Tuesday 2 January 2024

 ജനുവരി 22 നെതിരേ ജനുവരി 26 : റിപ്പബ്ലിക്കിന്റെ ഭാവിക്കായുള്ള പോരാട്ടം

- ദീപങ്കർ ഭട്ടാചാര്യ, ജനറൽ സെക്രട്ടറി, സി പി ഐ (എം എൽ) ലിബറേഷൻ.

നുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനോ പ്രതിഷ്‌ഠയ്ക്കോ മുന്നോടിയായി ഇന്ത്യയിലുടനീളമുള്ള ബി.ജെ.പി സർക്കാരുകളും വൻകിട മാദ്ധ്യമങ്ങളും, പ്രത്യേകിച്ച് ഹിന്ദി പത്രങ്ങളും ടിവി ചാനലുകളും ചേർന്ന് പ്രചാരണപരമായ ഒരു മിന്നൽ യുദ്ധംതന്നെ അഴിച്ചുവിട്ടിരിക്കുകയാണ്.
സംഘപരിവാറും രാജ്യവ്യാപകമായി ഉന്മാദമുണ്ടാക്കാൻ ഒരു വലിയ ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരങ്ങളെ ഇത്രയധികം കണക്കുകൂട്ടിയതും ആസൂത്രിതവുമായ രീതിയിൽ ഉപയോഗിക്കുന്നത് മതാധിപത്യപരമല്ലാത്ത ഒരു രാഷ്ട്രത്തിൽ അപൂർവമായി മാത്രമേ ലോകം കണ്ടിട്ടുള്ളൂ ; അതും, ഒരു പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. മുപ്പത്തിയൊന്ന് വർഷം മുമ്പ് സംഘ് പരിവാർ ശക്തികൾ പട്ടാപ്പകൽ ബാബറി മസ്ജിദ് തകർത്തത് ഭരണകൂടത്തെ വെല്ലുവിളിച്ചിച്ചുകൊണ്ടായിരുന്നു, ഇന്ന് അതേ ഭരണകൂടത്തെ ഉപയോഗിച്ച് രാമക്ഷേത്രം തുറക്കുകയാണ്.
അടുത്ത സന്ദർഭം വീക്ഷിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘ് ബ്രിഗേഡിന്റെ പ്രചാരണത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കും രാമമന്ദിർ ഉദ്ഘാടനം. എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രതീകാത്മകത സംഘ്-ബിജെപി സ്ഥാപനങ്ങൾക്ക് അതിന്നും അപ്പുറമാണ്. അവരെ സംബന്ധിച്ചിടത്തോളം , ഇത് ഹിന്ദു രാഷ്ട്രത്തിന്റെയും ഇന്ത്യയുടെ 'ഹിന്ദു സ്വത്വത്തിന്റെയും' ഏറ്റവും വലിയ ചിഹ്നമാണ്. സ്വാതന്ത്ര്യം നേടുന്നതിനേക്കാൾ വലിയ പ്രാധാന്യമുള്ള നിമിഷമായാണ് സംഘപരിവാർ സൈദ്ധാന്തികർ ഇതിനെ വിശേഷിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം 1947 കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത്; അയോധ്യയിലെ രാമക്ഷേത്രമാകട്ടെ, 'സാംസ്കാരിക സ്വാതന്ത്ര്യത്തെ' അടയാളപ്പെടുത്തുന്നു. അതുകൊണ്ട്, അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിനെ സൂചിപ്പിക്കാൻ അഞ്ച് വിളക്കുകൾ തെളിയിക്കാനുള്ള ആഹ്വാനവും 'സബ് കേ രാം' അല്ലെങ്കിൽ 'എല്ലാവരുടെയും രാമൻ ' എന്ന പ്രചാരണ പ്രമേയവും അവർ പുറത്തിറക്കി.
ചരിത്രത്തിൽ വേരുകൾ ഒന്നുമില്ലാത്ത മേൽപ്പറഞ്ഞ ആഖ്യാനം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സേവിക്കുന്നതിനായി നിർമ്മിച്ചതാണ്. രാമായണം തീർച്ചയായും നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇതിഹാസമാണ്, എന്നാൽ ഇതിന് വൈവിധ്യമാർന്ന സംസ്കാരങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ആധുനിക ഇന്ത്യക്കായുള്ള അന്വേഷണത്തിന്റെ ദീർഘവും ബഹുതലവും ബഹുമുഖവുമായ ചരിത്രത്തിലോ, ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിനിടയിലോ ഒരിടത്തും ഒരിക്കലും അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന വിഷയം പൊന്തിവന്നിരുന്നില്ല. വാസ്തവത്തിൽ, ഹിന്ദു-മുസ്ലിം ഒരുമയുടെയും ഐക്യത്തിന്റെയും ഏറ്റവും ഉയർന്ന പ്രകടനങ്ങളാൽ അടയാളപ്പെടുത്തിയ 1857 ലെ കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു അയോദ്ധ്യ. ബാബറി മസ്ജിദിൽ രഹസ്യമായി രാമവിഗ്രഹം സ്ഥാപിച്ചത് ഭരണകൂടത്തിലെ ചില വിഭാഗങ്ങളുടെ ഒത്താശയോടെയായിരുന്നു. ഒരു ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന ആഖ്യാനം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടതും നിലനിർത്തപ്പെട്ടതും ആയ ഒരവകാശവാദമാണ് . ഒരു പുരാവസ്തു ഖനനവും ഗവേഷണവും ഇതിന് ഉപോൽബലകമായ ഒരു തെളിവും നൽകുന്നില്ല.
2019 ലെ സുപ്രീം കോടതി വിധിയിൽ നിന്നാണ് അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഇപ്പോൾ 'സാധുത' ലഭിക്കുന്നത്. മസ്ജിദ് പൊളിച്ച നടപടി ഇന്ത്യൻ ഭരണഘടനയുടെ കടുത്ത ലംഘനമാണെന്ന് സുപ്രീം കോടതി വിലയിരുത്തി, എന്നിട്ടും ആരാധനാലയങ്ങളെക്കുറിച്ചുള്ള എല്ലാ തർക്കങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്ര ട്രസ്റ്റിന് നൽകി. വിധിയിലെ ഈ 'അസാധാരണത്വം' 1947 ഓഗസ്റ്റ് 15-ന് നിയമപരമായി തർക്കവസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ബാബറി മസ്ജിദ് ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങൾക്കും തൽസ്ഥിതി ഉറപ്പുനൽകുന്ന 1991-ലെ നിയമത്തെ കോടതി ശരിവെക്കുന്നിടത്തും പ്രകടമായിരുന്നു. എന്നാൽ ഈ അസാധാരണമായ ഇളവ് നിമിത്തം സംഘപരിവാർ ശക്തികൾ പവിത്രമെന്ന് കരുതുന്ന ഓരോ സ്ഥലത്തിനും വേണ്ടി അവകാശവാദം ഉന്നയിക്കുന്നതിനായി 1991 ലെ നിയമം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവർക്ക് ധൈര്യം നൽകി.
സെക്യുലർ എന്ന വാക്കിനോട് സംഘ് ബ്രിഗേഡിന് എക്കാലവും അലർജിയുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്ക് വ്യക്തമായി ഉൾപ്പെടുത്തിയത് അടിയന്തരാവസ്ഥക്കാലത്തെ ഒരു ഭേദഗതിയിലൂടെ സംഭവിച്ചതിനാൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഭരണഘടനയുടെയും മതേതര സ്വഭാവം നിയമപരമായി ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് സംഘ് ബ്രിഗേഡ് കരുതുന്നു. മതത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കുക എന്ന അർത്ഥത്തിലുള്ള സെക്യുലറിസം, മതപരമായ കാര്യങ്ങളിൽ ഭരണകൂട അധികാരം ഇടപെടാതിരിക്കുക, മത അധികാരികൾ ഭരണകൂട കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവ ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിന്റെ തന്നെ കേന്ദ്രമാണ്. ഇന്ത്യയെപ്പോലെ ബഹുമതങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഉള്ള ഒരു രാജ്യത്ത് ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയണമെങ്കിൽ ഈ ആശയം ഏറെ അടിസ്ഥാനപരവുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര സ്വഭാവത്തെ സാദ്ധ്യമായ എല്ലാ വിധത്തിലും തകർക്കാൻ മോദി സർക്കാർ രാമക്ഷേത്രത്തെ ഉപയോഗിക്കുന്ന അവസ്ഥയാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേർതിരിവിനു വിരുദ്ധമായി, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാർത്ഥമായ സംയോജനത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
സത്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയുടെ പേരിൽ ജനങ്ങൾ ആദരിക്കുന്ന രാമന്റെ അയോധ്യയുടെ പ്രിയപ്പെട്ട 'രാമരാജ്യ'ത്തിലേക്കല്ല ഈ സംയോജനം ഇന്ത്യയെ കൊണ്ടുപോകുന്നത് ; അത് നേരെ മറിച്ച്, അവകാശങ്ങളുള്ള പൗരന്മാരെ അധികാരമില്ലാത്ത പ്രജകളിലേക്ക് ചുരുക്കുന്ന മനുസ്മൃതി ഭരണരീതിയിലേക്ക് ഇന്ത്യയെ തള്ളിവിടുകയാണ്. ഭരണകൂടം ചെയ്യുന്ന ക്രൂരതയും സാമൂഹ്യമായ അനീതികളും മതത്താൽ ന്യായീകരിക്കപ്പെടുന്നു. പാർലമെന്റിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ള, തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്ന ഒരു മഹാപുരോഹിതനായി പരിവർത്തിക്കപ്പെടുമ്പോൾ , എല്ലാറ്റിനെയും ദൈവകല്പിതമെന്ന നിലയിൽ അംഗീകരിക്കാനും മതാന്ധതയുടെയും അനീതിയുടെയും ജീർണ്ണത ബാധിച്ച് പഴകിയ ബ്രാഹ്മണിക്കൽ സാമൂഹ്യക്രമത്തിന് കീഴടങ്ങാൻ ജനങ്ങൾ യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഇത് മതേതരത്വത്തിന് മാത്രമല്ല, ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിനും കടകവിരുദ്ധമാണ്.
ഭരണം ഇപ്പോൾ ദൈവാനുഗ്രഹമായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം മോദി അടുത്തിടെ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞതുപോലെ, ഇന്ത്യയെ 'ഒരു ടേക്ക്-ഓഫിലൂടെ കൊടുമുടിയിലേക്ക്' കൊണ്ടുവന്നതായി പുറം ലോകത്തിന് മുന്നിൽ അവകാശപ്പെടുകയാണ്. അതേ അഭിമുഖത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചു പ്രകടിപ്പിക്കപ്പെടുന്ന ഏതൊരു ആശങ്കയും ഇന്ത്യൻ ജനതയുടെ ബുദ്ധിശക്തിയെ അപമാനിക്കുന്നതായി മോദി തള്ളിക്കളയുന്നു ; ടാറ്റ ഗ്രൂപ്പ് ഉൾപ്പെടുന്ന സമുദായമായ പാഴ്‌സികളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭേദപ്പെട്ട പദവി എടുത്തുകാട്ടുന്നതിനുള്ള പരസ്യമായി ഉപയോഗിക്കുന്നു; ഇന്ത്യയിൽ നിന്നുള്ള 'മസ്തിഷ്ക ചോർച്ച' തുടരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കുന്നവർക്കുള്ള ഉത്തരമായി എടുത്തുകാട്ടുന്നത് ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള സോഫ്റ്റ്‌വെയർ ഭീമൻമാരുടെ ഇന്ത്യൻ വംശജരായ സിഇഒമാരെയാണ്. ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിനുമേലുള്ള വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പ്രശ്‌നത്തിന് പരിഹാസം നിറഞ്ഞ ദീർഘമായ ചിരിയോടെ മറുപടി നൽകുകയും 'ഇന്ത്യയിൽ ലഭ്യമായ സ്വാതന്ത്ര്യം ഉപയോഗിച്ച്' എതിരാളികൾ ഭരണകൂടത്തിന് നേരെ എറിയുന്ന 'ആരോപണങ്ങൾ' മാത്രമാണ് അവ എന്ന് പറഞ്ഞുകൊണ്ട് അത്തരം ചോദ്യങ്ങൾ തള്ളിക്കളയുകയും ചെയ്യുന്നു.
'ഇന്ത്യ: മോദി പ്രശ്നം ' എന്ന പേരിലുള്ള ബിബിസി ഡോക്യുമെന്ററിയിൽ, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരമായി മോദി പറയുന്നത് മാദ്ധ്യമങ്ങളെ അന്ന് നന്നായി കൈകാര്യം ചെയ്യാൻ കഴിയാഞ്ഞതിൽ മാത്രമേ തനിക്ക് ഖേദമുള്ളൂ എന്നാണ്. 2002-ൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇപ്പോൾ ഉള്ളത് പോലെയുള്ള മാദ്ധ്യമ നിയന്ത്രണം കൈപ്പിടിയിൽ ഉണ്ടായിരുന്നെങ്കിൽ, ഗുജറാത്തിനെക്കുറിച്ചുള്ള സത്യത്തിന്റെ ഭൂരിഭാഗവും വെളിച്ചം കാണില്ലായിരുന്നു. അതുപോലെതന്നെയാണ് ഇന്ന് തന്റെ വിമർശകരോടും എതിരാളികളോടും 'ഇന്ത്യയിൽ ലഭ്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച്' അദ്ദേഹം നൽകിയ മറുപടിയും . 2023 ഡിസംബറിൽ പുറത്തിറക്കിയ പുതിയ നിയമങ്ങളുടെ വാസ്തുഘടനയിലും അന്തർലീനമായത് സമാനമായ കാഴ്ചപ്പാട് ആണ്. ദേശി പീനൽ കോഡ്, തെളിവ് നിയമം, വെബ്‌സൈറ്റുകളിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും നീളുന്ന പുതിയ മാദ്ധ്യമ നിയന്ത്രണങ്ങൾ എന്നിവ സഹിതം പൂർണ്ണമായ സ്വാതന്ത്ര്യനിഷേധത്തിന്റെ നാളുകൾ വളരെ വ്യക്തമാണ്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം ഇല്ലാതാക്കുന്നതിന്റെ പേരിൽ സുപ്രീം കോടതി അതിന്റെ ഉപയോഗം സ്തംഭിപ്പിക്കുന്നതിന് മുമ്പ് 2022 വരെ മോദി സർക്കാർ വിവേചനരഹിതമായി അത് നടപ്പാക്കിയിരുന്നു. വിയോജിപ്പിന്റെ സാദ്ധ്യമായ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും
ക്രിമിനൽവൽക്കരിക്കുന്നതിന് വേണ്ടി തീവ്രവാദത്തിന്റെ നിർവ്വചനം കൂടുതൽ വലിച്ചുനീട്ടുകയാണ് സർക്കാർ ചെയ്തത്. .
സംഘ് ബ്രിഗേഡിനെ സംബന്ധിച്ചിടത്തോളം, ജനുവരി 22, 1950 ജനുവരി 26-ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും നഗ്നമായ ലംഘനത്തെ ഭരണകൂടം തന്നെ ആഘോഷിക്കുന്ന ഒരു പുതിയ റിപ്പബ്ലിക് ദിനമായി ഫലത്തിൽ അടയാളപ്പെടുത്തപ്പെടും.
അതിന് മുൻപേതന്നെ , റിപ്പബ്ലിക് ദിനമെന്നത് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണഘടനാപരമായ അടിത്തറയുടെ പ്രതിരോധം എന്നതിലുപരി ഇന്ത്യയുടെ സൈനിക ശക്തിയുടെ ആഘോഷമായി ദീർഘകാലമായി ചുരുങ്ങിപ്പോയിരുന്നു. എന്നാൽ ,ആധുനിക ഇന്ത്യയുടെ ഭരണഘടനാപരമായ കെട്ടുറപ്പ് വീണ്ടെടുക്കാനുള്ള വെല്ലുവിളിയുടെ കാര്യത്തിൽ 2024-ലെ റിപ്പബ്ലിക് ദിനം ഉയർത്തുന്നതിലും വലുതായ മറ്റൊരു വെല്ലുവിളിയില്ല. റിപ്പബ്ലിക്കൻ ഇന്ത്യയ്ക്ക് ഒരു മതേതര ജനാധിപത്യമായി മാത്രമേ നിലനിൽക്കാൻ കഴിയൂ, കൂടാതെ നമ്മുടെ മുൻഗാമികൾ നമ്മുടെ സ്വതന്ത്ര റിപ്പബ്ലിക്കിന്റെ പിറവി വിളിച്ചറിയിച്ച ഇന്ത്യയിലെ ജനങ്ങൾ 1950 ജനുവരി 26 ന് ആ സ്വപ്നത്തെ പരിപോഷിപ്പിക്കാൻ നമ്മുടെ എല്ലാ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും സമാഹരിക്കേണ്ടതുണ്ട്.
( 01-01-2024)

No comments:

Post a Comment