Friday 10 November 2023


ഇബി - ഇഡി രാജും, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വർദ്ധിച്ചുവരുന്ന അപഹാസ്യതയും [എം എൽ അപ്ഡേറ്റ് വീക്‌ലി എഡിറ്റോറിയൽ 
നവംബർ  07 -13 , 2023 ]


ലക്‌ടറൽ ബോണ്ടുകൾ (EB), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ED) എന്നിവ മോദി സർക്കാരിന്റെ ഏറ്റവും വലിയ രണ്ട് ശക്തി സ്രോതസ്സുകളായി ഉയർന്നുവന്നിരിക്കുകയാണ്. രാജസ്ഥാനിലേക്കും ഛത്തീസ്ഗഢിലേക്കും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ , ED യഥാർത്ഥത്തിൽ ബിജെപിയുടെ സ്റ്റാർ പ്രചാരകനായി മാറിയിരിക്കുന്നു. ഇഡി വളരെക്കാലമായി നിലവിലുള്ള ഒരു സ്ഥാപനം ആണെങ്കിലും, ഇന്ന് അത് മോദി സർക്കാരിന്റെ കയ്യിൽ എതിരാളികളെ ലക്ഷ്യമിട്ട് ഉപദ്രവിക്കാനുള്ള സവിശേഷമായ ഒരു ആയുധമായിരിക്കുന്നു. അനിയന്ത്രിതവും അജ്ഞാതവുമായ കോർപ്പറേറ്റ് ഫണ്ടിംഗ് ബി ജെ പി ക്ക് വേണ്ടി സുഗമമാക്കുന്നതിനാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് സമ്പ്രദായം കണ്ടുപിടിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. ഇത് തിരഞ്ഞെടുപ്പിൽ പണത്തിന്റെ അഭൂതപൂർവമായ ഉപയോഗത്തിന് കാരണമാവുകയും ബി.ജെ.പിക്ക് അതിന്റെ എല്ലാ എതിരാളികളെയുംക്കാൾ വലിയ നേട്ടം നൽകുകയും ചെയ്തു. എന്നിരുന്നാലും, ED, EB എന്നീ രണ്ട് ആയുധങ്ങളും വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിക്കുന്നത് : EB കൾ മറയിട്ട് രഹസ്യമാക്കി വെച്ചിരിക്കുമ്പോൾ ഓരോ ED റെയ്ഡും ഒരു കെട്ടുകാഴ്ചപോലെയാണ് നടപ്പാക്കുന്നത്.
മോദി കാലഘട്ടത്തിൽ ED യുടെ അമിതമായ ഉപയോഗം ED യെ ഒരു സുപരിചിതമായ ഒരു പദമാക്കി മാറ്റി. ആയുധവൽകൃതമായ കേന്ദ്ര ഏജൻസികളുടെ കുപ്രസിദ്ധമായ സ്ഥാനപ്പട്ടികയിൽ ഒരുപക്ഷെ ഇ ഡി ഇപ്പോൾ സി.ബി.ഐയെ പോലും മറികടന്നിരിക്കുന്നു. പി‌എം‌എൽ‌എ അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ നിയമപരമായി ചുമതലപ്പെട്ട ഏജൻസിയും, ഫെമ അല്ലെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999; കൂടാതെ FEOA അല്ലെങ്കിൽ Fugitive Economic Offenders Act, 2018, എന്നിവയൊക്കെ നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ED ഇപ്പോൾ കൂടുതലും വാർത്തകളിൽ നിറയുന്നത് ബിജെപി ഇതര നേതാക്കളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയാണ് . ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യാനും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇഡിക്ക് ഇപ്പോൾ അസാധാരണമായ അധികാരമുണ്ട്, കൂടാതെ, പ്രതികളിൽ നിന്ന് അത് നേടിയെടുത്ത മൊഴികൾ സ്വീകാര്യമായ തെളിവായി കണക്കാക്കുന്നു!
അത്തരം അസാധാരണമായ അധികാരങ്ങളും അമിതമായ ഉപയോഗവും ഉണ്ടായിരുന്നിട്ടും, ED കേസുകളിൽ പുരോഗതിയുടെ യഥാർത്ഥ നിരക്ക് വളരെ കുറവാണ്. 2005 മുതൽ ED ഏകദേശം 6,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ 20 ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചുള്ളൂ ; 25 കേസുകൾ മാത്രമേ തീർപ്പാക്കിയിട്ടുള്ളൂ. തികച്ചും വിവേചനപരവും ഏകപക്ഷീയവുമായ രീതിയിലാണ് ED യെ ഉപയോഗിച്ചിരിക്കുന്നത്. മുൻ പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിൽ ചേരുകയോ എൻഡിഎ പാളയത്തിലേക്ക് കടക്കുകയോ ചെയ്‌തതിന് ശേഷം അവർക്കെതിരായ കേസുകൾ ഒഴിവാക്കിയിട്ടുണ്ട്. അസമിലെ ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി, കർണാടകയിലെ ബിഎസ് യെദിയൂരപ്പ, നാരായണ് റാണെ, ഭാവന ഗവാലി, യശ്വന്ത്, യാമിനി ജാദവ്, മഹാരാഷ്ട്രയിലെ ഏറ്റവും ഒടുവിൽ അജിത് പവാർ, ഛഗൻ ഭുജ്ബൽ എന്നിവരെല്ലാം ബിജെപിയുടെ ഇഡി നിയന്ത്രിത രാഷ്ട്രീയ ഏറ്റെടുക്കലുകളുടെ പട്ടികയെ പ്രതിനിധാനം ചെയ്യുന്നു. വളരെ ദൈർഘ്യമേറിയതും വൈവിധ്യപൂർണ്ണവുമായ പ്രക്രിയ വഴിയാണ് ഇഡി നോട്ടമിടുന്നതും ഉപദ്രവിക്കുന്നതുമായ പ്രതിപക്ഷ നേതാക്കളുടെ പട്ടിക തീർപ്പാവുന്നത്. 2024ലെ നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി പകപോക്കലിന്റെ പ്രചാരണം ശക്തമാകുമ്പോൾ നിരവധി നേതാക്കൾ ജയിലിൽ കഴിയുകയാണ്, മറ്റുചിലരെ ഇപ്പോൾ ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുകയും ചെയ്യുമ്പോഴും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പ്രതികാര റെയ്ഡുകൾ നടക്കുന്നു. പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താനും മോദി ഭരണത്തിന്റെ അഴിമതി വിരുദ്ധ അവകാശവാദങ്ങൾ ഉയർത്താനും സംഘ്-ബിജെപി പ്രചാരണ യന്ത്രങ്ങൾ ഇഡി റെയ്ഡുകൾ ഉപയോഗിക്കുമ്പോൾ, രാജസ്ഥാൻ സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്യൂറോ രണ്ട് ഇഡി ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടികൂടി. ഛത്തീസ്ഗഡിൽ, ഏതെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ അംഗീകാരമുള്ളവരിൽ നിന്ന് ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യപ്പെടുത്തി, നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുന്ന തിരക്കിലാണ് ED. ഇഡി, സിആർപിഎഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാൻ സമഗ്രമായി പരിശോധിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടത് ശരിയായിരുന്നു.
മോദി ഭരണം ഒരു മാരകമായ മുൻനിര തിരഞ്ഞെടുപ്പ് ആയുധമായി ഇഡി ഉപയോഗിക്കുന്നുവെങ്കിൽ, പണശക്തി ശേഖരിക്കുന്നതിനുള്ള അദൃശ്യമായ മാർഗമാണ് ഇലക്ടറൽ ബോണ്ടുകൾ. കോർപ്പറേറ്റ് ദാതാക്കൾക്ക് സമ്പൂർണ അജ്ഞാതത്വം ഉറപ്പുനൽകുന്നതിനായി കമ്പനി നിയമം മുതൽ ജനപ്രാതിനിധ്യ നിയമം വരെയുള്ള മുഴുവൻ നിയമങ്ങളും ഭേദഗതി ചെയ്തുകൊണ്ടാണ് ബോണ്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആർക്കൊക്കെ സംഭാവന നൽകാമെന്നതിൽ യാതൊരു നിയന്ത്രണവുമില്ല (വിദേശ ശക്തികൾക്കും ഷെൽ കമ്പനികൾക്കും ഇപ്പോൾ ഇന്ത്യൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ സ്വാതന്ത്ര്യമുണ്ട്), എത്ര വലിയ തുകയ്ക്കും (ഒരു കമ്പനിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന തുകയ്ക്ക് പരിധിയില്ല) - ഇലക്ടറൽ ബോണ്ടുകൾ നൽകാനുള്ള ഏറ്റവും എളുപ്പവും ഉറപ്പുള്ളതുമായ മാർഗമായി അത് മാറിയിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ രഹസ്യമായും ശിക്ഷാഭയം കൂടാതെയും ഉറപ്പായി സാദ്ധ്യമാക്കുന്ന ഒരു വഴിയാണ് അത്. ഇബി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുമ്പോൾ, ഒരു പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിന്റെ ഉറവിടവും സ്വഭാവവും അറിയാൻ വോട്ടർമാർക്ക് അവകാശമില്ലെന്ന് പോലും സർക്കാർ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഇന്ത്യയിലെ ബിസിനസ്-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും കോർപ്പറേറ്റ് അധികാരം പിടിച്ചെടുക്കുന്നതിന്റെയും ഏറ്റവും നികൃഷ്ടമായ ഉദാഹരണമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് കമ്മീഷനും പദ്ധതിക്കെതിരെ വലിയ എതിർപ്പുകൾ ഉന്നയിച്ചിരുന്നു, അതിന്റെ സ്വാധീനത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. എന്നിട്ടും, മോദി സർക്കാർ എല്ലാ എതിർപ്പുകളെയും മറികടക്കുകയും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുന്ന ഈ പദ്ധതികൾ അടിച്ചേൽപ്പിക്കുകയും ചെയ്തു. മോദി ഗവൺമെന്റിന്റെ കൈകളിൽ അധികാര കേന്ദ്രീകരണം, സമ്പത്തിന്റെ റെക്കോർഡ് കേന്ദ്രീകരണം, തിരഞ്ഞെടുത്ത ഏതാനും കോർപ്പറേറ്റ് കൈകളിൽ ലാഭമുണ്ടാക്കാനുള്ള അവസരങ്ങൾ, പ്രത്യുപകാരത്തിന്റെ രൂപത്തിൽ തികച്ചും അതാര്യമായ പ്രക്രിയയിലൂടെ ബി.ജെ.പി.ക്കുള്ള രാഷ്ട്രീയ ഫണ്ടുകളുടെ സമ്പൂർണ്ണ കേന്ദ്രീകരണം- ഇവയെല്ലാം നിമിത്തം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യം ആടിയുലയുകയാണ് ഈ ത്രിതല ആക്രമണത്തിന് കീഴിൽ.
പാർലമെന്ററി ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് സംവിധാനത്തേയും കൃത്രിമത്വം നിറഞ്ഞതും പരിഹാസ്യവും ആക്കുന്ന ധിക്കാരപരമായ ഇത്തരം കൗശലങ്ങളിലൂടെയാണ് സംഘ് ബ്രിഗേഡിന്റെ ഫാസിസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. ചില രാഷ്ട്രീയ നിരീക്ഷകർ ഇതിനെ തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം എന്ന് വിളിക്കുന്നു. ED-EB സംയോജനം ആണ് അങ്ങനെയൊരു സംവിധാനത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. സുപ്രീംകോടതിയുടെ ഒരു ഹിയറിംഗ് ഇലക്ടറൽ ബോണ്ടുകളുടെ യഥാർത്ഥ ലക്ഷ്യവും സ്വഭാവവും തുറന്നുകാട്ടി, ഭരണനിർവ്വഹണ വിഭാഗത്തിന്റെ ഒരു പരിശുദ്ധമായ നയമായി ബോണ്ടുകളെ നിലനിൽക്കാൻ സുപ്രീം കോടതി അനുവദിക്കുമോ എന്ന് ഇപ്പോൾ കാണേണ്ടതുണ്ട്! വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മോദി ഭരണത്തിന്റെ ശക്തമായ പരാജയം മാത്രമേ ഇബി-ഇഡി രാജിനെ അട്ടിമറിക്കുകയുള്ളൂ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ ദിശയിലേക്ക് വഴിയൊരുക്കട്ടെ.

No comments:

Post a Comment