Friday 7 July 2023

 മോദിയുടെ അഴിമതി വിരുദ്ധ രോഷപ്രകടനത്തിന്റെ പൊള്ളത്തരം മഹാരാഷ്ട്രയിൽ തുറന്നുകാട്ടപ്പെടുന്നു

എഡിറ്റോറിയൽ, ML അപ്‌ഡേറ്റ് , ജൂലൈ 04 -10 , 2023 ശിവസേനയിൽ ആസൂത്രിതമായ കൂറുമാറ്റം സംഘടിപ്പിച്ചു കൃത്യം ഒരു വർഷം പിന്നിടുമ്പോൾ, മോദി-ഷാ ഭരണം ഇപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ ലക്ഷ്യം വെച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷം ഗ്യാരണ്ടി നൽകുന്നത് അഴിമതിക്ക് ആണെങ്കിൽ, അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാൻ ഉറച്ചുനിൽക്കുമെന്നാണ് തന്റെ ഗ്യാരണ്ടിയെന്ന് പ്രസ്താവിച്ച മോദിയുടെ മധ്യപ്രദേശിലെ 'ഗ്യാരന്റി' പ്രസംഗം കഴിഞ്ഞ് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലാണ് ഈ ഞായറാഴ്ചയിലെ മഹാരാഷ്ട്ര അട്ടിമറി നടന്നതെന്നത് അതിനെ പ്രത്യേകിച്ചും സെൻസേഷണൽ ആക്കി. എൻസിപി 70,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അദ്ദേഹം ആ പ്രസംഗത്തിൽ പ്രത്യേകം ആരോപിച്ചിരുന്നു. അജിത് പവാർ ക്യാമ്പിൽ നിന്ന് ഇപ്പോൾ മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് മന്ത്രിമാരിൽ മൂന്ന് പേരെങ്കിലും വർഷങ്ങളായി ഇ ഡിയുടെ റഡാറിൽ ഒരുമിച്ചു കാണപ്പെട്ടവരാണ് .അഴിമതിക്കെതിരായ മോദിയുടെ രോഷപ്രകടത്തിന്റെ പൊള്ളത്തരം മഹാരാഷ്ട്ര ഒരിക്കൽ കൂടി തുറന്നുകാട്ടി.
അഴിമതിക്കാർക്കെതിരായ നടപടിയെന്ന മോദിയുടെ 'ഗ്യാരന്റി'യുടെ അർത്ഥം ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിരിക്കുന്നു - രാഷ്ട്രീയക്കാർ പ്രതിപക്ഷത്തിരുന്നാൽ പീഡനവും പകപോക്കലും നേരിടേണ്ടിവരുമെന്നും അവർ ബിജെപിയിൽ ചേർന്നാൽ ശിക്ഷയിൽനിന്ന് പൂർണ്ണമായ മുക്തിയും അധികാരവും അനുഭവിക്കുമെന്നും ഉറപ്പാണ്. . അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരനെയും ഒഴിവാക്കില്ലെന്ന് മോദി പറയുമ്പോൾ, അതിനർത്ഥം സാമ്പത്തിക ക്രമക്കേടുകൾ മുതൽ ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങി എല്ലാത്തരം കുറ്റകൃത്യങ്ങളിലും പ്രതികളായ ആളുകൾക്ക് ആത്യന്തികമായി ബി.ജെ.പി എന്ന അലക്കുയന്ത്രത്തിൽ ചേരാൻ തന്റെ സർക്കാർ എല്ലാവരേയും നിർബന്ധിക്കുകയും ശ്രമിക്കുകയും ചെയ്യും എന്നാണ്. എല്ലാത്തരം കുറ്റകൃത്യങ്ങളെയും വെളുപ്പിക്കാൻവേണ്ടിയുള്ള ഓഫർ ആണ് അത്. അസമിലെ ഹിമന്ത ബിശ്വ ശർമ്മയും പശ്ചിമ ബംഗാളിലെ ശുഭേന്ദു അധികാരിയും മുതൽ ഇപ്പോൾ മഹാരാഷ്ട്രയിലെ അജിത് പവാറും ഛഗൻ ഭുജ്ബലും വരെ, ബിജെപി പാളയത്തിൽ പുനരധിവസിപ്പിക്കപ്പെട്ട കുംഭകോണക്കേസ് പ്രതികളുടെ പട്ടിക നാൾക്കുനാൾ നീളുകയാണ്.
പ്രതിപക്ഷത്തെ അഴിമതിക്കാരുടെ രാജവംശം എന്ന് വിശേഷിപ്പിക്കുന്ന മോദിയുടെ വാക്കാലുള്ള ആക്രമണത്തിന് പിന്നിൽ, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വളർന്നു വരുന്ന തിരഞ്ഞെടുപ്പ് ധാരണ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ഉത്തേജനം നൽകുകയും, മോദി ഭരണത്തോടുള്ള അവരുടെ രോഷം ബിജെപിയുടെ നിർണായക പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന വ്യക്തമായ ഭയമാണ്. പ്രതിപക്ഷ ഐക്യമില്ലാതെ തന്നെ, ഹിമാചൽ പ്രദേശിലും കർണാടകയിലും ബിജെപിയെ ശക്തമായി പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞു. മധ്യപ്രദേശിലെയും തെലങ്കാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അടുത്ത ഘട്ടത്തിൽ ഛത്തീസ്ഗഡിലും ഒരുപക്ഷേ രാജസ്ഥാനിലും അധികാരം നിലനിർത്തിക്കൊണ്ടുതന്നെ ആവേശഭരിതമായ കോൺഗ്രസ് ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമായി. 48 എംപിമാരെ നൽകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ തിരഞ്ഞെടുപ്പ് സംസ്ഥാനമെന്ന നിലയിൽ, ബിജെപിക്ക് മഹാരാഷ്ട്രയുടെ പ്രാധാന്യം നല്ലപോലെ അറിയാം.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കുന്നതിനാൽ ഏകനാഥ് ഷിൻഡെയുടെയും സഹപ്രവർത്തകരുടെയും തലയിൽ അയോഗ്യതയുടെ വാളുമായി ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ (ഇഡി സർക്കാർ എന്ന് ഇത് ഉചിതമായി വിശേഷിപ്പിക്കപ്പെടുന്നു) അസ്ഥിരതയെക്കുറിച്ച് ബിജെപിക്ക് നന്നായി അറിയാം. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ പ്രതിസന്ധി ആസന്നമായ സാഹചര്യത്തിൽ, കൂറുമാറിയ എൻസിപി നിയമസഭാംഗങ്ങളെ ഉൾപ്പെടുത്തുന്നത് ഷിൻഡെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും അയോഗ്യരാക്കാനിടയാവുമ്പോൾ പിന്തുണയ്ക്കുന്ന സഭാംഗങ്ങളുടെയെണ്ണത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും കമ്മി നികത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പക്ഷേ, അജിത് പവാറിന് ആവശ്യമായ സംഖ്യ ഇപ്പോഴും ഇല്ലെന്നും പാർട്ടിയെ പുനർനിർമ്മിക്കുന്നതിനായി ശരദ് പവാർ ജനങ്ങളിലേക്ക് മടങ്ങുന്നതോടെ ചില കൂറുമാറിയ അംഗങ്ങൾ ശരദ് പവാർ ക്യാമ്പിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരുകയാണെന്നും ഇപ്പോൾ വ്യക്തമാണ്. അതിനിടെ, ഷിൻഡെ മന്ത്രിസഭയിൽ ചേരുകയും വിമത എംപിമാരെ പുറത്താക്കുകയും ചെയ്ത അജിത് പവാറിനെയും മറ്റ് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് എൻസിപിയും അഭ്യർത്ഥിച്ചു. അങ്ങനെ യുദ്ധം ആരംഭിച്ചതേയുള്ളൂ, ഹ്രസ്വകാലത്തേക്ക് പോലും സ്ഥിതിഗതികൾ അസ്വസ്ഥമായി തുടരുന്നു.
ഇന്ത്യയിലുടനീളം മോദി സർക്കാർ 'ഗുജറാത്ത് മോഡൽ' ആയി അറിയപ്പെടുന്നു. യോഗി ആദിത്യനാഥിനെ മോദി-ഷാ ബ്രാക്കറ്റിൽ ഉൾപ്പെടുത്തുകയും, നരേന്ദ്രമോദിയെ വാരണാസിയുടെ എം പി ആയി ലോക്‌സഭയിൽ എത്തിക്കുകയും ചെയ്യുന്നതിലൂടെ ഗുജറാത്തി ആധിപത്യത്തിന്റെ പ്രതീതി ലഘൂകരിക്കപ്പെടുമെന്ന് കരുതുന്നുണ്ടെങ്കിലും, അധികാരത്തിന്റെയും സമ്പത്തിന്റെയും അഭൂതപൂർവമായ കേന്ദ്രീകരണം നാല് ഗുജറാത്തികളുടെ കൈകളിലാണെന്ന ധാരണയ്ക്ക് അത് വലിയ കോട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ നീക്കം ചെയ്യപ്പെട്ട കശ്മീരിലോ,
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിൻറെ ഭരണഘടനാപരമായ ഫെഡറൽ അധികാരങ്ങൾ അധിനിവേശപരമായ ഒരു എക്‌സിക്യൂട്ടീവ് ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ നിരകാരിക്കുന്ന ഡെൽഹിയിലോ, അല്ലെങ്കിൽ ഭാഷാപരവും സാംസ്‌കാരികവുമായി വ്യത്യസ്തമായ സ്വത്വം അടയാളപ്പെടുത്തിയ സംസ്ഥാനങ്ങളിലോ മാത്രമല്ല ഫെഡറലിസത്തിന്റെ പ്രശ്നം ഇന്ന് ശക്തമായി ഉയർന്നുവരുന്നത്. തമിഴ്‌നാടും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും അക്കൂട്ടത്തിൽ ഉണ്ട്. ഇന്ത്യൻ മുതലാളിത്തത്തിന്റെ ഹൃദയഭൂമിയായ മഹാരാഷ്ട്രയിൽപ്പോലും അത് പൊന്തിവരുന്നു. പദ്ധതികളും ഓഫീസുകളും സ്ഥാപിത വിഭവങ്ങളും മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേയ്ക്ക് മാറ്റം ചെയ്യപ്പെടുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതിനൊപ്പം ശിവസേനയ്ക്കും എൻസിപിക്കും എതിരായ രാഷ്ട്രീയ ആക്രമണങ്ങളും നടക്കുമ്പോൾ, മഹാരാഷ്ട്ര കേന്ദ്രീകൃത പ്രാദേശിക സ്വത്വമുള്ള ആ രണ്ട് പാർട്ടികളുംകൂടി മഹാരാഷ്ട്രയെ കൂടുതൽ അസ്വസ്ഥമാക്കാനേ തരമുള്ളൂ. ഗുജറാത്ത് മോഡലും ഫെഡറൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്ന പ്രശ്നവും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നു.
ഗുജറാത്തിനും മഹാരാഷ്ട്രയ്‌ക്കുമിടയിൽ വർധിച്ചുവരുന്ന വിടവുകളുടെ പശ്ചാത്തലത്തിലുള്ള ഫെഡറൽ അജണ്ടയുടെ ഉയർച്ചയാണ് ഹിന്ദുത്വത്തിന്റെ വികാസഘട്ടത്തിൽ ആശയപരമായി ഏറ്റവും അടുപ്പം പങ്കിട്ട രണ്ട് പാർട്ടികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള വിള്ളലിനു പിന്നിലെ അടിസ്ഥാന ഘടകം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട്കാലം അന്തർലീനമായ ഹിന്ദുത്വ ബന്ധം ഉണ്ടായിരുന്നിട്ടും, ഗുജറാത്ത് മോഡലിന്റെ വർദ്ധിച്ചുവരുന്ന ആധിപത്യത്തെ അതിജീവിക്കാൻ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തിന് കഴിഞ്ഞില്ലെങ്കിൽ, സാമ്പത്തികവും വിദേശ നയവുമായ കാര്യങ്ങളിലൊഴികെ എൻസിപി ഒരിക്കലും ബി ജെ പിയുമായി പ്രത്യയശാസ്ത്രപരമായി യോജിച്ചിട്ടില്ല.
പീഡന ഭീഷണിയും അധികാര പ്രലോഭനങ്ങളും ആണ് ശിവസേനയിലെ ഭൂരിപക്ഷത്തേയും ഇപ്പോൾ എൻസിപി നിയമസഭാംഗങ്ങളെയും ബി.ജെ.പിയിലേക്ക് തള്ളിവിട്ടതെന്നത് തീർച്ചയാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പ്, എ.പി.എം.സി തിരഞ്ഞെടുപ്പ് ഫലങ്ങളും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിനും ഉള്ള ജനപിന്തുണയും നിമിത്തം ബിജെപിക്ക് കീഴടങ്ങിയ ശിവസേനയുടെയും എൻസിപിയുടെയും എം.എൽ.എമാർ അവരുടെ ബഹുജന അടിത്തറയിൽ നിന്ന് ഒറ്റപ്പെട്ടതായി എൻസിപി നേതൃത്വം വ്യക്തമായി സൂചിപ്പിക്കുന്നു.
ജനപിന്തുണ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അധികാരം നിലനിർത്താൻ മോദി സർക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് വർഗീയ ധ്രുവീകരണത്തേയും രാഷ്ട്രീയ ബലപ്രയോഗത്തിലും വിയോജിപ്പുകളെ ക്രൂരമായി അടിച്ചമർത്തുന്നതിലും ആണ്. ഭരണത്തിന്റെ അധികാര ലഹരിയിൽ സാധാരണ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരുകൾ വീഴ്ച വരുത്തുന്നത് ഇപ്പോൾ മഹാരാഷ്ട്ര മുതൽ മണിപ്പൂർ വരെ പ്രകടമാണ്. ഭരണത്തിനുവേണ്ടിയുള്ള വഴിവിട്ട അധികാരക്കളികളിൽ പ്രതിപക്ഷം തളരാതിരിക്കട്ടെ, ജനങ്ങളുമായി അടുത്തിടപഴകി പുതിയ ശക്തിയും ഊർജ്ജവും സമാഹരിച്ചുകൊണ്ട് അവർ മുന്നോട്ട് പോകട്ടെ .മഹാരാഷ്‌ട്ര ചൂതാട്ടത്തിന് വൻ തിരിച്ചടികൾ സംഭവിക്കുന്നതോടെ കേന്ദ്രത്തിൽ മോദിയുടെ പതനത്തിന് വേഗത കൂടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

No comments:

Post a Comment