Thursday 11 January 2024

 09-01-2024 " നാം ഇന്ത്യയിലെ ജനങ്ങൾ " ക്കു മുന്നിൽ വെക്കാനുള്ള വിനീതമായ ഒരു അഭ്യർത്ഥന


പ്രിയ സ്നേഹിതരേ,
ഈ വർഷം നമ്മുടെ റിപ്പബ്ലിക് അതിന്റെ അസ്തിത്വത്തിന്റെ 75-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. പുതുവർഷം ആരംഭിക്കുമ്പോൾ, 2024ലെ നിർണായകമായ പൊതു തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. പത്ത് വർഷം മുമ്പ് നരേന്ദ്ര മോദി അധികാരത്തിൽ വന്നത് 'അച്ഛേ ദിൻ' അഥവാ 'നല്ല നാളുകൾ' കൊണ്ടുവരുമെന്നും , എല്ലാ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്നും , പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും , 2022 ഓടെ എല്ലാ കുടുംബത്തിനും ഒരു വീട് ഉറപ്പാക്കുമെന്നും ഉള്ള വാഗ്ദാനം നൽകിയപ്പോൾ നിരവധി ഇന്ത്യക്കാർ 2019ൽ അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും ഓരോ നാണംകെട്ട പരിഹാസവും ജനങ്ങളോടുള്ള ക്രൂരമായ അവഹേളനവും ആയി കലാശിച്ചപ്പോൾ 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ആർ എസ് എസും അയോധ്യയിലെ രാമക്ഷേത്രം തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി എടുത്തുകാണിക്കുകയും രാമന്റെ പേരിൽ വീണ്ടും നിങ്ങളുടെ വോട്ട് തേടുകയും ചെയ്യുന്ന തിരക്കിലാണ്.
രാമായണം തലമുറകളായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്നത് സത്യമാണ്. സത്യത്തിന്റെയും നീതിയുടെയും സാർവ്വത്രിക ക്ഷേമത്തിന്റെയും ഉള്ളടക്കത്തോടുകൂടിയ സൽഭരണത്തിനായുള്ള ഒരു ജനപ്രിയ ഇന്ത്യൻ രൂപകമായി രാമരാജ്യം പലപ്പോഴും വിഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭിന്നിപ്പും വിദ്വേഷവും അക്രമവും സാർവ്വത്രികമായ 21-ാം നൂറ്റാണ്ടിലെ ആധുനിക രാമരാജ്യത്തിലേക്കുള്ള കവാടമാണോ അയോധ്യയിലെ രാമക്ഷേത്രം ? രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പളപളാ മിന്നുന്ന കാഴ്ച്ചകൾ പത്തുവർഷത്തെ മോദി ഭരണം നമ്മെ തള്ളിവിട്ട സർവ്വതല പ്രതിസന്ധിയുടെ യാഥാർഥ്യം കാണാതിരിക്കും വിധം നമ്മെ അന്ധരാക്കാതിരിക്കട്ടെ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ആധുനിക മതേതര ജനാധിപത്യം എന്ന ഭരണഘടനാപരമായ വാഗ്ദാനത്തെ അനുദിനം പരിഹസിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന അടയാളങ്ങൾ നമുക്ക് അവഗണിക്കാൻ സാധ്യമല്ല.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തത് ഭരണഘടനയുടെ കടുത്ത ലംഘനമാണെന്ന് 2019 ലെ സുപ്രീം കോടതി വിധി വിശേഷിപ്പിച്ചിരുന്നു. എന്നിട്ടും, ആരാധനാലയങ്ങളെച്ചൊല്ലിയുള്ള എല്ലാ തർക്കങ്ങളും അവസാനിപ്പിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച് സുപ്രീം കോടതി രാം മന്ദിർ ട്രസ്റ്റിന് പട്ടയം നൽകി. എന്നാൽ, സംഘപരിവാർ ഇപ്പോൾ രാജ്യത്തുടനീളം ഇത്തരം സംഘർഷങ്ങൾ വ്യാപിപ്പിക്കാനും, 1947 ആഗസ്ത് 15 വരെ നിലനിന്ന തൽസ്ഥിതിക്കു ആരാധനാലയങ്ങളുടെ കാര്യത്തിൽ ശാശ്വത സ്വഭാവം ഉറപ്പുനൽകുന്ന 1991 ലെ ആരാധനാലയ നിയമം റദ്ദാക്കാനും ആഗ്രഹിക്കുന്നു. അയോധ്യ ക്ഷേത്രം ഭരണകൂടത്തിന്റെ മുൻഗണനാ അജണ്ടയാക്കി മാറ്റാൻ സുപ്രീം കോടതി തീർച്ചയായും മോദി സർക്കാരിനോട് ആവശ്യപ്പെട്ടില്ല.
പൊതുഗതാഗതമോ, പൊതുമേഖലാ വ്യവസായമോ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യ പൊതുസേവനങ്ങളോ ആകട്ടെ - അടിസ്ഥാനപരമായി പൊതുനിയന്ത്രണത്തിൽ ആയിരിക്കേണ്ട എന്തും മോദി സർക്കാർ മൊത്തമായോ, ഘട്ടം ഘട്ടമായോ സ്വകാര്യവത്കരിക്കുകയാണ്. മതം, മത വിശ്വാസം അല്ലെങ്കിൽ മതവികാരം പോലെയുള്ള ഒന്ന്, പൂർണ്ണമായും ഒരു പൗരന്റെ സ്വകാര്യ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കേണ്ട വിഷയമാണ്. എന്നാൽ അതെല്ലാം പൂർണ്ണമായും സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ പ്രധാനമന്ത്രി ഇപ്പോൾ ഒരു പുരോഹിതനെപ്പോലെ പെരുമാറുകയും, ജനങ്ങളോടും അവരുടെ പാർലമെന്റിനോടും ഉത്തരം നൽകാൻ ബാദ്ധ്യത ഇല്ലാത്ത, ദൈവഹിതം അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയായി സ്വയം അവതരിപ്പിക്കുകയും ചെയ്യുകയാണ്. . 1950 ജനുവരി 26 ന് സ്വതന്ത്ര ഇന്ത്യ സ്വയം പ്രഖ്യാപിച്ച ഒരു ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിന്റെ പൂർണ്ണമായ നിഷേധമാണിത്.
യൂണിവേഴ്‌സിറ്റികൾ മുതൽ റെയിൽവേ സ്‌റ്റേഷനുകൾ വരെ എല്ലായിടത്തും പൊതുചെലവിൽ മോദിയുടെ സെൽഫി പോയിന്റുകളാണ് ഇപ്പോൾ കാണുന്നത്. മറ്റെല്ലാം കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ സർക്കാരിന്റെ പ്രചാരണം മാത്രമാണ് സ്ഥിരം വിഷയം. സ്ഥിരം ജോലി എന്ന ആശയം ഇന്ത്യയിലെ യുവാക്കളിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു - സൈന്യം അറിയാതെ എങ്ങനെയാണ് അഗ്നിവീർ പദ്ധതി അടിച്ചേൽപ്പിച്ചതെന്ന് ഇന്ത്യയുടെ മുൻ കരസേനാ മേധാവി ഇപ്പോൾ നമ്മോട് പറയുന്നു. 500, 1000 രൂപാ നോട്ടുകൾ റദ്ദാക്കിയ അതേ രീതിയിൽ, തുടർന്ന് പുറത്തിറക്കിയ 2,000 രൂപ നോട്ടുകൾ പോലും ഇന്ത്യയിലെ ബാങ്കർമാരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചിക്കാതെ നിരോധിച്ചു.
അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികളെ കുറിച്ച് ഈ വർഷങ്ങളിലെല്ലാം സർക്കാർ നമ്മളോട് പറഞ്ഞു. ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി തിരിച്ചയക്കുന്നതിനെക്കുറിച്ച് ഇപ്പോൾ നമ്മൾ പതിവായി കേൾക്കുന്നു. കഴിഞ്ഞ ദിവസം ഏറെയും ഗുജറാത്തിൽനിന്നുള്ള ഇന്ത്യൻ യാത്രക്കാരുമായി ഒരു മുഴുവൻ വിമാനം, ഫ്രാൻസിൽ ഇറക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. യുഎസ്എ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാകാൻ സമ്പന്നരായ ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയാണ്. നിരവധി ഇന്ത്യൻ മുതലാളിമാർ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് രാജ്യം വിട്ടിട്ടുണ്ട്. അതിനിടെ, ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനൊപ്പം സമ്പന്നരുടെ വായ്പയും സർക്കാർ എഴുതിത്തള്ളുന്നു. തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഇസ്രയേലിൽ പോയി ജോലി ചെയ്യാൻ പോലും ഇന്ത്യൻ തൊഴിലാളികളെ അയക്കാനുള്ള വ്യഗ്രതയിലാണ് ബിജെപി സർക്കാരുകൾ.
ഇന്ത്യയിലെ വലിയൊരു വിഭാഗം പൗരന്മാരുടെ ജീവിതം കൂടുതൽ അരക്ഷിതമായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകൾ ആൾക്കൂട്ട ആക്രമണങ്ങളും ബുൾഡോസറുകളും നേരിടുന്ന സംഭവങ്ങൾ പതിവായി മാറിയിരിക്കുന്നു. പാവപ്പെട്ടവർ നഗരങ്ങളിൽ നിന്ന് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കൽ നേരിടുന്നു. ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല, അത്തരം കേസുകളുടെ സംഭവങ്ങൾ ഗണ്യമായി വർദ്ധിച്ചു. ഐടി സെല്ലുകൾ മുതൽ സംസ്ഥാന അസംബ്ലികളും പാർലമെന്റും വരെയുള്ള എല്ലാ തലങ്ങളിലും സ്ത്രീവിരുദ്ധ ആക്രമണങ്ങൾ നടത്തുന്നവരെ ബിജെപി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഭരണഘടന നമുക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി വാഗ്ദാനം ചെയ്തിട്ടുണ്ട് . എന്നിട്ടും നീതി ആവശ്യപ്പെടുന്ന ആളുകൾ ഇന്ന് കള്ളക്കേസുകളിൽ പ്രതികളാക്കപ്പെടുകയും ജെയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ കാർഷിക നിയമങ്ങളും തൊഴിൽ നിയമങ്ങളും ഉപയോഗിച്ചതിന് പിന്നാലെ, ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാൻ മോദി സർക്കാർ ഇപ്പോൾ ക്രിമിനൽ നിയമങ്ങളുടെ അലകും പിടിയും മാറ്റുകയാണ്. ഗവൺമെന്റിനെതിരായ എല്ലാ വിയോജിപ്പുകളും പ്രക്ഷോഭങ്ങളും ഇപ്പോൾ ഭീകരപ്രവർത്തനങ്ങളായി കണക്കാക്കാനും , ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ക്രൂരമായ അടിച്ചമർത്തലിന് പൗരരെ വിധേയരാക്കാനും ബാധ്യസ്ഥമാണ്.
ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിന്റെയും കരുത്തുറ്റ ജനാധിപത്യ രാജ്യമാകുന്നതിന്റെയും സൂചനകളല്ല ഇത്. ഇത് ഫാസിസത്തിന്റെ അടയാളങ്ങളാണ്, ഭീകരതയുടെയും അടിച്ചമർത്തലിന്റെയും സ്ഥിരവും സ്ഥാപനവൽക്കരിച്ചതുമായ ഭരണം. നമ്മുടെ ഭരണഘടനയുടെ ആമുഖം വായിക്കുകയും വ്യക്തിഗത പൗരർ എന്ന നിലയിലും കൂട്ടായി ഒരു റിപ്പബ്ലിക് എന്ന നിലയിലും നമ്മുടെ സ്വന്തം ജീവിത സാഹചര്യങ്ങൾ നോക്കുകയും ചെയ്യുമ്പോൾ, ഭരണഘടനാ ലക്ഷ്യങ്ങൾക്കും പ്രതിബദ്ധതകൾക്കും എതിരായ ഒരു ദിശയിലേക്ക് രാജ്യം ദിവസവും തള്ളപ്പെടുന്നത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയും.
പത്തുവർഷത്തെ മോദി സർക്കാർ, പാർലമെന്റ് അംഗങ്ങളെ സർക്കാരിന്റെ ഇഷ്ടപ്രകാരം പുറത്താക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്ന പ്രതിപക്ഷരഹിത പാർലമെന്റിന്റെ അവസ്ഥയിലേക്ക് നമ്മെ തള്ളിവിട്ടിരിക്കുന്നു. ഭരണഘടനയിൽ വിവരിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ എന്നതിനുപകരം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ മേൽ ഗവർണർമാർ ഭരിക്കുന്ന വിപുലമായ ഡെൽഹി ദർബാർ പോലെയാണ് ഇന്ത്യ കൂടുതലായി കാണപ്പെടുന്നത് ; ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. മണിപ്പൂർ മാസങ്ങളോളം കത്തിക്കൊണ്ടിരിക്കുന്നു. ഒരു ദിവസമെങ്കിലും സംസ്ഥാനം സന്ദർശിച്ചില്ല എന്നത് പോകട്ടെ, പാർലമെന്റിൽ ആ സംസ്ഥാനത്തെക്കുറിച്ച് ഒരക്ഷരം പരാമർശിക്കാൻ പ്രധാനമന്ത്രി ഇതുവരെയും കൂട്ടാക്കിയിട്ടില്ല.
ഗാസയിൽ പലസ്തീനിയൻ കുട്ടികളെ ദിനംപ്രതി ഇസ്‌റയേൽ കൂട്ടക്കൊല ചെയ്യുന്നതിനെക്കുറിച്ച് ലോകം മുഴുവൻ ഇന്ന് ആശങ്കയിലാണ്. മനുഷ്യരാശിക്കെതിരായ ഈ യുദ്ധത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെയും ഇന്ത്യയുടെ മുൻ കൊളോണിയൽ ഭരണാധികാരിയായ യു കെ യുടെയും പൂർണ്ണ പിന്തുണ ഇസ്രായേലിനുണ്ട്. കൊളോണിയൽ ഭരണകാലത്ത് ജാലിയൻവാലാബാഗ് പോലുള്ള കൂട്ടക്കൊലകളുടെ പരമ്പര അനുഭവിച്ച രാജ്യമെന്ന നിലയിൽ, ഗാസയിൽ ഉടനടി വെടിനിർത്തൽ മാത്രമല്ല, ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പലസ്തീനികൾക്കൊപ്പം നിൽക്കേണ്ടതായിരുന്നു. വംശീയതയ്ക്കും കൊളോണിയലിസത്തിനുമെതിരെ ഗാന്ധി തന്റെ ചരിത്രപരമായ പോരാട്ടം ആരംഭിച്ചതും 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വർണ്ണവിവേചനത്തിന്റെ ക്രൂരമായ ഭരണത്തെ പരാജയപ്പെടുത്തിയതുമായ ദക്ഷിണാഫ്രിക്ക, ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ നടപടി ആവശ്യപ്പെടുന്നത് നമുക്ക് കാണാൻ കഴിയും. എന്നാൽ മോദി സർക്കാരിന് കീഴിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ആഗോള ശബ്ദത്തിൽ നിന്ന് ഇന്ത്യ ഒറ്റപ്പെട്ടു, യുഎസ്-ഇസ്രായേൽ യുദ്ധ യന്ത്രവുമായി അടുത്ത ബന്ധം പുലർത്തുകയാണ്.
വിനാശകരമായ മോദി ഭരണത്തിന്റെ അഞ്ച് വർഷം കൂടി ഇന്ത്യയ്ക്ക് താങ്ങാനാവില്ല. സ്വതന്ത്ര ഇന്ത്യയിൽ അധികാരം കവർന്നെടുക്കുന്ന തവിട്ടുനിറക്കാരായ സാഹിബ്‌ മാർക്കെതിരെ ഭഗത് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. മതവും ഭരണവും സമന്വയിപ്പിച്ചാൽ അനിവാര്യമായും സംഭവിക്കുന്ന രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യത്തിന് വഴിയൊരുക്കുമെന്ന് അംബേദ്കർ നമ്മോട് പറഞ്ഞിരുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ 74-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ മുന്നറിയിപ്പുകൾ എന്നത്തേക്കാളും സത്യമാണ്.
അതിനാൽ റിപ്പബ്ലിക് വീണ്ടെടുക്കാൻ നാം തീരുമാനിച്ച സമയമാണിത്. ഇന്ത്യയിലെ യഥാർത്ഥ ഉത്പാദകരായ തൊഴിലാളികൾക്കും കർഷകർക്കും അവരുടെ അവകാശങ്ങൾ ലഭിക്കണം. യുവ ഇന്ത്യക്ക് സുരക്ഷിതമായ ഭാവി ഉണ്ടായിരിക്കണം. ഇന്ത്യയിലെ സ്ത്രീകൾക്കും അടിച്ചമർത്തപ്പെട്ടവർക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ബഹുജനങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യവും നീതിയും അന്തസ്സും ലഭിക്കണം. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങളും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങളും ലഭിക്കണം, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം ഏകത്വത്തിന്റെ പേരിൽ ബുൾഡോസർ ചെയ്യപ്പെടരുത്.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതും ഇന്ത്യയെ സാർവ്വത്രികമായ പ്രായപൂർത്തി വോട്ടവകാശമുള്ള ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതുമായ ഭരണഘടന ഇപ്പോഴും നമ്മുടെ പക്കലുണ്ട്. അംബേദ്കറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടനയെ കൊളോണിയൽ ഭരണഘടനയെന്ന് ഇന്ന് മോദി ഭരണത്തിലെ പലരും പരസ്യമായി വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നിയമങ്ങൾ തിരുത്തിയെഴുതപ്പെടുന്നതുപോലെ, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തെ പ്രസിഡൻഷ്യൽ സ്വേച്ഛാധിപത്യമാക്കി മാറ്റാൻ പുതിയ ഭരണഘടനയ്ക്കായി സംഘ് ബ്രിഗേഡിലും മോദി ക്യാമ്പിലും മുറവിളി ഉയരുന്നു. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കും സ്ത്രീകൾക്കും അടിമത്തത്തിന്റെ നിയമാവലിയായ മനുസ്മൃതി ആധുനിക ഇന്ത്യയുടെ ഭരണഘടനയായി ഉണ്ടെന്നുള്ള ആർഎസ്എസിന്റെ പഴയ രൂപകൽപ്പന നാം മറക്കരുത്.
അതുകൊണ്ട് നമ്മുടെ ഓരോ വോട്ടും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിനാശകരമായ മോദി ഭരണത്തിന്റെ പരാജയം ഉറപ്പാക്കട്ടെ. ഫാസിസ്റ്റ് മോദി സർക്കാരിനെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സിപിഐ(എംഎൽ) എല്ലാ കാലത്തും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഒരു ഘടകമെന്ന നിലയിൽ, വരുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ വളരെ കുറച്ച് സീറ്റുകളിൽ മാത്രമേ മത്സരിക്കാൻ സാദ്ധ്യതയുള്ളൂ. പക്ഷേ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളുടെ വിജയത്തിനായി എല്ലായിടത്തും പ്രവർത്തിക്കും. കോർപ്പറേറ്റ് കൊള്ളയുടെയും വർഗീയ വിദ്വേഷത്തിന്റെയും സാമൂഹിക അടിമത്തത്തിന്റെയും ശക്തികൾക്ക് മേൽ സ്വാതന്ത്ര്യവും നീതിയും വിജയിക്കട്ടെ.
ബ്രിട്ടീഷ് കൊളോണിയൽ ഭരണം മുതൽ ജമീന്ദാരി വ്യവസ്ഥയും ബ്രാഹ്മണ-ഫ്യൂഡൽ ആധിപത്യവും വരെയുള്ള എല്ലാ അനീതിയുടെയും അടിച്ചമർത്തലിന്റെയും ശക്തികളെ ചരിത്രപരമായി പരാജയപ്പെടുത്തിയ ഇന്ത്യൻ ജനത ഫാസിസത്തിനെതിരായ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ വിജയിക്കണം. ഏറ്റവുമൊടുവിൽ വിജയിച്ച കർഷകപ്രസ്ഥാനം ജനങ്ങളുടെ ഐക്യവും നിശ്ചയദാർഢ്യവുമുള്ള പോരാട്ടത്തിന്റെ ശക്തി നമുക്ക് കാണിച്ചുതന്നു. ഒറ്റക്കെട്ടായി നമുക്ക് സംഘി ഫാസിസ്റ്റുകളെ പരാജയപ്പെടുത്താൻ കഴിയും.
നമ്മൾ പോരാടും, നമ്മൾ വിജയിക്കും!
- കേന്ദ്രകമ്മിറ്റി, സിപിഐ (എംഎൽ) ലിബറേഷൻ

No comments:

Post a Comment