Tuesday, 19 August 2025

 ജനസംഖ്യാനുപാതസംബന്ധമായ വീൺവാക്കുകൾ :

പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കൽ

[ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി ,സിപിഐ (എംഎൽ )]

ന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ തുടർച്ചയായി പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗമാണ് നരേന്ദ്ര മോദി നടത്തിയത്. തുടർച്ചയായി നടത്തിയ സ്വാതന്ത്ര്യദിന അഭിസംബോധനകളുടെ സമയദൈർഘ്യത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇപ്പോൾ ഇന്ദിരാഗാന്ധിയെക്കാൾ മുന്നിലും ജവഹർലാൽ നെഹ്‌റുവിന് തൊട്ടുപിന്നിലും ആണ്. മുൻഗാമികളെയെല്ലാം മറികടന്ന് അദ്ദേഹം ഇതിനകം തന്നെ വളരെ മുന്നിലായിരുന്നു, ഈ വർഷം 103 മിനിറ്റ് മുഴുവൻ എടുത്ത ഒരു പ്രസംഗത്തിലൂടെ സമയത്തിൽ സെഞ്ച്വ റിയും മറികടന്ന് അദ്ദേഹം സ്വന്തം റെക്കോർഡ് തകർത്തു. എന്നാൽ ഈ കണക്കുകൾ ഒഴികെയുള്ള വേറെ കാരണങ്ങളാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം നാം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ നിശ്ശബ്ദതകളും പ്രസ്താവനകളും ഉച്ചത്തിൽ മുഴങ്ങുമ്പോൾ, തന്റെ സർക്കാരിന്റെയും ഇപ്പോൾ നൂറാം വാർഷികത്തിൽ എത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മാതൃ സംഘടനയായ ആർ‌എസ്‌എസിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ വരാനിരിക്കുന്ന മുൻഗണനകളെക്കുറിച്ച് വ്യക്തമായ സന്ദേശങ്ങൾ ആണ് ആ പ്രസംഗം നൽകിയത് .
ആർ‌എസ്‌എസിനെ ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒ എന്ന് വിശേഷിപ്പിച്ച് മോദി പ്രത്യേക പരാമർശം തന്നെ നടത്തി! അതിനെക്കുറിച്ച് പിന്നീട് കൂടുതൽ. ആദ്യം നിശ്ശബ്ദതകളെക്കുറിച്ച്.

സ്വാതന്ത്ര്യദിനം പ്രധാനമായും ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ലോകത്തിലെ ഏറ്റവും വലിയ കോളനിയായിരുന്ന ഇന്ത്യയിൽ പതിറ്റാണ്ടുകളായി നടന്ന ശ്രദ്ധേയമായ സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങളിലൂടെ ആ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച സ്വതന്ത്രവും ആധുനികവുമായ ഒരു ഇന്ത്യയുടെ ദർശനത്തെക്കുറിച്ചുമാണ്. ഇന്ത്യയുടെ മുൻ കൊളോണിയൽ ഭരണാധികാരികൾക്ക് ഇപ്പോൾ ഇന്ത്യയെ ഒരു സാമന്ത രാഷ്ട്രമായി കണക്കാക്കാൻ കഴിയില്ലെങ്കിലും, യുഎസ് സാമ്രാജ്യത്വം പ്രത്യേകിച്ച് ഇപ്പോൾ ട്രംപ് പ്രസിഡൻസിക്ക് കീഴിൽ, ഇന്ത്യയെ ഒരു നവ-കൊളോണിയൽ ആശ്രിത വ്യവസ്ഥയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ കയറ്റുമതിയിൽ ശിക്ഷാ തീരുവ ചുമത്തുന്നതും യുഎസിൽ രേഖപ്പെടുത്താത്ത ഇന്ത്യൻ പൗരന്മാരെ വിലങ്ങിടുന്നതും മുതൽ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര, വിദേശ നയങ്ങളുടെ നിബന്ധനകൾ നിർദ്ദേശിക്കുന്നതും വരെ, ട്രംപ് ഭരണകൂടം ഇന്ത്യയെ അപമാനിക്കുകയും ഒരു പരമാധികാര റിപ്പബ്ലിക് എന്ന നിലയിൽ നമ്മുടെ ആത്മാഭിമാനത്തെ ഓരോ ഘട്ടത്തിലും തകർക്കുകയും ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ലാൽ കിലയുടെ കൊത്തളങ്ങളിൽ നിന്നുള്ള മോദിയുടെ പന്ത്രണ്ടാമത്തെ പ്രസംഗം ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക പരമാധികാരത്തിന് നേരെ വളർന്നുവരുന്ന ഈ സാമ്രാജ്യത്വ ഭീഷണിയെക്കുറിച്ച് വ്യക്തമായും മൗനം പാലിക്കുകയായിരുന്നു
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഇന്ന് അതിജീവനം ഒരു വലിയ വെല്ലുവിളിയാണ്. 2016 നവംബറിലെ വിനാശകരമായ നോട്ട് നിരോധനത്തിനുശേഷം, തൊഴിലില്ലായ്മ, വരുമാനം കുറയൽ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില കുതിച്ചുയരൽ എന്നിവ ഇന്ത്യയിലെ തൊഴിലാളികളുടെ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു, അവരുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒന്നിനുപുറകെ ഒന്നായി തിരിച്ചടി നേരിട്ടതോടെ. എല്ലാ മേഖലകളെയും ഇപ്പോൾ വിഴുങ്ങിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത അംഗീകരിക്കുന്നതിനുപകരം, 250 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച് 'പുതിയ മദ്ധ്യവർഗ്ഗ'മാക്കി മാറ്റിയതായ അത്ഭുതകരമായ അവകാശവാദമാണ് മോദി ഉന്നയിച്ചത്.

അല്ലെങ്കിൽ ഭരണത്തിന്റെ കാര്യം എടുക്കുക. മാസങ്ങളായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്, ഈ കാലയളവിൽ ഒരിക്കൽ പോലും സംസ്ഥാനം സന്ദർശിക്കാൻ മോദി മെനക്കെട്ടില്ല. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് വീണ്ടും മൗനം പാലിച്ചു. ഇന്ത്യയിലുടനീളമുള്ള ആദിവാസികൾ വനങ്ങളിലും ധാതു സമ്പന്നമായ പ്രദേശങ്ങളിലും ക്രൂരമായ കുടിയൊഴിപ്പിക്കലും പൊളിച്ചുമാറ്റലും നേരിടുമ്പോൾ, ഛത്തീസ്ഗഢിലെ നിയമബാഹ്യമായ ഉന്മൂലന പരിപാടിയായ ഓപ്പറേഷൻ കാഗറിനെ ആദിവാസി നേതാവ് ആയിരുന്ന ബിർസ മുണ്ടയ്ക്ക് അദ്ദേഹത്തിന്റെ 125-ാം ചരമ വാർഷികത്തിൽ നൽകുന്ന ആദരമായി അവതരിപ്പിക്കാൻ നരേന്ദ്ര മോദി ധൈര്യപ്പെടുന്നു! ഇന്ത്യയെ കൊളോണിയൽ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല, ഭൂപ്രഭുത്വത്തിന്റെയും 'ലോൺപ്രഭുത്വത്തിന്റെയും' (പലിശ) അടിത്തറ ഇളക്കുകയും ചെയ്ത നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മഹത്തായ ഒരു അദ്ധ്യായമാണ് ആദിവാസി കലാപങ്ങൾ. ഇന്ന് നരേന്ദ്ര മോദി ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ ഏറ്റവും വലിയ വീരന്മാരിൽ ഒരാളായ, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും പ്രചോദനാത്മകമായ ഒരു ഐക്കണിന്റെ ഓർമ്മകളെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ്. ഏറ്റവും രക്തരൂഷിതമായ രീതിയിൽ ഇന്ത്യയിലെ തദ്ദേശീയ ജനതയെ ഉന്മൂലനം ചെയ്ത കോളോ ണിയൽ ഭരണകൂടത്തിന്റെ സഹയാത്രികരുടെ പിൻഗാമികളുടെ നേതൃത്വത്തിൽ ആണ് ഈ 'ആദരാഞ്ജലി' ബിർസ മുണ്ടയ്ക്ക് നൽകുന്നത്. ബിഹാറിൽ പെട്ടെന്ന് ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം, ലക്ഷ്യമിട്ടുള്ള ഒഴിവാക്കലിന്റെ ഒരു വലിയ വ്യായാമമായി മാറിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാരെ ചേർത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ്മോഷണത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഓഗസ്റ്റ് 7 ന് നടത്തിയ പത്രസമ്മേളനം ഏവരുടെയും ശ്രദ്ധാകേന്ദ്രമായ ശേഷം, രാജ്യം മുഴുവൻ "വോട്ട് ചോരി"യെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. 6.5 ദശലക്ഷം വോട്ടർമാരുടെ ശുദ്ധീകരണത്തെ 'വോട്ടർ പട്ടികയുടെ ശുദ്ധീകരണ'മായി അംഗീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മളോട് ആവശ്യപ്പെടുന്നത്. ഇത് 'വംശീയ ഉന്മൂലന'ത്തിന്റെ ഒരു തെരഞ്ഞെടുപ്പ് വേർഷന് സമാനമാണ്.


അതേസമയം, ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി പ്രഖ്യാപിച്ചതും, ഉപജീവനമാർഗ്ഗം തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായ ബിഹാറിലെ സ്വന്തം നിവാസികളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തി ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും ലോകം മുഴുവൻ ഇപ്പോൾ കാണുമ്പോൾ, നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, കൂട്ട വോട്ടവകാശം നിഷേധിക്കുന്നതിനുള്ള എസ്‌ഐആർ നീക്കത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ, 103 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ അവസാനം അദ്ദേഹം എസ്‌ഐആറിനെയും സർക്കാരിന്റെ മറ്റ് നടപടികളെയും തന്ത്രപരമായ വീക്ഷണകോണിൽ പ്രതിഷ്ഠിക്കുകയായിരുന്നു വിദേശികളുടെ നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണെന്നും, അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, സമുദായങ്ങൾക്കിടയിൽ ഇന്ത്യയുടെ ജനസംഖ്യാനുപാതനില മാറ്റാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണെന്നും മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റക്കാരെ ക്കുറിച്ചുള്ള വ്യാജ വ്യവഹാരങ്ങൾ കുത്തിനിറച്ച ഒരു വിഷലിപ്തമായ പ്രസംഗമായി ആ അഭിസംബോധന മാറി - 'നമ്മുടെ യുവാക്കളുടെ ഉപജീവനമാർഗം തട്ടിയെടുക്കുക', 'നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ലക്ഷ്യം വയ്ക്കുക', 'നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭൂമി പിടിച്ചെടുക്കുക', 'ദേശീയ സുരക്ഷയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുക' എന്നിവയ്ക്ക് 'അവരെ' മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റ പ്രതിസന്ധി പരിശോധിക്കുന്നതിനും ഇന്ത്യയെ 'നുഴഞ്ഞുകയറ്റക്കാരില്ലാത്തതാക്കുന്നതിനുള്ള' നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി പ്രധാനമന്ത്രി മോദി 'ഉയർന്ന അധികാരങ്ങൾ ഉള്ള ജനസംഖ്യാ മിഷൻ ' പ്രഖ്യാപിച്ചു.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആകെത്തുകയും സത്തയും ഇതായിരുന്നു, ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റത്തിന്റെ വ്യാജക്കഥകൾ ഉപയോഗിച്ച് ബിഹാർ എസ്‌ഐആർ നീക്കത്തെ ന്യായീകരിക്കാനും മോദി ശ്രമിക്കുന്നു. അസമിൽ NRC യുടെ മുഴുവൻ അജണ്ടയും 'ജനസംഖ്യാനുപാതം രക്ഷിക്കുക' എന്ന പ്രചാരണത്തിന്റെ ഒരു ഭാഗമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. ജാർഖണ്ഡിൽ ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ഹിസ്റ്റീരിയ വൻ പരാജയമായിരുന്നു എന്നത് മറ്റൊരു കാര്യം. 6.5 ദശലക്ഷം പേരുകൾ വിവിധ കാരണങ്ങളാൽ ഇല്ലാതാക്കിയിട്ടും ബിഹാറിൽ ഇതുവരെ ഒരു 'വിദേശ പൗരൻ' പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമിൽ ആറ് വർഷവും രണ്ട് റൗണ്ട് NRC യും കഴിഞ്ഞിട്ടും, ബിജെപി സർക്കാർ ഇപ്പോഴും അവരുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ഹിസ്റ്റീരിയയ്ക്ക് അനുയോജ്യമായ ഒരു ' ലക്ഷണമൊത്ത NRC ' തിരയുകയാണ്.

ഹിന്ദുത്വ ഹിസ്റ്റീരിയയെ ഇളക്കിവിടുന്നതിനിടയിൽ, ഇതെല്ലാം ആരംഭിച്ചതും നൂറു വർഷമായി ഈ അജണ്ട നിരന്തരം പിന്തുടരുന്നതുമായ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിന് മോദി അംഗീകാരം നൽകി. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ NGO എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്! ഏറ്റവും വലിയ 'NGO' ലോകത്തിലെ ഏറ്റവും നിഴൽവീണ NGO ആണെന്ന സത്യം അദ്ദേഹം മറന്നു. അതിന് ഒരിക്കലും രജിസ്ട്രേഷനോ ഓഡിറ്റോ ഇല്ലെന്നതും. അല്ലെങ്കിൽ, ഇപ്പോൾ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു നോൺ-സ്റ്റേറ്റ് പാർട്ടിയെന്ന് അദ്ദേഹത്തിന് വിശേഷിപ്പി ക്കാമായിരുന്നു. വിഭജനത്തെ ഓർമ്മിക്കാനും മുസ്ലീങ്ങളെ മുൻകാല വിഭജനത്തിന്റെ കുറ്റവാളികളായും വർത്തമാനകാലത്ത് തീവ്രവാദികളോ നുഴഞ്ഞുകയറ്റക്കാരോ ആയി ചിത്രീകരിക്കാനുമുള്ള അവസരമാണ് ബിജെപിക്ക് സ്വാതന്ത്ര്യദിനം.

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പരസ്യത്തിൽ സവർക്കറിനെ ഗാന്ധിയുടെ മുകളിൽ ചിത്രീകരിച്ചപ്പോൾ, വിഭജനത്തെക്കുറിച്ചുള്ള ഒരു നിർദ്ദിഷ്ട NCERT മൊഡ്യൂൾ 1940-കളിൽ രാജ്യത്തിന്റെ രക്തരൂഷിതമായ വിഭജനത്തിന് മൗണ്ട് ബാറ്റനേയും മുസ്ലീം ലീഗിനെയും കോൺഗ്രസ്സിനെയും കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് സവർക്കറാണെന്ന വസ്തുതയെ ഇത് മറയ്ക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 79-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, 'ഒരു വ്യക്തി, ഒരു വോട്ട്' എന്ന അടിസ്ഥാന തത്ത്വത്തിനെതിരായ ഫാസിസ്റ്റ് ഭീഷണിക്കെതിരെ സാദ്ധ്യമായ എല്ലാ വഴികളിലൂടെയും നാം പോരാടുകയും ഭരണഘടന, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയ്ക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യണം. 'ഉയർന്ന അധികാരമുള്ള ജനസംഖ്യാ ദൗത്യം' എന്ന് വിളിക്കപ്പെടുന്ന ഹിന്ദു രാഷ്ട്രസ്ഥാപന അജണ്ട യെ വർദ്ധിത ജനകീയശക്തിയാൽ പരാജയപ്പെടുത്തേണ്ടതുണ്ട്.

No comments:

Post a Comment