എഡിറ്റോറിയൽ (ലിബറേഷൻ) 22 ജനുവരി 2024
അയോധ്യ:
രാമക്ഷേത്രം മോദി കെട്ടിപ്പൊക്കുന്ന സ്മാരകമാകുമ്പോൾ ആർഎസ്എസ് അജണ്ട മുന്നോട്ട്
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പട്ടാപ്പകൽ സമയത്ത് സംഘപരിവാർ ശക്തികൾ ചരിത്ര പ്രസിദ്ധമായ ബാബറി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യയിൽ എങ്ങും ഉണ്ടായത് ലജ്ജിപ്പിക്കുന്ന ഞെട്ടൽ ആയിരുന്നു. എന്നാൽ ഈ പ്രവൃത്തിയുടെ ഹിംസാത്മകതയും അതിന്റെ ഫലമായി നൂറുകണക്കിന് ജീവൻ നഷ്ടപ്പെട്ടതും, പല ഇന്ത്യക്കാരും കണ്ടത് ഇത് ഒരു പള്ളിയും ക്ഷേത്രവും ഉൾപ്പെട്ട അവകാശത്തർക്കത്തിന്റെ അനനന്തര ഫലം എന്ന നിലയിൽ ആയിരുന്നു. സമീപകാലംവരെ അത് തുടർന്നതിനിടെ, സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ പള്ളി തകർത്തിനെ ഒരു കുറ്റകൃത്യമായും നിയമവാഴ്ചയുടെ കടുത്ത ലംഘനമായും കണക്കാക്കി. എന്നാൽ , ആ കൃത്യം ചെയ്ത കുറ്റവാളികൾക്ക് ഭൂമിയുടെ പട്ടയം നൽകിയ വിചിത്രമായ നടപടിയും സുപ്രീം കോടതിയിൽനിന്ന് വന്ന വിധിന്യായത്തിൽ ഉണ്ടായി. അതേസമയം, മസ്ജിദ് മാറ്റി സ്ഥാപിക്കാൻ പട്ടണത്തിൽ മറ്റൊരിടത്ത് പ്ലോട്ട് അനുവദിക്കുകകൂടി ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. അയോധ്യയിലെ ഇതുവരെ പൂർത്തിയാകാത്ത ക്ഷേത്രത്തിന് ചുറ്റും ഇപ്പോൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കെട്ടുകാഴ്ചയുടെ വിഷയം യഥാർത്ഥത്തിൽ എന്താണെന്ന് എല്ലാവർക്കും മനസ്സിലാകാൻ പാകത്തിലായിരിക്കുന്നു . അത് ഒരിക്കലും മസ്ജിദിന് പകരം ക്ഷേത്രം സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നില്ല, അത് ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് സങ്കല്പത്തിനനുസരിച്ച് ഇന്ത്യയെ പുനർനിർമ്മിക്കുന്നതിനെക്കുറിച്ചായിരുന്നു.
ഉയർന്നുവരുന്ന ക്രമത്തിന്റെ അടയാളങ്ങൾ ദിവസം കഴിയുന്തോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനമോ വിഗ്രഹപ്രതിഷ്ഠയോ ഒരു വലിയ സ്റ്റേറ്റ് പരിപാടിയായി മാറിയിരിക്കുന്നു. മതത്തിന്റെയും ഭരണസംവിധാനത്തിന്റെയും കൂടി ക്കലരൽ ഇപ്പോൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, പുരോഹിതർ പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള രാജഭരണത്തിന്റെ ശേഷിപ്പായ 'സെങ്കോൾ' ചർത്തിക്കൊടുക്കുന്ന മതപരമായ ചടങ്ങാക്കി മാറ്റിയപ്പോൾ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സ്റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രീയ പരിപാടിയായി മാറി. . പുതിയ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ 'പ്രതിഷ്ഠാ ചടങ്ങിന്' സ്വയം 'തയ്യാറാകാൻ' പ്രധാനമന്ത്രി രാജ്യത്തുടനീളം ബൃഹത്തായ ഒരു ക്ഷേത്ര സന്ദർശന പരിപാടി നടത്തി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും പരമ്പരാഗത മതപരമായ വസ്ത്രങ്ങൾ ധരിച്ച്കൊണ്ടായിരുന്നു അത്. എല്ലാറ്റിനും ഉപരിയായി, എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും, എന്തിന്, ഏതാനും ആശുപത്രികളിലും പോലും പകുതി ദിവസത്തെ പൊതു അവധി നൽകി ഉദ്ഘാടനത്തെ അടയാളപ്പെടുത്തി!
അയോദ്ധ്യ ഇപ്പോൾ രാമന്റെ പേരിൽ മറ്റൊരു ക്ഷേത്രം മാത്രമല്ല, ഭരണകൂട അധികാരത്തിന്റെയും ഹിന്ദുമതത്തിന്റെയും കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന സംയോജനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ പുനർനിർമ്മിക്കുന്നതിന്റെ പ്രതീകമാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ കോർപ്പറേറ്റ് മുഖങ്ങളും ബിജെപി-ആർഎസ്എസ് നേതൃത്വവും ഉന്നത ഭരണഘടനാ സ്ഥാനങ്ങളിലുള്ള വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ജനങ്ങളുടെ 'പ്രധാന സേവകൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പ്രധാനമന്ത്രി ഇപ്പോൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി സ്വയം കരുതുമ്പോഴും , അദ്ദേഹത്തിന്റെ ഭക്തർ മോദിയെ ദൈവത്തിന്റെ പ്രതിരൂപമോ അവതാരമോ ആയി ഉയർത്തിക്കാട്ടാൻ തുടങ്ങിയപ്പോഴും, അതിവേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ആധുനിക ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയമാണ്. ദൈവികമായി നിയമിക്കപ്പെട്ടതും, കോർപ്പറേറ്റ് പിന്തുണയുള്ളതും ആയ ഒരു രാജവാഴ്ചയായി റിപ്പബ്ലിക് ഫലത്തിൽ രൂപാന്തരപ്പെടുകയാണ്.
ക്ഷേത്രനിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ( അതുകൊണ്ടാണ് ശങ്കരാചാര്യന്മാർ ഇപ്പോൾ നടന്ന പ്രതിഷ്ഠയെ വേദപാരമ്പര്യത്തിന്റെ ലംഘനം എന്ന് വിളിക്കുന്നത് ). എന്നാൽ, നഗരം മുഴുവൻ വൻതോതിലുള്ള നിർമ്മാണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു, ഒപ്പം വലിയ തോതിൽ വീടുകളിൽനിന്ന് ആളുകളെ കുടിയൊഴിപ്പിക്കുന്നതും കടകളും ആരാധനാലയങ്ങളും മറ്റും പൊളിച്ചുമാറ്റുന്നതും തുടരുകയാണ്. . മൂന്ന് പ്രധാന റോഡുകൾ രാംപഥ്, ഭക്തി പാത, രാമജന്മഭൂമി പാത എന്നിങ്ങനെ പുനർനാമകരണം ചെയ്തിരിക്കുന്നു, 30,000 കോടി രൂപ ചെലവിട്ടാണ് റോഡുകൾ വീതികൂട്ടി മനോഹരമാക്കുന്നത്. രാംപഥിന്റെ നിർമ്മാണത്തിൽ 2,200 കടകൾ, 800 വീടുകൾ, 30 ക്ഷേത്രങ്ങൾ, 9 പള്ളികൾ, 6 ശവകുടീരങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു. അയോദ്ധ്യയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള നീക്കത്തിന്റെ അർത്ഥം അദാനി ഗ്രൂപ്പിന്റെ വരവ്, പ്രാദേശിക കർഷകരുടെയും കൃഷിയുടെയും ചെലവിൽ ലാഭകരമായ ഭൂവിപണിയുടെ ഉയർച്ച, പരിസ്ഥിതിലോല മേഖലയിൽ പരിസ്ഥിതിക്ക് അപകടകരമായ നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് സരയൂ നദിയുടെ തീരത്ത് നടക്കുന്നത്.
മതം, ഭരണകൂട അധികാരം, വൻകിട ബിസിനസ്സ് എന്നിവയുടെ ഒത്തുചേരൽ മതത്തെ വ്യക്തികളുടെ സ്വകാര്യമേഖലയിൽ നിന്ന് വൻകിട ബിസിനസ്സുകളുടെയും വൻ കെട്ടുകാഴ്ചകളുടെയും ചുഴിയിലേക്ക് കൊണ്ടുപോകുന്നു. വാരാണസി, മഥുര, ഇപ്പോൾ അയോധ്യ എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇടനാഴികൾ പഴയ കെട്ടിടങ്ങളും കടകളും ചെറിയ ക്ഷേത്രങ്ങളും പോലും വ്യാപകമായി തകർക്കുന്നതിലേക്ക് നയിച്ചു. ചെറുകിട കൃഷിയുടെയും ചെറുകിട കച്ചവടത്തിന്റെയും കോർപ്പറേറ്റ് ഏറ്റെടുക്കലിന് ഒരു സമാന്തരം എന്നപോലെ, കേന്ദ്രീകരണത്തിന്റെയും നിർബന്ധിത ഏകീകരണത്തിന്റെയും ആയ ഒരു പ്രതിഭാസം മതവിശ്വാസത്തിന്റെ മേഖലയിലും നടക്കുന്നതിനാണ് ഇത് സാക്ഷ്യം വഹിക്കുന്നത്. രാമന്റെ രാഷ്ട്രീയവൽക്കരണം, പ്രത്യേകിച്ച് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രാമക്ഷേത്രവും മോദി നിർമ്മിച്ച സ്മാരകവും തമ്മിലുള്ള വ്യത്യാസം പോലും ഇല്ലാതായി. അയോധ്യയിൽ മോദിയുടെ കൂറ്റൻ കട്ടൗട്ടുകൾ രാമനെപ്പോലും ചെറുതാക്കുന്ന തരത്തിൽ ആയിരുന്നു. പരമോന്നത നേതാവിനോടുള്ള വ്യക്ത്യാരാധനയ്ക്ക് നൽകുന്ന പ്രചാരണം സാധാരണ മനുഷ്യരുടെ രാമഭക്തിയെ പരമാവധി ചൂഷണം ചെയ്യുംവിധമാണ്.
പത്തുവർഷത്തെ വർഗീയ വിദ്വേഷത്തിനും വഞ്ചനാപരമായ ജനകീയതയുടെ പരിവേഷത്തിനും ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ആഗ്രഹിക്കുന്ന മോദി സർക്കാർ അയോധ്യയിലെ രാമക്ഷേത്രത്തെ തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെക്കുറിച്ചുള്ള സംഘപരിവാറിന്റെ ഹൈന്ദവ മേധാവിത്വ ദർശനത്തിന്റെ ഏറ്റവും വ്യക്തമായ പ്രതീകം കൂടിയാണിത്. രാമായണം നിസ്സംശയമായും ഏറ്റവും ജനപ്രിയമായ ഇതിഹാസങ്ങളിലൊന്നാണ്, എന്നാൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിൽ രാമായണത്തിനും നിരവധി പതിപ്പുകളും വൈവിധ്യമാർന്ന വ്യാഖ്യാനങ്ങളുമുണ്ട്. ഇന്ത്യയുടെ വൈവിധ്യമാർന്ന സ്വത്വത്തെ ബുൾഡോസ് ചെയ്ത് ഒരു ഭൂരിപക്ഷ ഏകീകൃതത്വം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമവും - മതം, ഭാഷ, പാചകരീതി , സംസ്കാരം എന്നിവയിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകളിലോ ആയയാലും - ഒരു ഏകീകൃത രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ വിനാശകരമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്തിന്റെ നിലനിൽപ്പിന്റെ സജീവമായ ഒരേയൊരു മാർഗ്ഗം മതേതരവും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യമാണ്.
2024 ജനുവരി 22/23 ന് ഇടയിലെ രാത്രി, ഓസ്‌ട്രേലിയൻ മിഷനറിമാരായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പിനെയും (10 വയസ്സ്), തിമോത്തിയെയും (6 വയസ്സ്) ധാരാ സിംഗ് എന്ന ബജ്‌റംഗ്ദൾ നേതാവ് പ്രേരിപ്പിച്ച ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഇരുപത്തഞ്ചാം വാർഷികം കൂടിയാണ് എന്നത് ഒരു ആകസ്മികതയാവാം. രാമനോടുള്ള കൂറ് പ്രകടിപ്പിക്കാൻ "ജയ് ശ്രീറാം" എന്ന് വിളിക്കുന്ന സംഘ് ബ്രിഗേഡ് അതിനെ ക്രൂരമായ വർഗീയ കലാപങ്ങൾ നടത്താനും ആഘോഷിക്കാനുമുള്ള ഒരു മുദ്രാവാക്യവും ആഹ്വാനവുമാക്കി മാറ്റിയിരിക്കുന്നു. ധാരാ സിംഗ് ശിക്ഷിക്കപ്പെട്ടതിന് ശേഷവും സംഘ് ബ്രിഗേഡ് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണ കാഴ്ച്ചയായിരിക്കുന്നു. ഡിസംബർ 6 "വീരദിനം" ആയി ആഘോഷിക്കുന്ന സംഘ് ബ്രിഗേഡിന്, ജനുവരി 22 അതിന്റെ പുതിയ "റിപ്പബ്ലിക് ദിന"മായി മാറും.
ഇന്ത്യയെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കാൻ മുൻഗാമികൾ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ച ഇന്ത്യയിലെ ജനങ്ങൾ, ഫാസിസ്റ്റുകളുടെ ഹീനമായ അജണ്ടയ്‌ക്കെതിരെ ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാൻ എന്നത്തേക്കാളും ശക്തമായി പോരാടേണ്ടതുണ്ട്.