സാമൂഹ്യവും നിയമപരവുമായ പരിഷ്കാരങ്ങളുടെ അജൻഡ കർശനമായും പ്രത്യേകം നിർവചിതമായിരിക്കണമെന്നും, അത് നടക്കുന്നത്  വോട്ടുകൾ കൂടുന്നതോ കുറയുന്നതോ ആയ ഒരുകണക്കുകൂട്ടലിന്റേയും അടിസ്ഥാനത്തിലല്ലാതെയായിരിക്കണമെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ (എം എൽ ) ബിഹാർ സംസ്ഥാന സെക്രട്ടറി സ: കുനാൽ പ്രസ്താവിച്ചു. ഏകീകൃത സിവിൽ കോഡുപോലുള്ള അത്തരം വിഷയങ്ങൾ കുത്തിപ്പൊക്കി വോട്ടുകളുടെ ധ്രുവീകരണമുണ്ടാക്കാൻ ബിജെപി വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് കാണാതിരുന്നുകൂടാ എന്ന് സ:  കുനാൽ ചൂണ്ടിക്കാട്ടി. വൈവിദ്ധ്യമുള്ള ജീവിതരീതികളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ്  ഇന്ത്യ.  എല്ലാ വൈവിധ്യങ്ങളും നശിപ്പിച്ച്  തൽസ്ഥാനത്ത്   ഏകത്വം അടിച്ചേൽപ്പിക്കാൻ ഏകീകൃത സിവിൽ കോഡ്‌  ഉപാധിയാക്കുന്നത് വിപരീതഫലം ആണ് സംഭവിക്കുക.  അത്തരം ഒരു നീക്കം , പുരോഗമനപരമായ ദിശയിലും സ്ത്രീപക്ഷത്ത് നിന്നുകൊണ്ടും      വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുക. ബിജെപി രാജ്യത്തെയാകമാനം ഹിംസയിലേക്കും മതാന്ധതയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. മണിപ്പൂർ  വർഗീയ കലാപത്തിൽ കത്തുമ്പോൾ,  ഉത്തരാഖണ്ഡിലെ സ്ഥിതിഗതികളും അതേ  വഴിയിൽ വഷളായിക്കൊണ്ടിരിക്കുന്നു. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ പാത്രം തിളച്ചുകൊണ്ടുതന്നെ നിർത്താനുള്ള ബിജെപി യുടെ ശ്രമം ഒരു പുതിയ ഇലക്ഷൻ സ്റ്റണ്ട് ആണ്. അത് ഒരു കാരണവശാലും നമുക്ക് സ്വീകാര്യമല്ലാ എന്ന് കുനാൽ പ്രസ്താവിച്ചു. 

റിപ്പോർട്ട്
25 ജൂൺ 2023
വിവേചനത്തിന്നും അസമത്വത്തിന്നും പരിഹാരം ഏകീകൃത സിവിൽ കോഡ് അല്ല
ഏകീകൃത സിവിൽ കോഡിനേക്കുറിച്ച് ലോ കമ്മീഷൻ പൊതുജനങ്ങളുടേയും മതസംഘടനകളുടേയും അഭിപ്രായങ്ങൾ ആരായുന്നതിന് മുൻപേതന്നെ, ബി ജെ പി പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നത്തിനുള്ള ഒരു ഉപാധിയായി പ്രസ്തുത വിഷയത്തെ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ബി ജെ പി ഭരണത്തിൻകീഴിലുള്ള സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ്‌ നടപ്പാക്കാനുള്ള പ്രക്രിയയുടെ ഭാഗമെന്ന നിലയിൽ ചില നടപടികളൊക്കെ ആരംഭിച്ചിരുന്നു. യാഥാർത്ഥപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു തന്ത്രമെന്ന നിലയിൽ ആണ് ബി ജെ പി യൂണിഫോം സിവിൽ കോഡിന്റെ പ്രശ്നം അതിന്റെ പ്രോപഗാണ്ടയിലെ കാതലായ ഒരു ഇനമായി ഏറ്റെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡിന്റെ വാഗ്ദാനം ബി ജെ പി നിറവേറ്റിയതായി അവകാശപ്പെടുന്ന കൂറ്റൻ ബോർഡുകളും ഹോർഡിങ്ങുകളും സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുണ്ട്. വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത നുണപ്രചാരണമാണ് അതെങ്കിലും, ഏകീകൃത സിവിൽ കോഡിന്റെ പ്രശ്നം ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ പ്രചരണത്തിലെ ഒരു മുഖ്യ ഐറ്റം ആയിരിക്കുമെന്നാണ് അത് സൂചിപ്പിക്കുന്നത്. മുൻ ലോ കമ്മീഷനും ജുഡീഷ്യറിയും യുസിസി നടപ്പാക്കുന്നതു സംബന്ധിച്ചു പ്രകടിപ്പിച്ച പ്രതികൂലമായ അഭിപ്രായങ്ങളോ ,പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വ്യാപകമായ എതിർപ്പോ ഒന്നും അവരെ പിന്തിരിപ്പിക്കുന്നില്ല.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഈ വര്ഷം മെയ് 25 ന് സംസ്ഥാന സർക്കാർ ഒരു സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടിയിരുന്നു. യു സി സി നടപ്പാക്കുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ വേണ്ടി ഒരു വര്ഷം മുൻപ് നിയുക്തമായിരുന്ന കമ്മറ്റിയുടെ അധ്യക്ഷന് സി പി ഐ (എം എൽ) സംസ്ഥാന സെക്രട്ടറി ഇന്ദ്രേഷ് മുഖർജി എഴുതി സമർപ്പിച്ച ഒരു പ്രതികരണത്തിൽ, യു സി സി നടപ്പാക്കുന്നത് ഒരു ഭരണഘടനാ വിഷയം ആയതുകൊണ്ട് അത് ചർച്ച ചെയ്യേണ്ടത് സംസ്‌ഥാന തലത്തിലല്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് ; സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് കൂടുതൽ പ്രചാരം നല്കാൻ മാത്രമായി പൊതുഖജനാവിലെ പണം വെറുതേ ദുർവിനിയോഗം ചെയ്യുകയാണെന്നും ഇന്ദ്രേഷ് മുഖർജി അതിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ കമ്മിറ്റിയെ നിയോഗിച്ച് ഒരു വർഷമായിട്ടും അതിന്റെ നിർദ്ദേശങ്ങളോ, ഏകീകൃത സിവിൽ കോഡിന്റെ ഒരു കരടോ പോലും പൊതു മണ്ഡലത്തിൽ ലഭ്യമാക്കാതെ ഇങ്ങനെയൊരു യോഗം വിളിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയേയും അദ്ദേഹം ചോദ്യം ചെയ്തു. വിവേചനത്തിന്റെ പ്രശ്നവും സമത്വത്തിന്റേയും അസമത്വത്തിന്റേയും പ്രശ്നങ്ങളും പരിഹരിക്കേണ്ടത് അടിച്ചേല്പിക്കപ്പെട്ട ഐകരൂപ്യത്തിലൂടെയോ , ഏകീകരണത്തിലൂടെയോ അല്ലാത്തതിനാൽ യൂണിഫോം സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ഏതു ശ്രമത്തേയും സി പി ഐ (എം എൽ ) ചെറുക്കുമെന്ന് അദ്ദേഹം തുടർന്ന് പ്രഖ്യാപിച്ചു.

 

No comments:

Post a Comment