Saturday 25 November 2023

 തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ ലോകകപ്പ് ക്രിക്കറ്റ് വരെ : മോദി- ഷാ ക്യാമ്പിൽ വളരുന്ന നിസ്സഹായത

(എം എൽ അപ്ഡേറ്റ് വീക്‌ലി No.48 Vol.26 നവംബർ 21 - 27 2023
എഡിറ്റോറിയൽ)




2023 നവമ്പറിലെ ആദ്യത്തെ മൂന്നാഴ്ച ഇന്ത്യയിലെ വൻകിട മാദ്ധ്യമങ്ങൾ രണ്ട് വിഷയങ്ങളിലുള്ള പ്രചാരവേലകളിൽ മുഴുകിയിരുന്നു. അവയിലൊന്ന് ഛത്തീസ്‌ ഗഡ്‌ , മദ്ധ്യപ്രദേശ് ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലിതെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കു അനുകൂലമായ പ്രോപഗാൻഡ ആയിരുന്നുവെങ്കിൽ, രണ്ടാമത്തേത്  ഒക്ടോബർ 5 മുതൽ നവംബർ 19 വരെ 46 ദിവസം നീണ്ടുനിന്ന ലോകകപ്പ് ഏകദിന ഇന്നിങ്‌സ് മത്സരങ്ങളുടെ വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ( മുൻപ് സർദാർ പട്ടേൽ സ്റ്റേഡിയം ആയിരുന്നത് മോദി സർക്കാർ പുനർനാമകരണം ചെയ്തത് ) അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂലമായ പ്രചാരണത്തിന്റെ അരങ്ങായി ഉപയോഗിക്കൽ ആയിരുന്നു. ഇതെല്ലം നടക്കുമ്പോൾ, ഗാസയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളെയും, നിരായുധരായ പലസ്തീനികളേയും വംശഹത്യയിലൂടെ തുടച്ചുനീക്കാൻ  ഇസ്രയേൽ തുടർച്ചയായി ശ്രമിക്കുന്നത് ഗോദി മീഡിയയ്ക്ക് ഒരിക്കലും പ്രാധാന്യമുള്ള വാർത്തയായില്ല. ഉത്തരാഖണ്ഡിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ തുരങ്കം ഇടിഞ്ഞ് കുടുങ്ങിപ്പോയ 41 തൊഴിലാളികളുടെ ജീവൻ ഒരാഴ്ചയിലധികമായി  വെല്ലുവിളി നേരിടുന്നതുപോലും ഇതുവരേയും അവർക്ക് കാര്യമായ വാർത്തയായില്ല.  


തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നകാര്യത്തിലും  മാദ്ധ്യമങ്ങൾക്ക് ഇരട്ടത്താപ്പ് ആണ്. നവംബർ 7 ന് ഛത്തീസ് ഗഡ്‌  അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇ ഡി യിൽനിന്ന് ലഭിച്ചതെന്ന് പറഞ്ഞുകൊണ്ട്  ഒരു വലിയ ബ്രേക്കിംഗ് ന്യൂസ് അവർ പ്രസിദ്ധീകരിച്ചു . നിലവിൽ  മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ പ്രമുഖ നേതാവുമായ ഭൂപേശ് ബാഗേൽ ഒരു വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് 500 കോടിയിലധികം രൂപ അനധികൃതമായി നേടി എന്നത്‌  സംസ്ഥാന സർക്കാർ കുറച്ചുകാലമായി  അന്വേഷണം തുടരുന്നതും,ഏതാനും അറസ്റ്റുകളിലേക്ക് നയിച്ചതും, അന്വേഷണം ഇനിയും പൂർത്തിയാകാനിരിക്കുന്നതുമായ ഒരു ആരോപണം മാത്രമായിരിക്കേയാണ് അത്തരത്തിൽ ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കപ്പെട്ടത്. ന്യൂസ് ബ്രേയ്ക്കിന് പിന്നാലെ മേൽപ്പറഞ്ഞ വിശദാംശങ്ങൾ സ്ക്രോൾ ചെയ്‌തു കാണിച്ചുവെങ്കിലും , തെരഞ്ഞെടുപ്പ് സമയം നോക്കി പുറത്തുവിട്ട പ്രസ്തുത 'സ്റ്റോറി' ക്കു പിന്നിലെ ഏക താൽപ്പര്യം ഛത്തീസ് ഗഡ്‌  വോട്ടർമാരുടെ ഇംഗിതത്തെ സ്വാധീനിക്കുക എന്നതായിരുന്നു. ഇ ഡി എന്ന സ്ഥാപനത്തെ ആയുധവൽക്കരിക്കുന്ന പ്രവണത കൂടുതൽ നീചമായ ഒരു പുതിയതലത്തിൽ എത്തിയിരിക്കുകയാണെന്ന് ഛത്തീസ്‌ ഗഡിലേയും രാജസ്ഥാനിലേയും സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നു.  


ഏതാണ്ട് ഇതേ സമയത്ത് വന്ന മറ്റ് രണ്ടു വാർത്തകൾ നൽകുന്നത് വ്യത്യസ്തമായ മറ്റൊരു ചിത്രമാണ്. രാജസ്ഥാനിൽ രണ്ട് ഇ ഡി ഉദ്യോഗസ്ഥരെ കൈക്കൂലി സ്വീകരിക്കുന്നതിനിടയിൽ കയ്യോടെ പിടികൂടിയത് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ ആയിരുന്നു. എന്നാൽ ആ സ്റ്റോറി വളരെപ്പെട്ടെന്ന് മീഡിയയിൽ അപ്രത്യക്ഷമായി. അതിനു ശേഷം ഉണ്ടായ മറ്റൊരു സംഭവത്തിൽ , കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര തോമറിന്റെ മകൻ ദേവേന്ദ്ര സിങ് തോമർ കോടിക്കണക്കിനു രൂപ കമ്മീഷൻ ആയി ഉറപ്പിക്കുന്ന ടെലിഫോൺ സംഭാഷണങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അവയിൽ ഒന്ന് നൂറു കോടി രൂപ കമ്മീഷൻ ആവശ്യപ്പെടുന്നത്തിന്റെ വിഡിയോ ആണെങ്കിൽ , മറ്റേത്  പ്രതിമാസം 250 കോടി രൂപ വീതം തവണകളായി നൽകാൻ ഏതോ കക്ഷിയോട് ആവശ്യപ്പെടുന്നതാണ്. കാനഡയിലെ അബോട്ട്സ്ഫോർഡിൽ നിന്ന് സംസാരിക്കുന്ന ജഗ് മൻദീപ്‌സിങ് എന്ന ഒരു വ്യക്തിയുടേതായി മൂന്നാമത് ഒരു വീഡിയോ കൂടി പുറത്തുവന്നിരുന്നു. അയാൾ അതിൽ സംസാരിക്കുന്നത് ദേവേന്ദ്ര സിംഗ് തോമറിനോട് ആണെന്നും, മുൻ വീഡിയോകളിൽ സൂചിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടർ സംഭാഷണം ആണ് അതും അവകാശപ്പെടുന്നുണ്ട്. ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് നരേന്ദ്ര സിംഗ് തോമർ ഖനി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ആണ് ആദ്യത്തെ വീഡിയോകളിൽ സംഭാഷണങ്ങൾ നടന്നത് എന്നും, അന്വേഷണ ഏജൻസികൾ തന്നെ സമീപിക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ നല്കാൻ തയ്യാറാണെന്നും ജഗ് മൻദീപ്‌സിങ് പറയുന്നു. 
 

കാനഡയിൽ മരിജുവാന കൃഷി നടത്തുന്നതിന് പണം ഇറക്കുന്നതുസംബന്ധിച്ച ഇടപാടുകളിൽ പതിനായിരം കോടി രൂപയോളം തുക കമ്മീഷനായും നിക്ഷേപത്തുകയായും തോമറും മകനും ചേർന്ന് കൈപ്പറ്റിയിരുന്നു എന്നാണ് ജഗ് മൻദീപ് സിംഗ് ആരോപിക്കുന്നത്. ഇപ്പോഴത്തെ മദ്ധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ബി ജെ പി രംഗത്തിറക്കിയ 7 സിറ്റിംഗ് എം എൽ എ മാരിൽ ഒരാളാണ് നരേന്ദ്ര സിംഗ് തോമർ. മേൽപ്പറഞ്ഞ ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിൽനിന്നോ, കേന്ദ്ര അന്വേഷണ ഏജൻസി കളിൽനിന്നോ , തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കാര്യമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവരെല്ലാം തികഞ്ഞ നിശ്ശബ്ദത പുലർത്തുകയുമാണ്. വൻകിട മാധ്യമങ്ങളും ഈ വിഷയം പൂർണ്ണമായും തമസ്കരിക്കുകയായിരുന്നു.  ബാഗേലിനെതിരായ ആരോപണത്തോട് പ്രതികരിച്ച രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി തോമറിനെതിരായ അഴിമതി ആരോപണത്തെ തമസ്കരിക്കുന്നത്തിലൂടെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്  പ്രകടമാവുകയും,  അധികാരത്തിലിരിക്കുന്ന  ശക്തികൾക്ക് വേണ്ടി പ്രചാരവേല നടത്തുന്ന രാഷ്ട്രീയ ആയുധങ്ങളുടെ നിലയിലേക്ക് അവ പരിവർത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

 

അതിനിടെ, നരേന്ദ്ര മോദിയുടെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രസംഗങ്ങൾ ബി ജെ പി നേരിടുന്ന രാഷ്ട്രീയമായ ആത്മവിശ്വാസക്കുറവിനെയും അതോടൊപ്പം അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം തുടർച്ചയായി നേരിടുന്ന അധഃപതനത്തേയും വെളിവാക്കുന്നതാണ്. 2020 ഫെബ്രുവരിയിൽ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗങ്ങളിലാണ്  അമിത് ഷാ യും അനുരാഗ് ഠാക്കൂറും യഥാക്രമം 'ഷഹീൻ ബാഗ് വരെ കറണ്ട് എത്തുന്ന വിധത്തിൽ ബട്ടൺ ശക്തിയായി അമർത്താനും" , "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലാനും" വോട്ടർമാരോട് ആഹ്വാനം നടത്തിയത്.  ഇപ്രാവശ്യം മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിൽ സമാനമായൊരു ആഹ്വാനം ഉണ്ടായിരുന്നു. വോട്ടർമാർ "താമര ചിഹ്നത്തിൽ ശക്തിയായി ബട്ടൺ അമർത്തിക്കൊണ്ടു  കോൺഗ്രസ്സിനെ തൂക്കുമരത്തിൽ കയറ്റണം" എന്നാണ് മോദി പ്രസംഗിച്ചത് !. അക്രമത്തിന് പരസ്യമായി പ്രേരണ നൽകുന്നതും, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതുമായിട്ടും പ്രസ്തുത പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടില്ല എന്ന് ഭാവിക്കുന്നത് തുടരുകയാണ്. ലീഗ് ഘട്ടത്തിലും സെമി ഫൈനലിലുമായി  തുടർച്ചയായി പത്ത് കളികൾ വിജയിച്ച ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടും  എന്ന കണക്കുകൂട്ടൽ വെച്ച് ബി ജെ പി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾക്ക്  ഫൈനൽ മത്സരത്തിൽ തോറ്റതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായത് .  

.

ക്രിക്കറ്റ് കളിയെ  രാഷ്ട്രീയവൽക്കരിക്കുന്ന ഏർപ്പാട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധമുള്ള വൈകൃതങ്ങളിലേക്ക് അധഃപതിച്ചത് മോദി പ്രധാനമന്ത്രിയായതുതൊട്ടുള്ള വർഷങ്ങളിൽ ആണ്. ബി സി  സി ഐ  - ഐ പി എൽ അഴിമതിക്കേസിൽ  പ്രധാന പ്രതിയും, വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാജസ്ഥാനിലെ  സൂപ്പർ മുഖ്യമന്ത്രിയെന്ന്  അറിയപ്പെട്ടിരുന്ന വ്യക്തിയും ആയ ലളിത് മോദിയെ രാജ്യം വിട്ട് ഓടിപ്പോകാൻ എല്ലാ ഒത്തശകളും ചെയ്ത ശേഷം ബി ജെ പി അമിത് ഷാ യുടെ മകനായ ജയ് ഷായെ ബി സി സി ഐ യുടെ തലപ്പത്ത് അവരോധിച്ചു; അതോടൊപ്പം ഐ പി എൽ ചെയർമാൻ സ്ഥാനത്ത് ഇരുത്തിയത് അനുരാഗ് ഠാക്കുറിന്റെ മൂത്ത സഹോദരനായ അരുൺ സിംഗ് ധുമാലിനെ ആയിരുന്നു.            ഈ സംഘം ആണ് ക്രിക്കറ്റ് ലോകത്തിലെ പത്ത് രാജ്യങ്ങൾ പങ്കെടുത്ത ഏഴാഴ്ചകൾ നീണ്ടുനിന്ന അന്താരാഷ്ട്ര  ലോക കപ്പ് മത്സരത്തെ കേവലം ഇന്ത്യയുടെ ,അല്ലെങ്കിൽ അഹമ്മദാബാദിൻറെ ഒരു കെട്ടുകാഴ്ചയാക്കി ഫലത്തിൽ മാറ്റിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനും , ഫൈനൽ മത്സരത്തിനും വേദിയായ അഹമ്മദാബാദിൽ ഉച്ചത്തിലുള്ള വർഗ്ഗീയ- ജിംഗോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കപ്പെട്ടു. അതിഥി ടീമായ പാകിസ്ഥാൻ കളിക്കാർക്കെതിരായ തടസ്സപ്പെടുത്തലുകൾ ഏറെ ഉണ്ടായി.  ഫൈനൽ മത്സരമായപ്പോഴേക്കും അവർ പ്രതീക്ഷിച്ചത്  ഇന്ത്യ ജയിക്കുമെന്നും അത് വലിയ ആഘോഷമാക്കിത്തീർക്കാം എന്നും ആയിരുന്നു. അതുകൊണ്ട് തന്നെ, ലോക കപ്പ് നേടിയ ആസ്ട്രേലിയൻ ടീമിനേയും കളിക്കാരേയും അഭിനന്ദിക്കാനുള്ള സാമാന്യ മര്യാദ പോലും മിക്കവാറും ഒഴിവാക്കപ്പെട്ടു.
2036 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ഉത്സാഹത്തെ  ലോകം ഗൗരവത്തിലെടുക്കാനുള്ള സാധ്യതയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ലോക കപ്പ് ക്രിക്കറ്റ് സംഘാടനത്തിൽ പ്രകടമായതും മുഴച്ചുനിന്നതുമായ ഇന്ത്യൻ കായികസംസ്കാരത്തിന്റെ ദയനീയമായ അവസ്ഥ.   


No comments:

Post a Comment