Wednesday 19 July 2023

  

ബെംഗലൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ മീറ്റിങ്ങിന്റെ സന്ദേശം
ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി , സിപിഐ (എംഎൽ) ലിബറേഷൻ

പ്രതിപക്ഷ കക്ഷികൾ ബെംഗലൂരുവിൽ രണ്ടാമത് ചേർന്ന സമ്മേളനത്തിന്റെ വിജയകരമായ പരിസമാപ്തിയും INDIA എന്ന ചുരുക്കപ്പേരിൽ ഒരു പുതിയ രാഷ്ട്രീയ സഖ്യം രൂപീകൃതമായതും മോദി ഭരണകൂടത്തെ ശരിക്കും അസ്വസ്ഥമാക്കിയിട്ടുണ്ട് . ഇതിനു മറുപടിയെന്നോണം അതേ ദിവസത്തിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും പുതിയ പാർട്ടികളെ കണ്ടുപിടിച്ചോ ചൂണ്ടിക്കാട്ടിയോ പെട്ടെന്ന് ഒരു സമാന്തര "സഖ്യം" ഡെൽഹിയിൽ ഇരുന്നുകൊണ്ട് ഉണ്ടാക്കിക്കാണിച്ചത് മോദി ഭരണകൂടത്തിന്റെ വർദ്ധിച്ചുവരുന്ന വെപ്രാളത്തെയാണ് സൂചിപ്പിക്കുന്നത്.
അടുത്ത 50 വർഷത്തേക്ക് ബിജെപി ഭരണത്തിന് ഇന്ത്യയിൽ വെല്ലുവിളിയില്ല എന്ന് വീമ്പിളക്കിയതിന് കടകവിരുദ്ധമായ ഒരു പ്രതികരണം ആണ് ഇപ്പോഴത്തേത് ! ഒരു വര്ഷം മുൻപ് ജെ പി നഡ്ഡ പട് നയിൽ നടത്തിയ ഔദ്ധത്യപൂർണ്ണമായ ഒരു പ്രസ്താവന ഓർക്കുക. ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ കാലം കഴിഞ്ഞു എന്നായിരുന്നു അത്. ഈ രാജ്യത്തിലെ ചിലരുടെ കൂട്ടായശക്തിയെ താൻ ഒറ്റയ്ക്ക് നേരിടുകയാണെന്നും മേൽപ്പറഞ്ഞ കൂട്ടായ്മയേക്കാൾ കരുത്ത് ഒറ്റയ്ക്ക് തനിക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ആണ് ഫെബ്രുവരി 9 ന് നരേന്ദ്ര മോദി രാജ്യസഭയിൽ അവകാശപ്പെട്ടത് .
നിർജ്ജീവാവസ്ഥയിലായ എൻഡിഎ ബാനർ 2024 തെരഞ്ഞെടുപ്പിന് മുൻപ് പുനരുജ്ജീവിപ്പിക്കാനുള്ള പരിതാപകരമായ ശ്രമം ആണ് അധികാരം തലയ്ക്കുപിടിച്ച് അഹങ്കാരികളായ ബിജെപി ഇന്ന് നടത്തുന്നത്. ഈ അഹങ്കാരം നിമിത്തം അവരുടെ ദീർഘകാല കൂട്ടാളികളായിരുന്ന ശിവ സേന, അകാലി ദൾ, ജെഡിയു എന്നീ പാർട്ടികൾ ബിജെപി യുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതാണ്. അതേ ബിജെപി യാണ് ഇപ്പോൾ ആ പാർട്ടികളിൽ കുത്തിത്തിരുപ്പുകളുണ്ടാക്കി അവയിൽനിന്നും കിട്ടുന്ന ചെറു ഗ്രൂപ്പുകളെ കൂടെ കൂട്ടാനും സഖ്യമുണ്ടാക്കാനും നോക്കുന്നത്. രാം വിലാസ് പാസ്വാന്റെ മരണത്തിനുശേഷം ആ പാർട്ടിയിൽ പിളർപ്പുണ്ടാക്കിയ ബിജെപി ഇപ്പോൾ അതിലെ രണ്ടു വിഭാഗങ്ങളേയും വെവ്വേറെ പാർട്ടികളായിക്കരുതി പുതിയ സഖ്യകക്ഷികൾ എന്ന നിലക്ക് അവതരിപ്പിക്കുകയാണ്! പരിഭ്രാന്തമായ ബിജെപി ക്യാമ്പ്‌ ഇപ്പോൾ 'ഇന്ത്യ'യ്‌ക്കെതിരെ 'ഭാരത'ത്തെ പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയോട് അതിന്നുള്ള നീരസം ഒരിയ്‌ക്കൽക്കൂടി പരസ്യമാക്കിയിരിക്കുന്നു. ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽത്തന്നെ എഴുതിവെച്ചിരിക്കുന്നത് " ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും " എന്നാണ്. ആ ഇന്ത്യയ്ക്കും ഭാരത ത്തിനുമിടയിൽ ആപ്പടിച്ചു കേറ്റാനും, അധികാരങ്ങൾ അമിതമായി കേന്ദ്രീകരിച്ചിരിക്കുന്ന ഒരു യൂണിയൻ ഗവണ്മെന്റിന് കീഴിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പദവിയെ കോളനികളുടേതിന് തുല്യമാക്കാനും ആണ് മോദി സർക്കാർ ശ്രമിക്കുന്നത്.

മോദി ഗവൺമെന്റിന് ഒരേയൊരു ഭരണമാതൃകയേ വശമുള്ളൂ. ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭരണഘടനാപരമായ അടിത്തറയേയും ഫെഡറൽ ചട്ടക്കൂടിനേയും ഇന്ത്യയുടെ സഞ്ചിത സംസ്കാരത്തേയും സാമൂഹ്യജീവിതത്തിലെ വൈവിദ്ധ്യങ്ങളേയും , പൗരന്മാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളേയും, അദ്ധ്വാനിക്കുന്ന ജനകോടികളുടെ അതിജീവനത്തേയും അന്തസ്സിനേയും ആക്രമിക്കുന്ന നിരന്തരയുദ്ധം ഇന്ത്യയ്‌ക്കെതിരെ നടത്തിക്കൊണ്ടല്ലാതെയുള്ള ഒരു ഭരണം അതിന്ന് സാദ്ധ്യമല്ല.
ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെടുന്ന സമയത്ത് ഡോ.അംബേദ്‌കർ ഉചിതമായി മുന്നറിയിപ്പ് നല്കിയതുപോലെ, ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് എന്ന ഭരണഘടനാപരമായ വീക്ഷണം യാഥാർഥ്യമാക്കണമെങ്കിൽ , ഇന്ത്യയ്ക്ക് അതിന്റെ എല്ലാ ശക്തിയും സമാഹരിക്കേണ്ടതായി വരും. മോദി ഭരണം ഇന്ന് രാജ്യത്തിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന സാർവത്രികമായ അരാജകത്വവും പ്രതിസന്ധികളും നടമാടുന്ന പേടിസ്വപ്നത്തെ അതിജീവിച്ചുകൊണ്ട് അത് സാധിക്കേണ്ടതുണ്ട്
പട് നയിൽനിന്നും ബെംഗളൂരുവിൽനിന്നും ഉള്ള സന്ദേശം രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും ഉള്ള ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പുകൾ ബിജെപി യെ പരാജയപ്പെടുത്താനുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റേണ്ടത് ആവശ്യമാണ് .അതിനുള്ള സമരം ആരംഭിച്ചതേയുള്ളൂ . നമ്മൾ പോരാടും ! നമ്മൾ വിജയിക്കും!

No comments:

Post a Comment